ടുവാലു വിദേശകാര്യമന്ത്രി സൈമൺ കോഫെ ഗ്ലാസ്‌ഗോ ഉച്ചകോടിയിൽ പ്രദർശിപ്പിച്ച പ്രസംഗം. കാലാവസ്ഥാ മാറ്റം കാരണം അതിവേഗത്തിൽ മുങ്ങിക്കൊണ്ടിരിക്കുന്ന ടുവാലുവിനെ പ്രതീകവൽക്കരിച്ച് മുട്ടറ്റം കടലിൽ ഇറങ്ങിയാണ് കോഫെ പ്രസംഗം ചിത്രീകരിച്ചത്. / Photo: Tuvalu Fisheries Department, FB

പുതുതലമുറയുടെ പാരിസ്ഥിതിക ഉത്കണ്ഠകൾ

കാലാവസ്ഥാ വ്യതിയാനം കൈകാര്യം ചെയ്യുന്നതിലുള്ള രാഷ്ട്രീയ നിഷ്‌ക്രിയത്വം എത്ര വ്യാപകവും അപകടകരവുമാണെന്ന് ലോകമെമ്പാടുമുള്ള യുവജനങ്ങൾ മനസ്സിലാക്കുന്നുണ്ട്​; ഗ്ലാസ്​ഗോ കാലാവസ്​ഥാ ഉടമ്പടിയുടെ പ്രത്യാഘാതങ്ങളെക്കുറിച്ച്​ ഒരാലോചന.

ആശങ്ക ഉയർത്തുന്ന മാറ്റങ്ങൾ

ന്താരാഷ്ട്ര കാലാവസ്ഥാ സമിതി (The Intergovernmental Panel on Climate Change- IPCC) യുടെ ഏറ്റവും പുതിയ വിലയിരുത്തൽ റിപ്പോർട്ട്, ഇപ്പോൾ ദൃശ്യമാവുന്ന കാലാവസ്ഥാ മാറ്റങ്ങൾ ദ്രുതഗതിയിലുള്ളതും പൂർവസ്​ഥിതിയിലാക്കാൻ കഴിയാത്തതുമാണെന്ന് വ്യക്തമാക്കുന്നു. കഴിഞ്ഞ 2000 വർഷങ്ങളിൽ അനുഭവപ്പെട്ടിട്ടില്ലാത്തവിധം അഭൂതപൂർവമായ നിരക്കിലാണ് ഭൂമി ചൂടായിക്കൊണ്ടിരിക്കുന്നത്. അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്‌സൈഡിന്റെ സാന്ദ്രത ഇപ്പോൾ, കഴിഞ്ഞ രണ്ടു ദശലക്ഷം വർഷത്തെക്കാൾ ഏറ്റവും ഉയർന്ന നിലയിലാണ്. ഇത്രയും മോശം സ്ഥിതിയിൽ ആഗോള കാലാവസ്ഥ എത്തിയത് മനുഷ്യൻ തന്നെ അന്തരീക്ഷത്തിലേക്ക് വർധിച്ചതോതിൽ എത്തിച്ച കാർബൺ ഡൈ ഓക്സൈഡും മറ്റ് ഹരിതഗൃഹവാതകങ്ങളും (GHG) മൂലമാണെന്ന് വ്യക്തമാണ്.

ലോകജനസംഖ്യയുടെ 85 ശതമാനത്തെയെങ്കിലും മനുഷ്യപ്രേരിതമായ കാലാവസ്ഥാ വ്യതിയാനം ബാധിച്ചിട്ടുണ്ടെന്ന് കാലാവസ്ഥാ സംഭവങ്ങളെക്കുറിച്ചുള്ള 100,000-ലധികം പഠനങ്ങൾ മെഷീൻ ലേണിംഗ് ഉപയോഗിച്ച് വിശകലനം ചെയ്ത ഗവേഷകർ അഭിപ്രായപ്പെടുന്നു.

ഭൂമിയുടെ ഉപരിതല താപനില വ്യാവസായിക കാലഘട്ടത്തിനു മുൻപുള്ള 1850-1900 കാലയളവിലെ ശരാശരിയുമായി താരതമ്യപ്പെടുത്തുമ്പോൾ ഏകദേശം 1.1 ഡിഗ്രി സെൽഷ്യസ് വർധിച്ചിരിക്കുന്നു. സമുദ്രനിരപ്പ് കഴിഞ്ഞ 3000 വർഷത്തിനിടയിലെ ഏറ്റവും വേഗതയുള്ള രീതിയിലാണ് ഉയരുന്നത്. ഉയർന്ന ചൂടിൽ ഹിമാനികൾ അനിതര സാധാരണമായ നിരക്കിൽ ഉരുകിത്തീരുകയും ചൂട് പിടിച്ചെടുത്ത് സമുദ്രങ്ങളുടെ വ്യാപ്തി കൂടുകയും ചെയ്യുമ്പോൾ സമുദ്ര നിരപ്പ് ക്രമാതീതമായി ഉയരുകയും തീരപ്രദേശങ്ങൾ ഭീഷണിയിലാവുകയും ചെയ്യും. അതിതീവ്ര വരൾച്ച, വെള്ളപ്പൊക്കം, ചുഴലിക്കാറ്റുകൾ, ഉഷ്ണതരംഗങ്ങൾ തുടങ്ങിയവ സാധാരണമാകും, വർധിക്കുന്ന ചൂടും അമ്ലതയും പ്രാണവായുവിന്റെ കുറവും കടലിലെ മഴക്കാടുകളായ പവിഴപ്പുറ്റുകളെ നൂറ്റാണ്ടിന്റെ അവസാനത്തോടെ ഇല്ലായ്മ ചെയ്യും, കാട്ടുതീ വർധിക്കും എന്നെല്ലാം റിപ്പോർട്ട് വ്യക്തമാക്കുന്നു. കാലാവസ്ഥയിലെ അതിതീവ്ര മാറ്റങ്ങൾ കൃഷി, മത്സ്യം വളർത്തൽ, കാലിവളർത്തൽ, വനവിഭവ ശേഖരണം എന്നിവ വഴി ജീവസന്ധാരണം നടത്തുന്ന വികസ്വര രാജ്യങ്ങളിലെ, പ്രത്യേകിച്ചും ദക്ഷിണേഷ്യയിലും ആഫ്രിക്കയിലും താമസിക്കുന്ന സാധാരണ ജനങ്ങളുടെ തൊഴിലിനേയും വരുമാനത്തെയും നേരിട്ട് ബാധിക്കും.

1850-1900 വർഷങ്ങളെ അപേക്ഷിച്ച് ആഗോള ഉപരിതല താപനിലയിലുണ്ടായ വ്യത്യാസം. / Photo: IPCC Report

അന്തരീക്ഷത്തിൽ വർധിച്ചുവരുന്ന ഈർപ്പം അതിതീവ്ര മഴയ്ക്ക് കാരണമാകുന്നു. കനത്ത മഴ മേൽമണ്ണിലെ പോഷകങ്ങളെ മണ്ണൊലിപ്പിലൂടെ നീക്കം ചെയ്യും. ഇന്ത്യൻ നഗരങ്ങളിലെ നദീതടങ്ങളിലെ മനുഷ്യവാസവും അശാസ്ത്രീയമായ വികസനപ്രവർത്തങ്ങളും ഡ്രെയിനേജ് സംവിധാനങ്ങളുടെ അപര്യാപ്​തതകളും കൂടിച്ചേരുമ്പോൾ അതിതീവ്ര മഴയിൽ വെള്ളപ്പൊക്കവും ഉരുൾപൊട്ടലും പുതിയ ഭീഷണിയാകുകയാണ്​. ആഗോളതാപനം മൂലമുള്ള ഉയർന്ന താപനില ഭൂമിയിൽ നിന്ന് വളരെ വേഗം ഈർപ്പം നഷ്ടപ്പെടുന്നതിനും തീവ്രമായ വരൾച്ചക്കും കാരണമാവാം. നിലവിൽ ഭൂവിനിയോഗത്തിൽ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളും വൻതോതിലുള്ള നഗരവൽക്കരണവും ഉഷ്ണതരംഗങ്ങളും നിരവധി ആരോഗ്യപ്രശ്‌നങ്ങളും സമ്മാനിക്കാം.

ലോകജനസംഖ്യയുടെ 85 ശതമാനത്തെയെങ്കിലും മനുഷ്യപ്രേരിതമായ കാലാവസ്ഥാ വ്യതിയാനം ബാധിച്ചിട്ടുണ്ടെന്ന് കാലാവസ്ഥാ സംഭവങ്ങളെക്കുറിച്ചുള്ള 100,000-ലധികം പഠനങ്ങൾ മെഷീൻ ലേണിംഗ് ഉപയോഗിച്ച് വിശകലനം ചെയ്ത ഗവേഷകർ അഭിപ്രായപ്പെടുന്നു. വിളനാശം, വെള്ളപ്പൊക്കം, താപതരംഗങ്ങൾ തുടങ്ങിയ സംഭവങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച പഠനം, ഭൂവിസ്തൃതിയുടെ അഞ്ചിൽ നാല് ഭാഗവും ആഗോളതാപനവുമായി ബന്ധപ്പെട്ട ആഘാതങ്ങൾക്ക് വിധേയമായതായി കണ്ടെത്തി.

അമേരിക്കയിൽ മാത്രം കാലാവസ്ഥാ ദുരന്തങ്ങൾ കുറഞ്ഞത് 388 മരണങ്ങളും 100 ബില്യൺ ഡോളറിലധികം നാശനഷ്ടങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. / Photo: Jean Beaufort

കാലാവസ്ഥാ പ്രതിരോധവുമായി ബന്ധപ്പെട്ട്​ നിലവിലുള്ള വാഗ്ദാനങ്ങൾ പാലിച്ചാലും ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ഗ്രഹത്തെ ഏകദേശം 2.7 ഡിഗ്രി സെൽഷ്യസ് ചൂടാക്കുമെന്ന് ഗവേഷണങ്ങൾ കാണിക്കുന്നു. ഇത് കടുത്ത ഭക്ഷണ- ജല ദൗർലഭ്യം, മാരകമായ കാലാവസ്ഥാ ദുരന്തങ്ങൾ, ആവാസവ്യവസ്ഥയുടെ തകർച്ച, ആരോഗ്യ-സാമ്പത്തിക പ്രശ്‌നങ്ങൾ എന്നിവക്ക് വഴിവയ്ക്കും. അമേരിക്കയിൽ മാത്രം കാലാവസ്ഥാ ദുരന്തങ്ങൾ കുറഞ്ഞത് 388 മരണങ്ങളും 100 ബില്യൺ ഡോളറിലധികം നാശനഷ്ടങ്ങളും ഉണ്ടാക്കിയിട്ടുണ്ട്.

പാരീസിൽ നിന്ന് ഗ്ലാസ്‌ഗോയിലേക്ക്

2015-ൽ 191 രാജ്യങ്ങൾ സമ്മതിച്ച പാരീസ് കാലാവസ്ഥാ ഉടമ്പടിയിലെ പ്രധാന നിർദ്ദേശങ്ങൾ ഇവയാണ്:

ഗ്ലാസ്‌ഗോയിൽ 2021 ഒക്ടോബർ 31 മുതൽ നവംബർ 12 വരെ നടന്ന ഐക്യരാഷ്​ട്ര സംഘടനയുടെ കാലാവസ്ഥാ വ്യതിയാന സമ്മേളനത്തിൽ (കോപ് / COP26), മലിനീകരണം കുറയ്ക്കുന്നതിനുള്ള പദ്ധതികൾ അവതരിപ്പിക്കാൻ രാജ്യങ്ങൾക്ക്​സമയപരിധി നിശ്​ചയിക്കപ്പെട്ടു. താപനില 1.5 ഡിഗ്രി സെൽഷ്യസിൽ താഴെയായി നിലനിർത്താൻ, എല്ലാ രാജ്യങ്ങളും എല്ലാ പുതിയ ഫോസിൽ ഇന്ധന പദ്ധതികൾ ഉടൻ നിർത്തുകയും കൽക്കരി കത്തിക്കുന്നത് പൂർണമായും നിർത്തുകയും വേണം. സമ്പന്ന രാജ്യങ്ങൾ ദരിദ്ര രാജ്യങ്ങൾക്ക് അധിക സാമ്പത്തിക സഹായം നൽകണം. അത് അവരുടെ ചരിത്രപരമായ ഉത്തരവാദിത്തം കൂടിയാണ്.

ആഗോളതാപനം നേരിടുന്നതിന് പ്രധാന വഴി ഇതിനു കാരണമായ ഹരിത ഗൃഹ വാതകങ്ങളുടെ അളവ് വെട്ടിക്കുറയ്ക്കുക എന്നതാണ്. ഇതിന് പ്രധാനമായി ഓരോ രാജ്യവും ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കുകയും ബദൽ മാർഗങ്ങളിലേക്ക് മാറുകയും വേണം.

ലോകജനസംഖ്യയുടെ 18% മാത്രമുള്ള വികസിത രാജ്യങ്ങളാണ് ആഗോളതലത്തിൽ കാർബണിന്റെ 60% പുറത്തുവിട്ടിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന് പ്രധാന കാരണം ഇത്തരം രാജ്യങ്ങളുടെ സംഭാവനയാണ്. അതുകൊണ്ടുതന്നെ കാലാവസ്ഥാ പ്രതിസന്ധി ഉണ്ടാക്കുന്നതിൽ വികസിത രാജ്യങ്ങളുടെ ചരിത്രപരമായ ഉത്തരവാദിത്തം അവഗണിക്കാനാവില്ല. നിലവിൽ മൊത്തം കാർബൺ ഉത്സർജനത്തിന്റെ കാര്യത്തിൽ ചൈന, ഇന്ത്യ തുടങ്ങിയ വികസ്വര രാജ്യങ്ങൾ മുൻപന്തിയിലാണെങ്കിലും അവയ്ക്ക് വലിയ ജനസംഖ്യയുണ്ട്, ഇത് ഓരോ വ്യക്തിയുടെയും സ്വാധീനം വളരെ ചെറുതാക്കുന്നു. ചൈന, ഇന്ത്യ, ബ്രസീൽ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങൾ ലോകജനസംഖ്യയുടെ 42% വരും, എന്നാൽ 1850- 2021-ലെ അവരുടെ സഞ്ചിത കാർബൺ ഉദ്ഗമനം 23% മാത്രമാണ്. ഇതിനു വിപരീതമായി, യു.എസ്, റഷ്യ, ജർമനി, യു.കെ, ജപ്പാൻ, കാനഡ എന്നീ ആദ്യ 10 സ്ഥാനങ്ങളിൽ ബാക്കിയുള്ളവ ലോകജനസംഖ്യയുടെ 10% വരും, എന്നാൽ ഇവരുടെ സഞ്ചിത ഉദ്ഗമനം 39% ആണ്.

ലോകജനസംഖ്യയുടെ 18% മാത്രമുള്ള വികസിത രാജ്യങ്ങളാണ് ആഗോളതലത്തിൽ കാർബണിന്റെ 60% പുറത്തുവിട്ടിരിക്കുന്നത്. / Photo: pxfuel.com

ദരിദ്ര രാജ്യങ്ങളെ അവരുടെ ഉദ്ഗമനം കുറയ്ക്കുന്നതിനും കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതങ്ങളിൽ നിന്ന് സ്വയം പരിരക്ഷിക്കുന്നതിനും സഹായിക്കുന്നതിന് സമ്പന്ന രാജ്യങ്ങൾ പ്രതിവർഷം 100 ബില്യൺ ഡോളർ വാഗ്ദാനം ചെയ്തിരുന്നു. ഇത് 2023 വരെ നീട്ടിവച്ചിരിക്കുകയാണ്.

ഗ്ലാസ്ഗോ: ചില നിരാശകൾ

ആഗോളതാപനം നേരിടുന്നതിന് പ്രധാന വഴി ഇതിനു കാരണക്കാരായ ഹരിത ഗൃഹ വാതകങ്ങളുടെ അളവ് വെട്ടിക്കുറയ്ക്കുക എന്നതാണ്. ഇതിന് പ്രധാനമായി ഓരോ രാജ്യവും ഫോസിൽ ഇന്ധനങ്ങളുടെ (പെട്രോൾ, ഡീസൽ, കൽക്കരി ഉൾപ്പടെ) ഉപയോഗം കുറയ്ക്കുകയും ബദൽ മാർഗങ്ങളിലേക്ക് മാറുകയും വേണം. ഒപ്പം, ഓരോ രാജ്യവും താപനില വർധന 1.5 ഡിഗ്രി ആയി നിലനിറുത്താൻ ‘ദേശീയമായി നിർണയിക്കപ്പെട്ട സംഭാവനകൾ' അല്ലെങ്കിൽ എൻ.ഡി.സി.കൾ പുനർനിർണയിക്കണം. ഒപ്പം, പുതിയ സാങ്കേതിക വിദ്യകളിലേക്കും പ്രതിരോധ സംവിധാനങ്ങളിലേക്കും മാറാൻ വികസിത രാജ്യങ്ങൾ മറ്റ് രാജ്യങ്ങൾക്ക് സാമ്പത്തിക സഹായം ഉറപ്പാക്കണം. ഇത്തരം പ്രധാന പ്രമേയങ്ങളിലാണ് ഗ്ലാസ്‌ഗോ ഉച്ചകോടിയിലും ചർച്ച നടന്നത്.

ഇന്ത്യയിൽ ഏറ്റവും താഴ്​ന്ന വരുമാനമുള്ള കുടുംബങ്ങൾ ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നതിനാൽ ഇവയ്ക്ക് സബ്സിഡി നൽകുന്നത് നിർത്തുമെന്ന് സമ്പന്ന രാജ്യങ്ങൾ പ്രതീക്ഷിക്കേണ്ടതില്ലെന്ന് ഇന്ത്യയുടെ കാലാവസ്ഥാ പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് പറഞ്ഞു.

200 ഓളം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ അംഗീകരിച്ച കരാറിന്റെ അന്തിമ പ്രമേയം ഉദ്ഗമനം തടയുന്നതിനുള്ള തുടർനടപടികൾ, പുരോഗതിയെക്കുറിച്ചുള്ള കൂടുതൽ അപ്ഡേറ്റുകൾ, താഴ്​ന്ന- ഇടത്തരം വരുമാനമുള്ള രാജ്യങ്ങൾക്കുള്ള അധിക ധനസഹായം എന്നിവ വാഗ്ദാനം ചെയ്യുന്നു. പൊതുവായ ഒരു കരാറിൽ എത്തിച്ചേരാൻ കഴിഞ്ഞുവെങ്കിലും ഉദ്ഗമനം കുറയ്ക്കുന്നതിനുള്ള ശക്തമായ പ്രതിബദ്ധതയുടെ അഭാവത്തിലും, കാലാവസ്ഥാ വ്യതിയാനത്തിനിരയായ രാജ്യങ്ങൾക്ക് ‘നഷ്ടവും നാശനഷ്ടങ്ങളും' (loss and damage) പരിഹരിക്കാനുള്ള ധനസഹായം നൽകുന്നതിൽ പരാജയപ്പെട്ടതിലും പൊതുവെ ശാസ്ത്രസമൂഹവും യുവാക്കളും അതൃപ്തരാണ്. കാലാവസ്ഥാ വ്യതിയാനം നേരിടാൻ കൂടുതൽ അഭിലഷണീയമായ പ്രതിജ്ഞകളുമായി രാജ്യങ്ങൾ മുന്നോട്ട് വരേണ്ടതുണ്ടെന്ന ഓർമപ്പെടുത്തൽ കൂടിയായി ഗ്ലാസ്ഗോ സമ്മേളനം.

ആഗോളതാപനം നേരിടുന്നതിന് പ്രധാന വഴി ഇതിനു കാരണമായ ഹരിത ഗൃഹ വാതകങ്ങളുടെ അളവ് വെട്ടിക്കുറയ്ക്കുക എന്നതാണ്. / Photo: Muhammad Hanan

‘ഗ്ലാസ്ഗോ കാലാവസ്ഥാ ഉടമ്പടി’ എന്ന് വിളിക്കപ്പെടുന്ന 11 പേജുള്ള രേഖയിൽ പറയുന്നത്, വ്യാവസായിക യുഗത്തിനു മുമ്പുള്ള 1.5 ഡിഗ്രി സെൽഷ്യസിൽ ആഗോളതാപനം നിലനിർത്തുന്നതിന് ഹരിത ഗൃഹ വാതക ഉദ്ഗമനം കുറയ്ക്കണമെന്നും കാർബൺ ഡൈ ഓക്സൈഡ് ഉദ്ഗമനം 2030-ൽ 2010 ലെ നിലയേക്കാൾ 45% കുറയണമെന്നുമാണ്​. ഉദ്ഗമനം കുറയ്ക്കാൻ രാജ്യങ്ങൾ മുന്നോട്ടു വച്ച വാഗ്ദാനങ്ങൾ പ്രകാരം, 2010-നെ അപേക്ഷിച്ച് 2030-ഓടെ മലിനീകരണം 14% കൂടുതലായിരിക്കും.

പുറന്തള്ളൽ വേഗത്തിൽ കുറയ്‌ക്കേണ്ടതിന്റെ ആവശ്യകത രാജ്യങ്ങൾ അംഗീകരിക്കുകയും വർഷം തോറും പുരോഗതി റിപ്പോർട്ട് ചെയ്യാനും സമ്മതിച്ചു. ആദ്യമായി, കൽക്കരി ഉപയോഗിച്ചുള്ള ഊർജ്ജം (കാർബൺ ക്യാപ്ചർ ഇല്ലാതെ) കുറയ്ക്കാനും മറ്റ് ഫോസിൽ ഇന്ധനങ്ങളുടെ സബ്സിഡികൾ ഇല്ലാതാക്കാനും രാജ്യങ്ങൾ സമ്മതിച്ചു. എന്നാലും, ചൈനയുടെയും ഇന്ത്യയുടെയും എതിർപ്പിനെത്തുടർന്ന്, കൽക്കരി ‘ഘട്ടംഘട്ടമായി ഉപേക്ഷിക്കുക' എന്ന രീതി മാറ്റി ‘ഘട്ടംഘട്ടമായി കുറയ്ക്കുക' എന്നാക്കി. ഇന്ത്യയിൽ ഏറ്റവും താഴ്​ന്ന വരുമാനമുള്ള കുടുംബങ്ങൾ ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നതിനാൽ ഇവയ്ക്ക് സബ്സിഡി നൽകുന്നത് നിർത്തുമെന്ന് സമ്പന്ന രാജ്യങ്ങൾ പ്രതീക്ഷിക്കേണ്ടതില്ലെന്ന് ഇന്ത്യയുടെ കാലാവസ്ഥാ പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് സമ്മേളനത്തിൽ പറഞ്ഞു.

വനനശീകരണം അവസാനിപ്പിക്കുന്നതിനും മീഥേൻ ഉദ്ഗമനം കുറയ്ക്കുന്നതിനുമുള്ള ചില രാജ്യങ്ങളുടെ പ്രതിജ്ഞാബദ്ധതയും ‘നെറ്റ് സീറോ എമിഷനി’ൽ പ്രതിജ്ഞാബദ്ധരായ കമ്പനികളിലേക്ക് ട്രില്യൺ കണക്കിന് ഡോളർ നിക്ഷേപം നീക്കുന്നതിനുള്ള സാമ്പത്തിക മേഖലയിൽ നിന്നുള്ള പ്രതിജ്ഞയും ഈ കരാറിൽ ഉൾപ്പെടുന്നു. എന്നിരുന്നാലും, 2015-ലെ പാരീസ് കാലാവസ്ഥാ ഉടമ്പടിയിൽ പറഞ്ഞിരുന്ന ലക്ഷ്യത്തേക്കാൾ വ്യാവസായികയുഗത്തിനു മുമ്പുള്ള നിലവാരത്തേക്കാൾ 2 ഡിഗ്രി സെൽഷ്യസിലേക്ക് ആഗോളതാപനം പരിമിതപ്പെടുത്താൻ വാഗ്ദാനങ്ങൾ ഇപ്പോഴും മതിയാകില്ലെന്ന് മോഡലിംഗ് പഠനങ്ങൾ സൂചിപ്പിക്കുന്നു.

2030-ലെ ലക്ഷ്യങ്ങൾ രാജ്യങ്ങൾ കൈവരിക്കുകയാണെങ്കിൽ തന്നെ, 2100-ഓടെ ആഗോള താപനില 2.4 ഡിഗ്രി സെൽഷ്യസ് ഉയരും.
‘‘പാരീസിൽ നടത്തിയ പ്രതിബദ്ധതകളേക്കാൾ അഭിലാഷങ്ങൾ പരാജയപ്പെട്ടുവെന്ന് ഞങ്ങൾക്ക് നന്നായി അറിയാം'' എന്ന് ഗ്ലാസ്ഗോ സമ്മേളനത്തിന്റെ പ്രസിഡൻറ്​ അലോക് ശർമ ചർച്ചകൾ അവസാനിക്കുന്നതിന് തൊട്ടുമുമ്പ് പറഞ്ഞു. ‘‘ഞങ്ങൾ 1.5 ഡിഗ്രി എന്ന ലക്ഷ്യം സജീവമായി നിലനിർത്തിയിട്ടുണ്ട്. എന്നാൽ അതിന്റെ സ്പന്ദനം ദുർബലമാണ്, നമ്മുടെ വാഗ്ദാനങ്ങൾ പാലിക്കുകയും പ്രതിബദ്ധതകൾ ദ്രുതഗതിയിലുള്ള പ്രവർത്തനത്തിലേക്ക് വിവർത്തനം ചെയ്താലും മാത്രമേ അത് നിലനിൽക്കൂ.’’

2030-ലെ ലക്ഷ്യങ്ങൾ രാജ്യങ്ങൾ കൈവരിക്കുകയാണെങ്കിൽ തന്നെ, 2100-ഓടെ ആഗോള താപനില 2.4 ഡിഗ്രി സെൽഷ്യസ് ഉയരും. / Photo: pxfuel.com

ഫോസിൽ- ഇന്ധന ഉൽപ്പാദനം വേഗം അവസാനിപ്പിക്കുക, സമ്പദ്​വ്യവസ്ഥയെ പരിവർത്തനം ചെയ്യുക തുടങ്ങിയ സമൂല നടപടികൾ ആവശ്യമാണെന്ന് ശാസ്ത്ര സമൂഹം ആവശ്യപ്പെടുന്നു. താഴ്​ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളെ ഫോസിൽ ഇന്ധനങ്ങളിൽ നിന്ന് അകറ്റാൻ സഹായിക്കുന്നതിന് സമ്പന്ന രാജ്യങ്ങളിൽ നിന്ന്​ ധനസഹായം നൽകുന്നതിനെക്കുറിച്ച്​ ചർച്ച ചെയ്​തു. 2020 മുതൽ പ്രതിവർഷം 100 ബില്യൺ യു.എസ് ഡോളർ കാലാവസ്ഥാ ധനസഹായം നൽകുമെന്ന മുൻകാല പ്രതിജ്ഞ പാലിക്കുന്നതിൽ ഉയർന്ന വരുമാനമുള്ള രാജ്യങ്ങൾ പരാജയപ്പെട്ടതിൽ ഗണ്യമായ രോഷം ഉണ്ടായിരുന്നു. എന്നിരുന്നാലും, ഗ്ലാസ്ഗോ ഉടമ്പടിയിൽ ഇരട്ടി ‘അഡാപ്‌റ്റേഷൻ ഫിനാൻസ്' പ്രതിജ്ഞാബദ്ധത ഉൾപ്പെടുന്നു - ഏറ്റവും താഴ്​ന്ന വരുമാനമുള്ള രാജ്യങ്ങളെ കാലാവസ്ഥാ പ്രതിരോധം മെച്ചപ്പെടുത്താൻ സഹായിക്കുന്നതിനുള്ള ധനസഹായം 2025-ഓടെ 40 ബില്യൺ ഡോളർ ആക്കുമെന്നതാണ് വാഗ്ദാനം. നിലവിൽ ലഭ്യമായ 80 ബില്യൺ ഡോളറിന്റെ കാലാവസ്ഥാ ധനസഹായത്തിന്റെ നാലിലൊന്നാണ് ‘അഡാപ്‌റ്റേഷൻ ഫിനാൻസ്’. എല്ലാ വർഷവും താഴ്​ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലേക്ക് (പ്രത്യേകിച്ച് ചെറുദ്വീപ് രാജ്യങ്ങൾ) എത്തിച്ചേർന്നാൽ കാലാവസ്ഥാ വ്യതിയാനം കൊണ്ട് നിലനിൽപ്​ ഭീഷണി നേരിടുന്ന ഇക്കൂട്ടർക്ക് ഏറെ സഹായകരമാവും.

ഏറ്റവും വലിയ കാർബൺ എമിറ്റർ ആയ അമേരിക്ക ചരിത്രപരമായ ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയ്യാറായില്ല എന്നുമാത്രമല്ല, നഷ്ടം സംഭവിച്ചവർക്കുള്ള ധനസഹായ പാക്കേജ് കൊണ്ടുവരുന്നതിനെ എതിർക്കുകയും ചെയ്തു.

എല്ലാ രാജ്യങ്ങൾക്കും സ്വീകാര്യമായ കാലാവസ്ഥാ ധനകാര്യത്തിന്റെ നിർവചനത്തിൽ ഉറച്ചുനിൽക്കാനും കരാർ പ്രതിജ്ഞാബദ്ധമാണ്. വികസിത- വികസ്വര രാജ്യങ്ങൾ തമ്മിലുള്ള വിശ്വാസം വീണ്ടെടുക്കണമെങ്കിൽ ഇത് അത്യന്താപേക്ഷിതമാണ്. ഇപ്പോൾ, വിവിധ രാജ്യങ്ങൾ കാലാവസ്ഥാ ധനകാര്യത്തെ വ്യത്യസ്ത രീതികളിൽ നിർവചിക്കുന്നു. ഉദാഹരണത്തിന്, ചിലർ വികസന സഹായങ്ങളെ (ശുദ്ധജലത്തിനോ സ്‌കൂളുകൾക്കോ ഉള്ള ധനസഹായം ഉൾപ്പെട്ടേക്കാം) കാലാവസ്ഥാ ധനസഹായമായി കണക്കാക്കുന്നു. ചില രാജ്യങ്ങൾ വായ്പകളെ കാലാവസ്ഥാ ധനസഹായമായി കണക്കാക്കുന്നു, മറ്റുള്ളവർ ധനസഹായം ഗ്രാന്റായി നൽകണമെന്ന് പറയുന്നു. തങ്ങൾ സൃഷ്ടിക്കാത്ത കാലാവസ്ഥാ മാറ്റത്തിന് ഇരയാകേണ്ടി വരുന്നവരാണ് ദരിദ്ര രാജ്യങ്ങൾ. ഇവർക്ക് ആഗോള കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ടുണ്ടായ ‘നഷ്ടവും നാശനഷ്ടങ്ങളും' നേരിടുന്നതിന്​ നഷ്ടപരിഹാരം നൽകുന്ന തരത്തിൽ, ഇൻഷുറൻസ് പോളിസിയുടെ രൂപത്തിൽ ഫണ്ട് സൃഷ്ടിക്കണോ എന്ന കാര്യത്തിൽ രാഷ്ട്രങ്ങൾ അഭിപ്രായ സമന്വയത്തിലെത്തിയില്ല എന്നത് നിരാശാജനകമാണ്. 2025 വരെയുള്ള അഞ്ച് വർഷങ്ങളിൽ കാലാവസ്ഥാ ധനസഹായമായി കുറഞ്ഞത് 500 ബില്യൺ യു.എസ് ഡോളറെങ്കിലും നൽകണമെന്ന കാര്യത്തിലായിരുന്നു ചർച്ച. ഇതിൽ നല്ലൊരു പങ്കും കാലാവസ്ഥാ വ്യതിയാനവുമായി പൊരുത്തപ്പെടാനുള്ള നടപടികൾക്കുവേണ്ടിയുള്ളതാണ്​.

ചൈനയുടെയും ഇന്ത്യയുടെയും എതിർപ്പിനെത്തുടർന്ന്, കൽക്കരി ‘ഘട്ടംഘട്ടമായി ഉപേക്ഷിക്കുക' എന്ന രീതി മാറ്റി ‘ഘട്ടംഘട്ടമായി കുറയ്ക്കുക' എന്നാക്കി. / Photo: pxfuel.com

കാർബണിന്റെ വിലയും വിപണിയും നിയന്ത്രിക്കുന്ന നിയമങ്ങളും ശുഭസൂചന നൽകുന്നുണ്ട്. ഉദ്ഗമനം കുറയ്ക്കുന്നതിന്റെ ഇരട്ടി കൗണ്ടിംഗ് തടയാൻ പുതിയ നിയമങ്ങൾ ഒരു അക്കൗണ്ടിംഗ് സംവിധാനം സൃഷ്ടിക്കുന്നുണ്ട്. ഒരു കമ്പനിയോ രാജ്യമോ മറ്റൊന്നിൽ നടക്കുന്ന ഉദ്ഗമനം കുറക്കാനായി നിക്ഷേപം നടത്തുമ്പോൾ (ഉദാഹരണത്തിന്, യുഎന്നിൽ റിപ്പോർട്ട് ചെയ്യുമ്പോൾ) ഒരിക്കൽ മാത്രമേ കുറവുകൾ രേഖപ്പെടുത്തുകയുള്ളൂവെന്ന് പുതിയ വ്യവസ്​ഥ ഉറപ്പാക്കുന്നു. ആഗോള കാർബൺ വിപണി നിലവിൽ വന്നാൽ, 2030 ഓടെ ലോകം പ്രതിവർഷം 300 ബില്യൺ ഡോളർ ലാഭിക്കുമെന്ന് കണക്കാക്കുന്നു. ആ സമ്പാദ്യങ്ങൾ കാലാവസ്ഥാ ലഘൂകരണത്തിൽ പുനർനിക്ഷേപിച്ചാൽ, 2030-ൽ പ്രതീക്ഷിക്കുന്ന വാർഷിക ഉദ്​ഗമനം കുറയ്ക്കുന്നതിന്റെ ഇരട്ടിയിലധികം വരുമെന്നും വിലയിരുത്തപ്പെടുന്നു.

ഇന്ത്യയുടെ ‘പഞ്ചാമൃത്'

ആഗോളതാപനത്തിന്റെ വിനാശകരമായ പ്രത്യാഘാതങ്ങളെ ചെറുക്കുന്നതിന്​ ഇന്ത്യ ‘പഞ്ചാമൃത്' എന്ന അഞ്ചിന പദ്ധതി മുന്നോട്ടുവച്ചു.

2030ഓടെ ഇന്ത്യയുടെ ഫോസിൽ ഇതര ഊർജശേഷി 500 ജിഗാവാട്ടായി ഉയർത്തും. 2030 വരെ ഇന്ത്യ അതിന്റെ ഊർജ ആവശ്യകതയുടെ 50 ശതമാനവും പുനരുപയോഗ ഊർജത്തിലൂടെ നിറവേറ്റും. 2030-ഓടെ കാർബൺ പുറന്തള്ളൽ ഇന്ത്യ ഒരു ബില്യൺ ടൺ കുറയ്ക്കും. 2030ഓടെ ഇന്ത്യ, സമ്പദ്​വ്യവസ്ഥയുടെ കാർബൺ തീവ്രത 45 ശതമാനം കുറയ്ക്കും. 2070-ഓടെ ഇന്ത്യ കാർബൺ പുറന്തള്ളൽ പൂജ്യമാക്കും.

വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് ഗ്ലാസ്ഗോ ഉച്ചകോടിയിൽ. / Screenshot

കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം തടയുന്നതിന് സുസ്ഥിരമായ ജീവിതശൈലി സ്വീകരിക്കുന്നതിനുള്ള ആഗോള മുന്നേറ്റമുണ്ടാവണമെന്നും വികസിത സമ്പദ്​വ്യവസ്ഥകൾ കാലാവസ്ഥാ ധനസഹായത്തിനായി ഒരു ട്രില്യൺ യു.എസ് ഡോളർ ലഭ്യമാക്കണമെന്നും ഇന്ത്യ ഉച്ചകോടിയിൽ ആവശ്യപ്പെട്ടു.

ചില ശുഭസൂചനകൾ

അടിസ്ഥാനപ്രശ്‌നങ്ങളിൽ നിസ്സംഗത

ഗ്ലാസ്‌ഗോ ഉച്ചകോടി ചില പൊതുവായ തീരുമാനങ്ങളിൽ എത്തിച്ചേർന്നുവെങ്കിലും കാലാവസ്ഥാ മാറ്റം കൊണ്ട് വസ്തുവകകളും കിടപ്പാടവും നഷ്​ടപ്പെട്ട തെക്കൻ രാജ്യങ്ങളിലെ ജനങ്ങൾക്ക് ഒരു സാമ്പത്തിക പാക്കേജ് രൂപീകരിക്കണമെന്ന ആവശ്യത്തിൽ പൊതുധാരണയിലെത്താനായില്ല. ഏറ്റവും വലിയ കാർബൺ എമിറ്റർ ആയ അമേരിക്ക ചരിത്രപരമായ ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയ്യാറായില്ല എന്നുമാത്രമല്ല, നഷ്ടം സംഭവിച്ചവർക്കുള്ള ധനസഹായ പാക്കേജ് കൊണ്ടുവരുന്നതിനെ എതിർക്കുകയും ചെയ്തു. കാലാവസ്ഥാ മാറ്റം പ്രതിരോധിക്കുന്നതിൽ വികസിത രാഷ്ട്രങ്ങൾ സ്വീകരിക്കുന്ന ഇരട്ടത്താപ്പും പ്രഖ്യാപനങ്ങളും പ്രവൃത്തിയും തമ്മിലുള്ള അന്തരവും കൂടുതൽ ചെറുരാജ്യങ്ങളും (പ്രത്യേകിച്ചും ചെറു ദ്വീപ് രാജ്യങ്ങൾ) സന്നദ്ധസംഘടകളും യുവാക്കളും ചൂണ്ടിക്കാട്ടിയതും സമ്മേളനത്തിന്റെ മുഖ്യ പോരായ്മയായി മാറി. ആതിഥേയ രാജ്യമായ സ്‌കോട്ട്‌ലാൻഡ് കാർബൺ പുറന്തള്ളലിന്റെ ചരിത്രപരമായ ഉത്തരവാദിത്തം ഏറ്റെടുത്ത്​ ‘ഘടനാപരമായ അസമത്വം' (structural Inequalities) പരിഹരിക്കുന്നതിനായി 2.8 ദശലക്ഷം ഡോളർ നീക്കിവെക്കാൻ തീരുമാനിച്ചത് സ്വാഗതാർഹമാണ്.

ഗ്ലാസ്‌ഗോ സമ്മേളനത്തോടനുബന്ധിച്ച് നഗരത്തിൽ പ്രതിഷേധിക്കാൻ ഒത്തുകൂടിയവർ. / Photo: Greta Thunberg, twitter

ഗ്ലാസ്‌ഗോ നഗരകേന്ദ്രത്തിൽ സമ്മേളനത്തോടനുബന്ധിച്ച് ആയിരങ്ങൾ അണിനിരന്ന പ്രതിഷേധറാലി കാലാവസ്ഥാ വ്യതിയാനം നേരിടാനുള്ള പ്രതിരോധ പ്രവർത്തനങ്ങളിൽ ലോകത്തെ ഭരണകൂടങ്ങളുടെ ആത്മാർത്ഥതയില്ലായ്മയും ഇരട്ടത്താപ്പും വെളിവാക്കുന്നതായി മാറി. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഏറ്റവും മോശം പ്രത്യാഘാതങ്ങൾ ഒഴിവാക്കാൻ രാജ്യങ്ങൾ ധീരമായ നയങ്ങൾ പാസാക്കുന്നില്ലെന്ന് ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു. കാലാവസ്ഥാ വ്യതിയാനം കൈകാര്യം ചെയ്യുന്നതിലുള്ള രാഷ്ട്രീയ നിഷ്‌ക്രിയത്വം എത്ര വ്യാപകവും അപകടകരവുമാണെന്ന് ലോകമെമ്പാടുമുള്ള യുവജനങ്ങൾ മനസ്സിലാക്കുന്നു.

കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് പുതിയ തലമുറ അനുഭവിക്കുന്ന ഉത്കണ്ഠയുടെ ആഴം ഒരു പുതിയ ആഗോള സർവേ വ്യക്തമാക്കുന്നു. സമീപിച്ച 60% യുവാക്കളും തങ്ങൾ ഈ വിഷയത്തിൽ ആശങ്കാകുലരാണെന്നും കാലാവസ്ഥയെക്കുറിച്ചുള്ള വികാരങ്ങൾ തങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്നതായും അഭിപ്രായപ്പെട്ടു. കാലാവസ്ഥാ വ്യതിയാനം ലോകമെമ്പാടുമുള്ള കുട്ടികളിലും യുവാക്കളിലും ദുരിതവും ദേഷ്യവും മറ്റ് നിഷേധാത്മക വികാരങ്ങളും ഉണ്ടാക്കുന്നതായി 16- 25 വയസ്സുകാരായ ആയിരക്കണക്കിനാളുകളിൽ നടത്തിയ സർവേ കണ്ടെത്തി. ഈ ‘പാരിസ്ഥിതിക ഉത്കണ്ഠ' പ്രതികരിക്കുന്നവരുടെ ദൈനംദിന ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്നും കാലാവസ്ഥാ ദുരന്തം ഒഴിവാക്കാൻ സർക്കാരുകൾ വേണ്ടത്ര ചെയ്യുന്നില്ല എന്ന തോന്നൽ മൂലമാണ് ഇത് സംഭവിക്കുന്നതെന്നും പഠനം വ്യക്തമാക്കുന്നു.

മുന്നോട്ടുള്ള വഴി

കാലാവസ്ഥാ വ്യതിയാനം നേരിടാനുള്ള പ്രധാന വഴി ആഗോള താപന വർദ്ധനവ് 1.5 ഡിഗ്രിയായി പരിമിതപ്പെടുത്തണമെന്നതാണ്. ഇതിനായി ആഗോള ബഹിർഗമനം 2030-ഓടെ പകുതിയാക്കുകയും 2050-ഓടെ ‘നെറ്റ്-സീറോ'യിൽ എത്തിക്കുകയും വേണം (ഹരിതഗൃഹ വാതകം പുറന്തള്ളുന്നതിന്റെയും അവ നീക്കം ചെയ്യുന്നതിന്റെയും അളവ്​ സന്തുലിതാവസ്ഥയിലെത്തിക്കുക). ഇതിനായി സുസ്ഥിര വികസനവും കാലാവസ്ഥാ മാറ്റവും ഒരു പ്രധാന രാഷ്ട്രീയ വിഷയമായി മുഖ്യധാരയിൽ ചർച്ച ചെയ്യപ്പെടണം. സുസ്ഥിര വികസനത്തിൽ നവലിബറൽ, മുതലാളിത്ത വികസന സമീപനങ്ങളുടെ പൊള്ളത്തരം തുറന്നുകാട്ടാൻ കഴിയണം. പ്രതിരോധത്തിനായി ആഗോള കൂട്ടായ്മകൾക്ക് പുറമെ പ്രവർത്തിക്കുന്ന പ്രാദേശിക കൂട്ടായ്മകൾ രൂപപ്പെടണം. കൂടുതൽ കാർബൺ ന്യൂട്രൽ ഗ്രാമങ്ങൾ ഉണ്ടാവണം, കൂടുതൽ പച്ചത്തുരുത്തുകൾ സൃഷ്ടിക്കപ്പെടണം. പരിസ്ഥിതി പൂരകമായ വികേന്ദ്രീകൃത മാലിന്യ പരിപാലന സംവിധാനം നടപ്പിൽ വരണം. പാരമ്പര്യേതര ഊർജസ്രോതസുകളിലേക്ക് മാറാനും, ഊർജ ഉപഭോഗം കുറയ്ക്കാനും കഴിയണം. കാർബൺ പ്രതിരോധത്തിനുള്ള നിരവധി പുതിയ ആശയങ്ങൾ (ട്രീ ബാങ്കിങ്, കാർബൺ- സൗഹൃദ നഗരങ്ങൾ, കാലാവസ്ഥാ സാക്ഷരത, വിദ്യാഭാസകേന്ദ്രങ്ങൾ, തുടങ്ങിയവ) പ്രോത്സാഹിപ്പിക്കപ്പെടണം.

ദശാബ്ദത്തിന്റെ അവസാനത്തോടെ ഉദ്ഗമനം പകുതിയായി കുറയ്ക്കുമെന്ന് പ്രതിജ്ഞയുണ്ടെങ്കിലും, പുനരുപയോഗിക്കാവുന്ന ഊർജ്ജം, ഇലക്​ട്രിക്​വാഹനങ്ങൾ, മാറുന്ന കാലാവസ്ഥയുമായി പൊരുത്തപ്പെടാൻ കമ്യൂണിറ്റികളെ സഹായിക്കുന്ന പ്രോഗ്രാമുകൾ എന്നിവയ്ക്കായുള്ള ഭീമമായ ചെലവ് ആരു വഹിക്കും എന്നതിൽ കൃത്യമായ നിലപാടുകൾ ഉരുത്തിരിഞ്ഞുവരേണ്ട സമയയമാണിത്. കൂടാതെ നിലവിലുള്ള മുതലാളിത്ത വളർച്ചാ മാതൃകകൾ ഉപേക്ഷിച്ചും സുസ്ഥിരവികസന/ജീവിത രീതി പിന്തുടർന്നും മാത്രമേ ഇത്തരം ഒരു ആഗോള പ്രശ്‌നത്തെ നേരിടാനാകൂ എന്നും ശക്തമായ അഭിപ്രായം ഉയർന്നുവരുന്നു. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


പ്രൊഫ. എ. ബിജു കുമാർ

കേരള സർവകലാശാലയിലെ അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് വിഭാഗം പ്രൊഫസറും മേധാവിയും. സർവകലാശാലയിലെ സയൻസ് ഫാക്കൽറ്റി ഡീൻ, റിസർച്ച് ഡയറക്ടർ, ശാസ്ത്രസാങ്കേതിക പരിസ്ഥിതി കമ്മിറ്റി സയന്റിഫിക് ഓഫീസർ, ബയോഡൈവേഴ്സിറ്റി ബോർഡ് മെമ്പർ സെക്രട്ടറി (ഇൻചാർജ്) എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ജലപരിസ്ഥിതി, ജൈവവൈവിധ്യം എന്നിവയാണ് ഗവേഷണ മേഖലകൾ. 30 വർഷത്തെ അധ്യാപന-ഗവേഷണ പരിചയം. ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (ഐ.യു.സി.എൻ.) സ്പീഷീസ് സർവൈവൽ കമ്മീഷൻ (എസ്.എസ്.സി.) അംഗം. സയൻസ് കമ്മ്യൂണിക്കേറ്ററും പരിസ്ഥിതി അധ്യാപകനും. ഇരുനൂറിധികം ഗവേഷണപ്രബന്ധങ്ങളും 25 പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 50-ലധികം പുതിയ സ്പീഷീസുകളെയും 8 പുതിയ ജനുസ്സുകളെയും പുതുതായി കണ്ടെത്തിയിട്ടുണ്ട്.

Comments