രാജ്യത്ത് താപതരംഗങ്ങളുടെ ആവൃത്തി, തീവ്രത, ആഘാതം എന്നിവയിൽ ഉയർന്ന വർദ്ധനവ് കാണിക്കുകയാണെന്ന് കഴിഞ്ഞ ദിവസം (ഏപ്രിൽ 19) പ്രസിദ്ധപ്പെടുത്തിയ പഠനം ചൂണ്ടിക്കാട്ടുന്നു. പൊതുജനാരോഗ്യം, കൃഷി, മറ്റ് സാമൂഹിക-സാമ്പത്തിക, സാംസ്‌കാരിക സംവിധാനങ്ങൾ എന്നിവയെ പ്രതികൂലമായി ബാധിക്കുന്ന തലത്തിലേക്കാണ് ഇതിന്റെ വർദ്ധനവെന്നാണ് ബ്രിട്ടനിലെ കേംബ്രിഡ്ജ് സർവ്വകലാശാലയിലെ രമിത് ദേബ്‌നാഥും സഹപ്രവർത്തകരും 'PLOS CLIMATE' ജേർണലിൽ പ്രസിദ്ധീകരിച്ച 'മാരകമായ താപ തരംഗങ്ങൾ ഇന്ത്യയുടെ സുസ്ഥിര വികസനത്തെ വെല്ലുവിളിക്കുന്നു' (Lethal heatwaves are challenging India's sustainable development) എന്ന പഠനത്തിലൂടെ വ്യക്തമാക്കുന്നത്. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ഉഷ്ണതരംഗങ്ങൾ സുസ്ഥിര വികസന ലക്ഷ്യങ്ങളിലേക്കുള്ള ഇന്ത്യയുടെ പുരോഗതിയെ തടസ്സപ്പെടുത്തുമെന്നാണ് ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്.
ദാരിദ്ര്യ നിർമ്മാർജ്ജനം, ആരോഗ്യവും ക്ഷേമവും, മാന്യമായ ജോലിയും സാമ്പത്തിക വളർച്ചയും - ഉൾപ്പെടെ ഐക്യരാഷ്ട്ര സഭ അംഗീകരിച്ച പതിനേഴ് സുസ്ഥിര വികസന ലക്ഷ്യങ്ങൾ (Sustainable Development Goals) കൈവരിക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. എന്നിരുന്നാലും, കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട താപ തരംഗങ്ങൾ സുസ്ഥിര വികസന പുരോഗതിയെ എങ്ങനെ ബാധിക്കുമെന്ന് നിലവിലെ കാലാവസ്ഥാ പ്രതിസന്ധി സംബന്ധിച്ച വിലയിരുത്തലുകളിലൂടെ പൂർണ്ണമായി മനസ്സിലാക്കാൻ കഴിഞ്ഞേക്കില്ലെന്നും ശാസ്ത്ര സംഘം പറയുന്നു.
ഇന്ത്യയുടെ കാലാവസ്ഥാ ദുർബലത (climate vulnerability), കാലാവസ്ഥാ വ്യതിയാനം എന്നിവ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പുരോഗതിയെ എങ്ങനെ ബാധിക്കാം എന്നിവ വിശകലനം ചെയ്യുന്നതിനായി, ഗവേഷകർ ഇന്ത്യയുടെ താപ സൂചികയെ (Heat Index) അതിന്റെ കാലാവസ്ഥാ ദുർബലത സൂചിക(Climate Vulnerability Index-CVI)യുമായി ബന്ധപ്പെടുത്തി വിശകലനം ചെയ്യുകയായിരുന്നു.
തീവ്ര വിഭാഗങ്ങളെ തരംതിരിക്കുന്നതിന് ദേശീയ ഡാറ്റ വിശകലന പ്ലാറ്റ്ഫോമിൽ നിന്ന് അതത് സംസ്ഥാനങ്ങളിലെ കാലാവസ്ഥാ ദുർബലത സൂചകങ്ങളിൽ പൊതുവായി ലഭ്യമായ ഡാറ്റാസെറ്റ് വേർതിരിച്ചെടുക്കുകയും 20 വർഷത്തെ (2001-2021) സുസ്ഥിര വികസന ലക്ഷ്യങ്ങളിലെ ഇന്ത്യയുടെ പുരോഗതിയെ 2001-2021 വരെയുള്ള കാലാവസ്ഥാ സംബന്ധിയായ മരണങ്ങളുമായി താരതമ്യം ചെയ്യുകയും ചെയ്തു.
നേരത്തെ കണക്കാക്കിയതിലും കൂടുതലായി, ഉഷ്ണ തരംഗങ്ങൾ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പുരോഗതിയെ ദുർബലപ്പെടുത്തിയിട്ടുണ്ടെന്നും കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതങ്ങളെ നേരിടുന്നതിൽ ഇന്ത്യയുടെ വെല്ലുവിളികളുടെ സൂക്ഷ്മതകൾ നിലവിലെ വിലയിരുത്തൽ അളവുകൾ വേണ്ടത്ര ഉൾക്കൊള്ളുന്നില്ലെന്നും ഗവേഷകർ കണ്ടെത്തി.
ഉദാഹരണത്തിന്, താപസൂചിക കണക്കാക്കുമ്പോൾ, രാജ്യത്തിന്റെ 90 ശതമാനവും താപതരംഗത്തിന്റെ ആഘാതം മൂലം അപകടമേഖലയിലാണെന്ന് പഠനം കാണിക്കുന്നു. കാലാവസ്ഥാ ദുർബലത സൂചിക അനുസരിച്ച്, രാജ്യത്തിന്റെ ഏകദേശം 20 ശതമാനം കാലാവസ്ഥാ വ്യതിയാനത്തിന് കൂടുതൽ അടിപ്പെട്ട് കിടക്കുന്നതായി കാണുന്നു. രാജ്യ തലസ്ഥാനമായ ഡൽഹിയിലും സമാനമായ ഫലങ്ങൾ നിരീക്ഷിക്കപ്പെട്ടു. താപതരംഗത്തിന്റെ ആഘാതം സംബന്ധിച്ച കണക്കുകൾ കാണിക്കുന്നത് ഡൽഹി പൂർണ്ണമായും കടുത്ത താപതരംഗ ആഘാതങ്ങളുടെ ഭീഷണിയിലാണെന്നാണ്. എങ്കിൽക്കൂടിയും കാലാവസ്ഥാ വ്യതിയാനത്തിനായുള്ള അതിന്റെ സമീപകാല പ്രവർത്തന പദ്ധതിയിൽ ഈ വിഷയം പ്രതിഫലിക്കുന്നില്ലെന്നും ഗവേഷകർ അഭിപ്രായപ്പെടുന്നു.
ഈ പഠനത്തിന്റെ പരിമിതിയായി കണക്കാക്കാവുന്നത് രണ്ട് വ്യത്യസ്ത ഡാറ്റകൾ തമ്മിലുള്ള സമയക്രമങ്ങളിലെ പൊരുത്തമില്ലായ്മയാണ്. കാലാവസ്ഥാ ദുർബലത സൂചിക ഡാറ്റ (2019-2020), ഹീറ്റ് ഇൻഡക്സ് ഡാറ്റ (2022) എന്നിവ വ്യത്യസ്ത കാലയളവിലെ ഡാറ്റകളെയാണ് കുറിക്കുന്നത്. ഇവ ആത്യന്തിക നിഗമനങ്ങളിൽ സൂക്ഷ്മ വ്യതിയാനങ്ങൾക്ക് ഇടയാക്കാനുള്ള സാധ്യതകൾ തള്ളിക്കളയാവുന്നതല്ല. ക്ലൈമറ്റ് വൾനറബിലിറ്റി സംബന്ധിച്ച വിവരങ്ങളുടെ അഭാവം അതിന് തടസ്സമാകുന്നുണ്ടെന്നത് വസ്തുതയാണ്. ഭാവിയിലെ പഠനങ്ങൾ സമീപകാല ഡാറ്റകളക്കൂടി ഉൾപ്പെടുത്തിക്കൊണ്ടായിരിക്കേണ്ടതുണ്ട്.
ഗവേഷകർ ചൂണ്ടിക്കാണിക്കുന്നതനുസരിച്ച്, "കാലാവസ്ഥാ ദുർബലത സൂചികയിൽ മുമ്പ് കണക്കാക്കിയതിനേക്കാൾ കൂടുതൽ ഇന്ത്യൻ സംസ്ഥാനങ്ങളെ താപ തരംഗങ്ങൾ ഇരയാക്കുന്നുവെന്ന് ഈ പഠനം കാണിക്കുന്നു.' ഇന്ത്യയിലെയും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെയും ഉഷ്ണതരംഗങ്ങൾ ആവർത്തിച്ചുള്ളതും ദീർഘകാലം നിലനിൽക്കുന്നതുമാണ്, കാലാവസ്ഥാ വിദഗ്ധരും നയരൂപീകരണ വിദഗ്ധരും രാജ്യത്തിന്റെ കാലാവസ്ഥാ ദുർബലത വിലയിരുത്തുന്നതിനുള്ള അളവുകൾ പുനർമൂല്യനിർണയം നടത്തേണ്ട സമയമാണിത്. അന്താരാഷ്ട്ര സഹകരണത്തിലൂടെയും പങ്കാളിത്തത്തിലൂടെയും സമഗ്രമായ അപകടസാധ്യത അളക്കുന്നതിനുള്ള ഒരു സാധ്യത ഇത് പ്രദാനം ചെയ്യുന്നു.'
ഗവേഷകർ കൂട്ടിച്ചേർക്കുന്നു: "ഇന്ത്യയിൽ താപ തരംഗങ്ങൾ കൂടുതൽ തീവ്രമാകുകയാണ്, ഇത് രാജ്യത്തെ 80 ശതമാനം ആളുകളെയും അപകടത്തിലാക്കുന്നു. ഈയൊരു അപകടം ഉടനടി അഭിസംബോധന ചെയ്തില്ലെങ്കിൽ, സുസ്ഥിര വികസന ലക്ഷ്യങ്ങളിലേക്കുള്ള പുരോഗതി ഇന്ത്യയെ സംബന്ധിച്ചിടത്തോളം മന്ദഗതിയിലാകും.'