ഇന്ത്യയുടെ ദീർഘകാല കാർബൺ ലഘൂകരണ പരിപാടികൾ അഥവാ ബോളിന് അനുസരിച്ച് ഗോൾപോസ്റ്റ് മാറ്റൽ

കാർബൺ എമിഷൻ കുറക്കുന്നതിനുള്ള ഇന്ത്യയുടെ ദീർഘകാല പരിപാടികൾ കുറേക്കൂടി യാഥാർഥ്യബോധവും പ്രയോഗക്ഷമതയും ആവശ്യപ്പെടുന്നുണ്ട്. "പറയുന്നതൊന്നും പ്രവർത്തിക്കുന്നത് വേറൊന്നും' എന്ന പരമ്പരാഗത ഉദ്യോഗസ്ഥ, രാഷ്ട്രീയ വിഴുപ്പലക്കലിലേക്കു അവ തരാം താഴ്ന്നുപോയോ എന്ന് തീർച്ചയായും സംശയിക്കാവുന്നതാണ്.

വ്യവസായ വിപ്ലവ പൂർവ്വകാലത്തെ അപേക്ഷിച്ച് ആഗോള താപനില ഒന്നര ഡിഗ്രിയിലോ, കൂടിയാൽ രണ്ടു ഡിഗ്രിയിലോ പിടിച്ചു നിർത്തണമെന്ന പാരീസ് ഉടമ്പടിയുടെ വെളിച്ചത്തിൽ, ലോകരാഷ്ട്രങ്ങൾ 2050 വരെയുള്ള കാലയളവിൽ, സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന കാർബൺ വിസർജനം കുറയ്ക്കുന്നതിനുള്ള ദീർഘകാല പദ്ധതികൾ, വാസ്തവത്തിൽ 2020 ൽ തന്നെ സമർപ്പിക്കേണ്ടതായിരുന്നു. എന്നാൽ നാടെങ്ങും പടർന്നു പിടിച്ച മഹാമാരി ആ നടപടിയെ നീട്ടിക്കൊണ്ടുപോയി. അഞ്ചോ പത്തോ വർഷത്തേക്ക് കാർബൺ വിസർജനം കുറയ്ക്കുന്നതിനായി വിഭാവനം ചെയ്യുന്ന നാഷണൽ ഡിറ്റർമൈൻഡ് കോണ്ട്രിബ്യൂഷൻസ് (എൻ.ഡി.സി) നു ഉപരിയായാണ് ഈ ദീർഘകാല പദ്ധതികൾ. മഹാമാരി താണ്ഡവമാടിയിട്ടും മിക്കവാറും വികസിത രാജ്യങ്ങൾ ഉൾപ്പെടെ 62 ഓളം ലോകരാഷ്ട്രങ്ങൾ കഴിഞ്ഞ തവണ, ഗ്ലാസ്‌ഗോ സമ്മേളനത്തിൽ വച്ച് ഇവ സമർപ്പിച്ചിരുന്നു; ചൈനയും അമേരിക്കയും യൂറോപ്യൻ യൂണിയനുമടക്കം. ആ കണക്കിന് കാർബൺ വിസർജനത്തിൽ അടുത്ത സ്ഥാനത്തു നിൽക്കുന്ന ഇന്ത്യ ഒരല്പം വൈകിയാണ് ദീർഘകാല രൂപരേഖ തയ്യാറാക്കിയിരിക്കുന്നത് എന്ന് പറയാം. അതായത്, 2070 ഓടെ നെറ്റ് സീറോ കാർബൺ എമിഷൻ കരഗതമാക്കുന്നതിനുള്ള പദ്ധതികൾ രൂപപ്പെടുത്തിയിരിക്കുന്നത് ഏറെ സമയമെടുത്താണ് എന്ന് ചുരുക്കം.

ഗ്ലാസ്‌ഗോ വാഗ്ദാനങ്ങൾ

2021 ഒക്ടോബറിലെ കോപ് 26 സമ്മേളനത്തിൽ നമ്മുടെ പ്രധാനമന്ത്രി നൽകിയ "പഞ്ചാമൃതം' (അഞ്ചിന് പരിപാടി), താഴെപ്പറയുന്നവയായിരുന്നു.
1. 2030 ഓടെ ഫോസിൽ ഇതര ഊർജ സ്രോതസ്സുകൾ മുഖേന 500 ജിഡബ്ല്യൂ ഉല്പാദിപ്പിച്ചിരിക്കും
2. 2030 ൽ തന്നെ, ഇന്ത്യയുടെ ഊർജവശ്യത്തിന്റെ പകുതിയും റിന്യൂവബിൾ സ്രോതസ്സുകളിൽ നിന്നും കണ്ടെത്തും.
3. 2030 ഓടെ കാർബൺ വികിരണം ഒരു ബില്യൺ ടൺ കുറച്ചിരിക്കും.
4. സമ്പദ് വ്യവസ്ഥയിൽ കാർബൺ ആധിപത്യം 2030 കഴിയും മുൻപ് തന്നെ 45 ശതമാനം കുറച്ചിരിക്കും; കൂടാതെ
5. 2070 ൽ ഇന്ത്യ നെറ്റ് സീറോ ലക്ഷ്യം കൈവരിക്കും.

ഏതു സാഹചര്യത്തിൽ ആയിരുന്നു പ്രധാനമന്ത്രി മേല്പറഞ്ഞ വാഗ്ദാനങ്ങൾ നടത്തിയത് എന്നൊന്ന് പരിശോധിച്ചുനോക്കൂ. വ്യവസായ വിപ്ലവനാന്തരകാലത്തെ മൊത്തം കാർബൺ വികിരണത്തിന്റെ കേവലം നാലു ശതമാനത്തിനു മാത്രമേ, ലോകജനസംഖ്യയുടെ 24% വരുന്ന ദക്ഷിണേഷ്യ ഉത്തരവാദിയാകുന്നുള്ളൂ. അതുപോലെ, ലോകത്തിലെ 17% ജനസംഖ്യയുള്ള ഇന്ത്യക്ക് ആഗോള കാർബൺ വികിരണ ചരിത്രത്തിൽ നാമമാത്രമായ സ്ഥാനമേ ഉണ്ടായിരുന്നുള്ളൂ. അതായത്, 1850 മുതൽ 2019 വരെയുള്ള കാലയളവിലെ മൊത്തം ആഗോള കാർബൺ വിസർജനത്തിന്റെ 4% മാത്രം. ഇന്ന് പക്ഷെ അതല്ല സ്ഥിതി. 2020 ലെ കണക്കു പ്രകാരം ചൈനക്കും അമേരിക്കക്കും ശേഷം ലോകത്തു ഏറ്റവും കൂടുതൽ കാർബൺ ഡയോക്‌സൈഡ് പുറം തള്ളുന്ന രാജ്യമാണ് ഇന്ത്യ. 2442 മില്യൺ മെട്രിക് ടൺ കാർബൺ ഡയോക്‌സൈഡാണ് 2020 ൽ ഇന്ത്യ പുറപ്പെടുവിച്ചത്. ഈ നിർണ്ണായക ഘട്ടത്തിലാണ് ലൈഫ് (ലൈഫ്‌സ്റ്റെയിൽ ഫോർ എൻവിറോണ്മെന്റ് ടുഡേ), ഉജാല (ഉന്നത് ജ്യോതി ബൈ അഫോർഡബിൾ എൽ.ഇ.ഡിസ് ഫോർ ഓൾ) തുടങ്ങിയ പദ്ധതികളുടെ നടപ്പാക്കലിലൂടെ ലോ കാർബൺ വിസർജനം ഇന്ത്യ പ്രതീക്ഷിക്കുന്നത്.

ഗ്ലാസ്‌ഗോ സമ്മേളനത്തിൽ ഏകലോക നിർമ്മാണത്തെയും സഹോദരസഹവർത്തിത്വത്തെയും കുറിച്ച് പ്രധാനമന്ത്രി എടുത്തു പറയുന്നുണ്ടെങ്കിലും ദക്ഷിണേഷ്യൻ പശ്ചാത്തലത്തിൽ ഇന്ത്യ അയൽരാജ്യങ്ങളോടുപോലും പ്രകടിപ്പിക്കുന്ന അസഹിഷ്ണുത ഒരു വിരോധാഭാസമായി തോന്നാം. ഇത് പ്രത്യുല്പാദനപരമല്ലാത്ത പട്ടാളചെലവുകളിലേക്കും അസമത്വത്തിലേക്കും നയിക്കുമ്പോൾ രാജ്യത്തിന്റെ കാലാവസ്ഥ നയ പരിപാടികളെ സംശയത്തോടെ വീക്ഷിക്കുന്നവരെ കുറ്റം പറയാനാകില്ല. അതുപോലെതന്നെ വരുംനാളുകളിൽ ലോക സാമ്പത്തിക ശക്തിയായി മാറാൻ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന ഇന്ത്യക്ക് വ്യാവസായിക മേഖലയിലെ പ്രധാന ഊർജസ്രോതസ്സ് ആയ (45 %) കൽക്കരിയെ എങ്ങനെ ഒഴിവാക്കാനാകും എന്നതിന് കൃത്യമായ റോഡുമാപ്പുകളൊന്നുമില്ല. അടുത്ത മൂന്നുനാലു ദശാബ്ദക്കാലത്തേക്കെങ്കിലും കൽക്കരിയുടെ ആധിപത്യം നമുക്ക് ഒഴിവാക്കാനാകില്ലെന്ന് അറിഞ്ഞുകൊണ്ടു തന്നെയാണ് ഗ്ലാസ്‌ഗോയിലെ പ്രധാനമന്ത്രിയുടെ "പഞ്ചാമൃതം' പ്രധാനമായും 2030 നെ ലക്ഷ്യമാക്കുന്ന ഹ്രസ്വകാലപരിപാടികളായി രൂപം മാറിയത്. അവയാണെങ്കിൽ കാലാനുസൃതമായി ഭേദഗതിവരുത്താവുന്നവയുമാണ്. 2070 ൽ നെറ്റ് സീറോ ആശയം മുന്നോട്ടു വെക്കുമ്പോൾ തന്നെ ഇന്ത്യ മറ്റ് വികസിത രാജ്യങ്ങൾ 2050 ഓടെ ആ ലക്ഷ്യം നേടിയിരിക്കണം എന്ന് ആവശ്യപ്പെടുന്നുണ്ട്. അതുകൊണ്ടാണ്, ഏറ്റവും കൂടുതൽ ഹരിത വാതക വികിരണം നടത്തുന്ന 20 രാജ്യങ്ങൾക്കുമേൽ ഒരു കൂട്ടം വികസിത രാജ്യങ്ങൾ പുതിയ ലഘൂകരണനയങ്ങൾ അടിച്ചേൽപിക്കാൻ ശ്രമിച്ചപ്പോൾ, കാലാവസ്ഥ നയങ്ങൾ ഓരോ രാജ്യവും ആഭ്യന്തരമായി രൂപപ്പെടുത്തേണ്ടതാണെന്നും അത് ബാഹ്യമായി നിർബന്ധിക്കാവുന്നതല്ലെന്നും ഉള്ള പാരീസ് ഉടമ്പടിച്ചട്ടങ്ങൾ ഇന്ത്യ, ഇയ്യിടെ ഈജിപ്തിൽ ഓർമ്മപ്പെടുത്തിയത്. ഈ 20 രാജ്യങ്ങളിൽ പലതും ചരിത്രപരമായി യാതൊരു വികിരണ പരിക്കുകൾക്കും കരണക്കാരല്ലാത്ത വികസ്വരരാജ്യങ്ങൾ ആണെന്നതാണ് വസ്തുത.

ദീർഘകാല പദ്ധതികളിലെ പൊള്ളത്തരങ്ങൾ

ആണവ റിയാക്ടറുകളുടെ അതിഭീകരമായ അപകടസാധ്യതകളെക്കുറിച്ച് കൊച്ചുകുട്ടികളെപ്പോലും ഇന്ന് പറഞ്ഞു മനസ്സിലാക്കേണ്ട കാര്യമില്ല. ലോകത്തുടനീളമുണ്ടായിട്ടുള്ള ആണവ അപകടങ്ങളിൽ എത്രയോ മനുഷ്യജീവനുകൾ നഷ്ടപ്പെട്ടു; എത്രയോ ഹതഭാഗ്യർ ആ അപകടങ്ങളുടെ തിക്തഫലങ്ങളും പേറി മരിച്ചു ജീവിക്കുന്നു, നമുക്കിടയിൽ; എത്രയോ സ്ഥലങ്ങൾ സാധാരണജീവിതത്തിനുതകാത്ത വിധം ഉപേക്ഷിക്കപ്പെട്ടു! ഒട്ടനവധി ഉദാഹരണങ്ങൾ നമുക്ക് മുന്നിൽ ഉണ്ടായിട്ടും കാർബൺ എമിഷൻ കുറക്കുന്നതിനുള്ള ദീർഘകാല സാധ്യതയായി ആണവോർജ്ജത്തിനെ പിന്തുണക്കുന്നത് ആത്മഹത്യാപരമായിരിക്കും. 2032 ഓടുകൂടി ആണവോർജ്ജ ഉത്പാദനം ഇപ്പോഴുള്ളതിന്റെ മൂന്നിരട്ടിയാക്കുമെന്ന ദീർഘകാല പരിപാടി അടിയന്തിരമായി പുനഃപരിശോധിക്കേണ്ടിയിരിക്കുന്നു. ആഗോളതാപനം ഒഴിവാക്കാൻ ശ്രമിക്കുന്ന മനുഷ്യരാശിക്ക് ആണവ മരുഭൂമികളാണോ ഇന്ത്യയുടെ സംഭാവന ?

പൊതുഗതാഗതത്തിലേക്കുള്ള കൃത്യമായ ഒരു തലമുറ മാറ്റം ഈ പദ്ധതിരേഖ മുന്നോട്ടു വാക്കുന്നുണ്ടെങ്കിലും അത് എവിടെ തുടങ്ങി ഏതു വിധത്തിൽ പ്രയോഗത്തിൽ വരുത്തും എന്ന് വ്യക്തമാക്കുന്നില്ല. ഇന്ത്യയിലെ ഓട്ടോമൊബൈൽ നിർമാണ മേഖലയിലേക്കുള്ള വിദേശ മൂലധനത്തിന്റെ ഇന്നത്തെ സ്വഭാവം വച്ച് നോക്കുമ്പോൾ സ്വകാര്യവാഹന ഉപയോഗം അടുത്ത കാലത്തൊന്നും കുറയാൻ പോകുന്നില്ല എന്ന് കാണാം. മഹാമാരിക്ക് ശേഷമുള്ള ജനങ്ങളുടെ പൊതുഗതാഗത നിരാസവും കാലാവസ്ഥജന്യമായ യാത്രാക്ലേശ നിവാരണവും ജനോപകാര സംവിധാനങ്ങളിൽ നിന്നും സർക്കാരിന്റെ പിൻവലിയലും അതുമൂലമുള്ള സ്വകാര്യ മൂലധന പ്രയോക്താക്കളുടെ ലാഭ ആർത്തിയും കണക്കിലെടുക്കുമ്പോൾ പൊതുഗതാഗതത്തിലേക്കുള്ള മാറ്റം അസംഭവ്യമാകാനാണ് സാധ്യത. ഫോസിൽ ഇതര വാഹനങ്ങൾക്ക് സബ്‌സിഡി ഏർപ്പെടുത്തിയും ജലഗതാഗത സംവിധാനങ്ങൾ വിപുലപ്പെടുത്തിയും ഇന്ധനക്ഷമത കുറഞ്ഞ ആർഭാട വാഹനങ്ങളുടെ വില്പന നിയന്ത്രിച്ചും സർക്കാർ ശക്തമായി മുന്നോട്ടു വരേണ്ടതുണ്ട്. കൊറോണക്കാലത്തു നിർത്തലാക്കിയ സ്റ്റോപ്പുകളും ട്രെയിനുകളും ഇന്ത്യൻ റെയിൽവേ മുഴുവനായും ഇനിയും പുനരാരംഭിച്ചിട്ടില്ല. ലോകജനസംഖ്യയേക്കളധികം യാത്രക്കാർ വർഷം തോറും ഇന്ത്യൻ തീവണ്ടികളിൽ യാത്ര ചെയ്തിട്ടും യാത്രാക്കൂലിയും സർവീസ് ചാർജുകളും അടിക്കടി വർധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഫലമോ, നല്ലൊരു ശതമാനം പേർ യാത്ര സൗകര്യവും സമയലാഭവും കണക്കിലെടുത്തു വിമാനയാത്രയിലേക്കു ആകർഷിക്കപ്പെടുന്നു. അതാകട്ടെ രാജ്യത്തിന്റെ കാർബൺ വികിരണത്തെ അധികരിക്കാനേ സഹായിക്കുന്നുള്ളൂ.

സാമ്പത്തിക വികസനം മുന്നോട്ടുവെക്കുന്ന ജി.ഡി.പി വളർച്ച, നഗരവൽകരണം, വ്യവസായിക കുതിച്ചുകയറ്റം, എന്നിവയൊക്കെ "ആത്മനിർഭർ ഭാരതിനപ്പുറം' വ്യാപകമായ കുടിയൊഴിക്കലുകൾക്കും പലായനങ്ങൾക്കും പ്രകൃതിമൂലധന ശോഷണത്തിനും വഴിവെക്കുമെന്ന് ഒട്ടേറെ ഉദാഹരണങ്ങൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്. സമ്പന്നരാഷ്ട്രങ്ങൾ വികസ്വര രാഷ്ട്രങ്ങളെ ചൂഷണം ചെയ്യുന്നതുപോലെതന്നെ, ധനികരും, കോർപ്പറേറ്റുകളും സാധാരണക്കാരെയും കൈവേലക്കാരെയും ന്യൂനപക്ഷങ്ങളെയും വികസനത്തിന്റെ മറവിൽ ഉച്ചാടനം ചെയ്യുന്ന പ്രവണത ഇന്ത്യയിൽ വർധിച്ചുവരികയാണ്. കടലാക്രമണവും ധാതുഖനനവും മൂലം തൊഴിലും സ്വത്തും അന്തസ്സും നഷ്ടപ്പെടുന്നവരെ ഒരു പരിധി വരെ എങ്കിലും തൃപ്തിപ്പെടുത്തുന്ന നഷ്ടപരിഹാരവും പുനരുദ്ധാരണ പരിപാടികളും മുന്നോട്ടുവക്കാനായില്ലെങ്കിൽ ദീർഘദൂര പദ്ധതികൾ വെറും ജലരേഖകൾ മാത്രം. ഭവന നിർമാണങ്ങളിലും മാലിന്യ നിർമ്മാർജ്ജനത്തിലും ആഭ്യന്തര ജല ഉപഭോഗത്തിലും കൃതഹസ്തമായ ഉദ്യമങ്ങൾക്ക് മേൽപറഞ്ഞ ദീർഘകാല പദ്ധതികൾ ഉതകുന്നില്ല എന്നത് അപലപനീയമാണ്.

PHOTO : SATYAPRAKASH PANDE, PARI

ഇതിനൊക്കെ പുറമെ കാലാവസ്ഥ കർമ്മ പരിപാടികൾ കാര്യക്ഷമമായി നടപ്പിലാക്കാൻ ക്ലൈമറ്റ് ഫിനാൻസ് രൂപത്തിൽ ഭീമമായ തുകയുടെ ബാഹ്യഇടപെടൽ ഇന്ത്യ ആവശ്യപ്പെടുന്നുണ്ട്. ഈ ധനാഗമ മാർഗ്ഗത്തിലെ ഭൂരിഭാഗം നിക്ഷേപവും നിശ്ചയമായും വ്യവസായ രംഗത്ത് തന്നെ ആകാനാണ് സാധ്യത. ഇന്ത്യയിലേക്ക് കുറഞ്ഞ ചെലവിലുള്ള മൂലധന ഒഴുക്കും തൊഴിൽ ലഭ്യതയും കൂടിയ ലാഭവിഹിതവുമാണ് ലക്ഷ്യമാക്കുന്നതെങ്കിലും ഇത് അന്യഥാ മലിനീകരിക്കപ്പെട്ട ഇന്ത്യൻ ഭൂപ്രകൃതിയെയും അന്തരീക്ഷത്തെയും കൂടുതൽ വിഷലിപ്തമാക്കില്ലേ എന്ന് ഭയപ്പെടേണ്ടതുണ്ട്. ക്ലൈമറ്റ് ഫിനാൻസ് വഴി വികസിതരാജ്യങ്ങളിൽ നിന്നും ലഭ്യമാകുന്ന പണത്തിന്റെ നിക്ഷേപം കൃത്യമായ പ്രകൃതി മൂലധനത്തിന്റെ കോസ്റ്റുകൂടി ഉൾപ്പെടുത്താതെയാണ് കണക്കാക്കുന്നതെങ്കിൽ അത് രാജ്യത്തിനെ സാമൂഹ്യ അനീതിയിലേക്കും സമത്വ നിഷേധത്തിലേക്കും നയിക്കുമെന്ന കാര്യത്തിൽ സംശയമില്ല. നിർഭാഗ്യവശാൽ ഇവയെക്കുറിച്ചെല്ലാം ഇന്ത്യയുടെ കാർബൺ ലഘൂകരണ ദീർഘകാല പരിപാടികൾ മൗനം പാലിക്കുകയാണ് ചെയ്യുന്നത്.

ഇന്ത്യയുടെ വനപ്രദേശങ്ങൾ 15% കാർബണുകളെ വലിച്ചെടുക്കുന്നുണ്ടെന്നാണ് 2016 ലെ കണക്കുകൾ കാണിക്കുന്നത്. അതിനെ അടിസ്ഥാനപ്പെടുത്തി 2030 ആകുമ്പോഴേക്കും രണ്ടര മുതൽ മൂന്നു ബില്യൺ വരെ കൂടുതൽ കാർബൺ വലിച്ചെടുക്കാൻ കാടുകളെ ഉപയോഗപ്പെടുത്താമെന്ന് ദീർഘദൂര നയരേഖ പറയുന്നു. എന്നാൽ കഴിഞ്ഞ കാല ചരിത്രം കണക്കിലെടുക്കുമ്പോൾ ഇന്ത്യയിലെ വനവിസ്തൃതി കൂടുകയാണോ എന്നത് ഒരു ചോദ്യചിഹ്നമാണ്. 2021 ലെ ദ്വ്യവത്സരക്കണക്ക് പ്രകാരം 8 0.9 മില്യൺ ഹെക്ടർ സ്ഥലത്ത് കാടുകളോ മരങ്ങളോ ഉണ്ടെന്നാണ് സർക്കാർ രേഖകൾ അവകാശപ്പെടുന്നത്. അതായത്, രാജ്യത്തിന്റെ 24.62% ഭൂവിഭാഗം വാനപ്രദേശമാണത്രെ! ഇത് കാണിക്കുന്നത്, 2019 നേക്കാളും 2261 ച.കി.മി യുടെ വർധനവാണു പോലും! അടിക്കടിയുണ്ടാകുന്ന കാട്ടുതീ വാർത്തകളുടെയും വ്യാപകമായ മരം കൊള്ളയുടെയും വനനശീകരണത്തിന്റെയും പശ്ചാത്തലത്തിൽ ഇത്തരം സർക്കാർ കണക്കുകൾ വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്. ഗ്ലോബൽ ഫോറസ്‌റ് വാച്ചിന്റെ സർവേ പ്രകാരം 2002 മുതൽ 2020 വരെ 22% ഇന്ത്യൻ വനങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട് എന്ന് പറയുന്നു. അതുപോലെ നൈസർഗ്ഗിക വനപ്രദേശങ്ങളും പ്ലാന്റേഷനുകളും കൃത്രിമ ഉദ്യാനങ്ങളും കാർബൺ വലിച്ചെടുക്കൽ പ്രക്രിയയിൽ ഒരേ തരത്തിലാണ് പ്രവർത്തിക്കുന്നതെന്ന് അധികാരികൾക്കു അറിവില്ലാത്തതാണോ? യൂക്കാലി, തേക്ക് തോട്ടങ്ങൾ നൈസർഗിക വനപ്രദേശങ്ങളെക്കാൾ മുപ്പതു മുതൽ അമ്പതു ശതമാനം വരെ കുറവ് കാർബൺ വലിച്ചെടുക്കലേ നടത്തുന്നുള്ളൂ. സർക്കാർ കണക്കുകളിൽ വനവിസ്തൃതി വികാസം നാണ്യവിളത്തോട്ടങ്ങളെയും കണക്കിലെടുത്തുള്ളതാണെങ്കിൽ അതിനു സാമ്പത്തിക, കാലാവസ്ഥ, ബയോഡൈവേഴ്‌സിറ്റി മേഖലകളിൽ കനത്ത വില കൊടുക്കേണ്ടിവരും. ഫലത്തിൽ പന്ത് പോയ വഴിക്കനുസരിച്ചു ഗോൾപോസ്റ്റ് മാറ്റിവച്ചു വിജയിയാകുന്ന പരിഹാസ്യതയാണ് അരങ്ങേറുന്നത്. ഈ രാഷ്ട്രീയ കോർപ്പറേറ്റ് ഉദ്യോഗസ്ഥ രഹസ്യധാരണകൾക്കു വില കൊടുക്കേണ്ടിവരുന്നത് നമ്മുടെ വരും തലമുറകളായിരിക്കുമെന്നുമാത്രം.

ഗതാഗത, ഊർജ, വ്യവസായ, നഗരവികസന, കച്ചവട മേഖലകൾ കാലാവസ്ഥ നിർമ്മിതിയിൽ പ്രധാന പങ്കു വഹിക്കുന്നുണ്ടെന്നു പറയേണ്ടതില്ലല്ലോ? ഇന്ത്യയുടെ നെറ്റ് സീറോ ലക്ഷ്യങ്ങളെയും അതിലേക്കുള്ള വഴികളെയും ലംഘിക്കുന്നവയാണോ മേല്പറഞ്ഞ മേഖലകളിലെ പുത്തൻ നിക്ഷേപങ്ങളും പുരോഗമനപ്രവർത്തനങ്ങളും എന്ന് കൃത്യനിഷ്ഠമായി വിലയിരുത്തപ്പെടേണ്ടതുണ്ട്, വരും കാലങ്ങളിൽ. അതിനായി ഒരു തരത്തിലുള്ള ഏജൻസികളെയും ദീർഘകാലപരിപാടികളിൽ ചുമതലപ്പെടുത്തിക്കാണുന്നില്ല. അതുപോലെതന്നെ, കാലാവസ്ഥ നിയമലംഘകരെ മാതൃകാപരമായി ശിക്ഷിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമായി യുക്തമായ നിയമനിർമാണവും അവലോകന അതോറിറ്റികളെയും ഈ പരിപാടികളിൽ ഉൾപ്പെടുത്തിക്കാണുന്നില്ല. ഇതിനോടകം ദീർഘകാലപരിപാടികൾ സമർപ്പിച്ചിട്ടുള്ള 50 ൽ പരം രാജ്യങ്ങൾ കാലാവസ്ഥ ലക്ഷ്യങ്ങൾ നേടുന്നതിനായി നിയമപരമായ ചട്ടക്കൂടുകൾ രൂപപ്പെടുത്തിയിട്ടുണ്ട്. കാലക്രമത്തിൽ ഇന്ത്യയും ആ കാര്യങ്ങളിൽ തീരുമാനമെടുക്കുമെന്ന് പ്രത്യാശിക്കാം.

ഇന്ത്യയുടെ ദീർഘകാല പദ്ധതി എന്നത് 2070 ലെ നെറ്റ് സീറോ ലക്ഷ്യം കൈവരിക്കാനുള്ള രാജ്യത്തെ വിവിധ മേഖലകളുടെ നിർണ്ണായക ഇടപെടലുകളുടെ പരിണിതഫലം കൂടിയാണ്. ആയതുകൊണ്ട്, ഇപ്പറഞ്ഞ മേഖലകളിലെ തത്പരകക്ഷികൾക്കു പരസ്പരം ക്രയവിക്രയം ചെയ്യാവുന്ന ഒരു ചലനാത്മകമായ കാർബൺ പ്രൈസിംഗ് സംവിധാനം അവതരിപ്പിച്ചിരുന്നുവെങ്കിൽ അതിന്റെ പ്രായോഗികത കൂടുതൽ ആരോഗ്യകരമാകുമായിരുന്നു. അത് മറ്റു വികസ്വര രാജ്യങ്ങൾക്കും ഒരു മാതൃക ആയേനെ.

പൊതുവെ പറഞ്ഞാൽ കാർബൺ എമിഷൻ കുറക്കുന്നതിനുള്ള ഇന്ത്യയുടെ ദീർഘകാല പരിപാടികൾ കുറേക്കൂടി യാഥാർഥ്യബോധവും പ്രയോഗക്ഷമതയും ആവശ്യപ്പെടുന്നുണ്ട്. "പറയുന്നതൊന്നും പ്രവർത്തിക്കുന്നത് വേറൊന്നും' എന്ന പരമ്പരാഗത ഉദ്യോഗസ്ഥ, രാഷ്ട്രീയ വിഴുപ്പലക്കലിലേക്കു അവ തരാം താഴ്ന്നുപോയോ എന്ന് തീർച്ചയായും സംശയിക്കാവുന്നതാണ്. "വാസുന്ധയ്വാ കുടുംബകം' എന്നൊക്കെ മേനി പറയുന്ന നേതാക്കൾ ആഭ്യന്തര, കാലാവസ്ഥ അഭയാർഥികളോടെടുക്കുന്ന സമീപനങ്ങൾ മറ്റൊരു തരത്തിൽ വിവരിക്കാനാവില്ല. നാം അഭിമുഖീകരിക്കുന്നത് കേവലം കാലാവസ്ഥ പ്രതിസന്ധിയല്ല; കാലാവസ്ഥ ദുരന്തത്തെയാണ് എന്നത് നയരൂപീകരണ വിദഗ്ധർ ഇനിയെങ്കിലും ഉൾക്കൊള്ളേണ്ടിയിരിക്കുന്നു.

Comments