കാലാവസ്ഥാ വ്യതിയാനം നമ്മൾ ഗൗരവത്തിലെടുക്കുന്നുണ്ടോ?

കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും അതുണ്ടാക്കുന്ന ഭീഷണമായ ദുരന്തങ്ങളെക്കുറിച്ചും നമ്മൾ കേട്ടു തുടങ്ങിയിട്ട് ഏറെ നാളുകളായി. എന്നാൽ ഇന്ത്യയിൽ, കേരളത്തിൽ താമസിക്കുന്ന മലയാളികളായ നമ്മളിൽ ഭൂരിപക്ഷവും വിചാരിക്കുന്നത് അത് ഭാവിയിലെന്നോ മറ്റെവിടെയോ സംഭവിച്ചേക്കാവുന്ന പ്രതിഭാസമാണെന്നും നമ്മളതിനെ അത്ര ഗൗരവമായെടുക്കേണ്ട കാര്യമില്ലെന്നും ആണ്.

അത് ഏതുസമയവും ഇവിടെ ഗുരുതരമായി ബാധിക്കാവുന്നതും ഇപ്പോൾത്തന്നെ ആരംഭിച്ചു കഴിഞ്ഞതിന്റെ പ്രകടമായ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയതുമായ പ്രക്രിയയാണെന്ന ബോധം ചിലർക്കെങ്കിലും ഉദിച്ചത് 2018 ലും 2019 ലും ആഗസ്ത് മാസത്തിൽ കേരളത്തിലുണ്ടായ തുടർച്ചയായ പേമാരിയും പ്രളയവും വിതച്ച ദുരന്തങ്ങൾ നേരിട്ടനുഭവിച്ചതിന് ശേഷം മാത്രമാണ്.

അപ്പോഴും പ്രളയം നൂറ്റാണ്ടിലൊരിക്കൽ വരുന്ന സാധാരണ പ്രതിഭാസം മാത്രമായി എഴുതിത്തള്ളാനും അപ്രതീക്ഷിത ആഘാതങ്ങളെക്കുറിച്ചുള്ള ആകുലതകൾ ഒഴിവാക്കാനുമാണ് നമുക്ക് വ്യഗ്രത. പ്രകൃതിദുരന്തങ്ങൾ മാരകമാക്കുന്നതിൽ സ്വന്തം ഉത്തരവാദിത്വമെന്തെന്ന് തിരിച്ചറിയാതിരിക്കാനാണ് കണ്ണടച്ചിരുട്ടാക്കുന്ന ഈ സമീപനം സഹായിക്കുന്നത്.

എങ്കിലും പ്രളയാനന്തരം, നവകേരളനിർമിതിയെക്കുറിച്ചും ആസൂത്രണത്തിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും നമ്മൾ സംസാരിച്ചു തുടങ്ങിയിട്ടുണ്ട്. അപ്പോൾ പോലും നാം പിന്തുടർന്ന, കാലാവസ്ഥാ വ്യതിയാനത്തിലേക്ക് നയിച്ച, വികസന പാതകളെപ്പറ്റി വേണ്ടത്ര സ്വയം വിമർശനമില്ല; പ്രകൃതിയുടെ ഭാഗമാണ് മനുഷ്യനെന്നതിനാൽ പ്രകൃതിയുടെ നിലനില്പുമായി അഭേദ്യമായി ബന്ധപ്പെട്ടാണ് മനുഷ്യവംശത്തിന്റെ തുടർച്ച നിലനില്ക്കുന്നത് എന്ന പ്രാഥമിക പാരിസ്ഥിതിക ബോധം വികസനപ്രവർത്തനങ്ങളിൽ പ്രതിഫലിക്കുന്നത് അപൂർവ്വം തന്നെ.

കാലാവസ്ഥാമാറ്റം എന്തുകൊണ്ട്?

നമ്മൾ ഇതുവരെ അനുവർത്തിച്ച, പ്രത്യേകിച്ചും വ്യവസായ വിപ്ലവാനന്തരം പിന്തുടർന്നു പോന്ന വികസന സമീപനത്തിന്റെ അനിവാര്യ പ്രത്യാഘാതങ്ങളാണ് ആഗോള താപനത്തിനും കാലാവസ്ഥാ വ്യതിയാനത്തിനും കാരണമായത്.

സുസ്ഥിരവികസനം അഥവാ നിലനിർത്താവുന്ന വികസനം എന്നത് കേവലം സാമ്പത്തിക വളർച്ചയെ ആശ്രയിച്ച് സാധ്യമായ ഒന്നല്ല. സാമ്പത്തികവളർച്ച ആവശ്യമാണ്. പക്ഷെ, അതു മാത്രം പോര. അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുക, സ്വന്തം ഭാഗധേയം നിറവേറ്റാവുന്ന വിധത്തിൽ സ്വയം നിർണയാവകാശം ഉണ്ടായിരിക്കുക, കാലത്തെ അതിജീവിക്കാൻ കഴിയുന്ന വിധത്തിൽ വികസന പ്രക്രിയക്ക് പരിസ്ഥിതിയുമായുള്ള പൊരുത്തമുണ്ടാവുക എന്നിങ്ങനെ മൂന്നു കാര്യങ്ങളുമായി ബന്ധപ്പെട്ടാണ് നിലനിർത്താവുന്ന വികസനത്തിന് സാദ്ധ്യതയുണ്ടാവുക.

എന്നാൽ കഴിഞ്ഞ 250 വർഷങ്ങൾക്കുള്ളിൽ മനുഷ്യർ മാത്രം ഉപയോഗിച്ചു തീർത്ത വിഭവങ്ങൾ കഴിഞ്ഞ 6 ലക്ഷം കൊല്ലങ്ങൾ കൊണ്ട് എല്ലാ ജീവജാലങ്ങളും ചേർന്ന് ഉപയോഗിച്ചതിന്റെ എത്രയോ മടങ്ങ് വരുമെന്നും അത് ഭൂമിയുടെ അന്തരീക്ഷത്തിൽ സൃഷ്ടിച്ച മലിനീകരണം അഭൂതപൂർവമാണെന്നും ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു.

ഭൂമിയിലെ ആറാമത്തെ മഹാവംശനാശം എന്ന് പരിസ്ഥിതി ശാസ്ത്രജ്ഞർ വിളിക്കുന്ന കൊടിയ ദുരന്തത്തിന്റെ വക്കത്താണ് നമ്മൾ എന്ന തിരിച്ചറിവെങ്കിലും, വാസ്തവത്തിൽ നമ്മുടെ വഴികൾ മാറ്റുവാൻ നമ്മെ പ്രേരിപ്പിക്കേണ്ടതാണ് .

വിഭവങ്ങൾ ഉപയോഗിച്ചു തീർത്തത് ഇങ്ങിനെയാണ്: ഖനനം, വ്യവസായ ഉപയോഗങ്ങൾക്കായുള്ള വിനിയോഗം, മാലിന്യക്കൂനകൾ എന്നിവക്കായും മേൽമണ്ണ് കുത്തിയൊലിച്ചു പോകുന്ന വിധത്തിലുമുള്ള പ്രവർത്തനങ്ങൾ കൊണ്ടും ഭൂമിയെ കൊള്ളയടിച്ചു. ഭൂഗർഭ ജലമൂറ്റൽ, വ്യവസായ ഉപയോഗങ്ങൾക്കായി അമിതമായി പാഴാക്കൽ, അമിത ജലസേചനം, രാസ മലിനീകരണം, വെള്ളം കെട്ടി നിർത്തൽ, സ്വകാര്യവത്കരണം ഇവയിലൂടെ വെള്ളമെന്ന അവശ്യവിഭവവും ദുർലഭമാക്കി. വികസന പദ്ധതികൾക്ക്, അണക്കെട്ടിന്, ഖനനത്തിന് ഒക്കെയായി വെട്ടി വെളുപ്പിച്ച് വനവിഭവം ഇല്ലാതാക്കി.

കൽക്കരി, പെട്രോളിയം, പ്രകൃതിവാതകം, ഇരുമ്പ്, അലുമിനിയം തുടങ്ങിയ ഖനിജങ്ങളും ലോഹങ്ങളും അവ തീർന്നു പോകുന്നവയാണെന്ന ചിന്തയില്ലാതെ കണക്കറ്റ് കുഴിച്ചെടുത്തുപയോഗിച്ചു. ഇത്തരത്തിലുള്ള ധൂർത്തവും വിവേകരഹിതവുമായ സ്ഥല-ജല- വന-ഖനിജ വിഭവോപയോഗം മൂലം ഭൗതികവും രാസവും വികിരണപരവുമായ മലിനീകരണങ്ങളാണ് നമ്മൾ അഭിമുഖീകരിക്കുന്നത്.

പ്ലാസ്റ്റിക്, ജൈവ വിഘടനം നടക്കാത്ത മാലിന്യങ്ങൾ, ചപ്പുചവറുകൾ, രാസവളങ്ങൾ, കീടനാശിനികൾ തുടങ്ങിയവ മണ്ണിനെയും കാർബൺ ഡയോക്‌സൈഡ്, സൾഫർ ഡയോക്‌സൈഡ്, ഹരിതഗൃഹ വാതകങ്ങൾ, വാഹനപ്പുക, താപനിലയ-രാസവ്യവസായ വിസർജ്യങ്ങൾ തുടങ്ങിയവ അന്തരീക്ഷത്തെയും, രാസവസ്തുക്കളും ഘനലോഹങ്ങളും എണ്ണയും ചൂടും അഴുക്കുകളും കലർന്ന ദ്രവമാലിന്യങ്ങൾ വെള്ളത്തെയും പരമാവധി മലിനീകരിച്ചു.

ഈ മലിനീകരണം നമുക്ക് സങ്കല്പിക്കാവുന്ന എല്ലാ പരിധികളും അതിലംഘിച്ചു കഴിഞ്ഞു. ഇതുമൂലം അസംഖ്യം ജീവജാതികൾ എന്നെന്നേക്കുമായി ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമാവുന്ന പ്രക്രിയ ത്വരിതഗതിയിലായി എന്നത് വെറും പരിസ്ഥിതി പ്രേമികളുടെ പേടിസ്വപ്നമല്ല; ഇരുണ്ട യാഥാർത്ഥ്യമാണ്. ഭൂമിയിലെ ആറാമത്തെ മഹാവംശനാശം എന്ന് പരിസ്ഥിതി ശാസ്ത്രജ്ഞർ വിളിക്കുന്ന കൊടിയ ദുരന്തത്തിന്റെ വക്കത്താണ് നമ്മൾ എന്ന തിരിച്ചറിവെങ്കിലും, വാസ്തവത്തിൽ നമ്മുടെ വഴികൾ മാറ്റുവാൻ നമ്മെ പ്രേരിപ്പിക്കേണ്ടതാണ് .

അന്തരീക്ഷത്തിലടിഞ്ഞുകൂടുന്ന കാർബൺ ഡയോക്‌സൈഡിന്റെ അളവ് ഭയാനകമായ വിധത്തിൽ വർദ്ധിച്ചിരിക്കുന്നു. 1750 ൽ 280 പി.പി.എം ആയിരുന്ന CO2 2007ൽ 379 പി.പി എം ആയും 2015ൽ 400 പി.പി.എം ആയും ഉയർന്നു. 2 മുതൽ 2.5 ഡിഗ്രി സെൽഷ്യസ് വരെ അന്തരീക്ഷ താപനില ഉയരുവാൻ ഇത് കളമൊരുക്കുന്നു. കാർബൺ വിസർജനം കുറച്ച്, അത് 350 പി.പി.എം എങ്കിലും ആക്കിക്കൊണ്ടുവരാൻ ആഗോളതലത്തിൽ ധാരണയുണ്ടായത് അതുകൊണ്ടാണ്. കഴിഞ്ഞ 6ലക്ഷം കൊല്ലങ്ങളായി 180 മുതൽ 300 വരെ പി.പി.എം മാത്രമായിരുന്നു കാർബൺ വിസർജനത്തിലുള്ള ഏറ്റക്കുറച്ചിൽ എന്ന വസ്തുത കൂടി പരിഗണിക്കുമ്പോൾ നമ്മൾ ഇപ്പോൾ എത്തി നില്ക്കുന്ന ദുരവസ്ഥയുടെ ആഴത്തെക്കുറിച്ച് ഏകദേശ ധാരണ കിട്ടും.

ഇന്ന് ലോകത്തെ മുഴുവൻ നിസ്സഹായാവസ്ഥയിലെത്തിച്ച കൊറോണ വൈറസിന്റെ വ്യാപനവും അനീതി നിറഞ്ഞ ഒരു വ്യവസ്ഥിതിക്കു സംഭവിക്കുന്ന തിരിച്ചടിയായാണ് മനസ്സിലാക്കേണ്ടത്.

കാർബൺ പുറന്തള്ളുക എന്നത് ഊർജ ഉല്പാദനത്തിന്റെയും ഉപഭോഗത്തിന്റെയും കൂടപ്പിറപ്പാണ് - പ്രത്യേകിച്ചും കല്ക്കരി, എണ്ണ തുടങ്ങിയ ഖനിജ ഇന്ധനങ്ങളുപയോഗിക്കുമ്പോൾ. നമ്മുടെ ഊർജോപഭോഗത്തിന്റെ 75% നഗരവത്കരണത്തിനും ഗതാഗതത്തിനും വേണ്ടിയാണ് എന്നാണ് കണക്ക്.

സാമ്രാജ്യത്വത്തിന്റെയും മുതലാളിത്തത്തിന്റെയും നിർദ്ദയവും നിരങ്കുശവുമായ മത്സരപ്പാച്ചിലിന്റെ പരിണിത ഫലമായാണ് ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും ജൈവ വൈവിദ്ധ്യനാശവും ഊർജപ്രതിസന്ധിയും ദാരിദ്ര്യവും അസമത്വവും എല്ലാം അപരിഹാര്യമെന്ന് തോന്നിക്കുന്ന ഒരു മഹാപ്രതിസന്ധിയുടെ മാനങ്ങൾ കൈവരിച്ചുകഴിഞ്ഞത്. ഏറ്റവുമൊടുവിൽ, ഇന്ന് ലോകത്തെ മുഴുവൻ നിസ്സഹായാവസ്ഥയിലെത്തിച്ച കൊറോണ വൈറസിന്റെ വ്യാപനവും അനീതി നിറഞ്ഞ ഒരു വ്യവസ്ഥിതിക്കു സംഭവിക്കുന്ന തിരിച്ചടിയായാണ് മനസ്സിലാക്കേണ്ടത്. പുതിയതോ ദീർഘകാലം സുപ്തമായി കിടന്നതോ ആയ വൈറസുകളുടെ ആവിർഭാവം പോലും കാലാവസ്ഥ വ്യതിയാനത്തിന്റെ അനന്തരഫലമാകാനുള്ള സാധ്യത ചില ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നുണ്ട് താനും.

ഇനി എങ്ങോട്ട്?

ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും ലോകത്തിന്റെ നാനാഭാഗത്തും ദുരന്തങ്ങൾ വിതയ്ക്കാൻ തുടങ്ങിക്കഴിഞ്ഞു. മനുഷ്യവംശത്തിന് ഇതിന്റെ പ്രചണ്ഡമായ പ്രത്യാഘാതങ്ങളെ അതിജീവിക്കാൻ കഴിയുമോ? ഇനിയും അലംഭാവത്തോടെയും ഒഴിഞ്ഞുമാറിയും സ്വന്തം മാളങ്ങളിൽ നമ്മളിങ്ങനെ ചടഞ്ഞുകൂടിയാൽ മതിയോ? ഭൂമുഖത്ത് ഏറ്റവും കുറഞ്ഞ കാലത്തേക്ക് മാത്രം അധിവസിക്കാൻ കഴിയുന്ന ജീവജാതിയായി മനുഷ്യരാശി മാറിയേക്കുമെന്ന് പലരും ഭയപ്പെടുന്നുണ്ട്.

സ്വാഭാവികമെന്ന് നാം കരുതിപ്പോന്ന എല്ലാ പരിധികളെയും ലംഘിച്ചുകൊണ്ട് കനത്ത മഴ, പെട്ടെന്നുള്ള പ്രളയങ്ങൾ, കൊടുംകാറ്റുകൾ, ചുഴലിക്കാറ്റുകൾ, വരൾച്ചകൾ, കൊടുംവേനലുകൾ, മലയിടിച്ചിൽ, ഉരുൾപൊട്ടൽ, ഹിമക്കൂമ്പാരങ്ങളിൽ വിള്ളലുകൾ വീണ് താഴോട്ട് കുത്തിയൊഴുക്ക് എന്നിങ്ങനെയുള്ള അപ്രതീക്ഷിത കാലാവസ്ഥാ പ്രതിഭാസങ്ങൾ അപ്രതീക്ഷിത സമയങ്ങളിൽ മനുഷ്യർക്ക് ആഘാതമേല്പിച്ചുകൊണ്ട് തുടരെത്തുടരെ ഭൂമിയിൽ പല ഇടങ്ങളിലായി ആവർത്തിക്കുന്ന പ്രവണത നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണ്. ഈ അത്യസാധാരണ പ്രതിഭാസങ്ങളിലൂടെ 'ചിന്തിക്കാൻ പോലും പറ്റാത്ത വിധത്തിലുള്ള രൂപത്തിലും ഭാവത്തിലും മനുഷ്യരുടെ സ്വന്തം പ്രവൃത്തികൾ അവരെ ഭീഷണമായി ഭയപ്പെടുത്തുവാൻ മടങ്ങിയെത്തുകയാണ് ' എന്ന് പ്രശസ്ത സാഹിത്യകാരൻ അമിതാവ് ഘോഷ് നിരീക്ഷിക്കുന്നുണ്ട്.

2004 ലെ സുനാമിയും 2005 ലെ മുംബൈ വെള്ളപ്പൊക്കവും 2013 ലെ അളകനന്ദയിലെ പ്രളയവും 2015 ലെ ചെന്നൈ പ്രളയവും അതേവർഷം എൽനിനോ ഉണ്ടാക്കിയ പ്രളയവും വരൾച്ചയും 2017 നവമ്പറിലെ ഓഖി കൊടുങ്കാറ്റും 2018 ആഗസ്തിലും 2019 ആഗസ്തിലും കേരളത്തിൽ പെയ്ത അതിവൃഷ്ടിയും പ്രളയവുമെല്ലാം നമ്മുടെ ഓർമ്മയിൽ പെട്ടെന്ന് കടന്നു വരുന്ന തൊട്ടടുത്തുള്ള ദൃഷ്ടാന്തങ്ങളാണ്.

ബംഗ്ലാദേശിൽ നിന്ന് മാത്രം 2050 ആവുമ്പോഴേക്കും 5കോടി അഭയാർത്ഥികൾ കാലാവസ്ഥാ ദുരന്തം മൂലം നാടുവിടേണ്ടിവരുമെന്നാണ് ഒരു കണക്ക്.

താപവ്യതിയാനം മൂലം കടലിലെ ജലനിരപ്പു അൽപ്പം ഉയർന്നാൽ ഇന്ത്യയിൽ പെട്ടെന്നു തന്നെ 6000 ചതുരശ്ര കിലോമീറ്റർ ഫലപുഷ്ടിയുള്ള ഭൂമി നഷ്ടമാവും; ഇന്ത്യയിൽ 50 ദശലക്ഷവും ബംഗ്ലാദേശിൽ 75 ദശലക്ഷവും ആളുകൾ ഒഴിഞ്ഞു പോകേണ്ടിവരും. താപനില 2 ഡിഗ്രി കൂടിയാൽ ഭക്ഷ്യോത്പാദനം നാലിലൊന്ന് കുറയും. പാക്കിസ്ഥാനിൽ 65 കി.മീ ഉള്ളിലേക്ക് ഉപ്പുവെള്ളം കയറിവരും. ഹിമാലയത്തിലെ മഞ്ഞടരുകൾ ഉരുകിത്താഴും. വർഷത്തിൽ കടുത്ത ജലക്ഷാമവും വേനലിൽ വലിയ വെള്ളപ്പൊക്കവും വരും. ദക്ഷിണേഷ്യയിൽ 50 കോടി മനുഷ്യരുടെ ജീവനും ഉപജീവനമാർഗ്ഗങ്ങളും അപകടത്തിലാവും. ഫലപ്രദമായ ദുരന്തനിവാരണ പദ്ധതികളോ അപ്രതീക്ഷിത പ്രകൃതിദുരന്തങ്ങൾ നേരിടാനുള്ള മതിയായ സജ്ജീകരണങ്ങളോ ഒന്നുമില്ലാത്ത നമ്മുടേത് പോലുള്ള രാജ്യങ്ങളിൽ സ്ഥിതിഗതികൾ അതീവ ശോചനീയമായിരിക്കും. പാവപ്പെട്ട മനുഷ്യർക്കായിരിക്കും ഏറ്റവുമധികം ആൾനാശം സംഭവിക്കുക. ഇരകളെ പുനരധിവസിപ്പിക്കാൻ സംവിധാനങ്ങളുണ്ടാവില്ല. പാരിസ്ഥിതിക അഭയാർത്ഥികളും രാജ്യാന്തര കുടിയേറ്റക്കാരും പെരുകും. ബംഗ്ലാദേശിൽ നിന്ന് മാത്രം 2050 ആവുമ്പോഴേക്കും 5കോടി അഭയാർത്ഥികൾ കാലാവസ്ഥാ ദുരന്തം മൂലം നാടുവിടേണ്ടിവരുമെന്നാണ് ഒരു കണക്ക്.പ്രശ്‌നത്തിന്റെ ഗുരുതരാവസ്ഥ ഇന്ത്യയിൽ
കടലിലെ ജലനിരപ്പ് ഉയരൽ, കടുത്ത ചൂടും കഠിനവർഷപാതവും, ഗണ്യമായ തോതിൽ വിളനാശം, ചൂട് കാരണമുള്ള വൃക്കരോഗങ്ങൾ, വരൾച്ച, പ്രളയം, മേഘവിസ്‌ഫോടം, മലയിടിച്ചിൽ തുടങ്ങിയ പ്രശ്‌നങ്ങൾ ഉണ്ടാവും. 2005 മുതൽ 2019 വരെയുള്ള കാലത്ത് നടന്ന ഇത്തരം ചില സംഭവങ്ങളിലെ മരണനിരക്ക് പട്ടികയിൽ കാണുക.
കാലാവസ്ഥാവ്യതിയാനം മൂലം ഇന്ത്യയിൽ സമീപകാലത്തു സംഭവിച്ച ചില ദുരന്തങ്ങൾ

2100 ആവുമ്പോഴേക്കും കാലാവസ്ഥാ മാറ്റത്താൽ ഇന്ത്യയിൽ നെല്ല്, ഗോതമ്പ് ഇവയുടെ വിളവ് യഥാക്രമം 15% വും 22% വും കുറയും. ദക്ഷിണ മുബൈ, കൽക്കത്ത, എന്നിവയുൾപ്പെടെയുള്ള അനേകം തീരദേശ നഗരങ്ങൾ കടലിലെ നിരപ്പുയർന്ന് വെള്ളത്തിലാഴ്ന്നുപോവും

ആരാണ് ഉത്തരവാദികൾ?

കാർബൺ വിസർജനത്താൽ ഭൂമിയെ ഈ നിലയിലുള്ള ഗുരുതരാവസ്ഥയിലെത്തിച്ച ഖനിജ ഇന്ധനങ്ങൾ 300 ദശലക്ഷം വർഷങ്ങൾക്ക് മുമ്പുണ്ടായവയാണ്. നമ്മൾ ഇവ ഉപയോഗിക്കാൻ പഠിച്ചിട്ട് മൂന്ന് നൂറ്റാണ്ടുകൾ മാത്രമേ ആയിട്ടുള്ളൂ. 50 സീറ്റാജൗൾ ഉള്ള ഈ ഇന്ധനശേഖരത്തിന്റെ 40% നമ്മൾ ഉപയോഗിച്ചപ്പോൾ ആ പ്രക്രിയയുടെ ഭാഗമായി 2000 ഗിഗാട്ടൺ കാർബൺ ഡയോക്‌സൈഡാണ് അന്തരീക്ഷത്തിലേക്ക് വിസർജിച്ചത്.

വ്യവസായ വിപ്ലവത്തിനു മുമ്പ്, ലക്ഷക്കണക്കിന് കൊല്ലങ്ങളായി 280 പി.പി എം എന്ന തോതിൽ ഏറെക്കുറെ നിലനിന്നുപോന്ന അന്തരീക്ഷ CO2 വിന്റെ അളവ് ഇന്ന് 415 പി.പി എം ആയി ഉയർന്നിട്ടുണ്ട്. വ്യവസായ വിപ്ലവപൂർവ ലോകത്തെ ആഗോള ഊഷ്മാവിൽ 1 ഡിഗ്രി സെൽഷ്യസ് കൂടാൻ ഇത് ഇടയാക്കി.

യൂറോപ്പ്, യു.എസ്.എ, കാനഡ, ഓസ്‌ത്രേലിയ, ജപ്പാൻ എന്നീ രാജ്യങ്ങളിൽ ലോകത്തെ 17% ജനങ്ങൾ മാത്രമേ നിവസിക്കുന്നുള്ളൂ; എന്നാൽ, ഇവരുടെ CO2 വിസർജനം 1751 മുതൽ 2017 വരെ 65% ആണ്. വികസിത വടക്കൻ രാജ്യങ്ങളിലെ പ്രതിശീർഷ വിസർജനം 1200 ടൺ ആയിരിക്കെ തെക്കൻ വികസ്വര രാജ്യങ്ങളിൽ ഇത് 85ടൺ ആണ്. അതായത്, എണ്ണത്തിൽ കുറവായ ഈ സമ്പന്ന രാഷ്ട്രങ്ങളാണ് കാലാവസ്ഥാ വ്യതിയാനത്തിന് ഉത്തരവാദികൾ.

സി.എ.എ, എൻ.ആർ.സി പോലുള്ള പുതിയ കുടിയേറ്റ നിയമങ്ങൾ വറചട്ടിയിൽ നിന്ന് എരിതീയിലേക്ക് അഭയാർത്ഥി പ്രശ്‌നത്തെ കൊണ്ടുചെന്നെത്തിച്ചേക്കാം.

ലോക ജനസംഖ്യയുടെ നാലിലൊന്ന് നിവസിക്കുന്ന തെക്കൻ ഏഷ്യ ഇന്നോളം 3.5% മാത്രമാണ് അന്തരീക്ഷത്തിലേക്ക് കാർബൺ വിസർജിച്ചത്. എന്നാൽ, ഇതിലെ കടുത്ത വിരോധാഭാസം നോക്കുക: ഹരിത ഗൃഹവാതകോദ്വമനം മൂലമുണ്ടാവുന്ന കാലാവസ്ഥാ ദുരന്തം ഏറ്റവും തീക്ഷ്ണമായി ഏറ്റുവാങ്ങാൻ പോവുന്നതും ഈ പ്രദേശങ്ങളാണ്.

അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, മാലദ്വീപ്, ഭൂട്ടാൻ, നേപ്പാൾ, ശ്രീലങ്ക, ഇന്ത്യ എന്നിവയാണ് ഏറ്റവും കടുത്ത ഭീഷണികൾ പെട്ടെന്നു തന്നെ നേരിടേണ്ടി വരിക. ഇതിൽത്തന്നെ ഹരിത ഗൃഹവാതക വിസർജനത്തിന്റെ കേവലം 0.36 % മാത്രം പങ്കുള്ള ബംഗ്ലാദേശ് കാലാവസ്ഥാ വ്യതിയാന പ്രത്യാഘാതം ഏറ്റവും കൂടുതൽ അഭിമുഖീകരിക്കേണ്ടിവരുന്ന രാജ്യങ്ങളിൽ ഏഴാം സ്ഥാനത്ത് നില്ക്കുന്നു (ഇതിനു മുന്നിൽ ദ്വീപുകളോ വളരെ ചെറിയ രാജ്യങ്ങളോ ആണ്).

ബംഗ്ലാദേശിൽ നിന്നുമുള്ള അഭയാർത്ഥികൾ സ്വാഭാവികമായും കിഴക്കൻ ഇന്ത്യയിലെ സുന്ദർബൻ പ്രദേശത്തു നിന്നുമുള്ളവരോടൊപ്പം പടിഞ്ഞാറോട്ട് നീങ്ങി കാലാവസ്ഥാ സമ്മർദ്ദത്താൽ ഞെരിയുന്ന ഇന്ത്യയിൽ വൻ കുടിയേറ്റ പ്രശ്‌നങ്ങൾ കൂടി സൃഷ്ടിക്കാനിടയുണ്ട്. സി.എ.എ, എൻ.ആർ.സി പോലുള്ള പുതിയ കുടിയേറ്റ നിയമങ്ങൾ വറചട്ടിയിൽ നിന്ന് എരിതീയിലേക്ക് അഭയാർത്ഥി പ്രശ്‌നത്തെ കൊണ്ടുചെന്നെത്തിച്ചേക്കാം. വരാനുള്ള കുടിയേറ്റങ്ങളെ തടയാനുള്ള നിയമങ്ങളല്ല കാലാവസ്ഥാ വ്യതിയാനത്തിന് കടിഞ്ഞാണിടുന്ന നിയമങ്ങളും പ്രായോഗിക ഇടപെടലുകളുമാണ് ഇവിടെ അടിയന്തിരമായി വേണ്ടത്.

കണ്ണടച്ചിരുട്ടാക്കുന്നവർ

കാലാവസ്ഥാ വിഷയത്തിൽ ക്യോട്ടോ പ്രോട്ടോക്കോൾ തൊട്ട് ലോകരാഷ്ട്രങ്ങൾ എത്തിച്ചേർന്ന ഒത്തുതീർപ്പു കരാറുകളുടെ തുടർച്ചയായ 2015ലെ പാരിസ് ഉടമ്പടിയിൽ വ്യവസായ വിപ്ലവപൂർവ നിലയെ അപേക്ഷിച്ച് ഒന്നര മുതൽ രണ്ടു വരെ ഡിഗ്രി പരിധിക്കകത്ത് താപവർദ്ധന ഒതുക്കണമെന്ന ധാരണ ഉരുത്തിരിഞ്ഞു വന്നു. വ്യത്യസ്ത രാജ്യങ്ങൾ കാർബൺ വിസർജനം കുറയ്ക്കാനും വനവത്കരണത്തിലൂടെ പരിഹരിക്കാനുമുള്ള ചില പരിധികൾ സ്വയം ഏറ്റെടുക്കുകയുമുണ്ടായി.

നിലവിലുള്ള വ്യവസ്ഥ അതേപടി തുടരുന്നതിനും എണ്ണ-സമ്പദ്ക്രമം നിർവിഘ്‌നം മുന്നോട്ട് ചലിപ്പിക്കുന്നതിനും സാമ്പത്തിക ലാഭത്തിൽ മാത്രം അധിഷ്ഠിതവും അസമത്വം നിറഞ്ഞതും നീതിരഹിതവുമായ മുതലാളിത്തലോകക്രമം നിലനിർത്തുന്നതിനുമാണ് ഭരണാധികാരികൾ മുൻഗണന നൽകുന്നത്.

എന്നാൽ അമേരിക്കയുൾപ്പെടെയുള്ള വൻകിട വികസിത മുതലാളിത്ത രാജ്യങ്ങൾ ഈ വ്യവസ്ഥകൾ പാലിച്ചില്ല. ഇവരൊക്കെ ഏറ്റെടുത്ത അളവിൽ വിസർജനം കുറച്ചാൽപ്പോലും നിലവിലുള്ള അതേതോതിൽ തുടർന്നാൽ 2100 ആവുമ്പോഴേക്ക് മൂന്നുമുതൽ നാലുവരെ ഡിഗ്രി ഊഷ്മാവ് ഉയരുമെന്ന് ശാസ്ത്രജ്ഞന്മാർ താക്കീത് നൽകുന്നു. മനുഷ്യരാശിയുടെയും ആവാസവ്യവസ്ഥകളുടെയും നിലനില്പ് തന്നെ ഇതോടെ സംശയാസ്പദമായിത്തീരുകയാണ്.

എന്നിട്ട് പോലും, ലോക നേതാക്കൾ അവരുടെ കുറ്റകരമായ അലംഭാവം തുടരുക തന്നെയാണ്! പെന്റ്റഗണിലെ ഗവേഷകർ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലങ്ങളെ മുൻകൂട്ടി പ്രതിരോധിക്കാനുള്ള ശ്രമങ്ങളിലേർപ്പെടുമ്പോഴും, പ്രസിഡണ്ട് ഡൊണാൾഡ് ട്രമ്പ് കാലാവസ്ഥാ വ്യതിയാനമെന്നത് ചിലർ പ്രചരിപ്പിക്കുന്ന കെട്ടുകഥയാണെന്ന് മനഃപൂർവം കള്ളം പറയുകയും അതിനെ നിഷേധിക്കുകയും ചെയ്യുന്നു. കാർബൺ ആഗിരണം ചെയ്യുന്ന ആമസോൺ വനങ്ങൾ കത്തിച്ചു നശിപ്പിക്കാൻ ബ്രസീലിലെ പ്രധാനമന്ത്രി ജെയർ ബോൾസനാരോ ഒത്താശ ചെയ്യുന്നു.

undefined

ലോകത്ത് തങ്ങൾക്കൊരു ഭാവിയില്ലെന്ന് തിരിച്ചറിയുന്ന പുതിയ തലമുറ കുപിതരായി ഭരണാധികാരികളോട് ചോദിക്കുന്നത് ഇതൊക്കെയായിട്ടും വരാൻ പോകുന്ന മഹാവിപത്ത് തടയാൻ എന്തുകൊണ്ട് അവർ ഒന്നും ചെയ്യുന്നില്ല എന്നാണ്. സ്വീഡനിലെ ഗ്രീറ്റാ തൻബർഗ് പറയുന്നു:
'എന്തുകൊണ്ട് നമ്മൾ CO2 വിസർജനം കുറയ്ക്കുന്നില്ല? എന്തുകൊണ്ട് ഇപ്പോഴും അതുകൂട്ടുന്നു? അറിഞ്ഞു കൊണ്ട് തന്നെ ഭീമമായ ഒരു ജീവജാതിവിനാശത്തിന് നമ്മൾ കാരണക്കാരാവുകയാണോ? അത്രയും നിഷ്ഠൂരരാണോ നമ്മൾ? തീർച്ചയായും അല്ല. മഹാഭൂരിപക്ഷം ആളുകൾക്ക് അവരുടെ ദൈനംദിന ജീവിതത്തിന്റെ യഥാർത്ഥ ഫലങ്ങളെന്തെന്ന് ഒരു ധാരണയുമില്ലാത്തതുകൊണ്ടാണ് അവർ ചെയ്തു പോരുന്ന കാര്യങ്ങൾ അതേപടി തുടരുന്നത്. എത്രയും പെട്ടെന്ന് ഇതൊക്കെ മാറ്റണമെന്ന് അവർക്കറിയില്ല. നമുക്കറിയാമെന്ന് നമ്മളൊക്കെ വിചാരിക്കുന്നു; എല്ലാവർക്കും അറിയാമെന്ന് നമ്മൾ വിചാരിക്കുന്നു. പക്ഷെ വാസ്തവത്തിൽ അത്ര വലിയ ഒരു പ്രതിസന്ധിയുണ്ടെങ്കിൽ, അത് നമ്മുടെ അന്തരീക്ഷ മലിനീകരണംകൊണ്ടാണെങ്കിൽ, അത് പരിഹരിക്കാൻ ആരെങ്കിലും എന്തെങ്കിലും ചെയ്യുമെന്ന സൂചനകളുണ്ടാവേണ്ടതാണ്. പക്ഷെ, ഇല്ല. ആരും അതെപ്പറ്റി ഒന്നും പറയുന്നില്ല. അടിയന്തര യോഗങ്ങളോ തലക്കെട്ടുകളോ ബ്രെയ്ക്കിങ് ന്യൂസുകളോ ഇല്ല. നമ്മളൊരു പ്രതിസന്ധിയിലാണെന്ന ഭാവം ആർക്കുമില്ല. കാലാവസ്ഥാ ശാസ്ത്രജ്ഞന്മാരും ഹരിത രാഷ്ട്രീയക്കാരും ഇറച്ചിയും പാലും കഴിച്ച് ലോകമെങ്ങും പറന്ന് നടക്കുന്നു....... 2078ൽ ഞാനുണ്ടെങ്കിൽ എനിക്ക് 75 വയസ്സാവും. എന്റെ മക്കളും കൊച്ചുമക്കളും അന്ന് എന്നോട് ചോദിക്കും: സമയമുണ്ടായിട്ടും നിങ്ങളാരും അന്നെന്തു കൊണ്ട് ഒന്നും ചെയ്തില്ല ' എന്ന്.

കാലാവസ്ഥാ പ്രതിസന്ധിയെ അഭിസംബോധന ചെയ്യുന്നതിൽ പരാജയപ്പെട്ടതിന് നമ്മുടെ നേതാക്കളെ, രാഷ്ട്രീയക്കാരെ, എഴുത്തുകാരെ, കലാപ്രവർത്തകരെ ഭാവി തലമുറ കുറ്റപ്പെടുത്തുമെന്നതിൽ സംശയമേ ഇല്ല.

നിലവിലുള്ള വ്യവസ്ഥ അതേപടി തുടരുന്നതിനും എണ്ണ-സമ്പദ്ക്രമം നിർവിഘ്‌നം മുന്നോട്ട് ചലിപ്പിക്കുന്നതിനും സാമ്പത്തിക ലാഭത്തിൽ മാത്രം അധിഷ്ഠിതവും അസമത്വം നിറഞ്ഞതും നീതിരഹിതവുമായ മുതലാളിത്തലോകക്രമം നിലനിർത്തുന്നതിനുമാണ് ഭരണാധികാരികൾ മുൻഗണന നൽകുന്നത്. അവർക്ക് ജീവജാതികളുടെയും ആവാസവ്യവസ്ഥകളുടെയും തിരോധാനമോ ആഗോള വിനാശമോ സാധാരണ മനുഷ്യർക്ക് നേരിടുന്ന ദുരിതങ്ങളും കൂട്ടമരണങ്ങളുമോ ഒന്നും പ്രശ്‌നമല്ല. അവർക്ക്, കമ്പോളത്തെ ചലിപ്പിക്കാൻ സമ്പന്നരായ ഒരു ന്യൂനപക്ഷം മതിയാവും.

മോചനം പരിസ്ഥിതി രാഷ്ട്രീയത്തിലൂടെ

കാലാവസ്ഥാ പ്രതിസന്ധി അനന്യവും താരതമ്യങ്ങളില്ലാത്തതുമാണ്. അത് ഒരേസമയം പ്രാദേശികവും ആഗോളവുമായ മാനങ്ങളുള്ളതാണ്. അതിന്റെ വ്യാപ്തിയും പ്രത്യാഘാതങ്ങളും എല്ലാ രാജ്യാതിർത്തികളെയും അസംബന്ധമാക്കുന്നു. എന്നാൽ സമ്പത്തും അധികാരവും നീതിയുക്തമായി പുനർവിന്യസിക്കാതെ പ്രശ്‌നത്തിന് ശാശ്വത പരിഹാരമില്ല. ഇത് ഒരേ സമയം വലിയ വെല്ലുവിളിയും ശുഭപ്രതീക്ഷയ്ക്കുള്ള സാധ്യതയുമാണ്.

തുല്യനീതി ഉറപ്പുവരുത്താതെ വിഭവ പരിരക്ഷണം സാധ്യമല്ല; പ്രശ്‌നം ആത്യന്തികമായി തുല്യനീതിയുടേതാണ്.

ആത്മഹത്യ വേണ്ടെന്നു ലോകം തീരുമാനിച്ചാൽ, പുതിയ ഒരു ലോകക്രമത്തിലേക്കു മാറാൻ മനുഷ്യർ നിർബന്ധിതരാകും എന്നതാണ് പ്രതീക്ഷയ്ക്കുള്ള സാധ്യത. എന്നാൽ നമുക്ക് ഏറെ സമയമില്ല. വികസിത ലോകം 80 ശതമാനവും അമേരിക്ക, കാനഡ, ഓസ്‌ത്രേലിയ ഇവ 90 ശതമാനവും CO2 വിസർജനം കുറയ്ക്കണം. അവരുടെ ജീവിത ശൈലി മാറ്റാൻ അവർ തയ്യാറല്ല എന്ന് അവർ പ്രഖ്യാപിക്കുന്നു. കാർബൺ വിസർജനത്തിൽ കുറവ് വരുത്താതെ കടന്നു പോകുന്ന ഓരോ വർഷവും പ്രതിസന്ധിയെ കൂടുതൽ സുനിശ്ചിതമാക്കുകയാണ്.

പ്രതിഷേധ പ്രസ്ഥാനങ്ങൾ കൂടുതൽ ശക്തമാവണം. ഭൂമിയുടെയും വിഭവങ്ങളുടെയും പരിമിതികൾ തിരിച്ചറിയുന്ന നയങ്ങൾ ഉണ്ടാവാതെ സമീപനങ്ങളിൽ കാതലായ മാറ്റമുണ്ടാവില്ല.

മനുഷ്യരാശിയിൽ മഹാഭൂരിപക്ഷത്തിനും ഈ വിഭവ ധൂർത്തിലോ മലിനീകരണത്തിലോ പങ്കില്ല എന്നത് വസ്തുതയാണ്. കാലാവസ്ഥാ ദുരന്തത്തിന്റെ ഉത്തരവാദിത്തം മൊത്തം മനുഷ്യരുടെ ചുമലിലിടുന്നതിൽ അർത്ഥമില്ല. വിരലിലെണ്ണാവുന്ന രാജ്യങ്ങളിലെയും മറ്റിടങ്ങളിലെയും സമ്പന്ന ന്യൂനപക്ഷത്തിന്റെ ധൂർത്തമായ ജീവിതവും ലാഭമോഹവുമാണ് സ്ഥിതിഗതികൾ ഇത്ര രൂക്ഷമാക്കിയത്. അതിനാൽ സാമ്പത്തികമായ തുല്യനീതി സാമൂഹിക-പാരിസ്ഥിതിക നീതിയുടെ മുന്നുപാധിയായി മാറുകയാണ്. തുല്യനീതി ഉറപ്പുവരുത്താതെ വിഭവ പരിരക്ഷണം സാധ്യമല്ല; പ്രശ്‌നം ആത്യന്തികമായി തുല്യനീതിയുടേതാണ്. ലോകം നിപതിച്ച ആഴമേറിയ പാരിസ്ഥിതിക ദുരന്തത്തിൽ നിന്നുള്ള മോചനം സമത്വാധിഷ്ഠിതമായ പരിസ്ഥിതിരാഷ്ട്രീയത്തിലൂടെ ആയിരിക്കും.

'മന്ത്ലി റിവ്യൂ' വിന്റെ പത്രാധിപരിലൊരാളായ ഫ്രെഡ് മാഗ് ഡോഫ് ചൂണ്ടിക്കാണിക്കുന്ന വസ്തുത ഇവിടെ വളരെ പ്രസക്തമാണ്-
'മുതലാളിത്തത്തെ പടിപടിയായി നിർമാർജനം ചെയ്യാനുള്ള ദീർഘകാല വിപ്ലവം സ്വയമേവ അഭിലഷണീയമായ സാമൂഹിക-പാരിസ്ഥിതിക പരിവർത്തനമുണ്ടാക്കിക്കൊള്ളണമെന്നില്ല. പാരിസ്ഥിതികമായി ഭദ്രവും സാമൂഹികമായി നീതിയുക്തവുമായ സമൂഹം വേണമെങ്കിൽ ഭൂരിഭാഗം ജനങ്ങൾ അതിനായി പോരാടണം. എന്നാൽ, ഇത് നമ്മുടെ ചിന്താരീതിയിലും പെരുമാറ്റത്തിലും പരസ്പര ബന്ധത്തിലും പരിസ്ഥിതിയുമായുള്ള ബന്ധത്തിലും അതായത്, ഏതാണ്ട് എല്ലാ മാനുഷിക പ്രവർത്തനങ്ങളിലും ബൃഹത്തായ മാറ്റം ആവശ്യമാക്കുന്ന പ്രക്രിയയാണ്....... ഈ സമൂഹത്തിൽ മിക്ക ആളുകൾക്കും ഈ ലോകത്തിന്റെ അന്ത്യമാണ് മുതലാളിത്തത്തിന്റെ അന്ത്യത്തേക്കാൾ എളുപ്പത്തിൽ വിഭാവനം ചെയ്യാൻ കഴിയുക. ഈ ചിന്താരീതി നാം മാറ്റുന്നില്ലെങ്കിൽ കിരാതത്വമാണ് നമ്മുടെ കൊച്ചു മക്കളെയും അവരുടെ മക്കളെയും കാത്തിരിക്കുന്നത്''.

Comments