അതിതീവ്ര കാലാവസ്ഥാ മാറ്റങ്ങൾ ഏതു രാജ്യത്തെ സംബന്ധിച്ചും വലിയ ആഘാതമുണ്ടാക്കുന്ന സാഹചര്യമാണ് ഇന്നുള്ളത്. രാഷ്ട്രീയ- വികസന അജണ്ടകളിൽനിന്ന് മാറ്റിനിർത്താൻ പറ്റാത്ത തരത്തിൽ, ഈ പ്രശ്‌നം വളരെ വിസിബിളായ ഒരു സന്ദർഭത്തിലാണ്, കാലാവസ്ഥാ ഉച്ചകോടിയിലടക്കം ചർച്ചകളുടെ പരമ്പരയുണ്ടാകുന്നത്. എന്നാൽ, പ്രധാനപ്പെട്ട പല പോയിന്റുകളെയും അവഗണിക്കാനോ മാറ്റിനിർത്താനോ ആണ് ഈ ചർച്ചകൾ ശ്രമിക്കുന്നത്. വികസനം, വളർച്ച എന്നിവയുമായി ബന്ധപ്പെട്ട അടിസ്ഥാനപരമായ ചോദ്യങ്ങളെ കേന്ദ്ര വിഷയമാക്കാൻ ഈ ചർച്ചകൾ മടിക്കുന്നു. മാത്രമല്ല, 196 രാജ്യങ്ങളുടെ ഭരണപ്രതിനിധികളും 45,000ഓളം ആളുകളും പങ്കെടുക്കുന്ന, മനുഷ്യരുടെ ഭാവിയെ സംബന്ധിച്ച വിഷയം കൈകാര്യം ചെയ്യുന്ന സമ്മേളനമായിട്ടുപോലും കേരളത്തിലേതടക്കമുള്ള മാധ്യമങ്ങൾ അത് എങ്ങനെയാണ് റിപ്പോർട്ട് ചെയ്യുന്നത് എന്നു നോക്കുക. അതുകൊണ്ടുതന്നെ, ഈ ഉച്ചകോടിയുടെ പ്രഖ്യാപനങ്ങൾക്ക് ജനങ്ങളെ എത്രത്തോളം സ്വാധീനിക്കാൻ കഴിയുമെന്നത് കാത്തിരുന്നുകാണേണ്ടതാണ്.