ചാലക്കുടി പുഴ / Photo: Wikimeida Commons

പ്രളയാനന്തര കേരളത്തിൽ ‘ബ്ലൂ സ്​പെയ്​സു‘കൾക്ക്​
​സംഭവിക്കുന്നത്​

2018ലെ പ്രളയത്തിനുശേഷം ജലസ്രോതസ്സുകൾക്കുണ്ടായ മാറ്റങ്ങൾ വിലയിരുത്തി കേരളം സ്വീകരിക്കേണ്ട നദീസംരക്ഷണ- പുനഃസ്ഥാപന പ്രവർത്തനങ്ങൾക്ക്​ ഒരു രൂപരേഖ അവതരിപ്പിക്കുകയാണ്​ ജലപരിസ്​ഥിതി ഗവേഷകനായ ലേഖകൻ

നുഷ്യ നാഗരികതയുടെ കളിത്തൊട്ടിലായ നദികൾ വികസനത്തെ പരിപോഷിപ്പിക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്. സുസ്ഥിര വികസനലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള "ജീവനുള്ള ലബോട്ടറികൾ' (Living Laboratories) ആയാണ് നദീതടങ്ങളെ പലപ്പോഴും കണക്കാക്കുന്നത്. സമ്പന്നമായ ജൈവവൈവിധ്യവും ആവാസവ്യവസഥയും ഉൾക്കൊള്ളുന്ന നദികൾ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ഉപജീവനമാർഗം കൂടിയാണ്. മിക്ക രാജ്യങ്ങളുടെയും കുടിവെള്ളത്തിന്റെയും സമ്പദ് വ്യവസ്ഥയുടെയും അടിസ്ഥാനമാണ് നദികൾ. തീരദേശ മത്സ്യസമ്പത്ത് പരിപോഷിപ്പിക്കാനും പ്രളയം, കൊടുങ്കാറ്റ്, വരൾച്ച, തുടങ്ങിയ പ്രകൃതിദുരന്തങ്ങളിൽ നിന്നുള്ള ആഘാതങ്ങൾ ചെറുക്കാനും നദികൾക്ക് സാധിക്കുന്നു.

നദികൾക്ക് ഇത്രയേറെ മൂല്യവും പ്രാധാന്യവും ഉണ്ടായിരുന്നിട്ടും, മനുഷ്യന്റെ പ്രവർത്തനങ്ങളാൽ ലോകമെമ്പാടുള്ള പല നദികളും തണ്ണീർത്തടങ്ങളും വ്യാപകമായി നശിപ്പിക്കപ്പെടുകയോ കുറയുകയോ ചെയ്തിട്ടുണ്ട്. സമീപ ദശകങ്ങളിൽ 13,000 ത്തിലധികം ശുദ്ധജല മത്സ്യ ഇനങ്ങളിൽ 20% ത്തിലേറെയും വംശനാശം സംഭവിക്കുകയോ ഭീഷണി നേരിടുകയോ ചെയ്തിട്ടുണ്ട്. വിഭവങ്ങളുടെ അമിതചൂഷണം, മലിനീകരണം, ആവാസവ്യവസ്ഥയുടെ ശിഥിലീകരണം, കാലാവസ്ഥാ വ്യതിയാനം എന്നിവ നദികളുടെയും തടാകങ്ങളുടെയും നിലനിൽപ്പിനെ സാരമായി ബാധിക്കുന്നു.

കേരളത്തിന് മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വളരെ വ്യതസ്തമായ ഭൂമിശാസ്ത്രമാണുള്ളത്. ശരാശരി വീതി കുറഞ്ഞതും കടലിലേയ്ക്ക് കരയുടെ ചായ് വുമുള്ള കേരളത്തിന്റെ ഭൂപ്രകൃതി ,ആസൂത്രിതമായ ഭൂവിനിയോഗമാണ് ആവശ്യപ്പെടുന്നത്.

വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ (ഡബ്ല്യൂ.ഡബ്ല്യൂ.എഫ് ) പ്രസിദ്ധീകരിച്ച "വാല്യൂയിങ് റിവേഴ്‌സ്' (Valuing Rivers) എന്ന റിപ്പോർട്ട് പ്രകാരം, വെറും ജലപ്രവാഹത്തിനുള്ള ചാലകങ്ങളായി മാത്രം നദികളെ കണക്കാക്കുന്നത് അവസാനിപ്പിക്കണമെന്ന് ശുപാർശ ചെയ്യുന്നു. മനുഷ്യർ അനുഭവിച്ചുകൊണ്ടിരിക്കുന്ന സവിശേഷമായ ആനുകൂല്യങ്ങൾ പലതും നഷ്ടപ്പെടുകയോ നശിപ്പിക്കപ്പെടുകയോ ചെയ്യുന്നതിനുമുമ്പ് ജനങ്ങളെ വീണ്ടും നദികളുമായി ബന്ധിപ്പിക്കണമെന്ന് ഓർമിപ്പിക്കുന്നതാണ് ജലത്തിന്റെ വളർന്നുകൊണ്ടിരിക്കുന്ന സാമ്പത്തിക മൂല്യം. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിരവികസന ലക്ഷ്യങ്ങളിലെ SDG6 ൽ, നദികളുൾപ്പെടെ ജലവുമായി ബന്ധപ്പെട്ട ആവാസവ്യവസ്ഥകളുടെ സംരക്ഷണവും പുനഃസ്ഥാപനവും, ജലത്തിന്റെ ഗുണനിലവാരമുറപ്പാക്കൽ, കാര്യക്ഷമമായ ഉപയോഗം എന്നിവയ്ക്കാണ് ഊന്നൽ നൽകുന്നത്. 2015-ലാണ് യു.എൻ. അംഗരാജ്യങ്ങൾ 2030-ലേക്കുള്ള സുസ്ഥിര വികസന പദ്ധതികൾ ആവിഷ്‌കരിച്ചത്. യു.എന്നിന്റെ മറ്റ് സുസ്ഥിര വികസനലക്ഷ്യങ്ങളിലും നദികൾക്ക് പ്രത്യേക പ്രാധാന്യമുണ്ട്. അവ ഇവയാണ്​:

• ഗ്രാമപ്രദേശങ്ങളിലെ ആളുകളുടെ ഉപജീവനമാർഗത്തെ പിന്തുണയ്ക്കുന്നതിലൂടെ ദാരിദ്യ നിർമാർജനം.
• സുസ്ഥിരമായ ഭക്ഷ്യോൽപാദനം കാർഷിക വനവത്കരണം, മണ്ണൊലിപ്പ് എന്നിവയിലൂടെ പട്ടിണി ഇല്ലാതാക്കൽ.
• സ്വഭാവിക ശുദ്ധീകരണ പ്രക്രിയയിലൂടെയും ജൈവ പരിഹാരത്തിലൂടെയും ശുദ്ധജലവും ശുചിത്വവും ഉറപ്പുവരുത്തൽ.
• സമ്പന്നമായ ജൈവ വസ്തുക്കളും ജലവൈദ്യുത ഊർജ ഉൽപാദനവും ഉപയോഗപ്പെടുത്തി ശുദ്ധമായ ഊർജം പ്രദാനം ചെയ്യുക.
• സാംസ്‌കാരിക പൈതൃകങ്ങൾ സംരക്ഷിച്ച് കൊണ്ട് സുസ്ഥിര നഗരങ്ങളും കമ്മ്യുണിറ്റികളും സൃഷ്ടിക്കുക
• വനവൽകരണത്തിലൂടെയും ദൗമസംരക്ഷണത്തിലൂടെയും കാലാവസ്ഥാ വ്യതിയാനത്തെ നിയന്ത്രിക്കൽ
• ജലവിഭവങ്ങൾ സംരക്ഷിക്കുക.

യു.എൻ. പൊതുസഭ 2021- 2030 വരെ പരിസ്ഥിതി ആവാസവ്യവസ്ഥികളെ പുനഃസ്ഥാപിക്കുന്നതിനുള്ള ദശകമായി പ്രഖ്യാപിച്ച സാഹചര്യത്തിൽ, മനുഷ്യ ഇടപെടലുകളാൽ ക്ഷയിച്ച നദികളുടെ പുനഃസ്ഥാപനം പ്രസക്തമാണ്.

പെരിയാർ / Photo: Wikimedia Commons

കേരളം - നദികളുടെ നാട്

പശ്ചിമഘട്ടത്തിനും അറബിക്കടലിനും ഇടയിലുള്ള ഭൂപ്രദേശമെന്ന നിലയിൽ കേരളത്തിന് മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വളരെ വ്യതസ്തമായ ഭൂമിശാസ്ത്രമാണുള്ളത്. ശരാശരി വീതി കുറഞ്ഞതും കടലിലേയ്ക്ക് കരയുടെ ചായ് വുമുള്ള കേരളത്തിന്റെ ഭൂപ്രകൃതി ,ആസൂത്രിതമായ ഭൂവിനിയോഗമാണ് ആവശ്യപ്പെടുന്നത്. പ്രത്യേകിച്ച് കേരളത്തിലെ 44 നദീതടങ്ങളിൽ ഭൂമിശാസ്ത്രത്തിന്റെ അന്തർലീനമായ സ്വഭാവം, കാലാവസ്ഥാ സാഹചര്യങ്ങൾ, പാരിസ്ഥിതിക സവിശേഷതകൾ എന്നിവ കാരണം സംസ്ഥാനത്തിന്റെ പരിസ്ഥിതി വളരെ ദുർബലമാണ്. കൂടാതെ തീരപ്രദേശങ്ങളിലും പുഴയോര മേഖലകളിലും ജനസാന്ദ്രത കൂടുതലുമാണ്. കൃഷിയും ടൂറിസവും ഉൾപ്പെടെ സംസ്ഥാനത്തിന്റെ പ്രധാന സാമ്പത്തികസ്രോതസ്സുകൾ നദീതട ആവാസവ്യവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നു. കുടിവെള്ളം, ശുദ്ധവായു, ഭക്ഷണം തുടങ്ങിയ പ്രാഥമിക ആവശ്യങ്ങൾ നൽകുന്നതിനുപുറമെ, സംസ്ഥാനത്തിന്റെ ഊർജസ്രോതസ്സുകളുടെ സിംഹഭാഗവും ലഭിക്കുന്നത് നദികളിലെ ജലവൈദ്യുതപദ്ധതികളിൽ നിന്നാണ്. എന്നിട്ടും നദികളിലെ വിഭവങ്ങളുടെ ചൂഷണം, ആവാസവ്യവസ്ഥയുടെ തകർച്ച, മലിനീകരണം എന്നിവ തുടർന്നുകൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ 60 വർഷത്തിനുള്ളിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വേനൽമഴ ലഭിച്ചത് 2021-ലാണ്. 1933-ൽ ലഭിച്ച 915.2 മില്ലിമീറ്റർ മഴയാണ് സംസ്ഥാനത്ത് അതിനുമുൻപ് ലഭിച്ച ഏറ്റവും ഉയർന്ന വേനൽമഴ.

കാലാവസ്ഥാ വ്യതിയാനവും പ്രളയവും

ഉയർന്ന ജനസാന്ദ്രത, കാലാവസ്ഥാമാറ്റം, ഭൂമിശാസ്ത്രപരമായ സ്ഥാനം എന്നിവ സംസ്ഥാനത്ത് നിരവധി പ്രകൃതിദുരന്തങ്ങൾക്കും മനുഷ്യനിർമിത ദുരന്തങ്ങൾക്കും കാരണമാകുന്നുണ്ട്. വെള്ളപ്പൊക്കം, വരൾച്ച, ഇടിമിന്നൽ, ഉരുൾപൊട്ടൽ, ഭൂകമ്പം, തീരദേശശോഷണം തുടങ്ങിയ പ്രകൃതിക്ഷോഭങ്ങൾ കാലങ്ങളായി കേരളം നേരിട്ടുകൊണ്ടിരിക്കുന്നു. ഇന്റർ ഗവണ്മെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച് (IPCC) ന്റെ പുതിയ റിപ്പോർട്ട് പ്രകാരം, അറബിക്കടലിന്റെ താപനമാണ് സാമുദ്രനിരപ്പ് ഉയരുന്നതിലേക്കും അതുവഴി കനത്ത കാലാവസ്ഥാ വ്യതിയാനങ്ങളിലേക്കും നയിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന മൺസൂൺ പാറ്റേണുകളിലെ വ്യതിയാനങ്ങൾ, വെള്ളപ്പൊക്കം, ചുഴലിക്കാറ്റ് തുടങ്ങിയ മാറ്റങ്ങളും വർധിച്ചുവരുന്ന താപനിലയുടെ പ്രതിഫലനങ്ങളും കൂടുതൽ ശ്രദ്ധ ആവശ്യമുള്ള മേഖലകളാണ്. ഇത് വികസനത്തെയും കാര്യമായി സ്വാധീനിക്കുന്നുണ്ട്. ജൈവ വൈവിധ്യത്തിന്റെ വിതരണത്തെയും സംസ്ഥാനത്തിന്റെ ഉപജീവനമാർഗത്തെയും ഭാവിയിലെ സാമ്പത്തിക സുസ്ഥിരതയെയും വരെ ഇത് സാരമായി ബാധിച്ചേക്കാം. മൺസൂൺ കാലത്തെ മഴയുടെ വ്യതിചലനങ്ങളും വർധിച്ച മഴയുടെ ലഭ്യതയും നിലവിലുള്ള വാട്ടർ മാനേജ്‌മെന്റ് ഇൻഫ്രാസട്രക്ചറുകളെ ബാധിക്കുകയും പ്രദേശത്തെ കാർഷികമേഖലയെ തകിടം മറിക്കുകയും ചെയ്യുന്നു. മഴയുടെ കുറവ് ജലസംഭരണത്തെ ബാധിക്കുമ്പോൾ, തീവ്രതയേറിയ മഴ കൊടുങ്കാറ്റിനും കൃഷി നാശത്തിനും കാരണമാകുന്നു.

2018, 2019, 2021 വർഷങ്ങളിൽ സംസ്ഥാനം തുടർച്ചയായി മൂന്ന് വെള്ളപ്പൊക്കങ്ങളും ഉരുൾപൊട്ടലുകളും നേരിട്ടു. ജലവിതരണ സംവിധാനങ്ങളിലെ പ്രശ്‌നങ്ങളും തണ്ണീർത്തടങ്ങൾ വേണ്ടത്ര സംരക്ഷിക്കാതിരുന്നതുമാണ് കേരളത്തിലെ മിക്ക നഗരങ്ങളിലും വെള്ളപ്പൊക്കമുണ്ടാവാൻ കാരണമായത്. കഴിഞ്ഞ 60 വർഷത്തിനുള്ളിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വേനൽമഴ ലഭിച്ചത് 2021-ലാണ്. 1933-ൽ ലഭിച്ച 915.2 മില്ലിമീറ്റർ മഴയാണ് സംസ്ഥാനത്ത് അതിനുമുൻപ് ലഭിച്ച ഏറ്റവും ഉയർന്ന വേനൽമഴ. എന്നാൽ ഈ വർഷം ഇതുവരെ 750.9 മില്ലിമീറ്റർ മഴ ലഭിച്ചിട്ടുണ്ട്. അറബിക്കടലിൽ രൂപംകൊണ്ട ടൗട്ടേ ചുഴലിക്കാറ്റും ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ‘യാസു’മാണ് മഴ വർധനവിന് കാരണമായത്. പ്രളയത്തിനും കനത്ത നാശനഷ്ടങ്ങൾക്കും കാരണമായ 2018 ആഗസ്റ്റിൽ പെയ്ത മഴ, കഴിഞ്ഞ ഒമ്പതു പതിറ്റാണ്ടിനിടയിൽ കേരളത്തിൽ പെയ്ത ഏറ്റവും കനത്ത മഴയായാണ് രേഖപ്പെടുത്തുന്നത്.

ജലവിതരണ സംവിധാനങ്ങളിലെ പ്രശ്‌നങ്ങളും തണ്ണീർത്തടങ്ങൾ വേണ്ടത്ര സംരക്ഷിക്കാതിരുന്നതുമാണ് കേരളത്തിലെ മിക്ക നഗരങ്ങളിലും വെള്ളപ്പൊക്കമുണ്ടാവാൻ കാരണമായത് / Photo: Wikimedia Commons

കുറച്ച് വർഷങ്ങളായി കേരളത്തിലുണ്ടാകുന്ന അതിശക്തമായ മഴ കാലാവസ്ഥാമാറ്റത്തിന്റെ നേരിട്ടുള്ള സൂചനയാണ്. അതിന്റെ കാരണങ്ങളും ഉചിതമായ പരിഹാരങ്ങളും പരിശോധിക്കാൻ കേരള സംസ്ഥാന ആസൂത്രണ ബോർഡ് ഒരു വിദഗ്ധസമിതിയെ നിയോഗിക്കുകയുണ്ടായി. ഇത്തരം പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുന്നതിനുമുമ്പുതന്നെ കൃത്യമായ പ്രവചനത്തിനുള്ള കഴിവും സാധ്യതയും വർധിപ്പിക്കേണ്ടതിന്റെ ആവശ്യകതയാണ് ഈ സമിതി പ്രധാനമായും ശുപാർശ ചെയ്തത്. അത്തരം സാഹചര്യങ്ങളിൽ വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും സാധ്യതയുള്ള പ്രദേശങ്ങൾ കണ്ടെത്തുന്നതിനുള്ള സൂചകങ്ങളും രീതികളും അവലോകനം ചെയ്യുക, അപകടങ്ങളുടെ അനന്തരഫലങ്ങൾ കുറയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുക, ഇതിനെക്കുറിച്ച് വ്യക്തമായി പഠിക്കുക തുടങ്ങിയവയാണ് സമിതി പ്രധാനമായും നിർദേശിച്ചത്.

നദികളുടെ പുനഃസ്ഥാപനവും വീണ്ടെടുപ്പും

പ്രാദേശിക കാലാവസ്ഥാ സാഹചര്യങ്ങളും മേഘവിസ്‌ഫോടനങ്ങളും കേരളത്തിൽ അടുത്തിടെ പെയ്ത കനത്ത മഴയ്ക്ക് കാരണമായിട്ടുണ്ട്. കേരളത്തിൽ മഴക്കാലത്ത് കൂടുതൽ നാശനഷ്ടങ്ങൾ സംഭവിക്കുന്നത് പ്രധാനമായും പ്രളയസാധ്യതയുള്ള സമതലങ്ങളിലോ, ഉരുൾപ്പൊട്ടലുണ്ടാകാനിടയുള്ള മലയോര പ്രദേശങ്ങളിലോ ആണ്. ഇവ ജനവാസകേന്ദ്രങ്ങളാണ് എന്നത് ദുരന്തങ്ങളുടെ വ്യാപ്തി വർധിപ്പിക്കുന്നു. ഈ പ്രദേശങ്ങളുടെ മികച്ച പരിപാലനത്തിനും പരിസ്ഥിതി സംരക്ഷണത്തിനും മുൻഗണന നൽകണ്ടതുണ്ട്. അതോടൊപ്പം പ്രളയബാധിത പ്രദേശങ്ങളുടെ പുനരുദ്ധാരണത്തിനും അടിയന്തിര നടപടികൾ സ്വീകരിക്കേണ്ടതുണ്ട്.

ഇനിയും ദുരന്തങ്ങളൊഴിവാക്കാൻ പരിസ്ഥിതി ദുർബല പ്രദേശങ്ങളും അപകടമേഖലകളും തിരിച്ചറിഞ്ഞ് കൃത്യമായ മാപ്പിങ് നടത്തേണ്ടതുണ്ട്. നദീജല സംരക്ഷണത്തിനും തീരദേശ പരിപാലനത്തിനും സർക്കാർ മുൻഗണന നൽകണം.

ഭൂഗർഭജലത്തിന്റെ തോത് വർധിപ്പിക്കാനും സ്വയം ശുദ്ധീകരണശേഷി വർധിപ്പിച്ച് ജലത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും അങ്ങനെ ജല ആവാസവ്യവസ്ഥകൾ നിലനിർത്താനും "നദികളുടെ പുനഃസ്ഥാപനം' സഹായിക്കുന്നു. സമുദ്രനിരപ്പിനുതാഴെ സ്ഥിതിചെയ്യുന്ന കുട്ടനാട് പോലുള്ള പ്രദേശങ്ങളിലെ തണ്ണീർത്തടങ്ങളും കായലുകളും സംരക്ഷിക്കുന്നതും നദീ പുനഃസ്ഥാപനത്തിൽ ഉൾപ്പെടുന്നുണ്ട്. കൊടുങ്കാറ്റിനെ പ്രതിരോധിക്കുന്ന ഹരിതവലയമുൾപ്പെടെ (Greenbelt) പ്രകൃതിദത്തമായ ഭൂപ്രകൃതി സൃഷ്ടിക്കുന്നത് കാലാവസ്ഥാ വ്യതിയാന പ്രത്യാഘാതങ്ങളെ നേരിടാൻ സഹായിക്കും.
നെതർലൻഡ്‌സ്‌ മുന്നോട്ടുവെച്ചിട്ടുള്ള നദി സംരക്ഷണ ആശയമാണ് "റും ഫോർ റിവേഴ്‌സ്'. നദികളുടെ പുനഃസ്ഥാപനവും ജലനിരപ്പ് കുറച്ചുകൊണ്ട് നദികൾക്ക് കൂടുതൽ ഇടം (room) നൽകുന്നതിനാവശ്യമായ നടപടികളുമാണ് ഈ ആശയത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പ്രളയസാധ്യതകളുള്ള പ്രദേശങ്ങളിൽ കൂടുതൽ തണ്ണീർതടങ്ങൾ നിർമിക്കുക, വെള്ളപ്പൊക്ക സമതലങ്ങൾ താഴ്ത്തുക, വിനോദത്തിനായി നദികളെ ആകർഷമാക്കുക തുടങ്ങിയ വികസന നടപടികളും ലക്ഷ്യമിടുന്നു. ചുരുക്കത്തിൽ നദികളുടെ ചലനാത്മകത പുനഃസ്ഥാപിക്കാനാണ് ഈ രീതികൾ പ്രാപ്തമാക്കുന്നത്.

കാലവാവസ്ഥ വ്യതിയാനത്തോടൊപ്പം വരൾച്ചയെ നേരിടാനും കൃത്യമായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യേണ്ടതുണ്ട്. പരമ്പരാഗത ജലസംഭരണ സംവിധാനങ്ങളിലൂടെ തണ്ണീർത്തടങ്ങൾ സജീവമാക്കുക, നീർത്തടപരിപാലന പരിപാടികൾ നടപ്പാക്കുക, പോഷകനദികളെ പരസ്പരം ബന്ധിപ്പിക്കുക, പുഴയോര പ്രദേശങ്ങളിൽ കൃത്രിമ തണ്ണീർത്തടങ്ങൾ നിർമിക്കുക, മലനിരകളിൽ നിന്നുള്ള ജലത്തിന്റെ സ്വതന്ത്രമായ ഒഴുക്കിനെ തടയുന്ന തടസ്സങ്ങൾ നീക്കംചെയ്യുക തുടങ്ങിയ മാർഗങ്ങളിലൂടെ ഇത് സാധ്യമാകും. ഇതിനായി കേരളത്തിലെ നദികളുടെ ഇക്കോസിസ്റ്റം (പട്ടിക 1 കാണുക) നന്നായി മനസ്സിലാക്കേണ്ടതുണ്ട്. ആവാസവ്യവസ്ഥയിൽ സുസ്ഥിരത കൊണ്ടുവരുന്നതിന് നദികളുടെ പരിപാലനവും ക്രമമായ നിരീക്ഷണവും ഉൾപ്പെടുത്തേണ്ടതുണ്ട്. അക്കാദമിക്ക് സ്ഥാപനങ്ങൾ, സിവിൽ സൊസൈറ്റി ഗ്രൂപ്പുകൾ, പ്രാദേശിക ശാസ്ത്രജ്ഞർ എന്നിവരുടെ പങ്കാളിത്തത്തോടെ നിരീക്ഷണ പദ്ധതികൾ സംയോജിപ്പിക്കാവുന്നതാണ്.

പട്ടിക 1: നദികളുടെ പാരിസ്ഥിതിക സേവനങ്ങൾ

പടിഞ്ഞാറൻ മാതൃകകളെയാണ് നിലവിലുള്ള നദീസംരക്ഷണ പുനഃസ്ഥാപന പ്രവർത്തനങ്ങൾ പിന്തുടരുന്നത്. ഇതിന് നിരവധി പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. കേരളത്തിലെ നദികളുടെ പാരിസ്ഥിതിക, ആവാസവ്യവസ്ഥയെക്കുറിച്ചുള്ള അടിസ്ഥാന അറിവ് ശക്തിപ്പെടുത്തുന്നതിലൂടെ മാത്രമേ ഇത് മറികടക്കാൻ കഴിയൂ. വരട്ടാർ നദിയിലും മീനച്ചിൽ നദിയിലും സിവിൽ സൊസൈറ്റി സംഘടനകളും സർക്കാറും ചേർന്ന് ആരംഭിച്ച പുനഃസ്ഥാപന പ്രവർത്തനങ്ങൾ ജനപങ്കാളിത്തത്തോടെ ഇത് ഫലപ്രദമായി നടപ്പിലാക്കാൻ കഴിയുമെന്നതിന്റെ മികച്ച ഉദാഹരണമാണ്. ഇതിൽ മുൻഗണന നൽകേണ്ട ചില കാര്യങ്ങൾ ഇവയാണ്:
(i) ദീർഘകാലാടിസ്ഥാനത്തിൽ നദികൾക്കുണ്ടാകുന്ന ചലനാത്മകമായ മാറ്റങ്ങൾ മനസ്സിലാക്കുക.
(ii) അണക്കെട്ടുകളുള്ള നദീതടത്തിലെ ജലപ്രവാഹവും പ്രാദേശിക ജലവിന്യാസവും കണക്കാകുക.
(iii) മനുഷ്യ ഇടപെടലുകളും നദികളുടെ പാരിസ്ഥിതിക പ്രത്യേകതകളും അടിസ്ഥാനമാക്കി ഓരോ നദിയുടെയും ആവാസവ്യവസ്ഥയുടെ പരിപാലനത്തിനായുള്ള പദ്ധതികൾ രൂപീകരിക്കുക.
(iv) പ്രാദേശിക ജനങ്ങൾക്കുള്ള പരമ്പരാഗത അറിവിന്റെയും ധാരണയുടെയും അടിസ്ഥാനത്തിൽ നദികളിൽ നിന്നുള്ള ഉപജീവനമാർഗങ്ങളും ജൈവവൈവിധ്യവും സഹിതം പുനഃസ്ഥാപന പ്രവർത്തനങ്ങൾക്ക് മികച്ച അടിത്തറ സൃഷ്ടിക്കുക.
(v) പുഴകളിൽ നിന്നുള്ള മണലിനും കരിങ്കല്ലിനും പകരം മറ്റ് മാർഗങ്ങളോ നിർമാണ സാമഗ്രികളോ വികസിപ്പിക്കുക.
(vi) നിർദിഷ്ട സമയക്രമങ്ങളോടെ നദികൾക്കും തണ്ണീർത്തടങ്ങൾക്കും മുൻഗണന നൽകുന്ന പാരിസ്ഥിതിക പുനഃസ്ഥാപന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുക.
(vii) പൊതുജനങ്ങൾക്കും പദ്ധതി ആസൂത്രകർക്കും നയകർത്താക്കൾക്കും നദീസംരക്ഷണത്തെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിനായി ഐ.സി.ടി. ടൂളുകൾ (Information Communication Technology Tools) വികസിപ്പിക്കുക.
(viii) പങ്കാളിത്തരീതിയിലുള്ള പ്രകൃതി അധിഷ്ഠിത പുനഃസ്ഥാപന പ്രവർത്തനങ്ങൾ നടപ്പാക്കുക.

ആസൂത്രിത ഭൂവിനിയോഗ നയം

കൃഷിയിടങ്ങൾ, തണ്ണീർത്തടങ്ങൾ, വെള്ളപ്പൊക്ക പ്രദേശങ്ങൾ, വ്യാവസായിക ഇടങ്ങൾ, ജനവാസകേന്ദ്രങ്ങൾ, വനങ്ങൾ, തോട്ടങ്ങൾ തുടങ്ങിയവയുടെ വികസന പ്രവർത്തനങ്ങൾക്ക് ജ്യോഗ്രഫിക് ഇൻഫർമേഷൻ സിസ്റ്റം (GlS) പോലുള്ള സാങ്കേതികവിദ്യകൾ വഴി നടപ്പാക്കുന്ന സ്‌പേഷ്യൽ പ്ലാനിങ് ആവശ്യമാണ്. ഇനിയും ദുരന്തങ്ങളൊഴിവാക്കാൻ പരിസ്ഥിതി ദുർബല പ്രദേശങ്ങളും അപകടമേഖലകളും തിരിച്ചറിഞ്ഞ് കൃത്യമായ മാപ്പിങ് നടത്തേണ്ടതുണ്ട്. നദീജല സംരക്ഷണത്തിനും തീരദേശ പരിപാലനത്തിനും സർക്കാർ മുൻഗണന നൽകണം. കേരളത്തിലെ നദികൾക്ക് സ്വതന്ത്രമായി കടലിലേക്ക് ഒഴുകാനുള്ള മാർഗമുണ്ടാക്കണം, സംയോജിത നീർത്തട പരിപാലന പദ്ധതികളിലൂടെ നദി പുനരുദ്ധാരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.

ഫ്‌ളോറിഡയിലെ കിസ്സിമ്മീ നദി പുനഃസ്ഥാപനം / Photo: Wikimeida Commons

നീർത്തടങ്ങളെ അടിസ്ഥാനമാക്കിയുള്ള വികസനപദ്ധതികൾ പല രാജ്യങ്ങളും വികസനത്തിന്റെ കാതലായി സ്വീകരിച്ചിട്ടുണ്ട്. വികേന്ദ്രീകൃത ആസൂത്രണത്തിന്റെ പ്രാരംഭഘട്ടത്തിൽ സർക്കാർ ഇതിന് മുൻഗണന നൽകിയിരുന്നു. കേരളത്തിന്റെ പ്രകൃതിസൗഹൃദ വികേന്ദ്രീകൃത വികസന ആസൂത്രണം, നദി പുനഃസ്ഥാപന പദ്ധതികൾ സിവിൽ സൊസൈറ്റി ഗ്രൂപ്പുകളുമായും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, നാഷണൽ കേഡറ്റ് കോർപ്‌സ്, നാഷണൽ സർവീസ് സ്കീം, പരിസ്ഥിതി സംഘടനകൾ എന്നിവയുമായും കൂടിച്ചേർന്ന് പ്രവൃത്തിക്കാനുള്ള അവസരം നൽകിയിട്ടുണ്ട്. ഇതുവരെ നടപ്പാക്കിയ നദീസംരക്ഷണ പരിപാടികളെ സമഗ്രമായി വിലയിരുത്തുന്നത് പദ്ധതികളുടെ ഗുണ - ദോഷങ്ങൾ വേർതിരിച്ചറിയാൻ സഹായിക്കും.

ഇന്റഗ്രേറ്റഡ് റിവർ മാനേജ്‌മെന്റ് അതോറിറ്റി

നദികളും ജലസ്രോതസ്സുകളും കൈകാര്യം ചെയ്യുന്നതിനും വെള്ളപ്പൊക്കം പോലുള്ള പ്രകൃതിദുരന്തങ്ങളെ നേരിടാൻ ആവശ്യമായ പ്രതിരോധ മാർഗങ്ങൾക്കും വേണ്ടിയുള്ളതാണ് ഇന്റഗ്രേറ്റഡ് റിവർ മാനേജ്‌മെന്റ് അതോറിറ്റി മുന്നോട്ടുവെക്കുന്ന മാർഗനിർദേശങ്ങൾ. എല്ലാ വിഭാഗങ്ങളെയും ഉൾപ്പെടുത്തി സുസ്ഥിരമായി നദികളെ ഉപയോഗപ്പെടുത്തുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള മറ്റൊരു മാർഗം കൂടിയാണിത്. നദി പുനഃസ്ഥാപന നയങ്ങൾ, ദുരന്തനിവാരണ പദ്ധതികൾ, സംരക്ഷണ പദ്ധതികൾ, കാലാവസ്ഥാ വ്യതിയാനവുമായി പൊരുത്തപ്പെടുന്നതിനുള്ള മാർഗങ്ങൾ എന്നിവ സംയോജിപ്പിച്ച് കേരളത്തിലെ തണ്ണീർത്തടങ്ങളുടെയും നദികളുടെയും ജല- ജൈവ വൈവിധ്യ പരിപാലനത്തിന് വ്യക്തമായ ദിശ നൽകുന്നു. ഇത്തരത്തിലുള്ള മുൻകരുതൽ നടപടികളുടെ വിജയകരമായ മാതൃകകൾ ലോകത്തുണ്ട്.

നദികളിലെയും വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലെയും ഘടനാപരമായ മാറ്റങ്ങളും ഭൂവിനിയോഗം കൈകാര്യം ചെയ്യുന്ന രീതികളും ഇതിന് അടിസ്ഥാനമാക്കേണ്ടത് അനിവാര്യമാണ്. പ്രകൃതിദത്ത രീതിയിലുള്ള ജലസംരക്ഷണ മാതൃകകളും അടിസ്ഥാന സൗകര്യങ്ങളും ഉപയോഗിക്കുന്നത് ചെലവ് കുറഞ്ഞ ബദൽമാർഗമാണ്. പ്രകൃതി അധിഷ്ഠിത പരിഹാരങ്ങളുടെയും ആവാസവ്യവസ്ഥയെ അടിസ്ഥാനമാക്കിയുള്ള പുനഃസ്ഥാപനത്തിന്റെയും തത്വങ്ങൾ സംയോജിപ്പിച്ച് ഒരു ഇൻഫ്രാസ്ട്രക്ചർ സർക്കാറിന് നിർമിക്കാൻ കഴിയും. നദീസംരക്ഷണത്തിൽ വേരൂന്നിയൊരു സമീപനം വികസിപ്പിക്കാം. അതോടൊപ്പം നദികളുടെ പുനഃരുദ്ധാരണത്തിന്റെ നേട്ടങ്ങൾ തിരിച്ചറിയുകയും മുൻഗണന നൽകുകയും വേണം. സർക്കാരിന്റെ പാരിസ്ഥിതികനയങ്ങളിൽ ഇത്തരം ലക്ഷ്യങ്ങളും സമീപനവും ഉറപ്പാക്കണം. വർധിച്ചുവരുന്ന നഗരവൽകരണത്തോടൊപ്പം മനുഷ്യന്റെ ആരോഗ്യം പുനഃസ്ഥാപിക്കുന്നതിൽ "ബ്ലൂ സ്‌പേയ്‌സു' (Blue space)കളുടെ മൂല്യവും നാം തിരിച്ചറിയണം. ▮

(വിവർത്തനം: റിദ നാസർ, സൽവ കെ.പി.)


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


പ്രൊഫ. എ. ബിജു കുമാർ

കേരള സർവകലാശാലയിലെ അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് വിഭാഗം പ്രൊഫസറും മേധാവിയും. സർവകലാശാലയിലെ സയൻസ് ഫാക്കൽറ്റി ഡീൻ, റിസർച്ച് ഡയറക്ടർ, ശാസ്ത്രസാങ്കേതിക പരിസ്ഥിതി കമ്മിറ്റി സയന്റിഫിക് ഓഫീസർ, ബയോഡൈവേഴ്സിറ്റി ബോർഡ് മെമ്പർ സെക്രട്ടറി (ഇൻചാർജ്) എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ജലപരിസ്ഥിതി, ജൈവവൈവിധ്യം എന്നിവയാണ് ഗവേഷണ മേഖലകൾ. 30 വർഷത്തെ അധ്യാപന-ഗവേഷണ പരിചയം. ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (ഐ.യു.സി.എൻ.) സ്പീഷീസ് സർവൈവൽ കമ്മീഷൻ (എസ്.എസ്.സി.) അംഗം. സയൻസ് കമ്മ്യൂണിക്കേറ്ററും പരിസ്ഥിതി അധ്യാപകനും. ഇരുനൂറിധികം ഗവേഷണപ്രബന്ധങ്ങളും 25 പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 50-ലധികം പുതിയ സ്പീഷീസുകളെയും 8 പുതിയ ജനുസ്സുകളെയും പുതുതായി കണ്ടെത്തിയിട്ടുണ്ട്.

Comments