Photo: Flickr

സാമൂഹ്യ അസമത്വവും
കാലാവസ്ഥാ നീതിയും

ഇനിയും പരിസ്ഥിതി വിഷയങ്ങൾ സാമൂഹ്യനീതിയും തുല്യതയുമായി ബന്ധപ്പെട്ട വിഷയങ്ങളായി കണ്ടു തുടങ്ങി, അതിനെ ചെറുത്തുനിൽക്കാനുള്ള മുന്നേറ്റങ്ങൾ ആരംഭിച്ചില്ല ഏങ്കിൽ ഈ പ്രതിസന്ധി ചെറുത്തുനിൽക്കാനോ മറികടക്കാനോ കഴിയാതെ വന്നേക്കാം.

ൻത്രോപൊസീനും (Anthropocene), കാലാവസ്ഥാ വ്യതിയാനവും (Climate Change), ആഗോള താപനവും (Global Warming), സുസ്ഥിര വികസന (Sustainable Development) മാതൃകകളും കടന്നുവരാത്ത ചർച്ചകൾ ഈ കാലത്ത് കുറവാണ്. അന്താരാഷ്ട്ര (കുത്തക) കമ്പനികൾ തുടങ്ങി ദേശീയ- ആഗോള തലങ്ങളിലെ നയരൂപീകരണ വ്യവഹാരങ്ങളിലും, സാമൂഹ്യ- പാരിസ്ഥിതിക മുന്നേറ്റങ്ങളിലും ഈ ആശയങ്ങൾ നിറഞ്ഞുനിൽക്കുന്നത് യാദൃച്ഛികമല്ല. മറിച്ച് ഈ നൂറ്റാണ്ടിൽ നമ്മൾ നേരിടാൻ പോകുന്ന കാലാവസ്ഥാ പ്രതിസന്ധി (climate crises) വിളിച്ചോതുന്നതാണ്. ഗ്രീൻ- ഗ്രോത്ത് (Green growth, സുസ്ഥിര വികസനത്തിനുതകുന്നതായ സാമ്പത്തികവളർച്ച) മുതൽ ഡീ-ഗ്രോത്ത് (De-growth, വിഭവങ്ങളുടെ പരിമിതി കണക്കിലെടുത്ത് സാമ്പത്തികവളർച്ച എന്ന ആശയത്തിനെ വിമർശനാത്മകമായി സമീപിക്കുകയും, സാമ്പത്തിക ചുരുക്കം ആണ് മുന്നോട്ടുള്ള ലോകത്തെ നയിക്കേണ്ടതെന്നുമുള്ള വാദം) വരെ നീണ്ടുകിടക്കുന്ന സംവാദങ്ങൾ കാലാവസ്ഥാ പ്രതിസന്ധികളെ (Climate crises)/ ദുരന്തങ്ങളെ (disasters) ജനകീയ-അക്കാദമിക ചർച്ചകളിൽ സജീവമാക്കുന്നു എന്നതിൽ തർക്കമില്ല. എന്നാൽ ഈ ദുരന്തങ്ങൾ ഇപ്പോൾ നിലനില്ക്കുന്ന സാമൂഹ്യ-പാരിസ്ഥിതിക അസമത്വങ്ങളെ എത്തരത്തിൽ ബാധിക്കും എന്നതിനെക്കുറിച്ചുള്ള ചർച്ച കുറവാണ്.

വൃത്തിയുള്ളതും ആരോഗ്യമുള്ളതുമായ പരിസ്ഥിതി ലോകത്തുള്ള എല്ലാ മനുഷ്യരുടെയും അവകാശമാണ്​ എന്ന്​ യു.എൻ. ജനറൽ അസംബ്ലിയുടെ (28-7-2022) പ്രഖ്യാപനം കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിൽ സാമൂഹ്യനീതിയും മനുഷ്യാവകാശങ്ങളും പരിഗണിക്കേണ്ടതിന്റെ പ്രസക്തി വ്യക്തമാക്കുന്നു. കാലാവസ്ഥാനീതിയും (climate justice), വ്യതിയാനത്തെ ചെറുക്കാനുള്ള ലോക രാഷ്ട്രങ്ങളുടെ ഉത്തരവാദിത്വവും ഉറപ്പിക്കുന്ന ഈ പ്രഖ്യാപനം സ്വാഗതം ചെയ്ത് യു.എൻ. ജനറൽ സെക്രട്ടറി ഗുട്ടെറസ് പറഞ്ഞത്, ""ഭൂമിയുടെ ആരോഗ്യത്തെ ആശ്രയിച്ചു മാത്രമാണ് ലോകജനതയുടെ ക്ഷേമവും വരുംതലമുറകളുടെ നിലനിൽപ്പും.'' എന്നാണ്​.

പ്രകൃതിചൂഷണം മനുഷ്യഗണത്തിന്റെ തനത് സ്വഭാവമായി വിലയിരുത്തുന്നത് തെറ്റാണെന്ന് പാശ്ചാത്യശക്തികൾക്കു മുൻപെ തന്നെ വിഭവങ്ങൾ ധാരാളമായി ലഭിക്കുകയും അവയെ ചൂഷണം ചെയ്യാതെ തന്നെ ഉപയോഗിക്കുകയും ചെയ്ത ആദിമ സമൂഹങ്ങളെയും കൊളോണിയൽ രാജ്യങ്ങളെയും ഉദ്ധരിച്ച് അവർ പറഞ്ഞു വെക്കുന്നു. / Photo: Flickr

ഈ പശ്ചാത്തലത്തിൽ ആഗോള കാലാവസ്ഥാ വ്യതിയാനവും അനുബന്ധ പ്രതിസന്ധികളും ഉണ്ടാവാനുള്ള കാരണങ്ങളിലേക്കും, അവ എല്ലാ ജന വിഭാഗങ്ങളെയും രാജ്യങ്ങളെയും ഒരുപോലെ ആയിരിക്കില്ല ബാധിക്കുന്നത് എന്നും വിശദീകരിക്കാനുള്ള ശ്രമമാണ്​ ഇവിടെ നടത്തുന്നത്​.

ആൻത്രോപൊസീനിൽ പറയുന്ന "നമ്മൾ' ആരൊക്കെയാണ്

ഭൂമിയിൽ മനുഷ്യരുണ്ടായ കാലം മുതൽ പരിസ്ഥിതിയിൽ മാറ്റങ്ങൾ വരുത്തിയിരുന്നു എങ്കിലും മനുഷ്യ ഇടപെടലുകൾ അസാമാന്യമായി ത്വരിതപ്പെട്ടത് ഇരുപതാം നൂറ്റാണ്ടിലാണ്. Something New Under the Sun: An Environmental History of the Twentieth Century (2000) എന്ന പുസ്തകത്തിൽ അമേരിക്കൻ പാരിസ്ഥിതിക ചരിത്രകാരൻ ജെ.ആർ. മക്‌നിൽ (J.R. McNeill) പറയുന്നത്, ഇരുപതാം നൂറ്റാണ്ടിൽ ഭൂമിയുടെ വിവിധ മണ്ഡലങ്ങളിൽ (spheres) മനുഷ്യർ വരുത്തിയ മാറ്റങ്ങളുടെ വ്യാപ്തിയും (scale) തീക്ഷ്ണതും (intensity) അതിനുമുമ്പും ശേഷവുമുള്ള കാലങ്ങളുമായി താരതമ്യം ചെയ്യാൻ പോലും കഴിയാത്തത്ര വലുതാണ് എന്നാണ്. മഹത്തായ ത്വരണം (Great Acceleration) സംഭവിച്ച കൊല്ലവർഷമായി ഇരുപതാം നൂറ്റാണ്ട് അടയാളപ്പെടുമ്പോൾ, ഈ മാറ്റങ്ങളെ സൂചിപ്പിക്കാൻ ഭൂവിജ്ഞാനീയയുഗത്തെ (geological epoch) തന്നെ പുനർനാമം ചെയ്യണം എന്ന ആവശ്യം ഭൗമശാസ്ത്രം ഉൾപ്പെടുന്ന ശാസ്ത്രമേഖലകൾ മുന്നോട്ടുവെച്ചു.

തത്ഫലമായി മനുഷ്യരുടെ ശക്തമായ ഇടപെടലുകളെ (anthropogenic changes) പാരിസ്ഥിതിക-ശാസ്ത്രീയ ചരിത്രത്തിൽ അടയാളപ്പെടുത്തുന്നതിനു വേണ്ടിയാണ് ഈ യുഗത്തിനെ ആൻത്രോപൊസീൻ (Anthropocene) എന്ന് അനൗദ്യോഗികമായി വിളിച്ചുതുടങ്ങുന്നത്. യൂജീൻ സ്റ്റോർമർ എന്ന ജീവശാസ്ത്രജ്ഞനും പോൾ ക്രട്ട്‌സൺ എന്ന രസതന്ത്ര ശാസ്ത്രജ്ഞനും 2000 ത്തോടെ പ്രചാരത്തിൽ കൊണ്ടുവന്ന ഈ വാക്കിന്റെ ഉത്ഭവം ഗ്രീക്ക് വാക്കുകളായ ആൻത്രോപൊ (anthropo) അഥവാ മനുഷ്യൻ (ർ) (man), സീൻ (cene ) അഥവാ പുതിയത് (new) എന്നിവയിൽ നിന്നാണ്.
കേവലം ഒരു ജീവിക്കപ്പുറം പ്രകൃതിയിൽ മാറ്റം വരുത്താനുള്ള മനുഷ്യരുടെ ശക്തിയെ, കർതൃത്വത്തെ (geological agency) വിളിച്ചറിയിക്കുന്ന ഒരു വാക്കായി ആൻത്രോപൊസീൻ ഉയർന്നുവന്നതിനൊപ്പം, വിമർശനങ്ങളും സജീവമായി. കാലാവസ്ഥാ വ്യതിയാനവും, ആൻത്രോപൊസീനും ചർച്ചയാകുമ്പോൾ അതിൽ എല്ലാ മനുഷ്യരെയും ഒരുമിച്ച് പ്രതിസ്ഥാനത്ത് നിർത്തുന്നതിനെ Rethinking Environmental History: World-System History and Global Environmental Change (2007) എന്ന സമാഹാരം ചോദ്യം ചെയ്തു.

അധിനിവേശത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും ചരിത്രം മറന്നുകൊണ്ടുമാത്രമേ എല്ലാ മനുഷ്യരും ഈ പ്രതിസന്ധി സൃഷ്ഠിക്കാൻ ഒരു പോലെ കാരണക്കാരാണ് എന്നു വാദിക്കാൻ സാധിക്കുകയുള്ളൂ എന്ന്​ ഈ പുസ്തകത്തിലെ ലേഖനങ്ങൾ സമർഥിക്കുന്നു. ആവിയന്ത്രം കടന്നുവന്നതും, വ്യവസായവിപ്ലവവും, സാങ്കേതികമായ വളർച്ചയും, യന്ത്രവത്കരണവും പരിസ്ഥിതിയിൽ മനുഷ്യർക്ക് വരുത്തിത്തീരക്കാൻ കഴിയുന്ന മാറ്റങ്ങളുടെ തോത് പല മടങ്ങ് കൂട്ടി. കോളനികളിലെ വിഭവങ്ങൾ പിടുങ്ങി വളർന്നു വലുതാകുന്ന സാമ്രാജ്യങ്ങൾ ചരിത്രത്തിൽ നടന്ന വിനിമയങ്ങളിലെ പാരിസ്ഥിതിക അസമത്വത്തിന്റെ (Unequal ecological exchange) പ്രതീകമായി നിലകൊള്ളുന്നു. ഇമ്മാനുവൽ വാലർസ്റ്റീന്റെ (Immanuel Wallerstein) World-system theory ഉപയോഗിച്ച്​ അവതരിപ്പിക്കുന്ന ഈ വിമർശനത്തിൽ, വാണിജ്യവിനിമയത്തിൽ നിരന്തരമായി പാരിസ്ഥിതികനഷ്ടങ്ങൾ മാത്രം അനുഭവിക്കുന്ന കോളനികളെയും ഭീമമായ ലാഭം കൊയ്യുന്ന സാമ്രാജ്യത്വശക്തികളെയും തുറന്നുകാട്ടുന്നു. ഈ വിമർശനത്തിന് പിന്തുടർച്ചയായി ദീപേഷ് ചക്രബർത്തി (2009, 2018) ഇരുപതാം നൂറ്റാണ്ട് സാക്ഷ്യംവഹിച്ച സ്വാതന്ത്ര്യസമരങ്ങളെയും, സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങളെയും മുൻനിർത്തി മനുഷ്യരുടെ സ്വാതന്ത്ര്യവും (freedom) ആൻത്രോപൊസീൻ കാലവും മനുഷ്യനുമേൽ കൽപ്പിക്കുന്ന ഭൗമ കർതൃത്വത്തെ വിശകലനം ചെയ്യുന്നു.

ഇമ്മാനുവൽ വാലർസ്റ്റീൻ / Photo: Wikimedia Commons

മേൽപ്പറഞ്ഞ വിമർശനം ശക്തിപ്പെടുത്തുംവിധം ഈ നിരീക്ഷണവും മുന്നോട്ടുവെക്കുന്നത്, മനുഷ്യരെ ഒരു സാമാന്യ സങ്കൽപമായി മാത്രം കണ്ട്​ ഈ പ്രതിസന്ധിയുടെ ഉത്തരവാദിത്തം കൽപ്പിക്കുക വഴി റദ്ദുചെയ്യപ്പെടുന്നത് അടിമത്തത്തിന്റെയും, അധികാര-വിഭവ അസമത്വങ്ങളുടെയും, വ്യവസായ മുതലാളിത്തത്തിന്റെ ചരിത്രത്തെയും ആണ്. ആൻത്രോപൊസീൻ വ്യവഹാരത്തിൽ സങ്കൽപ്പിച്ചുപോരുന്ന സ്പിഷീസ് ചിന്ത അഥവാ മനുഷ്യഗണത്തിൽപെടുന്നതിനാൽ മാത്രം പ്രകൃതിക്കുമേൽ നടത്തുന്ന കടന്നുകയറ്റങ്ങളെ ആൽഫ് ഹോൺബോർഗും (Alf Honborg) അൻഡ്രിയ മാൽമും (Andreas Malm) കൃത്യമായ വിമർശനത്തിന് വിധേയമാകുന്നുണ്ട്.

വ്യവസ്ഥിതിയിലും, വിഭവ-അധികാര വിതരണത്തിലും യാതൊരു മാറ്റവും വരുത്താതെ നടത്തുന്ന ഏതൊരു ഇടപെടലും കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനോ, അതിനു ബദലായി ഒരു മാതൃക വികസിപ്പിക്കുന്നതിനോ ഉതകുന്നതാകില്ല.

പ്രകൃതിചൂഷണം മനുഷ്യഗണത്തിന്റെ തനത് സ്വഭാവമായി വിലയിരുത്തുന്നത് തെറ്റാണെന്ന്, പാശ്ചാത്യശക്തികൾക്കു മു​മ്പേ തന്നെ വിഭവങ്ങൾ ധാരാളമായി ലഭിക്കുകയും അവയെ ചൂഷണം ചെയ്യാതെ തന്നെ ഉപയോഗിക്കുകയും ചെയ്ത ആദിമസമൂഹ്യങ്ങളെയും, കൊളോണിയൽ രാജ്യങ്ങളെയും ഉദ്ധരിച്ച് അവർ പറഞ്ഞുവെക്കുന്നു. അതായത്, വിഭവങ്ങൾ ലഭ്യമാകുന്നത് മാത്രമല്ല അവയെ ഉപയോഗിക്കുന്ന സമ്പദ് വ്യവസ്ഥ കൂടി അനുസരിച്ചാണ് പരിസ്ഥിത -വികസന ബന്ധങ്ങൾ ഉടലെടുക്കുന്നത് എന്നു ചുരുക്കം. മാത്രമല്ല, സാമ്രാജ്യം നടത്തിയ പിടച്ചെടുക്കലുകളും വളർച്ചയും അടിച്ചമർത്തപ്പെട്ട ജനതയുടെ കൂടെ തലയിൽ കെട്ടിവെക്കുന്നത് അധാർമികമാണെന്നും വിമർശനങ്ങൾ വാദിച്ചു.

കാപ്പിറ്റലോസീൻ മുതലാളിത്തവും കാലാവസ്ഥാ വ്യതിയാനവും

ആൻത്രോപൊസീൻ വ്യവഹാരത്തിൽ മനുഷ്യ ഇടപെടലുകളെ ഗ്ലോബൽ നോർത്ത്- സൗത്ത് എന്ന്​ തരംതിരിക്കാതെ ചരിത്രം പറഞ്ഞുവെക്കുമ്പോൾ സൗകര്യപൂർവം മറക്കുന്നത് ആഗോള കാലാവസ്ഥാ പ്രതിസന്ധി സൃഷ്ടിക്കുന്നതിൽ മുതലാളിത്തത്തിന്റെ പങ്കിനെയാണ്. ഈ വാദത്തിലൂന്നി ആൻത്രോപൊസീൻ എന്നതിനെ കാപ്പിറ്റലോസീൻ (Capitalocene) എന്നു പുനർനാമകരണം ചെയ്യണം എന്നാവശ്യപ്പെടുന്നതിൽ പ്രധാനിയാണ് ബിങ്ങാംട്ടൺ സർവകലാശാലയിലെ (Binghamton University/ State University of New York, Binghamton) പ്രൊഫ. ജയ്‌സൺ മൂർ. Fossil Capital: The Rise of Steam Power and the Roots of Global Warming (2016) എന്ന പുസ്തകത്തിൽ ആൻഡ്രിയ മാൽമ് പറയുന്നത്, മൂലധന യുക്തിയാണ് (logic of capital) ആഗോളതാപനത്തിലേക്ക് നമ്മെ നയിച്ചത് എന്നാണ്. വ്യവസായവിപ്ലവകാലം മുതൽക്കേ മുതലാളിത്ത ഉത്പാദന ക്രമവും ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗവും പരസ്പരം വേർതിരിക്കാൻ കഴിയാത്തവണ്ണം ചേർന്നുകിടക്കുന്നു. അതുകൊണ്ടുതന്നെ കമ്പോളം കാലാവസ്ഥാ പ്രതിസന്ധിയെ പരിഹരിക്കും എന്ന വാക്ക് പാഴ്​വാക്കാകാനുള്ള സാധ്യത ഏറെയാണ്. വ്യവസ്ഥിതിയിലും, വിഭവ-അധികാര വിതരണത്തിലും യാതൊരു മാറ്റവും വരുത്താതെ നടത്തുന്ന ഏതൊരു ഇടപെടലും കാലാവസ്ഥാവ്യതിയാനത്തെ ചെറുക്കുന്നതിനോ, അതിനു ബദലായി ഒരു മാതൃക വികസിപ്പിക്കുന്നതിനോ ഉതകുന്നതാകില്ല.

IPCC റിപോർട്ട് പ്രകാരം ശക്തമായ പ്രളയങ്ങളും, ഉഷ്ണതരംഗങ്ങളും, കൃഷിനാശവും സംഭവിക്കും എന്നു താക്കീത് ലഭിച്ച ഇന്ത്യയിൽ ഈ വിഷയങ്ങൾ ഏറ്റവും ബാധിക്കുക സമൂഹത്തിന്റെ താഴെ തട്ടിൽ നില്ക്കുന്ന ജനതയെ ആവും എന്നതിൽ തർക്കമുണ്ടോ? / Photo: Flickr

ചരിത്രത്തിൽ മാത്രമല്ല, മറിച്ച്​ സ്വാതന്ത്ര്യലബ്ധിക്കുശേഷവും ഗ്ലോബൽ സൗത്ത് (Global South) എന്നറിയപ്പെടുന്ന വികസ്വര രാജ്യങ്ങൾ പാശ്ചാത്യരാജ്യങ്ങളുടെ (Global North) നിരന്തര പാരിസ്ഥിതികചൂഷണത്തിന് വിധേയമാകുന്നു എന്നു വ്യക്തമാക്കുന്ന അനേകം പഠനങ്ങളിലേക്ക് ഈ ചർച്ചകൾ നയിക്കുന്നു. ഉത്പാദനമേഖല പരിശോധിച്ചാലും, വിനിമയങ്ങൾ വിശകലനം ചെയ്താലും ഈ അന്തരം കൃത്യമായി കാണാൻ കഴിയും. പരിസ്ഥിതി മലിനമാക്കുന്ന ഉത്പന്നങ്ങളും, ഉത്പാദന പ്രക്രിയകളും, വ്യവസായങ്ങളും വികസ്വര രാജ്യങ്ങളിലേക്ക് കൃത്യമായി പറിച്ചു നടപ്പെടുന്നത് ഇതിനുദാഹരണമാണ്. കൃത്യമായ പരിസ്ഥിതി നയങ്ങൾ ഇല്ലാതിരിക്കുകയോ, അല്ലെങ്കിൽ അവയെ അനായാസം മറികടക്കാൻ കഴിയുകയോ ചെയ്യുക (Cheap Nature), ഒപ്പം തുച്ഛമായ വേതനത്തിൽ ജോലി ചെയ്യാൻ തൊഴിലാളികൾ (Cheap Labour) ലഭ്യമാകുക തുടങ്ങി വികസ്വര രാജ്യങ്ങളിൽ നിലനിൽക്കുന്ന സാഹചര്യങ്ങൾ മുതലെടുക്കാൻ മൂലധനം നാടുവിടുന്ന ഈ പ്രക്രിയയെ ലോക ഉത്പാദന വ്യവസ്ഥയുടെ താഴേക്കുള്ള പാച്ചിൽ (Race to the Bottom) ആയി ഗവേഷകർ വിലയിരുത്തുന്നു.
ഈ വിമർശനങ്ങൾ ഏറ്റവും പ്രധാനമായി മുന്നോട്ടുവെക്കുന്നത്, കാലാവസ്ഥാ വ്യതിയാനം എങ്ങനെ നിലനില്ക്കുന്ന സമൂഹ്യവും സാമ്പത്തികവുമായ അസമത്വങ്ങളെ ഭാവിയിൽ വഷളാക്കും എന്നാണ്. വർത്തമാന-ഭാവി തലമുറകൾക്കുമേൽ വരുന്ന ഈ ദുരന്തങ്ങളെ നേരിടാനുള്ള മുന്നൊരുക്കങ്ങൾ ലോകരാഷ്ട്രങ്ങൾ എടുക്കേണ്ടതിന്റെ ആവശ്യകത ഐ.പി.സി.സി. റിപ്പോർട്ടുകൾ കൃത്യമായി മുന്നോട്ടുവെച്ചിട്ടുണ്ട്.

ഇന്ത്യയിലെയും കേരളത്തിലെയും സ്ഥിതി വെത്യസ്തമാണോ?

2018-ൽ ലോക ബാങ്ക് നടത്തിയ പഠനം പ്രവചിക്കുന്നത്, കാലാവസ്ഥാ വ്യതിയാനം മൂലം ഉണ്ടാകുന്ന താപനം മൂലം ദക്ഷിണ ഏഷ്യയിൽ മാത്രം ഏതാണ്ട് 800 മില്യൺ ജനങ്ങളുടെ ജീവിതനിലവാരം ക്രമാതീതമായി തകരും എന്നാണ്. കാലാവസ്ഥാ വ്യതിയാനവും അനുബന്ധ ദുരന്തങ്ങളും വളരെയധികം നാശം വിതയ്ക്കും എന്നു കരുതപ്പെടുന്ന മേഖലയാണ് ദക്ഷിണേഷ്യ. ആളോഹരി ഫോസിൽ ഇന്ധന ഉപയോഗം തുലോം കുറവായ, സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന ജനങ്ങളിൽ ഇത് വലിയ ആഘാതങ്ങളുണ്ടാക്കുമെന്നത് വ്യക്തമാണ്.

ദാരിദ്ര്യം-പട്ടിണി-തൊഴിൽ എന്നിവ മുൻനിർത്തി ഇനിയും പരിസ്ഥിതി ചൂഷണം ചെയ്തു തന്നെ വളരണം എന്നു വാദിക്കുന്നവർ മറക്കുന്നത്, ഈ വികസനത്തിനുവേണ്ടി എന്നും പുറന്തള്ളപ്പെട്ടവർ എല്ലാക്കാലത്തും ദലിത്- ആദിവാസി- തൊഴിലാളി വർഗ്ഗ കുടുംബങ്ങൾ മാത്രമായിരുന്നു, അതുമൂലം നഷ്ടമായത് അവരുടെ ഉപജീവന മാർഗങ്ങളും എന്നാണ്​.

ഐ.പി.സി.സി. റിപ്പോർട്ട് പ്രകാരം ശക്തമായ പ്രളയങ്ങളും, ഉഷ്ണതരംഗങ്ങളും, കൃഷി നാശവും സംഭവിക്കും എന്നു താക്കീത് ലഭിച്ച ഇന്ത്യയിൽ ഈ വിഷയങ്ങൾ ഏറ്റവും ബാധിക്കുക സമൂഹത്തിന്റെ താഴെത്തട്ടിൽ നില്ക്കുന്ന ജനതയെയാവും എന്നതിൽ തർക്കമുണ്ടോ? ഉണ്ടെങ്കിൽ, World Weather Attribution (WWA) നടത്തിയ പഠനം ശ്രദ്ധിക്കുക. ഇതനുസരിച്ച്​, ഇന്ത്യയിലും പാകിസ്താനിലും ഈ വർഷത്തെ ഉഷ്ണതരംഗ സാധ്യത 30 തവണ അധികമാണ്. പുറത്ത് ജോലി ചെയ്യുന്നവരിൽ (കർഷകർ, നിർമാണ തൊഴിലാളികൾ, തെരുവിൽ കച്ചവടം ചെയ്യുന്നവർ) ആണ് തീവ്രമായ ഉഷ്ണം കൂടുതൽ ആഘാതം ഉണ്ടാക്കുക എന്നു കൃത്യമായി പറയുന്നു. മാത്രമല്ല, കാർഷികവിളവിൽ 10-35% കുറവ് അനുഭവപ്പെടും എന്നും പറയുന്നു. ഗോതമ്പിന്റെ വിലക്കുറവ് ഇപ്പോൾ തന്നെ നാം കണ്ടുതുടങ്ങിയിരിക്കുന്നു. കാലാവസ്ഥാ വ്യതിയാനം മൂലം ഉണ്ടാകുന്ന ദുരന്തങ്ങളും, പലായനങ്ങളും, അതിനെ നേരിടാൻ വേണ്ട തയ്യാറെടുപ്പുകളും, തൊഴിൽനഷ്ടങ്ങളും തൊഴിലാളിവർഗ കുടുംബങ്ങളെയാവും കൂടുതൽ ബാധിക്കുക എന്നതിൽ സംശയമില്ല. പ്രത്യേകിച്ച് പരിസ്ഥിതി വിഭവങ്ങൾ ആശ്രയിച്ചു / ഉപയോഗിച്ചു ഉപജീവനം കണ്ടെത്തുന്നവർ ഇന്ത്യയിൽ ധാരാളമാണെന്നിരിക്കെ.

സാമൂഹ്യ അസമത്വവും കാലാവസ്ഥാ നീതിയും

കത്രീന കൊടുങ്കാറ്റ് അമേരിക്കയിലെ ന്യൂ ഓർലിയൻസിനെ തകർത്തപ്പോൾ അവിടെയുണ്ടായിരുന്ന ആഫ്രിക്കൻ അമേരിക്കൻ ജനത അനുഭവിച്ച നഷ്ടങ്ങളെക്കുറിച്ചു നടത്തിയ പഠനങ്ങൾ കാട്ടിയത് പരിസ്ഥിതി ദുരന്തങ്ങളുടെ വംശീയമായ ആഘാതങ്ങളെ കുറിച്ചായിരുന്നു. ബംഗ്ലദേശയിൽ സംഭവിച്ച മഹാ പ്രളയത്തിനെ കുറിച്ച് നടന്ന അന്വേഷണങ്ങൾ ഉയർത്തിയത് സ്ത്രീകൾ എങ്ങനെ ദുരന്തമുഖത്ത് കൂടുതൽ ദുർബലരാകുന്നു, അല്ലെങ്കിൽ വ്യവസ്ഥിതിയും പിതൃമേധാവിത്വവും എങ്ങനെ ഇതിന് കാരണമാകുന്നു എന്നുമാണ്. മാലിന്യനിർമാർജന പ്ലാന്റുകളും, ഇൻസിനിറേറ്ററുകളും എന്തുകൊണ്ടാണ് എപ്പോഴും ആഫ്രിക്കൻ അമേരിക്കൻ, ഹിസ്പാനിക്, തൊഴിലാളിവർഗ സമൂഹങ്ങൾ താമസിക്കുന്നതിനടുത്ത് മാത്രം സ്ഥാപിക്കുന്നു എന്നു ചോദിച്ച പാരിസ്ഥിതിക-നീതിക്കയിട്ടുള്ള മുന്നേറ്റങ്ങൾ (Environmental Justice Movements) ലോകത്തോട് വിളിച്ചുപറഞ്ഞതും വംശീയത എങ്ങനെ പാരിസ്ഥിതിക അസമത്വവും ആയി കെട്ടുപിണഞ്ഞുകിടക്കുന്നു എന്നാണ്.

വെള്ളം പൊങ്ങുമ്പോൾ എല്ലാ വള്ളങ്ങളും ഉയരും എന്ന ന്യായം നിരത്തുന്നവർ ഓർക്കേണ്ടത് എല്ലാ വള്ളങ്ങളും ഒരുപോലെ അല്ല നിർമിച്ചിരിക്കുന്നത് എന്നുള്ളതാണ്. / Photo: Flickr

വർഗപരമായും, ലിംഗപരമായും, ജാതീയമായും നിലനില്ക്കുന്ന ശ്രേണീവത്കരണവും അത് മൂലം ഉടലെടുക്കുന്ന അസമത്വവും വിവേചനങ്ങളും എങ്ങനെ അരിക് സമൂഹങ്ങളുടെ കാലാവസ്ഥാ വ്രണനീയത/ക്ഷത-സാധ്യത (climate vulnerability) ക്രമാതീതമായി കൂട്ടുന്നു എന്നു കാലാവസ്ഥാ വ്യതിയാനങ്ങളുടെ സാമൂഹ്യ ആഘാതങ്ങളെ വിലയിരുത്തുന്ന പഠനങ്ങൾ വ്യക്തമാക്കുന്നു. പാശ്ചാത്യരാജ്യങ്ങൾ വികസനം കൈവരിച്ചുകഴിഞ്ഞു എന്നും അതിനൊപ്പം എത്താനും, ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് പിടിച്ചുകയറ്റാനും വിഭവങ്ങളിൽ ഊന്നിയുള്ള സാമ്പത്തിക വളർച്ച ഇന്ത്യ പോലുള്ള രാജ്യങ്ങൾക്കു കൂടിയേതീരൂ എന്ന വാദം ശക്തമാണ്. ചരിത്രപരമായി പാശ്ചാത്യരാജ്യങ്ങൾ പുറന്തള്ളിയ കാരബൺ (historic emissions) വളരെ വലുതാണെങ്കിലും അത് കണ്ണടച്ച് തുടരുക വഴി നാം അപകടത്തിലാക്കുന്നത് നമ്മെ തന്നെയാണ് എന്ന തിരിച്ചറിവ് പ്രധാനമാണ്. ഇത്തരം ചർച്ചകൾ പ്രധാനമായും മറക്കുന്നത് ഒരു പ്രകൃതിദുരന്തം ഉണ്ടാകുമ്പോൾ അതിന്റെ അപകടസാധ്യത (Risk) എല്ലാ മനുഷ്യരെയും ഒരു പോലെ അല്ല ബാധിക്കുന്നത് എന്ന വസ്തുതയാണ്. വെള്ളം പൊങ്ങുമ്പോൾ എല്ലാ വള്ളങ്ങളും ഉയരും എന്ന ന്യായം നിരത്തുന്നവർ ഓർക്കേണ്ടത് എല്ലാ വള്ളങ്ങളും ഒരുപോലെ അല്ല നിർമിച്ചിരിക്കുന്നത് എന്നുള്ളതാണ്. ഒരു ദുരന്തത്തിനെ നേരിടുന്നതിനും അതിൽ നിന്നും കരകയറുന്നതിനും സാമൂഹ്യ-സാമ്പത്തിക നില വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ചരിത്രപരമായ അടിച്ചമർത്തൽ ജാതീയമായും ലിംഗപരമായും നിലനില്ക്കുന്ന ഇന്ത്യയിൽ ഇത് സമൂഹത്തിന്റെ അടിത്തട്ടിൽ നില്ക്കുന്ന ജനങ്ങളിൽ കൂടുതൽ ക്ഷതങ്ങൾ ഉണ്ടാക്കി സാമൂഹ്യദുർബലതയ്ക്ക് ആക്കം കൂട്ടും (vulnerable) എന്നതിൽ തർക്കം ഉണ്ടാകേണ്ട കാര്യമില്ല.

കാലാവസ്ഥാ വ്യതിയാനം ഒരു വർഗ വിഷയമായോ, ജാതീയ വിഷയമായോ ലിംഗപരമായ വിഷയമായോ മുഖ്യധാരാ ചർച്ചകൾ (ഇതിൽ അക്കാദമികവും പെടും) പരിഗണിക്കാത്തതായി കാണാം.

ഈ വസ്തുത നിലനില്ക്കുമ്പോൾ പോലും കാലാവസ്ഥാ വ്യതിയാനം ഒരു വർഗവിഷയമായോ (class issue), ജാതീയമായ വിഷയമായോ (caste issue), ലിംഗപരമായ വിഷയമായോ (gender issue) മുഖ്യധാരാ ചർച്ചകൾ (ഇതിൽ അക്കാദമികവും പെടും) പരിഗണിക്കാത്തതായി കാണാം. 2018-ലെ മഹപ്രളയകാലത്തു നാം പേടിച്ചത് രണ്ടാം നിലയിൽ വെള്ളം കയറിയപ്പോഴാണ്. അവിടെയും ദുരിതാശ്വാസ ക്യാമ്പുകളിൽ നേരിടേണ്ടി വന്ന ജാതീയമായ വിവേചനങ്ങളെക്കുറിച്ച് മുഖ്യധാരാ മാധ്യമങ്ങളിൽ ഉൾപ്പെടെ വാർത്തകൾ നിറഞ്ഞു. ആ പ്രളയത്തിൽ നിന്നും എല്ലാവരും ഒരുപോലെ കരകയറി എന്നു നാം കരുതുന്നുണ്ടോ? നഷ്ടപ്പെട്ട വസ്തുവകകൾ വീണ്ടും വീണ്ടും ഉണ്ടാക്കുവാൻ എല്ലാവരുടെയും സാമ്പത്തികസ്ഥിതി ഒരുപോലെ സമ്മതിക്കും എന്നും കരുതുമോ?

നൂറ്റാണ്ടുകളായി വെള്ളപ്പൊക്കം അനുഭവിക്കുന്ന പഞ്ചായത്തുകളിൽ പോലും വെള്ളം കയറിയാൽ ക്യാമ്പ് ആകുന്നത് സർക്കാർ സ്‌കൂളും, കിടക്ക ആകുന്നത് ബെഞ്ചും, അവിടേക്കു പോകുന്നത് ഒരേ പ്രദേശത്തെ ആളുകളും ആകുമ്പോൾ ഇതൊരു കാലാവസ്ഥാ അടിയന്തരാവസ്ഥ ആയി കണ്ടു മാറ്റങ്ങൾ ഉണ്ടാകും എന്ന പ്രതീക്ഷയും ആസ്ഥാനതാകുമോ എന്ന ഭയം നിലനിൽക്കുന്നു. / Photo: Wikimedia Commons

ഇനിയും പരിസ്ഥിതി വിഷയങ്ങൾ സാമൂഹ്യനീതിയും തുല്യതയുമായി ബന്ധപ്പെട്ട വിഷയങ്ങളായി നാം കണ്ടുതുടങ്ങി, അതിനെ ചെറുത്തുനിൽക്കാനുള്ള മുന്നേറ്റങ്ങൾ ആരംഭിച്ചില്ല എങ്കിൽ ഈ പ്രതിസന്ധിയെ ചെറുത്തുനിൽക്കാനോ മറികടക്കാനോ കഴിയാതെ വന്നേക്കാം. ദാരിദ്ര്യം-പട്ടിണി-തൊഴിൽ എന്നിവ മുൻനിർത്തി ഇനിയും പരിസ്ഥിതി ചൂഷണം ചെയ്തു തന്നെ വളരണം എന്നു വാദിക്കുന്നവർ മറക്കുന്നത്, ഈ വികസനത്തിനുവേണ്ടി എന്നും പുറന്തള്ളപ്പെട്ടവർ എല്ലാക്കാലത്തും ദലിത്- ആദിവാസി- തൊഴിലാളിവർഗ കുടുംബങ്ങൾ മാത്രമായിരുന്നു, അതുമൂലം നഷ്ടമായത് അവരുടെ ഉപജീവനമാർഗങ്ങളും ​.

ഇന്ത്യയുടെ വികസനത്തിനും നഗരവത്കരണത്തിനും അവർ നല്കിയ വില ചെരികളിലേക്കുള്ള സ്ഥിരമായ പറിച്ചുനടലുകൾ ആയിരുന്നു. അതുകൊണ്ട് നീതിബോധം നമ്മെ നയിക്കുന്നു എങ്കിൽ നേരിടാൻ പോകുന്ന കാലാവസ്ഥാ പ്രതിസന്ധിയുടെ ആഘാതം കുറയ്ക്കാൻ ആയിരിക്കണം നമ്മുടെ ശ്രമങ്ങൾ.
നൂറ്റാണ്ടുകളായി വെള്ളപ്പൊക്കം അനുഭവിക്കുന്ന പഞ്ചായത്തുകളിൽ പോലും വെള്ളം കയറിയാൽ ക്യാമ്പ് ആകുന്നത് സർക്കാർ സ്‌കൂളും, കിടക്കയാകുന്നത് ബെഞ്ചും, അവിടേക്കു പോകുന്നത് ഒരേ പ്രദേശത്തെ ആളുകളും ആകുമ്പോൾ ഇതൊരു കാലാവസ്ഥാ അടിയന്തരാവസ്ഥ ആയി കണ്ട് മാറ്റങ്ങൾ ഉണ്ടാകും എന്ന പ്രതീക്ഷയും ആസ്ഥാനത്താകുമോ എന്ന ഭയം നിലനിൽക്കുന്നു. നാം ചർച്ച ചെയ്യേണ്ടത് കാലാവസ്ഥാ നീതിയെ (climate justice) കുറിച്ചാണ്, ഈ അവസ്ഥയിലേക്ക് നയിക്കുന്നതിൽ പങ്ക് തുലോം കുറവായ ജനങ്ങൾ അതിന്റെ ഭാരം (burden) ചുമക്കേണ്ടിവരുന്നത് എന്തൊരു അനീതിയാണ്. ▮

References Chakrabarty, D. (2009). The climate of history: Four theses. Critical inquiry, 35(2), 197-222.Hornborg, A., McNeill, J. R., & Alier, J. M. (Eds.). (2007). Rethinking environmental history: World-system history and global environmental change. Rowman Altamira.Malm, A. (2016). Fossil capital: The rise of steam power and the roots of global warming. Verso Books.Malm, A., & Hornborg, A. (2014). The geology of mankind? A critique of the Anthropocene narrative. The Anthropocene Review, 1(1), 62-69.Steffen, W., Grinevald, J., Crutzen, P., & McNeill, J. (2011). The Anthropocene: Conceptual and Historical Perspectives. Philosophical Transactions of the Royal Society A: Mathematical, Physical and Engineering Sciences, 369(1938), 842-867.

Steffen, W., Crutzen, P. J., & McNeill, J. R. (2007). The Anthropocene: Are Humans now Overwhelming the Great Forces of Nature. AMBIO: A Journal of the Human Environment, 36(8), 614-621. https://www.jstor.org/stable/25547826 Winser et al. (2004) At risk: Natural hazards, people's vulnerability and disasters. Routledge, New YorkTerry G (2009) No climate justice without gender justice: An overview of the issues. Gender & Development 17 (1): 5-18.https://www.unsews.com/news/best-countries/articles/2022-06-30/why-south-asia-is-so-vulnerable-to-climate-change-related-disastershttps://www.nature.com/articles/d41586-022-01444-1 https://www.nytimes.com/interactive/2018/06/28/climate/india-pakistan-warming-hotspots.html https://openknowledge.worldbank.org/handle/10986/28723 https://www.bbc.com/news/world-asia-india-58155294 https://news.un.org/en/story/2022/07/1123482


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.

Comments