രാജ്യത്ത് ഈ വർഷം ലഭിച്ച കാലവർഷത്തിൽ റെക്കോർഡ് കുറവുണ്ടെന്ന് SANDRP (South Asia Network on Dams, Rivers and People) പുറത്തിറക്കിയ റിപ്പോർട്ട്. 2026-ൽ ഇതുവരെ ലഭിച്ച തെക്കുപടിഞ്ഞാറൻ മൺസൂൺ 759.44mm മാത്രമാണ്. 2025-ൽ ഇത് 925mm, 2024-ൽ 820mm, 2022-ൽ 925mm എന്നിങ്ങനെ ആയിരുന്നു. കഴിഞ്ഞ വർഷത്തെ മാത്രം കണക്കെടുത്താൽ 107.6 ശതമാനത്തിൻെറ കുറവ് മഴയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ രണ്ടര പതിറ്റാണ്ടിനിടയിൽ, അതായത് 2001 മുതലുള്ള കണക്കെടുത്താൽ നാലാമത്തെ ഏറ്റവും കുറഞ്ഞ മഴയാണ് ഈ വർഷം രേഖപ്പെടുത്തിയത്. 1901 മുതലുള്ള കണക്കെടുത്താൽ 13ാമത്തെ ഏറ്റവും കുറഞ്ഞ മഴയുമാണ് ഇത്തവണ ലഭിച്ചത്.

രാജ്യത്ത് ജൂണിൽ ലഭിച്ചത് 99.5 mm മഴയാണ്. സാധാരണ 165.3 mm മഴയാണ് ലഭിക്കേണ്ടിയിരുന്നത്. ജൂലൈയിൽ ഒരൽപം കൂടുതൽ മഴ ലഭിച്ചു. സാധാരണ 280.5 mm ലഭിക്കേണ്ടയിടത്ത് 290.3 mm മഴ ലഭിച്ചു. ആഗസ്തിലും സെപ്തംബറിലും മഴ കുറവാണ് ലഭിച്ചത്. ആകെ സാധാരണ ലഭിക്കുന്നതിനേക്കാൾ 87.4 ശതമാനം മഴയുടെ കുറവുണ്ടായി.

വടക്കുകിഴക്കൻ ഇന്ത്യയിലും കിഴക്കൻ മേഖലയിലും മേഖലയിലും മഴയുടെ ലഭ്യതയിൽ ഗണ്യമായ കുറവുണ്ടായി. സാധാരണ ലഭിക്കുന്നതിനേക്കാൾ 26 ശതമാനമാണ് മഴയിൽ കുറവുണ്ടായത്. വടക്കുപടിഞ്ഞാറൻ ഇന്ത്യയിലും സെൻട്രൽ ഇന്ത്യയിലും താരതമ്യേന വലിയ കുറവുണ്ടായിട്ടില്ലെന്ന് പറയാം. എന്നാൽ തെക്കേ ഇന്ത്യയിൽ 24 ശതമാനമാണ് മഴയുടെ അളവിൽ കുറവ് രേഖപ്പെടുത്തിയത്.
ഇന്ത്യൻ മെട്രോളജിക്കൽ ഡിപ്പാർട്ട്മെൻറ് ഓരോ സംസ്ഥാനങ്ങളിലെയും മഴയുടെ ലഭ്യത അടയാളപ്പെടുത്തിക്കൊണ്ട് മാപ്പ് പുറത്തുവിട്ടിട്ടുണ്ട്. അതിലെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ആകെയുള്ള 36 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും അടക്കം നോക്കിയാൽ സാധാരണ ലഭിക്കേണ്ടതിനേക്കാൾ കൂടുതൽ മഴ ലഭിച്ചിട്ടുള്ള ഇടങ്ങൾ ലഡാക്ക്, ഒഡീഷ, ദാദ്ര നഗർ ഹവേലി, ദാമൻ ദിയു തുടങ്ങിയ മേഖലകൾ മാത്രമാണ്. ഏറ്റവും കുറവ് രേഖപ്പെടുത്തിയിട്ടുള്ളത് മേഘാലയയിലാണ്. സാധാരണ ലഭിക്കുന്നതിനേക്കാൾ ഏകദേശം 60 ശതമാനമാണ് മഴലഭ്യതയിൽ കുറവുണ്ടായത്. മേഘാലയ, ആസ്സാം മേഖലകളിൽ ഇത് തുടർച്ചയായി ആറാം വർഷമാണ് തെക്കുപടിഞ്ഞാറൻ മൺസൂൺ മഴയിൽ ഗണ്യമായ കുറവുണ്ടാവുന്നത്.
ഓരോ സംസ്ഥാനങ്ങളിലെയും ജില്ലാതലത്തിൽ ലഭിച്ചിട്ടുള്ള മഴയുടെ കണക്കും ലീഗൽ മെട്രോളജി വകുപ്പ് പുറത്തുവിട്ടിട്ടുണ്ട്. കഴിഞ്ഞ 20 വർഷത്തിനുള്ളിൽ ഏറ്റവും കൂടിയ മഴ ഒഡീഷയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 1901-ന് ശേഷം ഏറ്റവും കുറഞ്ഞ മഴയാണ് വടക്കുകിഴക്കൻ ഇന്ത്യയിൽ രേഖപ്പെടുത്തിയത്. മേഘാലയയിലെ 11-ൽ 10 ജില്ലകളിലും മഴയുടെ അളവിൽ വല്ലാതെ കുറവുണ്ടായിട്ടുണ്ട്. കഴിഞ്ഞ 30 വർഷത്തെ കണക്കെടുത്താൽ വടക്കുകിഴക്കൻ മേഖലയിൽ ഓരോ വർഷവും മഴ കുറഞ്ഞുവരുന്നുവെന്നത് വ്യക്തമാണ്.

2002-ന് ശേഷം തെക്കേ ഇന്ത്യയിൽ ലഭിച്ചിരിക്കുന്ന ഏറ്റവും കുറവ് മഴയാണ് ഈ വർഷം രേഖപ്പെടുത്തിയിരിക്കുന്നത്. സാധാരണ ലഭിക്കുന്നതിനേക്കാൾ 23 ശതമാനം കുറവ് മഴയാണ് ഇത്തവണ കിട്ടിയത്. തെക്കൻ സംസ്ഥാനങ്ങളിൽ കർണാടകയെയാണ് മഴയിലുള്ള കുറവ് ഏറ്റവും കാര്യമായി ബാധിച്ചത്. കഴിഞ്ഞ 55 വർഷത്തിനിടയിൽ കർണാടകയിലെ ഏറ്റവും മോശം തെക്കുപടിഞ്ഞാറൻ മൺസൂൺ ആണിത്. കഴിഞ്ഞ 150 വർഷമെടുത്താൽ സംസ്ഥാനം നേരിടാൻ പോവുന്ന ഏറ്റവും വലിയ വരൾച്ചയാണ് മുന്നിലുള്ളതെന്നും റിപ്പോർട്ടുണ്ട്. 852 mm മഴ ലഭിക്കേണ്ടിടത്ത് ആകെ ലഭിച്ചത് 551 mm മഴ മാത്രമാണ്. കേരളത്തിൽ മധ്യകേരളത്തിലാണ് മഴ വളരെ കുറവ് ലഭിച്ചത്. വടക്കൻ കേരളത്തിലും തെക്കൻ കേരളത്തിലെ ചില ജില്ലകളിലും ഭേദപ്പെട്ട മഴ രേഖപ്പെടുത്തിയിട്ടുണ്ട്.

