വീടിരുന്ന സ്ഥലം ചോദിച്ചാൽ അവർ കടലിലേക്ക് വിരൽ ചൂണ്ടും; ഇത് തീരദേശവാസികളുടെ ജീവിതം

വിഴിഞ്ഞം ഹാർബറും പുതുവൈപ്പിൻ എൽ.പി.ജി പ്ലാന്റും ഉൾപ്പെടെയുള്ള എല്ലാ നിർമാണ പ്രവർത്തനങ്ങളും പലയിടങ്ങളിലായി നടക്കുന്ന കരിമണൽ ഖനനങ്ങളും കുറച്ചുനാളത്തേക്കെങ്കിലും നിർത്തി വച്ച് ശാസ്ത്രീയ പഠനം നടത്തണമെന്നാണ് തീരദേശവാസികളുടെ ആവശ്യം.

ടലാക്രമണം മൂലം നിരവധി വീടുകളാണ് ഇക്കുറിയും നമ്മുടെ തീരദേശങ്ങളിൽ നഷ്ടമായത്. തിരുവനന്തപുരത്ത് വിഴിഞ്ഞം മുതൽ ഈ നഷ്ടത്തിന്റെ കണക്കെടുക്കാം. ജൂൺ ഒന്നിന്, കടലെടുത്തതുമൂലം, ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ സ്വന്തം വീടുകളിൽ ഇടമില്ലാതെ പോയ എത്രയെത്ര കുരുന്നുകളെയാണ് നാം വാർത്തകളിലൂടെ കണ്ടത്. എറണാകുളം ജില്ലയിലെ ചെല്ലാനത്താണ് കടൽക്ഷോഭത്തിൽ ഏറ്റവും നാശനഷ്ടങ്ങൾ സംഭവിച്ചത്. തീരങ്ങളിൽ നിന്ന്​ നിശ്ചിത ദൂരം പാലിച്ച് ജീവിച്ചിരുന്ന ഈ ജനത അവിടേക്ക് താമസം മാറിയതല്ല വീടുകൾ നഷ്ടമാകാൻ കാരണം, പകരം തിരകൾ തീരത്തേക്ക് കയറിയതാണ്. ഭൂമി കടലിനടിയിലായതോടെ ഇനിയും പിൻവലിഞ്ഞ് താമസിക്കാൻ സ്ഥലമില്ലാത്ത ഇവർ തിരമാലകളോട് ചേർന്ന് ജീവിക്കുന്നു.

കടലാക്രമണ ഭീഷണിയിലായ ചെല്ലാനം

അഞ്ച് വർഷം മുമ്പ് വീട് കടലെടുത്ത് പോയവരോട് പണ്ട് വീടിരുന്നത് എവിടെയായിരുന്നുവെന്ന് ചോദിച്ചാൽ അവർ കടലിലേക്ക് കിലോമീറ്ററുകളോളം വിരൽ ചൂണ്ടേണ്ടി വരുന്ന സാഹചര്യമാണ്. നിലവിലെ സാഹചര്യമനുസരിച്ച് ഇനിയൊരു അഞ്ചുവർഷം കൂടി കഴിയുമ്പോൾ ഇപ്പോൾ അവർക്കുള്ള ഇടം കൂടി ഇല്ലാതാകും. അഞ്ച് വർഷത്തിനുള്ളിൽ തീരദേശത്തെ പ്രശ്നങ്ങൾ പൂർണമായും പരിഹരിക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതുതന്നെയാണ് അദ്ദേഹം അഞ്ച് വർഷം മുമ്പ് പറഞ്ഞതെന്ന് തീരദേശ വാസികൾ പറയുന്നു. അഞ്ച് വർഷത്തിന് ശേഷം ഇല്ലാതാകുന്ന കടൽത്തീരങ്ങളിലെ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന മുഖ്യമന്ത്രിയുടെ വാക്കുകളിൽ തീരദേശ വാസികൾക്ക് വിശ്വാസമില്ലാത്തതും അതിനാലാണ്.

ഓരോ വർഷവും കേരളത്തിലെ തീരങ്ങൾ കൂടുതൽ കൂടുതൽ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. ഈവർഷം തിരുവനന്തപുരം ജില്ലയിൽ നടത്തിയ ഒരു കണക്കെടുപ്പനുസരിച്ച് പത്ത് മുതൽ മുപ്പത് മീറ്റർ വരെ കടൽത്തീരം നഷ്ടമായിട്ടുണ്ടെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. ചെല്ലാനം പോലെയുള്ള ഇടങ്ങളിൽ അത് രൂ​ക്ഷമായിരുന്നു. കേരള തീരങ്ങളിലെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചശേഷമാണ് കടൽക്ഷോഭങ്ങളുടെ ശേഷി വർധിച്ചത് എന്നത് കണക്കിലെടുക്കുമ്പോൾ കേരളത്തിലെ തീരങ്ങളിലേത് മനുഷ്യനിർമിത ദുരന്തങ്ങളാണെന്ന് വ്യക്തമാകും. മൺസൂൺ ഇനിയും ആരംഭിച്ചിട്ടില്ലെന്നത് കൂടി ഓർക്കേണ്ടതുണ്ട്.

മഴയത്ത് കുടയും പിടിച്ച് ടെറസിന് മുകളിൽ

മെയ് പതിനാലിനും പതിനഞ്ചിനുമാണ് ചെല്ലാനം നിവാസികളെ ദുരിതത്തിലാക്കി കടൽ കരയിലേക്ക് ആഞ്ഞടിച്ചത്. പതിനാലിന് ചെറിയ തോതിൽ ആരംഭിച്ച കടലേറ്റം നോക്കിനിൽക്കേത്തന്നെ തങ്ങളുടെ വീടുകളെ വെള്ളത്തിനടിയിലാക്കുകയായിരുന്നെന്ന് കണ്ണമാലി സ്വദേശി ജോയ്സി ബാബു എന്ന വീട്ടമ്മ പറയുന്നു: ‘‘കടല് കയറിയിട്ട് ഇവിടെ നിക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു. പേടിച്ച് ഉടുത്തിരുന്ന തുണി മാത്രമായാണ് എല്ലാവരും പോയതും. കയ്യിൽ ഒരു മണി അരി പോലുമില്ലാതെയാണ് എല്ലാവരും വീടുവിട്ട് ഇറങ്ങിയത്. കടലിൽ നിന്ന്​ കഷ്ടിച്ച് മുപ്പത് മീറ്റർ മാത്രം അകലെയാണ് എന്റെ വീട്. ആദ്യം വന്ന ചെറുതിരകൾക്ക് പിന്നീട് ശക്തികൂടി ഇവിടെ നിൽക്കാൻ പറ്റാത്ത അവസ്ഥയിലാകുകയായിരുന്നു. രാവിലെ ഒമ്പതിന്​ തുടങ്ങിയ കടലേറ്റം രാത്രി രണ്ട് മൂന്ന് മണി വരെ തുടർന്നു. അടുത്തുള്ള രണ്ടുനില വീടുകളുടെ മുകൾ നിലകളായിരുന്നു ഞങ്ങൾക്ക് ആശ്രയം. എന്നാൽ ആ വീടുകളുടെ അടിയിൽ തിരമാലകൾ കയറുന്നത് കാണുമ്പോൾ അവിടെയിരിക്കാനും പേടിയായിരുന്നു. ഇവിടെ അടുത്ത് വികലാംഗരായ ഒരു ഭാര്യയും ഭർത്താവും ഉണ്ട്. അവർ കോരിച്ചൊരിയുന്ന മഴയത്ത് കുടയും പിടിച്ച് ടെറസിന്റെ മുകളിലാണ് കയറിനിന്നത്. എല്ലാവരുടെയും അവസ്ഥ ഇതുതന്നെയായിരുന്നു. ഒരു വീടിന്റെ സൺഷേഡിന്റെ ഉയരത്തിൽ വരെ തിരമാലകൾ ആഞ്ഞടിക്കുന്നുണ്ടായിരുന്നു.'’

‘‘പലരും ബന്ധുവീടുകളിലേക്കാണ് മാറിയത്. കണ്ണമാലിയിൽ ക്യാമ്പുകൾ ഉണ്ടായിരുന്നില്ല. ഇവിടെ രണ്ട് സ്‌കൂളുണ്ട്. എന്നാൽ താഴ്ന്ന പ്രദേശത്തുള്ള ആ സ്‌കൂളുകളിലേക്ക് ചെറിയ മഴയിൽപോലും വെള്ളം കയറും. അതുകൊണ്ട് തന്നെ ഇവിടെ ക്യാമ്പുകൾ സംഘടിപ്പിക്കാനും പറ്റില്ല. ആ ദിവസങ്ങളിൽ കഞ്ഞിവയ്ക്കാനൊന്നും പറ്റിയിരുന്നില്ല. കുടിക്കാൻ പോലും വെള്ളമില്ലാത്ത അവസ്ഥയായിരുന്നു. എല്ലാവരും വീടുകളിൽ നിന്നിറങ്ങിയപ്പോൾ ഉടുത്തിരുന്ന നനഞ്ഞ തുണിയുടുത്താണ് ഈ ദിവസങ്ങൾ കഴിഞ്ഞത്.''- അവർ പറയുന്നു.

ചെല്ലാനത്ത് എല്ലാക്കാലത്തും കടൽ കയറ്റം ഉണ്ടാകാറുണ്ടെങ്കിലും കഴിഞ്ഞ വർഷം ആഗസ്റ്റ് മുതലാണ് ഇത് ഇത്ര അപകടരമായതെന്നാണ് ജോയ്സി പറയുന്നത്. അതേവർഷം സെപ്തംബറിൽ രാത്രി ആളുകൾ ഉറക്കത്തിലായിരുന്നപ്പോഴും അപകരമായ വിധം കടൽ കയറ്റമുണ്ടായി. എന്നാൽ ന്യൂനമർദ്ദത്തിലുണ്ടായ ഈ കടലാക്രമണം അപ്രതീക്ഷിതമായിരുന്നെന്നാണ് അവർ പറയുന്നത്. ‘‘കടലിനി എളകാൻ പോണേയൊള്ള്. അടുത്ത മൂന്ന് മാസം ഇനിയെന്താണ് വരാൻ പോണേന്നൊന്നും അറിയാൻപാടില്ല. ഓരോരുത്തരും ഓരോരുത്തരുടെ ജീവനും കയ്യിൽപിടിച്ചാണ് കെടന്നുറങ്ങണത്.''; ജോയ്സി പറയുന്നു.

ആ സമയത്ത് എല്ലാം വിലപിടിപ്പുള്ളവയായിരുന്നു

കടലാക്രമണത്തിന് പേരുകേട്ട സ്ഥലമാണ് ചെല്ലാനം കമ്പനിപ്പടി. കടലിൽ നിന്നും അമ്പത് മീറ്റർ പോലും അകലമില്ലാതെയാണ് ഇവിടെ വീടുകളുള്ളത്. ഏറെക്കാലമായി തങ്ങൾ ഈ ദുരിതമനുഭവിക്കുകയാണെന്നാണ് കമ്പനിപ്പടി സ്വദേശിനിയായ മറിയാമ്മ ജോർജ്ജ് പറയുന്നത്: ‘‘2010ൽ ഒരു മിനി ഫിഷിംഗ് ഹാർബർ ചല്ലാനത്ത് ആരംഭിച്ച ശേഷം അതിന്റെ വടക്കോട്ടുള്ള ഭാഗങ്ങളിൽ കടലാക്രമണം കൂടുതലാണ്. ആ ഭാഗത്ത് പുലിമുട്ട് ഇടാത്തതാണ് കടൽക്ഷോഭം രൂക്ഷമാകാൻ കാരണം. പിന്നീട് 2017ൽ ഓഖി ദുരന്തമുണ്ടായപ്പോൾ ദുർബ്ബലമായ കടൽഭിത്തിയുണ്ടായിരുന്ന ഭാഗങ്ങളിൽക്കൂടി കടൽ ശക്തിയായി കരയിലേക്ക് വന്ന് പല വീടുകളും പൂർണമായും അതിലേറെ വീടുകൾ ഭാഗികമായും നശിച്ചു. വീടും മുറ്റവും ചെളിയും മാലിന്യങ്ങളും കൊണ്ട് നിറഞ്ഞു. അതിനുശേഷം തുടർച്ചയായി അഞ്ച് വർഷവും ചെല്ലാനത്ത് ശക്തമായ കടൽക്ഷോഭമാണ് ഉണ്ടാകുന്നത്. ദുർബ്ബലമായ ഭാഗങ്ങളിലൂടെ കടൽ കരയിലേക്ക് ഇരച്ചുകയറുമ്പോൾ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടാകുന്നത്. ഇത്തവണത്തെ കടലാക്രമണം തീരത്തെ വല്ലാതെ നശിപ്പിച്ച് കളഞ്ഞു. തീരത്തുള്ള ഒരു വീടിനെ പോലും കടൽ വിട്ടില്ല. ചെറിയകടവ് മുതൽ ചെല്ലാനം കമ്പനിപ്പടിയുടെ തെക്ക് വശം വരെയുള്ള പ്രദേശങ്ങളിലെ വീടുകളാണ് പൂർണ്ണമായും നശിച്ചത്. ഇവിടെയിപ്പോൾ കേടുപാടുകൾ സംഭവിക്കാത്ത വീടുകൾ ചുരുക്കമാണ് ''

""ഞങ്ങളുടെ വീട് പുതിയതാണ്. എന്നാൽ പെയിന്റെല്ലാം പൊളിഞ്ഞ് അത് നാശമായി. കടലാക്രമണ മുന്നറിയിപ്പ് ലഭിച്ചിരുന്നു. എന്നാൽ അത് ഇത്ര നാശം വിതയ്ക്കുമെന്ന് ആരും പ്രതീക്ഷിച്ചില്ല. വീട്ടുപകരണങ്ങളും കുട്ടികളുടെ പഠനോപകരണങ്ങളും എല്ലാം കടലെടുത്തു. വിലപിടിപ്പുള്ള സാധനങ്ങളും പട്ടയം ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട രേഖകളും എടുത്ത്​ ഓടാനാണ് എല്ലാവരും ശ്രമിച്ചത്. ആർക്കും ആരെയും സഹായത്തിന് വിളിക്കാനും ആരെയും സഹായിക്കാനും പറ്റാത്ത അവസ്ഥയായിരുന്നു’’.

കടലാക്രമണത്തെത്തുടർന്ന് വീടുപേക്ഷിച്ച് പോയവർ തിരിച്ചെത്തിത്തുടങ്ങിയെങ്കിലും ചെളിയും മാലിന്യങ്ങളും കൊണ്ട് ഒരു വീട്ടിലേക്കും കയറാനാകാത്ത അവസ്ഥയാണ്. ""പലയിടങ്ങളിൽ നിന്നും സഹായങ്ങൾ ലഭിക്കുന്നുണ്ടെങ്കിലും കടലാക്രമണത്തിന് ശാശ്വത പരിഹാരമാണ് ഞങ്ങൾക്ക് വേണ്ടത്. പണ്ടത്തെ അപേക്ഷിച്ച് കടൽ ഒരുപാട് കിഴക്കോട്ട് വന്നിരിക്കുകയാണിപ്പോൾ. ഒരു മത്സ്യത്തൊഴിലാളിയുടെ മകളായി ജനിച്ച് മറ്റൊരു മത്സ്യത്തൊഴിലാളിയുടെ ഭാര്യയായി ഈ ചെല്ലാനത്ത് തന്നെയാണ് ഞാനെന്റെ എഴുപത്തിമൂന്നാം വയസ്സിലും ജീവിക്കുന്നത്. പണ്ട് വീടുകളുണ്ടായിരുന്ന സ്ഥലമെല്ലാം ഇപ്പോൾ പെരുംകടലായി മാറിയിരിക്കുകയാണ്. ആ വീടുകൾ തിരക്കിയാൽ അവിടെ ശക്തമായ തിരമാലകൾ ആഞ്ഞടിക്കുന്നത് കാണാം. കടൽ എടുത്തുപോകുന്തോറും ആളുകളും കിഴക്കോട്ടേക്ക് താമസം മാറിക്കൊണ്ടിരിക്കുകയാണ്''- മറിയാമ്മ ജോർജ്ജ് പറയുന്നു.

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടർ തുറക്കുമ്പോഴുള്ള ഒഴുക്ക് പോലെയായിരുന്നു അത്. ചെല്ലാനം വെളാങ്കണ്ണി ബസാറിലെ എല്ലാ വീടുകളിലും മുട്ടൊപ്പം ചെളിയായിരുന്നുവെന്നാണ് സ്വദേശിയായ ജോസഫ് അറയ്ക്കൽ പറയുന്നത്: ""ഞങ്ങളൊക്കെ മത്സ്യത്തൊഴിലാളികളാണ്. ഒരുമാതിരിയുള്ള വെള്ളപ്പൊക്കമെല്ലാം തരണം ചെയ്യാൻ ഞങ്ങൾക്ക് ആകും. പ്രളയകാലത്ത് നിങ്ങൾ അത് കണ്ടതാണ്. ആ ഞങ്ങൾ പോലും ഭയന്നുപോയ അവസ്ഥയാണ് ഇത്തവണ ചെല്ലാനത്തുണ്ടായത്. കടലാക്രമണത്തിന്റെ മുന്നറിയിപ്പ് ലഭിച്ചപ്പോഴും ഞങ്ങൾക്കൊരു പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ അതിനപ്പുറമായിരുന്നു ഇത്തവണ. ഒരുമാതിരി വീട്ടുപകരണങ്ങളൊക്കെ മാറ്റിവച്ചിരുന്നു. എന്നാൽ ആ പരിധിക്ക് മുകളിലേക്കും വെള്ളം കയറിയപ്പോൾ വീടുകളിലേക്ക് കയറാൻ സാധിച്ചില്ല. എല്ലാവരും റോഡുകളിലായിപ്പോയി. കിടപ്പുരോഗികളെയും ഗർഭിണികളെയും റെസ്‌ക്യൂഫോഴ്സും നാട്ടുകാരും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിരുന്നു. രണ്ട് ദിവസം ഭക്ഷണം പോലും കഴിക്കാതെയാണ് പൊലീസും ഫയർഫോഴ്​സും തീരദേശവാസികൾക്ക് വേണ്ടി പ്രവർത്തിച്ചത്. എസ്.പി മുഴുവൻ സമയത്തും ഇവിടെത്തന്നെയുണ്ടായിരുന്നു.''

കടൽക്ഷോഭം ചെറുക്കാൻ മണൽച്ചാക്കുകൾ നിരത്തിയിരിക്കുന്നു

തിരമാലകൾ അടിച്ചുകയറുമ്പോഴും പലരും വീടുകളിൽനിന്നിറങ്ങാൻ കൂട്ടാക്കിയിരുന്നില്ല. ഗത്യന്തരമില്ലാതെയാണ് അവർ ഇറങ്ങിയത്. ഒരു ആയുസ്സിലെ സമ്പാദ്യം ഉപേക്ഷിച്ച് പോകാൻ പറ്റാത്തതും ഇതിന് കാരണമായി. പ്രളയകാലത്തും ഇത്തരം ധാരാളം മനുഷ്യരെ നാം കണ്ടിരുന്നു. എന്തെല്ലാം നഷ്ടപ്പെട്ടുവെന്ന് ഇനിയും പറയാറായിട്ടില്ല. എല്ലാവർക്കും ഇനി ഒന്നേയെന്ന് തുടങ്ങേണ്ടിവരും.

ചെല്ലാനത്തെ കടലാക്രമണത്തിൽ ഏറ്റവും നാശനഷ്ടമുണ്ടായത് വേളാങ്കണ്ണിക്കും ബസാറിനുമിടയിലുള്ള പതിമൂന്നാം വാർഡിലാണ്. അഞ്ച് ശതമാനം വീടുകളിൽ മാത്രമാണ് ഈ പഞ്ചായത്തിൽ ഇത് ബാധിക്കാതിരുന്നത്. ചെല്ലാനം ഫിഷിംഗ് ഹാർബർ മുതൽ വടക്കോട്ട് ദ്രോണാചാര്യ വരെയുള്ള ഭാഗങ്ങളിലാണ് ഇത് നാശം വിതച്ചത്. എട്ട് ഒമ്പത് വീടുകൾ പൂർണ്ണമായും നശിച്ചു.

‘‘552 ദിവസമായി ഞങ്ങൾ സമരത്തിൽ തന്നെയാണ്. കടൽക്ഷോഭത്തിന്റെ കാരണങ്ങളും പരിഹാരമാർഗ്ഗങ്ങളും ചൂണ്ടിക്കാട്ടി കലക്ടർക്ക് നിവേദനം സമർപ്പിച്ചിരുന്നു. ശാശ്വത പരിഹാരമാർഗ്ഗങ്ങളാണ് നമ്മൾ ആവശ്യപ്പെട്ടതെങ്കിലും മൺസൂൺ വരുമ്പോൾ നടത്തേണ്ട പ്രതിരോധ പ്രവർത്തനങ്ങളാണ് പ്രധാനമായും നിർദ്ദേശിച്ചിരുന്നത്. ജനുവരി മുതൽ ആ പ്രവർത്തനങ്ങൾ സമയബന്ധിതമായി നടത്തിയിരുന്നെങ്കിൽ ഇത്ര രൂക്ഷത ഒരു സ്ഥലത്തും ഉണ്ടാകുമായിരുന്നില്ല. തീരശോഷണത്തിന്റെ പ്രധാന കാരണം കൊച്ചിൻ പോർട്ടിന്റെ ഭാഗത്ത് കടലിന്റെ ആഴം ക്രമാതീതമായി വർധിക്കുന്നതാണ്. തീരം ആഴം വച്ച് പോകുകയാണിവിടെ. തീരം ആഴം വയ്ക്കുന്നതിനാൽ തിരമാലകൾ തീരത്തേക്ക് വരുമ്പോൾ ശക്തികൂടുന്നു. ഈ തിരമാലകൾ കടൽഭിത്തിയുടെ കിഴക്കുഭാഗത്തായാണ് പതിക്കുന്നത്. ആ വെള്ളത്തിന് തിരികെ കടലിലേക്ക് ഒഴുകിപ്പോകുന്നതിന് മാർഗ്ഗങ്ങളൊന്നുമില്ല. അത് വീടുകളിലേക്കും പുരയിടങ്ങളിലേക്കും കയറുകയാണ് ചെയ്യുന്നത്.'' ജോസഫ് വിശദമാക്കി.

കാരണം തീരദേശങ്ങളിലെ നിർമാണ പ്രവർത്തനങ്ങൾ

തീരദേശങ്ങളിലെ ഇപ്പോഴത്തെ ദുരിതങ്ങൾക്ക് കാരണം ചുഴലിക്കാറ്റുകൾ മാത്രമാണെണ് മത്സ്യത്തൊഴിലാളികൾ വിശ്വസിക്കുന്നില്ലെന്നാണ് തീരദേശ വനിതാ ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ്​ മാഗ്ലിൻ ഫിലോമിന പറയുന്നത്: ""1950കളിൽ ഇന്ത്യ- നോർവീജിയൻ പദ്ധതിയുടെ ഭാഗമായാണ് കേരളത്തിൽ തുറമുഖങ്ങൾ ആരംഭിച്ചത്. അതിലൊരു തുറമുഖമായിരുന്നു വിഴിഞ്ഞത്തെ ഫിഷിംഗ് ഹാർബർ. ഇപ്പോൾ നിർമ്മാണം നടക്കുന്ന ഹാർബറിന്റെ കാര്യമല്ല പറയുന്നത്. ഫിഷിംഗ് ഹാർബർ വന്നതിന്റെ പ്രതിഫലനം കണ്ടുതുടങ്ങിയത് 1970 കാലഘട്ടങ്ങളിലാണ്. കൊല്ലം തങ്കശ്ശേരി ഹാർബറും ഇതിന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഈ ഹാർബറുകളുടെ ഫലമായി വടക്കുഭാഗത്തെ പൂന്തുറ, കോവളം പ്രദേശങ്ങളിലെ തീരങ്ങൾ കാര്യമായി കടലെടുത്തുപോയി. പൂന്തുറക്കാർ വലിയ ബഹളം ഉണ്ടാക്കിയതുകൊണ്ട് അവിടെയും കോവളത്തുമൊക്കെ കടൽഭിത്തിയും പുലിമുട്ടും ഉണ്ടാക്കി. അവിടെ പുലിമുട്ട് ഉണ്ടാക്കിയപ്പോൾ ചെറിയതുറ, ബീമാപ്പള്ളി ഭാഗങ്ങളിൽ കടലെടുക്കാൻ തുടങ്ങി. എന്നാൽ ഇത് രൂക്ഷമാകുന്നത് വിഴിഞ്ഞത്തെ വ്യാവസായിക ഹാർബറിന്റെ നിർമ്മാണത്തിന്റെ ഭാഗമായി പുലിമുട്ടുകൾ സ്ഥാപിച്ചതോടെയാണ്''.

കൊല്ലം ഹാർബറിന്റെയും ശക്തികുളങ്ങര ഹാർബറിന്റെയും പ്രതിഫലനമുണ്ടായത് അതിന് വടക്കുഭാഗത്തുള്ള തീരദേശ ഗ്രാമങ്ങളിലാണ്. കരിമണൽ ഖനനമാണ് ആലപ്പാട്ട് ഗ്രാമത്തിലൊക്കെ കടൽക്ഷോഭത്തിന് കാരണമായത്. ഒന്നര കിലോമീറ്റർ വിസ്തൃതിയിലാണ് ഇവിടെ കടൽത്തീരം പോയിട്ടുള്ളത്. ഇതും ഒരു സ്വാഭാവിക പ്രതിഭാസമായി കാണാനാകില്ല. സൂനാമി കൊല്ലത്തും ആലപ്പാട്ടും ആഞ്ഞടിച്ചതിന് കാരണം അവിടങ്ങൾ അപ്പോഴേക്കും താഴ്ന്ന പ്രദേശങ്ങളായി മാറിയതാണ്. കേരളത്തിൽ കടൽക്ഷോഭം രൂക്ഷമായ പ്രദേശങ്ങൾ പരിശോധിച്ചാൽ അതിന്റെ പരിസര പ്രദേശങ്ങളിലെവിടെയെങ്കിലും ഒരു നിർമാണ പ്രവർത്തനമോ മണൽ ഖനനമോ നടക്കുന്നുണ്ടെന്ന് മനസ്സിലാക്കാം. അല്ലാത്ത സ്ഥലങ്ങളിലൊക്കെ കടൽ ക്ഷോഭമുണ്ടായിട്ടുണ്ടെങ്കിലും വന്നതുപോലെ തന്നെ തിരിച്ച് പോയിട്ടുമുണ്ട്.

ചെല്ലാനത്തേത് വർഷങ്ങളായുള്ള പ്രശ്നമാണ്. സൗദി മാനാശേരി ഭാഗത്തൊക്കെ ഇതിലും മുമ്പ് പ്രശ്നങ്ങൾ തുടങ്ങിയതാണ്. ""കൊച്ചിൻ പോർട്ടിൽ നിന്ന്​ ദിവസംതോറും ടൺ കണക്കിന് മണ്ണാണ് കുഴിച്ചെടുക്കുന്നത്. കപ്പലിന് അടുക്കാൻ വേണ്ടിയാണ് ഇത് ചെയ്യുന്നത്. ഈ മണ്ണ് ആഴക്കടലിൽ കൊണ്ടുപോയി നിക്ഷേപിക്കുമെന്നാണ് പറയുന്നത്. എന്ത് ശാസ്ത്രീയ ബോധത്തിന്റെ അടിസ്ഥാനത്തിലാണ് ഇവർ ആഴക്കടലിൽ കൊണ്ടുപോയി മണ്ണ് കളയുന്നത്. അതേസമയത്ത് തന്നെയാണ് ചെല്ലാനം പോലുള്ള പ്രദേശങ്ങൾ താഴ്ന്നുവരുന്നത്. സൂനാമിക്ക് ശേഷം ചെല്ലാനത്തിന്റെ തെക്ക് വശത്ത് ഒരു ഫിഷിംഗ് ഹാർബറുണ്ടാക്കിയതാണ് ചെല്ലാനത്തെ കടൽക്ഷോഭങ്ങൾക്ക് പ്രധാന കാരണം. ഫിഷിംഗ് ഹാർബറുണ്ടാക്കുന്നതും മത്സ്യത്തൊഴിലാളികൾ തന്നെയല്ലേയെന്ന ചോദ്യവും ഇവിടെയുയരും. തീരപ്രദേശത്ത് മുഴുവൻ കൂമ്പാരം പോലെ കല്ലിട്ട് കഴിഞ്ഞാൽ മത്സ്യത്തൊഴിലാളികൾ തങ്ങളുടെ ഉപജീവനത്തിന് എന്തുചെയ്യും?'' മാഗ്ലിൻ ചോദിക്കുന്നു.

ആദ്യം തകർന്നത് മതിലുകൾ

ഇത് പെട്ടെന്നുണ്ടായ കടല് കയറ്റമെല്ലെന്നാണ് വടക്കേ ചെല്ലാനം സ്വദേശിയും ചെല്ലാനം കൊച്ചി ജനകീയ വേദി സംയുക്തസമക സമിതിയുടെ കൺവീനറുമായ സെബാസ്റ്റ്യൻ വി. ടി. പറയുന്നത്: ‘‘ഞങ്ങളുടെ പൊതുയോഗങ്ങളിലെല്ലാം ഈ വർഷമുണ്ടാകുന്നത് കടലേറ്റം ആയിരിക്കില്ല ദുരന്തമായിരിക്കുമെന്ന മുന്നറിയിപ്പ് നൽകിയിരുന്നതാണ്. കഴിഞ്ഞ വർഷത്തേതിലും ഒരടി കൂടുതൽ വെള്ളം പൊങ്ങുമെന്നാണ് പ്രതീക്ഷിച്ചതാണ്. എന്നാൽ പ്രതീക്ഷകൾക്കും അപ്പുറത്താണ് ഇത്തവണ വെള്ളം പൊങ്ങിയത്. ഇത് പ്രതീക്ഷിച്ചിരുന്നതിനാൽ അധികൃതരെ ആശ്രയിക്കാതെ ജനങ്ങൾ തന്നെ മെയ് മാസത്തിന് മുമ്പ് ‘ചാക്ക് ചലഞ്ച്’ നടത്തിയിരുന്നു. വരുന്ന വെള്ളം കുത്തിയൊലിച്ച് വരുന്നത് ഒഴിവാക്കാനും വെള്ളം തിരിച്ച് വീടാനും ചാക്കിൽ മണ്ണ് നിറച്ച് വീടുകളോട് ചേർന്ന് വച്ചിരുന്നു. കടലിനോട് ഏറ്റവും അടുത്ത് കിടക്കുന്ന വീടുകളിൽ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കുകയും ചെയ്തു. കടലാക്രമണം തടയാനായി പലരും ഉറപ്പുള്ള മതിലുകൾ സ്ഥാപിച്ചിരുന്നു. എന്നാൽ മൂന്ന് നാല് അടി ഉയരത്തിൽ തിരകൾ ആഞ്ഞടിച്ചപ്പോൾ ഈ മതിലുകളാണ് ആദ്യം തകർന്നത്. പിന്നീട് വരുന്ന വെള്ളം മൂന്ന് അടി ഉയരത്തിലല്ല, പകരം അഞ്ചും ആറും അടി ഉയരത്തിലാണ് വരുന്നത്. വെള്ളം കുത്തിയൊലിക്കുന്നതിനാൽ പറമ്പുകളിൽ പലയിടത്തും പുതിയ കുഴികൾ രൂപപ്പെട്ടിരുന്നു. അതിനാൽ തന്നെ ആർക്കും പരസ്പരം സഹായിക്കാൻ പറ്റാത്ത അവസ്ഥയായി. ജോയി എന്ന സുഹൃത്തിന്റെ വീട്ടിൽ പ്രായമായ അപ്പനും അമ്മയും ഉണ്ടായിരുന്നു. വെള്ളം കട്ടിൽപ്പൊക്കത്തിന് മുകളിലെത്തിയപ്പോൾ അവൻ സഹായത്തിനായി പലരെയും വിളിച്ചു. എന്നാൽ ഒഴുക്കിന്റെ ശക്തികൊണ്ടും പറമ്പിലെ കുഴികൾ കാരണവും ആർക്കും അവിടേക്ക് എത്തിച്ചേരാനായില്ല. ഒടുവിൽ അവനും കുടുംബവും ഒരുവിധത്തിലാണ് രക്ഷപ്പെട്ടത്. ''

കടലാക്രമണ സൂചന ലഭിച്ചതോടെ വീടുകൾക്കു മുമ്പിൽ സംരക്ഷണ ഭീത്തിയൊരുക്കുന്ന ചെല്ലാനത്തുകാർ

ചെല്ലാനത്ത് എല്ലാ വർഷവും കടലേറ്റം ഉണ്ടാകാറുണ്ട്. 2010ന് ശേഷം ഇത് കൂടുതലാകാൻ തുടങ്ങി. കൊച്ചിൻ പോർട്ടിന്റെ ആഴം കൂട്ടുന്നതാണ് ഇതിന് കാരണം. പലപ്പോഴും പരിഹാരം തേടി സമരങ്ങൾ നടന്നെങ്കിലും പരിഹാരം ഉടൻ കാണുമെന്ന ഉറപ്പിൽ അതെല്ലാം അവസാനിപ്പിക്കുകയായിരുന്നു. 2018ലെ വെള്ളപ്പൊക്കത്തിൽ കടലേറ്റം ഉണ്ടായപ്പോഴാണ് ജനങ്ങൾ കൂടുതൽ ബോധവാന്മാരാകുന്നതും സമരം ശക്തമാക്കുന്നതും.

‘‘2019 ഒക്ടോബറിൽ ഞങ്ങൾ സമരം ആരംഭിച്ചു. 585 ദിവസം പിന്നിട്ടുകഴിഞ്ഞു. ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ സമരം എല്ലാവരും വീടുകളിലേക്ക് മാറ്റി. ആളുകൾ അവരവരുടെ വീടുകളിൽ നിരാഹാരം ഇരിക്കാൻ ആരംഭിച്ചു. വാട്സ്ആപ്പ് വഴിയൊക്കെയാണ് സമരം ഏകോപിപ്പിച്ചിരുന്നത്. കൊച്ചിൻ പോർട്ട് ഡ്രഡ്ജ് ചെയ്ത് കൊണ്ടുപോകുന്ന എക്കൽ തീരക്കടലിൽ നിക്ഷേപിച്ചാൽ കടലിന് ആഴം കൂടുന്നത് കുറയ്ക്കാൻ സാധിക്കും. ജിയോ ട്യൂബുകൾ ഉപയോഗിച്ചുള്ള പുലിമുട്ടുകളുടെ സഹായത്തോടെ അത് ചെയ്യാനാകും. അതിനായി പശ്ചിമഘട്ട മലനിരകളിലെ കരിങ്കല്ലുകൾ ഇവിടെ കൊണ്ടുവന്ന് നിക്ഷേപിക്കേണ്ടതില്ല. സർക്കാർ പ്രതീക്ഷിക്കുന്നത് പോലെ അമിതമായ ചെലവും വരില്ല'' ; സെബാസ്റ്റ്യൻ വി. ടി. പറയുന്നു.

ഡ്രെഡ്ജ് ചെയ്യുന്ന എക്കൽ തരാമെന്ന് കൊച്ചിൻ പോർട്ട് സമ്മതിച്ചിട്ടുണ്ട്. അത് നല്ല നീക്കമാണെന്നും ജോസഫ് അറയ്ക്കൽ പറയുന്നു. ആ മണ്ണ് വീണ്ടും ഒഴുകിപ്പോകാതിരിക്കാൻ പുലിമുട്ടുകൾ ഇടുകയാണ് ചെയ്യുന്നത്. ട്രൈപ്പോഡും ടെട്രാപ്പോഡും ജിയോട്യൂബും എല്ലാം ഉപയോഗിച്ച് മണ്ണിന്റെ ഒഴുക്ക് തടഞ്ഞുനിർത്താം. എന്നാൽ കടൽഭിത്തിക്ക് ഇപ്പുറത്ത് ജിയോട്യൂബുകൾ ഫലവത്തല്ല. കഴിഞ്ഞ അഞ്ച് വർഷം ചെല്ലാനത്തിന് വേണ്ടി പ്രഖ്യാപിച്ച ഒരു പദ്ധതിയും നടപ്പാക്കിയിട്ടില്ല. 12,000 കോടി രൂപ മുടക്കിയെന്ന് സർക്കാർ പറയുമ്പോൾ അതിനെക്കുറിച്ചുള്ള പ്രതിപക്ഷ നേതാവിന്റെ ചോദ്യത്തിന് ഉത്തരമില്ലാത്ത അവസ്ഥയാണ് അവർക്ക്. പുനർഗേഹം പദ്ധതിയിൽ സർക്കാർ മുറുകെ പിടിച്ചിരിക്കുകയാണ്. ഈ പദ്ധതി ആദ്യം പ്രഖ്യാപിക്കുമ്പോൾ അമ്പത് മീറ്റർ പരിധിയിലുണ്ടായിരുന്നവർക്ക് ഇപ്പോൾ വീടുകൾ നഷ്ടപ്പെട്ട് പോയിട്ടുണ്ട്. വീണ്ടും പദ്ധതി പ്രഖ്യാപിക്കുമ്പോൾ അത് നൂറ് മീറ്റർ പരിധിയിലേക്ക് പോകുകയാണ്. ശാശ്വത പരിഹാരമില്ലെങ്കിൽ വീണ്ടും തീരം നഷ്ടപ്പെടുകയാകും ചെയ്യുക. പതിനെട്ടര കിലോമീറ്റർ നീളത്തിൽ 1.07 വീതിയിൽ നാലായിരത്തി മുന്നൂറ്റി ചില്വാനം ഏക്കർ ഭൂമിയാണ് ഇതുവരെ നഷ്ടമായിരിക്കുന്നതെന്നാണ് കണക്ക്. ചെല്ലാനത്തിന്റെ പഴയ ഒരു സർവേയിലെ കണക്ക് അനുസരിച്ചാണ് ഇത്രയും ഭൂമി നഷ്ടമായതായി കണക്കാക്കുന്നത്. കൊച്ചി നഗരത്തോട് ചേർന്നുകിടക്കുന്ന പ്രദേശത്ത് ഒരു സെൻറ്​ ഭൂമിയ്ക്ക് എത്രരൂപ വിലവരും എന്ന് അദ്ദേഹം ചോദിക്കുന്നു. രണ്ട് സെൻറ്​ സ്ഥലമുള്ളയാൾക്കും അമ്പത് സെൻറ്​ സ്ഥലമുള്ളയാൾക്കും എല്ലാം യാതൊരു മാനദണ്ഡവും നോക്കാതെ പത്ത് ലക്ഷം രൂപ നൽകി ഒഴിവാക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും ജോസഫ് അറയ്ക്കൽ ആരോപിക്കുന്നു. ഇവിടെ എല്ലാവരും മത്സ്യത്തൊഴിലാളികൾ അല്ലെങ്കിലും അനുബന്ധ തൊഴിലെടുത്ത് ജീവിക്കുന്നവരാണ് എല്ലാവരും. അതുകൊണ്ട് തന്നെ പുനർഗേഹം പദ്ധതി നടപ്പാക്കുമ്പോൾ അവരുടെ തൊഴിൽ സംസ്‌കാരത്തോടുകൂടി ഇണങ്ങിനിൽക്കുന്ന വിധത്തിൽ വേണം നടപ്പാക്കാൻ. നിലവിലെ സാഹചര്യത്തിൽ അത് സാധ്യമല്ല. നേരെ തിരിച്ച് ആളുകളെ ഗതിമുട്ടിച്ച് ഇവിടെ നിന്നും ഒഴിപ്പിക്കാമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടലെന്നും അദ്ദേഹം ആരോപിക്കുന്നു. എന്നാൽ മനുഷ്യായുസ്സ് മുഴുവനെടുത്ത് സമ്പാദിച്ചതൊന്നും ഇട്ടിട്ട് പോകാൻ തങ്ങൾക്കാകില്ലെന്നും അദ്ദേഹം പറയുന്നു.

ചെല്ലാനം തീരത്തോട് ചേർന്ന് ചെറിയ ബീച്ചുകൾ രൂപം കൊള്ളുന്നതാണ് പ്രശ്നത്തിനുള്ള ശാശ്വതമായ പരിഹാരമെന്ന് ഇവരുടെ അഭിഭാഷകനായ തുഷാർ നിർമ്മൽ സാരഥി പറയുന്നു: ‘‘കഴിഞ്ഞ സർക്കാരും അഞ്ച് വർഷം കൊണ്ട് തീരം സംരക്ഷിക്കുമെന്നാണ് പറഞ്ഞത്. എന്നാൽ അതിനുള്ള യാതൊരു നടപടികളും സർക്കാർ സ്വീകരിച്ചിട്ടില്ല’’; തുഷാർ ചൂണ്ടിക്കാട്ടുന്നു.

ടെട്രാപോഡ് ഉപയോഗിച്ച് കടൽഭിത്തി നിർമ്മിക്കാമെന്നാണ് ഇവർ പറയുന്നത്. കൂടാതെ തീരം സുരക്ഷിതമല്ലാത്തതിനാൽ അമ്പത് മീറ്റർ പരിധിയിൽ നിന്നും ആളുകളെ മാറ്റിത്താമസിപ്പിക്കാമെന്നും പറയുന്നു. മാറ്റിത്താമസിപ്പിക്കുമ്പോൾ കിട്ടുന്ന ഇടം ബയോഷീൽഡ് ആയി വികസിപ്പിച്ച് സ്വാഭാവിക തടയണയാക്കി മാറ്റുമെന്നൊക്കെയാണ് പറയുന്നത്. ഈ വിഷയത്തിൽ അടിയന്തര പ്രമേയം അവതരിപ്പിക്കുന്ന കോൺഗ്രസുകാരും ഒരു പാരിസ്ഥിതിക പ്രശ്നം എന്ന നിലയ്ക്കാണ് ഇത് അവതരിപ്പിക്കുന്നത്. വാസ്തവത്തിൽ മനുഷ്യ ഇടപെടൽ കൊണ്ടുണ്ടായ പ്രശ്നങ്ങളാണ് ഇതിന് കാരണം. തുറമുഖ നിർമ്മാണവും ഹാർബറുകളുടെ നിർമ്മാണവും പോർട്ടുകളുടെ പ്രവർത്തനവും പുലിമുട്ടുകൾ നിരന്തരമായി സ്ഥാപിക്കുന്നതുമെല്ലാം അതിൽ വരുന്നു. കോഴിക്കോട്ടെയും കണ്ണൂരിലെയും ഹാർബറുകളുടെ നിർമ്മാണം പൂർത്തിയാക്കുമെന്നും വിഴിഞ്ഞത്തെ പോർട്ട് നിർമ്മാണം പൂർത്തിയാക്കുമെന്നുമാണ് അവർ പറയുന്നത്. എന്നാൽ അതുകൊണ്ടുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നം കാണാൻ അവർക്ക് താൽപര്യമില്ല. കഴിഞ്ഞദിവസം വിഴിഞ്ഞത്തെ ഹാർബർ മൗത്തിലാണ് അപകടമുണ്ടായതും മത്സ്യത്തൊഴിലാളുകൾ മരിച്ചതും. പോർട്ടിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് മണൽ ഇവിടെ അടിഞ്ഞുകൂടിയതാണ് അപകടത്തിന് കാരണം. ആ വിഷയം ചർച്ച ചെയ്യാതെ കടൽക്ഷോഭത്തിന്റെ മുഴുവൻ ഉത്തരവാദിത്വവും കാലാവസ്ഥാ വ്യതിയാനത്തിന് മേൽ അടിച്ചേൽപ്പിക്കുകയാണ് ഇവർ ചെയ്യുന്നത്. ഈ നിർമ്മാണങ്ങളെല്ലാം തുടർന്നും നടക്കുമെന്നതിനാൽ ഈ പ്രശ്നങ്ങളും തുടരും. കാലാവസ്ഥാ വ്യതിയാനം നാം കാണേണ്ടത് തന്നെയാണ്. എന്നാൽ കടൽക്ഷോഭത്തിന് കാരണമാകുന്ന പ്രാദേശിക ഘടകങ്ങളെ ഇവർ അംഗീകരിക്കുന്നില്ല.

‘‘തീരം സുരക്ഷിതമല്ലെന്ന് വരുത്തി തീർത്ത് കുടിയൊഴിപ്പിക്കാനാണ് ഒരു വിഭാഗത്തിന് താൽപര്യം. പോർട്ടുമായി ബന്ധപ്പെട്ട സാഗർമാല പോലുള്ള വൻകിട മൂലധന നിക്ഷേപമാണ് ഇവിടങ്ങളിൽ ലക്ഷ്യമിടുന്നത്. 2016ൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ലോജിസ്റ്റിക് പാർക്ക് നടപ്പിലാക്കുമെന്നായിരുന്നു തെരഞ്ഞെടുപ്പിലെ എൽഡിഎഫ് വാഗ്​ദാനം. പോർട്ടിൽ നിന്നുള്ള സാധനങ്ങൾ സംഭരിക്കാനും സൂക്ഷിക്കാനും റീപാക് ചെയ്യാനുമൊക്കെയാണ് സ്വകാര്യ പങ്കാളിത്തത്തോടെ ലോജിസ്റ്റിക് പാർക്കുകൾ ഉപയോഗിക്കപ്പെടുന്നത്. ഒരുവശത്ത് മൂലധന നിക്ഷേപങ്ങൾക്ക് ശ്രമിക്കുകയും മറുവശത്ത് തീരം സുരക്ഷിതമല്ലെന്ന് പറഞ്ഞ് ആളുകളെ കുടിയിറക്കുകയുമാണ് ചെയ്യുന്നത്. അന്തസ്സുള്ള ആർക്കും ഈ കുടിയിറക്കം അംഗീകരിക്കാൻ പറ്റില്ല. കേരളത്തിലെ 590 കിലോമീറ്റർ തീരവും ഒരുപോലെ ഈ പ്രശ്നങ്ങൾ ബാധിക്കുന്നവയല്ല. പ്രാദേശികമായ സവിശേഷ സാന്നിധ്യങ്ങളാണ് അതിന് കാരണം. കൊച്ചിയിലെ പ്രശ്നം പോർട്ട് ആണ്. അതിനെ മറികടക്കാനാകുന്ന സമീപനമാണ് ഉണ്ടാകേണ്ടത്.

ചെല്ലാനവും ഒറ്റമശ്ശേരിയും തമ്മിൽ പത്ത് കിലോമീറ്റർ ആണ് ദൂരം. ചെല്ലാനത്ത് ഒരു ഹാർബർ ഉണ്ട്. ഒറ്റമശ്ശേരിയുടെ തെക്ക് ഭാഗത്തും ഒരു ഹാർബറുണ്ട്. ഇതിന് രണ്ടിനും ഇടയിലായി വീണ്ടും ഒരു ഹാർബർ കൊണ്ടുവരാനാണ് നീക്കം. ഇതിന്റെ ലോജിക് മനസ്സിലാകുന്നില്ല. ഇത്തരം അനാവശ്യ നിർമ്മാണ പ്രവർത്തനങ്ങൾ പുനരാലോചിക്കേണ്ടതുണ്ട്. തോട്ടപ്പള്ളിയിലെ ഹാർബർ മണ്ണ് അടിഞ്ഞ് ഉപയോഗശൂന്യമായി. ഈ ഹാർബർ വന്ന ശേഷം അതിന് സമീപ പ്രദേശങ്ങളിൽ വലിയ തോതിൽ കടലാക്രമണം ഉണ്ടായിരുന്നു. ഹാർബറും ഉപയോഗിക്കാൻ പറ്റിയില്ല, സമീപപ്രദേശങ്ങളിലെ മണ്ണ് നഷ്ടപ്പെട്ട് അവിടെ കടലാക്രമണങ്ങൾ പതിവാകുകയും ചെയ്തു. ഹാർബർ കൊണ്ട് ആർക്കും ഗുണമുണ്ടായില്ലെന്ന് മാത്രമല്ല, ദുരിതം അനുഭവിക്കേണ്ടതായും വരുന്നു. കൊച്ചിൻ പോർട്ട് അടച്ചുപൂട്ടണമെന്ന് ഇനി പറയാനാകില്ല. എന്നാൽ പ്രത്യാഘാതങ്ങൾ ലഘൂകരിക്കാനുള്ള നടപടികൾ സ്വീകരിക്കാവുന്നതാണ്. ബീച്ചുകൾ ഉണ്ടാക്കുകയാണ് ഏറ്റവും നല്ല മാർഗ്ഗങ്ങളെന്നാണ് ഇപ്പോൾ ചർച്ചകളിൽ നിന്നും ഉരുത്തിരിഞ്ഞിരിക്കുന്ന ആശയം.'' തുഷാർ വിശദീകരിച്ചു.

അതിരുവരെ വെള്ളത്തിലായ ഒരു വീട്​

പത്തുവർഷക്കാലത്ത് നിർമാണം നിർത്തിവച്ച്​ തീരക്കടലിന് എന്താണ് സംഭവിക്കുന്നതെന്ന് ശാസ്ത്രീയ പഠനം നടത്തുകയാണ് വേണ്ടതെന്നും തീരദേശവാസികൾ കൂട്ടത്തോടെ പറയുന്നു. നിർമാണ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ ഇവർ ആവശ്യപ്പെടുന്നില്ല. പകരം, വിഴിഞ്ഞം ഹാർബറും പുതുവൈപ്പിൻ എൽപിജി പ്ലാന്റും ഉൾപ്പെടെയുള്ള എല്ലാ നിർമാണ പ്രവർത്തനങ്ങളും പലയിടങ്ങളിലായി നടക്കുന്ന കരിമണൽ ഖനനങ്ങളും എല്ലാം തന്നെ കുറച്ചുനാളത്തേക്കെങ്കിലും നിർത്തി വച്ച് ശാസ്ത്രീയ പഠനം നടത്തണമെന്നാണ് ഇവരുടെ ആവശ്യം. അതിലൂടെ കടൽക്ഷോഭത്തിന് പരിഹാരം കണ്ടെത്താനെങ്കിലും നമുക്ക് സാധിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ.

തീരശോഷണം എന്നാൽ കടൽ കരയിലേക്ക് കയറിവരുന്നത് മാത്രമല്ല. ഒരു വിഭാഗം ജനങ്ങളുടെ ഭൂമിയും ആവാസ വ്യവസ്ഥയും ഉപജീവനവും സംസ്‌കാരവും എല്ലാം ഇതോടൊപ്പം ഒലിച്ചുപോകുകയാണ്. അഞ്ചോ പത്തോ വർഷം മുമ്പ് നഷ്ടപ്പെട്ട വീട് എവിടെയായിരുന്നുവെന്ന് ചോദിച്ചാൽ കിലോമീറ്ററുകളോളം കടലിന് ഉള്ളിലേക്ക് അവർ ചൂണ്ടുന്ന വിരൽത്തുമ്പിലുള്ളത് അവയെല്ലാമാണ്. അമ്പതും അറുപതും വർഷങ്ങളായി താമസിച്ചുകൊണ്ടിരിക്കുന്ന പ്രമാണങ്ങളുള്ള ഭൂമിയാണ് ഇപ്പോൾ ഇവർക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതെന്ന്. അതിനാൽ തന്നെ ഒരു ശാശ്വതപരിഹാരത്തിനായുള്ള കാത്തിരിപ്പിലാണ് തീരദേശവും തീരദേശവാസികളും.

Comments