മെയ് 13നാണ് ചെല്ലാനത്ത് കൊടും മഴ പെയ്തുതുടങ്ങിയത്.
അങ്ങനെയൊരു ഉഗ്രരൂപം പൂണ്ട കടലിനെ അവർ ആദ്യമായല്ല കാണുന്നത്.
നോർത്ത് ചെല്ലാനം സെൻറ് സെബാസ്റ്റ്യൻസ് പള്ളിക്കുസമീപം താമസിക്കുന്ന 65 കാരനായ ആന്റണി അന്ന് പതിവില്ലാത്ത വിധം പരിഭ്രാന്തിയിലായിരുന്നു. കാരണം, തിരമാലകൾ വീട്ടിലേക്ക് ഇരച്ചുകയറുകയാണ്.
പിറ്റേന്ന്, ആന്റണിയുടെ വീടിനു മുന്നിലുള്ള വിജയൻ കനാൽ കവിഞ്ഞൊഴുകി ആ വെള്ളവും വീട്ടിലേക്ക് അടിച്ചുകയറിത്തുടങ്ങി. വീട്ടുമുറ്റത്ത് മൂന്നടിയോളം ജലനിരപ്പുയർന്നപ്പോൾ, തട കെട്ടാൻ ആന്റണി ഗേറ്റിനടുത്തേക്ക് നടന്നു. ഭാര്യ സൂസൻ വീട്ടുമുറ്റത്ത് കെട്ടിക്കിടന്ന വെള്ളം ഒഴുക്കിവിടുന്നതിന്റെയും ഒഴുകിപ്പോയ വീട്ടുസാധനങ്ങൾ പെറുക്കിയുടുക്കുന്നതിന്റെയും തിരക്കിലായിരുന്നു. വളർത്തു നായയുടെ നിർത്താതെയുള്ള കുര കേട്ട് വീടിന്റെ മുൻവശത്തെത്തിയ സൂസൻ കണ്ടത് വെള്ളകെട്ടിൽ വീണു കിടക്കുന്ന ആന്റണിയെയാണ്.
റോഡ് വെള്ളത്തിലായതിനാൽ കാർ ഉന്തിയാണ് ആന്റണിയെ അയൽപക്കത്തെ യുവാക്കളുടെ സഹായത്തോടെ ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്ന് അയൽവാസിയും പള്ളുതുരുത്തി ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ ആരതി പറഞ്ഞു. ഹോസ്പിറ്റലിൽ വെച്ച് ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. വർഷങ്ങളായി ആവർത്തിച്ചുകൊണ്ടിരിക്കുന്ന ചെല്ലാനത്തെ വെള്ളപ്പൊക്കത്തിന്റെ ഈ വർഷത്തെ ആദ്യ രക്തസാക്ഷിയായി ആന്റണി.
ചെല്ലാനം; മണ്ണൊലിപ്പ് സാധ്യതാ പ്രദേശം
കൊച്ചി നഗരത്തിൽ നിന്ന് 20 കിലോമീറ്റർ അകലെയുള്ള ചെല്ലാനം ജനസാന്ദ്രതയുള്ള മത്സ്യബന്ധന ഗ്രാമമാണ്. 17.5 കിലോമീറ്റർ നീളമുള്ള തീരത്ത് കുറഞ്ഞത് 16,000 കുടുംബങ്ങളുണ്ട്. അതിൽ 10,000 കുടുംബങ്ങളെങ്കിലും തീരത്തോടടുത്താണ് താമസം. ഭൂരിഭാഗവും ലാറ്റിൻ കത്തോലിക്ക സമുദായത്തിൽപ്പെട്ടവരും മത്സ്യത്തൊഴിലാളികളുമാണ്. ചെല്ലാനം പടിഞ്ഞാറ് അറബിക്കടലുമായും കിഴക്ക് കൊച്ചി കായലുമായും അതിർത്തി പങ്കിടുന്നു. 1986 ൽ സംസ്ഥാന സർക്കാർ, തീരദേശത്തെ മണ്ണൊലിപ്പിന് സാധ്യതയുള്ള പ്രദേശമായി ചെല്ലാനത്തെ അടയാളപ്പെടുത്തി.
മിനിറ്റുകൾക്കുള്ളിൽ വെള്ളം അവരുടെ കട്ടിലിനടിയിലെത്തി. പരിഭ്രാന്തയായ രാധയും മകനും കട്ടിലിനു മുകളിൽ എഴുന്നേറ്റുനിന്ന് നേരം വെളുപ്പിച്ചു. രാവിലെ വേലിയേറ്റം കനത്തു, ജനലിലൂടെ വെള്ളം കയറിത്തുടങ്ങി. രാധയും മകനും രക്ഷപ്രവർത്തകരുടെ സഹായത്തോടെയാണ് വീട്ടിൽ നിന്ന് രക്ഷപ്പെട്ടത്.
അറബിക്കടലിലുണ്ടായ ന്യൂനമർദം കാരണം ചെല്ലാനത്ത് മെയ് 13 മുതൽ കനത്ത മഴയായിരുന്നു. കടൽ ഭിത്തികൾക്കിടയിലൂടെ ഒഴുകിയെത്തിയ കൂറ്റൻ തിരകൾ വീടുകളും മതിലുകളും തകർത്തെറിഞ്ഞു. 60 ലധികം വീടുകൾ പൂർണമായും തകർന്നു, 200 ലധികം വീടുകൾക്ക് ഗുരുതര കേടുപാടുകളുണ്ടായി. തിരമാലകളോടൊപ്പം പ്ലാസ്റ്റിക് മാലിന്യവും കുപ്പിച്ചില്ലുകളും മറ്റും വീടുകളിലേക്ക്ഒഴുകിയെത്തി. പല വീടുകളിലും ചെളി അടിഞ്ഞുകൂടി, സെപ്റ്റിക് ടാങ്കുകൾ പൊട്ടിയൊലിച്ചു.
ഫോർട്ടുകൊച്ചി- ചേർത്തല സംസ്ഥാന പാതയിൽ നാലടിയോളം വെള്ളം നിറഞ്ഞതോടെ ഗതാഗതം തടസപ്പെട്ടു. ചെല്ലാനം കെ.എസ്.ഇ.ബി ഓഫീസിലും പൊലീസ് സ്റ്റേഷനിലും ദേവാലയങ്ങളിലുമെല്ലാം വെള്ളം കയറി. സൗദി, മണാശ്ശേരി ബസാർ, നെടുവയൽ, വാച്ചാക്കൽ, കമ്പനിപ്പടി, ഗോണ്ടുപറമ്പ്, സൗത്ത് ചെല്ലാനം, നോർത്ത് ചെല്ലാനം, മറുവാക്കാട്, കണ്ടക്കടവ്, പോത്തൻതോട് , കാട്ടിപ്പറമ്പ് എന്നിങ്ങനെ ചെല്ലാനത്തെ 90 ശതമാനം സ്ഥലങ്ങളെയും വെള്ളപ്പൊക്കം ബാധിച്ചു. കണ്ടക്കടവിലെയും മറുവാക്കാടിലെയും, ബസാറിലെയും ഒരു ഡസനിലധികം വീടുകളും ഗോണ്ടുപറമ്പിലെയും മാലാഖപ്പടിയിലെയും നാലോളം വീടുകളും തകർന്നു. മുതിർന്ന പൗരന്മാർ ഉൾപ്പെടെ നിരവധി പേർ വീടിന്റെ ടെറസുകളിൽ അഭയം തേടി. മറ്റു പലരും ബന്ധുക്കളുടെ വീടുകളിലേക്ക് മാറി.
കോവിഡ് രോഗികൾക്കായുള്ള കമ്യൂണിറ്റി കിച്ചണിൽ സന്നദ്ധപ്രവർത്തനത്തിന്വെള്ളിയാഴ്ച രാവിലെ ഏഴിന് വീട്ടിൽ നിന്ന് പുറപ്പെട്ടതായിരുന്നു 50 വയസുകാരിയായ രാധ ജോയി. ഉച്ചക്ക് പന്ത്രണ്ടോടെ ചെല്ലാനം പി.ഡബ്ല്യു.ഡി റോഡ് വെള്ളത്തിലായതിനാൽ വീട്ടിലേക്ക് മടങ്ങാനാകാതെ അവർ സുഹൃത്തിന്റെ വീട്ടിൽ അഭയം പ്രാപിച്ചു. വേലിയിറക്കമായപ്പോൾ രാത്രി 11 മണിയോടെ രാധ മകനോടൊപ്പം വീട്ടിലേക്ക് പോയി. വീട്ടിൽ അഴുക്കും മാലിന്യങ്ങളും നിറഞ്ഞിരുന്നു. ഒരാൾക്കും അങ്ങോട്ട് കേറാൻ പറ്റാത്ത അവസ്ഥ. അവർ ഒരു മുറി വൃത്തിയാക്കി ഉറങ്ങാൻ കിടന്നു. മിനിറ്റുകൾക്കുള്ളിൽ വെള്ളം അവരുടെ കട്ടിലിനടിയിലെത്തി. പരിഭ്രാന്തയായ രാധയും മകനും കട്ടിലിനു മുകളിൽ എഴുന്നേറ്റുനിന്ന് നേരം വെളുപ്പിച്ചു. രാവിലെ വേലിയേറ്റം കനത്തു, ജനലിലൂടെ വെള്ളം കയറിത്തുടങ്ങി. രാധയും മകനും രക്ഷാപ്രവർത്തകരുടെ സഹായത്തോടെയാണ് വീട്ടിൽ നിന്ന് രക്ഷപ്പെട്ടത്.
‘വീട്ടിലെ സകലതും നഷ്ടമായി; ടി.വിയും ഫ്രിഡ്ജും മറ്റുപകരണങ്ങളും. അത്ര ശക്തിയോടെയാണ് കടലിരമ്പിയെത്തിയത്.’, കരച്ചിലടക്കാനാകാതെ രാധ പറയുന്നു. രാധയടക്കം 15 ഓളം പേർ ചെല്ലാനം ഗ്രാമപഞ്ചായത്തിലെ ഒരു വാർഡ് മെമ്പറുടെ വീട്ടിലാണ് അഭയം തേടിയത്. സന്നദ്ധപ്രവർത്തകർക്ക് അവിടെയെത്താൻ കഴിയാത്തതിനാൽ അവർ ഭക്ഷണത്തിനുപോലും കഷ്ടപ്പെട്ടു. രണ്ടു ദിവസം കഴിഞ്ഞ് ശനിയാഴ്ച വൈകുന്നേരം, വെള്ളപ്പൊക്കത്തിൽ തന്റെ വീട് തകർന്നതായും കാറും ബൈക്കും ചെളിയിൽ പൂണ്ടുപോയതായും രാധക്കു വിവരം കിട്ടി.
കോവിഡ് നിരീക്ഷണത്തിലായിരുന്ന നിരവധി പേരും പോസിറ്റീവ് ആയവരും വെള്ളപ്പൊക്കത്തിനിടയിൽ മറ്റൊരു മാർഗവും ഇല്ലാതായപ്പോൾ വീട്ടിൽ നിന്നിറങ്ങി ഓടുകയായിരുന്നു.
വെള്ളപ്പൊക്കം രൂക്ഷമായപ്പോൾ ജില്ലാ ഭരണകൂടം ചെല്ലാനത്ത് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കണ്ടക്കടവിലെ സെൻറ് സേവ്യേഴ്സ് പബ്ലിക് സ്‌കൂൾ, ചെല്ലാനത്തെ സെൻറ് മേരീസ് ഹൈസ്‌കൂൾ, പള്ളുരുത്തിയിലെ എസ്.ഡി.പി.വൈ സെൻട്രൽ സ്‌കൂൾ, സെൻറ് ജോർജ്ജ് പാരിഷ് ഹാൾ തുടങ്ങിയവയോടൊപ്പം ചിന്മയ വിദ്യാലയയിൽ ഒരു ക്വാറന്റൈൻ കേന്ദ്രവും ഒരുക്കിയിട്ടുണ്ട്.
"സെൻറ് സേവ്യേഴ്‌സിൽ 300 ലധികം പേരും സെൻറ് മേരീസ് 126 ഓളം പേരുമുണ്ട്. ഞായറാഴ്ച 1000 പേർക്ക് പഞ്ചായത്ത് ഭക്ഷണം ക്രമീകരിച്ചിരുന്നു. സെൻറ് ജോർജ്ജ് പാരിഷ് ഹാളിൽ നിന്ന് ഭക്ഷണം പാകം ചെയ്ത് ക്യാമ്പുകളിലും വീടുകളിലും വിതരണം ചെയ്തു'; ചെല്ലാനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ.ഡി. പ്രസാദ് പറഞ്ഞു.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 60% ആയതിനാൽ, വെള്ളപ്പൊക്കത്തോടൊപ്പം കോവിഡുമായും പോരാടുകയാണ് ചെല്ലാനത്തുകാർ. ആദ്യ തരംഗത്തിൽ കേരളത്തിലെ പ്രധാന കൊറോണ ക്ലസ്റ്ററുകളിലൊന്നായിരുന്നു ചെല്ലാനം. പഞ്ചായത്ത് പ്രസിഡൻറ് പറഞ്ഞ കണക്കനുസരിച്ച്, സജീവമായ 477 കോവിഡ്കേസുകൾ ചെല്ലാനത്തുണ്ട്. "കണ്ടക്കടവ് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ വെള്ളം കയറിയതിനാൽ വെള്ളിയാഴ്ച മുതൽ പരിശോധന നടത്താൻ കഴിഞ്ഞില്ല. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ 100 പേരിൽ 62 പേരും പോസിറ്റീവാണ്,' പ്രസിഡൻറ് പറഞ്ഞു. രോഗികളെ ചെല്ലാനത്തുനിന്ന് ഏഴു കിലോമീറ്റർ അകലെയുള്ള കുമ്പളങ്ങിയിലെ ഫസ്റ്റ്- ലൈൻ ചികിത്സാകേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.
രക്ഷാപ്രവർത്തകനും പശ്ചിമ കൊച്ചി തീരസംരക്ഷണ സമിതി കൺവീനറുമായ ടി. എ. ഡാൽഫിൻ പറഞ്ഞതനുസരിച്ച്, നിരീക്ഷണത്തിലായിരുന്ന നിരവധി പേരും കോവിഡ് പോസിറ്റീവ് ആയവരും വെള്ളപ്പൊക്കത്തിനിടയിൽ മറ്റൊരു മാർഗവും ഇല്ലാതായപ്പോൾ വീട്ടിൽ നിന്നിറങ്ങി ഓടുകയായിരുന്നു. ‘കോവിഡ്മാർഗനിർദ്ദേശങ്ങൾ പാലിക്കാനുള്ള സാഹചര്യത്തിലായിരുന്നില്ല ഞങ്ങൾ. കനത്ത വെള്ളപ്പൊക്കത്തിൽ നിന്ന് ജീവൻ രക്ഷിക്കുക എന്നതായിരുന്നു മുൻഗണന', അദ്ദേഹം പറഞ്ഞു. എല്ലാ രോഗികളെയും കുമ്പളങ്ങിയിലെ ഫസ്റ്റ്- ലൈൻ ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റാമെന്ന് കളക്ടറും എം.പിയും വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും അത് ചെയ്യുന്നതിൽ അവർ പരാജയപ്പെട്ടു. "വീട്ടിൽ നിന്ന് രക്ഷപ്പെടുത്തിയ രണ്ട് കോവിഡ് രോഗികളെ കുമ്പളങ്ങി എഫ്.എൽ.ടി.സിയിലേക്ക് കൊണ്ടുപോയി. അവിടെ ബെഡ് ഇല്ലാതായതോടെ തിരിച്ച് വീട്ടിലേക്ക് കൊണ്ടുവന്നു'- ഡാൽഫിൻ പറഞ്ഞു. ഇപ്പോൾ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട്, സ്‌കൂളുകളിൽ ഒരു ക്വാറൻറയിൻ കേന്ദ്രം ആരംഭിച്ചിട്ടുണ്ട്. പൊലീസ്, അഗ്‌നിശമന സേന, ദേശീയ ദുരന്ത നിവാരണ സേന, നാവികസേന, പ്രാദേശിക സന്നദ്ധ പ്രവർത്തകർ എന്നിവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
നിരവധി ചാരിറ്റി സംഘടനകളും സെൻറ് സെബാസ്റ്റ്യൻ ചർച്ച് അധികൃതരും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സഹായം നൽകുന്നുണ്ടെന്ന് ചെല്ലാനം ഗ്രാമപഞ്ചായത്ത് 19-ാം വാർഡ് മെമ്പർ അനില സെബാസ്റ്റ്യൻ പറഞ്ഞു. കോവിഡ് ഭയന്ന് നിരവധി ആളുകൾ ദുരിതാശ്വാസ ക്യാമ്പിലേക്ക് പോകാൻ മടിക്കുന്നുവെന്ന് സെൻറ് മേരീസ് സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ സന്നദ്ധപ്രവർത്തനം ചെയ്യുന്ന അനിലയും ഭർത്താവ് സെബാസ്റ്റ്യനും പറഞ്ഞു; "സാമൂഹിക അകലം പാലിക്കാൻ ഞങ്ങൾ പരമാവധി ശ്രമിക്കുന്നുണ്ട്. ഒന്നോ രണ്ടോ കുടുംബങ്ങൾ ഒരു ക്ലാസ് മുറിയിൽ താമസിക്കുന്നു. മാസ്‌കുകളും സാനിറ്റൈസറുകളും നൽകിയിട്ടുണ്ട്. പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് അഭയം നൽകുക എന്നതാണ് ഞങ്ങളുടെ മുൻഗണന. ഇത്തരം സമയങ്ങളിൽ കർശനമായ കോവിഡ് പ്രോട്ടോക്കോൾ പാലിക്കുക പ്രയാസമാണ്,’; അനില പറഞ്ഞു.
ചെല്ലാനത്തെ ഹെൽത്ത് ഇൻസ്‌പെക്ടർ മുഹമ്മദ് ഹാഷിം ഒരു പ്രദേശവാസിയോടു പറഞ്ഞത് കണക്കിലെടുത്താൽ ചെല്ലാനത്തെ സ്ഥിതി ഗുരുതരമാണ്. സെൻറ് മേരീസ് ദുരിതാശ്വാസ ക്യാമ്പിൽ 45 പേർക്കായി നടത്തിയ കോവിഡ് ടെസ്റ്റിൽ പേരും 25 പേർ പോസിറ്റീവ് ആയിരിക്കുകയാണ്. "ഇത് ദുരന്തമല്ല. ഭരണകൂടവും ഉദ്യോഗസ്ഥരും കൂടി ഉണ്ടാക്കുന്ന ദുരന്തമാണ്. 564 ദിവസമായി ഈ ഒരു കാര്യം പറഞ്ഞുകൊണ്ട് ഞങ്ങൾ നിരാഹരത്തിലാണ്. ’, വെള്ളപ്പൊക്കത്തിന്നിമിഷങ്ങൾക്കകം ചെല്ലാനം സംയുക്ത സമര സമിതി കൺവീനർ വി. ടി. സെബാസ്റ്റ്യൻ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്നു: ‘വീടിനു മുന്നിൽ ചാക്ക് നിരത്തി വെച്ചും, ഷട്ടറുകൾ നിർമിച്ചും, വീടിന്റെ തറ ഉയർത്തിയും പ്രദേശവാസികൾ മുൻകരുതലെടുത്തിരുന്നുവെങ്കിലും ശക്തമായ വേലിയേറ്റം അതിനെയൊക്കെ തകർത്തെറിഞ്ഞു. രണ്ടുമാസം മുമ്പ് കളക്ടർ സുഹാസിന് നിവേദനം നൽകിയിരുന്നു, വെള്ളപ്പൊക്കം ഉണ്ടാകാതിരിക്കാൻ അടിയന്തരമായി ഇടപെടാനും അഭ്യർത്ഥിച്ചിരുന്നു’.
‘കേരളത്തിന്റെ സൈന്യം’ എന്ന് മുഖ്യമന്ത്രിയടക്കം വാഴ്ത്തിപ്പാടിയ ചെല്ലാനത്തെ മത്സ്യത്തൊഴിലാളികളുടെ ഫിഷിംഗ് ബോട്ടുകളുടെ എഞ്ചിനുകൾ തകരാറിലാവുകയും അവർ മുഴുപ്പട്ടിണിയിലാവുകയും ചെയ്തു.
സെബാസ്റ്റ്യൻ ഹൈക്കോടതിയിൽ നൽകിയ ഹരജി പ്രകാരം, ജില്ലയിലെ ദുരന്ത നിവാരണത്തിന്റെ ചുമതലയുള്ള കളക്ടറോട് ചെല്ലാനത്ത് കടൽക്ഷോഭം മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾ തടയാൻ സ്വീകരിച്ച നടപടി വിശദമാക്കുന്ന റിപ്പോർട്ട് മെയ് 31നകം ഫയൽ ചെയ്യാൻ കോടതി നിർദേശം നൽകിയിട്ടുണ്ട്.
"കോവിഡ് കാലത്ത് നാടുമുഴുവൻ രണ്ട് മാസ്‌ക് ധരിച്ച് നടക്കണം എന്നുപറയുന്ന മുഖ്യമന്ത്രിക്ക് ഞങ്ങളോട് എന്താണ് പറയാനുള്ളത്. കഴിഞ്ഞ അഞ്ച് കൊല്ലം നിങ്ങൾ ഉറങ്ങുകയായിരുന്നോ? മേലാൽ സൗജന്യ കിറ്റുമായി ടൂറിസ്റ്റുകളെ പോലെ ഒരു രാഷ്ട്രീയക്കാരനും ഉദ്യോഗസ്ഥരും ഇങ്ങോട്ടുവരണ്ട’; സെബാസ്റ്റ്യൻ പറയുന്നു.
കഴിഞ്ഞ വർഷം ആഗസ്റ്റിൽ കോവിഡിന്റെ ആദ്യ തരംഗത്തിനിടയിലും ചെല്ലാനത്തുകാർ സമാനാവസ്ഥയിലൂടെ കടന്നു പോയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ നൂറുകണക്കിന് വീടുകൾ നശിച്ചിട്ടുണ്ട്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളാണുണ്ടായത്.
വെള്ളപ്പൊക്കത്തിൽ നിന്ന് രക്ഷപ്പെടാൻ നാട്ടുകാരിൽ പലരും ടെറസുകളിൽ അഭയം പ്രാപിച്ചു. ട്രിപ്പിൾ ലോക്ക്ഡൗൺ കാരണം പ്ലംബിംഗ്, ഹാർഡ്വെയർ ഷോപ്പുകൾ അടച്ചതിനാൽ സാനിറ്റേഷൻ സൗകര്യം അടക്കം നന്നാക്കാൻ നാട്ടുകാർ ബുദ്ധിമുട്ടി. സൈക്കിൾ ട്യൂബുകൾ ഉപയോഗിച്ചാണ് രക്ഷാപ്രവർത്തകർ ആളുകളെ സുരക്ഷിത മേഖലകളിലേക്ക് എത്തിച്ചത്. ‘കേരളത്തിന്റെ സൈന്യം’ എന്ന് മുഖ്യമന്ത്രിയടക്കം വാഴ്ത്തിപ്പാടിയ ചെല്ലാനത്തെ മത്സ്യത്തൊഴിലാളികളുടെ ഫിഷിംഗ് ബോട്ടുകളുടെ എഞ്ചിനുകൾ തകരാറിലാവുകയും അവർ മുഴുപ്പട്ടിണിയിലാവുകയും ചെയ്തു.
വെള്ളപ്പൊക്കത്തിൽ തന്റെ സ്വപ്നങ്ങളെല്ലാം കുതിർന്നപ്പോഴാണ് ഗത്യന്തരമില്ലാതെ 15 കാരനായ എഡ്ഗർ സെബാസ്റ്റ്യൻ രാഷ്ട്രപതി രാം നാഥ് കോവിന്ദിന് കത്തെഴുതിയത്: "ബഹുമാനപ്പെട്ട പ്രസിഡൻറ്, ഈ കത്തിന് മറുപടി വരുന്നതുവരെ ഞങ്ങൾ ജീവിച്ചിരിക്കുമോ എന്ന് ഉറപ്പില്ല. കോവിഡിനും കടൽക്ഷോഭത്തിനുനുമിടയിൽ പെട്ടിരിക്കുന്ന ഞാനടക്കമുള്ള ചെല്ലാനത്തെ ജനങ്ങൾക്ക് അങ്ങാണ് അവസാന പ്രതീക്ഷ'
കടൽക്ഷോഭം തടയുന്നതിന് ജിയോ ബാഗുകളിൽ മണൽ നിറയ്ക്കുന്നതിന്റെയും തന്റെ വീട് വൃത്തിയാക്കുന്നതിന്റെയും ഫോട്ടോകൾ എഡ്ഗർ കത്തിനൊടൊപ്പം അയച്ചിരുന്നു. എഡ്ഗറിന്റെ കത്തിന് മറുപടി നൽകിയ രാഷ്ട്രപതി, സംസ്ഥാന ചീഫ് സെക്രട്ടറിയോട് പ്രശ്നം പരിഹരിക്കാൻ ഉടൻ ഇടപെടാനും നടപടിയെക്കുറിച്ച് പരാതിക്കാരനെ അറിയിക്കാനും ഉത്തരവിട്ടു. ചെല്ലാനത്തെ പാരിസ്ഥിതിക പ്രതിസന്ധി മനുഷ്യനിർമിതമാണ് എന്ന് വി.ടി. സെബാസ്റ്റ്യൻ പറഞ്ഞു. പശ്ചിമ കൊച്ചിയിലെ കടൽ ക്ഷോഭത്തിന്റെ പ്രധാന ഉത്തരവാദികൾ കൊച്ചിൻ പോർട്ട് ട്രസ്റ്റ് ആണ് എന്ന് അദ്ദേഹം ആരോപിക്കുന്നു. "കൊച്ചി കപ്പൽ ചാലിന്റെ ആഴം വർധിപ്പിക്കാൻ നടത്തിയ ഡ്രഡ്ജിംഗ് ആണ് ആണ് ചെല്ലാനത്തെ തീരശോഷണത്തിന്റെയും കടൽ കയറ്റത്തിന്റെയും പ്രധാന കാരണം. വല്ലാർപാടത്തെ അന്താരാഷ്ട്ര ട്രാൻസ്ഷിപ്പ്‌മെൻറ് ടെർമിനൽ നിർമിക്കാൻ കപ്പൽ ചാലിന്റെ ആഴം 11.7 മീറ്ററിൽ നിന്ന് 17.5 മീറ്ററായി ഉയർത്തി'.
കടൽ ഭിത്തി നിർമിക്കാൻ വ്യാപകമായ കല്ല് ഖനനം ചെയ്യുന്നത് പാരിസ്ഥിതിക പ്രത്യാഘാതങ്ങൾക്ക് കാരണമായേക്കാമെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടപ്പോൾ ബദലായി ജിയോ സിന്തറ്റിക് ട്യൂബുകൾ നിർദ്ദേശിച്ചു.
2017 നവംബറിൽ, ഓഖി ചുഴലിക്കാറ്റിന്റെ സമയത്തും ചെല്ലാനം ദുരന്തമുഖമായി മാറിയിരുന്നു. ഓഖിയുടെ ഫലമായുണ്ടായ ഭീമൻ തിരമാലകൾ പല വീടുകളും നശിപ്പിച്ചു. തിരമാലകളോടൊപ്പം വീടുകളിലേക്ക് വലിയ അളവിൽ മണ്ണ്, പ്ലാസ്റ്റിക് മാലിന്യങ്ങൾ, മറ്റു മാലിന്യങ്ങൾ എന്നിവ ഇരച്ചു കയറി. വീട് വൃത്തിയാക്കാൻ ദിവസങ്ങളെടുത്തു. നൂറുകണക്കിന് ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറി. പള്ളി കമ്മിറ്റികളുടെ പിന്തുണയോടെ നാട്ടുകാർ ചെല്ലാനം ജനകീയ സമിതി രൂപീകരിച്ച്, പ്രശ്‌നത്തിന് സർക്കാർ പരിഹാരം കണ്ടെത്തിയില്ലെങ്കിൽ വീടുകളിലേക്ക് മടങ്ങില്ലെന്ന് പ്രഖ്യാപിച്ചു. സെൻറ് മേരീസ് സ്‌കൂളിലെ അഭയാർഥിക്യാമ്പിൽ അവർ നിരാഹാര സമരം ആരംഭിച്ചു. കളക്ടർ മുഹമ്മദ് സഫിറുള്ള, കെ. ജെ. മാക്‌സി എം.എൽ.എ, മുൻ എം.പി പി. രാജീവ് എന്നിവർ വേളാങ്കണ്ണി മാതാ പള്ളിയിൽ പ്രതിഷേധക്കാരുമായി ചർച്ച നടത്തിയശേഷമാണ് ആറ് ദിവസത്തെ അനിശ്ചിതകാല സമരം പിൻവലിച്ചത്. കടൽഭിത്തി പണിയുക, ശുചിത്വ പ്രവർത്തനം നടത്തുക, തകർന്ന വീടുകളുടെ പരിപാലനം എന്നിവ യോഗത്തിൽ താമസക്കാർ ആവശ്യപ്പെട്ടു.
ചെല്ലാനം പഞ്ചായത്തിലെ കമ്പനിപ്പടി, ബസാർ, വേളാങ്കണ്ണി, മറുവാക്കാട്, ചെറിയകടവ് മേഖലകളിൽ ഒരു കിലോമീറ്റർ എങ്കിലും കടൽഭിത്തി നശിച്ചിരുന്നു. കടൽ ഭിത്തി നിർമിക്കാൻ വ്യാപകമായ കല്ല് ഖനനം ചെയ്യുന്നത് പാരിസ്ഥിതിക പ്രത്യാഘാതങ്ങൾക്ക് കാരണമായേക്കാമെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടപ്പോൾ ബദലായി ജിയോ സിന്തറ്റിക് ട്യൂബുകൾ നിർദ്ദേശിച്ചു. കട്ടിയുള്ള നൈലോൺ തുണി കൊണ്ട് നിർമ്മിച്ച സിലിണ്ടർ ട്യൂബുകളാണ് ജിയോ സിന്തറ്റിക് ട്യൂബുകൾ. മണലും കടൽവെള്ളവും നിറച്ച രണ്ട് ട്യൂബുകൾ തൊട്ടടുത്തായി സ്ഥാപിച്ച് അതിനു മുകളിൽ മറ്റൊരു ട്യൂബിട്ട് പിരമിഡാകൃതിയിലാണ് ഇവ തയാറാക്കുന്നത്. 25 മീറ്റർ നീളമുള്ള ഒരു ജിയോ ട്യൂബ് നിറയ്ക്കാൻ 350 ക്യുബിക് മീറ്റർ മണൽ ആവശ്യമാണ്.
2018 മേയിൽ മന്ത്രി ജെ. മെഴ്‌സിക്കുട്ടി കടൽഭിത്തി നിർമാണ പദ്ധതി ഉദ്ഘാടനം ചെയ്തു. 2018 ജനുവരിയിൽ സർക്കാർ 18 കോടി രൂപ അനുവദിക്കുകയും 120 ജിയോ ട്യൂബുകൾ നിർമിക്കുന്നതിന് ജൂണിൽ സൈറ്റ് കരാറുകാരന് കൈമാറുകയും കടലിൽ നിന്ന് മണൽ ഖനനം ചെയ്യാൻ കമ്പനിക്ക് അനുമതി നൽകുകയും ചെയ്തിരുന്നു. എന്നാൽ കരാറുകാരനായ മലപ്പുറത്തുകാരന് മുൻ പരിചയം ഇല്ലെന്നും ഖനനം ചെയ്യാൻ ഉപകരണങ്ങൾ ഇല്ലെന്നും നാട്ടുകാർ ആരോപിച്ചു. പദ്ധതിക്ക് കുറഞ്ഞത് 60,000 ക്യുബിക് മീറ്റർ മണൽ ആവശ്യമാണെന്നും കടലിൽ മണൽ കുറവുണ്ടെന്നും കരാറുകാരൻ അധികൃതരോട് പറഞ്ഞു.
2020 ഫെബ്രുവരിയിൽ ഗ്രീൻവേ സൊല്യൂഷൻസ് എന്ന കമ്പനിക്ക് ജിയോ- ട്യൂബ് പദ്ധതിയുടെ കരാർ ലഭിച്ചു. ലോക്ക്ഡൗൺ മൂലമുള്ള കാലതാമസം പരിഹരിക്കുന്നതിന് 7.5 കോടി രൂപയുടെ എസ്റ്റിമേറ്റിനോടൊപ്പം 20% അധിക തുക നൽകിയാണ് ടെണ്ടർ അനുവദിച്ചത്.
ജിയോ-ട്യൂബ് പദ്ധതി നിലച്ചതോടെ, നാട്ടുകാർ ചെല്ലാനം ജനകീയ വേദി എന്ന ജനകീയ കൂട്ടായ്മ രൂപീകരിച്ച് 2019 ഒക്ടോബർ 28 ന് എറണാകുളം ജില്ലയിലെ കമ്പനിപ്പടിയിൽ അനിശ്ചിതകാല റിലേ നിരാഹാര സമരം ആരംഭിച്ചു. പുനരധിവാസത്തിനും കുടിയൊഴിപ്പിക്കലിനും പകരം തീരദേശ സുരക്ഷ ഉറപ്പുവരുത്തുക, യുദ്ധകാലാടിസ്ഥാനത്തിൽ കടൽക്ഷോഭത്തിന് ശാശ്വത പരിഹാരം ഉറപ്പാക്കുക, തീരദേശ ജനതയുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക എന്നിവയായിരുന്നു അവരുടെ പ്രധാന ആവശ്യങ്ങൾ. നിരാഹാര സമരം പൊതുജനപിന്തുണ നേടിയപ്പോൾ, ചെല്ലാനത്തെ ബസാർ പ്രദേശത്ത് മറ്റൊരു സമരപ്പന്തൽ സ്ഥാപിച്ച് ജനകീയ വേദി സമരം ശക്തിപ്പെടുത്തി.
"ഒരുപാട് സമരത്തിനു ശേഷം കോടതി ഇടപെട്ട് നവംബർ 24 ന് ജിയോ-ട്യൂബിന്റെ പണി ആരംഭിച്ചു. 2020 മാർച്ച് അവസാനത്തോടെ പണി പൂർത്തിയാക്കാൻ കരാറുകാരനോട് ഹൈക്കോടതി ആവശ്യപ്പെട്ടു',- ചെല്ലാനം ജനകീയ വേദി ചെയർപേഴ്സൺ മറിയാമ്മ ജോർജ്ജ് കുരിശിങ്കൽ പറഞ്ഞു.
ജിയോ ട്യുബ് പദ്ധതി നിരീക്ഷിച്ച് ഓരോ ആഴ്ചയും റിപ്പോർട്ട് സമർപ്പിക്കാൻ ജലസേചന വകുപ്പിനോട് കോടതി ആവശ്യപ്പെട്ടിരുന്നു. ചെല്ലാനത്തെവിടെനിന്നും മണലെടുക്കാൻ കരാറുകാരനെ അനുവദിക്കണമെന്ന് എറണാകുളം കളക്ടർ ജലസേചന, പഞ്ചായത്ത് ഉദ്യോഗസ്ഥർക്ക് നോട്ടീസ് നൽകി. മണ്ണ് കുഴിക്കാൻ ആവശ്യമായ ഉപകരണങ്ങൾ കരാറുകാരനില്ലാത്തതിനാൽ പദ്ധതിക്ക് കാലതാമസം നേരിട്ടു. മാർച്ചോടെ പദ്ധതി പൂർത്തിയാക്കാൻ കരാറുകാരന് കഴിയില്ലെന്ന് ഇറിഗേഷൻ ഡിപ്പാർട്ട്മെൻറ് റിപ്പോർട്ട് നൽകിയതു പ്രകാരം പുതിയ ടെൻഡർ വിളിക്കാൻ ഫിഷറീസ് മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.
2020 ഫെബ്രുവരിയിൽ ഗ്രീൻവേ സൊല്യൂഷൻസ് എന്ന കമ്പനിക്ക് ജിയോ- ട്യൂബ് പദ്ധതിയുടെ കരാർ ലഭിച്ചു. ലോക്ക്ഡൗൺ മൂലമുള്ള കാലതാമസം പരിഹരിക്കുന്നതിന് 7.5 കോടി രൂപയുടെ എസ്റ്റിമേറ്റിനോടൊപ്പം 20% അധിക തുക നൽകിയാണ് ടെണ്ടർ അനുവദിച്ചത്. ജൂൺ 28 നകം കമ്പനി ജോലി പൂർത്തീകരിക്കുന്നതിൽ പരാജയപ്പെട്ടാൽ അടിയന്തര നടപടി സ്വീകരിക്കുമെന്ന് ജലസേചന വകുപ്പ് കരാറുകാരന് മുന്നറിയിപ്പും നൽകി.
മാർച്ച് ആയിട്ടും പദ്ധതി പുനരാരംഭിക്കുന്നതിൽ പരാജയപ്പെട്ടതിനാൽ, പണിമുടക്ക് കൊച്ചി നഗരത്തിലേക്ക് വ്യാപിപ്പിക്കാൻ ജനകീയ വേദി തീരുമാനിച്ചു. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് സർക്കാർ ലോക്ക്ഡൗൺ പ്രഖ്യാപിച്ച ഉടൻ, പണിമുടക്ക് പിൻവലിക്കാൻ ഉദ്യോഗസ്ഥർ നാട്ടുകാരോട് ആവശ്യപ്പെട്ടു. "വീടുകളിൽ നിന്ന് നിരാഹാര സമരം തുടരാൻ ഞങ്ങൾ തീരുമാനിച്ചു. എല്ലാ ദിവസവും ഒരു വ്യക്തിയെ നിരാഹാര സമരം ചെയ്യാൻ നിയോഗിക്കുകയും ഞങ്ങൾ അവരുടെ ഫോട്ടോ സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്യുകയും ചെയ്തു. നിരാഹാര സമരം 567 ദിവസം പിന്നിട്ടിരിക്കുന്നു '; വി.ടി. സെബാസ്റ്റ്യൻ പറഞ്ഞു.
2021 ആഗസ്റ്റിൽ ജനകീയ വേദിയുടെ നേതൃത്വത്തിൽ കടൽകോരി വറ്റിക്കൽ സമരം നടത്തി. കഴിഞ്ഞ ഏപ്രിലിൽ, ചെല്ലാനം നിവാസികൾ ചാക്ക് ശേഖരിച്ച് മണൽ നിറക്കുന്നതിനായി ‘ചാക്ക് ചലഞ്ച്' നടത്തി.
ചെല്ലാനം നിവാസികൾ കോവിഡിനും കടലിനുമിടയിൽ കുടുങ്ങിക്കിടക്കുകയാണ് എന്ന് ചെല്ലാനം ജനകീയ വേദി ഏപ്രിൽ 15 ന് മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ച കത്തിൽ പറയുന്നു. "ഞങ്ങൾ പണിമുടക്ക് ആരംഭിച്ചശേഷം കുറഞ്ഞത് നാലു തവണയെങ്കിലും എറണാകുളം കളക്ടറെ കണ്ടു. ജലസേചന മന്ത്രി കൃഷ്ണൻകുട്ടിയെ തിരുവനന്തപുരം ഓഫീസിൽ കണ്ടിരുന്നു. മഴക്കാലത്തിന് മുമ്പ് ബസാറിലും വേളാങ്കണ്ണിയിലും പണി തീർക്കും, ഈ വർഷം കൊണ്ട് മുഴുവൻ പദ്ധതി പൂർത്തീകരിക്കും, അതുകൊണ്ട് സമരം പിൻവലിക്കണം എന്നാണ് അവർ പറഞ്ഞത്,' മറിയമ്മ ജോർജ് പറഞ്ഞു.
"ഞങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ പൂർണ ഉത്തരവാദിത്തം സർക്കാറിനാണ്’ എന്നെഴുതിയ പോസ്റ്റ്കാർഡുകൾ ചെല്ലാനത്തെ ജനങ്ങൾ കഴിഞ്ഞ വർഷം എറണാകുളം കളക്ടർക്ക് അയച്ചിരുന്നു. പൊതുജനങ്ങളുടെയും ഭരണകൂടത്തിന്റെയും ശ്രദ്ധ പിടിച്ചുപറ്റാൻ വ്യത്യസ്ത രീതിയിലുള്ള സമര മുറകളാണ് ചെല്ലാനം ജനകീയ വേദി പരീക്ഷിച്ചത്. കഴിഞ്ഞ വർഷം ലോക പരിസ്ഥിതി ദിനത്തിൽ ജനകീയവേദി ജലസമാധി നടത്തി. കടൽ കയറ്റത്തിന് ഇനിയും പരിഹാരം കണ്ടില്ലെങ്കിൽ ചെല്ലാനം കടപ്പുറം നാമാവശേഷമാകും എന്ന് സമരം ഉദ്ഘാടനം ചെയ്ത സൗദി ആരോഗ്യമാതാ ചർച്ച് വികാരി ഫാദർ സാംസൺ മുന്നറിയിപ്പ് നൽകി. ‘ഞങ്ങൾ നിരവധി ഉദ്ഘാടനങ്ങൾക്ക് സാക്ഷ്യം വഹിച്ചിരുന്നു. എന്നാൽ തീരസംരക്ഷണത്തിന് ഒരു പുരോഗതിയിമുണ്ടായില്ല. ഏതാനും മാസങ്ങൾക്കുള്ളിൽ പണി പൂർത്തിയാക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ ', ഫാദർ സാംസൺ പറയുന്നു.
പ്രതിഷേധക്കാർ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് അഞ്ച് പേരടങ്ങുന്ന സംഘങ്ങളായി തിരിഞ്ഞാണ് പ്രതിഷേധിച്ചത്. 25 പേർ മാത്രമാണ് പങ്കെടുത്തത്. കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചുവെന്നാരോപിച്ച് ഫാദർ സാം, മറിയമ്മ ജോർജ്, ജോസഫ് അറക്കൽ എന്നിവരുൾപ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തു വിട്ടയച്ചു. എന്നാൽ, എം.എൽ.എ കെ.ജെ. മാക്‌സിയും മറ്റ് രാഷ്ട്രീയ നേതാക്കളും കഴിഞ്ഞ വർഷം മെയിൽ നടത്തിയ ജിയോ ട്യൂബ് ഉദ്ഘാടന യോഗത്തിന് പൊലീസ് അനുമതി കൊടുക്കുകയും 50 ഓളം പേർ ആ പരിപാടിയിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. ‘ഈ നാട്ടിൽ രാഷ്ട്രീയക്കാർക്ക് എന്തും ആവാലോ. നമ്മൾ പാവം ജനങ്ങൾക്കാണല്ലോ സോഷ്യൽ ഡിസ്റ്റൻസിങ്, '; വി.ടി. സെബാസ്റ്റ്യൻ പറയുന്നു.
കഴിഞ്ഞ വർഷം ഓണത്തിന്, ‘അഭിനവ വാമനന്മാർക്കെതിരെ’ ചെല്ലാനത്തെ ജനത മനുഷ്യ പൂക്കളം തീർത്തു. 2021 ആഗസ്റ്റിൽ ജനകീയ വേദിയുടെ നേതൃത്വത്തിൽ കടൽകോരി വറ്റിക്കൽ സമരം നടത്തി. കഴിഞ്ഞ ഏപ്രിലിൽ, ചെല്ലാനം നിവാസികൾ ചാക്ക് ശേഖരിച്ച് മണൽ നിറക്കുന്നതിനായി ‘ചാക്ക് ചലഞ്ച്' നടത്തി. കഴിഞ്ഞ ആഴ്ചത്തെ വെള്ളപ്പൊക്കത്തെത്തുടർന്ന്, പ്രതിഷേധത്തിന്റെ അടയാളമായി ചെല്ലാനം ജനകീയ വേദി ഓൺലൈൻ റാലി സംഘടിപ്പിച്ചു. SaveChellanamKochi എന്ന ഹാഷ്ടാഗിനുകീഴിൽ നിരവധി പേർ വെള്ളപ്പൊക്കത്തിന്റെ വീഡിയോകളും ഫോട്ടോകളും പോസ്റ്റ് ചെയ്തു. വിവിധ മേഖലകളിലുള്ളവർ ചെല്ലാനം നിവാസികൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച ഈ പരിപാടി സമൂഹ മാധ്യമങ്ങളിൽ ജനശ്രദ്ധ പിടിച്ചുപറ്റി. നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ, ചെല്ലാനം ജനകീയ വേദി എറണാകുളത്തെ തോപ്പുംപടിയിൽ ജനകീയ കൺവെൻഷൻ സംഘടിപ്പിക്കുകയും ഇലക്ഷൻ ബഹിഷ്‌കരിക്കാൻ തീരുമാനിക്കുകയും ചെയ്തു.
സർക്കാറിന്റെ തലകീഴായ വികസന പദ്ധതികളിൽ പ്രതിഷേധിച്ച് വി.ടി. സെബാസ്റ്റ്യൻ അനിശ്ചിതകാല നിരാഹാരം തുടങ്ങി. സമരത്തിന്റെ 28-ാം ദിവസം തലകീഴായി നിന്നായിരുന്നു നിരാഹാരം. രാവിലെ 10 മുതൽ വൈകുന്നേരം നാലുവരെ നീണ്ട സമരത്തിൽ 15 മിനിറ്റ് തലകീഴായിനിന്ന് അതിനു ശേഷം 10 മിനിറ്റ് ഇടവേള എടുത്ത്, തുടർന്നും തലകീഴായി നിന്നാണ് സെബാസ്റ്റ്യൻ സമരം നടത്തിയത്.
1920നു മുമ്പും ഇവിടെ കടൽ കയറ്റമുണ്ടായിരുന്നുവെന്നും പക്ഷേ വേലിയിറക്കത്തിൽ ബീച്ചിലേക്ക് മണൽ നിക്ഷേപിക്കപ്പെടുന്നതുമൂലം കരയും വികസിച്ചിരുന്നുവെന്ന് സെബാസ്റ്റ്യൻ പറയുന്നു; ‘തീരശോഷണം തടയാൻ അന്ന് അടമ്പ്, കട കൊഴുപ്പ, ശരപ്പുല്ല് എന്നിവയോടൊപ്പം വിവിധതരം കണ്ടൽ ചെടികളും പ്രകൃതിദത്തമായ മതിലുകളായി പ്രവർത്തിച്ചിരുന്നു. 1920 കളിൽ മദ്രാസ് ഗവർണറായിരുന്ന വെല്ലിംഗ്ട്ടൺ പ്രഭു ബ്രിട്ടീഷ് സിവിൽ എഞ്ചിനീയർ റോബർട്ട് ബ്രിസ്റ്റോവിനെ കൊച്ചി തുറമുഖം വികസിപ്പിക്കാൻ നിയമിച്ചു. തിരകളുടെ ഗതിയും, വേലിയേറ്റ രീതികളും ശ്രദ്ധാപൂർവ്വം പഠിച്ച ബ്രിസ്റ്റോ സായ്പ് കടലിലെ മണ്ണൊലിപ്പ് തടയുന്നതിന് പുലിമുട്ടു പാടങ്ങളോടു കൂടിയ ശക്തമായ കടൽഭിത്തികൾ നിർമിക്കണമെന്ന് നിർദ്ദേശിച്ചു’; സെബാസ്റ്റ്യൻ പറയുന്നു.
1935 ൽ ചെല്ലാനത്ത് ഒരു വലിയ കടൽക്ഷോഭം ഉണ്ടാവുകയും അത് ജലസ്രോതസുകളെ മലിനമാക്കുകയും ചെയ്തു. ഇതേതുടർന്ന് കോളറ ബാധിച്ച് നിരവധി പേർ മരിച്ചു. പെരിയാറിലെ ജലശുദ്ധീകരണ കേന്ദ്രത്തിൽ നിന്ന് 30 ദിവസത്തിനകം ചെല്ലാനത്തേക്ക് ശുദ്ധജലം വിതരണം ചെയ്യാൻ അന്നത്തെ കൊച്ചി രാജാവ് ഉത്തരവിട്ടു. തുടർന്ന്, 1940 കളിൽ ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ കൊച്ചി രാജാവ് ചെല്ലാനത്ത് കടൽ ഭിത്തി നിർമിക്കാൻ തുടങ്ങി.
1965 ൽ മറ്റൊരു കടൽക്ഷോഭത്തെത്തുടർന്ന്, 1968 മുതൽ 1973 വരെ അന്നത്തെ കേരള സർക്കാർ ചെല്ലാനത്ത് കടൽഭിത്തി നിർമിക്കാൻ തുടങ്ങി. 1980 കളിൽ സർക്കാർ കടൽഭിത്തി ബലപ്പെടുത്താൻ നടപടിയെടുത്തു. അതിനുശേഷം ചെറിയ അറ്റകുറ്റപ്പണികൾ ഒഴികെ വലിയ തോതിലുള്ള സംരക്ഷണ ശ്രമങ്ങൾ നടന്നിട്ടില്ല. വേലിയേറ്റം മൂലം മതിലിന്റെ ഉയരം എല്ലാ വർഷവും കുറയുന്നു. ഇത് എല്ലാ വർഷവും നന്നാക്കണം.
നാട്ടുകാരുടെ ആവർത്തിച്ചുള്ള അഭ്യർഥനയെത്തുടർന്ന് വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭയിലെ ജലസേചന വകുപ്പ് മന്ത്രിയായിരുന്ന എൻ. കെ. പ്രേമചന്ദ്രൻ കണ്ണമാലിയിൽ T ആകൃതിയിലുള്ള പുലിമുട്ടും മാലാഖപ്പടിയിൽ 200 മീറ്റർ അകലത്തിൽ 30 മീറ്റർ നീളമുള്ള ബൾബ് ആകൃതിയിലുള്ള രണ്ട് പുലിമുട്ടും നിർമിച്ചു. രണ്ട് വർഷത്തിനുള്ളിൽ പുലിമുട്ടുകൾക്ക് ബലക്ഷയം സംഭവിച്ചു. അഴിമുഖത്തുനിന്ന് ആഴക്കടലിലേക്ക് സമുദ്രജലത്തിന്റെ ഒഴുക്ക് വഴിതിരിച്ചുവിട്ട് കടലിന്റെ ആഴവും മണലൊഴുക്കും തടയുകയാണ് തീരശോഷണത്തിനുള്ള പരിഹാരം എന്ന് സെബാസ്റ്റ്യൻ പറയുന്നു.
"ഈ പ്രാവശ്യത്തെ കടൽ കയറ്റം ഒരു ട്രെയിലർ മാത്രമാണ്. യഥാർത്ഥത്തിലുള്ളത് വരാൻ പോകുന്നേയുള്ളൂ,'; സെബാസ്റ്റ്യൻ മുന്നറിയിപ്പ് നൽകി. ‘മെയ് 26 മുതൽ മൂന്നു മാസം ഉണ്ടാകുന്ന വാവുകൾ കഴിഞ്ഞുള്ള 4-8 ദിവസങ്ങളിലാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്. ഓരോ ദിവസവും രണ്ടു വീതം വേലിയേറ്റങ്ങളുണ്ടാകാൻ സാധ്യതയുണ്ട്,'- സെബാസ്റ്റ്യൻ പറഞ്ഞു.
തുടർച്ചയായ വെള്ളപ്പൊക്കത്തിനും കടൽകയറ്റത്തിനും ഏറ്റവും ഫലപ്രദമായ പരിഹാരമാണ് പുലിമുട്ടുകൾ എന്ന് ഭൂരിഭാഗം പ്രദേശവാസികളും പറഞ്ഞു. ഫോർട്ട് കൊച്ചിയിൽ സ്ഥിതിചെയ്യുന്ന ഐ. എൻ. എസ്. ദ്രോണാചാര്യയെ പുലിമുട്ടുകളാൽ സംരക്ഷതിനാൽ കടൽ ക്ഷോഭം ബാധിച്ചിട്ടേയില്ലെന്ന് ഫാദർ സാംസൺ പറഞ്ഞു. ‘കൊച്ചി തീരത്ത് സ്ഥിതി ചെയ്തിട്ട് പോലും ഐ.എൻ.എസ് ദ്രോണാചാര്യ സുനാമി, ഓഖി ചുഴലിക്കാറ്റ്, കടൽ കയറ്റം എന്നിവ അതിജീവിച്ചിരുന്നു. കുറഞ്ഞത് എട്ട്പുലിമുട്ടുകളോട് കൂടിയ ശക്തമായ കടൽഭിത്തിയാണ് അവിടെ. ഐ. എൻ. എസ്. ദ്രോണാചാര്യയുടെ തൊട്ടടുത്ത ബീച്ച് റോഡിൽ പോലും കടൽ കയറ്റം ഉണ്ടാകുന്നില്ല,'' - ഫാദർ പറഞ്ഞു.
നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിൽ (NCESS) നിന്ന് വിരമിച്ച ശാസ്ത്രജ്ഞൻ ഡോ.കെ.വി തോമസിന്റെ അഭിപ്രായപ്രകാരം ശാസ്ത്രീയ സമീപനവും സോഷ്യൽ എഞ്ചിനീയറിങ്ങും ചേർന്ന സമഗ്ര പദ്ധതിയിലൂടെ മാത്രമേ ചെല്ലാനത്തെ കടൽ കയറ്റം പരിഹരിക്കാനാകൂ. ""തീര പരിപോഷണമാണ് (beach nourishment) ഇതിന് ഉത്തമ പരിഹാരം. വെള്ളത്തിൽ ആണ്ടുകിടക്കുന്ന പുലിമുട്ടുകൾ ഇതിന് സഹായിക്കും. കൊച്ചിൻ പോർട്ട് ഡ്രഡ്ജ് ചെയ്‌തെടുക്കുന്ന മണൽ ചെല്ലാനത്ത് നിക്ഷേപിക്കുന്നതിലൂടെയും തീരശോഷണം തടയാം. ചെല്ലാനത്തുള്ള തോടുകളുടെയും ഡ്രയിനേജുകളുടെയും ഘടനയിൽ മാറ്റം വരുത്തി വെള്ളപ്പൊക്കത്തിൽ അമിതമായി വരുന്ന വെള്ളം തിരിച്ച്അന്ധകാരനഴിയിലേക്ക് സുഗമമായി പോകുന്നുണ്ട് എന്നുറപ്പ് വരുത്തണം,'; കെ.വി. തോമസ് പറഞ്ഞു. ജനങ്ങളെയും ആവാസവ്യവസ്ഥയെയും സംരക്ഷിച്ച് പുതുതായി കെട്ടിട നിർമാണങ്ങൾക്ക് അനുമതി നൽകാതിരിക്കണം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നാട്ടുകാരുടെ മൊഴികളും ചെല്ലാനത്ത് നിന്നുള്ള ഫോട്ടോകളും വീഡിയോയും കണക്കിലെടുത്താൽ കടലിൽ നിന്ന് 500 മീറ്റർ അകലെയുള്ള വീടുകളെപ്പോലും വെള്ളപ്പൊക്കം ബാധിച്ചിട്ടുള്ളതായി വ്യക്തമാണ്.
കടൽ കയറ്റത്തെ കുറിച്ച് ചെല്ലാനത്തുകാർ പരാതിപ്പെടുമ്പോഴെല്ലാം കുടിഴൊയിപ്പിക്കലാണ് സർക്കാർ പറയുന്ന പരിഹാരം. കഴിഞ്ഞ വർഷം ആഗസ്റ്റിലെ കടൽ കയറ്റത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ അന്നത്തെ ഫിഷറീസ് മന്ത്രി ജെ. മെഴ്സിക്കുട്ടിയും ഇതേവാദം ആവർത്തിച്ചു. പ്രശ്നത്തിന് ശാശ്വത പരിഹാരമില്ലെന്നും കടലിൽ നിന്ന് 50 മീറ്ററിനുള്ളിൽ താമസിക്കുന്നവർ പുനരധിവാസ പദ്ധതിയുമായി സഹകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. എന്നാൽ നാട്ടുകാരുടെ മൊഴികളും ചെല്ലാനത്ത് നിന്നുള്ള ഫോട്ടോകളും വീഡിയോയും കണക്കിലെടുത്താൽ കടലിൽ നിന്ന് 500 മീറ്റർ അകലെയുള്ള വീടുകളെപ്പോലും വെള്ളപ്പൊക്കം ബാധിച്ചിട്ടുള്ളതായി വ്യക്തമാണ്.
പുനരധിവാസ പരിപാടി "പുനർഗേഹം 'പ്രകാരം, ഓരോ കുടുംബത്തിനും 10 ലക്ഷം രൂപയാണ് നഷ്ടപരിഹാരം. ഇതിൽ ആറു ലക്ഷം സ്ഥലം വാങ്ങുന്നതിനും നാല് ലക്ഷം വീടുനിർമാണത്തിനും അനുവദിക്കും. സർക്കാർ അനുവദിച്ച വീട്ടിൽ താമസിച്ച് 12 വർഷത്തിനുശേഷം മാത്രമേ ഭൂരേഖകൾ വീട്ടുടമയ്ക്ക് കൈമാറൂ. മത്സ്യത്തൊഴിലാളികൾക്കായി ലക്ഷം വീട് മാതൃകയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഫ്‌ളാറ്റുകൾ നിർമിക്കാനും സർക്കാരിന് പദ്ധതിയുണ്ടായിരുന്നു. "ചെല്ലാനത്തെ സാധാരണക്കാർ വൈകാരികമായും സാമ്പത്തികമായും കടലിനെ ആശ്രയിച്ചിരിക്കുന്നു. കടൽ തീരത്തുനിന്ന് മാറിത്താമസിക്കുക ഇവർക്ക് ബുദ്ധിമുട്ടാണ്,' - ആക്ടിവിസ്റ്റ് ജെയ്സൺ സി. കൂപ്പർ പറഞ്ഞു. മനോഹരമായ ചെല്ലാനം തീരം കോർപ്പറേറ്റുകൾക്കും ടൂറിസം മാഫിയക്കും കൈമാറാൻ സർക്കാർ പദ്ധതിയിടുന്നതായി അദ്ദേഹം ആരോപിച്ചു.
തുടർച്ചയായ കടൽ കയറ്റം പോലെ അതിജീവനത്തിനായുള്ള ചെല്ലാനത്തെ ജനങ്ങളുടെ പോരാട്ടവും തുടരുകയാണ്. സംസ്ഥാന മന്ത്രിസഭയുടെ സത്യപ്രതിജ്ഞാദിനത്തിൽ നിരാഹാര സമരം അനുഷ്ഠിച്ച്ചെല്ലാനത്തെ ജനത പ്രതിഷേധത്തിന്റെ അലകൾ തീർത്തുകൊണ്ടേയിരിക്കുകയാണ്.▮