Photo: Max Pixel

ഇന്ത്യൻ കടലിനെ വളയുന്ന ബ്ലൂ ഇക്കോണമി;
​ചില കാണാക്കാഴ്​ചകൾ

കരയിലെ വിഭവചൂഷണം എല്ലാ പരിധിയും കടന്ന സാഹചര്യത്തിൽ കടലിലേക്ക് മൂലധന ശക്തികളുടെ ശ്രദ്ധ തിരിയുകയാണ്. സമുദ്രത്തിലെ ‘ഖനനം’ ചെയ്യപ്പെടാത്ത മേഖലയായി കണക്കാക്കപ്പെടുന്ന അറബിക്കടലിനെയും ബംഗാൾ ഉൾക്കടലിനെയും ലക്ഷ്യമാക്കി രൂപപ്പെടുന്ന ‘ബ്ലൂ ഇക്കോണമി’യുടെ ഇടപെടലുകളെക്കുറിച്ച്​.

""കടലിനെ ആര്​ ഭരിക്കുന്നുവോ, അവർ ലോകത്തെയും ഭരിക്കും''- ആൽഫ്രഡ് മാഹൻ എന്ന അമേരിക്കൻ സമുദ്ര വിജ്ഞാനീയ സൈദ്ധാന്തികൻ പതിറ്റാണ്ടുകൾക്കുമുൻപ് പറഞ്ഞ വാക്കുകൾ അക്ഷരാർഥത്തിൽ ശരിയാണ്. എന്നാൽ ഒന്നാം ലോകമഹായുദ്ധത്തിന്റെ ഒടുവിൽ അക്കാലത്തെ അമേരിക്കൻ പ്രസിഡന്റായിരുന്ന വുഡ്രോ വിൽസൺ മുന്നോട്ടുവെച്ച പതിനാലിന നിർദേശത്തിൽ കടൽ എല്ലാവർക്കും അവകാശപ്പെട്ടതാണെന്ന പരികല്പനയാണുള്ളത്. 1994-ൽ ഐക്യരാഷ്ട്ര സംഘടനയുടെ യൂനിവേഴ്‌സിറ്റിയിൽ പ്രൊഫ. ഗുന്തർ പോളിയാണ് നീല സമ്പദ്​വ്യവസ്ഥ എന്ന പരികൽപന മുന്നോട്ടുവെച്ചത്.

ഇന്ത്യക്ക് 8118 കിലോമീറ്റർ ദൂരം തീരവും 2.01 ദശലക്ഷം ചതുരശ്ര കിലോമീറ്റർ വരുന്ന സമുദ്രമേഖലയിൽ പരമാധികാരവും ഉണ്ട്. 118 ചെറുകിട തുറമുഖങ്ങളും 12 വലിയ തുറമുഖങ്ങളുമുണ്ട്. പ്രതിവർഷം 1400 ദശലക്ഷം ചരക്കുകളുടെ നീക്കവും ഈ തുറമുഖങ്ങളിലൂടെ നടക്കുന്നു. നമ്മുടെ കടലിൽ വാണിജ്യാടിസ്ഥാനത്തിൽ പിടിക്കുന്ന 665 ഇനങ്ങളിൽപ്പെട്ട മത്സ്യങ്ങളും അതുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നവരുമായ 40 ലക്ഷം മത്സ്യത്തൊഴിലാളികളും ഉണ്ട്. 17 കോടിയോളം പേർ തീരവാസികളാണ്. 20 ലക്ഷം ക്യുബിക് മീറ്ററോളം എണ്ണയും പ്രകൃതിവാതകങ്ങളും നമ്മുടെ കടലിന്റെ അടിത്തട്ടിലുണ്ട്. രാജ്യത്തിന്റെ അധികാരപരിധിയിലുള്ള കടലിൽനിന്ന് ഒരുവർഷം പിടിച്ചെടുക്കുന്ന മത്സ്യം 53 ലക്ഷം ടൺ ആണെന്നാണ് സർക്കാർ കണക്ക്. എന്നാൽ, ഇപ്പോൾ നാം പിടിക്കുന്ന മത്സ്യം ശരാശരി 35 ലക്ഷം ടൺ മാത്രമാണ്. ഇന്ത്യൻ കടലിൽ കണക്കുകളനുസരിച്ച് ഏകദേശം 3.12 ലക്ഷം യാനങ്ങൾ പ്രവർത്തിക്കുന്നു.

ഏതു രാജ്യത്തിന്റെയും ടെറിട്ടോറിയൽ വാട്ടേഴ്‌സ് അല്ലാത്ത സമുദ്രപ്രദേശം ലോകത്തിന്റെ പൊതുസ്വത്തോ അല്ലെങ്കിൽ "പൊതുവഴി'യോ ആയാണ് യു.എസ്. കാണുന്നത്.

സമുദ്രം പൊതുസ്വത്താണോ?

സമുദ്രവിഭവങ്ങളുടെ ചൂഷണമാണ് ബ്ലൂ ഇക്കോണമിയുടെ പ്രധാന ലക്ഷ്യം. സാമ്പത്തികവളർച്ചക്ക്​ കടൽവിഭവങ്ങളെ എങ്ങനെ ഉപയോഗപ്പെടുത്തണമെന്ന അന്വേഷണമാണ് ബ്ലൂ ഇക്കോണമിയുടെ മർമം. ആധുനിക വ്യവസായങ്ങൾക്ക് കടൽ ഖനിജങ്ങൾ ആവശ്യമാണ്. കംപ്യൂട്ടർ ചിപ്പുകൾ പോലെയുള്ളവയ്ക്കാണ് അവയുടെ ആവശ്യം കൂടുതൽ വേണ്ടിവരുന്നത്. ഇത്തരം അസംസ്‌കൃത വസ്തുക്കൾക്കുവേണ്ടിയുള്ള ആഴക്കടൽ ഖനനം കടൽ പരിസ്ഥിതിയെ ഗുരുതരമായി ബാധിക്കും. മറ്റ് രാജ്യങ്ങളിൽ പുറംകടലിലാണ് ഖനനം നടക്കുന്നത്. എണ്ണ, പ്രകൃതിവാതകങ്ങൾ, മാംഗനീസ്, നൊഡ്യൂൾസ്, കോപ്പർ നിക്കൽ, കോബാൾട്ട്, പോളിമെറ്റാലിക് ഉൽപന്നങ്ങൾ എന്നിവയും ഖനനം ചെയ്ത് കടലിൽ നിന്നെടുക്കാം.

1994-ൽ സെനഗലിലെ തൊഴിലാളികൾ 95,000 ടൺ മത്സ്യം പിടിച്ചത് പത്തുവർഷം കഴിഞ്ഞപ്പോൾ നേർപകുതിയായി / Photo: Pixabay

നിസാര തുക ലൈസൻസ് ഫീ നൽകി സെനഗാളിന്റെ കടലിൽ പ്രവർത്തിച്ച സ്പാനിഷ് ട്രോളറുകൾ അവിടത്തെ കടൽ തൂത്തുവാരി. 1994-ൽ സെനഗലിലെ തൊഴിലാളികൾ 95,000 ടൺ മത്സ്യം പിടിച്ചത് പത്തുവർഷം കഴിഞ്ഞപ്പോൾ നേർപകുതിയായി. മത്സ്യസംസ്‌കരണശാലകളിലെ 50-60 ശതമാനം പേരെയും പിരിച്ചുവിട്ടു. തുടർന്ന് സെനഗാൾ മത്സ്യസഹകരണ കരാറിൽനിന്നു പിൻമാറി. "സെനഗാൾ വത്കരണം' എന്നു മത്സ്യഗവേഷകർ വിളിക്കുന്ന ഈ ദുരന്തം തൊട്ടടുത്ത രാജ്യങ്ങളായ മൊറോക്കോ, സിയറാ ലിയോൺ, കേപ് വെർദെ എന്നീ രാജ്യങ്ങളിൽ ഇപ്പോഴും തുടരുകയാണ്.

തീരത്തുനിന്ന് 12 നോട്ടിക്കൽ മൈൽ വരെയുള്ള അതിർത്തിയാണ് തീരരാജ്യത്തിന്റെ പരമാധികാരപ്രദേശമായി (ടെറിട്ടോറിയൽ വാട്ടേഴ്‌സ്) അംഗീകരിക്കപ്പെട്ടിരിക്കുന്നത്. 200 നോട്ടിക്കൽ മൈൽ വരെയുള്ള ജലാതിർത്തി "യു.എൻ. കൺവൻഷൻ ഓൺ ദ് ലോസ് ഓഫ് ദ് സീ' ഇ.ഇ.സെഡ്. ആയി നിർവചിക്കുന്നു. യു.എൻ. കൺവൻഷൻ രേഖ ഇന്ത്യ അംഗീകരിച്ചിട്ടുണ്ടെങ്കിലും യു.എസ്. അംഗീകരിച്ചിട്ടില്ല. ഈ പ്രദേശത്ത് തീരരാജ്യങ്ങൾ പരമാധികാരം അവകാശപ്പെടുന്നത് "എക്‌സസീവ് മാരിടൈം ക്ലെയിം' അഥവാ കടന്നുകയറി ഉയർത്തുന്ന അവകാശമായാണ് അമേരിക്ക കാണുന്നത്. ഏതു രാജ്യത്തിന്റെയും ടെറിട്ടോറിയൽ വാട്ടേഴ്‌സ് അല്ലാത്ത സമുദ്രപ്രദേശം (12 നോട്ടിക്കൽ മൈലിനപ്പുറമുള്ള കടൽ) ലോകത്തിന്റെ പൊതുസ്വത്തോ അല്ലെങ്കിൽ "പൊതുവഴി'യോ ആയാണ് യു.എസ്. കാണുന്നത്. അവിടെ സ്വതന്ത്രമായി കടന്നുപോകാനും വേണ്ടിവന്നാൽ സൈനികാഭ്യാസം നടത്താനും അവകാശമുണ്ടെന്നാണ്​ യു.എസ്​ വാദം. എന്നാൽ ഇന്ത്യയ്ക്ക് 200 നോട്ടിക്കൽ മൈൽ വരെയുള്ള സമുദ്രാതിർത്തി തീരരാജ്യത്തിന്റെ സ്വത്താണ്. ആ പ്രദേശത്തുനിന്നു ധാതുക്കളും മറ്റും ഖനനം ചെയ്യാനും മത്സ്യബന്ധനം നടത്താനും അതിനാവശ്യമായ സുരക്ഷാനടപടികൾ സ്വീകരിക്കാനും തീരരാജ്യത്തിനു മാത്രമേ അധികാരമുള്ളൂ. അവിടെക്കൂടി കടന്നുപോകുമ്പോൾ പടക്കപ്പലുകൾ തീരരാജ്യത്തെ അറിയിക്കണം, അഭ്യാസം നടത്താനാണെങ്കിൽ അനുമതി വാങ്ങിയിരിക്കണം. 12 നോട്ടിക്കൽ മൈലിനപ്പുറത്തേക്ക് ഒരു തീരരാജ്യത്തിന്റെയും പരമാധികാരം അംഗീകരിക്കുന്നില്ലെന്ന് ഊന്നിപ്പറയാൻ യു.എസ് "സൃഷ്ടിച്ച സംഭവം' എന്നൊരു വാദവുമുണ്ട്.

നമ്മുടെ കടലിൽ വാണിജ്യാടിസ്ഥാനത്തിൽ പിടിക്കുന്ന 665 ഇനങ്ങളിൽ പെട്ട മത്സ്യങ്ങളും അതുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്ന 40 ലക്ഷം മത്സ്യത്തൊഴിലാളികളുമുണ്ടെന്നും കണക്കുകൾ പറയുന്നു. 17 കോടിയോളം ​പേർ തീരവാസികളാണ്.

തീരത്തുനിന്ന് 12 നോട്ടിക്കൽ മൈൽ വരെയുള്ള അതിർത്തിയാണ്​തീരരാജ്യത്തിന്റെ പരമാധികാര പ്രദേശമായി (ടെറിട്ടോറിയൽ വാട്ടേഴ്‌സ്) അംഗീകരിക്കപ്പെട്ടിരിക്കുന്നത്. 200 നോട്ടിക്കൽ മൈൽ വരെയുള്ള ജലാതിർത്തി, "യു,എൻ. കൺവൻഷൻ ഓൺ ദ് ലോസ് ഓഫ് ദ് സീ' എക്‌സ്‌ക്ലൂസീവ് ഇക്കണോമിക് സോൺ (ഇ.ഇ.സെഡ്.) ആയി നിർവചിക്കുന്നു. കടൽനിയമത്തെക്കുറിച്ച് ഐക്യരാഷ്ട്ര സംഘടന 1973 മുതൽ 1982 വരെ നടത്തിയ ചർച്ചകളെത്തുടർന്നു രൂപപ്പെട്ടതാണ് നിലവിലെ കടൽ അവകാശങ്ങൾ. ഈ ഉടമ്പടിയനുസരിച്ച് കരയിൽനിന്ന്​ 12 നോട്ടിക്കൽ മൈൽ (22 കിലോമീറ്റർ) തീരക്കടലും (ടെറിട്ടോറിയൽ സീ) അതിനപ്പുറത്തുള്ള 200 നോട്ടിക്കൽ മൈൽ (370 കിലോമീറ്റർ) അതതു രാജ്യങ്ങളുടെ പ്രത്യേക സാമ്പത്തികമേഖലയും (ഇ.ഇ.സെഡ്.) അതിനുപുറത്തേക്കുള്ളത് പുറംകടലും (ഹൈ സീ) ആണ്. ഇന്ത്യയിൽ തീരക്കടലിലെ അവകാശം സംസ്ഥാനങ്ങൾക്കാണ്.

‘ചൈനയെ വളയൽ’ പദ്ധതി

ആഫ്രിക്കയിലെ സീഷെൽസ് മുതൽ സമോവ വരെ പരന്നുകിടക്കുന്ന വിസ്തൃതമായ ഇന്ത്യൻ സമുദ്രത്തിൽ കപ്പൽ ഗതാഗതം, സംയുക്ത നാവിക അഭ്യാസം, ആഴക്കടൽ പര്യവേക്ഷണം, കടൽക്കൊള്ളക്കാരെ തുരത്തൽ എന്നീ ലക്ഷ്യങ്ങളോടെ വിവിധ രാജ്യങ്ങളുമായി ചേർന്ന് ഇന്ത്യ സംയുക്ത പ്രവർത്തനം നടത്തണമെന്ന് ബ്ലൂ ഇക്കോണമി രേഖ പറയുന്നു. നമ്മുടെ കടലിൽ വാണിജ്യാടിസ്ഥാനത്തിൽ പിടിക്കുന്ന 665 ഇനങ്ങളിൽ പെട്ട മത്സ്യങ്ങളും അതുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്ന 40 ലക്ഷം മത്സ്യത്തൊഴിലാളികളുമുണ്ടെന്നും കണക്കുകൾ പറയുന്നു. 17 കോടിയോളം ​പേർ തീരവാസികളാണ്. 20 ലക്ഷം ക്യുബിക് മീറ്ററോളം എണ്ണയും പ്രകൃതിവാതകങ്ങളും കടലിന്റെ അടിത്തട്ടിലുണ്ട്.

ഇഴചേർന്ന ബന്ധമുള്ളപ്പോഴും ഏഴാം കപ്പൽപ്പടയുടെ നീക്കം അറിയിക്കാതിരുന്നത് ഇന്ത്യയെ ശിങ്കിടിയായി മാത്രം കാണുന്ന അമേരിക്കൻ മനോഭാവത്തിന്റെ ബഹിർസ്ഫുരണമാണെന്നാണ് സർക്കാർ വിമർശകർ പറയുന്നത് / Photo: Wikimedia Commons

അമേരിക്കയുമായി 1992 മുതൽ അറബിക്കടലിൽ നടത്തുന്ന സംയുക്ത സൈനിക അഭ്യാസമായ ‘മലബാർ എക്‌സർസൈസ്’, 2001 മുതൽ ഫ്രാൻസുമായി ചേർന്നുള്ള ‘വരുണ’, 2004 മുതൽ ബ്രട്ടനുമായി ചേർന്നു നടത്തുന്ന ‘കൊങ്കൺ’, 2012 മുതൽ ജപ്പാനുമായി ചേർന്നുള്ള ‘ജീമെക്‌സ്’, 2015 മുതൽ ആസ്ട്രേലിയയുമായി ചേർന്നുള്ള ‘ഓസിൻ സെക്‌സ്’ തുടങ്ങിയ പ്രവർത്തനങ്ങളും ശക്തിപ്പെടുത്തണമെന്ന് ഇന്ത്യയുടെ ബ്ലൂ ഇക്കോണമി നയം പറയുന്നു. സാമ്പത്തികരംഗത്തും സമുദ്രമേഖലയിലും വൻ കുതിപ്പു നടത്തുന്ന ചൈനയെ ലക്ഷ്യമിട്ടാണ് ഈ പ്രവർത്തനങ്ങളെന്നും രേഖ പറയുന്നുണ്ട്. സമീപകാലത്ത് ഇന്ത്യയും ജപ്പാനും അമേരിക്കയും ആസ്ട്രേലിയയും സംയുക്തമായി അംഗീകരിച്ച ക്വാഡ് (ക്വാഡ്രി ലാറ്ററൽ സെക്യൂരിറ്റി ഡയലോഗ്) ഈ രംഗത്തെ പ്രധാന ചുവടുവെപ്പാണ്.

അമേരിക്കൻ പടക്കപ്പൽ ലക്ഷദ്വീപിനു സമീപം ഇന്ത്യൻ സമുദ്രാതിർത്തി ലംഘിച്ച സംഭവം രാജ്യത്തിന്റ പരമാധികാരത്തിന് നേരയുള്ള കടുത്ത വെല്ലുവിളിയാണെന്ന കാര്യത്തിൽ സംശയമില്ല.

പ്രതിരോധനീക്കങ്ങൾ പരസ്പരം അറിയിക്കാൻ ബാധ്യസ്ഥമായ കരാറുകൾ ഈയിടെ ഇന്ത്യയും അമേരിക്കയും തമ്മിൽ ഒപ്പിട്ടിരുന്നു. ഇത്രയും ഇഴചേർന്ന ബന്ധമുള്ളപ്പോഴും ഏഴാം കപ്പൽപ്പടയുടെ നീക്കം അറിയിക്കാതിരുന്നത് ഇന്ത്യയെ ശിങ്കിടിയായി മാത്രം കാണുന്ന അമേരിക്കൻ മനോഭാവത്തിന്റെ ബഹിർസ്ഫുരണമാണെന്നാണ് സർക്കാർ വിമർശകർ പറയുന്നത്. "ചൈനയെ വളയൽ' പദ്ധതിയുടെ ഭാഗമായി അമേരിക്കയുടെ നേതൃത്വത്തിൽ രൂപീകരിച്ച "ക്വാഡ്' സഖ്യത്തിൽ ഇന്ത്യ പൂർണ അംഗമായി മാറിയതിനുപിന്നാലെയാണ് ഈ സംഭവം എന്നതും ശ്രദ്ധേയമാണ്. ജപ്പാനും ആസ്ട്രേലിയയുമാണ് ക്വാഡിലെ മറ്റ് അംഗങ്ങൾ. അമേരിക്കയുടെ സൈനിക താൽപര്യങ്ങൾക്ക് ഇന്ത്യയെ കരുവായി ഉപയോഗിക്കുകയും ഇന്ത്യയുടെ താൽപര്യങ്ങളോട് നിഷേധ നിലപാട് സ്വീകരിക്കുകയുമാണ് അവർ ചെയ്തുകൊണ്ടിരിക്കുന്നത്. ഇന്ത്യയും ചൈനയുമായുണ്ടായ കിഴക്കൻ ലഡാക്ക് വിഷയത്തിൽ വാചാലരായ അമേരിക്കയുടെ ഇരട്ടത്താപ്പുമാണ് പുറത്തുവരുന്നത്. നയതന്ത്രമേഖലയിലും ഇതിന്റെ പ്രത്യാഘാതം രൂക്ഷമാകും എന്ന കാര്യത്തിൽ സംശയമില്ല. അമേരിക്കൻ പടക്കപ്പൽ ലക്ഷദ്വീപിനു സമീപം ഇന്ത്യൻ സമുദ്രാതിർത്തി ലംഘിച്ച സംഭവം രാജ്യത്തിന്റ പരമാധികാരത്തിന് നേരയുള്ള കടുത്ത വെല്ലുവിളിയാണെന്ന കാര്യത്തിൽ സംശയമില്ല.

കടലിലെ പ്രതിരോധം ശക്തമാക്കുന്നതിന് ഇന്നുള്ള രണ്ട് വിമാനവാഹിനി കപ്പലിനു പുറമേ പുതിയ ആറ് സബ് മറൈനുകളും 30 യുദ്ധക്കപ്പലുകളും 150 യുദ്ധവിമാനങ്ങളും ഹെലികോപ്ടറുകളും കൂടി ഇന്ത്യ അടിയന്തരമായി നിർമിക്കണം എന്ന് SAGAR (Security And Growth for All in the Region) നയരേഖ പറയുന്നു. സാഗർമാല പദ്ധതിയുടെ ഭാഗമായി പുതിയ ആറ് തുറമുഖങ്ങൾ കൂടി നിർമിക്കാൻ പദ്ധതിയുണ്ട്. തുറമുഖങ്ങൾക്കുപുറമെ 609 കൂറ്റൻ കെട്ടിടസമുച്ചയങ്ങളും 14 കോസ്റ്റൽ ഡെവലപ്‌മെന്റ് സോണുകളും12 കോസ്റ്റൽ ടൂറിസ്റ്റ് സർക്യൂട്ടുകളും 2000 കിലോമീറ്റർ തീരദേശ റോഡുകളും സാഗർമാല പദ്ധതിയുടെ ഭാഗമായി വരാൻ പോവുകയാണ്.

സമുദ്ര സമ്പദ്​വ്യവസ്​ഥ ഇരട്ടിയായി, താൽപര്യങ്ങളും

സമുദ്രാതിർത്തിയിലുള്ള അയൽ രാജ്യങ്ങളൊക്കെ ഇന്ത്യയുമായി അകലുകയും ശ്രീലങ്കയിലും മാലദ്വീപിലും ചൈന തുറമുഖങ്ങൾ നിർമിക്കുകയും ചെയ്തതോടെ ഡീഗോ ഗാർഷ്യ സൈനികത്താവളത്തിന്റ പ്രാധാന്യം കുറഞ്ഞതായി അമേരിക്കയും മനസ്സിലാക്കുന്നുണ്ട്. ലോകത്തെ പ്രധാന ചരക്കുനീക്കം നടക്കുന്ന മലാക്ക സ്ട്രെയിറ്റിൽ നിന്നും ആരംഭിക്കുന്ന അന്താരാഷ്ട്ര കപ്പൽപാത ലക്ഷദ്വീപുകൾക്കിടയിലൂടെയാണ് ഗൾഫിലേയ്ക്കും ആഫ്രിക്കയിലേയ്ക്കും പോകുന്നത്. ദ്വീപിനെ ഒരു സൈനിക ഔട്ട് പോസ്റ്റാക്കാനുള്ള അമേരിക്കൻ താൽപര്യം ഇതുകൊണ്ട് കൂടിയാണ്. ഏപ്രിൽ ഏഴിന് ലക്ഷദ്വീപിന് 130 നോട്ടിക്കൽ മൈൽ പടിഞ്ഞാറുകൂടി കടന്നുപോയെന്നും ഇന്ത്യയുടെ അനുമതി വാങ്ങിയില്ലെന്നും യു.എസ്. നാവികസേനയുടെ ഏഴാം കപ്പൽവ്യൂഹത്തിന്റെ കമാൻഡർ വെളിപ്പെടുത്തി. യു.എസ്.എസ്. ജോൺ പോൾ ജോൺസ് എന്ന കപ്പലാണ് ഇന്ത്യയുടെ എക്സ്ക്ലൂസീവ് ഇക്കണോമിക് സോൺ (ഇ.ഇ.സെഡ്.) കടന്ന് യാത്രചെയ്തത്. തീരരാജ്യത്തിന്റെ അനുമതിയോടെ മാത്രമേ മറ്റു രാജ്യങ്ങളുടെ യുദ്ധക്കപ്പലുകൾ ഇ.ഇ.സെഡിൽ പ്രവേശിക്കാൻ പാടുള്ളൂ. ഈ നിലപാടിനെയാണ് ഇന്ത്യയുടെ അമിതമായ അവകാശവാദമെന്നു യു.എസ്. വ്യാഖ്യാനിക്കുന്നത്.

ലക്ഷദ്വീപിനടുത്തെത്തിയ യു.എസ്. യുദ്ധക്കപ്പൽ യു.എസ്.എസ്. ജോൺ പോൾ ജോൺസ് / Photo: Flickr

ഏഴാം കപ്പൽവ്യൂഹത്തിൽ 50-70 കപ്പലുകൾ, 150 വിമാനങ്ങളും ഏതാണ്ട് 20,000 നാവികരും ഉൾപ്പെടുന്നു. 1971-ലെ യുദ്ധത്തിൽ പാകിസ്താനെ സഹായിക്കാനായി ഏഴാം കപ്പൽപ്പട മുൻപും ഇവിടെയെത്തിയിട്ടുണ്ട്. ദക്ഷിണ ചൈനാ കടലിലും മറ്റു രാജ്യാന്തര സമുദ്രസഞ്ചാര സ്വാതന്ത്ര്യപ്രശ്‌നങ്ങളിലും അഭിപ്രായ സമന്വയമുണ്ടെങ്കിലും കാതലായ ചില സമുദ്ര പരമാധികാര പ്രശ്‌നങ്ങളിൽ ഇന്ത്യയും യു.എസും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടെന്നു ലക്ഷദ്വീപ് കടലിലെ സംഭവം എടുത്തുകാട്ടുന്നു- പ്രധാനമായും എക്‌സ്‌ക്ലൂസീവ് ഇക്കണോമിക് സോൺ (ഇ.ഇ.സെഡ്.) സംബന്ധിച്ച കാര്യങ്ങളിൽ.

യു.എൻ. സുസ്ഥിര വികസന ലക്ഷ്യം -14 പറയുന്നു: ""കടലുകളിലെ ആവാസ വ്യവസ്ഥയെയും വിഭവങ്ങളെയും സുസ്ഥിരമായും സുരക്ഷിതമായും പരിപാലിക്കണം.'' തുടർന്ന് അമേരിക്കയും കാനഡയും നോർവേയുമടക്കമുള്ള ആറ് രാജ്യങ്ങൾ ഇതുമായി ബന്ധപ്പെട്ട് തങ്ങളുടെ ദേശീയ സമുദ്ര സമ്പദ് നയം പ്രഖ്യാപിച്ചു. കാനഡയും ആസ്ട്രേലിയയും നിയമനിർമാണം നടത്തി. കോവിഡിന് മുമ്പുതന്നെ ആഗോള സമ്പദ് വ്യവസ്ഥയുടെ ഇരട്ടിയായി സമുദ്ര സമ്പദ്​വ്യവസ്ഥയുടെ ഇരട്ടിയായി സമുദ്ര സമ്പദ് വ്യവസ്ഥ വളർന്നുവെന്ന് കണക്കുകൾ കാണിക്കുന്നു. യഥാർഥത്തിൽ കരയിലെ വിഭവചൂഷണം എല്ലാ പരിധിയും കടന്ന സാഹചര്യത്തിൽ കടലിലേക്ക് മൂലധന ശക്തികളുടെ ശ്രദ്ധ തിരിയുക സ്വാഭാവികമാണ്. സമുദ്രത്തിലെ ‘ഖനനം’ ചെയ്യപ്പെടാത്ത മേഖലയായി കണക്കാക്കപ്പെടുന്ന അറബിക്കടലിനും ബംഗാൾ ഉൾക്കടലിനും പ്രാമുഖ്യമേറുന്നതും ഇക്കാരണത്താൽതന്നെയാണ്. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


ഡോ. സന്തോഷ് മാത്യു

പോണ്ടിച്ചേരി സെൻട്രൽ യൂണിവേഴ്​സിറ്റിയിലെ സെൻറർ ഫോർ സൗത്ത്​ ഏഷ്യൻ സ്​റ്റഡിയിൽ അസിസ്​റ്റൻറ്​ പ്രൊഫസർ.

Comments