ചെല്ലാനം കടൽഭിത്തി നിർമ്മാണം ആവശ്യസർവീസായി പ്രഖ്യാപിക്കണമെന്ന് സർക്കാരിനോട് സാമൂഹ്യ പ്രവർത്തകർ

സാമൂഹ്യ അകലം പാലിക്കാൻ നിർബന്ധിതമായ സാഹചര്യത്തിൽ മുൻ വർഷങ്ങളിലേതു പോലെ ദുരിതാശ്വാസക്യാമ്പുകൾ പോലും സാധ്യമാകാത്ത സ്ഥിതി കടുത്ത ആശങ്കയുണ്ടാക്കുന്നതാണ്. അത്തരം ഒരു അവസ്ഥ സംസ്ഥാനത്തെ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളെ തന്നെയും പ്രതികൂലമായി ബാധിക്കുമെന്നതും ഉറപ്പായ കാര്യമാണ്

"ചെല്ലാനം കടൽഭിത്തി നിർമ്മാണം ആവശ്യസർവീസായി പ്രഖ്യാപിച്ച് അടിയന്തിരമായി പൂർത്തിയാക്കുക' സാമൂഹ്യ സാംസ്കാരിക പ്രവർത്തകർ കഴിഞ്ഞ ഒരു പതിറ്റാണ്ടു കാലമായി എറണാകുളം ജില്ലയുടെ തെക്കു-പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ചെല്ലാനം എന്ന തീരഗ്രാമം കടുത്ത കടൽകയറ്റ പ്രശ്നം നേരിട്ട് വരികയാണ്. ഈ തീരപ്രദേശത്തിനു സംരക്ഷണമേകി കൊണ്ട് നിലനിന്നിരുന്ന കടൽഭിത്തി രൂക്ഷമായ കടൽ ക്ഷോഭത്തെ തുടർന്ന് പലയിടങ്ങളിലും തകരുകയും ദുർബലമാവുകയും ചെയ്തതിനാൽ ഈ പ്രദേശത്തെ ജനജീവിതം കടുത്ത ദുരിതങ്ങളും കഷ്ടനഷ്ടങ്ങളും നേരിടുകയാണ്.

നിരവധിയായ പ്രക്ഷോഭങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിൽ 2017 ൽ ഓഖി ദുരന്തത്തിന് ശേഷം അതുവരെ കടൽഭിത്തി തകർന്ന വാച്ചാക്കൽ, കമ്പനിപ്പടി,ബസാർ,വേളാങ്കണ്ണി, ചെറിയകടവ് എന്നീ പ്രദേശങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ ജിയോ സിന്തറ്റിക് ട്യൂബ് കൊണ്ട് കടൽ ഭിത്തി പുനർനിർമ്മിക്കാനുള്ള പദ്ധതി മൂന്നു മാസത്തിനുള്ളിൽ നടപ്പാക്കുമെന്ന് കേരള സർക്കാർ പ്രഖ്യാപിക്കുകയുണ്ടായി.

എന്നാൽ ദൗർഭാഗ്യകരമെന്ന് പറയട്ടെ 2020 ൽ എത്തി നിൽക്കുമ്പോഴും മേൽപ്പറഞ്ഞ ജിയൂട്യൂബു കൊണ്ടുള്ള കടൽഭിത്തി നിർമ്മാണം എങ്ങുമെത്തിയിട്ടില്ല. മാത്രവുമല്ല 2017 ൽ ഉണ്ടായിരുന്നതിനേക്കാൾ കൂടുതൽ പ്രദേശങ്ങളിൽ വീണ്ടും ഇപ്പോൾ കടൽഭിത്തി തകരുകയും ചെയ്തിരിക്കുന്നു. തീരശോഷണത്തെ നമ്മുടെ സംസ്ഥാനം നേരിടുന്ന പാരിസ്ഥിതിക ദുരന്തങ്ങളിൽ ഒന്നായി കേരളസർക്കാർ പ്രഖ്യാപിച്ചിട്ടുള്ളതാണ്.

സംസ്ഥാന സർക്കാരിന്റെ ദുരന്ത നിവാരണ പദ്ധതിയിൽ നമ്മുടെ സംസ്ഥാനത്തു തീരശോഷണ ദുരന്ത ഭീഷണി നിലനിൽക്കുന്ന പ്രദേശങ്ങളിൽ ഒന്നായി ചെല്ലാനത്തെ പരിഗണിച്ചിട്ടുണ്ട്. ചെല്ലാനത്തെ 2500 ഓളം വരുന്ന കുടുംബങ്ങളെ നേരിട്ടും അതിന്റെ ഇരട്ടി കുടുംബങ്ങളെ പരോക്ഷമായും ബാധിക്കുന്നതാണ് കടൽകയറ്റവും അനുബന്ധ പ്രശ്നങ്ങളും. തുടർച്ചയായി ഉണ്ടായി കൊണ്ടിരിക്കുന്ന കടൽകയറ്റം മൂലം ഈ പ്രദേശത്തെ വീടുകൾ ഇപ്പോൾ തന്നെ ദുർബലാവസ്ഥയിൽ ആണ്. ഈ വർഷക്കാലത്തും കടൽകയറ്റം നേരിടേണ്ടി വന്നാൽ തീർത്താൽ തീരാത്ത കഷ്ടനഷ്ടങ്ങളായിരിക്കും ചെല്ലാനത്തെ ജനങ്ങൾ നേരിടേണ്ടി വരിക. എല്ലാ വർഷവും മെയ്-മുതൽ ഒക്ടോബർ വരെയുള്ള മാസങ്ങൾ ചെല്ലാനത്തെ കടൽ കയറ്റത്തിന്റെ സമയമാണ്. ഈ വർഷം ഏപ്രിലിലും മെയിലുമായി അവശേഷിക്കുന്ന ദിവസങ്ങളിൽ കടൽ ഭിത്തിയുടെ നിർമ്മാണവും തോടുകളുടെ ആഴംകൂട്ടലും നടന്നില്ലെങ്കിൽ ഈ വർഷവും കടൽകയറ്റ ദുരന്തത്തെ ചെല്ലാനം നേരിടേണ്ടി വരുമെന്ന് ഉറപ്പാണ്. കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി ആൾക്കൂട്ടങ്ങളും യാത്രകളും തൊഴിലും എല്ലാം നിയന്ത്രിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ കടൽകയറ്റം കൂടി നേരിടേണ്ടി വന്നാൽ ചെല്ലാനത്തെ ജനങ്ങൾ അഭിമുഖീകരിക്കുന്ന ദുരന്തം വളരെ ഭീകരമായിരിക്കും. സാമൂഹ്യ അകലം പാലിക്കാൻ നിർബന്ധിതമായ സാഹചര്യത്തിൽ മുൻ വർഷങ്ങളിലേതു പോലെ ദുരിതാശ്വാസക്യാമ്പുകൾ പോലും സാധ്യമാകാത്ത സ്ഥിതി കടുത്ത ആശങ്കയുണ്ടാക്കുന്നതാണ്. അത്തരം ഒരു അവസ്ഥ സംസ്ഥാനത്തെ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളെ തന്നെയും പ്രതികൂലമായി ബാധിക്കുമെന്നതും ഉറപ്പായ കാര്യമാണ്. ഈ സാഹചര്യം ചെല്ലാനത്തെ ജനങ്ങളെ ആസന്നമായ ഇരട്ട ദുരന്ത ഭീതിയിലേക്കാണ് തള്ളിയിട്ടിരിക്കുന്നത്. പ്രശ്നത്തിന്റെ അടിയന്തിര പ്രാധാന്യം ഉൾക്കൊണ്ടു കൊണ്ട് ചെല്ലാനത്തെ കടൽകയറ്റം പരിഹരിക്കാൻ നിർദ്ദിഷ്ട പരീക്ഷണാടിസ്ഥാനത്തിലുള്ള ജിയോ സിന്തറ്റിക്ക് ട്യൂബ് കടൽഭിത്തി നിർമ്മാണം ദുരന്ത നിവാരണത്തിനു അനിവാര്യമായ നടപടിയായി കണ്ടുകൊണ്ട് ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ബാധകമല്ലാത്ത അവശ്യ സർവ്വീസ് ആയി പ്രഖ്യാപിച്ച്‌ അടിയന്തിരമായി പൂർത്തിയാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ഞങ്ങൾ കേരളം സർക്കാരിനോട് അഭ്യർത്ഥിക്കുന്നു.

മീന കന്തസാമി (കവി, നോവലിസ്റ്റ്) എം കെ സാനു മാസ്റ്റർ (എഴുത്തുകാരൻ) കെ സച്ചിദാനന്ദൻ ( കവി) സാറ ജോസഫ് (നോവലിസ്റ്റ്) കെ അജിത (സാമൂഹ്യ പ്രവർത്തക) ഖദീജ മുംതാസ് (നോവലിസ്റ്റ്) കെ ആർ മീര (നോവലിസ്റ്റ്) സുനിൽ പി ഇളയിടം ( എഴുത്തുകാരൻ, വാഗ്മി) ബി ആർ പി ഭാസ്കർ ( പത്രപ്രവർത്തകൻ) എസ് ഹരീഷ് (നോവലിസ്റ്റ്, ചെറുകഥാകൃത്ത്) ഡോ. ബിജു ( സിനിമ സംവിധായകൻ) പ്രിയനന്ദനൻ ( സിനിമ സംവിധായകൻ) ടി ടി ശ്രീകുമാർ ( എഴുത്തുകാരൻ) പി കെ പോക്കർ (എഴുത്തുകാരൻ) തനൂജ ഭട്ടതിരി ( ചെറുകഥാകൃത്ത്) കുരീപ്പുഴ ശ്രീകുമാർ (കവി) കുസുമം ജോസഫ് (സാമൂഹ്യ പ്രവർത്തക) വീരാൻ കുട്ടി (കവി) ടി ഡി രാമകൃഷ്ണൻ (നോവലിസ്റ്റ്) പി എൻ ഗോപീകൃഷ്ണൻ (കവി) ഡോ: ആസാദ് ( സാമൂഹ്യ പ്രവർത്തകൻ) മണമ്പൂർ രാജൻ ബാബു. (കവി) ശ്രീജ ആറംങ്ങോട്ടുകര (നാടക കലാകാരി) കൂടുതൽ വിവരങ്ങൾക്ക്: അഡ്വ. തുഷാർ നിർമ്മൽ സാരഥി (9633027792) (ചെല്ലാനം ജനകീയ ജനകീയ സമര ഐക്യദാർഢ്യ സമിതി കൺവീനർ)

Comments