Photo: Jonh Bennet

മുതലപ്പൊഴി ഹാര്‍ബറിലെ മത്സ്യത്തൊഴിലാളി കൊലപാതകങ്ങളുടെ ഉത്തരവാദി ആര്?

മുതലപ്പൊഴി അഴിമുഖത്ത് അപകടം തുടര്‍ക്കഥയാവുകയാണ്. ഞായറാഴ്ച മീന്‍പിടുത്തവള്ളം മറിഞ്ഞു, രണ്ട് മത്സ്യത്തൊഴിലാളികള്‍ അല്‍ഭുതകരമായാണ് രക്ഷപ്പെട്ടത്. മുതലപ്പൊഴി എന്തുകൊണ്ട് മത്സ്യത്തൊഴിലാളികളുടെ അപകടമുനമ്പായി മാറുന്നു?.

ടലിലെ മീന്‍പിടിത്തം സാഹസികവും ഏറ്റവും അപകടകരവുമായ ഒരു തൊഴില്‍രീതിയായാണ് കരുതപ്പെടുന്നത്. കണക്കനുസരിച്ച് ഒരു വര്‍ഷം ഒരു ലക്ഷത്തിലധികം ആളുകള്‍ ലോകത്താകമാനം ഈ തൊഴില്‍ ചെയ്തുകൊണ്ടിരിക്കുന്നതിനിടയില്‍ കൊല്ലപ്പെടുന്നു. അതുകൊണ്ട്​, ഇതൊരു ആഗോളപ്രശ്‌നമായി കരുതി മത്സ്യത്തൊഴിലാളികളുടെ തൊഴില്‍ സുരക്ഷയും ഭക്ഷ്യ സുരക്ഷയും ഉറപ്പാക്കാൻ ഐക്യരാഷ്ട്രസഭാ സംവിധാനങ്ങളായ FAO (Food and Agricultural Organisation), ILO (International Labour Organisation), IMO (International Maritime Organisation) തുടങ്ങിയവ യോജിച്ച് പ്രവര്‍ത്തിക്കുകയും ഇന്ത്യ ഉള്‍പ്പെടെയുള്ള അംഗരാജ്യങ്ങള്‍ക്ക് അതാത് സമയത്ത്​ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തുകൊണ്ടിരിക്കുന്നു.

മത്സ്യത്തൊഴിലാളികളുടെ സുരക്ഷാ ഉറപ്പാക്കേണ്ടത് അതത് രാജ്യങ്ങളിലെ ഭരണസംവിധാനങ്ങളാണെന്നും അല്ലെങ്കില്‍ അത് മനുഷ്യാവകാശലംഘനങ്ങളായി കണക്കാക്കപ്പെടുമെന്നും യു.എന്‍, അംഗരാജ്യങ്ങളെ നിരന്തരം ഓര്‍മ്മിപ്പിക്കുന്നു. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിച്ചപ്പോള്‍ മനസ്സില്‍ ഉടക്കിയ ഒരു പ്രധാന സംഗതി, ഈ മരണങ്ങളിലൊന്നുപോലും ഹാര്‍ബറുമായി ബന്ധപ്പെട്ടതല്ല എന്നതാണ്. മുങ്ങിമരണം (Sinking), ബോ​ട്ടോ വഞ്ചിയോ മറിയുക (capsize), കടലിലുണ്ടാകുന്ന അപകടങ്ങൾ (grounding), അഗ്​നിബാധ (fire explosion), എഞ്ചിൻ തകരാറ്​ (engine failure), യാനങ്ങൾക്കുണ്ടാകുന്ന തകരാറ്​ (vessel disabled), കടൽ​ക്കൊള്ള (piracy), ബോ​ട്ടോ വഞ്ചിയോ കാണാതാകൽ (vessel missing), വ്യക്തിപരമായ പരിക്കുകൾ (personal injury) എന്നിവയാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മത്സ്യത്തൊഴിലാളി മരണങ്ങളുടെ കാരണങ്ങളായി പറയുന്നത്.

ജൂലൈ 10ന് മുതലപ്പൊഴിയില്‍ ഉണ്ടായ അപകടത്തെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുന്ന നേവി. / Photo: Indian Navy
ജൂലൈ 10ന് മുതലപ്പൊഴിയില്‍ ഉണ്ടായ അപകടത്തെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുന്ന നേവി. / Photo: Indian Navy

ഹാര്‍ബറിലോ, ഹാര്‍ബറുകളുടെ നിര്‍മ്മാണങ്ങള്‍ കാരണമോ മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെടുന്നില്ല എന്നിരിക്കെ, മുതലപ്പൊഴി ഹാര്‍ബറില്‍ എന്തുകൊണ്ട് മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെടുന്നു, അതിന്റെ ഉത്തരവാദി ആര് എന്നീ ചോദ്യങ്ങള്‍ക്ക് പ്രസക്തിയേറുന്നു.

ഹാര്‍ബറിന്റെ ചരിത്രം

തിരുവനന്തപുരം ജില്ലയില്‍ വിഴിഞ്ഞം കഴിഞ്ഞാല്‍ ഫിഷിങ് ആവശ്യങ്ങള്‍ക്കുള്ള രണ്ടാമത്തെ പുലിമുട്ട് ഹാര്‍ബറാണ് മുതലപ്പൊഴി. കൃത്രിമ ഹാര്‍ബറുകളുടെ പട്ടികയില്‍പ്പെടുന്നതുമാണിത്​. 2000 മുതലാണ് ഇവിടത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള പഠനങ്ങളും മറ്റും നടന്നത്. മണ്‍സൂണ്‍ കാല മത്സ്യബന്ധനം സുഗമമായി, ആള്‍ മരണങ്ങളില്ലാതെ നടക്കണമെന്നത്​ 1990- കളിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ, ചെറുകിട യാനങ്ങളില്‍ പണിക്ക് പോകുന്നവരുടെ ആവശ്യമായിരുന്നു. മുതലപ്പൊഴി അഴിയാക്കണമെന്ന ആവശ്യത്തിനുപകരം ഇപ്പോഴുള്ള പുലിമുട്ട് ഹാര്‍ബര്‍ ആണ് വിഭാവനം ചെയ്യപ്പെട്ടത്. ആദ്യഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് ചെന്നൈ ഐ. ഐ. ടി. യാണ്. നിര്‍മ്മാണത്തിലെ അപാകതകള്‍ കാരണം അവര്‍ തന്നെ 2004- ല്‍ ചെയ്ത ഡിസൈന്‍, പല തവണ മാറ്റി രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. ഇതിനിടയില്‍ തീരശോഷണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെത്തുടര്‍ന്നും മത്സ്യത്തൊഴിലാളികള്‍ തന്നെ നിര്‍മ്മാണത്തിലെ അപാകതകള്‍ ചൂണ്ടിക്കാണിച്ചതുകൊണ്ടും 2007-ല്‍ഇവിടത്തെ പണി പൂര്‍ണമായും നിര്‍ത്തിവച്ചു.

വിഴിഞ്ഞം ഹാര്‍ബര്‍
വിഴിഞ്ഞം ഹാര്‍ബര്‍

ഇതിനിടയിലാണ് 2004 ഡിസംബറിലെ സുനാമി ഉണ്ടാകുന്നത്. അപ്പോഴൊന്നും ഇവിടെ ആളപായമോ എന്തെങ്കിലും തരത്തിലുള്ള തീരശോഷണമോ അസാധാരണമായ കടലേറ്റമോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നതും മനസിലാക്കേണ്ട കാര്യമാണ്. മുതലപ്പൊഴിയുടെ 65 കിലോമീറ്റര്‍ വടക്ക് ഭാഗത്തുള്ള ആലപ്പാട്ടും 100 കിലോമീറ്ററിനപ്പുറമുള്ള തെക്കുഭാഗത്തെ കന്യാകുമാരി ജില്ലയിലും സുനാമി നാശം വിതച്ചു എന്നതും വസ്തുതയാണ്.

ഇപ്പോഴും പണിതീരാതെ…

2004- ല്‍ പൂര്‍ത്തിയാക്കിയ ഒന്നാം ഘട്ട നിര്‍മ്മാണത്തിന് ഹാര്‍ബര്‍ എന്‍ജിനീയറിങ് ഡിപ്പാര്‍ട്‌മെന്റിന്റെ കണക്കനുസരിച്ച് ചെലവ്​ ഏകദേശം 1366 ലക്ഷം രൂപയാണ്. ചെന്നൈ ഐ ഐ ടിയുടെ ഒന്നാംഘട്ട നിര്‍മ്മാണത്തിലെ അപാകതകള്‍ 2011 ലെ CWPRS-ന്റെ പഠനം ശരിവച്ചതിനുശേഷം മുതലപ്പൊഴി ഹാര്‍ബര്‍ റീ ഡിസൈന്‍ ചെയ്തു. 2012 മുതല്‍ 2014 വരെ ചില അല്ലറ ചില്ലറ പണികള്‍നടന്നു. അതിനുശേഷം 2020- ലാണ് എല്ലാ പണിയും പൂര്‍ത്തിയായെന്നും ഹാര്‍ബര്‍ സുരക്ഷിതമാണെന്നും ഇനി അപകടമരണമുണ്ടാകില്ലെന്നും വിലയിരുത്തി അന്നത്തെ ഫിഷറീസ് മന്ത്രി മുതലപ്പൊഴി ഹാര്‍ബര്‍ കമ്മീഷന്‍ ചെയ്തതായി പ്രഖ്യാപനം നടത്തിയത്.

ഫിഷറീസ് മന്ത്രി സജി ചെറിയാന്‍
ഫിഷറീസ് മന്ത്രി സജി ചെറിയാന്‍

റീ ഡിസൈന്‍ ചെയ്ത രണ്ടാം ഘട്ടത്തിന് ചെലവാക്കിയിരിക്കുന്നത് 3102 ലക്ഷം രൂപയാണ്. എന്നാല്‍ പണിതീരാത്ത ഹാര്‍ബറിന്റെ ഗണത്തിലണ് മുതലപ്പൊഴി ഫിഷിങ് ഹാര്‍ബറിനെ ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പിന്റെ സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ ഇപ്പോഴും കാണിച്ചിരിക്കുന്നത്. നിലവിലെ ഹാര്‍ബറിന്റെ തെക്കേ പുലിമുട്ടിന്റെ നീളം 480 മീറ്ററും വടക്കേ പുലിമുട്ടിന്റെ നീളം 420 മീറ്ററും ആണ്. നദീമുഖ (estuary) ഹാര്‍ബറായിട്ടാണ് അടയാളപ്പെടുത്തിയിരിക്കുന്നത്.

പൊലിഞ്ഞ ജീവനുകള്‍,
നാശനഷ്ടങ്ങള്‍

2012 മുതല്‍ 2017 വരെയുള്ള കണക്കനുസരിച്ച് മുതലപ്പൊഴി പുലിമുട്ട് ഹാര്‍ബര്‍ പരിസരത്തുള്ള അപകടങ്ങളില്‍ 42 മത്സ്യത്തൊഴിലാളികളാണ് മരിച്ചത്​. മിക്കവരും അഞ്ചുതെങ്ങിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികളാണ്. ഇതില്‍ 17 പേര്‍ ഹാര്‍ബറിലെ പുലിമുട്ടുകളില്‍ കുടുങ്ങിയാണ് മരിച്ചത്​. ഈ കണക്കില്‍ 2017 നവംബറിലെ ഓഖി കൊടുങ്കാറ്റുമായി ബന്ധപ്പെട്ട് ഇവിടെ ആരും മരിച്ചിട്ടില്ല എന്നതും എടുത്ത് പറയേണ്ടതാണ്.

2018- ലെ അദാനി പോര്‍ട്ടിന്റെ വരവ് മുതലപ്പൊഴി ഹാര്‍ബറിനെ സുരക്ഷിതമാക്കുമെന്നാണ് പലരും കരുതിയത്. എന്നാല്‍, പുലിമുട്ടില്‍ ചില മാറ്റം വരുത്തി അവരുടെ ബാര്‍ജ് അവിടേക്ക് അടിപ്പിച്ച് കല്ലുകള്‍ കയറ്റാനുള്ള നീക്കുപോക്കുകള്‍ ചെയ്തത് മരണസംഖ്യ ഉയര്‍ത്തി.

2018- ലെ അദാനി പോര്‍ട്ടിന്റെ വരവ് മുതലപ്പൊഴി ഹാര്‍ബറിനെ സുരക്ഷിതമാക്കുമെന്നാണ് പലരും കരുതിയത്. എന്നാല്‍ വിഴിഞ്ഞത്തേക്ക് ബാര്‍ജുകളിലായി കല്ലുകൊണ്ടുപോകുന്നതിന്​ അവര്‍ തെക്കുവശത്തുള്ള പുലിമുട്ടില്‍ ചില മാറ്റം വരുത്തി അവരുടെ ബാര്‍ജ് അവിടേക്ക് അടിപ്പിച്ച് കല്ലുകള്‍ കയറ്റാനുള്ള നീക്കുപോക്കുകള്‍ ചെയ്തത് മരണസംഖ്യ പിന്നെയും ഉയര്‍ത്തി. അവര്‍ക്ക് ആവശ്യമുള്ളപ്പോള്‍ ആഴം കൂട്ടിയും മണ്‍സൂണ്‍ കാലത്ത് ഹാര്‍ബര്‍ മൗത്തിന്റെ ആഴം കൂട്ടാതെയുമുള്ള അവരുടെ പണി കാരണം 2021 ജൂണ്‍ വരെ ഈ കണക്ക് 55 ആയി ഉയർന്നു. 2023- ജൂലൈ പത്തിനുണ്ടായ നാലു മത്സ്യത്തൊഴിലാളികളുടെ മരണം ഉള്‍പ്പെടെ അത് 65 ആയി വർധിച്ചു.

2020- ല്‍ മുതലപ്പൊഴി അപകടരഹിതമെന്ന് സ്ഥാപിച്ച്​ അന്നത്തെ ഫിഷറീസ് മന്ത്രി ഹാര്‍ബര്‍ കമീഷന്‍ ചെയ്തശേഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മുതലപ്പൊഴിയിലെ അപകടങ്ങളും മരണങ്ങളും:

  • 2020 ജൂലൈ 6: വള്ളവും വലയും എന്‍ജിനും ഉള്‍പ്പെടെയുള്ള യാനങ്ങള്‍ പൂര്‍ണമായും നഷ്ടപ്പെട്ടു, നാലുപേര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.

  • 2020 ഒക്ടോബര്‍ 14: വള്ളം മറിഞ്ഞ്​ നാലുപേര്‍ നീന്തി രക്ഷപ്പെട്ടു, വള്ളം പൂര്‍ണമായും നശിച്ചു.

  • 2021 മെയ് 27: വള്ളം കരയ്ക്ക് വരുന്നതിനിടയില്‍ അപകടം, 36 വയസ്സുകാരൻ കൊല്ലപ്പെട്ടു.

  • 2021 ജൂണ്‍ 17: വള്ളം മറിഞ്ഞ്​ ഒരു ചെറുപ്പക്കാരന്‍ മരിച്ചു, കൂടെയുണ്ടായിരുന്ന മൂന്നുപേര്‍ കഷ്ടിച്ച് രക്ഷപ്പെട്ടു.

  • 2021 ജൂലൈ 10: തിരയടിയില്‍ വള്ളം മറിഞ്ഞ്​ 46 വയസുകാരൻ കൊല്ലപ്പെട്ടു.

  • 2022 ഓഗസ്റ്റ് 5: വള്ളം മറിഞ്ഞെങ്കിലും​ മൂന്ന് മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെട്ടു.

  • 2022 സെപ്റ്റംബര്‍ 6: ഒരു കൊല്ലിവള്ളത്തിലെ (20 മീറ്ററില്‍ കൂടുതല്‍ നീളമുള്ള യന്ത്രവല്‍കൃത താങ്ങുവള്ളങ്ങള്‍, റിങ് സീന്‍ വലകള്‍ ഉള്‍പ്പെടെ ഉപയോഗിച്ച് മീന്‍പിടിക്കുന്നത്) അഞ്ചുപേര്‍ കൊല്ലപ്പെടുകയും കൂടെയുണ്ടായിരുന്നവര്‍ പരിക്കുകളോടെ രക്ഷപ്പെടുകയും ചെയ്തു, ഈ വലിയവള്ളം പൂര്‍ണമായും തകര്‍ന്നു.

  • 2023 ജൂലൈ 10: നാലു മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ടു. ഈ വര്‍ഷകാലത്തെ പത്താമത്തെ അപകടം. പത്തു വള്ളങ്ങള്‍ക്കും എഞ്ചിനുകള്‍ക്കും വലയ്ക്കും മറ്റ് ഉപകരണങ്ങള്‍ക്കും നാശനഷ്ടമുണ്ടായി. 30- ലേറെ പേര്‍ക്ക് പലതരത്തില്‍ പരിക്കേറ്റു.

  • 2023 ആഗസ്​റ്റ്​ 3: 16 മത്സ്യത്തൊഴിലാളികളുമായി വ്യാഴാഴ്ച പുലര്‍ച്ചെ കടലില്‍ പോയ ബോട്ട് 6.30-ഓടെ ശക്തമായ തിരയില്‍പെട്ട് തല കീഴായി മറിഞ്ഞ് ആറ് മത്സ്യത്തൊഴിലാളികള്‍ക്ക് പരിക്ക്.

ഇവ കൂടാതെ 500- ല്‍ കൂടുതല്‍ മത്സ്യത്തൊഴിലാളികള്‍ പലതവണയായി പലതരം അപകടങ്ങളില്‍പ്പെട്ടിട്ടുമുണ്ട്. നൂറുകണക്കിന് വള്ളങ്ങള്‍ക്ക് കേടു പറ്റി, അതേ എണ്ണത്തില്‍ എന്‍ജിനുകള്‍ നഷ്ടപ്പെട്ടു. വലകളും മറ്റ് യാനങ്ങളും തിരിച്ചുകിട്ടാതെ പോയി. അങ്ങനെ എത്രയോ കോടി രൂപയുടെ നഷ്ടങ്ങളാണ് മുതലപ്പൊഴി ഹാര്‍ബര്‍ നിര്‍മ്മാണത്തിനുശേഷമുണ്ടായത്​.

Photo: Muthalappozhi Kadappuram, FB
Photo: Muthalappozhi Kadappuram, FB

വില്ലന്‍ കാലാവസ്ഥയോ?

മുതലപ്പൊഴിയില്‍ മത്സ്യത്തൊഴിലാളികള്‍ കാലാവസ്ഥാ മുന്നറിയിപ്പുകള്‍ അവഗണിക്കുന്നു, അതുകൊണ്ട് മരണം സംഭവിക്കുന്നു എന്ന നിലയില്‍ ചില മാധ്യമങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും പറയുന്നതില്‍ സാംഗത്യമുണ്ടോ?

മുതലപ്പൊഴിയിലെ മരണങ്ങളെ കാലാവസ്ഥയുമായി കൂട്ടിക്കുഴയ്ക്കാന്‍ ശ്രമിക്കുന്നത്, വസ്തുതയ്ക്ക് നിരക്കാത്തതാണ്. ആദ്യമേ മനസിലാക്കേണ്ടത് മുതലപ്പൊഴി ഒരു ഫിഷിങ് ഹാര്‍ബര്‍ ആണ് എന്നതാണ്. എല്ലാ സംവിധാനങ്ങളുമുള്ള ഒരു ഹാര്‍ബര്‍ എന്ന നിലയില്‍ 2020-ല്‍ അന്നത്തെ സര്‍ക്കാര്‍ കമീഷന്‍ ചെയ്ത, തിരുവനന്തപുരം ജില്ലയിലെ ഒരേയൊരു ഹാര്‍ബര്‍. വിഴിഞ്ഞം ഫിഷിങ് ഹാര്‍ബര്‍ പോലും അത്തരത്തിലുള്ളതാണെന്ന് ഇന്നേവരെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല എന്നത് ഓര്‍ക്കണം.

കാലാവസ്ഥ വില്ലനാകാന്‍ മാത്രം മണ്‍സൂണ്‍കാല കാലാവസ്ഥ അത്രമേല്‍ പ്രക്ഷുബ്​ധമാണോ? തിരുവനന്തപുരം ജില്ലയിലെ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണിൽ, വളരെ ദുര്‍ബലമായ കാറ്റും കടലുമാണ് കഴിഞ്ഞ 20 വര്‍ഷമായി.

രണ്ടാമത്തേത്, എന്തിനാണ് ഹാര്‍ബര്‍ എന്നതാണ്. ഹാര്‍ബര്‍ പണിയുന്നത് കാലാവസ്ഥാ പ്രശ്‌നങ്ങളെ അതിജീവിക്കാനാണ്. FAO- യുടെ fishers safety യെക്കുറിച്ച് വിശദീകരിക്കുന്ന മാനുവലില്‍ പറയുന്നത്, ഉള്‍ക്കടലില്‍ കാലാവസ്ഥാപ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ തൊട്ടടുത്ത ഹാര്‍ബറില്‍ യാനങ്ങള്‍ അണയണമെന്നാണ്. അതുപോലെ, കേരള കാലാവസ്ഥാ വകുപ്പും ദുരന്തനിവാരണ വകുപ്പും ഉള്‍ക്കടലിനെ / ആഴക്കടലിനെ സംബന്ധിച്ച കാലാവസ്ഥാ മുന്നറിയിപ്പുകള്‍ നല്‍കുമ്പോള്‍ തൊട്ടടുത്ത ഹാര്‍ബറുകളില്‍ മത്സ്യത്തൊഴിലാളികള്‍ എത്രയും പെട്ടെന്ന് എത്തിച്ചേരണമെന്നാണ്. അപ്പോള്‍, കടലിൽ കാലാവസ്ഥാ പ്രശ്‌നങ്ങള്‍ നേരിടുമ്പോള്‍ സുരക്ഷിതമായി എത്തിച്ചേരേണ്ട ഇടം എന്ന നിലയിലാണ് ഹാര്‍ബറിന്റെ പ്രധാന ഉപയോഗം. അല്ലെങ്കില്‍ അത്തരത്തിലാണ് ഫിഷിങ് ഹാര്‍ബറുകള്‍ വിഭാവനം ചെയ്തിരിക്കുന്നത്. അല്ലാതെ മത്സ്യത്തൊഴിലാളികളെ കൊല്ലാനല്ല.

മുതലപ്പൊഴി തീരത്തടിഞ്ഞ ഒരു തകര്‍ന്ന തോണി. / Photo: Bennet John
മുതലപ്പൊഴി തീരത്തടിഞ്ഞ ഒരു തകര്‍ന്ന തോണി. / Photo: Bennet John

മുതലപ്പൊഴി ഫിഷിങ് ഹാര്‍ബര്‍ ഉണ്ടായതുതന്നെ തിരുവനന്തപുരത്തെ, പ്രത്യേകിച്ച് വേളി മുതല്‍ വര്‍ക്കല വരെയുള്ള പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് മണ്‍സൂണ്‍ കാലാവസ്ഥ പ്രക്ഷുബ്​ധമായ സമയത്ത്​ സുഗമമായും സുരക്ഷിതമായും കടലില്‍ പോകാനും വരാനും കഴിയണം എന്ന നിലയിലാണ്. അതായത്, പ്രക്ഷുബ്​ധ കാലാവസ്ഥയിലും മത്സ്യബന്ധനം നടക്കണം എന്ന നിലയിലാണ്. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് സ്വന്തം മത്സ്യബന്ധന ഗ്രാമങ്ങളിലെ തീരങ്ങളില്‍ നിന്നും കടല്‍പ്പണിക്ക് പോകാന്‍ കഴിയാത്ത സാഹചര്യത്തില്‍, കാലവര്‍ഷത്തില്‍ / വര്‍ഷകാലത്ത്​, പ്രത്യേകിച്ചും ഹാര്‍ബറാണ് അവരുടെ ഉപജീവനത്തിനുള്ള ഏക ആശ്രയം. അതുകൊണ്ട് കാലാവസ്ഥാ പ്രശ്‌നം കാരണം ഉള്‍ക്കടലില്‍ പണിക്ക് പോകരുത് എന്ന് പറയുന്നതില്‍ യുക്തിയുണ്ട് (ശരിയായ കാലാവസ്ഥാ വിവരങ്ങളാണോ സര്‍ക്കാര്‍ സംവിധാനങ്ങള്‍ വഴി നല്‍കപ്പെടുന്നത് എന്നതിനെ സംബന്ധിച്ചും സന്ദേഹങ്ങളുണ്ട്). എന്നാല്‍, ഹാര്‍ബര്‍ ഉപയോഗിക്കരുത് എന്ന് പറയുന്നതില്‍ യുക്തിയില്ല. അങ്ങനെ പറയുമ്പോള്‍ ഹാര്‍ബറിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ സാധിക്കാതെ വരുന്നു.

വളരെ ശാന്തമായ കാലാവസ്ഥയില്‍ പോലും മുതലപ്പൊഴിയില്‍ മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെടുന്നു എന്നിരിക്കെ കാലാവസ്ഥയെ പഴിച്ച് തടിതപ്പുന്നത് ശുദ്ധ അലംഭാവമാണ്.

ഇനി, കാലാവസ്ഥ വില്ലനാകാന്‍ മാത്രം മണ്‍സൂണ്‍കാല കാലാവസ്ഥ അത്രമേല്‍ പ്രക്ഷുബ്​ധമാണോ? ഇന്ത്യയിലെ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണിന്റെ വരവ് അറിയിച്ചുകൊണ്ടുള്ള കാലാവസ്ഥാ പ്രത്യേകതകള്‍ അടയാളപ്പെടുത്തുന്നത് സാധാരണ ഗതിയില്‍ തിരുവനന്തപുരം ജില്ലയെ അടിസ്ഥാനമാക്കിയാണ്. തിരുവനന്തപുരം ജില്ലയിലെ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണിന്റെ പ്രത്യേകതകള്‍ പരിശോധിച്ചാല്‍, വളരെ ദുര്‍ബലമായ കാറ്റും കടലുമാണ് കഴിഞ്ഞ 20 വര്‍ഷമായി- കൃത്യമായി പറഞ്ഞാല്‍, 2000 മുതല്‍- രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. മുന്‍പ് മണ്‍സൂണിലെ ശരാശരി കാറ്റിന്റെ വേഗത മണിക്കൂറില്‍ 35 കിലോമീറ്ററായിട്ടാണ് അടയാളപ്പെടുത്തിയിരുന്നത്, ഇന്നത് വളരെ കുറഞ്ഞിട്ടുണ്ട്. യു.കെയിലെ സ​സ്സെക്​സ്​ യൂണിവേഴ്‌സിറ്റിയും കേരളത്തിലെ കുസാറ്റ് യൂണിവേഴ്‌സിറ്റിയും 2018- 2022 കാലത്ത്​ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്, ശരാശരി മണ്‍സൂണ്‍ കാറ്റിന്റെ വേഗത 25 കിലോമീറ്റര്‍ എന്നാണ്. സി. എം. എഫ്. ആര്‍. ഐ. (Central Marine Fisheries Research Institute) യുടെ ഒരു മുന്‍ പഠനത്തില്‍ (2004- 2013) കണ്ടെത്തിയതും, മണ്‍സൂണ്‍ തിരുവനന്തപുരം ജില്ലയില്‍ വളരെ ദുര്‍ബലമായിക്കൊണ്ടിരിക്കുന്നു എന്നാണ്. കേരളത്തില്‍ സാധാരണയുള്ള തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ദുര്‍ബലമായിക്കൊണ്ടിരിക്കുന്നതായി ഈ അടുത്ത കാലത്ത് വന്ന പഠനങ്ങളും സാക്ഷ്യപ്പെടുത്തുന്നു.

തിരുവനന്തപുരത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ വര്‍ഷങ്ങളായി പറയുന്ന കാര്യമാണ് ആനിയാടിയില്‍ (ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍) ചേല് കേട് (തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ കടല്‍കാലാവസ്ഥ) പഴയതുപോലെ എടുക്കുന്നില്ല /നടക്കുന്നില്ല എന്നത്. ആയതിനാല്‍ മീന്‍ലഭ്യത കുറയുന്നു എന്നും വിഴിഞ്ഞത്തെ തുറമുഖ നിര്‍മ്മാണത്തിന്റെ ഭാഗമായി അവിടത്തെ സ്വാഭാവിക പാരുകൾ നശിപ്പിച്ചതോടെ മീന്‍ കൂടുതല്‍ഉള്‍ക്കടലിലേയ്ക്ക് പോയി എന്നും തൊഴിലനുഭവങ്ങളില്‍ നിന്ന്​ അവര്‍ പറയുന്നു. മാത്രമല്ല, മുതലപ്പൊഴിയില്‍ രേഖപ്പെടുത്തിയ മരണങ്ങള്‍ പരിശോധിച്ചാല്‍ എല്ലായ്‌പ്പോഴും കാലാവസ്ഥ രൂക്ഷമായിരുന്ന സമയത്തുമല്ല അപകടമുണ്ടായിരിക്കുന്നത്. കാലാവസ്ഥാ മുന്നറിയിപ്പ് ഉണ്ടായിരുന്നു എന്നു പറഞ്ഞിട്ട് കാര്യമില്ല, പ്രവചിക്കുന്നതുപോലെ കാറ്റ് വീശുന്നുണ്ടോ എന്നതിലാണ് കാര്യം.

Representational Image
Representational Image

കേരളത്തില്‍ ഏറ്റവും കൂടുതല്‍ കടലില്‍ ആള്‍നാശം വിതച്ച ഓഖി ചുഴലിക്കൊടുങ്കാറ്റില്‍ ഇവിടെ ആരും കൊല്ലപ്പെട്ടിട്ടില്ല എന്നതും എടുത്ത് പറയേണ്ടതാണ്. സാമൂഹിക- മതപരമായ കാരണങ്ങളാലും മറ്റും കടലില്‍ ആ ദിവസങ്ങളില്‍ ഇതുവഴി പണിക്ക് പോയിരുന്നില്ല എന്നതാണ് വാസ്തവം.

വളരെ ശാന്തമായ കാലാവസ്ഥയില്‍ പോലും മുതലപ്പൊഴിയില്‍ മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെടുന്നു എന്നിരിക്കെ കാലാവസ്ഥയെ പഴിച്ച് തടിതപ്പുന്നത് ശുദ്ധ അലംഭാവമാണ്. സ്വന്തം ഉത്തരവാദിത്തത്തില്‍ നിന്നുള്ള സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഒളിച്ചോട്ടമാണ്.

വില്ലന്‍ മത്സ്യത്തൊഴിലാളികളോ?

തിരുവനന്തപുരത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ ബീച്ച് ലാന്‍ഡിംഗ് ക്രാഫ്റ്റ് ഉപയോഗിച്ച് മഝ്യബന്ധനം നടത്തുന്നവരാണ്. അവര്‍ ഹാര്‍ബറുകളെ ആശ്രയിക്കുന്നത് പ്രക്ഷുബ്​ധമായ കടല്‍ കാലാവസ്ഥയിലാണ്, പ്രധാനമായും. തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ സമയത്തും മറ്റ് കാലാവസ്ഥാപ്രശ്‌നങ്ങള്‍ ഉള്ള സമയത്തും അവരുടെ തീരങ്ങളില്‍ നിന്ന്​ പുറപ്പെടാനോ അണയാനോ സാധിക്കാതെ വരുമ്പോഴാണ്. എങ്കിലും പൂവാറിലെയും മരിയനാടിലെയും മത്സ്യത്തൊഴിലാളികളും, കരുംകുളം ഗ്രാമപഞ്ചായത്ത് മേഖലയിലെയും തുമ്പയിലെയും കുറച്ച് പേരെങ്കിലും സ്വന്തം തീരത്തുനിന്ന് തന്നെ സാഹസികമായി മണ്‍സൂണ്‍ കാലത്ത് മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്നു. അതോടൊപ്പം, മുതലപ്പൊഴി ഹാര്‍ബര്‍ നിര്‍മ്മാണത്തിന് മുന്‍പ് സ്വന്തം തീരത്ത് നിന്ന്​ കടല്‍പ്പണിക്ക് പോയിക്കൊണ്ടിരുന്ന അഞ്ചുതെങ്ങ് മേഖലയിലെ മത്സ്യത്തൊഴിലാളികള്‍ക്ക് തീരശോഷണം കാരണം അവിടെ പണിക്ക് പോകാന്‍ കഴിയാത്ത സാഹചര്യമുണ്ട്. മുന്‍പ് മണ്‍സൂണിനുശേഷമെങ്കിലും പോകാന്‍ കഴിയുമായിരുന്നു. ഇപ്പോള്‍ അതും നടക്കുന്നില്ല.

CWPRS നടത്തിയ പഠനത്തില്‍, മുതലപ്പൊഴി ഹാര്‍ബറുമായി ബന്ധപ്പെട്ട പുലിമുട്ട് നിര്‍മ്മാണങ്ങളാണ് അഞ്ചുതെങ്ങ് മേഖലയിലെ നാല് ഗ്രാമങ്ങളിലെയും ക്രമേണയുള്ള തീരശോഷണത്തിനു കാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്.

മണ്‍സൂണ്‍ കാലത്ത് മാത്രം താല്‍ക്കാലികമായി ഉണ്ടായിരുന്ന തീരശോഷണം, ഇപ്പോള്‍ അവിടെ ദീര്‍ഘകാല, സ്ഥിരം പ്രതിഭാസമായി മാറി. കാരണം മറ്റൊന്നുമല്ല, തെക്കുവശത്തെ പുലിമുട്ട് നിര്‍മ്മാണം മൂലം ഇവിടത്തെ തീരങ്ങള്‍ ഇല്ലാതായി. 2011- ല്‍ പൂനെ കേന്ദ്രമാക്കിയുള്ള CWPRS (Central Water and Power Research Station) കേരള സര്‍ക്കാരിനുവേണ്ടി നടത്തിയ പഠനത്തില്‍, മുതലപ്പൊഴി ഹാര്‍ബറുമായി ബന്ധപ്പെട്ട പുലിമുട്ട് നിര്‍മ്മാണങ്ങളാണ് അഞ്ചുതെങ്ങ് മേഖലയിലെ നാല് ഗ്രാമങ്ങളിലെയും ക്രമേണയുള്ള തീരശോഷണത്തിനു കാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്. അതുപോലെ, പെരുമാതുറ മുതലുള്ള മുതലപ്പൊഴിയുടെ തെക്കു ഭാഗങ്ങളില്‍ ക്രമാതീതമായി തീരം വയ്ക്കുന്നതായും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനുള്ള പരിഹാരം, sand bypassing- തീരം വയ്ക്കുന്ന പുലിമുട്ടിന്റെ തെക്ക് ഭാഗങ്ങളില്‍ നിന്ന്​ തീരം നഷ്ടപ്പെടുന്ന വടക്ക് ഭാഗങ്ങളില്‍ മണല്‍ നിക്ഷേപിക്കുന്ന പ്രക്രിയ നടത്തണമെന്നതാണ്. അക്കാലത്തെ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഇത് നടപ്പിലാക്കിയില്ല. പിന്നാലെ വന്ന പിണറായി വിജയന്റെ ഒന്നാം സര്‍ക്കാരും ചെയ്തില്ല, നിലവിലെ മന്ത്രിസഭയും അത് ചെയ്യുന്നില്ല. അതായത്, ഒരു ദശകം കഴിഞ്ഞിട്ടും നിര്‍ദേശിക്കപ്പെട്ട പരിഹാര നടപടികള്‍ ഒന്നും ഉണ്ടായിട്ടില്ല എന്നര്‍ത്ഥം. പിന്നീട് നടന്ന പല പഠനങ്ങളും CWPRS- ന്റെ ഈ കണ്ടെത്തലിനെ ശരിവച്ചിട്ടുണ്ട്, പക്ഷെ പരിഹാരം മാത്രമുണ്ടായില്ല.

പിണറായി വിജയന്‍, ഉമ്മന്‍ ചാണ്ടി
പിണറായി വിജയന്‍, ഉമ്മന്‍ ചാണ്ടി

തത്ഫലമായി മുന്‍പ് മണ്‍സൂണ്‍ കാലത്ത് മാത്രം മുതലപ്പൊഴി ഹാര്‍ബറിനെ ആശ്രയിച്ചുകൊണ്ടിരുന്ന അഞ്ചുതെങ്ങിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ വര്‍ഷം മുഴുവനും അതിനെ ആശ്രയിക്കുന്ന രീതിയിലേക്ക് ഉപജീവനശ്രമങ്ങള്‍ മാറ്റി. ചില മത്സ്യത്തൊഴിലാളികള്‍, ചെറുവള്ളങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള മീന്‍പിടിത്തരീതി അപകടസാധ്യത നിറഞ്ഞതാണെന്ന് കരുതി തിരുവനന്തപുരം ജില്ലയിലെ അനധികൃത മീന്‍പിടിത്ത രീതിയായ കൊല്ലിവള്ളങ്ങളിലേക്ക് മാറി. പക്ഷെ കൊല്ലിവള്ളങ്ങളും പല തവണ അപകടത്തില്‍പ്പെട്ടു. കഴിഞ്ഞ വര്‍ഷം ഈ യാനം ഉപയോഗിച്ച് പണിക്കുപോയി വന്ന അഞ്ച് മത്സ്യത്തൊഴിലാളികള്‍ മുതലപ്പൊഴി ഹാര്‍ബറിനുള്ളില്‍ കൊല്ലപ്പെടുകയും ചെയ്തു.

അതോടൊപ്പം, നിര്‍മ്മാണം കാരണം തീരംവയ്ക്കല്‍ അധികമായി നടന്ന തെക്കുഭാഗങ്ങളിലെ പ്രധാന മീന്‍പിടിത്ത ഗ്രാമങ്ങളായ മരിയനാടിനും പുതുക്കുറിച്ചിക്കും തങ്ങളുടെ തീരത്തുനിന്നും മീന്‍പിടിക്കാന്‍ പോകുന്നതിനു തടസ്സങ്ങളുണ്ടാകുന്നുണ്ട്. തിര മുറിച്ചുകടക്കുന്ന ഭാഗങ്ങളില്‍ അധികമായി മണലടിഞ്ഞതിന്റെ ഫലമായി അവിടെ തറച്ചേല് (തിര മുറിയുന്ന ഭാഗങ്ങളില്‍ മണല്‍ തിട്ടകള്‍ രൂപപ്പെടുന്ന പ്രതിഭാസം) രൂപപ്പെടുന്നു. അതുമൂലം, പ്രത്യേകിച്ച് മണ്‍സൂണ്‍ കാലങ്ങളില്‍, ഇവിടെ വള്ളമിറക്കാന്‍ കഴിയാതെ വരികയും മണല്‍ത്തിട്ട രൂപപ്പെട്ട ഇടങ്ങളില്‍ തിരയടി കൂടുകയും അതുമൂലം എല്ലാ വര്‍ഷവും കുറഞ്ഞത് പത്ത് വള്ളങ്ങള്‍ക്കെങ്കിലും അപകടമുണ്ടാവുകയും ചെയ്യുന്നു. ഇവരില്‍ പലരും ഇപ്പോള്‍ മുതലപ്പൊഴിയിലും അവിടെ അപകടമരണങ്ങള്‍ കൂടിയതിനാല്‍ കൊല്ലത്തും പണിക്ക് പോകേണ്ട ഗതികേടിലാണ്.

സ്വന്തം അദ്ധ്വാനം കൊണ്ട് ജീവിക്കണം എന്ന അദമ്യമായ ആഗ്രഹമാണ് മിക്ക പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്കുമുള്ളത്. അവര്‍ തൊഴില്‍ ചെയ്യാതെ, നോക്കുകൂലി വാങ്ങിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്നില്ല.

അപ്പോള്‍, മത്സ്യത്തൊഴിലാളികളുടെ ജീവനെയും തൊഴില്‍ജീവിതത്തെയും അരക്ഷിതാവസ്ഥയില്‍ എത്തിക്കുന്നത് എന്താണ്? സ്വന്തം അദ്ധ്വാനം കൊണ്ട് ജീവിക്കണം എന്ന അദമ്യമായ ആഗ്രഹമാണ് മിക്ക പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്കുമുള്ളത്. അവര്‍ തൊഴില്‍ ചെയ്യാതെ, നോക്കുകൂലി വാങ്ങിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്നില്ല. രാഷ്ട്രീയ പാര്‍ട്ടികളുടെ തണലില്‍ നിന്നുകൊണ്ട് അഴിമതിയുടെ ഭാഗമായി കിട്ടുന്ന നക്കാപിച്ചയില്‍ അവര്‍ വിശ്വസിക്കുന്നില്ല, ആശ്രയിക്കുന്നുമില്ല. കരയിലിരുന്ന്​ ആനുകൂല്യങ്ങള്‍ കൈപ്പറ്റി ജീവിക്കുന്ന ട്രേഡ്​ യൂണിയന്‍ ജീവികളായി പരിണമിക്കാനും അവര്‍ ആഗ്രഹിക്കുന്നില്ല. അവര്‍ക്ക് തൊഴില്‍ ചെയ്ത് തന്നെ ജീവിക്കണം, അധ്വാനിച്ച് ജീവിക്കണം, സ്വന്തം കാലില്‍ നില്‍ക്കണം. മണ്‍സൂണ്‍ കാലത്ത് അവര്‍ക്ക് പണിക്ക് പോകാന്‍ കഴിയണം. കാലാവസ്ഥാ പ്രശ്‌നങ്ങള്‍ രൂക്ഷമാകുന്ന സമയത്ത്​ ഹാര്‍ബര്‍ സുരക്ഷിതമായിരിക്കണം. അവരുടെ ഉപജീവനത്തിന് ബുദ്ധിമുട്ടുണ്ടാകാന്‍ പാടില്ല. തങ്ങള്‍ തൊഴിലിനിറങ്ങിയാല്‍ മാത്രമേ വീടുകള്‍ പട്ടിണിയില്ലാതെ കഴിയുകയുള്ളൂ എന്നും തങ്ങളുടെ മക്കള്‍ക്ക് ഏറ്റവും മുന്തിയ മീനുകള്‍, കലര്‍പ്പില്ലാത്തതും ഐസുകള്‍ ലേപനം ചെയ്യാത്തതുമായ പച്ചമീന്‍ കഴിക്കാന്‍ കഴിയൂ എന്നുമവര്‍ തിരിച്ചറിയുന്നു. തങ്ങളുടെ അദ്ധ്വാനത്തിന്റെ പങ്ക് മറ്റുള്ളവര്‍ക്കുകൂടി പ്രയോജനപ്പെടുന്നുണ്ടെന്നും അവര്‍ക്കറിയാം.

മുതലപ്പൊഴി ഹര്‍ബര്‍ / Photo: Muthalappozhi Kadappuram FB page
മുതലപ്പൊഴി ഹര്‍ബര്‍ / Photo: Muthalappozhi Kadappuram FB page

കരയില്‍, പ്രത്യേകിച്ച് മണ്‍സൂണ്‍ കാലങ്ങളില്‍ പച്ചമീന്‍ വിതരണം ചെയ്യുന്നതില്‍ വലിയ പങ്ക് വഹിക്കുന്നത് പരമ്പരാഗത മത്സ്യത്തൊഴിലാളികളാണ്. ഈ കാരണങ്ങളൊക്കെക്കൊണ്ടാണ് മത്സ്യത്തൊഴിലാളികള്‍, കടല്‍ താരതമ്യേന പ്രക്ഷുബ്​ധമായ മണ്‍സൂണ്‍ കാലത്ത് റിസ്ക് എടുക്കുന്നത്. അവര്‍ കടൽ കാണാന്‍ പോകുമ്പോഴല്ല കൊല്ലപ്പെടുന്നത്, മറിച്ച് തൊഴില്‍ ചെയ്യാന്‍ പോകുമ്പോഴാണ്, അധ്വാനിക്കാന്‍ പോകുമ്പോഴാണ്. അപകടകരമല്ലാത്ത തൊഴില്‍ സാഹചര്യങ്ങള്‍ എത്രയും വേഗം ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്, പൊതുസമൂഹം, കുറഞ്ഞപക്ഷം കടൽമീൻ ഭക്ഷണമാക്കുന്നവരെങ്കിലും, സമ്മര്‍ദ്ദങ്ങള്‍ചെലുത്തേണ്ടത് അതിനുവേണ്ടിയാണ്​. അല്ലാതെ മത്സ്യത്തൊഴിലാളികളെ പഴിച്ചിട്ട് ഒരു കാര്യവുമില്ല.

അശാസ്ത്രീയ നിര്‍മ്മാണം?

മുന്‍പ് സൂചിപ്പിച്ചതുപോലെ, മുതലപ്പൊഴി പുലിമുട്ട് ഹാര്‍ബര്‍ നിര്‍മ്മാണം രണ്ട് ഘട്ടങ്ങളിലായിരുന്നു​. ഒന്നാംഘട്ടം അശാസ്ത്രീയ നിര്‍മ്മാണമാണെന്ന് കണ്ടെത്തി റീ ഡിസൈന്‍ ചെയ്തതാണ് രണ്ടാം ഘട്ട നിര്‍മ്മാണം. അതിനുശേഷമാണ് അപകട മരണങ്ങളും മറ്റു പലതരം അപകടങ്ങളും ഉണ്ടായത്. ഇത്രയും മനുഷ്യര്‍ കൊല്ലപ്പെട്ടിട്ടും, തീരങ്ങള്‍ മുഴുവനും കടല്‍ കയറി പോയിട്ടും നൂറുകണക്കിന് വീടുകളില്ലാതായിട്ടും മുതലപ്പൊഴി ഹാര്‍ബര്‍ അശാസ്ത്രീയമാണെന്ന് സര്‍ക്കാര്‍ സമ്മതിക്കുന്നില്ല എന്നത്, ഈ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് താല്പര്യമില്ല എന്നതിന്റെ സൂചനയാണ്. അല്ലെങ്കില്‍ ഈ നഷ്ടങ്ങളുടെ കാരണമെന്താണെന്ന് പറയാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്.

പുലിമുട്ടുകള്‍ ഉപയോഗിച്ച് കൃത്രിമമായി നിര്‍മ്മിക്കുന്ന മുതലപ്പൊഴി പോലെയുള്ള ഹാര്‍ബറുകള്‍ക്ക് സമയാസമയം ആവശ്യമായ ആഴം കൂട്ടിയും മറ്റ് അറ്റകുറ്റപ്പണി നടത്തിയുമുള്ള നിരന്തര പരിപാലനം ആവശ്യമാണ്.

ഇനി എന്താണ് ശാസ്ത്രീയ ഹാര്‍ബര്‍ നിര്‍മ്മാണം? ബ്രിട്ടാനിക്ക പറയുന്നതനുസരിച്ച്, കടലിലെ കാറ്റില്‍ നിന്നും തിരകളില്‍ നിന്നും ഒഴുക്കുകളില്‍ നിന്നും യാനങ്ങളെയും മനുഷ്യരെയും സംരക്ഷിച്ച് സുഗമായി യാത്ര ചെയ്യാന്‍ സഹായിക്കുന്ന, കടലില്‍ മനുഷ്യന്‍ ഉണ്ടാക്കുന്ന ഒരു നിര്‍മ്മാണമാണ് ഹാര്‍ബര്‍. ((“…harbour/harbor any part of a body of water and the manmade structures surrounding it that sufficiently shelters a vessel from wind, waves, and currents, enabling safe anchorage or the discharge and loading of cargo and passengers.”)
പ്രകൃതിദത്തമോ, കൃത്രിമമോ ആയ ഏതൊരു ഹാര്‍ബര്‍ നിര്‍മ്മാണത്തിന്റെയും ഉത്തമമായ ഉദ്ദേശ്യം കടല്‍ യാത്രയെ സഹായിക്കുക എന്നതാണ്. ഫിഷിങ് ഹാര്‍ബറുകളുടെ കാര്യമെടുത്താല്‍, അവ നിര്‍മ്മിക്കുന്നത് മീന്‍പിടിത്തത്തെയും മത്സ്യവിതരണത്തെയും സഹായിക്കാനും ചെറുതും വലുതുമായ എല്ലാ യാനങ്ങള്‍ക്കും അഭയമൊരുക്കാനുമാണ്​.

മുതലപ്പൊഴി ഹാര്‍ബറില്‍ മത്സ്യതൊഴിലാളികള്‍
മുതലപ്പൊഴി ഹാര്‍ബറില്‍ മത്സ്യതൊഴിലാളികള്‍

പുലിമുട്ടുകള്‍ ഉപയോഗിച്ച് കൃത്രിമമായി നിര്‍മ്മിക്കുന്ന മുതലപ്പൊഴി പോലെയുള്ള ഹാര്‍ബറുകള്‍ക്ക് സമയാസമയം ആവശ്യമായ ആഴം കൂട്ടിയും മറ്റ് അറ്റകുറ്റപ്പണി നടത്തിയുമുള്ള നിരന്തര പരിപാലനം ആവശ്യമാണ്. പക്ഷെ മേല്‍പ്പറഞ്ഞ കാര്യങ്ങളൊന്നും മുതലപ്പൊഴി ഫിഷിങ് ഹാര്‍ബറില്‍ പാലിക്കപ്പെടുന്നില്ല എന്നിടത്താണ് ഇതിന്റെ അശാസ്ത്രീയത. അല്ലെങ്കില്‍ ശാസ്ത്രീയമായത് ഒന്നും ചെയ്തിട്ടില്ല എന്നുസാരം. ഇന്നേവരെ നടന്നിട്ടുള്ള മുതലപ്പൊഴിയിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചാല്‍ തന്നെ ഇതിന്റെ അശാസ്ത്രീയതയ്ക്ക് തെളിവ് ലഭിക്കും.

2000-2002 കാലത്ത്​ ചെന്നൈ ഐ ഐ ടി ഡിസൈന്‍ചെയ്ത ഒന്നാം ഘട്ട പുലിമുട്ട് ഹാര്‍ബര്‍ നിര്‍മ്മാണം അശാസ്ത്രീയമാണെന്ന് അധികാരികളെ അറിയിച്ചത് ഇവിടത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികളാണ്. അതുപ്രകാരം 2007 മുതല്‍ 2012 വരെ മുതലപ്പൊഴിയുമായി ബന്ധപ്പെട്ട നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചിരുന്നു. കേന്ദ്ര സ്ഥാപനമായ പൂനെയിലെ CWPRS- നെ ഇതിന്റെ പരിഹാരനടപടികള്‍ നിര്‍ദേശിക്കാന്‍ കേരള ഹാര്‍ബര്‍ എന്‍ജിനീയറിങ് ഡിപ്പാര്‍ട്ട്‌മെന്റും ഫിഷറീസ് വകുപ്പും ആവശ്യപ്പെട്ടതനുസരിച്ച് പഠനം നടത്തി. അതനുസരിച്ച് 2012-ല്‍ ഇരു വശത്തുമുള്ള പുലിമുട്ടുകള്‍ക്ക് നീളം കൂട്ടിയും ഹാര്‍ബര്‍ റീ ഡിസൈന്‍ ചെയ്തും രണ്ടാംഘട്ട നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തി. യഥാര്‍ത്ഥത്തില്‍ അന്നുമുതലാണ് മുതലപ്പൊഴിയില്‍ മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെടാന്‍ തുടങ്ങിയത്.

മുന്‍ ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ
മുന്‍ ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ

2018- മുതല്‍ അദാനി പോര്‍ട്ട് ഇവിടം വഴി മണ്‍സൂണല്ലാത്ത സമയങ്ങളില്‍ കല്ലുകള്‍ ബാര്‍ജുകളിലാക്കി വിഴിഞ്ഞത്ത് എത്തിക്കുന്നതിനുള്ള സൗകര്യത്തിനനുസരിച്ച് ചില നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി. അദാനി വന്നാല്‍ പ്രശ്‌നങ്ങള്‍ തീരുമെന്നാണ് ബന്ധപ്പെട്ടവര്‍ മത്സ്യത്തൊഴിലാളികളെ അറിയിച്ചിരുന്നത്. 2020- ല്‍ അന്നത്തെ ഫിഷറീസ് വകുപ്പ് മന്ത്രി എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചെന്നും ഇനി അപകടമരണമുണ്ടാകില്ലെന്നും ഉറപ്പു നല്‍കി മുതലപ്പൊഴി ഹാര്‍ബര്‍ കമ്മീഷന്‍ ചെയ്തു. തിരുവനന്തപുരം ജില്ലയില്‍ എല്ലാ സൗകര്യങ്ങളോടെയും കമ്മീഷന്‍ ചെയ്‌തെന്ന് പ്രഖ്യാപിച്ച ഒരേയൊരു ഹാര്‍ബര്‍ മുതലപ്പൊഴിയാണ്, മുന്‍പ് വളരെ സുരക്ഷിതമായിരുന്ന വിഴിഞ്ഞം ഫിഷിങ് ഹാര്‍ബര്‍ പോലും അത്തരത്തിലുള്ളതല്ല. അതിനുശേഷം ഇന്നുവരെ മാറ്റമില്ലാതെ തുടര്‍ന്നത് മത്സ്യത്തൊഴിലാളികളുടെ മരണങ്ങളും യാനങ്ങള്‍ക്ക് സംഭവിക്കുന്ന കേടുപാടുകളും മാത്രമാണ്.

തിരുവനന്തപുരം ജില്ലയിലെ തീരക്കടലിനെ സംബന്ധിച്ച്​ ഇവിടെ ഇന്നേവരെ നടത്തിയ നിര്‍മ്മാണങ്ങള്‍ പ്രകൃതിവിരുദ്ധ / കടല്‍ വിരുദ്ധ പ്രവര്‍ത്തനമാണ്.

ഏറ്റവും ക്രൂരമായ സംഗതി, ഓരോ വര്‍ഷവും ഇവിടെ മത്സ്യത്തൊഴിലാളി കൊല്ലപ്പെടുമ്പോള്‍ സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്, CWPRS- നെക്കൊണ്ട് പഠനം നടത്തിപ്പിക്കുക, നിര്‍മ്മാണം കാരണമല്ല മരണങ്ങള്‍ എന്ന് സ്ഥാപിക്കുക, മരിച്ചുപോയ മത്സ്യത്തൊഴിലാളികള്‍ക്ക് സാമ്പത്തിക സഹായം പ്രഖ്യാപിക്കുക എന്നിവ മാത്രമാണ്. മറ്റൊന്നും നടക്കുന്നില്ല; ഹാര്‍ബര്‍ സുരക്ഷിതമാക്കാനോ വര്‍ഷകാലത്ത് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പണിക്ക് പോകുന്നതിനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കാനോ സര്‍ക്കാര്‍ സംവിധാനങ്ങള്‍ തയ്യാറാകുന്നില്ല. ഏറ്റവുമൊടുവില്‍ വര്‍ഷകാലത്ത് ഹാര്‍ബര്‍ പൂട്ടിയിടണമെന്ന തരത്തിലുള്ള ഭീഷണിയും വരുന്നു.

എന്താണ് മത്സ്യത്തൊഴിലാളിയെ കൊല്ലുന്നത്?

മുതലപ്പൊഴി ഹാര്‍ബര്‍, പൊഴി അഴിയാക്കികൊണ്ടുള്ള ഒരു പുലിമുട്ട് ഹാര്‍ബര്‍ നിര്‍മ്മാണമാണ്. തിരുവനന്തപുരം ജില്ലയിലെ തീരക്കടലിനെ സംബന്ധിച്ച്​ ഇവിടെ ഇന്നേവരെ നടത്തിയ നിര്‍മ്മാണങ്ങള്‍ പ്രകൃതിവിരുദ്ധ / കടല്‍ വിരുദ്ധ പ്രവര്‍ത്തനമാണ്. തെക്കും വടക്കുമുള്ള രണ്ട് പുലിമുട്ടുകള്‍ക്കിടയില്‍ പൊഴിയെ അഴിയാക്കിയാണ് മുതലപ്പൊഴി ഹാര്‍ബര്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഹാര്‍ബറിലെ മണലിന്റെ സഞ്ചാരത്തെപ്പറ്റി ഹാര്‍ബര്‍ നിര്‍മ്മിച്ചവര്‍ മനസിലാക്കിയിരുന്നോ എന്നത് സംശയമാണ്. മാത്രമല്ല, മണ്‍സൂണ്‍ മാസങ്ങളിലെ അഴിയിലൂടെയുള്ള കരയിലെ ജലസ്രോതസ്സ് വഴിയുള്ള മണലിന്റെ വരവും അതോടൊപ്പം ജലസ്രോതസിന്റെ കടലിനുള്ളിലേക്കുള്ള തള്ളലും വേണ്ടത്ര പരിഗണിച്ചിട്ടില്ല എന്നുവേണം അനുമാനിക്കാന്‍.

തിരുവനന്തപുരം ജില്ലയില്‍ ഏറ്റവും കൂടുതല്‍ മണലിന്റെയും, കായല്‍ വെള്ളത്തിന്റെയും തള്ളല്‍ ഉള്ള പ്രദേശമായാണ് മുതലപ്പൊഴി കണക്കാക്കിയിരുന്നത്. അതുകൊണ്ട്​, ഹാര്‍ബറിലെ ഇരു പുലിമുട്ടുകള്‍ക്കിടയിലും മണലടിയുന്നു. മണ്‍സൂണ്‍ കാലത്തെ പ്രത്യേകതകള്‍ കാരണം തെക്കുവശത്തെ പുലിമുട്ടിനോട് ചേര്‍ന്ന് ഹാര്‍ബറില്‍തന്നെ മണല്‍ അടിയുന്നു. മണലടിയുന്ന ഭാഗത്ത് സ്വാഭാവികമായും തിര ഒടിയുന്നു / മുറിയുന്നു. ഇരു പുലിമുട്ടികള്‍ക്കുമിടയിലെ മണലൊഴുക്കും ഉള്‍വലിവും (rip currents) കാരണം ഉള്ളിലേക്കുള്ള വലിച്ചെടുക്കല്‍ ഇവിടെ കൂടുതലാണ്. അത് മണ്‍സൂണ്‍ കാലത്തെ ഏത് തീരക്കടലിലും കാണാവുന്ന പ്രത്യേകത കൂടിയാണ്. അവിടങ്ങളില്‍ അകപ്പെടുമ്പോള്‍ സാധാരണ മത്സ്യത്തൊഴിലാളികള്‍തിരയുടെ ശകതിയും വലിപ്പവും അനുസരിച്ച് അടിത്തട്ടിലെ മണലില്‍ കുറച്ച് നേരം ശ്വാസമടക്കി അള്ളിപ്പിടിച്ചിരിക്കുകയോ (കടലിനടിയില്‍ മുങ്ങാംങ്കുഴിയിട്ട് കിടക്കുന്നത്) കടലിനുള്ളിലേക്കുള്ള ഒഴുക്കിനനുസരിച്ച് കടലിലേക്കുതന്നെ ഒപ്പം പോവുകയോ ചെയ്താണ് കടലടി കൊള്ളാതെ രക്ഷപ്പെടാന്‍ ശ്രമിക്കുന്നത്. പക്ഷെ, ഇവിടെ ഇരുവശത്തേയും പുലിമുട്ട് കാരണം അങ്ങനെ ചെയ്യാന്‍ സാധിക്കുന്നില്ല. ഒഴുക്കിനനുസരിച്ച് മനുഷ്യ ശരീരത്തെ തെക്കുവശത്തെ പുലിമുട്ടിനോട് ചേര്‍ത്തടിക്കാന്‍ സാധ്യത കൂടുതലാണ്.

Rip currents
Rip currents

ഇതോടൊപ്പം മനസിലാക്കേണ്ട മറ്റൊരു വസ്തുത, മുതലപ്പൊഴിയിലെ ഇരുപുലിമുട്ടുകളും കടലിലേയ്ക്ക് തുറന്നാണ് കിടക്കുന്നത്. അതെന്തിനാണ് അങ്ങനെ ഡിസൈന്‍ ചെയ്തതെന്ന് മനസ്സിലാകുന്നില്ല. വടക്കു പടിഞ്ഞാറ് കാറ്റും (കച്ചാന്‍ കൊണ്ടല്‍- north-west wind), പടിഞ്ഞാറന്‍ കാറ്റും (കുറിഞ്ചിറ- west wind), വടക്കന്‍ കാറ്റും (വാടക്കാറ്റ്- north wind) അതുമൂലമുള്ള തിര തള്ളലും ഹാര്‍ബര്‍ പ്രവേശനകവാടത്തിലേയ്ക്ക് യഥേഷ്ടം കയറാന്‍ പാകത്തിലുള്ളതാണ് നിലവിലെ മുതലപ്പൊഴി ഫിഷിങ് ഹാര്‍ബറിന്റെ ഡിസൈന്‍. ഇതുമൂലം കാറ്റിനനുസരിച്ച്, പ്രത്യേകിച്ച് കുറിഞ്ചിറ കാറ്റുള്ള സമയങ്ങളിലുള്ള നദീമുഖത്തിലേക്കുള്ള തിരത്തള്ളലും നദിയില്‍ നിന്ന് കടലിലേക്കും അല്ലാതെയുമുള്ള തിരത്തള്ളലും കാരണം തിരക്കുഴികള്‍ (swells) ഉണ്ടാവുകയും ഹാര്‍ബറിനുള്ളിലെ ഈ തിരക്കുഴികള്‍ കാരണം വള്ളങ്ങള്‍ പുറപ്പെടുമ്പോഴും അണയുമ്പോഴും അപകടസാധ്യത രൂപപ്പെടുകയും ചെയ്യുന്നു.
ചില യാനങ്ങള്‍ അവ ശ്രദ്ധിച്ചുപോവുകയും വരികയും ചെയ്യുന്നു, അങ്ങനെ ചെയ്യാന്‍ നിര്‍വാഹമില്ലാത്തവര്‍ അപകടത്തില്‍പ്പെടുന്നു.
അതായത്‌ swells തമ്മിലുള്ള വിടവ് കൂടുന്നതു കാരണം അവയുടെ ഉയരം കൂടുകയും വള്ളങ്ങള്‍ ഒരു swell-ന്റെ മുകളിലൂടെ ഒന്നിറങ്ങി വീണ്ടും കയറി, വീണ്ടും ഇറങ്ങിക്കയറുന്ന പ്രതീതി ഉണ്ടാവുന്നു. ഇത്​ തിര മുറിച്ച്​ എളുപ്പം കടന്നുപോകാനുള്ള സാധ്യത ഇല്ലാതാക്കുന്നതിനാല്‍ വള്ളങ്ങള്‍ തിരയടിയില്‍പ്പെട്ടുപോകുന്നു. ഇരുവശത്തുമുള്ള പുലിമുട്ടുകളില്‍ ഇടിച്ച് ഇല്ലാതാകുന്നു. കരിങ്കല്‍ പുലിമുട്ടുകള്‍ ഇല്ലായിരുന്നുവെങ്കില്‍ വള്ളങ്ങള്‍ക്ക് ഒഴുക്കിനനുസരിച്ച് ഏതെങ്കിലും തീരത്ത് സുരക്ഷിതമായി അണയാന്‍ കഴിയുമായിരുന്നു.

തിരക്കുഴികള്‍ (swells)  / Photo: Wikimedia Commons
തിരക്കുഴികള്‍ (swells) / Photo: Wikimedia Commons

മറ്റൊരു പ്രധാന പ്രശ്‌നം, ഹാര്‍ബര്‍ മൗത്തിനുള്ളില്‍ മണലടിയുന്നതുമായി ബന്ധപ്പെട്ടതാണ്; പ്രത്യേകിച്ച് മത്സ്യബന്ധനം കഴിഞ്ഞു തിരിച്ചുവരുമ്പോള്‍ (മീനുണ്ടെങ്കില്‍ ഭാരം കൂടുതലായിരിക്കുമല്ലോ) വള്ളത്തിന്റെ എന്‍ജിന്റെ അടിഭാഗം തറയില്‍ തട്ടുകയും വള്ളം മറിയുകയോ കമിഴ്ന്നു പോകുകയോ ചെയ്യാന്‍ സാധ്യതയുണ്ട്. അങ്ങനെയും അപകടങ്ങള്‍ സംഭവിക്കുന്നുണ്ട്.

സര്‍ക്കാര്‍ സംവിധാനം ഒന്നാം പ്രതി

മുതലപ്പൊഴിയെ അപകടരഹിതമാക്കാന്‍ ചില നടപടികള്‍ ഇപ്പോള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പൊഴിയില്‍ തകര്‍ന്നു വീണ കല്ലും മണ്ണും നീക്കാന്‍ അദാനി ഗ്രൂപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതേതുടര്‍ന്ന്, ലോങ് ബൂം ക്രെയിന്‍ എത്തിച്ച് മുതലപ്പൊഴിയില്‍ കെട്ടിക്കിടക്കുന്ന പാറകള്‍ മാറ്റുമെന്നും എക്‌സ്‌കവേറ്ററുപയോഗിച്ച് മണല്‍ നീക്കുമെന്നും അദാനി ഗ്രൂപ്പ് അറിയിച്ചു.
പത്ത് ഡൈവിങ് വിദഗ്ധരെ മുതലപ്പൊഴിയില്‍ നിയമിക്കാനും തീരുമാനിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് മൂന്ന് ബോട്ടും ആംബുലന്‍സും അനുവദിച്ചു. സി. ഡബ്ല്യു. പി.ആര്‍.എസിന്റെ പഠനറിപ്പോര്‍ട്ട് ഡിസംബറില്‍ ലഭിക്കുമെന്നും അതിന്റെ അടിസ്ഥാനത്തില്‍, നിര്‍മാണത്തില്‍ അപാകതയുണ്ടെങ്കില്‍ അടിയന്തര നടപടി സ്വീകരിക്കുമെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.

ഇവിടം പുലിമുട്ട് ഹാര്‍ബര്‍ നിര്‍മ്മിക്കുന്നതിന് അനുയോജ്യമായ ഇടമാണെന്ന് കണ്ടെത്തുകയും ഒന്നാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ചെയ്യുകയും ചെയ്ത ചെന്നൈ ഐ ഐ ടിയ്‌ക്കെതിരെ നടപടിയുണ്ടാകണം.

എന്നാൽ, ഇന്നലെ, ബുധനാഴ്​ച, എന്താണ്​ സംഭവിച്ചത്​? തുറമുഖ മുനമ്പില്‍ അടിഞ്ഞുകൂടിയ കരിങ്കല്‍ പാളികളും മണല്‍ത്തിട്ടകളും നീക്കുന്നതിനിടെ ക്രെയിനിന്റെ വടം പൊട്ടി, കല്ല് നീക്കുന്നത് വൈകീട്ടോടെ നിര്‍ത്തിവച്ചിരിക്കുകയാണ്. മണ്ണുനീക്കുന്നതും ഇതോടെ വൈകുമെന്ന് ഉറപ്പായിരിക്കുകയാണ്. നാലുപേര്‍ മരിച്ച അപകടത്തെ തുടര്‍ന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച പരിഹാര നടപടികള്‍ മത്സ്യത്തൊഴിലാളികളുടെ കണ്ണില്‍ പൊടിയിടാനുള്ളതാണെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്.

അതിനിടെ, ഇന്ന്​ പുലര്‍ച്ചെ മത്സ്യബന്ധനത്തിനുപോയ സംഘത്തിന്റെ ബോട്ട് മറിഞ്ഞ് ആറു പേര്‍ക്ക് പരിക്കേറ്റു. തിരയില്‍ പെട്ട് ബോട്ട് തല കീഴായി മറിയുകയായിരുന്നു. ഉടന്‍ രക്ഷാപ്രവര്‍ത്തനം നടത്തിയതിനാല്‍ അപകടത്തിന്റെ തീവ്രത കുറയ്ക്കാനായി.

ജൂലൈ 10ന് മുതലപ്പൊഴിയില്‍ ഉണ്ടായ അപകടത്തെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുന്ന നേവി. / Photo: Indian Navy
ജൂലൈ 10ന് മുതലപ്പൊഴിയില്‍ ഉണ്ടായ അപകടത്തെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുന്ന നേവി. / Photo: Indian Navy

മുതലപ്പൊഴിയെ പൂർണമായും സുരക്ഷിതമാക്കാൻ ഇപ്പോൾ സ്വീകരിക്കുന്ന നടപടികൾ മാത്രം മതിയോ?
മരണങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ക്കും സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉത്തരവാദിത്തം ഏറ്റെടുക്കണം. ആദ്യം ഇവിടം പുലിമുട്ട് ഹാര്‍ബര്‍ നിര്‍മ്മിക്കുന്നതിന് അനുയോജ്യമായ ഇടമാണെന്ന് കണ്ടെത്തുകയും ഒന്നാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ചെയ്യുകയും ചെയ്ത ചെന്നൈ ഐ ഐ ടിയ്‌ക്കെതിരെ നടപടിയുണ്ടാകണം. അതിനുശേഷം, ശാസ്ത്രീയപഠനം നടത്തിയെന്ന് അവകാശപ്പെട്ട് റീ ഡിസൈന്‍ വിഭാവന ചെയ്ത CWPRS- നെതിരെയും അതനുസരിച്ച് രണ്ടാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ചെയ്ത ഹാര്‍ബര്‍ എഞ്ചിനീയറിംഗ് ഡിപ്പാര്‍ട്‌മെന്റിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയും അക്കാലത്തെ ഫിഷറീസ് വകുപ്പിനെതിരെയും ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയുണ്ടാകണം. തുടര്‍ന്ന്, പ്രശ്‌നം രൂക്ഷമാക്കുകയും സംസ്​ഥാന സര്‍ക്കാരുമായി ഉണ്ടാക്കിയ കരാനുസരിച്ച് ഇവിടെ ഡ്രഡ്ജിങ് മുതലായവ ചെയ്ത് ഹാര്‍ബര്‍ സുരക്ഷിതമാക്കുമെന്ന ഉറപ്പ് പാലിക്കാത്ത അദാനി ഗ്രൂപ്പിനെതിരെ നടപടിയുണ്ടാകണം.
അതോടൊപ്പം, ഹാര്‍ബര്‍ സുരക്ഷിതമാണെന്ന് വിലയിരുത്തി, കമ്മീഷന്‍ ചെയ്ത അന്നത്തെ ഫിഷറീസ് വകുപ്പിനെതിരെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയെടുക്കണം. ഏറ്റവുമൊടുവില്‍, ഹാര്‍ബര്‍ ഡ്രഡ്ജ് ചെയ്ത് ഹാര്‍ബര്‍ വഴിയുള്ള മണ്‍സൂണ്‍ കാല മീന്‍പിടിത്തം സുരക്ഷിതമാക്കണമെന്ന് മത്സ്യത്തൊഴിലാളികള്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും സമയോചിതവും പൂര്‍ണ്ണവുമായ നടപടി സ്വീകരിക്കാത്ത ഫിഷറീസ് ഡയറക്ടറേറ്റ്, ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം. കാരണം, ഇവിടെ നിര്‍മ്മാണം തുടങ്ങിയതും റീ ഡിസൈന്‍ ചെയ്തതും സുരക്ഷിതമെന്ന് പ്രഖ്യാപിച്ചതും എടുക്കേണ്ട നടപടി എടുക്കാതിരിന്നതും സര്‍ക്കാര്‍ സംവിധാനങ്ങള്‍ തന്നെയാണ്.

അതുപോലെ, മുഖ്യമന്ത്രിയുടെ കീഴിലുള്ള കേരള ദുരന്ത നിവാരണവകുപ്പ് ഇന്നേവരെ ഇവിടം തിരിഞ്ഞുനോക്കിയിട്ടില്ല. ഉത്തരവാദിത്തപ്പെട്ടവര്‍ അതില്‍ നിന്ന്​ ഒഴിഞ്ഞുമാറുന്നത് കൂടുതല്‍ ദുരിതങ്ങള്‍ ആവർത്തിക്കാൻ സഹായിക്കുക മാത്രമേ ചെയ്യൂ എന്ന്​ മുതലപ്പൊഴി ഓര്‍മ്മിപ്പിക്കുന്നു. നിജസ്ഥിതി വിലയിരുത്താതെയും കൃത്യമായ പഠനമില്ലാതെയുമുള്ള നിര്‍മ്മാണങ്ങള്‍ മത്സ്യത്തൊഴിലാളി ജീവിതങ്ങളെ കൂടുതല്‍ കലുഷിതമാക്കും. എത്രകാലം ഇത്തരത്തിലുള്ള മനുഷ്യാവകാശ ലംഘനങ്ങള്‍ തുടരും?


Summary: Uncover Dr. Johnson Jament's analysis on the persistent deaths of fishermen in Muthalappozhi Fishing Harbour. Discover vital insights and potential solutions. #Muthalappozhi


ഡോ. ജോൺസൺ ജമൻറ്​

തീരദേശ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഗവേഷണം നടത്തുന്നു. യു.കെയിലെ യൂണിവേഴ്‌സിറ്റി ഓഫ് സസെക്‌സിലെ സ്‌കൂൾ ഓഫ് ഗ്ലോബൽ സ്റ്റഡീസിൽ വിസിറ്റിങ് റിസർച്ച് ഫെല്ലോ. ‘ഫ്രൻറ്സ്​ ഓഫ് മറൈൻ ലൈഫി'ൽ കോസ്റ്റൽ റിസർച്ചർ. യുനെസ്‌കോ- ഐ.പി.ബി.ഇ.എസ് മറൈൻ എക്‌സപെർട്ട്.

Comments