അപകടം ആവർത്തിക്കുന്ന മുതലപ്പൊഴി ; ഒരു മത്സ്യത്തൊഴിലാളിക്ക് കൂടി ജീവൻ നഷ്ടപ്പെട്ടു

500- ൽ കൂടുതൽ മത്സ്യത്തൊഴിലാളികൾ പലതവണയായി പലതരം അപകടങ്ങളിൽപ്പെട്ടിട്ടുമുണ്ട്. നൂറുകണക്കിന് വള്ളങ്ങൾക്ക് കേടു പറ്റി, അതേ എണ്ണത്തിൽ എൻജിനുകൾ നഷ്ടപ്പെട്ടു. വലകളും മറ്റ് യാനങ്ങളും തിരിച്ചുകിട്ടാതെ പോയി. അങ്ങനെ എത്രയോ കോടി രൂപയുടെ നഷ്ടങ്ങളാണ് മുതലപ്പൊഴി ഹാർബർ നിർമ്മാണത്തിനുശേഷമുണ്ടായത്. മുതലപ്പൊഴിയിൽ ഈ വർഷം ഇതുവരെ 11 അപകടങ്ങളാണുണ്ടായത്.

Think

മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു മത്സ്യത്തൊഴിലാളിക്ക് കൂടി ജീവൻ നഷ്ടപ്പെട്ടിരിക്കുകയാണ്. അഞ്ചുതെങ്ങ് സ്വദേശി അബ്രഹാം റോബർട്ട് ആണ് അപകടത്തിൽ മരിച്ചത്. മത്സ്യബന്ധനത്തിന് പോയി തിരികെ വരവേ ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു. ആകെ നാലുപേരാണ് വള്ളത്തിൽ ഉണ്ടായിരുന്നത്. മറ്റു മൂന്ന് പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മുതലപ്പൊഴിയിൽ ഇന്ന് മറ്റൊരു വള്ളവും അപകടത്തിൽപ്പെട്ടിരുന്നു. മത്സ്യത്തൊഴിലാളികൾ നീന്തി കരയിലേക്ക് കയറിയതുകൊണ്ട് ആളപായമുണ്ടായില്ല. ഈ വർഷം ഇതുവരെ മുതലപ്പൊഴിയിൽ11 അപകടങ്ങളാണുണ്ടായത്.

തിരുവനന്തപുരം ജില്ലയിൽ വിഴിഞ്ഞം കഴിഞ്ഞാൽ ഫിഷിങ് ആവശ്യങ്ങൾക്കുള്ള രണ്ടാമത്തെ പുലിമുട്ട് ഹാർബറാണ് മുതലപ്പൊഴി. കൃത്രിമ ഹാർബറുകളുടെ പട്ടികയിൽപ്പെടുന്നതുമാണിത്. 2000 മുതലാണ് ഇവിടത്തെ നിർമ്മാണ പ്രവർത്തനങ്ങൾക്കായുള്ള പഠനങ്ങളും മറ്റും നടന്നത്. മൺസൂൺ കാല മത്സ്യബന്ധനം സുഗമമായി, ആൾ മരണങ്ങളില്ലാതെ നടക്കണമെന്നത് 1990- കളിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ പ്രധാന ആവശ്യമായിരുന്നു. മുതലപ്പൊഴി അഴിയാക്കണമെന്ന ആവശ്യത്തിനുപകരം ഇപ്പോഴുള്ള പുലിമുട്ട് ഹാർബർ ആണ് വിഭാവനം ചെയ്യപ്പെട്ടത്. ആദ്യഘട്ട നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് ചെന്നൈ ഐ. ഐ. ടി. യാണ്. നിർമ്മാണത്തിലെ അപാകതകൾ കാരണം അവർ തന്നെ 2004- ൽ ചെയ്ത ഡിസൈൻ, പല തവണ മാറ്റി രൂപകൽപ്പന ചെയ്തിട്ടുണ്ട്. ഇതിനിടയിൽ തീരശോഷണം ഉൾപ്പെടെയുള്ള കാര്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെത്തുടർന്നും മത്സ്യത്തൊഴിലാളികൾ തന്നെ നിർമ്മാണത്തിലെ അപാകതകൾ ചൂണ്ടിക്കാണിച്ചതുകൊണ്ടും 2007-ൽ ഇവിടത്തെ പണി പൂർണമായും നിർത്തിവച്ചു.

2004 ൽ പൂർത്തിയാക്കിയ ഒന്നാം ഘട്ട നിർമ്മാണത്തിന് ഹാർബർ എൻജിനീയറിങ് ഡിപ്പാർട്മെന്റിന്റെ കണക്കനുസരിച്ച് ചെലവ് ഏകദേശം 1366 ലക്ഷം രൂപയാണ്. ചെന്നൈ ഐ ഐ ടിയുടെ ഒന്നാംഘട്ട നിർമ്മാണത്തിലെ അപാകതകൾ 2011 ലെ CWPRS-ന്റെ പഠനം ശരിവച്ചതിനുശേഷം മുതലപ്പൊഴി ഹാർബർ റീ ഡിസൈൻ ചെയ്തു. 2012 മുതൽ 2014 വരെ ചില അല്ലറ ചില്ലറ പണികൾനടന്നു. അതിനുശേഷം 2020- ലാണ് എല്ലാ പണിയും പൂർത്തിയായെന്നും ഹാർബർ സുരക്ഷിതമാണെന്നും ഇനി അപകടമരണമുണ്ടാകില്ലെന്നും വിലയിരുത്തി അന്നത്തെ ഫിഷറീസ് മന്ത്രി മുതലപ്പൊഴി ഹാർബർ കമ്മീഷൻ ചെയ്തതായി പ്രഖ്യാപനം നടത്തിയത്.

2012 മുതൽ 2017 വരെയുള്ള കണക്കനുസരിച്ച് മുതലപ്പൊഴി പുലിമുട്ട് ഹാർബർ പരിസരത്തുള്ള അപകടങ്ങളിൽ 42 മത്സ്യത്തൊഴിലാളികളാണ് മരിച്ചത്. മിക്കവരും അഞ്ചുതെങ്ങിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികളാണ്. ഇതിൽ 17 പേർ ഹാർബറിലെ പുലിമുട്ടുകളിൽ കുടുങ്ങിയാണ് മരിച്ചത്. ഈ കണക്കിൽ 2017 നവംബറിലെ ഓഖി കൊടുങ്കാറ്റുമായി ബന്ധപ്പെട്ട് ഇവിടെ ആരും മരിച്ചിട്ടില്ല എന്നതും എടുത്ത് പറയേണ്ടതാണ്.

2018 ലെ അദാനി പോർട്ടിന്റെ വരവ് മുതലപ്പൊഴി ഹാർബറിനെ സുരക്ഷിതമാക്കുമെന്നാണ് പലരും കരുതിയത്. എന്നാൽ വിഴിഞ്ഞത്തേക്ക് ബാർജുകളിലായി കല്ലുകൊണ്ടുപോകുന്നതിന് അവർ തെക്കുവശത്തുള്ള പുലിമുട്ടിൽ ചില മാറ്റം വരുത്തി അവരുടെ ബാർജ് അവിടേക്ക് അടിപ്പിച്ച് കല്ലുകൾ കയറ്റാനുള്ള നീക്കുപോക്കുകൾ ചെയ്തത് മരണസംഖ്യ പിന്നെയും ഉയർത്തി. അവർക്ക് ആവശ്യമുള്ളപ്പോൾ ആഴം കൂട്ടിയും മൺസൂൺ കാലത്ത് ഹാർബർ മൗത്തിന്റെ ആഴം കൂട്ടാതെയുമുള്ള അവരുടെ പണി കാരണം 2021 ജൂൺ വരെ ഈ കണക്ക് 55 ആയി ഉയർന്നു. 2023- ജൂലൈ പത്തിനുണ്ടായ നാലു മത്സ്യത്തൊഴിലാളികളുടെ മരണം ഉൾപ്പെടെ അത് 65 ആയി വർധിച്ചു.

2020- ൽ മുതലപ്പൊഴി അപകടരഹിതമെന്ന് സ്ഥാപിച്ച് അന്നത്തെ ഫിഷറീസ് മന്ത്രി ഹാർബർ കമീഷൻ ചെയ്തശേഷം റിപ്പോർട്ട് ചെയ്യപ്പെട്ട മുതലപ്പൊഴിയിലെ അപകടങ്ങളും മരണങ്ങളും:

  • 2020 ജൂലൈ 6: വള്ളവും വലയും എൻജിനും ഉൾപ്പെടെയുള്ള യാനങ്ങൾ പൂർണമായും നഷ്ടപ്പെട്ടു, നാലുപേർ പരിക്കുകളോടെ രക്ഷപ്പെട്ടു.

  • 2020 ഒക്ടോബർ 14: വള്ളം മറിഞ്ഞ് നാലുപേർ നീന്തി രക്ഷപ്പെട്ടു, വള്ളം പൂർണമായും നശിച്ചു.

  • 2021 മെയ് 27: വള്ളം കരയ്ക്ക് വരുന്നതിനിടയിൽ അപകടം, 36 വയസ്സുകാരൻ കൊല്ലപ്പെട്ടു.

  • 2021 ജൂൺ 17: വള്ളം മറിഞ്ഞ് ഒരു ചെറുപ്പക്കാരൻ മരിച്ചു, കൂടെയുണ്ടായിരുന്ന മൂന്നുപേർ കഷ്ടിച്ച് രക്ഷപ്പെട്ടു.

  • 2021 ജൂലൈ 10: തിരയടിയിൽ വള്ളം മറിഞ്ഞ്? 46 വയസുകാരൻ കൊല്ലപ്പെട്ടു.

  • 2022 ആഗസ്റ്റ് 5: വള്ളം മറിഞ്ഞെങ്കിലും മൂന്ന് മത്സ്യത്തൊഴിലാളികൾ രക്ഷപ്പെട്ടു.

  • 2022 സെപ്റ്റംബർ 6: ഒരു കൊല്ലിവള്ളത്തിലെ (20 മീറ്ററിൽ കൂടുതൽ നീളമുള്ള യന്ത്രവൽകൃത താങ്ങുവള്ളങ്ങൾ, റിങ് സീൻ വലകൾ ഉൾപ്പെടെ ഉപയോഗിച്ച് മീൻപിടിക്കുന്നത്) അഞ്ചുപേർ കൊല്ലപ്പെടുകയും കൂടെയുണ്ടായിരുന്നവർ പരിക്കുകളോടെ രക്ഷപ്പെടുകയും ചെയ്തു, ഈ വലിയവള്ളം പൂർണമായും തകർന്നു.

  • 2023 ജൂലൈ 10: നാലു മത്സ്യത്തൊഴിലാളികൾ കൊല്ലപ്പെട്ടു. ഈ വർഷകാലത്തെ പത്താമത്തെ അപകടം. പത്തു വള്ളങ്ങൾക്കും എഞ്ചിനുകൾക്കും വലയ്ക്കും മറ്റ് ഉപകരണങ്ങൾക്കും നാശനഷ്ടമുണ്ടായി. 30- ലേറെ പേർക്ക് പലതരത്തിൽ പരിക്കേറ്റു.

  • 2023 ആഗസ്റ്റ് 3: 16 മത്സ്യത്തൊഴിലാളികളുമായി വ്യാഴാഴ്ച പുലർച്ചെ കടലിൽ പോയ ബോട്ട് 6.30-ഓടെ ശക്തമായ തിരയിൽപെട്ട് തല കീഴായി മറിഞ്ഞ് ആറ് മത്സ്യത്തൊഴിലാളികൾക്ക് പരിക്ക്.

ഇവ കൂടാതെ 500- ൽ കൂടുതൽ മത്സ്യത്തൊഴിലാളികൾ പലതവണയായി പലതരം അപകടങ്ങളിൽപ്പെട്ടിട്ടുമുണ്ട്. നൂറുകണക്കിന് വള്ളങ്ങൾക്ക് കേടു പറ്റി, അതേ എണ്ണത്തിൽ എൻജിനുകൾ നഷ്ടപ്പെട്ടു. വലകളും മറ്റ് യാനങ്ങളും തിരിച്ചുകിട്ടാതെ പോയി. അങ്ങനെ എത്രയോ കോടി രൂപയുടെ നഷ്ടങ്ങളാണ് മുതലപ്പൊഴി ഹാർബർ നിർമ്മാണത്തിനുശേഷമുണ്ടായത്.

READ : മുതലപ്പൊഴി ഹാർബറിലെ മത്സ്യത്തൊഴിലാളി കൊലപാതകങ്ങളുടെ ഉത്തരവാദി ആര്?

Comments