photo: prasoon kiran

സബ്​സിഡി നിഷേധിച്ച്​ മത്സ്യത്തൊഴിലാളികളെ
മുക്കിക്കൊല്ലുന്നു ഡബ്ല്യു.ടി. ഒ.

രാജ്യങ്ങളോടു ചേർന്ന പ്രത്യേക സാമ്പത്തികമേഖലയിൽ കടൽമത്സ്യബന്ധനത്തിനു നൽകിവരുന്ന എല്ലാ സബ്‌സിഡികളും രണ്ടുവർഷം കഴിഞ്ഞാൽ നിർത്തലാക്കാനുള്ള ലോക വ്യാപാര സംഘടനയുടെ തീരുമാനം, കേരള തീരത്തുനിന്നടക്കം പരമ്പരാഗത വള്ളങ്ങളിലും ബോട്ടുകളിലും മത്സ്യബന്ധനത്തിനു പോകുന്നവവർക്ക്​ സബ്‌സിഡി ഇനത്തിൽ ലഭിക്കുന്ന ആനുകൂല്യങ്ങൾ ഇല്ലാതാക്കും

ലോകവ്യാപാര സംഘടനയുടെ മന്ത്രിതല സമ്മേളനത്തിന് ജൂണിൽ ജനീവ വേദിയായി. 164 അംഗ ലോക വ്യാപാര സംഘടനയുടെ (ഡബ്ല്യു.ടി.ഒ.) ഏറ്റവും ഉയർന്ന തീരുമാനമെടുക്കുന്ന സമിതിയായ 12-ാമത് മന്ത്രിതല സമ്മേളനത്തിന്റെ അജണ്ടയിൽ കാർഷിക സബ്സിഡിയും ഭക്ഷ്യസുരക്ഷയും ഉൾപ്പെടെയുള്ള വിഷയങ്ങളുണ്ടായിരുന്നു.

ഇതിൽ ഇന്ത്യൻ സമ്പദ്​വ്യവസ്​ഥയെ പ്രതികൂലമായി ബാധിക്കുന്ന ഒരു വിഷയം കൂടിയുണ്ടായിരുന്നുവെന്നതാണ്​, ഈ സമ്മേളനത്തെ ശ്രദ്ധേയമാക്കുന്നത്. മത്സ്യമേഖലയിലെ സബ്സിഡി പൂർണമായി നിർത്തലാക്കാനുള്ള തീരുമാനമാണത്​. ഇത്​ ഇന്ത്യൻ നീല സമ്പദ്​വ്യവസ്ഥയെ കാര്യമായി ബാധിക്കും. ഉച്ചകോടിയിൽ പങ്കെടുത്ത 164 രാജ്യങ്ങളിൽ പകുതിയിലേറെയും മത്സ്യത്തൊഴിലാളികളുടെ സബ്സിഡി തുടരണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും വികസിത രാജ്യങ്ങൾ സമ്മതിച്ചില്ല. അമിത മത്സ്യബന്ധനവും വിനാശകരമായ മത്സ്യബന്ധനരീതിയും തടയുന്നതിനാണ് സബ്സിഡി നിരോധനം എന്നാണ് ലോക വ്യാപാര സംഘടനയുടെ ഇതിനുള്ള വിശദീകരണം.

വികസിത മുതലാളിത്ത രാജ്യങ്ങളിലെ വ്യാവസായിക മത്സ്യബന്ധനമാണ് കടലിന്റെ ആവാസവ്യവസ്ഥ തകിടംമറിച്ചതും മത്സ്യ ഇനങ്ങളുടെ വൻ തകർച്ചയിലേക്ക് വഴിയൊരുക്കിയതും.

പുറംകടൽ കൊള്ള

1980കൾ വരെ 10 ശതമാനം മത്സ്യ ഇനങ്ങളാണ് അമിതചൂഷണത്തിന് വിധേയമായിരുന്നത്. തൊണ്ണൂറുകളോടെ ലോക വ്യാപാര സംഘടനയുടെ നേതൃത്വത്തിൽ നടപ്പാക്കിയ ഉദാരവത്കരണ നയങ്ങളാണ് യഥാർഥത്തിൽ വ്യാവസായിക മത്സ്യബന്ധനത്തിന് തുടക്കംകുറിച്ചത്. അമേരിക്ക, യൂറോപ്യൻ യൂണിയൻ തുടങ്ങിയ വികസിത മുതലാളിത്ത രാജ്യങ്ങൾ വ്യാവസായിക മത്സ്യബന്ധനത്തിൽ ഏർപ്പെട്ടു. 130 മീറ്റർ നീളമുള്ള വൻ കപ്പലുകൾ, കടലിന്റെ ആവാസവ്യവസ്ഥ തകർക്കുന്ന മത്സ്യബന്ധനരീതി, ആധുനിക സംസ്‌കരണ സംവിധാനങ്ങൾ, കൂറ്റൻ ശീതീകരണശാലകൾ ഇതെല്ലാം ഈ കപ്പലുകളുടെ സവിശേഷതകളാണ്. വികസിത മുതലാളിത്ത രാജ്യങ്ങളിലെ വ്യാവസായിക മത്സ്യബന്ധനമാണ് കടലിന്റെ ആവാസവ്യവസ്ഥ തകിടംമറിച്ചതും മത്സ്യ ഇനങ്ങളുടെ വൻ തകർച്ചയിലേക്ക് വഴിയൊരുക്കിയതും. ഇവ ആയിരക്കണക്കിന് കിലോമീറ്റർ സഞ്ചരിച്ചും മാസങ്ങളോളം കടലിൽ ചെലവഴിച്ചും മറ്റു രാജ്യങ്ങളുടെ പുറംകടലിലെ സമ്പത്ത് കൊള്ളയടിക്കുന്നു. എന്നാൽ, ചെറിയ ബോട്ടും വള്ളങ്ങളും ഉപയോഗിച്ചു നടത്തുന്ന മത്സ്യബന്ധനം മുഖ്യമായും തീരത്തോടുചേർന്ന പ്രദേശങ്ങളിലെ ജനങ്ങളുടെ ഉപജീവനമാർഗമാണ്.

ഇന്ത്യൻ സമ്പദ്​വ്യവസ്​ഥയെ പ്രതികൂലമായി ബാധിക്കുന്ന ഒരു വിഷയം കൂടിയുണ്ടായിരുന്നുവെന്നതാണ്​, ഈ സമ്മേളനത്തെ ശ്രദ്ധേയമാക്കുന്നത്. മത്സ്യമേഖലയിലെ സബ്സിഡി പൂർണമായി നിർത്തലാക്കാനുള്ള തീരുമാനമാണത്​. ഇത്​ ഇന്ത്യൻ നീല സമ്പദ്​വ്യവസ്ഥയെ കാര്യമായി ബാധിക്കും

കേരളത്തിലെ മത്സ്യത്തൊഴിലാളികൾ നടുക്കടലിലേക്ക്​

രാജ്യങ്ങളോടു ചേർന്ന പ്രത്യേക സാമ്പത്തികമേഖലയിൽ (200 നോട്ടിക്കൽ മൈൽ)
കടൽമത്സ്യബന്ധനത്തിനു നൽകിവരുന്ന എല്ലാ സബ്‌സിഡികളും രണ്ടുവർഷം
കഴിഞ്ഞാൽ നിർത്തലാക്കാനുള്ള ലോക വ്യാപാര സംഘടനയുടെ തീരുമാനം
ഇന്ത്യൻ മത്സ്യത്തൊഴിലാളികളുടെ ജീവിതത്തിനുമേൽ കാർമേഘങ്ങളായി
ഉരുണ്ടുകൂടുകയാണ്. കാലാവസ്​ഥാ വ്യതിയാനം മൂലം തകിടംമറിഞ്ഞുകൊണ്ടിരിക്കുന്ന കടൽ കാലാവസ്​ഥയുമായി, അതിജീവനത്തിന്​ മല്ലിട്ടുകൊണ്ടിരിക്കുന്ന അവരുടെ ജീവിതം കശക്കിയെറിയപ്പെടാൻ പോകുകയാണ്. ഡബ്ല്യു.ടി.ഒ. മന്ത്രിതല സമ്മേളനം കൈക്കൊണ്ട തീരുമാനം കേരളം ഉൾപ്പെടെയുള്ള ഇന്ത്യയിലെ തീരസംസ്ഥാനങ്ങളിലെ ഒന്നരക്കോടിയോളം വരുന്ന മത്സ്യത്തൊഴിലാളി സമൂഹത്തെ നടുക്കടലിൽ തള്ളും. ഇത്​ നടപ്പിലാകുന്നതോടെ അടിസ്ഥാനസൗകര്യ വികസനം, തുറമുഖ നിർമാണം, യാനങ്ങളുടെ നിർമാണം, എൻജിൻ, വല, ഇന്ധനം തുടങ്ങിയവയ്‌ക്കൊക്കെ നൽകിക്കൊണ്ടിരിക്കുന്ന സബ്‌സിഡികൾ ഇല്ലാതാകും. കേരളതീരത്തുനിന്ന്​ പരമ്പരാഗത വള്ളങ്ങളിലും ബോട്ടുകളിലും മത്സ്യബന്ധനത്തിനു പോകുന്നവർക്ക്​ വരുംകാലങ്ങളിൽ സബ്‌സിഡി ഇനത്തിൽ ഒരുആനുകൂല്യവും ഉണ്ടാകില്ല എന്നർഥം. നിയമവിരുദ്ധവും അനിയന്ത്രിതവുമായ മത്സ്യബന്ധനവും മത്സ്യസമ്പത്തിന്റെ അമിതചൂഷണവും തടയാനെന്ന പേരിലുള്ള തീരുമാനം 590 കിലോമീറ്റർ കടൽത്തീരമുള്ള കേരളത്തെയാണ്​ ഏറെ ബാധിക്കുക. സംസ്ഥാനത്തുനിന്ന്​ വള്ളങ്ങളിലും ബോട്ടുകളിലുമായി കടലിൽ പോകുന്നവർ ഭൂരിഭാഗവും ചെറുകിട മീൻപിടിത്തക്കാരാണ്, ഏറെയും ദാരിദ്ര്യരേഖയ്ക്കുതാഴെയുള്ളവർ. വികസിത- അവികസിത രാജ്യങ്ങളെന്നോ ചെറുകിട- വൻകിടക്കാരെന്നോ വ്യത്യാസമില്ലാതെ സബ്‌സിഡി നിർത്തലാക്കുമ്പോൾ അതിന്റെ ആഘാതം കേരളത്തിലെ പത്തര ലക്ഷത്തോളം മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ചുമലിൽ അതേപടി പതിക്കും. അത്യാധുനിക സാങ്കേതികവിദ്യയും സംസ്‌കരണ സംവിധാനവുമൊക്കെയായി കടലിൽ മാസങ്ങളോളം തമ്പടിച്ച്​ മീൻ പിടിക്കുന്ന വികസിത രാജ്യങ്ങളിലെ കപ്പലുകളെയും അന്നന്നത്തെ ഉപജീവനത്തിനും പ്രാദേശിക ഭക്ഷ്യാവശ്യത്തിനുമായി കടലിൽ പോകുന്ന ചെറുകിടക്കാരെയും ഡബ്ല്യു.ടി.ഒ. ഒരേ തട്ടിൽ വച്ചത്​നീതീകരിക്കാനാവാത്ത മാനദണ്ഡമായിപ്പോയി.

ജനീവയിൽ നടന്ന ലോക വ്യാപാര സംഘടനയുടെ  12-ാമത് മന്ത്രിതല സമ്മേളനം
ജനീവയിൽ നടന്ന ലോക വ്യാപാര സംഘടനയുടെ 12-ാമത് മന്ത്രിതല സമ്മേളനം

ചെറുകിടക്കാർക്കുള്ള സബ്‌സിഡി 25 വർഷത്തേക്കുകൂടി തുടരണമെന്ന ഇന്ത്യയുടെ ആവശ്യം അംഗീകരിക്കപ്പെട്ടില്ല. വികസിത രാജ്യങ്ങളെ അപേക്ഷിച്ചു നോക്കുമ്പോൾ ഇന്ത്യയിൽ നൽകിവരുന്ന സബ്‌സിഡി തുച്ഛമാണെങ്കിലും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ജീവൻ
പണയം വയ്ക്കുന്നവർക്ക് അത്​ ചെറിയൊരു ആശ്വാസമായിരുന്നു. ഒരു മത്സ്യത്തൊഴിലാളിക്ക്​ ഡെന്മാർക്കിൽ പ്രതിവർഷം 75,578 ഡോളറും സ്വീഡനിൽ 65,976 ഡോളറും സബ്‌സിഡി നൽകുമ്പോൾ ജപ്പാനിൽ അത് 8,385 ഡോളറും അമേരിക്കയിൽ 4,956 ഡോളറുമാണ്. ചൈനയിൽ 45 ഡോളർ ലഭിക്കുമ്പോൾ ഇന്ത്യയിൽ 15 ഡോളർ മാത്രമാണ്.

വികസ്വര- അവികസിത രാജ്യങ്ങളുടെ താത്പര്യങ്ങൾക്ക്​ വിരുദ്ധമായ നയങ്ങൾ അടിച്ചേൽപ്പിക്കാൻ ലോകവ്യാപാര സംഘടനയിലൂടെ നിഷ്പ്രയാസം കഴിയുന്നുണ്ട്.

ആഗോള മത്സ്യബന്ധനത്തിന്റെ നാലുശതമാനത്തിലധികം കൈകാര്യം ചെയ്യുന്ന ഇന്ത്യ ആ മേഖലയ്ക്ക് നൽകുന്ന സബ്സിഡികൾ നിർത്തണമെന്ന നിബന്ധന നമുക്ക് സ്വീകാര്യമല്ല. 0.7 ശതമാനത്തിൽ കൂടുതൽ മത്സ്യബന്ധനത്തിൽ ഏർപ്പെടുന്ന രാജ്യങ്ങൾ സബ്സിഡി നിർത്തലാക്കണമെന്ന വികസിത രാജ്യങ്ങളുടെ ആവശ്യം നടപ്പിലായാൽ ഇന്ത്യയിലെ അതുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നവരുമായ 40 ലക്ഷം മത്സ്യത്തൊഴിലാളികളുടെ മരണമണിയാകും മുഴങ്ങുക.

സമവായമാണ്​ ലോകവ്യാപാരസംഘടനയുടെ തീരുമാനങ്ങളുടെ കാതൽ, ഭൂരിപക്ഷമല്ല. ഒന്നുറപ്പ്; നവ സാധാരണ കാലഘട്ടത്തിൽ ലോകം വെള്ളപ്പുക ആഗ്രഹിക്കുന്നു. എന്നാൽ ഇന്ത്യൻ മത്സ്യത്തൊഴിലാളികളുടെ ചങ്കത്തടിച്ചാണ് 12-ാമത് മന്ത്രിതല സമ്മേളനത്തിന് വിരാമമായത്. നമ്മുടെ രാജ്യത്തെ മത്സ്യത്തൊഴിലാളികളിൽ 90 ശതമാനവും ചെറുകിട മേഖലയെ ആശ്രയിക്കുന്നവരാണ്. സാധാരണക്കാർക്ക് പോഷകമൂല്യമുള്ള ഭക്ഷണം ലഭ്യമാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നതും ഈ മേഖലയാണ്. സബ്സിഡി നിർത്തലാക്കുമ്പോൾ ഈ ഘടകം പരിഗണിക്കാത്തത് കടുത്ത അനീതിയാണ്. സമ്പന്നരാജ്യങ്ങൾ വരുത്തിവയ്ക്കുന്ന വിനകൾക്ക് പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ ക്രൂശിക്കുന്നത് ക്രൂരമാണ്.

വ്യാപാര സംഘടന ആർക്കുവേണ്ടി?

വികസ്വര- അവികസിത രാജ്യങ്ങളുടെ താത്പര്യങ്ങൾക്ക്​ വിരുദ്ധമായ നയങ്ങൾ അടിച്ചേൽപ്പിക്കാൻ ലോക വ്യാപാര സംഘടനയിലൂടെ നിഷ്പ്രയാസം കഴിയുന്നുണ്ട്. സമീപകാലങ്ങളിൽ സംഘടനയിൽനിന്നുണ്ടായ തീരുമാനങ്ങളെല്ലാം ഇതിനുദാഹരണങ്ങളാണ്​.

ഡബ്ല്യു.ടി.ഒ മന്ത്രിതല സമ്മേളനം കൈക്കൊണ്ട തീരുമാനം കേരളം ഉൾപ്പെടെയുള്ള ഇന്ത്യയിലെ തീരസംസ്ഥാനങ്ങളിലെ ഒന്നരക്കോടിയോളംവരുന്ന മത്സ്യത്തൊഴിലാളി സമൂഹത്തെ നടുക്കടലിൽ തള്ളും. ഇത്​ നടപ്പിലാകുന്നതോടെ അടിസ്ഥാന സൗകര്യ വികസനം, തുറമുഖ നിർമാണം, യാനങ്ങളുടെ നിർമാണം, എൻജിൻ, വല, ഇന്ധനം തുടങ്ങിയവയ്‌ക്കൊക്കെ നൽകിക്കൊണ്ടിരിക്കുന്ന സബ്‌സിഡികൾ ഇല്ലാതാകും. photo/ prasoonkiran
ഡബ്ല്യു.ടി.ഒ മന്ത്രിതല സമ്മേളനം കൈക്കൊണ്ട തീരുമാനം കേരളം ഉൾപ്പെടെയുള്ള ഇന്ത്യയിലെ തീരസംസ്ഥാനങ്ങളിലെ ഒന്നരക്കോടിയോളംവരുന്ന മത്സ്യത്തൊഴിലാളി സമൂഹത്തെ നടുക്കടലിൽ തള്ളും. ഇത്​ നടപ്പിലാകുന്നതോടെ അടിസ്ഥാന സൗകര്യ വികസനം, തുറമുഖ നിർമാണം, യാനങ്ങളുടെ നിർമാണം, എൻജിൻ, വല, ഇന്ധനം തുടങ്ങിയവയ്‌ക്കൊക്കെ നൽകിക്കൊണ്ടിരിക്കുന്ന സബ്‌സിഡികൾ ഇല്ലാതാകും. photo/ prasoonkiran

ഇന്ത്യയിൽ, കരിമ്പുകർഷകർക്ക്​ നൽകുന്ന സബ്​സിഡിയുമായി ബന്ധപ്പെട്ട വിഷയം ഇത്തരമൊന്നായിരുന്നു. കരിമ്പ് കർഷകർക്ക് മൊത്തം ഉത്പാദന വിലയുടെ പത്തുശതമാനത്തിലധികം സബ്സിഡി നൽകുന്നതിനെതിരെ ഓസ്‌ട്രേലിയ, ബ്രസീൽ, ഗ്വാട്ടിമാല എന്നിവർ ചേർന്ന് ലോക വ്യാപാര സംഘടനയുടെ തർക്കപരിഹാര സമിതിയിൽ (ഡി.എസ്​.ബി.) പരാതി നല്കിയിരുന്നു. ബ്രസീൽ കഴിഞ്ഞാൽ രണ്ടാമത്തെ പഞ്ചസാര ഉത്പാദകരാജ്യം ഇന്ത്യയാണ്. താങ്ങുവില, സൗജന്യ വൈദ്യുതി, ജലസേചനം എന്നിങ്ങനെ സബ്സിഡികൾ കർഷകർക്ക് നൽകുന്നത്​ ലോക വ്യാപാര കരാറിന്റെ ലംഘനമായാണ്​ചൂണ്ടിക്കാണിക്കപ്പെട്ടത്​. ഇന്ത്യയിൽ അഞ്ചുകോടി പേരുടെ ഉപജീവനമാർഗമാണ് കരിമ്പുകൃഷി.

0.7 ശതമാനത്തിൽ കൂടുതൽ മത്സ്യബന്ധനത്തിൽ ഏർപ്പെടുന്ന രാജ്യങ്ങൾ സബ്സിഡി നിർത്തലാക്കണമെന്ന വികസിത രാജ്യങ്ങളുടെ ആവശ്യം നടപ്പിലായാൽ ഇന്ത്യയിലെ അതുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നവരുമായ 40 ലക്ഷം മത്സ്യത്തൊഴിലാളികളുടെ മരണമണി മുഴങ്ങും

കോവിഡ്​ വാക്​സിനും ചികിത്സയുമായി ബന്ധപ്പെട്ട വിവേചനമാണ്​ മറ്റൊന്ന്​. വാക്‌സിനുകൾ, മരുന്നുകൾ, ചികിത്സ, അനുബന്ധ സാങ്കേതികവിദ്യ എന്നിവയെക്കുറിച്ചുള്ള വ്യാപാരവുമായി ബന്ധപ്പെട്ട ബൗദ്ധിക സ്വത്തവകാശ ഉടമ്പടിയുടെ (ട്രിപ്​സ്​) പ്രധാന വ്യവസ്ഥകൾ ഒഴിവാക്കാനുള്ള നിർദേശം ദക്ഷിണാഫ്രിക്കയ്ക്കൊപ്പം ലോക വ്യാപാര സംഘടനയിൽ ഉന്നയിച്ചിരിക്കുകയാണ് ഇന്ത്യ. വികസിത രാജ്യങ്ങൾ കോവിഡ് ബൂസ്റ്റർ ഡോസുകൾ പുറത്തിറക്കുമ്പോൾ, ആഫ്രിക്കക്കാരിൽ കഷ്ടിച്ച് 26 ശതമാനം ആളുകൾ മാത്രമേ പൂർണമായി വാക്‌സിൻ എടുത്തിട്ടുള്ളൂ. ആഗോള അസമത്വത്തിന്റെ വ്യാപ്തി ഈ സ്ഥിതിവിവരക്കണക്ക് വെളിപ്പെടുത്തുന്നു. പൂർണമായും തദ്ദേശീയമായ കോവിഡ് വാക്‌സിൻ- (കോവാക്‌സിൻ) വികസിപ്പിച്ച ചുരുക്കം ചില രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. രാഷ്ട്രങ്ങൾ നിർമിച്ച ഭൂമിശാസ്ത്രപരമായ അതിർത്തികൾ തച്ചുടയുന്ന ഇക്കാലത്തും വാക്സിന്റെ കുത്തകയ്ക്കായി വൻ രാഷ്ട്രങ്ങൾ ശ്രമിച്ചാൽ ഈ സംഘടനയുടെ നിലനിൽപ്പുതന്നെ അവതാളത്തിലായേക്കാം.

വിധികൾ അമേരിക്കയ്ക്ക്​ അനുകൂലം

രണ്ടാം ലോകമഹായുദ്ധാനന്തരം നടന്ന ബ്രെട്ടൻവുഡ്സ് ഉച്ചകോടിയിൽ ജെ.എം. കെയിൻസ് എന്ന സാമ്പത്തികശാസ്ത്രജ്ഞൻ മുന്നോട്ടുവച്ച ആശയമാണ് ലോകവ്യാപാരം നിയന്ത്രിക്കുന്നതിനായുള്ള ഒരു സംവിധാനം. ലോകബാങ്ക്, അന്തരാഷ്ട്ര നാണയനിധി എന്നിവ 1945-ൽ തന്നെ നിലവിൽവന്നു. എന്നാൽ, ലോകവ്യാപാരം നിയന്ത്രിക്കുന്നതിനുള്ള സംവിധാനം 1947-ൽ മാത്രമാണ് ‘ഗാട്ട്’ എന്ന പേരിൽ നിലവിൽവന്നത്. ഗാട്ടിൽ തർക്കപരിഹാരത്തിന്​ സംവിധാനമുണ്ടായിരുന്നില്ല. 1984 മുതൽ 1994 വരെ നടന്ന ഉറുഗ്വായ്​ വട്ട ചർച്ചകളുടെ അടിസ്ഥാനത്തിലാണ് ഗാട്ടിനുപകരം ലോക വ്യാപാര സംഘടന രൂപീകരിക്കാൻ തീരുമാനിച്ചത്. ജനീവ ആസ്ഥാനമായി രൂപവത്കരിച്ച ലോകവ്യപാരസംഘടനയിൽ ഇപ്പോൾ 164 അംഗങ്ങളാണുള്ളത്. ചരക്കുവ്യാപാരങ്ങളാണ് പ്രധാനമായും ഗാട്ട് നിയന്ത്രിച്ചിരുന്നതെങ്കിൽ ലോക വ്യാപാര സംഘടന പ്രധാനമായും നിയന്ത്രിക്കുന്നത് സേവനങ്ങൾ, ബൗദ്ധിക സ്വത്തവകാശങ്ങൾ മുതലായവ ആണ്.

വികസ്വര- അവികസിത രാജ്യങ്ങളുടെ താൽപര്യങ്ങൾക്ക്​ വിരുദ്ധമായ നയങ്ങൾ അടിച്ചേൽപ്പിക്കാൻ ലോകവ്യാപാര സംഘടനയിലൂടെ നിഷ്​പ്രയാസം കഴിയുന്നുണ്ട്. സമീപകാലങ്ങളിൽ സംഘടനയിൽനിന്നുണ്ടായ തീരുമാനങ്ങളെല്ലാം ഇതിനുദാഹരണങ്ങളാണ്​.
വികസ്വര- അവികസിത രാജ്യങ്ങളുടെ താൽപര്യങ്ങൾക്ക്​ വിരുദ്ധമായ നയങ്ങൾ അടിച്ചേൽപ്പിക്കാൻ ലോകവ്യാപാര സംഘടനയിലൂടെ നിഷ്​പ്രയാസം കഴിയുന്നുണ്ട്. സമീപകാലങ്ങളിൽ സംഘടനയിൽനിന്നുണ്ടായ തീരുമാനങ്ങളെല്ലാം ഇതിനുദാഹരണങ്ങളാണ്​.

ഏഴംഗങ്ങളുള്ള തർക്കപരിഹാര വേദി, ലോക വ്യാപാര സംഘടനയെ അതിന്റെ മുൻഗാമിയായ ഗാട്ടിൽനിന്ന്​ വ്യതിരിക്തമായി നിർത്തുന്നതായിരുന്നു. തർക്കപരിഹാര വേദിയിലെ അഞ്ചുപേരെയും കൊടുക്കേണ്ടത് അമേരിക്കയാണ്. ലോകവ്യാപാര സംഘടനയുടെ കിരീടം എന്നാണ് പ്രശ്നപരിഹാര വേദി അറിയപ്പെടുന്നത്. ആ കിരീടം തച്ചുടച്ചാൽ മെച്ചം അമേരിക്കക്കാണ്​. ഇപ്പോൾ ഒരു അംഗമായി ചുരുങ്ങിയ പ്രശ്‌നപരിഹാര വേദിയുടെ അഭാവത്തിൽ അന്താരാഷ്ട്രതലത്തിലുള്ള വ്യാപാരയുദ്ധങ്ങളൂം തർക്കങ്ങളും എങ്ങനെ പരിഹരിക്കപ്പെടും എന്നറിയാതെ ഉഴലുകയാണ് അമേരിക്ക ഒഴിച്ചുള്ള അംഗരാജ്യങ്ങൾ. പ്രശ്‌നപരിഹാര വേദി മുൻമ്പാകെ 592 തർക്കങ്ങൾക്ക് നാളിതുവരെ പരിഹാരം കണ്ടിട്ടുണ്ട്.

ലോക വ്യാപാരത്തിന്റെ കേവലം രണ്ടുശതമാനമാണ് ഇന്ത്യയുടെ വിഹിതം. എന്നാൽ നാളിതുവരെ മറ്റു ലോകരാജ്യങ്ങൾ ഇന്ത്യയുമായുള്ള മുപ്പതിലധികം തർക്കങ്ങൾ വേദിക്കുമുൻപാകെ എത്തിച്ചിട്ടുണ്ട്. ഇ.യു., അമേരിക്ക, തായ്​വാൻ, ബ്രസീൽ, ജപ്പാൻ, ആഫ്രിക്ക, അർജന്റീന, തുർക്കി, ആസ്‌ട്രേലിയ, ഗ്വാട്ടിമാല തുടങ്ങിയ രാജ്യങ്ങളുമായി ഇന്ത്യക്ക്​ വ്യാപാര തർക്കങ്ങളുണ്ട്. ഇതൊക്കെ ഇനി ഏതുനിലയ്ക്ക് പരിഹരിക്കപ്പെടുമെന്നറിയാതെ വലയുകയാണ് ഇന്ത്യയുടെ വാണിജ്യ മന്ത്രാലയം. പ്രശ്‌നപരിഹാര വേദിക്കുമുൻപാകെ എത്തിയ ഭൂരിഭാഗം കേസുകളിലും അമേരിക്കയ്ക്കനുകൂലമായാണ് വിധി വന്നിട്ടുള്ളതെന്നാണ് വൈചിത്ര്യം. അടുത്തകാലത്ത്​, നെതർലാൻഡ് കമ്പനിയായ ‘എയർ ബസി’നെതിരെ, അമേരിക്കൻ ബോയിങ് കമ്പനിക്കനുകൂലമായി വന്ന വിധി എടുത്തുപറയേണ്ടതാണ്.

ബ്ലൂ ബോക്‌സ്, ഗ്രീൻ ബോക്‌സ്, ആംബർ ബോക്‌സ് എന്നിങ്ങനെ സബ്‌സിഡിയുമായി ബന്ധപ്പെട്ട നിബന്ധനകൾ വ്യാഖ്യാനിച്ച്​ വികസിത രാജ്യങ്ങൾക്കനുകൂലമാക്കി മാറ്റുന്നു എന്നൊരു ആരോപണം തുടക്കം മുതലേ ഉണ്ടായിരുന്നു

അന്തർദേശീയ കപ്പൽ ഗതാഗതം നിയന്ത്രിക്കുന്ന സംഘടന (ഐ.എം.ഒ.) പുതിയ പരിതസ്ഥിതി നിയമങ്ങൾ ചരക്കു കടത്തിനുപയോഗിക്കുന്ന കപ്പലുകളിൽ ബാധകമാക്കിയത് ഇന്ത്യക്കും വലിയ തിരിച്ചടിയായിരിക്കുകയാണ്. ആഗോള വ്യാപാരത്തിന്റെ 90 ശതമാനവും നടക്കുന്നത് കപ്പൽ വഴിയാണ്. മൊത്തം ലോക വ്യാപാരമൂല്യത്തിന്റെ 80 ശതമാനത്തിലധികം നടക്കുന്നതും കടൽമാർഗമാണ്. ലണ്ടൻ ആസ്ഥാനമായ ഐ.എം.ഒ. വികസിത രാജ്യങ്ങളിലെ കപ്പൽ കമ്പനികൾക്കുവേണ്ടി നിയമം ഉണ്ടാക്കുന്നു എന്നൊരു വാദം ഇന്ത്യ ഇതിനകം ഉന്നയിച്ചിട്ടുണ്ട്.

പ്രശ്‌നപരിഹാര വേദിക്കുമുൻപാകെ, ലോക വ്യാപാര സംഘടനയുടെ കീഴിലുള്ള ‘ബോക്‌സ് മെക്കാനിസം’ വലിയൊരു കീറാമുട്ടിയായിരിന്നു. ബ്ലൂ ബോക്‌സ്, ഗ്രീൻ ബോക്‌സ്, ആംബർ ബോക്‌സ് എന്നിങ്ങനെ സബ്‌സിഡിയുമായി ബന്ധപ്പെട്ട നിബന്ധനകൾ വ്യാഖ്യാനിച്ച്​ വികസിത രാജ്യങ്ങൾക്കനുകൂലമാക്കി മാറ്റുന്നു എന്നൊരു ആരോപണം തുടക്കം മുതലേ ഉണ്ടായിരുന്നു. ഇതിനുപുറമേ, ബൗദ്ധിക സ്വത്തവകാശ തർക്കങ്ങളും പൊതിയാത്തേങ്ങയായി തുടരുകയാണ്. കോപ്പിറൈറ്റ്, പേറ്റൻറ്, ട്രേഡ്മാർക്ക്, ട്രേഡ് സീക്രട്ട്​, ഭൗമസൂചിക, സോഫ്റ്റ്​വെയർ തുടങ്ങിയ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാൻ ട്രിപ്​സ്​ എന്നൊരു കരാറും ലോകവ്യാപാര സംഘടനയിലുണ്ട്. എന്നാൽ ഇതെല്ലാം വികസിത രാജ്യങ്ങൾക്കു വേണ്ടിയുള്ളതെന്നാണ് ഇന്ത്യ അടക്കമുള്ള വികസ്വര രാഷ്ട്രങ്ങളുടെ അനുഭവം.

photo/prasoonkiran
photo/prasoonkiran

നൈജീരിയൻ സാമ്പത്തിക ശാസ്ത്രജ്ഞയായ ഇൻഗോസി ഒകോൻജോ ഇവേലയാണ് ഡബ്ലു.ടി.ഒ. തലപ്പത്ത്. ലോകബാങ്ക് ചുമതലയിലും നൈജീരിയയുടെ ധനമന്ത്രിയായും 25 വർഷത്തെ പ്രവർത്തനപരിചയമുള്ള വ്യക്തി കൂടിയാണ് ഇൻഗോസി. 164 രാജ്യങ്ങളുടെ ഈ കൂട്ടായ്മയെ ആദ്യമായി നയിക്കുന്ന വനിതയും ആഫ്രക്കൻ വംശജയും എന്ന ബഹുമതിയും ഇൻഗോസിക്കു സ്വന്തം. യു.എസ്.-ചൈന സംഘർഷത്തെ തുടർന്ന് അന്താരാഷ്ട്ര വ്യാപാര ചർച്ചകൾ പുനരുജ്ജീവിപ്പിക്കുക, വ്യാപാരനിയമങ്ങൾ പരിഷ്‌കരിക്കുക തുടങ്ങിയ ഭാരിച്ച ഉത്തരവാദിത്വങ്ങളാണ് ഒകോൻജോയെ കാത്തിരിക്കുന്നത്. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


ഡോ. സന്തോഷ് മാത്യു

പോണ്ടിച്ചേരി സെൻട്രൽ യൂണിവേഴ്​സിറ്റിയിലെ സെൻറർ ഫോർ സൗത്ത്​ ഏഷ്യൻ സ്​റ്റഡിയിൽ അസിസ്​റ്റൻറ്​ പ്രൊഫസർ.

Comments