കത്തിക്കാനുള്ളത് തൊട്ടാൽ കൈ പൊള്ളും. പറഞ്ഞ് വരുന്നത് ഇന്ധന വിലവർധനവിന്റെ കാര്യമാണ്. മണ്ണെണ്ണയ്ക്കും പെട്രോളിനും ഡീസലിനുമെല്ലാം ദിവസേന വിലകൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഗാർഹിക, ഗതാഗത മേഖലയിലുൾപ്പെടെ സംഭവിച്ചു കൊണ്ടിരിക്കുന്ന പ്രതിസന്ധികളെക്കുറിച്ച് ചർച്ച ചെയ്യാറുണ്ടെങ്കിലും അടിക്കടിയുണ്ടാകുന്ന ഈ വിലവർധനവ് കേരളത്തിന്റെ മത്സ്യബന്ധന മേഖലയെ എങ്ങനെ ബാധിക്കുന്നു എന്നത് പലപ്പോഴും നമ്മുടെ ചർച്ചകൾക്കകത്ത് വരാറില്ല. ഉപജീവനമാർഗമെന്ന നിലയിൽ മത്സ്യബന്ധനത്തെ മാത്രം ആശ്രയിക്കുന്നവരാണ് തീരദേശ മേഖലയിലെ ഭൂരിപക്ഷവും.
മത്സ്യബന്ധന ബോട്ടുകളുടെയും വള്ളങ്ങളുടെയും വലുപ്പത്തിനും സ്വഭാവത്തിനുമനുസരിച്ച് അവയുടെ പ്രവർത്തനത്തിന് കുറഞ്ഞതും കൂടിയതുമായ അളവിൽ ഡീസലും, പെട്രോളും, മണ്ണെണ്ണയുമെല്ലാം അത്യാവശ്യമാണ്
നിയന്ത്രണമില്ലാതെ കുതിക്കുന്ന ഇന്ധന വില മത്സ്യതൊഴിലാളികളെ കുറച്ചൊന്നുമല്ല വലയ്ക്കുന്നത്. ഡീസലിനും പെട്രോളിനും മുകളിൽ മണ്ണെണ്ണയ്ക്ക് വില കയറുന്നത് പരമ്പരാഗത മത്സ്യബന്ധന രീതി പിന്തുടരുന്ന ചെറുവള്ളക്കാരെയാണ് പ്രധാനമായും ദുരിതത്തിലാക്കുന്നത്.
ഒരു വള്ളത്തിന് ഒരു തവണ കടലിൽ പോയി വരാനുള്ള സാമ്പത്തിക ചിലവു പോലും ഇവർക്കിപ്പോൾ താങ്ങാനാവുന്നില്ല. താങ്ങാവുന്നതിലേറെ മുടക്കി മീൻപിടുത്തത്തിനിറങ്ങിയാലും മത്സ്യസമ്പത്തിന്റെ ലഭ്യത കുറവ് മുടക്കുമുതൽ പോലും തിരിച്ചു പിടിക്കാനാകാത്ത അവസ്ഥയിലേക്കാണ് മത്സ്യബന്ധന തൊഴിലാളികളെ കൊണ്ടെത്തിക്കുന്നത്.
ഡീസലിനും പെട്രോളിനും മണ്ണെണ്ണയ്ക്കും പുറമെ പാചക വാതക സിലിണ്ടറിന് വിലകയറിയതും കടലിൽ പോകുന്നവരെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്
ഷെയറിട്ടും കടം പറഞ്ഞു വാങ്ങുന്ന വള്ളങ്ങളിൽ ഇന്ധനം നിറക്കാൻ വീണ്ടും കടം വാങ്ങേണ്ട അവസ്ഥയാണ്. സപ്ലെക്കോ വഴി വിതരണം ചെയ്യുന്ന മണ്ണെണ്ണയുടെ വിലയിലും കാര്യമായ വർധനവ് സംഭവിച്ചിട്ടുണ്ട്. കുറഞ്ഞ തോതിലുള്ള സഹായങ്ങൾ മാത്രമാണ് മത്സ്യഫെഡിൽ നിന്നും ലഭ്യമാകുന്നത്.
വില വർധനവ് മാത്രമല്ല മണ്ണെണ്ണയുടെ ഗുണനിലവാരത്തകർച്ചയും കരിഞ്ചന്തക്കാരുടെ ഇടപെടലും സാധാരണക്കാരായ മത്‌സ്യതൊഴിലാളികളെ കൂടുതൽ സമ്മർദ്ദത്തിലേക്ക് തള്ളിവിടുകയാണ്.
മത്സ്യബന്ധന മേഖലയിലെ ഇത്തരം പ്രശ്നങ്ങളെല്ലാം തന്നെ വലനെയ്ത്ത്, മീൻ വിൽപന പോലുള്ള അനുബന്ധ തൊഴിലുകളെയും തൊഴിലാളികളെയും സാരമായി ബാധിച്ചിട്ടുണ്ട്.
സ്ഥിതി ഈ നിലയിൽ തുടർന്നാൽ നഷ്ടത്തിന്റെ ചാകര വന്ന് മൂടിയ തീരദേശം കടലിലിറങ്ങാത്ത വള്ളങ്ങളുടെ ശവപ്പറമ്പാക്കാൻ ഇനി അധികനാൾ വേണ്ടി വരില്ല.