2021 മാർച്ച് ഒന്നിന് നൈജീരിയൻ വംശജയായ ഗോസി ഒകോഞ്ചോ ഇവിയേല ലോക വ്യാപാര സംഘടനയുടെ (World Trade Organization) ഡയറക്ടർ ജനറലായി ചുമതലയേറ്റെടുത്തത് മഞ്ഞുകൊണ്ട് നിർമിച്ച മത്സ്യക്കൂട്ടങ്ങളുടെ ശില്പത്തിന് മുന്നിൽവെച്ചാണ്. ലോക വ്യാപാര സംഘടനയുടെ ആസ്ഥാനത്ത് സ്ഥാപിച്ച ഈ ശിൽപത്തിന്റെ പേര് "ഉരുകിത്തീരുന്ന മത്സ്യങ്ങൾ' എന്നാണ്. 2022 ജൂൺ 12-ന് ലോക വ്യാപാര സംഘടനയുടെ 12-ാമത് മന്ത്രിതല സമ്മേളനം സ്വിറ്റ്‌സർലൻഡിലെ ജനീവയിൽ ആരംഭിക്കുമ്പോഴേക്കും ഈ മത്സ്യങ്ങൾ ഉരുകിത്തീരുമോ എന്നാണ് ലോകം ആശങ്കയോടെ നോക്കുന്നത്.
അനുദിനം ചൂഷണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന മത്സ്യമേഖല ലോകത്താകെ കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിന്റെ സൂചകമായാണ് "ഉരുകിത്തീരുന്ന മത്സ്യങ്ങൾ' ശിൽപം സ്ഥാപിക്കപ്പെട്ടത്. ലോകമെമ്പാടും മത്സ്യബന്ധനമേഖല അമിത ചൂഷണത്തിന്റെ ഫലമായി ഗുരുതരമായ പ്രതിസന്ധി നേരിടുകയാണ്. അമിത ചൂഷണത്തിന് വിധേയമായ മത്സ്യങ്ങൾ 1947-ൽ 10 ശതമാനമായിരുന്നത് 2021-ൽ 35 ശതമാനമായാണ് വർധിച്ചത്. ഇതേരീതിയിൽ വ്യാവസായിക മത്സ്യബന്ധനം തുടരുകയാണെങ്കിൽ 2048-നകം ഭക്ഷ്യയോഗ്യമായ മുഴുവൻ മത്സ്യങ്ങളും ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമാകുമെന്നാണ് ആറ് രാജ്യങ്ങളിലെ 14 ഗവേഷകർ ചേർന്ന് നേച്ചർ മാഗസിനിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിൽ പറയുന്നത്.
മത്സ്യബന്ധനത്തിലെ നെഗറ്റീവ് സബ്‌സിഡി
ലോകത്തെ പ്രധാനപ്പെട്ട 15 ഫിഷിങ് ഗ്രൗണ്ടുകളിൽ പതിമൂന്നും അമിത ചൂഷണത്തിന് വിധേയമാണെന്നാണ് പഠനങ്ങളിൽ കണ്ടെത്തിയിട്ടുള്ളത്. കുറഞ്ഞ അളവിലെങ്കിലും മത്സ്യ സമ്പത്ത് അവശേഷിക്കുന്നത് ബംഗാൾ ഉൾക്കടലിലും അറബിക്കടലിലുമാണെന്നും വിലയിരുത്തപ്പെടുന്നു. അമിത മത്സ്യബന്ധനം മൂലം ഏറ്റവും കൂടുതൽ തകർച്ച നേരിടുന്നത് ആർട്ടിക് സമുദ്രമാണ്. കിഴക്കൻ ആഫ്രിക്കൻ തീരം, കോറൽ ട്രയാംഗിൾ (ഇന്തോനേഷ്യ, ഫിലിപ്പൈൻസ്, മലേഷ്യ, പാപ്പുവ ന്യൂഗിനിയ, സോളമൻ ഐലൻഡ്) എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ഗൾഫ് ഓഫ് കാലിഫോർണിയ, യൂറോപ്പിനും ആഫ്രിക്കയ്ക്കുമിടയിലെ മെഡിറ്ററേനിയൻ പവിഴപ്പുറ്റുകൾ, തെക്കൻ ചിലി കടൽ, ഗാലപഗോസ് (ഇക്വഡോർ) എന്നീ സുദ്രഭാഗങ്ങളിലും മത്സ്യ സമ്പത്ത് വൻതോതിൽ ചൂഷണം ചെയ്യപ്പെടുകയാണ്.
കേരളതീരത്ത് മത്തിയുടെ അളവ് കുറയുമ്പോൾ ആഴക്കടലിൽ പോയാണ് ചെറുകിട ബോട്ടുകൾ മത്സ്യബന്ധനം നടത്തിയിരുന്നത്. എന്നാൽ ഇപ്പോൾ ഇന്ധന വില അനിയന്ത്രിതമായി വർധിക്കുന്നതുകാരണം പുറംകടലിൽ പോകുന്നത് തൊഴിലാളികൾക്ക് നഷ്ടമാണ്.
വലിയ നഷ്ടക്കച്ചവടമായി മാറിയ മത്സ്യബന്ധനം വൻതുക സബ്‌സിഡി നൽകിയാണ് വികസിത രാഷ്ട്രങ്ങൾ നിലനിർത്തുന്നത്. വികസിത രാജ്യങ്ങൾ 34.5 ബില്യൺ ഡോളറാണ് മത്സ്യമേഖലയ്ക്ക് സബ്‌സിഡിയായി നൽകുന്നത്. ഇതിൽ 7.2 ബില്യൺ ഡോളറും (ഏകദേശം 56,000 കോടി രൂപ) ഇന്ധന സബ്‌സിഡിയാണ്. മത്സ്യബന്ധന കപ്പലുകളുടെ നിർമാണം, തുറമുഖങ്ങളുടെ പശ്ചാത്തല സൗകര്യങ്ങൾ എന്നിവയ്ക്കാണ് ബാക്കി തുക. ചൈന, അമേരിക്ക, യൂറോപ്യൻ യൂണിയൻ, ജപ്പാൻ, കൊറിയ എന്നീ രാജ്യങ്ങളാണ് സബ്‌സിഡി നൽകുന്ന പ്രധാന രാജ്യങ്ങൾ. ലോക ഭക്ഷ്യ കാർഷിക സംഘനയുടെ കണക്കുപ്രകാരം നശീകരണ മത്സ്യബന്ധനത്തിന് വർഷംതോറും 22 ബില്യൺ ഡോളറാണ് ധനസഹായം നൽകുന്നത്. ഇത്തരം ധനസഹായങ്ങളെ "നെഗറ്റീവ് സബ്‌സിഡി' അഥവാ ഹാംഫുൾ സബ്‌സിഡി എന്ന പട്ടികയിലാണ് ലോക വ്യാപാര സംഘടന പെടുത്തിയിരിക്കുന്നത്.
മരുഭൂമികളാകുന്ന കടലുകൾ
അമിത മത്സ്യബന്ധനം ഇനിയും തുടരുകയാണെങ്കിൽ ലോകത്തെ പല പ്രധാന മത്സ്യബന്ധന കേന്ദ്രങ്ങളും മത്സ്യങ്ങളില്ലാത്ത അവസ്ഥയിലേക്കെത്തും. "കടലിലെ മരുഭൂമികൾ' എന്നു വിളിക്കുന്ന അവസ്ഥയിലേക്കാണ് സുപ്രധാന മത്സ്യബന്ധന കേന്ദ്രങ്ങളായ മെഡിറ്ററേനിയൻ കടൽ, നോർത്ത് സീ, കിഴക്കൻ ചൈന കടൽ എന്നിവ നീങ്ങുന്നതെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. യൂറോപ്പിലെ കടലുകളിലുള്ള 136 ഇനം (സ്റ്റോക്ക്) മത്സ്യങ്ങളിൽ എട്ട് ശതമാനം മാത്രമെ 2023-ൽ അവശേഷിക്കൂ എന്നാണ് യൂറോപ്യൻ യൂണിയനിലെ ഫിഷറീസ് കമ്മീഷണറായിരുന്ന മരിയ ദെമനാക്കി മുന്നറിയിപ്പ് നൽകുന്നത്. യൂറോപ്യൻ വിപണിയിലെ പ്രധാന മത്സ്യങ്ങളായ പാറ്റഗോണിയൻ ടൂത്ത് ഫിഷ്, ഹാലിബട്ട്, ബ്ലൂലിംഗ്, അറ്റ്‌ലാന്റിക് സ്റ്റർജിയൺ, സേബിൾ ഫിഷ്, ബ്ലൂവിറ്റിംഗ് തുടങ്ങിയ മത്സ്യ ഇനങ്ങൾ ഭീകരമായ തകർച്ചയാണ് നേരിടുന്നത്. ദക്ഷിണാഫ്രിക്കൻ തീരമേഖലയിലെ 50 ശതമാനം മത്സ്യങ്ങളും വ്യാവസായിക മത്സ്യബന്ധനത്തെ തുടർന്ന് ഇപ്പോൾ തന്നെ അമിത ചൂഷണം നേരിടുകയാണ്.
ഏറ്റവും രൂക്ഷമായി ചൂഷണം നേരിടുന്നത് അഞ്ച് ഇനം ചൂരകളാണ്, ചൈനയിലും ജപ്പാനിലുമുള്ള അബലോൺ, അറ്റ്‌ലാന്റിക്കിലെയും പസഫിക്കിലെയും കോഡു മത്സ്യങ്ങൾ, അറ്റ്‌ലാന്റിക് ഹാട്രിബട്ട്, കരീബിയൻ കടലിലെ സ്‌പൈനിലോബ്‌സ്റ്റർ, മധ്യ-തെക്കെ അമേരിക്കയിൽ കാണപ്പെടുന്ന മഹിമഹി, ഓറത്ത് റഫി, അറ്റ്‌ലാന്റിക് മത്തി, 70 ഇനം സ്രാവുകൾ, റോക് ഫിഷ്, ഏഷ്യയിലെ കണവകൾ എന്നിവയെല്ലാം അമിത ചൂഷണത്തിന് വിധേയമാകുന്നവയാണ്.
ശാസ്ത്ര സാങ്കേതികവിദ്യയുടെ അമിതപ്രയോഗമാണ് വ്യാവസായിക മത്സ്യബന്ധനം വിനാശകരമാകാൻ കാരണം. ഇതിന്റെ ഫലമായിട്ടാണ് മത്സ്യ സമ്പത്ത് അതിവേഗം ഇല്ലാതായിക്കൊണ്ടിരിക്കുന്നത്. ടൺ കണക്കിന് മത്സ്യം പിടിച്ച് സൂക്ഷിക്കാനാവുന്ന ഭീമൻ കപ്പലുകളാണ് വ്യാവസായികാടിസ്ഥാനത്തിൽ മത്സ്യബന്ധനം നടത്താൻ പല വികസിത രാജ്യങ്ങളും ഉപയോഗിക്കുന്നത്. 14,000 ടൺ കേവുഭാരവും 140 മീറ്റർ നീളവുമുള്ള അറ്റ്‌ലാന്റിക് ഡോൺ, ലോകത്തെ ഏറ്റവും വലിയ മത്സ്യബന്ധന കപ്പലായ റഷ്യയുടെ ലഫായത് തുടങ്ങിയ കപ്പലുകളെ തങ്ങളുടെ അതിർത്തിയിൽ പ്രവേശിപ്പിക്കാൻ ലോകത്ത് ഒരു രാജ്യവും തയ്യാറല്ല. ഇത്തരം കപ്പലുകൾ രാജ്യാതിർത്തിയിൽ കടന്നുകഴിഞ്ഞാൽ മത്സ്യ സമ്പത്ത് മൊത്തമായി ഊറ്റിയെടുക്കുമെന്നതുകൊണ്ടാണ് അവയെ രാജ്യങ്ങൾ അകറ്റിനിർത്തുന്നത്. ബ്രിട്ടന്റെ കൊർണേലിയസ് ഡ്രോലിക്, വെറോനിക്ക തുടങ്ങിയ കപ്പലുകൾക്ക് പ്രതിദിനം 2000 ടൺ മത്സ്യം പിടിച്ചു സൂക്ഷിക്കാനാവും. യൂറോപ്പിന്റെ സമുദ്രമേഖലയിലാകെ സഞ്ചരിച്ച് മത്സ്യബന്ധനം നടത്തി കപ്പലിൽ വെച്ചുതന്നെ സംസ്‌കരിക്കുന്ന 39 ഫാക്ടറി വെസലുകളുമുണ്ട്. സ്വന്തം കടലുകൾ ശൂന്യമാകുമ്പോൾ മറ്റു രാജ്യങ്ങളിലും ഭൂഖണ്ഡങ്ങളിലും കടന്നുകയറി മത്സ്യബന്ധനം നടത്തുന്നത് ഇവയുടെ പതിവാണ്. ഗ്രീൻലാൻഡ് ഹാലിബട്ടിന്റെ തകർച്ചയെ തുടർന്ന് കാനഡ അവിടെ മത്സ്യബന്ധനം നിരോധിച്ചിരുന്നു. ഈ സമയത്ത് സ്‌പെയിനിന്റെ എസ്തായി എന്ന കപ്പൽ അവിടെ അതിക്രമിച്ച് കയറി മത്സ്യബന്ധനം നടത്തുകയും കാനഡ ഗൺബോട്ടുകൾ ഉപയോഗിച്ച് അത് പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ആഗോളതലത്തിൽ തന്നെ വിവാദമാകുകയും വലിയ ചർച്ചകൾക്ക് വഴിവെക്കുകയും ചെയ്ത സംഭവമാണിത്.
ലാറ്റിനമേരിക്കൻ രാജ്യമായ പെറു ലോകത്ത് ഏറ്റവും കൂടുതൽ മത്സ്യം ലഭിച്ചിരുന്ന രാജ്യമായിരുന്നു അടുത്ത കാലം വരെ. നെത്തോലി (കൊഴുവ)യാണ് ഇവിടത്തെ പ്രധാന മത്സ്യ ഇനം. 1971-ൽ 1.02 കോടി ടൺ നെത്തോലിയാണ് പെറുവിൽ കിട്ടിയത്. 1976-ൽ അത് 40 ലക്ഷം ടൺ ആയി കുറഞ്ഞു. വിവിധ രാജ്യങ്ങളിലെ കൂറ്റൻ യാനങ്ങൾ മത്സ്യ സമ്പത്ത് വാരിയെടുക്കാൻ എത്തിയതിനൊപ്പം എൻ നിനോ പ്രതിഭാസവും മത്സ്യ തകർച്ചയ്ക്ക് കാരണമായതായി ശാസ്ത്രലോകം ചൂണ്ടിക്കാട്ടുന്നു.
ന്യൂഫൗണ്ട്‌ലാൻഡിന്റെയും കാനഡയുടെയും തീരത്ത് കോഡ് മത്സ്യത്തിന്റെ അളവ് കുറഞ്ഞതിനെ തുടർന്ന് 1991-92 കാലത്ത് കോഡ് മത്സ്യത്തെ പിടിക്കുന്നത് കാനഡ നിരോധിച്ചിരുന്നു. 30 വർഷം കഴിഞ്ഞിട്ടും കോഡ് മത്സ്യത്തിന്റെ പുനരുത്പാദനം സാധ്യമായിട്ടില്ല. യൂറോപ്പിലെ ഗ്രേറ്റ് ലേക്കിൽ ബ്ലൂവാൾ ഐ എന്ന മത്സ്യം 1950 വരെ പ്രതിവർഷം അഞ്ച് ലക്ഷം ടണ്ണോളം ഉത്പാദിപ്പിക്കപ്പെട്ടിരുന്നു. എന്നാൽ ഈ ഇനം 1980 ഓടെ അപ്രത്യക്ഷമായി. ഇംഗ്ലീഷ് ചാനലിന്റെ പരിസരത്ത് കാണപ്പെടുന്ന ഒരു ഇനം നങ്ക് (സോൾ) ഇന്ന് നാശം നേരിടുകയാണ്.
2014-2015 വർഷത്തിൽ മാത്രം മത്തിയുടെ ലഭ്യതക്കുറവ് കാരണം 146 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്ക്. ഒരു വർഷത്തിനിടയിൽ തൊഴിൽദിനങ്ങളിൽ 28.2 ശതമാനവും വരുമാനത്തിൽ 45.8 ശതമാനവും കുറവുണ്ടായിട്ടുണ്ട്.
ചിലിയുടെ തീരത്തുനിന്ന് ദിനംപ്രതി 400 ടൺ വീതം കിട്ടിയിരുന്ന ഒരിനം വങ്കട (ജാക്മാക്കറൽ) അമിത മത്സ്യബന്ധത്തിന്റെ ഫലമായി 1990കളിൽ ഇല്ലാതായി. ചിലിയുടെ തീരത്തു തന്നെയുണ്ടായിരുന്ന കാളാഞ്ചി (സീബാസ്സ്) അമിത ചൂഷണം കാരണം അപ്രത്യക്ഷമായി.
ജർമനിയുടെ തീരത്ത് കാണപ്പെട്ടിരുന്ന ഹാഡക് മത്സ്യം അമിത ചൂഷണത്തെ തുടർന്ന് അപ്രത്യക്ഷമായിരുന്നു. ഫലപ്രദമായ നിയന്ത്രണങ്ങളുടെ ഫലമായി അവ തിരിച്ചുവരുന്നതായുള്ള റിപ്പോർട്ടുകൾ വരുന്നുണ്ട്.
അറ്റ്‌ലാന്റ്‌റിക് സമുദ്രത്തിലെ ബ്ലൂഫിൻ ട്യൂണ 2023 ഓടെ പൂർണമായും നശിക്കുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. അറ്റ്‌ലാന്റിക്കിലെ അയല, കാലിഫോർണിയയിലെ ചാള, അലാസ്‌കയിലെ പൊള്ളോക്ക്, സ്‌കാൻഡിനേവിയൻ രാജ്യങ്ങളിലെ ഹെറിംഗ് തുടങ്ങിയ മത്സ്യ ഇനങ്ങൾ കഴിഞ്ഞ ദശകങ്ങളിൽ വലിയ വിനാശം നേരിട്ടവയാണ്.
മത്തിയില്ലാതെ കേരള തീരം
കേരളത്തിലെ മത്സ്യ ഉത്പാദനം 2012-ൽ 8.39 ലക്ഷം ടൺ ആയിരുന്നത് ഇപ്പോൾ 3.6 ലക്ഷം ടണ്ണായി കുറഞ്ഞിരിക്കുകയാണെന്നാണ് സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (CMFRI) കണ്ടെത്തിയത്. മത്തിയുടെയും അയലയുടെയും ലഭ്യതയാണ് ഏറ്റവുമധികം കുറഞ്ഞത്. 2012-ൽ മത്തിയുടെ ലഭ്യത 3.9 ലക്ഷം ടണ്ണായിരുന്നു. 2013-ൽ അത് 2.46 ലക്ഷം ടണ്ണായി കുറഞ്ഞു. 2014-ൽ 1.5 ലക്ഷം ടണ്ണായും 2015-ൽ 68431 ടണ്ണായും കുറഞ്ഞു. 2016-ൽ വീണ്ടും കുറഞ്ഞ് 45958 ടണ്ണായി. ഇതേസമയത്ത് ആകെ മത്സ്യലഭ്യത 5.2 ലക്ഷം ടണ്ണായിരുന്നു. 2017-ൽ മത്സ്യലഭ്യതയിൽ നേരിയ വർധനയുണ്ടായി. 1.27 ലക്ഷം ടൺ മത്തി ലഭിച്ചപ്പോൾ 5.85 ലക്ഷം ടണ്ണായിരുന്നു ആകെ മത്സ്യലഭ്യത. എന്നാൽ 2018 മുതൽ വീണ്ടും മത്സ്യ സമ്പത്ത് കുറയുകയായിരുന്നു. 2018-ൽ 77093 ടൺ മത്തിയാണ് കേരള തീരത്തുനിന്ന് കിട്ടിയത്. ആകെ കിട്ടിയത് 6.43 ലക്ഷം ടൺ മത്സ്യവും. 2019-ൽ മത്തിയുടെ അളവ് 44320 ടണ്ണായും ആകെ മത്സ്യത്തിന്റെ അളവ് 5.44 ലക്ഷം ടണ്ണായും കുറഞ്ഞുയ 2020-ൽ 13154 ടൺ മത്തി മാത്രമാണ് കേരള തീരത്തുനിന്ന് പിടിച്ചത്. ആകെ മത്സ്യ ലഭ്യത 3.6 ലക്ഷം ടൺ.
കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി കേരളതീരം അമിതമായി ചൂടാകുന്നതാണ് മത്സ്യസമ്പത്ത് കുറയാനുള്ള കാരണം. കേരളതീരത്തെ അമിതമായ ചൂട് കാരണം മത്തി ശ്രീലങ്കൻ, തമിഴ്‌നാട് തീരങ്ങളിലേക്ക് നീങ്ങുകയാണ്. താപനില 29 ഡിഗ്രിയിൽ കൂടുതലായാൽ മത്തിക്ക് പിടിച്ചുനിൽക്കാനാകില്ല. കേരളത്തിലെ തീരക്കടലിലെ ശരാശരി താപനില 32 ഡിഗ്രിയാണ്.
മത്തിയുടെ ഉത്പാദനത്തിലുണ്ടായ കുറവ് കേരളത്തിലെ മത്സ്യമേഖലയിൽ വലിയ തകർച്ചയാണുണ്ടാക്കിയത്. കേരളത്തിൽ ഒന്നരലക്ഷത്തോളം മത്സ്യത്തൊഴിലാളികളാണ് കടലിൽ പോകുന്നത്. ഇതിൽ 1,10,000 പേരും മത്തിയെ കേന്ദ്രീകരിച്ച് ഉപജീവനം നടത്തുന്നവരാണ്. 2014-2015 വർഷത്തിൽ മാത്രം മത്തിയുടെ ലഭ്യതക്കുറവ് കാരണം 146 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്ക്. ഒരു വർഷത്തിനിടയിൽ തൊഴിൽദിനങ്ങളിൽ 28.2 ശതമാനവും വരുമാനത്തിൽ 45.8 ശതമാനവും കുറവുണ്ടായിട്ടുണ്ട്.
കേരളത്തിൽ 1942, 1964, 1994 വർഷങ്ങലിലും മത്തി തകർച്ച നേരിട്ടിരുന്നു. 1942-ലെ തകർച്ചയെ തുടർന്ന് ബ്രിട്ടീഷ് സർക്കാർ മത്തി പിടിത്തം നിരോധിച്ചിരുന്നു. പിന്നീട് 1952 ഓടെയാണ് ഉത്പാദനം പൂർവസ്ഥിതിയിലായത്. മത്തിയുടെ പുനരുത്പാദനത്തിന് ആറുമുതൽ എട്ടുവർഷം വരെ വേണ്ടിവരും.
ജനുവരിയിൽ മത്സ്യത്തൊഴിലാളികൾക്കുള്ള റേഷൻ മണ്ണെണ്ണയുടെ വില ലിറ്ററിന് 62.5 രൂപയായിരുന്നു. ഇപ്പോൾ 84 രൂപയായി. തമിഴ്‌നാട്ടിൽ 16-20 രൂപ നിരക്കിലാണ് സർക്കാർ മത്സ്യത്തൊഴിലാളികൾക്ക് മണ്ണെണ്ണ നൽകുന്നത്.
കേരളത്തെ വലച്ച് ഇന്ധന വിലയും
മത്സ്യ ലഭ്യതക്കുറവിനൊപ്പം ഇന്ധന വില വർധനയും കേരളത്തിലെ മത്സ്യമേഖലയെ പ്രതിസന്ധിയിലാക്കുന്നു. കേരളതീരത്ത് മത്തിയുടെ അളവ് കുറയുമ്പോൾ ആഴക്കടലിൽ പോയാണ് ചെറുകിട ബോട്ടുകൾ മത്സ്യബന്ധനം നടത്തിയിരുന്നത്. എന്നാൽ ഇപ്പോൾ ഇന്ധന വില അനിയന്ത്രിതമായി വർധിക്കുന്നതുകാരണം പുറംകടലിൽ പോകുന്നത് തൊഴിലാളികൾക്ക് നഷ്ടമാണ്. നാഗപട്ടണം, കടലൂർ, രാമേശ്വരം ഭാഗങ്ങളിൽ പോയി മത്തി പിടിച്ചിരുന്ന ഇൻബോർഡ് വള്ളങ്ങൾ ഇപ്പോൾ തീരത്ത് പിടിച്ചിട്ടിരിക്കുകയാണ്. ജനുവരിയിൽ മത്സ്യത്തൊഴിലാളികൾക്കുള്ള റേഷൻ മണ്ണെണ്ണയുടെ വില ലിറ്ററിന് 62.5 രൂപയായിരുന്നു. ഇപ്പോൾ 84 രൂപയായി. തമിഴ്‌നാട്ടിൽ 16-20 രൂപ നിരക്കിലാണ് സർക്കാർ മത്സ്യത്തൊഴിലാളികൾക്ക് മണ്ണെണ്ണ നൽകുന്നത്. മത്സ്യത്തൊഴിലാളികൾക്ക് 25 രൂപയ്ക്ക് മണ്ണെണ്ണ നൽകുമെന്നായിരുന്നു 2021-ലെ ബജറ്റിൽ കേരള സർക്കാർ പ്രഖ്യാപിച്ചിരുന്നത്.
20 വർഷം മുമ്പ് കേരളത്തിന് കേന്ദ്രവിഹിതമായി 28,000 കിലോ ലിറ്റർ മണ്ണെണ്ണയാണ് ലഭിച്ചിരുന്നത്. ഇപ്പോൾ മൂന്നുമാസത്തേക്കുള്ള വിഹിതമായി 2000 കിലോ ലിറ്റർ മണ്ണെണ്ണയാണ് കഴിഞ്ഞ ഏപ്രിലിൽ കിട്ടിയത്. കേരളത്തിൽ 14322 മണ്ണെണ്ണ എൻജിനുകൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് സർക്കാരിന്റെ കണക്ക്. ഒരു എൻജിന് ഒരുവർഷം 2000 ലിറ്റർ മണ്ണെണ്ണ വേണം. എന്നാൽ ഇപ്പോൾ ലഭിക്കുന്നത് 129 ലിറ്റർ മാത്രമാണെന്ന് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി പ്രസിഡന്റ് ചാൾസ് ജോർജ് പറഞ്ഞു. വർഷത്തിൽ 120 ദിവസം തൊഴിലുണ്ടായിരുന്ന തൊഴിലാളികൾക്ക് ഇപ്പോൾ 35-40 ദിവസം മാത്രമാണ് കിട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.
കടലിലെ മരണഭിത്തി
മത്സ്യബന്ധനരീതികളാണ് പലപ്പോഴും മത്സ്യങ്ങളെ അപകടത്തിലാക്കുന്നതെന്ന് പറയാറുണ്ട്. 12 ജംബോ ജെറ്റുകൾക്ക് ഒന്നിച്ച് കയറാവുന്ന അത്രയും വലിപ്പമുള്ള ട്രോൾ വലകളാണ് യൂറോപ്പിലെ ചില കൂറ്റൻ യാനങ്ങൾ മീൻപിടിത്തത്തിന് ഉപയോഗിക്കുന്നത്. നമ്മുടെ നാട്ടിലെ ഗിൽനെറ്റ് വല പോലെയുള്ള ഒരു വല ജപ്പാനിൽ ഉപയോഗിക്കുന്നുണ്ട്. ഡ്രിഫ്റ്റ് നെറ്റ് എന്നറിയപ്പെടുന്ന ഇത്തരം വലകളെ "മരണത്തിന്റെ ഭിത്തി' എന്നാണ് വിളിക്കുന്നത്. 50 മുതൽ 60 കിലോമീറ്റർ വരെ നീളമുള്ള ഈ വലകളിൽ കുടുങ്ങി ആയിരക്കണക്കിന് കടലാമകൾക്കും സസ്തനികൾക്കും ഡോൾഫിനുകൾക്കും തിമിംഗലങ്ങൾക്കും ജീവൻ നഷ്ടപ്പെടാറുണ്ട്.
മത്സ്യസമ്പത്ത് കുറഞ്ഞുകൊണ്ടിരിക്കുകയാണെങ്കിലും മത്സ്യ ഉപഭോഗം കുതിച്ചുകയറുകയാണ്. 2002-ൽ ആഗോള മത്സ്യ ഉപഭോഗം 47 ദശലക്ഷം ടണ്ണായിരുന്നു. 2015-2022-ൽ 179 ദശലക്ഷം ടണ്ണായി ഉയർന്നു.
ട്യൂണയെ പിടിക്കാൻ ഉപയോഗിക്കുന്നത് 100 മുതൽ 120 കിലോമീറ്റർ വരെ നീളമുള്ള ലോങ് ലൈനർ വലകളാണ്. ലോകത്തെ ഏറ്റവും നീളമുള്ള ചിറകുള്ള പക്ഷികളായ ആൽബട്രോസ് പക്ഷികളടക്കം ഈ വലയിൽ കുടുങ്ങി മരണമടയുന്നു. ഇതുവരെ 44,000 ആൽബട്രോസ് പക്ഷികൾ ഇത്തരം വലകളിൽ കുടുങ്ങി മരിച്ചിട്ടുണ്ട്. മരണക്കുരുക്കാകുന്ന കൂറ്റൻ വലകളുപയോഗിച്ചുള്ള വ്യാവസായിക മത്സ്യബന്ധനം മത്സ്യങ്ങൾക്ക് മാത്രമല്ല ഭീഷണിയാകുന്നത്. സമുദ്രത്തിലെ മറ്റു ജീവികളെയും നശിപ്പിക്കുന്ന വ്യാവസായിക മത്സ്യബന്ധനം പാരിസ്ഥിതിക സന്തുലനം തന്നെ തകരാറിലാക്കുന്നു.
പ്രതിവർഷം പിടിക്കുന്ന 80-85 ദശലക്ഷം ടൺ മത്സ്യങ്ങളിൽ 25-30 ദശലക്ഷം ടൺ മത്സ്യങ്ങളെ വൻകിട യാനങ്ങൾ പുറത്തെറിഞ്ഞ് കളയുന്നുണ്ട്. ഇവയെ ഡിസ്‌കാർഡ്‌സ് എന്നാണ് വിളിക്കുന്നത്. വലിയ മത്സ്യങ്ങളെ അമിതമായി പിടിക്കുന്നതിന്റെ ഫലമായി അവയുടെ ഇര മത്സ്യങ്ങളും ജെല്ലി മത്സ്യങ്ങളും രോഗവാഹികളായ ജീവികളും സമുദ്രങ്ങളിൽ പെരുകുന്ന സ്ഥിതിയുമുണ്ടാകുന്നുണ്ട്.
മത്സ്യസമ്പത്ത് കുറഞ്ഞുകൊണ്ടിരിക്കുകയാണെങ്കിലും മത്സ്യ ഉപഭോഗം കുതിച്ചുകയറുകയാണ്. 2002-ൽ ആഗോള മത്സ്യ ഉപഭോഗം 47 ദശലക്ഷം ടണ്ണായിരുന്നു. 2015-2022-ൽ 179 ദശലക്ഷം ടണ്ണായി ഉയർന്നു. വ്യാവസായിക മത്സ്യബന്ധനം സൃഷ്ടിക്കുന്ന പ്രതിസന്ധികൾ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ടെങ്കിലും വികസിത രാഷ്ട്രങ്ങൾ അത് ഗൗനിക്കുന്നേയില്ലെന്നാണ് അവരുടെ പ്രവൃത്തികൾ വ്യക്തമാക്കുന്നത്. അവശേഷിക്കുന്ന മത്സ്യസമ്പത്ത് കൂടി ചൂഷണം ചെയ്യാനുള്ള ശ്രമങ്ങൾ തന്നെയാണ് അവർ നടത്തുന്നത്. മത്സ്യബന്ധനത്തിന് പുതിയ രീതികൾ അവലംബിക്കുന്നതൊക്കെ ഇതിന്റെ ഭാഗമാണ്. അക്വാകൾച്ചറിലൂടെ മത്സ്യ ഉത്പാദനം കൂട്ടാനുള്ള ശ്രമങ്ങളും വൻകിട രാഷ്ട്രങ്ങൾ നടത്തുന്നുണ്ട്. എന്നാൽ ഇത് പ്രശ്‌നങ്ങൾ കൂടുതൽ രൂക്ഷമാക്കുകയേയുള്ളൂ എന്നാണ് വിദഗ്ധരുടെ അഭിപ്രായം. ലോകത്ത് ഏറ്റവും കൂടുതൽ ഡിമാൻഡുള്ള സാൽമൺ എന്ന മത്സ്യം അക്വാകൾച്ചറിലൂടെ ഒരു കിലോഗ്രാം വളരണമെങ്കിൽ നാല് കിലോഗ്രാം ചെറുമത്സ്യം തീറ്റയായി നൽകണം. നമ്മുടെ നാട്ടിൽ ഒരു കിലോഗ്രാം ചെമ്മീൻ അക്വാകൾച്ചറായി വളർത്താൻ നാല് കിലോഗ്രാം മത്തി നൽകുന്നതുപോലെ തന്നെ.
പാർട്ണർഷിപ്പ് കൊള്ള
ആഫ്രിക്കൻ തീരക്കടലുകളിൽ നടക്കുന്ന മത്സ്യക്കൊള്ളയുടെ പുതിയ രൂപമാണ് ഫിഷറീസ് പാർട്ട്ണർഷിപ്പ് എഗ്രിമെന്റ് (FPA). സമ്പന്ന രാഷ്ട്രങ്ങൾ ദരിദ്ര ആഫ്രിക്കൻ രാജ്യങ്ങൾക്ക് പണം നൽകി അവരുടെ കടലിലെ മത്സ്യങ്ങളെ പിടിക്കുന്നതിനുവേണ്ടി ഉണ്ടാക്കുന്നതാണ് ഫിഷറീസ് പാർട്ണർഷിപ്പ് എഗ്രിമെന്റ്. ദരിദ്ര രാജ്യങ്ങൾ പലപ്പോഴും ഇത്തരം കെണികളിൽ പെട്ടുപോകുന്നത് അവരുടെ മത്സ്യ സമ്പത്തിനെയാണ് ഇല്ലാതാക്കുന്നത്. അതോടെ ആ രാജ്യങ്ങളിലെ മത്സ്യബന്ധനം കുറയുകയും മത്സ്യ അനുബന്ധ തൊഴിൽമേഖലകൾ തകരുകയും ചെയ്യും. ഇത് രാജ്യത്തെ സാമ്പത്തികമായി തളർത്തും. 2006-2012 കാലഘട്ടത്തിൽ ആഫ്രിക്കൻ രാജ്യമായ സെനഗലിന് 14.2 കോടി യൂറോ ലൈസൻസ് ഫീയായി നൽകി സ്‌പെയിനിലെ കപ്പൽ കമ്പനികൾ അവിടെ പ്രവർത്തനം ആരംഭിച്ചു. ഇതിൽ 12.8 കോടി യൂറോയും സ്പാനിഷ് സർക്കാർ സബ്‌സിഡിയായി നൽകിയതാണ്. 36 സ്പാനിഷ് ട്രോളറുകൾ പ്രതിവർഷം 2.35 ലക്ഷം ടൺ മത്സ്യം പിടിച്ചു. സെനഗലിലെ പിറോഗസ് എന്ന നാടൻ ബോട്ടുകളുടെ മത്സ്യ ലഭ്യത നേർപകുതിയായി കുറഞ്ഞു. മത്സ്യ സംസ്‌കരണശാലകളിലെ 60 ശതമാനം തൊഴിലാളികളെയും പിരിച്ചുവിട്ടു. പ്രാദേശിക മത്സ്യത്തൊഴിലാളികൾ ബോട്ടുകൾ തൂക്കിവിറ്റു. പ്രതിഷേധങ്ങളെ തുടർന്ന് സെനഗൽ സ്പാനിഷ് കമ്പനികളുമായുള്ള കരാർ റദ്ദാക്കി. തൊട്ടടുത്ത രാജ്യങ്ങളായ മൗറിട്ടാനിയ, മൊറോക്കോ, സിയെറ ലിയോൺ, കേപ്‌വെർദ തുടങ്ങിയ രാജ്യങ്ങളിലും ഇതുതന്നെയാണ് സംഭവിക്കുന്നത്.
ലോകം ഉറ്റുനോക്കുന്ന സമ്മേളനം
കടുത്ത പ്രതിസന്ധിയിലൂടെ മത്സ്യമേഖല കടന്നുപോകുമ്പോൾ, ആഫ്രിക്കൻ രാജ്യമായ നൈജീരിയയിൽ നിന്നുള്ള പ്രതിനിധി അധ്യക്ഷയായ ശേഷം നടക്കുന്ന ലോക വ്യാപാര സംഘടനയുടെ ആദ്യ സമ്മേളനത്തെ ഏറെ പ്രതീക്ഷയോടെയാണ് ലോകം ഉറ്റുനോക്കുന്നത്. മത്സ്യ മേഖലയെ ദോഷകരമായി ബാധിക്കുന്ന സബ്‌സിഡികൾ നിർത്തലാക്കണമെന്നാവശ്യപ്പെടുന്ന 15 അംഗ രാഷ്ട്രങ്ങളുടെ സംയുക്ത പ്രസ്താവന സമ്മേളനത്തിന് മുന്നോടിയായി പുറത്തുവന്നിട്ടുണ്ട്. യൂറോപ്യൻ യൂണിയൻ, ചിലി, നോർവെ തുടങ്ങിയ വികസിതവും അവികസിതവുമായ രാജ്യങ്ങൾ ഈ പ്രസ്താവനയിൽ ഒപ്പുവെച്ചിട്ടുണ്ട്. മേയ് 16-ന് 16 രാജ്യങ്ങളിൽ നിന്നുള്ള 200 സംഘടനകൾ ലോക വ്യാപാര സംഘടനയുടെ ഡയറക്ടർ ജനറൽ ഗോസി ഒകോഞ്ചോ ഇവിയേലയെ കണ്ട് ഈ ആവശ്യം ഉന്നയിച്ച് നിവേദനവും നൽകിയിട്ടുണ്ട്. നൈജീരിയക്കാരിയായ കറുത്ത വംശജയുടെ സ്ഥാനാരോഹണം തടയാൻ യു.എസിലെ ഡോണൾഡ് ട്രംപ് ഭരണകൂടം ശ്രമം നടത്തിയിരുന്നു. അതെല്ലാം അതിജീവിച്ച് സ്ഥാനമേറ്റെടുത്ത പിന്നാക്ക രാജ്യത്തിന്റെ പ്രതിനിധിയായ ഇവിയേല വികസിത രാജ്യങ്ങളുടെ ഇടപെടലുകളെ അതിജീവിച്ച് പ്രതിസന്ധികളെ എങ്ങനെ നേരിടുമെന്നാണ് സമ്മേളനം പടിവാതിൽക്കലെത്തുമ്പോൾ സംശയങ്ങളുയരുന്നത്.
ജൂൺ 12 മുതൽ 15 വരെ സ്വിറ്റ്‌സർലൻഡിലെ ജനീവയിലാണ് സമ്മേളനം നടക്കുന്നത്. 164 രാജ്യങ്ങൾ അംഗങ്ങളായിട്ടുള്ള ലോക വ്യാപാര സംഘടനയുടെ 12-ാമത് മന്ത്രിതല സമ്മേളനമാണ് നടക്കാൻ പോകുന്നത്. 2017-ൽ അർജന്റീനയിലെ ബ്യൂണസ് അയേഴ്‌സിലായിരുന്നു 11-ാം സമ്മേളനം നടന്നത്. ഗാട്ട് കരാറിനെ തുടർന്ന് 1995-ലാണ് ലോക വ്യാപാര സംഘടന രൂപംകൊണ്ടത്. രണ്ടുവർഷം കൂടുമ്പോഴാണ് ലോക വ്യാപാര സംഘടയുടെ സമ്മേളനം നടക്കുന്നത്. കോവിഡ്-19 മഹാമാരിയുടെ വ്യാപനത്തെ തുടർന്ന് രണ്ടുതവണ സമ്മേളനം മാറ്റിവെക്കപ്പെട്ടിരുന്നു. 2008-ൽ അമേരിക്കയിൽ നിന്നാംരംഭിച്ച സാമ്പത്തിക മാന്ദ്യം, ജപ്പാനിലെ സുനാമിയെ തുടർന്ന് ഫുകുഷിമ ആണവനിലയത്തിലുണ്ടായ അപകടം സൃഷ്ടിച്ച മേഖലയിലെ ഉത്പാദന സ്തംഭനം, 2019-ൽ ചൈനയിലെ വുഹാനിൽ നിന്ന് തുടങ്ങിയ കോവിഡ് വ്യാപനം തുടങ്ങി ഒട്ടേറെ പ്രശ്‌നങ്ങളുടെ ഫലമായി അംഗരാജ്യങ്ങളെല്ലാം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കെയാണ് സമ്മേളനം നടക്കുന്നത്.
2001-ൽ ദോഹയിൽ നടന്ന മന്ത്രിതല സമ്മേളനത്തിലാണ് ആദ്യമായി മത്സ്യ സബ്‌സിഡി അജണ്ടയിൽ വന്നത്. സബ്‌സിഡികൾ വെട്ടിച്ചുരുക്കാനുള്ള പൊതു പെരുമാറ്റച്ചട്ടം ഈ സമ്മേളനത്തിൽ വെച്ച് രൂപീകരിച്ചു.
സമ്മേളനത്തിന് മുന്നോടിയായി വിവിധ മേഖലകളിൽ വിവിധ രാഷ്ട്രങ്ങളുടെ സംയുക്ത പ്രസ്താനവകൾ പുറത്തിറക്കപ്പെട്ടിട്ടുണ്ട്. സേവന മേഖലയിലെ 90 ശതമാനം വ്യാപാരവും കൈകാര്യം ചെയ്യുന്ന 65 രാജ്യങ്ങൾ പുറത്തിറക്കിയ പ്രസ്താവനയാണ് അതിൽ ആദ്യത്തേത്. ലിംഗസമത്വത്തിന്റെ പ്രാധാന്യം വിശദീകരിച്ചുകൊണ്ട് 89 രാഷ്ട്രങ്ങളുടെ പ്രസ്താവനയും ചെറുകിട സംരംഭങ്ങളുമായി (എം.എസ്.എം.ഇ.) ബന്ധപ്പെട്ട് 64 രാഷ്ട്രങ്ങളുടെ പ്രസ്താവനയും പുറത്തുവന്നു.
വാണിജ്യ-വ്യാപാര മേഖലയിലെ പുതിയ പ്രതിസന്ധികൾ, ഐ.ടി. മേഖലയിലെ പുതിയ സാധ്യതകൾ, കോവിഡ് പ്രതിരോധ മരുന്നുകളുടെ വിപണനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ, ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ, കലാവസ്ഥാ വ്യതിയാനം, മത്സ്യമേഖലയിലെ സബ്‌സിഡിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ തുടങ്ങിയവയാണ് സമ്മേളനത്തിലെ പ്രധാന അജണ്ടകൾ.
മത്സ്യമേഖല- ലോക വ്യാപാര സമ്മേളനത്തിൽ
മത്സ്യമേഖലയിലെ സബ്‌സിഡിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ മുമ്പും ലോക വ്യാപാര സംഘടനയുടെ സമ്മേളനത്തിൽ ചർച്ചയായിട്ടുണ്ട്. 2001-ൽ ദോഹയിൽ നടന്ന മന്ത്രിതല സമ്മേളനത്തിലാണ് ആദ്യമായി മത്സ്യ സബ്‌സിഡി അജണ്ടയിൽ വന്നത്. സബ്‌സിഡികൾ വെട്ടിച്ചുരുക്കാനുള്ള പൊതു പെരുമാറ്റച്ചട്ടം ഈ സമ്മേളനത്തിൽ വെച്ച് രൂപീകരിച്ചു. 2005-ലെ ഹോങ്കോങ് സമ്മേളനത്തിൽ അമിത ചൂഷണത്തെ സഹായിക്കുന്ന സബ്‌സിഡികൾ നിർത്തലാക്കാനുള്ള തീരുമാനമുണ്ടായി. 2017-ലെ ബ്യൂണസ് അയേഴ്‌സ് സമ്മേളനത്തിൽ ഐക്യരാഷ്ട്ര സംഘടനയുടെ 2015-ലെ സുസ്ഥിര വികസനലക്ഷ്യം 2020-നകം നടപ്പാക്കാൻ തീരുമാനിച്ചു. 2030-നകം ലക്ഷ്യം കൈവരിക്കുമെന്നാണ് 2015-ൽ നടന്ന ഐക്യരാഷ്ട്ര സംഘടനയുടെ സുസ്ഥിര വികസന ലക്ഷ്യവുമായി ബന്ധപ്പെട്ട സമ്മേളനത്തിൽ പ്രഖ്യാപിക്കപ്പെട്ടത്. ഇതിലെ 14-ാം ഭാഗം സമുദ്ര ജീവികളുടെ സുസ്ഥിര വികസനവുമായി ബന്ധപ്പെട്ടതാണ്. മത്സ്യമേഖലയിലെ സബ്‌സിഡിയെ സംബന്ധിച്ചതാണ് 14-ാം ഭാഗത്തിലെ ആറാം സെക്ഷൻ. അമിത ഉത്പാദനത്തിനും അമിത മത്സ്യബന്ധനത്തിനും ഇടയാക്കുന്ന എല്ലാ സബ്‌സിഡികളും 2020-ലെ ലോക വ്യാപാര സംഘടനയുടെ സമ്മേളനത്തോടെ നിർത്തലാക്കണമെന്നാണ് ഇതിൽ പറയുന്നത്. അതേസമയം, വികസ്വരവും അവികസിതവുമായ രാഷ്ട്രങ്ങളുടെ പിന്നാക്കാവസ്ഥ മറികടക്കാൻ അവ തുടർന്നും നടപ്പാക്കാവുന്നതാണന്നും ഇതിൽ പറയുന്നുണ്ട്.
ലോക വ്യാപാര സംഘടനയുടെ 12-ാം സമ്മേളനത്തിന് മുന്നോടിയായി 2021 നവംബർ 30 മുതൽ ഡിസംബർ വരെ ജനീവയിൽ നടന്ന മന്ത്രിതല യോഗം മത്സ്യമേഖലയിലെ സബ്‌സിഡിയുമായി ബന്ധപ്പെട്ട് ഒരു കരട് രേഖ തയ്യാറാക്കിയിട്ടുണ്ട്. അനധികൃതമായ മത്സ്യബന്ധനം തടയുക, വ്യാവസായിക മത്സ്യബന്ധനം നിരുത്സാഹപ്പെടുത്തുക, അവയ്ക്കുള്ള സ്ബ്‌സിഡി നിർത്തലാക്കുക തുടങ്ങിയ കാര്യങ്ങൾ രേഖയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വികസ്വര, പിന്നാക്ക രാജ്യങ്ങളിലെ പരമ്പരാഗത സമൂഹത്തിന് പ്രത്യേക പരിഗണന നൽകണമെന്ന് രേഖയിൽ വ്യക്തമാക്കുന്നുണ്ട്. എന്നാൽ ചില വികസിത രാജ്യങ്ങൾ തന്നെ തങ്ങൾക്ക് വികസ്വര രാഷ്ട്രങ്ങളുടെ പദവി നൽകണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്.
കഴിഞ്ഞ വർഷം പ്രഖ്യാപിക്കപ്പെട്ട ഇന്ത്യയുടെ ബ്ലൂ ഇക്കോണമി നയരഖയും ഇപ്പോൾ അവതരിപ്പിക്കാൻ പോകുന്ന കേന്ദ്ര ഫിഷറീസ് ബില്ലും മത്സ്യ സബ്‌സിഡി വിഷയത്തിൽ നിലവിലെ നയത്തിന് വിരുദ്ധമാണ്.
മത്സ്യമേഖലയ്ക്ക് നൽകുന്ന സബ്‌സിഡികൾ നിർത്തലാക്കുന്നതിന് ഡബ്ല്യു.ടി.ഒ.യിലെ കൊളംബിയയുടെ അംബാസഡർ സാന്റിയാഗോ വിൽസ് അധ്യക്ഷനായ സമിതി 2021 നവംബർ 24-നാണ് കരട് കരാർ തയ്യാറാക്കിയത്. 2022 മേയ് 16 മുതൽ 20 വരെയുള്ള "മത്സ്യവാര'ത്തിൽ വിവിധ രാജ്യങ്ങളുമായുള്ള സമിതിയുടെ ചർച്ച പൂർത്തിയായി. ജനീവ സമ്മേളനത്തിൽ ഇതിൽ ഏതൊക്കെ വിഷയത്തിൽ സമവായമുണ്ടാക്കാനാകുമെന്നതാണ് പ്രധാനം. 2020-ൽ നടപ്പാക്കേണ്ട കരാറാണിത്. കോവിഡിനെ തുടർന്ന് ഡബ്ല്യു.ടി.ഒ. സമ്മേളനം നീണ്ടുപോയതിനാലാണ് വൈകുന്നത്. നഷ്ടപ്പെടുന്ന ഓരോ ദിവസവും അത്രയും മത്സ്യങ്ങളെ കൂടുതൽ പിടിക്കുകയും മത്സ്യസങ്കേതങ്ങൾ നശിക്കുകയുമാണെന്ന് സാന്റിയാഗോ വിൽസ് പറയുന്നു. മത്സ്യമേഖലയിലെ പ്രതിസന്ധി വർധിക്കുന്നതിനൊപ്പം മാനവരാശിയും പ്രതിസന്ധിയിലാവുകയാണെന്നും അദ്ദേഹം ഓർമിപ്പിക്കുന്നു.
ഇനിയും നോക്കി നിൽക്കാനാകില്ല
ലോകത്തെ എല്ലാ രാജ്യങ്ങളെയും ബാധിക്കുന്ന പ്രശ്‌നമാണ് മത്സ്യമേഖലയിലെ പ്രതിസന്ധി. അത് ഇനിയും കണ്ടില്ലെന്ന് നടിച്ച് മുന്നോട്ടുപോകാൻ ലോകരാജ്യങ്ങൾക്കാകില്ല. 2001-ലെ ദോഹ സമ്മേളനത്തിൽ തന്നെ മത്സ്യമേഖലയിലെ സബ്‌സിഡി വെട്ടിച്ചുരുക്കാനുള്ള പൊതു പെരുമാറ്റച്ചട്ടം ഉണ്ടാക്കിയെങ്കിലും അത് ഒരുതരത്തിലുള്ള മാറ്റവുമുണ്ടാക്കിയിട്ടില്ലെന്നതാണ് യാഥാർഥ്യം. അമിത ചൂഷണത്തിന് വിധേയമായ മത്സ്യങ്ങൾ 21 ശതമാനമായിരുന്നത് 20 വർഷം പിന്നിടുമ്പോൾ 34.5 ശതമാനമായി വർധിക്കുകയാണ് ചെയ്തത്. കൂടുതൽ മത്സ്യം, കൂടുതൽ പ്രോട്ടീൻ, കൂടുതൽ ലാഭം എന്ന മുതലാളിത്ത നയങ്ങളാണ് ഈ വിപത്തിനുകാരണം. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് ഇക്കാലത്തിനിടയിൽ ടോക്യോ, പാരീസ് ഉച്ചകോടികളും 2021 ഒക്ടോബർ 31 മുതൽ നവംബർ 13 വരെ ഗ്ലാസ്‌ഗോയിൽ നടന്ന ഐക്യരാഷ്ട്ര സംഘടനയുടെ 26-ാമത് കാലാവസ്ഥാ വ്യതിയാന സമ്മേളന (COP 26) ത്തിൽ വരെ ഈ വിഷയം ചർച്ച ചെയ്യപ്പെട്ടു.
തീരസമുദ്രങ്ങൾ മത്സ്യം കൊണ്ട് സമ്പന്നമാണെങ്കിലും തീരദേശവാസികൾ എല്ലായിടത്തും പട്ടിണിപ്പാവങ്ങളാണ്. ജനസംഖ്യയിൽ ലോകത്ത് രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയിലും ഇതുതന്നെയാണ് സ്ഥിതി. ഇന്ത്യയിൽ 40 ലക്ഷം പേരാണ് മത്സ്യമേഖലയുമായി ബന്ധപ്പെട്ട് ജീവിക്കുന്നത്. രാജ്യത്ത് 3.25 ലക്ഷം യാനങ്ങളാണ് കടലിൽ മത്സ്യബന്ധനം നടത്തുന്നത്. ഇവയൊന്നും വ്യാവസായിക മത്സ്യബന്ധനം നടത്തുന്നില്ല. ഇവയെല്ലാം ചെറുകിട, പരമ്പരാഗത മത്സ്യബന്ധന യാനങ്ങളുടെ കൂട്ടത്തിൽപെടുന്നവയാണ്. അന്താരാഷ്ട്ര സമുദ്രങ്ങളിലും ആഴക്കടലിലും 30 ദിവസം പ്രവർത്തിക്കുന്ന തുത്തൂർ മത്സ്യത്തൊഴിലാളികളുടെ ഒറ്റ ബോട്ടിനുപോലും 25 മീറ്ററിൽ കൂടുതൽ നീളവുമില്ല. 90 ശതമാനം മത്സ്യത്തൊഴിലാളികളും ദാരിദ്ര്യരേഖയ്ക്ക് താഴെയുമാണ്. ഇവർക്ക് സബ്‌സിഡികൾ അത്യാവശ്യമാണ്. അതുകൊണ്ട് പിന്നാക്ക രാജ്യങ്ങൾക്കുള്ള "സവിശേഷവും വ്യതിരിക്തവുമായ പരിഗണന' (Special and Differential Treatment- SDT) വേണമെന്നാണ് ഇന്ത്യയുടെ നിലപാട്. വികസിത രാജ്യങ്ങൾ മത്സ്യ സബ്‌സിഡിയായി 3.4 ബില്യൺ ഡോളർ നൽകുമ്പോൾ വിശാലമായ കടൽത്തീരവും മത്സ്യത്തൊഴിലാളികളുമുള്ള ഇന്ത്യ പത്ത് കോടി ഡോളർ മാത്രമാണ് നൽകുന്നത്. 30,000 രൂപ പ്രതിശീർഷ വരുമാനമുള്ള പിന്നാക്ക രാജ്യങ്ങളെയും ആറുലക്ഷം രൂപ വരുമാനമുള്ള വികസിത രാജ്യങ്ങളെയും തുല്യരീതിയിൽ കാണുന്നത് അനീതിയാണെന്ന് ഇന്ത്യൻ വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ ചൂണ്ടിക്കാട്ടിയിരുന്നു. കഴിഞ്ഞവർഷം ഇന്ത്യയിലെത്തിയ വ്യാപാര സംഘടനാ മേധാവിയെയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്.
ബ്ലൂ ഇക്കോണമി നയം
കഴിഞ്ഞ വർഷം പ്രഖ്യാപിക്കപ്പെട്ട ഇന്ത്യയുടെ ബ്ലൂ ഇക്കോണമി നയരേഖയും ഇപ്പോൾ അവതരിപ്പിക്കാൻ പോകുന്ന കേന്ദ്ര ഫിഷറീസ് ബില്ലും മത്സ്യ സബ്‌സിഡി വിഷയത്തിൽ നിലവിലെ നയത്തിന് വിരുദ്ധമാണ്. ആഴക്കടലിലെ മത്സ്യ സമ്പത്ത് പിടിച്ചെടുക്കാനും ധാതുസമ്പത്ത് ചൂഷണം ചെയ്യാനും കുത്തകകൾക്ക് പ്രോത്സാഹനം നൽകുന്ന നയമാണ് വരാൻ പോകുന്നതെന്നത് ആശങ്കാജനകമാണെന്ന് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ചാൾസ് ജോർജ് പറഞ്ഞു. മത്സ്യമേഖലയിൽ കർശനമായ നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിനുപകരം കുത്തകകൾക്ക് തീറെഴുതുന്നതിനെതിരെ മത്സ്യത്തൊഴിലാളികൾ പ്രക്ഷോഭം ആരംഭിച്ചുകഴിഞ്ഞു. ""ഇന്ത്യയുടെ പരമാധികാര മേഖലയുടെ അതിർത്തിയിലും അതിനുപുറത്ത് നമ്മുടെ രാജ്യത്തിന് അവകാശപ്പെട്ട മേഖലയിലും വിദേശരാജ്യങ്ങളിലെ വലിയ കപ്പലുകൾ മത്സ്യസമ്പത്ത് കൊള്ളയടിച്ചുകൊണ്ടിരിക്കുകയാണ്. ഈ മേഖലയിൽ പ്രവർത്തിക്കുന്ന നമ്മുടെ രാജ്യത്തെ തുത്തൂർ മേഖലയിലെ തൊഴിലാളികളുടെ ചെറുകിട യാനങ്ങൾ സുസ്ഥിത മത്സ്യബന്ധമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനെ സംരക്ഷിക്കുകയും ഈ മേഖലയെ സഹകരണവത്കരിക്കുകയും ആധുനീകരിക്കുകയും ഇവർക്കാവശ്യമായ സബ്‌സിഡികൾ നൽകുകയുമാണ് വേണ്ടത്. വ്യാവസായിക മത്സ്യബന്ധത്തിലേർപ്പെടുന്ന വികസിത രാജ്യങ്ങൾ തങ്ങൾക്ക് വികസ്വര രാഷ്ട്രത്തിന്റെ പരിഗണന വേണമെന്ന് ആവശ്യപ്പെടുന്നത് ഉത്സവപ്പറമ്പിലെ മോഷ്ടാവ് തന്നെ കള്ളൻ കള്ളൻ എന്ന് വിളിച്ചുകൂവി മറ്റുള്ളവർക്കൊപ്പം ഓടുന്ന ചിത്രമാണ് ഓർമിപ്പിക്കുന്നത്.'' - ചാൾസ് ജോർജ് പറഞ്ഞു.
ഇത്തരമൊരു സാഹചര്യത്തിൽ 12-ാം ഡബ്ല്യു.ടി.ഒ. മന്ത്രിതല സമ്മേളനം നിരർഥകമാകാനുള്ള സാധ്യതയേറെയാണ് അദ്ദേഹം ആശങ്കപ്പെടുന്നു. ""മത്സ്യത്തിന് സംസാരിക്കാനാവില്ല, മത്സ്യത്തൊഴിലാളികളുടെ ശബ്ദം ദുർബലവുമാണ്. അവർക്കുവേണ്ടി മാനവരാശി തന്നെ സംസാരിക്കേണ്ടതുണ്ട്.''- ചാൾസ് പറയുന്നു. ▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.