കാലവർഷം ഇത്തവണ നേരത്തെ എത്തുകയും ശക്തി പ്രാപിക്കുകയും ചെയ്തത് മുതൽ എറണാകുളം ജില്ലയിലെ ചെല്ലാനം അടക്കമുള്ള തീരപ്രദേശ നിവാസികൾ ആശങ്കയിലാണ്. ശക്തിയിൽ അടിച്ചു കയറുന്ന കടൽ തങ്ങളുടെ വീടുകളെ തന്നെ തകർത്ത് കളയുമെന്ന ഭയമാണ് അവർക്കുള്ളത്. കടലിനെ ആശ്രയിച്ച് ജീവിക്കുന്ന ചെല്ലാനം ചെറിയകടവ് പ്രദേശവാസികൾ കഴിഞ്ഞ കുറേ വർഷങ്ങളായി അതേ കടലിനെ ഭയന്ന് ജീവിക്കുകയാണ്. ഓരോ കടലാക്രമണവും തീരത്ത് വലിയ നാശ നഷ്ടങ്ങളാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. 2024 ആഗസ്റ്റിൽ ട്രൂകോപ്പി തിങ്ക് ഇതേ പ്രദേശം സന്ദർശിച്ചപ്പോഴും കടലാക്രമണ ഭിതിയിലായിരുന്നു ചെറിയ കടവിലെ ഓരോ വീടുകളും. കടലെടുത്ത വീടുകളും, പകുതി കടലെടുത്ത വീടുകളിൽ നിന്നും കയ്യിൽ കിട്ടുന്നതൊക്കെ പെറുക്കി വാടക വീടുകളിലേക്ക് മാറാൻ നിൽക്കുന്ന കുടുംബങ്ങളെയുമായിരുന്നു അന്ന് ഞങ്ങളവിടെ കണ്ടത്. ഏതാണ്ട് ഒരു വർഷം പൂർത്തിയാകാറാകുമ്പോഴും തീരത്ത് അതേ അവസ്ഥ തന്നെ. തീരത്തെ മത്സ്യത്തൊഴിലാളികളുടെ ജീവിതം ഇപ്പോഴും അരക്ഷിതാവസ്ഥയിൽ തുടരുകയാണ്.
മഴക്കാലത്ത് രൂക്ഷമായ കടൽകയറ്റ ദുരന്തഭീതിയുള്ള ചെല്ലാനത്തെ തീരത്ത് യാതൊരു പ്രതിരോധ നടപടികളും എറണാകുളം ജില്ലാ ദുരന്ത നിവാരണ അതോറിറ്റി സ്വീകരിച്ചിട്ടില്ലെന്ന് പ്രദേശവാസികൾ പറയുന്നു. കടൽകയറ്റം തടയുന്നതിനായി മെയ് 15 നകം ജിയോബാഗുകൾ കൊണ്ടുള്ള താൽകാലിക ഭിത്തികൾ പണിയുമെന്നും നികന്നു കിടക്കുന്ന തോടുകളിലെ മണ്ണ് നീക്കി നീരൊഴുക്ക് സുഗമമാക്കുമെന്നും ഏപ്രിൽ 11 ന് നടത്തിയ കളക്ട്രേറ്റ് മാർച്ചിനെ തുടർന്ന് ജില്ലാ കലക്ടർ ഉറപ്പ് നൽകിയിരുന്നു. എന്നാൽ പറഞ്ഞ വാഗ്ദാനങ്ങളൊന്നും നടപ്പാക്കപ്പെട്ടില്ല.

പറഞ്ഞ വാക്കുകൾ ഒന്നും നടപ്പിലാക്കപ്പെടാത്തതിനെ തുടർന്ന് പ്രദേശവാസികൾ കടലിലിറങ്ങി സമരം ചെയ്തിരുന്നു. പുത്തൻതോടിനു വടക്കോട്ടുള്ള ടെട്രാപോഡ് കടൽഭിത്തി നിർമ്മാണം ഉടൻ ആരംഭിക്കണമെന്നും താൽക്കാലിക പ്രതിരോധ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നടത്തണമെന്നും മാനാശ്ശേരി-സൗദി-ബീച്ച് റോഡ് പ്രദേശങ്ങളെ ഓഫ്ഷോർ ബ്രേക്ക് വാട്ടർ വാൾ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നുമായിരുന്നു സമരക്കാരുടെ പ്രധാന ആവശ്യം.
കഴിഞ്ഞ നാലഞ്ച് വർഷമായി തങ്ങളുടെ ജീവിതം കടൽ വെള്ളത്തിലാണെന്നും സമരങ്ങൾ തുടർന്നിട്ടും അധികൃതർ തങ്ങളെ തിരിഞ്ഞ് നോക്കുന്നില്ലെന്നും ചെറിയകടവ് സ്വദേശിയായ ഷാലി ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു. പ്രായമായ തന്റെ അമ്മയെ വീട്ടിൽ ഒറ്റക്കാക്കി പോകേണ്ട സാഹചര്യമാണെന്നും മത്സ്യബന്ധനവും അനുബന്ധ പ്രവർത്തനങ്ങളും ഉപജീവനമാക്കിയ പ്രദേശവാസികൾക്ക് ജോലിക്ക് പോലും പോകാൻ കഴിയാത്ത അവസ്ഥയാണെന്നും അവർ പറഞ്ഞു. അധികാരികളാരും തങ്ങളെ തരിഞ്ഞ് നോക്കുന്നില്ലെന്നും അവർ കുറ്റപ്പെടുത്തി.

“നാലഞ്ച് വർഷമായി ഞങ്ങളിങ്ങനെ വെള്ളത്തിൽ മുങ്ങിക്കിടക്കാൻ തുടങ്ങിയിട്ട്. ഞങ്ങളിനി മുട്ടാത്ത വാതിലുമില്ല, കയറിയിറങ്ങാത്ത സർക്കാർ സ്ഥാപനങ്ങളുമില്ല. പറഞ്ഞ് പറഞ്ഞ് ഞങ്ങൾ മടുത്തു. ഇനി എന്ത് ചെയ്യണമെന്ന് പോലും ഞങ്ങൾക്കറിയില്ല. കടൽ കയറി വരുമ്പോൾ മക്കളെയും കൂട്ടിപ്പിടിച്ച് പല സ്ഥലങ്ങളിലേക്ക് ഓടുകയാണ്. മഴക്കാലത്ത് ഒരു രാത്രി പോലും വീട്ടിൽ കിടന്നുറങ്ങാൻ പറ്റാതെ ഞങ്ങൾ നെട്ടോട്ടം ഓടുകയാണ്. കടൽ ഭിത്തിയായി കെട്ടിവെച്ചിരിക്കുന്ന കല്ലെല്ലാം തിര ശക്തിയായി അടിക്കുമ്പോൾ ഇരച്ച് വീട്ടിലേക്ക് വരുന്നു. പ്രായമായ അമ്മയേയും കൊണ്ടൊക്കെ ഞങ്ങൾ എങ്ങോട്ട് പോകാനാണ്. ഇപ്പോൾ പുലിമുട്ട് ഇട്ട് തരാമെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ അതൊന്നും ഇതുവെരയും നടന്നിട്ടില്ല. ഞങ്ങൾ പറഞ്ഞ് പറഞ്ഞ് മടുത്തു. സങ്കടം സഹിക്കാൻ പറ്റുന്നില്ല.
മഴ പെയ്യാൻ തുടങ്ങിയപ്പോൾ മുതൽ വീട്ടിൽ കിടക്കാൻ പറ്റാത്ത അവസ്ഥയാണ്. നേരം വെളുത്തപ്പോൾ പിള്ളേരുമായി ഇറങ്ങേണ്ടി വന്നു. വഴിയരികിൽ നിൽക്കുകയായിരുന്നു ഞങ്ങൾ. മക്കൾക്ക് ഭക്ഷണം പോലും വാങ്ങിക്കൊടുക്കാൻ പറ്റുന്നില്ല. രാത്രി ഉറങ്ങാൻ പോലും വീടുകളിലേക്ക് പോകാൻ പറ്റാത്ത അവസ്ഥ. വീടിന് എന്തെങ്കിലും പറ്റിയോ എന്നറിയണമെങ്കിൽ അങ്ങോട്ട് പോകണമല്ലോ. കടൽകയറ്റം കൊണ്ട് അതിനുപോലും സാധിക്കുന്നില്ല. എത്ര കഷ്ടപ്പെട്ട് വെച്ച വീടാണെന്നോ. ഇനി അങ്ങനെയൊരു വീടുപണിയാൻ ഞങ്ങളെ കൊണ്ട് കഴിയില്ല.

റോഡ് വരെ വെള്ളം കേറി കിടക്കുന്നതുകൊണ്ട് ആർക്കും ജോലിക്കുപോലും പോകാൻ പറ്റാത്ത അവസ്ഥയാണ്. വീട് മുഴുവൻ മുങ്ങി കിടക്കുകയാണ്. വണ്ടിയൊന്നും പോകാൻ പറ്റാത്ത അവസ്ഥയാണ്. മത്സ്യത്തൊഴിലാളികൾ കൂടുതലായി താമസിക്കുന്ന പ്രദേശമാണ്. കടൽ കയറ്റം വന്നപ്പോൾ ആർക്കും വഞ്ചിക്ക് പോലും പോകാൻ പറ്റുന്നില്ല. കടലിൽ പോവാൻ മാത്രമല്ല. കരപണിക്ക് പോലും പോകാൻ പറ്റുന്നില്ല. ഞങ്ങൾ എങ്ങനെ കഴിയാനാണ്. വീട്ടിൽ താമസിക്കാൻ പറ്റുന്നില്ലെന്ന് മാത്രമല്ല എന്തെങ്കിലും വാങ്ങിച്ച് കഴിക്കാൻ പോലും ഞങ്ങളുടെ കയ്യിൽ പൈസയില്ല.
തുടർച്ചയായി കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ കടൽ കയറ്റം ശക്തമായിരുന്നു. ഒരു അധികാരി പോലും ഇങ്ങോട്ടേക്ക് തിരിഞ്ഞ് നോക്കിയിട്ടില്ല. കടൽ കയറ്റം രൂക്ഷമായി വന്ന ആദ്യ ദിവസം ഞങ്ങൾ കടലിലിറങ്ങി സമരം ചെയ്തിരുന്നു. എന്നിട്ടുപോലും അധികൃതരാരും ഞങ്ങളെ ഫോണിൽ പോലും ബന്ധപ്പെട്ടില്ല. ഇതിനും ഒരാഴ്ച മുമ്പ് ഞങ്ങൾ കലക്ടറേറ്റിന്റെ മുന്നിൽ സമരം ചെയ്തിരുന്നു. കടൽ കയറ്റത്തിന് മുമ്പ് തന്നെ സ്ഥലം സന്ദർശിച്ച് ഞങ്ങൾക്ക് ആവശ്യമായതൊക്കെ ചെയ്ത് തരാമെന്ന് കലക്ടർ അന്ന് പറഞ്ഞതാണ്. എന്നിട്ട് ഇന്നുവരെയും തിരിഞ്ഞ് നോക്കിയിട്ടില്ല.
എന്റെ വീട്ടിൽ പ്രായമായൊരു അമ്മയുണ്ട്. കടലിങ്ങനെ കയറി വീട്ടിലാകെ വെള്ളം കയറുമ്പോൾ വീടിന്റെ രണ്ടാം നിലയിലേക്ക് അമ്മയെ ഞങ്ങൾ മാറ്റും. വളരെ പ്രായമായ അമ്മയാണ്. അവരെ പുറത്തേക്കൊന്നും കൊണ്ടുപോകാൻ പോലും പറ്റില്ല. മക്കളെയൊക്കെ എങ്ങനെയെങ്കിലും കൊണ്ടുപോകാം. അമ്മയുടെ കാര്യത്തിൽ അത് നടക്കില്ല. ഞങ്ങൾ പോകുമ്പോൾ മുകളിലെ നിലയിൽ അമ്മ ഒറ്റക്കായിരിക്കും. അമ്മയ്ക്ക് ആ വെള്ളത്തിലേക്ക് ഇറങ്ങാൻ തന്നെ പേടിയാണ്.”\

ചെല്ലാനം-കൊച്ചി തീര സംരക്ഷണ നടപടികൾ സമയ ബന്ധിതമായി പൂർത്തിയാക്കുന്നതിൽ കടുത്ത അവഗണനയാണ് സംസ്ഥാന സർക്കാർ തുടർന്ന് പോരുന്നതെന്നാണ് പ്രദേശ വാസികളുടെ ആക്ഷേപം. പാതിവഴിയിൽ നിന്നുപോയ ടെട്രാപ്പോഡ് കടൽഭിത്തി-പുലിമുട്ടുകളുടെ നിർമ്മാണം പുനരാരംഭിക്കാനുള്ള നടപടികൾ ഇതുവരെ ആരംഭിച്ചിട്ടില്ലെന്നും എഡിബി ലോൺ ലഭ്യമാക്കി ടെട്രാപ്പോഡ് കടൽഭിത്തി നിർമ്മാണം പുനരാരംഭിക്കാനുള്ള ശ്രമങ്ങൾ ഇഴഞ്ഞു നീങ്ങുകയണെന്നും അവർ പറയുന്നു. കഴിഞ്ഞ ബജറ്റിൽ കേരള സർക്കാർ പ്രഖ്യാപിച്ച 100 കോടി രൂപയുടെ ജിയോ ട്യൂബ് കൊണ്ടുള്ള ഓഫ്ഷോർ ബ്രേക്ക് വാട്ടർ വാൾ പദ്ധതിയിൽ മാനാശ്ശേരി, സൗദി ബീച്ച് റോഡ് പ്രദേശങ്ങളെ ഉൾപ്പെടുത്തണമെന്ന ആവശ്യവും പരിഗണിക്കാൻ സർക്കാർ ഇതുവരെയും തയാറായിട്ടില്ലെന്നും തീരദേശത്തെ പ്രദേശവാസികൾ പറഞ്ഞു.

എല്ലാ മനുഷ്യരേയും പോലെ അന്തസോടെ ജീവിക്കാൻ തീരദേശനിവാസികൾക്കും അവകാശമുണ്ട്. ഏത് നിമിഷവും വീടുകൾ കടലെടുക്കുമെന്ന് ഭയന്നുജീവിക്കേണ്ടി വരുകയെന്നത് അവിടുത്തെ ജീവിതങ്ങളെ വലിയ പ്രതിസന്ധിയിലേക്കാണ് തള്ളിയിടുന്നത്. അധികൃതർ കാണിക്കുന്ന നിരുത്തരവാദിത്തപരമായ നടപടികൾ അവസാനിപ്പിച്ച് തീരദേശനിവാസികളുടെ ന്യായമായ ആവശ്യങ്ങൾ നടപ്പിലാക്കണം. അന്തസുള്ള ജീവിതം അവരുടെ അവകാശമാണ്.

