കേരളത്തിൽ അടിക്കടിയുണ്ടായ രണ്ട് കപ്പലപകടങ്ങൾ, തൊഴിൽ ചെയ്ത് ജീവിക്കാനുള്ള തീരദേശ ജനതയുടെ അവകാശം പോലും നിഷേധിക്കുന്ന അവസ്ഥയിലേക്കാണ് തള്ളിയിട്ടിരിക്കുന്നത്.
മെയ് 23ന് വിഴിഞ്ഞത്തു നിന്നു പുറപ്പെട്ട MSC Elsa 3 എന്ന ചരക്കുകപ്പൽ വിഴിഞ്ഞം പോർട്ട് അധികാരികളുടെയും കപ്പൽ കമ്പനിയുടെയും അനാസ്ഥ മൂലമാണ് മെയ് 24 -ന് തോട്ടപ്പള്ളിക്ക് വടക്കുപടിഞ്ഞാറ് 14.6 നോട്ടിക്കൽ മൈലിൽ മുങ്ങിയത് (മുക്കിയതാണെന്നും ആരോപണമുണ്ട്).
സിംഗപ്പൂരിലെ വാൻ ഹായ് ലൈൻസ് എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ള എം.വി. വാൻ ഹായ്- 503 എന്ന കപ്പൽ ഇനിയും കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ലാത്ത കാരണത്താൽ ജൂൺ ഒമ്പതിന് കോഴിക്കോട് ബേപ്പൂരിന് വടക്ക് പടിഞ്ഞാറ് 88 നോട്ടിക്കൽ മൈലിൽ കത്തിയമർന്ന് വിഷം തുപ്പി കടലിലൂടെ ഒഴുകിക്കൊണ്ടിരിക്കുന്നു.
ഈ രണ്ട് കപ്പലുകളും അവയിൽനിന്നുള്ള കണ്ടെയ്നറുകളും കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ തലയ്ക്കു മീതെ തൂക്കിയിട്ടിരിക്കുന്ന വാളുകളാണ്. MSC എൽസയിലെ കണ്ടെയ്നറുകളിൽ എന്താണെന്ന് ഇതുവരെ വിഴിഞ്ഞം പോർട്ടോ കസ്റ്റംസോ പറഞ്ഞിട്ടില്ലെങ്കിലും വാൻ ഹായി- 503 ലെ കണ്ടെയ്നറുകളിൽ വെടിമരുന്നും വിഷപദാർത്ഥങ്ങളും അണുവികിരണമുണ്ടാക്കുന്ന വസ്തുക്കളും പൊട്ടാസ്യം സൈനൈഡ് പോലെ മരണകാരണമായ വസ്തുക്കളും ഉണ്ടെന്ന് ബേപ്പൂർ തുറമുഖ ഓഫീസർ പറയുന്നു. അൻപതോളം കണ്ടെയ്നറുകൾ കടലിൽ വീണിട്ടുണ്ടെന്നാണ് തീയണയ്ക്കാനെത്തിയ ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ നിഗമനം.

പഴയകാലത്തെ കാലാവസ്ഥാ റിപ്പോർട്ട് പോലെയാണ് പലപ്പോഴും കപ്പലപകടവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥ നിലപാടുകൾ. കപ്പൽ കത്തുമ്പോഴും മുങ്ങുമ്പോഴും ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാരെക്കാൾ മുൻപ് കപ്പൽ കമ്പനികളുടെ ഏജന്റുമാരാണ് കാര്യങ്ങൾ ആദ്യം അറിയുന്നത്. കപ്പൽ കമ്പനിയെ ന്യായീകരിക്കുന്ന രീതിയിൽ മാത്രമേ കമ്പനി ഏജന്റുമാർ ഉദ്യോഗസ്ഥരെ കാര്യങ്ങൾ ധരിപ്പിക്കുകയുള്ളൂ. അതുകൊണ്ടുതന്നെ, യാഥാർത്ഥ്യം അറിയാൻ കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിംഗ് സത്യസന്ധവും ശാസ്ത്രീയവുമായ അന്വേഷണം നടത്തേണ്ടതുണ്ട്. കൂടാതെ വിദഗ്ധരടങ്ങിയ മറ്റൊരു സമിതിയെക്കൊണ്ടും അന്വേഷിക്കണം.
ആഘാതം ലഘൂകരിക്കുന്നതിനും മുൻകൈയെടുക്കേണ്ടത് ഭരണകർത്താക്കളാണ്. നിർഭാഗ്യവശാൽ അവരാണ് അദാനി കമ്പനിക്കുവേണ്ടി MSC വിഷയത്തിൽ പൊതുജനങ്ങളിൽ നിന്ന് പല കാര്യങ്ങളും മറച്ചുവയ്ക്കുന്നത്.
അദാനിക്കുവേണ്ടിയുള്ള
സർക്കാർ ഒത്തുതീർപ്പുകൾ
മത്സ്യത്തൊഴിലാളികളായ ഞങ്ങളുടെ നിഗമനം അനുസരിച്ച്, തോട്ടപ്പള്ളിയിൽ മുങ്ങിയ കപ്പലിൽ നിന്ന് കരയ്ക്ക് അടിഞ്ഞ കണ്ടെയ്നറുകളുടെ ബാക്കി ആലപ്പുഴ മുതൽ തെക്കോട്ട് കന്യാകുമാരി വരെ തീരക്കടലിൽ എത്തിയിട്ടുണ്ട്. വാൻഹായ് കപ്പലിനെ 150-ലധികം കണ്ടെയ്നറുകളിലുള്ള അപകടകരമായ വസ്തുക്കൾ 88 നോട്ടിക്കൽ മൈലിൽ നിന്ന് കോഴിക്കോട് മുതൽ ആലപ്പുഴ വരെയുള്ള തീരങ്ങളിൽ ദുരിതം വിതയ്ക്കും എന്ന് കോസ്റ്റ് ഗാർഡും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ഇൻകോയിസും (INCOIS) പറഞ്ഞു കഴിഞ്ഞു. അതായത് നിലവിൽ കേരളത്തിന്റെ മുഴുവൻ തീരങ്ങളിലും രണ്ട് കപ്പലുകളിലെ മാലിന്യങ്ങളും കണ്ടെയ്നറുകളും ദുരിതം വിതയ്ക്കും എന്നുറപ്പാണ്. എന്നിട്ടും ഈ കണ്ടെയ്നറുകൾ കടലിൽനിന്ന് മാറ്റുന്നതിനുപകരം അവ മണൽത്തിട്ടയിലും കടൽഭിത്തിയിലും ഇടിച്ചു തകർന്ന്, അവസാനം കരയിലടിഞ്ഞ്, മാലിന്യങ്ങളെല്ലാം തീരത്ത് വിതറി ദുരിതം വിതച്ചശേഷം മാത്രം അവ കൊണ്ടുപോകാം എന്നുള്ളതാണ് ദുരന്തനിവാരണ സമിതി ഉൾപ്പെടെയുള്ള സംവിധാനങ്ങൾ നമ്മളോട് പറയുന്നത്. ഇവിടെയാണ്, തീരദേശ ജനതയോട് ഭരണകൂടം കാണിക്കുന്ന വിവേചനത്തിന്റെ ആഴം മനസ്സിലാകുന്നത്.

ആകസ്മിക ദുരന്തങ്ങളെ മുൻകൂട്ടി തടയാനാകില്ലെങ്കിലും ദുരന്തമുണ്ടായാൽ എത്രയും വേഗം പരിഹാരം കാണുന്നതിനും ആഘാതം ലഘൂകരിക്കുന്നതിനും മുൻകൈയെടുക്കേണ്ടത് ഭരണകർത്താക്കളാണ്. നിർഭാഗ്യവശാൽ അവരാണ് അദാനി കമ്പനിക്കുവേണ്ടി MSC വിഷയത്തിൽ പൊതുജനങ്ങളിൽ നിന്ന് പല കാര്യങ്ങളും മറച്ചുവയ്ക്കുന്നത്. മാത്രമല്ല തീരദേശത്തിന്റെ ആവാസവ്യവസ്ഥയെയും മത്സ്യത്തൊഴിലാളികളുടെ തൊഴിലിടത്തെയും ദോഷകരമായി ബാധിക്കുന്ന ഒരു അപകടമുണ്ടായിട്ട്, സ്വയം കേസെടുക്കാൻ പോലും പോലീസ് തയ്യാറായിട്ടില്ല. സർക്കാരിന് ‘സുഹൃത്തിന്റെ സുഹൃത്തിനെ’ പിണക്കാനാകില്ല. അതുകൊണ്ടാണ് അദാനിയുടെ സുഹൃത്തായ MSCകമ്പനിക്കെതിരെ കേസെടുക്കേണ്ട എന്ന് ചീഫ് സെക്രട്ടറി നിർദേശിച്ചത് (ചീഫ് സെക്രട്ടറി ഇങ്ങനെയൊരു നിർദേശം പുറപ്പെടുവിച്ചിരുന്നില്ല എന്ന് സർക്കാർ പിന്നീട് വിശദീകരിച്ചിരുന്നു).
മാത്രമല്ല, മെയ് 28-ന് ഫിഷറീസ് മന്ത്രി തിരുവനന്തപുരത്തു വിളിച്ചുചേർത്ത മൽസ്യ തൊഴിലാളി- ട്രേഡ് യൂണിയൻ നേതാക്കളുടെ യോഗത്തിലെ തീരുമാനങ്ങൾ ഇതുവരെ നടപ്പാക്കിയിട്ടുമില്ല. തൊഴിലും, തൊഴിലിടവും നഷ്ടമായവർക്ക് അർഹമായ ആദ്യഘട്ട സഹായമെത്തിക്കണമെന്ന സംഘടനകളുടെ ആവശ്യം അംഗീകരിക്കാമെന്നു പറഞ്ഞുപോയ ഫിഷറീസ് മന്ത്രി 1000 രൂപയും, 6 കിലോ അരിയുമാണ് പ്രഖ്യാപിച്ചത്. ഒരു കുടുംബത്തിൽ എത്ര മൽസ്യ തൊഴിലാളിയുണ്ടെങ്കിലും കുടുംബത്തിലെ ഒരംഗത്തിന് മാത്രമായി ഈ സഹായം പരിമിതപ്പെടുത്തുകയും ചെയ്തു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ മാത്രമായി സഹായം പ്രഖ്യാപിച്ചിട്ട് അതും ഇതുവരെ തൊഴിലാളികൾക്ക് കിട്ടിയിട്ടില്ല.

അപകടവുമായി ബന്ധപ്പെട്ട നഷ്ടപരിഹാരത്തിന് സർക്കാരിന്റെ ഭാഗത്തു നിന്നുള്ള നീക്കത്തെക്കുറിച്ചും ആശങ്കയുണ്ട്. കേരളത്തിൽ ഫോർട്ട് കൊച്ചി കോസ്റ്റൽ പോലീസിന് മാത്രമേ കടലിൽ 200 നോട്ടിക്കൽ മൈലിനുള്ളിലെ കുറ്റകൃത്യങ്ങൾക്ക് കേസെടുക്കാൻ കഴിയുകയുള്ളൂ. ‘സർക്കാരിന്റെ പാർട്ട്ണ’റുടെ സുഹൃത്തിന് ദോഷം വരാതിരിക്കാൻ ഫോർട്ട് കൊച്ചി കോസ്റ്റൽ പോലീസിനെ കൊണ്ട് കപ്പൽ കമ്പനിക്കെതിരെ എടുത്തിരിക്കുന്ന കേസിലെ വകുപ്പുകൾ വളരെ ദുർബലമായത് എന്തുകൊണ്ടാണ് എന്ന് കൂടുതൽ വിശദീകരിക്കേണ്ടതില്ല. ഭാരതീയ ന്യായ സംഹിതയിലെ(BNS) 282, 285, 286, 287, 288, 3(5) എന്നീ ദുർബലമായ വകുപ്പുകൾ ഇട്ടാണ് ഫോർട്ട് കൊച്ചി കോസ്റ്റൽ പോലീസിനെ കൊണ്ട് കേസെടുപ്പിച്ചിരിക്കുന്നത് (?). ആറുമാസം വരെ തടവോ, 5000 രൂപ വരെ പിഴയോ കിട്ടാവുന്ന കുറ്റങ്ങൾ മാത്രമാണ് എല്ലാ വകുപ്പിലും ഉള്ളത്. MSC യിലെ ക്യാപ്റ്റൻ ഉൾപ്പെടെയുള്ള ജീവനക്കാർ മറ്റു രാജ്യങ്ങളിലെ പൗരരായതുകൊണ്ട് ഇറ്റാലിയൻ നാവികർ വെടിവെച്ചുകൊന്ന എന്റികാ ലക്സി കൊലക്കേസിലേതുപോലെ പിഴത്തുക അടച്ച് ഇവർ രക്ഷപ്പെട്ടു പോകാനാണ് സാധ്യത.
എല്ലാ വാർത്തകളെയും പോലെ ദൃശ്യമാധ്യമങ്ങൾക്ക് കുറച്ചു ദിവസത്തേക്കുള്ള ചർച്ചയും, ഭരണകർത്താക്കൾക്ക് ദൈനംദിന വിവാദങ്ങൾ ജനങ്ങളിൽ നിന്ന് മറച്ചുപിടിക്കാനുള്ള ഒരുപാധിയുമായി ഈ കപ്പൽ അപകടങ്ങളെ മാറ്റാൻ കഴിഞ്ഞു.
ആശങ്ക നിറഞ്ഞ കടൽ
എല്ലാ വാർത്തകളെയും പോലെ ദൃശ്യമാധ്യമങ്ങൾക്ക് കുറച്ചു ദിവസത്തേക്കുള്ള ചർച്ചയും, ഭരണകർത്താക്കൾക്ക് ദൈനംദിന വിവാദങ്ങൾ ജനങ്ങളിൽ നിന്ന് മറച്ചുപിടിക്കാനുള്ള ഒരുപാധിയുമായി ഈ കപ്പൽ അപകടങ്ങളെ മാറ്റാൻ കഴിഞ്ഞു. എന്നാൽ കടൽ കൊണ്ട് ജീവിക്കുന്ന മത്സ്യത്തൊഴിലാളികളും, ലക്ഷക്കണക്കിന് അനുബന്ധ തൊഴിലാളികളും, കുറഞ്ഞ ചെലവിൽ പ്രോട്ടീൻ കൂടുതലുള്ള മൽസ്യം വാങ്ങി കഴിക്കുന്ന സാധാരണക്കാരും വരുംകാലങ്ങളിൽ കൂടുതൽ ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടിവരും.

കപ്പൽ മുങ്ങിയ ഇടം പരമ്പരാഗത മത്സ്യത്തൊഴിലാളികൾ അധികമായി മത്സ്യബന്ധനം നടത്താത്ത സ്ഥലമാണെങ്കിലും കപ്പലിലുണ്ടായ കണ്ടെയ്നറുകളിൽ നിന്ന് പുറത്തേക്ക് വരുന്ന വിഷദ്രാവകങ്ങളും എണ്ണയും ഉൾപ്പെടെ ഭാവിയിൽ വലിയ ഭീഷണിയായി തീരും. കാരണം ഇരു കപ്പലുകളിലെയും കണ്ടെയ്നറുകളും അവയിൽ നിന്ന് പുറത്തേക്ക് വീണിട്ടുള്ള വസ്തുക്കളും മാലിന്യങ്ങളും വിഷാംശങ്ങളുമെല്ലാം ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റിലും വടക്കൻ ഒഴുക്കിലും തെക്കൻ തീരത്തേക്കാണ് വന്നിരിക്കുന്നത്. നിലവിൽ പരമ്പരാഗത മൽസ്യ തൊഴിലാളികൾ 8 നോട്ടിക്കൽ മൈലിന് കിഴക്ക് ഭാഗത്തുനിന്നാണ് കൂടുതൽ മത്സ്യം പിടിക്കുന്നത്. ഈ ഭാഗങ്ങളിൽ നിന്നു പിടിക്കുന്ന മത്സ്യങ്ങളാണ് കേരളത്തിലെ മനുഷ്യർ ഏറ്റവും കൂടുതലായി ഭക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ, ഈ രണ്ട് അപകടങ്ങൾ ഭാവിയിൽ മൽസ്യലഭ്യതയിൽ ഗണ്യമായ കുറവുണ്ടാക്കാൻ സാധ്യതയുണ്ട്.
അപകടങ്ങൾക്കുശേഷം, കടൽ മൽസ്യം കഴിക്കുന്നതിനെക്കുറിച്ച് ചില മാധ്യമങ്ങളും സോഷ്യൽ മീഡിയയും ആശങ്കയുണ്ടാക്കിയിരുന്നു. എന്നാൽ, മത്സ്യം കഴിക്കുന്നതുകൊണ്ട് കുഴപ്പമില്ലെന്ന് സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയുടെയും (CIFT), കേരള യൂണിവേഴ്സിറ്റി ഓഷ്യൻ ആന്റ് ഫിഷറീസ് സ്റ്റഡീസിന്റെയും (KUFOS) ശാസ്ത്രീയ പഠനറിപ്പോർട്ട് പുറത്തുവന്നു. ഇതുമാത്രമാണ് കപ്പലുകൾ മുങ്ങിയ ശേഷം മൽസ്യ തൊഴിലാളികൾക്ക് ആശ്വാസമായുള്ളത്. അപ്പോഴും രണ്ട് വലിയ ആശങ്കകൾ കടലാളരെ ഭയപ്പെടുത്തുന്നുണ്ട്.

ഒന്ന്; കടലിൽ പതിച്ച കണ്ടെയ്നറുകൾ കൃത്യമായി മാറ്റാൻ കഴിയുമോ?
രണ്ട്; അപകടങ്ങളെക്കുറിച്ച് ശാസ്ത്രീയ പഠനം നടത്തി ഭാവിയിൽ ഉണ്ടായേക്കാവുന്ന ദോഷങ്ങൾ കൃത്യമായി വിലയിരുത്തി നഷ്ടപരിഹാരം ഈടാക്കാൻ സർക്കാരിന് കഴിയുമോ?
ഈ രണ്ടു ആശങ്കകളും പരിഹരിച്ചില്ലെങ്കിൽ അത് മൽസ്യ തൊഴിലാളികളെ മാത്രമല്ല, കേരളത്തിലെ മുഴുവൻ മനുഷ്യരെയും ബാധിക്കും. MSC കപ്പൽ അപകടത്തിൽ, കപ്പൽ കമ്പനിയുമായി ഒത്തുതീർപ്പിനുള്ള ചർച്ചകൾ നിർത്തിവയ്ക്കണമെന്നും, നഷ്ടപരിഹാര തുകയെക്കുറിച്ച് കൃത്യമായ കണക്ക് പറയണമെന്നുമുള്ള ഹൈക്കോടതി നിരീക്ഷണം, സംസ്ഥാന സർക്കാരും അദാനി - MSC കമ്പനികളും തമ്മിലുള്ള രഹസ്യ നീക്കങ്ങൾക്ക് തടയിടാൻ സഹായിക്കും.
MSC കപ്പൽ അപകടത്തിൽ, കപ്പൽ കമ്പനിയുമായി ഒത്തുതീർപ്പിനുള്ള ചർച്ചകൾ നിർത്തിവയ്ക്കണമെന്നും, നഷ്ടപരിഹാര തുകയെക്കുറിച്ച് കൃത്യമായ കണക്ക് പറയണമെന്നുമുള്ള ഹൈക്കോടതി നിരീക്ഷണം, സംസ്ഥാന സർക്കാരും അദാനി - MSC കമ്പനികളും തമ്മിലുള്ള രഹസ്യ നീക്കങ്ങൾക്ക് തടയിടാൻ സഹായിക്കും.
ഭക്ഷണത്തിൽ മൽസ്യത്തിന് ഏറ്റവും കൂടുതൽ പ്രാധാന്യം കൊടുക്കുന്ന സംസ്ഥാനമാണ് കേരളം. ശുദ്ധമായ മത്സ്യം കിട്ടുന്നതിലും ശുദ്ധമായ മത്സ്യം കഴിക്കുന്നതിലും കേരളീയർ മുൻപന്തിയിലുമാണ്. അതുകൊണ്ടുതന്നെ, രണ്ട് അപകടങ്ങളിലുടെയും കടലിലെത്തിയ കണ്ടെയ്നറുകൾ കണ്ടെത്തി കരയിൽ എത്തിച്ചില്ലെങ്കിൽ അതിലുള്ള വിഷവസ്തുക്കൾ ഭാവിയിലും ഭീഷണിയാകും. മത്സ്യങ്ങൾ ഇവ ഭക്ഷിക്കില്ലെന്ന് ഉറപ്പിക്കാം (മത്സ്യങ്ങൾ സ്വയം വിഷം കഴിക്കുമെന്ന് കരുതാനാകില്ല. കടൽമൽസ്യം ഭക്ഷ്യയോഗ്യമാണെന്നും വിഷാംശമില്ലെന്നുള്ള തെളിവ് ClFT- യും KUFOS- ഉം പുറത്തുവിട്ടിട്ടുണ്ട്). പക്ഷേ, വിഷവസ്തുക്കളുടെ സാന്നിധ്യമുള്ള പരിസരത്തുനിന്ന് മത്സ്യങ്ങൾ മാറിപ്പോകും. അതായത്, മത്സ്യങ്ങൾ കൂട്ടമായി കേരളതീരം വിട്ടുപോകാൻ സാധ്യതയുണ്ട്. ഉപരിതല മത്സ്യങ്ങളായ മത്തി, അയല, നത്തോലി, ചൂര, നെയ്മീൻ, തിരിയാൻ, മണങ്ങ് എന്നിവയെല്ലാം വിഷദ്രാവകങ്ങൾ നിമിത്തം അസ്വസ്ഥതയുണ്ടാകുന്ന കടലിൽ നിന്ന് വേഗത്തിൽ സ്ഥലം വിടും. ഇവയുടെ മുട്ടകൾ ഉപരിതലത്തിലാണ് കാണപ്പെടുന്നത്. എണ്ണപ്പാടകളും വിഷദ്രാവകങ്ങളും ഒഴുകി മാറുമ്പോൾ സ്വയം സഞ്ചരിക്കാൻ കഴിയാത്ത മുട്ടകളെല്ലാം നശിക്കും. മൽസ്യങ്ങളുടെ ആഹാരമായ സൂക്ഷ്മജീവികളും ഇല്ലാതാകും. കൂടാതെ കിളിമീൻ, കോര, പല്ലിമീൻ, പരവ, ഏട്ട, കൂരിവർഗ്ഗങ്ങൾ, അരണമീൻ, കണമ്പ്, കല്ലേമുട്ടി, കതിരാൻ, കറൂപ്പ്, മുള്ളൻ, മാന്തൾ, നങ്ക് തുടങ്ങിയ നിരവധി അടിത്തട്ടു മത്സ്യങ്ങളും, വിവിധ തരം ഞണ്ടുകൾ, കക്കകൾ, ശംഖ് വർഗ്ഗത്തിൽപ്പെട്ട ജീവികൾ, കടൽപായലുകൾ, വർണ്ണ മൽസ്യങ്ങൾ, പവിഴപ്പുറ്റുകൾ എന്നിവയും ഭാവിയിൽ വലിയ നാശത്തിനിരയാകും. അടിത്തട്ട് മൽസ്യങ്ങളുടെ മുട്ടകളും ഇല്ലാതാകും.

കടലിന്റെ ഹരിത സമ്പുഷ്ടമായ സൂക്ഷ്മജീവികളുടെ അന്ത്യം കാലാവസ്ഥയിലും മാറ്റങ്ങളുണ്ടാക്കും. ഇതു മൂലമുള്ള വിലമതിക്കാനാവാത്ത പരിസ്ഥിതിനാശവും കോടിക്കണക്കിന് രൂപയുടെ മൽസ്യനഷ്ടവും കേരളത്തിലെ മുഴുവൻ മനുഷ്യരെയും ബാധിക്കും. പ്രത്യക്ഷത്തിൽ രണ്ടോ മൂന്നോ വർഷത്തേക്ക് നമ്മുടെ കടലിൽ ഒരു മാറ്റവും സംഭവിച്ചില്ലെങ്കിലും മത്സ്യങ്ങളുടെ ഭക്ഷണക്രമത്തെ മുഴുവൻ താളം തെറ്റിക്കുവാൻ ഈ കപ്പലുകളിൽനിന്നുള്ള നശീകരണ വിഷദ്രാവകങ്ങൾക്ക് കഴിയും.
കാരണം, ഈ കപ്പലുകളും കണ്ടെയ്നറുകളും മൺസൂൺ കഴിയുന്നതോടെ വടക്കുനിന്നും തെക്കു ഭാഗത്തേക്കുള്ള ശക്തമായ ഒഴുക്ക് നിലയ്ക്കുന്നതോടെ നിശ്ചലമായി കടലിന്റെ അടിത്തട്ടിൽ വിശ്രമം കൊള്ളും. ഇതിൽ നിന്ന് പുറത്തേക്കുവരുന്ന വിഷമാലിന്യമടക്കമുള്ള ദ്രാവകങ്ങളിൽനിന്ന് രക്ഷപ്പടാൻ ഉപരിതല മൽസ്യങ്ങൾ ദിശ മാറി അകലെയ്ക്ക് സഞ്ചരിക്കും. വേഗത കുറഞ്ഞ അടിത്തട്ട് മൽസ്യങ്ങളും മറ്റ് കടൽ ജീവിവർഗ്ഗങ്ങളും താഴെത്തട്ടിലൂടെ ജീവശ്വാസത്തിനായി മുറവിളി കൂട്ടും. വളരെ പതുക്കെ മാത്രം സഞ്ചരിക്കുന്ന ചിലതരം കക്കകളും ശംഖു വർഗ്ഗ ജീവികളും നക്ഷത്ര മൽസ്യങ്ങളും നാമാവശേഷമാകും. ഇത് കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെയും മത്സ്യം കഴിക്കുന്നവരുടെ ഭക്ഷണക്രമത്തെയും മാത്രമല്ല, കടലിന്റെ മുഴുവൻ പരിസ്ഥിതിയെയും ബാധിക്കും.
അപകടങ്ങളെ തുടർന്നുണ്ടായ ഗുരുതര വീഴ്ചയ്ക്ക് ഉത്തരവാദികളായ കപ്പൽ കമ്പനികളിൽ നിന്ന് നഷ്ടപരിഹാരമായി 30,000 കോടിയിൽ കുറയാത്ത തുക ഈടാക്കി മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും നൽകേണ്ടതുണ്ട്. ഈ തുകയിൽ ഒരു ഭാഗം കടലിന്റെ പരിസ്ഥിതി സംരക്ഷണത്തിനും, തീരത്തിന്റെയും കടലിന്റെയും ക്ലീനിംഗിനുമായി മാറ്റിവയ്ക്കണം.
മൽസ്യപ്രേമികളായ നമുക്ക് കുറച്ച് വർഷങ്ങൾ കഴിഞ്ഞാൽ മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള പഴകിയതും വില കൂടിയതുമായ മത്സ്യം കഴിക്കേണ്ടിവരും. ഇത് മലയാളിയുടെ ആരോഗ്യത്തെ ബാധിക്കും. കാൽസ്യവും മാംസ്യവും പ്രോട്ടീനുമടങ്ങി മീൻവിഭവങ്ങൾ ദിനംതോറും കഴിച്ചു കൊണ്ടിരിക്കുന്ന തീരദേശ മനുഷ്യരുടെ സാമ്പത്തിക സ്ഥിതിയെയും ആരോഗ്യത്തെയും ഗുരുതരമായി ബാധിക്കും. മറ്റുള്ളവരെപ്പോലെ പണം കൊടുത്ത് മത്സ്യം വാങ്ങി കഴിക്കാൻ പറ്റാതാകുന്നതോടെ അവരുടെ ജീവിതം ദുരിതപൂർണ്ണമാകും. ഇത് ഭാവിയെക്കുറിച്ചുള്ള വലിയ ആശങ്കയാണ്. പക്ഷേ ഇപ്പോഴത്തെ ചർച്ചകൾക്കുശേഷം, ഇക്കാര്യങ്ങളെല്ലാം വിസ്മൃതിയിലാകാനാണ് സാധ്യത. മത്സ്യശോഷണം സ്വാഭാവികമാണ് എന്ന ചർച്ചയാണ് അന്ന് നടക്കുക.
വേണം, ന്യായമായ നഷ്ടപരിഹാരം
വെള്ളത്തിനടിയിൽ കിടക്കുന്ന കണ്ടെയ്നറുകൾ കണ്ടെത്തി ചെറിയ കപ്പലുകളിലൂടെ ഇവയെ പോർട്ടുകളിൽ എത്തിക്കുകയാണ് അടിയന്തരമായി ചെയ്യേണ്ടത്. തിരിച്ചെടുക്കാനായില്ലെങ്കിൽ മാത്രം ബോയകൾ ഇട്ട് ഈ സ്ഥലങ്ങൾ അടയാളപ്പെടുത്തണം. അല്ലെങ്കിൽ ഇവയെല്ലാം കടലിൽ വലിയ ഉടക്കുകളായി മാറും. ഈ കണ്ടെയ്നറുകൾ മൂലം സമീപദിവസങ്ങളിൽ ട്രോളിംഗ് ബോട്ടുകളുടെ നിരവധി വലകളാണ് തോട്ടപ്പള്ളിയിലും കായംകുളത്തും നീണ്ടകരയിലും നഷ്ടമായത്. കോസ്റ്റൽ പോലീസിന് പരാതി കൊടുത്തിട്ട് കേസെടുക്കാൻ പോലും തയ്യാറാകുന്നില്ല എന്ന് കായംകുളത്തെ മൽസ്യ തൊഴിലാളികൾ പറയുന്നു. ട്രോളിംഗ് ബോട്ടുകളുടെ വലകൾക്ക് രണ്ടു മുതൽ നാലു ലക്ഷം രൂപ വരെയുണ്ട്. പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ഉപയോഗിക്കുന്ന ഇൻബോർഡ് വള്ളങ്ങളുടെ വലകൾക്ക് 30- 40 ലക്ഷം രൂപ വരെ നിർമ്മാണ ചെലവുണ്ട്. തീരക്കടലിലേക്ക് ഒഴുകിയെത്തിയ കണ്ടെയ്നറുകളിൽ ഉടക്കി ഇത്തരം റിങ് സീൻ വലകൾ നഷ്ടമായാൽ സർക്കാരിൽ നിന്ന് നയാപൈസ കിട്ടില്ല.

അതുകൊണ്ടുതന്നെ, ഈ അപകടങ്ങളെ തുടർന്നുണ്ടായ ഗുരുതര വീഴ്ചയ്ക്ക് ഉത്തരവാദികളായ കപ്പൽ കമ്പനികളിൽ നിന്ന് നഷ്ടപരിഹാരമായി 30,000 കോടിയിൽ കുറയാത്ത തുക ഈടാക്കി മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും നൽകേണ്ടതുണ്ട്. ഈ തുകയിൽ ഒരു ഭാഗം കടലിന്റെ പരിസ്ഥിതി സംരക്ഷണത്തിനും, തീരത്തിന്റെയും കടലിന്റെയും ക്ലീനിംഗിനുമായി മാറ്റിവയ്ക്കണം.
2012-ൽ ഇറ്റലിയിൽ കോസ്റ്റാകോൺ കോഡിയ എന്ന യാത്രാക്കപ്പൽ പാറയിലിടിച്ചു തകർന്നപ്പോൾ പരിസ്ഥിതി മലിനീകരണം, മാലിന്യനീക്കം, നഷ്ടപരിഹാരം എന്നിവയ്ക്ക് 17,200 കോടി രൂപയാണ് (രണ്ടു ബില്യൺ ഡോളർ) നഷ്ടപരിഹാരമായി വാങ്ങിയെടുത്തത്. എണ്ണ ചോർച്ച സംബന്ധിച്ച് 2001-ലെ ‘ബങ്കർ ഓയിൽ പൊലൂഷൻ ഡാമേജ് സിവിൽ ലയബിലിറ്റി കൺവെൻഷനി’ൽ ഇത്തരം നഷ്ടപരിഹാരം ഈടാക്കാൻ വകുപ്പുണ്ടെന്നും 35 വർഷം വിവിധ കപ്പലുകളിൽ സേവനമനുഷ്ഠിക്കുന്ന ക്യാപ്റ്റൻ ബാബു ജേക്കബ് പറയുന്നു. ഒരു യാത്രാക്കപ്പലിൽ നിന്നുള്ള എണ്ണച്ചോർച്ചയ്ക്ക് ഇത്രയും തുക വാങ്ങിയെടുക്കാമെങ്കിൽ, ഒരു ജനവിഭാഗത്തിന്റെ ജീവിതവും കടലിന്റെ ആവാസവ്യവസ്ഥയും അപകടത്തിലാക്കുകയും രാജ്യത്തെ നിയമങ്ങളെ നോക്കുകുത്തിയാക്കുകയും ചെയ്യുന്ന കപ്പൽ കമ്പനികളിൽ നിന്ന് പരമാവധി നഷ്ടപരിഹാരം വാങ്ങിയെടുക്കാൻ ഭരണകൂടവും നിയമസംവിധാനങ്ങളും മുന്നോട്ടുവരണം.

MSC കപ്പലിന്റെ കണ്ടെയ്നറുകളുമായി ബന്ധപ്പെട്ട് ‘കണ്ടെയ്നർ മാനിഫെസ്റ്റോ’ പുറത്തിറക്കാത്ത കപ്പൽ കമ്പനികളിൽ നിന്ന് അധികമായ പിഴത്തുക ഈടാക്കുവാൻ കേന്ദ്ര- സംസ്ഥാന സർക്കാറുകൾ തയ്യാറാകണം. വിഴിഞ്ഞം പോർട്ടിലെ നിഗൂഢമായ നീക്കങ്ങൾക്ക് ഒത്താശ നൽകുന്ന അധികാരികൾക്കെതിരെയും നടപടിക വേണം. അല്ലെങ്കിൽ വിഴിഞ്ഞം പോർട്ട് ആർക്കും എന്തും ചെയ്യാവുന്ന ഗുജറാത്തിലെ തുറമുഖങ്ങളെ പോലെയാകും.
ഈ അപകടങ്ങളുടെ പ്രത്യാഘാതങ്ങളെ നിസ്സാരവൽക്കരിച്ചാൽ, അതിന് കേരളം വലിയ വില കൊടുക്കേണ്ടിവരുമെന്നുറപ്പാണ്. ഭാവിയിൽ ഇതുപോലുള്ള അപകടങ്ങളുണ്ടായാൽ സർക്കാർ - അദാനി -MSC - പാർട്ണർഷിപ്പ് ഒത്തൊരുമിച്ച് കൈ കൊടുത്ത് പിരിയും, മത്സ്യത്തൊഴിലാളികളും മത്സ്യം കഴിക്കുന്നവരും തീരദേശസമൂഹവും അതിന്റെ ഇരകളായും മാറും. ഒരു രാജ്യത്തിന്റെ പരമാധികാരത്തെയും സുരക്ഷയെയും കൂടിയാണ് ഇത്തരം ‘പാർട്ണർഷിപ്പു’കൾ നോക്കുകുത്തിയാക്കുന്നതെന്ന് പറയേണ്ടിവരും. അതിന് തടയിടാൻ ഭരണകൂടം മാത്രമല്ല, ജനങ്ങളും ശാസ്ത്രസമൂഹവും നീതിന്യായ സംവിധാനവും ഒറ്റക്കെട്ടായി തീരമനുഷ്യരോടൊപ്പം നിന്നേ മതിയാകൂ.
