2004-ലെ സുനാമി കേരളം അതിവേഗം മറന്നു കളഞ്ഞ പ്രകൃതി ദുരന്തമാണ്. ഇരുപതാം വാർഷികത്തിൽ അക്കാദമിക് മേഖല സെമിനാറുകളും ചർച്ചകളും സംഘടിപ്പിച്ചു എന്നല്ലാതെ മറ്റൊരു അനുസ്മരണം കേരളത്തിൽ നടന്നില്ല. ജീവനും സ്വത്തും തൊഴിലും നഷ്ടപ്പെട്ട മനുഷ്യർ വേദനയോടെ ആ ദുരന്തത്തെ ഓർത്തു എന്നല്ലാതെ മറ്റൊന്നും സംഭവിച്ചില്ല.
എന്നാൽ കേരളത്തിലെ തീരദേശങ്ങളെ സംബന്ധിച്ച് സുനാമിയും അത് സൃഷ്‌ടിച്ച പുനരധിവാസ മാതൃകയും അവരുടെ ജീവിതത്തെത്തും തൊഴിലിനെയും അതോടൊപ്പം പാർപ്പിടത്തെയും കുറിച്ചുള്ള എല്ലാവിധ കാഴ്ചപ്പാടുകളെയും പുനർനിർണ്ണയിക്കുന്നതായി എന്നതാണ് വസ്തുത.
കേരത്തിലെ തീരദേശം മുഴുവൻ വ്യാപിച്ച സുനാമി വീടുകളുടെ, ഏറ്റവും പരിമിത സൗകര്യങ്ങളോടെ നാല് അംഗങ്ങൾക്കായി നിജപ്പെടുത്തിയ ഭവന മാതൃകയാണ് ഇന്ന് കേരളത്തിൽ ദരിദ്രർക്ക് കാണാൻ കഴിയുന്ന ഏറ്റവും വലിയ വികസന സ്വപനമായ ലൈഫ് മിഷൻ വീടുകളുടെ, പ്രത്യേകിച്ച് തീരദേശത്തെ വീടുകളുടെ ചരിത്രം.
വികസന രീതിശാസ്ത്രം തീരപ്രദേശത്ത് സൃഷ്ടിക്കുന്ന പ്രതിസന്ധി കേരളത്തിൽ ഇതുവരെ ഗൗരമായ ചർച്ചകൾക്കോ രാഷ്‌ടീയ ഇടപെടലുകൾക്കോ വിധേയമായിട്ടില്ല. 2017-ലെ ഓഖി ദുരന്തനിവാരണം, കേരളത്തിലെ വികസന മാതൃകയെയും ദുരന്ത നിവാരണ സംവിധാനങ്ങളെയും ചോദ്യം ചെയ്യുന്നതായിരുന്നു. മരിച്ച തൊഴിലകളുടെ കുടുംബങ്ങൾക്ക് ലഭിച്ച നഷ്ട പരിഹാര തുക ഒഴിച്ചാൽ ഈ ദുരന്തമുണ്ടാക്കിയ ആഘാതം ഇന്നും തുടരുന്നു.
ഓരോ മഴക്കാലവും കേരളത്തിൽ ഏറ്റവും കൂടുതൽ ആഘാതം സൃഷ്ടിക്കുന്നത് തീരദേശങ്ങളിലാണ്. മാധ്യമങ്ങളിൽ വരുന്ന കടൽ കയറ്റത്തിന്റെ വാർത്തകൾ പരിശോധിച്ചാൽ ഇത് മനസിലാകും. 'കണ്ണീർക്കടൽ', 'അശാന്തിയുടെ തീരം' എന്നൊക്കെയുള്ള തലക്കെട്ടുകൾക്ക് അധിക വർഷത്തെ പഴക്കമില്ല. കടലാക്രമണം അഥവാ കടൽ കയറ്റം എന്ന താത്കാലിക പ്രതിഭാസം ഓരോ വർഷവും തീരങ്ങളിലെ ജനങ്ങളുടെ ജീവിതോപാധികളും ഭൂമിയും അതോടൊപ്പം സാമൂഹിക- സ്ഥല ബന്ധങ്ങളും ഇല്ലാതാക്കുന്ന ഒരു ദുരിതമായി മാറിയതിന് 30 വർഷത്തെ ചരിത്രമേയുള്ളൂ. 1991-2016 കാലഘട്ടത്തിൽ മാത്രം 45% തീരം കേരളത്തിൽ നഷ്ടപ്പെട്ടു എന്നാണ് കണക്ക്. ഈ കണക്കുകളെ ശാസ്ത്രീയമായി വിലയിരുത്തി ശാസ്ത്രീയ പരിഹാരങ്ങൾ നിർദ്ദേശിക്കുന്നതിൽ കേരളത്തിലേ 'വിദഗ്ദ്ധ' സംഘം വലിയ സംഭാവനകൾ നൽകുന്നുണ്ട്. എന്നാൽ തീരശോഷണം സൃഷ്ടിക്കുന്ന സാമൂഹിക ആഘാതങ്ങളെപറ്റി കേരളത്തിലെ ദുരന്തനിവാരണ സ്ഥാപനങ്ങൾ അടക്കം കാര്യമായി ചിന്തിച്ചിട്ടില്ല.

തീരശോഷണം സംബന്ധിച്ച പ്രശ്ങ്ങൾക്ക് കേരളത്തിലെ ദുരന്തനിവാണ / പരിസ്ഥിതി വകുപ്പുകൾ പരിഹാരമായി അവതരിപ്പിക്കുന്നത് മൽസ്യബന്ധനവകുപ്പ് നടപ്പിലാക്കുന്ന, ‘പുനര്‍ഗേഹം’ പദ്ധതിയാണ്, വേലിയേറ്റ രേഖയില്‍ നിന്ന് 50 മീറ്റര്‍ പരിധിയ്ക്കുള്ളിൽ കഴിയുന്ന മുഴുവന്‍ ജനവിഭാഗങ്ങളെയും സുരക്ഷിതമേഖലയില്‍ മാറ്റി പാർപ്പിക്കുന്ന പദ്ധതിയെയാണ് ഏറ്റവും മികച്ച പരിഹാരമായി അവതരിപ്പിക്കുന്നത്.
ഈ പദ്ധതിയും 2004-ലെ സുനാമി പുനരധിവാസ പദ്ധതിയുടെ മാതൃകയിൽ രൂപപ്പെടുത്തിയതാണ്. കേരളത്തിലെ പരിസ്ഥിതി, ദുരന്ത നിവാരണ, മൽസ്യബന്ധന വകുപ്പുകൾക്കൊന്നും തീരങ്ങൾ കടന്ന് പ്രതിസന്ധി പരിഹരിക്കാൻ വേണ്ട കാര്യമായ ഇടപെടലുകൾ നടത്താൻ കഴിഞ്ഞിട്ടില്ല. കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ, ബ്ലൂ ഇക്കോണമി പദ്ധതികൾക്കായി തീരങ്ങളെ മാറ്റിത്തീർക്കൽ തുടങ്ങിയവ ഒരു വലിയ സമൂഹത്തിന്റെ തൊഴിലും ജീവിതവും പ്രതിസന്ധിയിലാക്കുന്നുണ്ട്.
ഇപ്പോഴുണ്ടായ രണ്ട് കപ്പലപകടങ്ങൾ, തീരങ്ങൾ എത്രത്തോളം ദുർബലമാണ് എന്ന് തെളിയിക്കുന്നതു കൂടിയാണ്. കൊച്ചി തീരത്തു നിന്ന് 38 നോട്ടിക്കൽ മൈൽ അകലെയുണ്ടായ എം.എസ്.എസി എൽസ 3 എന്ന ലൈബീരിയൻ കപ്പലപകടത്തിന്റെ വ്യാപ്തി ഇനിയും കൃത്യമായി കണക്കായിട്ടില്ല. അപകടം ഉണ്ടാക്കാവുന്ന ആഘാതത്തെ പറ്റി ഫിഷറീസ് സർവകലാശാല പഠനം നടത്താനുള്ള തീരുമാനമെടുത്തിട്ടുണ്ട് എന്നാണ് മനസിലാകുന്നത്. ഈ കപ്പലിൽ 643 കണ്ടെയ്നറുകളുണ്ടായിരുന്നു എന്നാണ് പുറത്തുവന്ന വാർത്തകൾ. സർക്കാർ ഇതുവരെ തുറന്നു പറയാത്ത വസ്തുതുക്കളുമുണ്ട് എന്നും പറയപ്പെടുന്നു. ഈ അപകടത്തിന്റെ ആഘാതം ഏറ്റവും കൂടുതൽ ഉണ്ടാകാൻ പോകുന്നത് മൽസ്യത്തൊഴിലാളികൾക്കാണ്.
എം.എസ്.എസി എൽസ 3 അപകടത്തെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചതോടെ തൊഴിൽ നഷ്ടമുണ്ടായവർ നഷ്ടപരിഹത്തിന് അർഹരായി. നഷ്ടപരിഹാരം എന്നത് സർക്കാർ ഉത്തരവാദിത്തം കൂടിയായി മാറി. ഒപ്പം, ഇന്നലെ കപ്പലുടമകളായ കമ്പനിക്കും ക്യാപ്റ്റുമെതിരെ പൊലീസ് കേസും എടുത്തിട്ടുണ്ട്.
സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചതോടെ ദുരന്തനിവാരണത്തിന് നീക്കിവെച്ച തുക ചെലവഴിക്കാൻ സർക്കാരിന് അവസരമുണ്ടാകും. മറ്റൊരു തരത്തിൽ പറഞ്ഞാൽ, ദുരന്തനിവാരണത്തിന് സർക്കാർ അധിക തുക ചെലവഴിക്കേണ്ടിവരില്ല.

കോവിഡ് മഹാമാരി നോട്ടിഫൈഡ് ഡിസാസ്റ്റർ ആണ്. ദുരന്തമായി സർക്കാർ പ്രഖ്യാപിച്ചതുകൊണ്ടുതന്നെ, ഇരകൾ നഷ്ടപരിഹാരത്തിന് അർഹരാണ് എന്ന് സുപ്രീം കോടതിയാണ് വിധിച്ചത്. കോവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബത്തിന് നാലു ലക്ഷം രൂപവരെ നഷ്ടപരിഹാരം നൽകണം എന്നായിരുന്നു വിധി (Civil Original Jurisdiction Writ Petition (Civil) NO. 554 Of 2021- 30 June 2021). ഇതിനെ തുടർന്നുള്ള ഇടപെടലുകൾ വഴിയാണ് കോവിഡ് ബാധിച്ചു മരിച്ചവർക്ക് 50,000 രൂപ വരെ നഷ്ടപരിഹാരം നൽകാനുള്ള തീരുമാനമുണ്ടാകുന്നത്.
സംസ്ഥാന ദുരന്ത പ്രഖ്യാപനത്തിന് മറ്റു ചില പ്രത്യാഘാതങ്ങൾ കൂടിയുണ്ട്. അപകടത്തിന്റെ വ്യാപ്തിയും കപ്പൽ കമ്പനികൾക്കുള്ള നിയമപരമായ ബാധ്യതകളും പരിഗണിക്കാതെയുള്ള പ്രഖ്യാപനം ഫലത്തിൽ കമ്പനികൾക്ക് ഗുണപരമായി തീരാനും സാധ്യതയുണ്ട്.
കണ്ണൂർ അഴീക്കലിൽനിന്ന് 44 നോട്ടിക്കൽ മൈൽ അകലെ സിംഗപ്പുർ ചരക്കുകപ്പൽ വാൻ ഹയി 503-ലുണ്ടായ തീപിടുത്തവും സാങ്കേതികമായി സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കേണ്ട ബാധ്യത സർക്കാരിനുണ്ട്. ബേപ്പൂർ പുറംകടലിലാണ് തീ പിടുത്തമുണ്ടായത്. കപ്പലിലുണ്ടായിരുന്ന 18 ജീവനക്കാർ സുരക്ഷിതരാണ് എന്നാണ് വാർത്ത. നാലു ജീവനക്കാരെ കാണാനില്ല. The Indian National Centre for Ocean Information Services (INCOIS) വാർത്താകുറിപ്പിൽ പറയുന്നത്, മൂന്ന് ദിവസത്തിനുള്ളില്‍ കൊച്ചിക്കും കോഴിക്കോടിനുമിടയില്‍ കണ്ടെയ്‌നറുകള്‍ തീരത്തടിയാൻ സാധ്യതുണ്ട് എന്നാണ്. ഗ്രാഫ് നോക്കുക.

Source: The Indian National Centre for Ocean Information Services (INCOIS)
അതായത്, കേരളത്തിലെ തീരദേശ ജനത മറ്റൊരു ദുരന്തം കൂടി നേരിടേണ്ടിവരും എന്നാണ് ഈ കുറിപ്പ് ചൂണ്ടിക്കാണിക്കുന്നത്. രണ്ടു കപ്പൽ ദുരന്തങ്ങളും നടന്നത് 200 നോട്ടിക്കൽ മൈലിനുള്ളിനാണ്. കൃത്യമായി പറഞ്ഞാൽ 12 നോട്ടിക്കൽ മൈലിനും 200 നോട്ടിക്കൽ മൈലിനും ഇടക്കുള്ള Exclusive Economic Zone (EEZ) ലാണ് രണ്ടപകടങ്ങളും ഉണ്ടായത്. 200 നോട്ടിക്കൽ മൈലിനുള്ള പ്രദേശം ഇന്ത്യൻ സർക്കാരിന്റെ സ്വതന്ത്ര അധികാരമുള്ള പ്രദേശം കൂടിയാണ്. Food and Agriculture Organization (FAO) കണക്കു പ്രകാരം 90 ശതമാനം മൽസ്യബന്ധനം നടക്കുന്നതും ഈ 200 നോട്ടിക്കൽ മൈലിനുള്ളിനാണ്. കേരളത്തിലെ സ്ഥിതിയും വ്യത്യസ്തമല്ല.
രണ്ടു കപ്പലപകടങ്ങളും നടന്നത് സാധാരണ മൽസ്യത്തൊഴിലാളികളുടെ പ്രവർത്തന മേഖലയിൽ കൂടിയാണ്. അതുകൊണ്ടുതന്നെ ഇവയുണ്ടാക്കുന്ന ആഘാതത്തെ കൃത്യമായി വിലയിരുത്തേണ്ടതുണ്ട്. എന്നാൽ സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കപ്പെടുന്നതോടെ സംസ്ഥാന സർക്കാർ അപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു എന്നും പറയാം.
സംസ്ഥാന ദുരന്ത പ്രഖ്യാപനത്തിന് മറ്റു ചില പ്രത്യാഘാതങ്ങൾ കൂടിയുണ്ട്. അപകടത്തിന്റെ വ്യാപ്തിയും കപ്പൽ കമ്പനികൾക്കുള്ള നിയമപരമായ ബാധ്യതകളും പരിഗണിക്കാതെയുള്ള പ്രഖ്യാപനം ഫലത്തിൽ കമ്പനികൾക്ക് ഗുണപരമായി തീരാനും സാധ്യതയുണ്ട്. സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കാതെ തന്നെ സർക്കാറിന് മൽസ്യത്തൊഴിലാകളെ സഹായിക്കാൻ കഴിയുമായിരുന്നു. അത്തരം സാദ്ധ്യതകൾ പരിഗണിക്കാതെയുള്ള ഇത്തരം ഇടപെടലുകൾ ആരെയോ സംരക്ഷിക്കാനാണ് എന്ന് കരുതിയാൽ തെറ്റു കാണാൻ കഴിയില്ല.
നഷ്ടപരിഹാരം എന്ന മിഥ്യ
THE MERCHANT SHIPPING ACT, 1958 പ്രകാരം വിദേശ കപ്പലുകൾ ഏതെങ്കിലും തരത്തിലുള്ള നാശനഷ്ടമുണ്ടാക്കുകയാണെണ്ടിൽ അവ പിടിച്ചു വെക്കാനും നഷ്ടപരിഹാരം ആവശ്യപ്പെടാനും ഹൈ കോടതി അടക്കമുള്ള സംവിധാനങ്ങൾക്ക് കഴിയും. എന്നാൽ കേരളത്തിലെ രണ്ടു അപകടങ്ങളിലും കപ്പൽ കമ്പനിയുടെ ഭാഗത്തുനിന്ന് നഷ്ടപരിഹാരം ഈടാക്കാൻ വേണ്ട ഇടപെടലുകൾ നടത്തുന്നതിൽ കേന്ദ്ര- സംസ്ഥാന സർക്കാർ കാര്യമായ നടപടിയെടുത്തിട്ടില്ല. ഇവിടയെയാണ് ആദ്യ കപ്പലപകടം നടന്നയുടൻ പ്രഖ്യാപിച്ച പേരിനുള്ള നഷ്ടപരിഹാരം മൽസ്യത്തൊഴിലാളികളെ കബളിപ്പിക്കലായി മാറുന്നത്.
കപ്പലപകടം ബാധിച്ച നാല് ജില്ലകളിലെ മൽസ്യത്തൊഴിലാളികൾക്ക് 1000 രൂപയും, ആറു കിലോ അരിയും നൽകാൻ തീരുമാനിച്ചതിനെ സർക്കാർ നേട്ടമായി പ്രഖ്യാപിക്കുമ്പോഴും ഈ കുറഞ്ഞ നഷ്ടപരിഹാരം, നിരന്തരമായി പ്രകൃതി ദുരന്തങ്ങൾക്ക് വിധേയമാകുന്ന സമൂഹമെന്ന നിലയിൽ തീരദേശസമൂഹത്തെ സംബന്ധിച്ച് എങ്ങനെ ന്യായമായ ഒരു 'നഷ്ടപരിഹാര'മായി മാറും എന്ന് സർക്കാർ ആലോചിക്കേണ്ട വിഷയമാണ്.
ആദ്യ അപകടം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചതോടെ, രണ്ടാമത്തെ അപകടം എത്ര മനുഷ്യരെ ബാധിക്കുന്നു എന്നുകൂടി പ്രഖ്യാപിക്കേണ്ട ബാധ്യത സർക്കാരിനും ദുരന്തനിവാരണ വകുപ്പിനും ഉണ്ട്. 1000 രൂപയ്ക്കും ആറു കിലോ അരിക്കും എത്രപേർ അർഹരാണ് എന്ന് പറയേണ്ട ബാധ്യത സർക്കാറിനുണ്ട്.

കപ്പലപകടത്തെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കാൻ കൃത്യമായ രീതികളും നിയമങ്ങളും ഉണ്ട്. എന്നാൽ, സർക്കാർ പ്രഖ്യാപനത്തിലൂടെ ‘നഷ്ടം’ പരിഹരിക്കപ്പെട്ട ഒരു സമൂഹമായി മത്സ്യത്തൊഴിലാളികൾ പൊതു സമൂഹത്തിൽ അവതരിപ്പിക്കപ്പെടുകയാണുണ്ടായത്. സാങ്കേതികമായി സർക്കാരിന് വേണമെങ്കിൽ നഷ്ടപരിഹാരമല്ല, പകരം താത്കാലിക ആശ്വാസമാണ് എന്ന് പറയാം. എന്നാൽ ഇപ്പോൾ പ്രഖ്യാപിച്ച 1000 രൂപയും ആറു കിലോ അരിയും എത്ര കാലത്തേയ്ക്കാണ് എന്ന് പറയേണ്ട ബാധ്യത സർക്കാരിനുണ്ട്. സർക്കാർ കാലപരിധി നിശ്ചയിക്കുകയാണെങ്കിൽ അതിനർത്ഥം ഈ ദുരന്തത്തിന്റെ വ്യാപ്തി അത്രയും കാലത്തേക്ക് മാത്രമാണ് എന്നാണ്. നിലവിൽ, അപകടത്തെക്കുറിച്ച് ശാസ്ത്രീയ പഠനം നടന്നതായി അറിവില്ല, അതുകൊണ്ടുതന്നെ ഇപ്പോൾ പ്രഖ്യാപിച്ച നഷ്ടപരിഹാരം ഒറ്റത്തവണ മാത്രമുള്ളതാണ്. അത് തീർത്തും അപര്യാപ്തവുമാണ്.
മൽസ്യത്തൊഴിലാകളുടെ തൊഴിൽ ദിനത്തിലുണ്ടാകുന്ന നഷ്ടം പലപ്പോഴും പരിഗണിക്കപ്പെടാറില്ല. മൽസ്യഫെഡിന്റെ ക്ഷേമനിധിയിൽ രജിസ്റ്റർ ചെയ്‌തിട്ടുള്ള തൊഴിലുകളുടെ കഴിഞ്ഞ 20 വർഷത്തെ തൊഴിൽ ദിനങ്ങളുടെ കണക്ക് പരിശോധിച്ചതിൽ നിന്ന്, തൊഴിൽ ദിനങ്ങളിലും വരുമാനത്തിലും ഓരോ വർഷവും കുറവുണ്ടാകുന്നുണ്ട് എന്നു കണ്ടു. ഇവിടെയാണ് ഇപ്പോൾ പ്രഖ്യാപിച്ച 1000 രൂപയും ആറു കിലോ അരിയും അവഹേളനമായി മാറുന്നത്.
തൊഴിൽ ദിനനഷ്ടത്തിനുള്ള പരിഹാം നിശ്ചയിക്കുന്നതിൽ സർക്കാർ സ്വീകരിച്ച മാനദണ്ഡമെന്താണ് എന്നതാണ് പ്രധാന ചോദ്യം. കേരളത്തിലെ തൊഴിലാളി സംഘടനകൾ ഈ കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിട്ടില്ല. നഷ്ടപരിഹാരം മൂലധന / തൊഴിൽ നഷ്ടം പരിഹരിക്കാനുള്ളതാണ് എന്നാണ് കരുതപ്പെടുന്നത്. എന്നാൽ പലപ്പോഴും നഷ്ടപരിഹാരം എന്നത് സർക്കാർ നൽകുന്ന നാമമാത്ര സാമ്പത്തിക സഹായമായി ചുരുക്കപ്പെടുന്നു.
(അഭിപ്രായം വ്യക്തിപരം)
