കേരളത്തിലെ സ്‌കൂളുകളെല്ലാം തുറന്നിട്ടും തിരുവനന്തപുരത്തെ വലിയതോപ്പ് സെൻറ് റോക്ക്‌സ് കോൺവെൻറ് സ്‌കൂളിലെ എൽ.പി വിഭാഗം തുറക്കാനായിട്ടില്ല. കാരണം, വലിയതുറ വാർഡിനുകീഴിലെ കൊച്ചുതോപ്പിൽ 2017 മുതൽ പലപ്പോഴായുണ്ടായ കടൽക്ഷോഭത്തെ തുടർന്ന് വീട് നഷ്ടമായവരിൽ പതിനാറോളം കുടുംബങ്ങൾ ഇപ്പോഴും ഈ സ്‌കൂളിലെ എൽ.പി വിഭാഗത്തിലാണ് താമസം.
ഓഖി ദുരന്തം കേരളത്തിലെ തീരങ്ങളെ തകർത്തിട്ട് നാലുവർഷം പിന്നിടുമ്പോഴും വീട് നഷ്ടപ്പെട്ടവർ പോകാൻ ഒരിടമില്ലാതെ ഇവിടെ തന്നെ തുടരുകയാണ്. ക്യാമ്പ് നടക്കുന്ന സ്‌കൂൾ ഒരു എല്ലാം നഷ്ടപ്പെട്ട ഒരു കൂട്ടം നിസ്സഹായരായ മനുഷ്യരുടെ വാസസ്ഥലമായപ്പോൾ, ഇവിടേക്ക് കുട്ടികളെ അയയ്ക്കാൻ രക്ഷിതാക്കൾ വിസമ്മതിക്കുകയാണ്. അതുകൊണ്ട്, ക്ലാസ് ആരംഭിക്കാൻ സാധിക്കാത്ത അവസ്ഥയിലാണ് സ്‌കൂൾ അധികൃതർ.
സ്വന്തമായ വീടെന്ന ആവശ്യം പരിഹരിക്കപ്പെടാതെ തങ്ങൾക്ക് ഇവിടെ നിന്ന് താമസം മാറാൻ സാധിക്കില്ലെന്നാണ് സ്‌കൂളിൽ അഭയാർത്ഥികളായി കഴിയുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങൾ പറയുന്നത്. 2019ൽ സർക്കാർ മത്സ്യത്തൊഴിലാളികൾക്ക് വീട് വെക്കാൻ 201 കോടി രൂപ നൽകുമെന്ന് പ്രഖ്യാപിച്ചിട്ടും ഇതുവരെയും അത് പാലിക്കാത്തത് തങ്ങളോടുള്ള അവഗണനയാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു. നല്ല സൗകര്യങ്ങളുണ്ടായിരുന്ന വീടുകളിൽ താമസിച്ച തങ്ങളുടെ കുടുംബങ്ങൾ ഇപ്പോൾ ഒരു ക്ലാസ് മുറിയിൽ താമസിക്കുന്നത് ഗതികേട് കൊണ്ടാണെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, മത്സ്യത്തൊഴിലാളികളെ മാറ്റിപ്പാർപ്പിക്കാനുള്ള നടപടികളുമായി 2020ൽ അധികാരത്തിൽ വന്ന കോർപ്പറേഷൻ സമിതി മുന്നോട്ടുവന്നെങ്കിലും ചിലരുടെ രാഷ്ട്രീയ കളികളാണ് അതിന് തടസം നിൽക്കുന്നതെന്നാണ് കോർപ്പറേഷൻ ഭരണസമിതി ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ആദ്യമായി വലിയതുറ വാർഡിൽ ഇടതുപക്ഷം ജയിച്ചതാണ് ഇവരെ അസ്വസ്ഥരാക്കുന്നതെന്ന് വലിയതുറ കൗൺസിലർ ഐറിൻ ടി.ആർ ചൂണ്ടിക്കാട്ടി.
സ്‌കൂൾ ക്യാമ്പാകുന്നു
2017ൽ കൊച്ചുതോപ്പ് പ്രദേശത്തുണ്ടായ കടൽക്ഷോഭങ്ങളും ഓഖി ചുഴലിക്കാറ്റുമാണ് വലിയതോപ്പ് സെൻറ് റോക്ക്‌സ് കോൺവൻറ് സ്‌കൂളിനെ അഭയാർത്ഥി ക്യാമ്പാക്കിയത്. അന്ന് കുറച്ച് കുടുംബങ്ങൾ മാത്രമാണ് ക്യാമ്പിൽ താമസിക്കാനെത്തിയത്. കുറച്ചുപേർ ബന്ധുവീടുകളിലും വീടുകൾക്ക് കാര്യമായ നാശനഷ്ടം സംഭവിക്കാത്ത പ്രദേശത്തെ മറ്റ് വീടുകളിലുമായാണ് തങ്ങിയത്. 2018ലെയും 19ലെയും കടൽക്ഷോഭങ്ങളിൽ വീട് നഷ്ടപ്പെട്ട കുറച്ചുപേർക്ക് പിന്നീട് സർക്കാർ വീടുവെച്ച് കൊടുത്തിരുന്നു.
2020ലെ കടൽക്ഷോഭത്തിൽ കാര്യമായ നാശനഷ്ടങ്ങളുണ്ടായതോടെയാണ് സെൻറ് റോക്ക്‌സ് സ്‌കൂളിൽ വലിയ തോതിൽ ക്യാമ്പ് ആരംഭിച്ചത്. ചെറിയ വാടകക്ക് വീടുകൾ കിട്ടിയതോടെ കുറച്ചുപേർ ഇവിടെ നിന്ന് താമസം മാറി. അന്ന് ക്യാമ്പിലെത്തിയ ആറ് കുടുംബങ്ങൾ പിന്നീടും അവിടെ തുടർന്നു. ഈ സാഹചര്യത്തിലാണ് 2021 മെയ് 14ന് ടൗട്ടെ ചുഴലിക്കാറ്റുണ്ടായത്. അന്നും കൊച്ചുതോപ്പിലും തിരുവനന്തപുരത്തെ മറ്റ് തീരപ്രദേശങ്ങളിലും കാര്യമായ നാശനഷ്ടമുണ്ടായി. ആറ് കുടുംബങ്ങൾ സെൻറ് റോക്ക്‌സ് സ്‌കൂളിൽ താമസിക്കുന്ന സാഹചര്യത്തിൽ വീട് നഷ്ടമായവരെ ഇവിടേക്കുതന്നെ എത്തിച്ചു. ഒന്നര മാസത്തെ ക്യാമ്പിൽ 48 കുടുംബങ്ങളാണ് ഉണ്ടായിരുന്നത്.
വീട് പൂർണമായും നഷ്ടമാകാത്തവരും മേൽക്കൂര മാത്രം നഷ്ടമായവരും ബാത്ത്റൂം നശിച്ചുപോയവരും ഇനിയും കടൽക്ഷോഭമുണ്ടാകുമെന്ന് ഭയക്കുന്നവരുമാണ് ക്യാമ്പിൽ താമസിച്ചിരുന്നത്. 45- 50 ദിവസം വരെ ക്യാമ്പ് തുടർന്നു. ഇതിൽ 16 കുടുംബങ്ങൾ ഒഴികെയുള്ളവർ മറ്റ് താമസസ്ഥലങ്ങൾ കണ്ടെത്തി.
ഹൈസ്‌കൂൾ, യുപി, എൽ.പി വിഭാഗങ്ങളാണ് സ്കൂളിലുള്ളത്. സംസ്ഥാനത്തെ മറ്റു സ്‌കൂളുകൾക്കൊപ്പം എച്ച്.എസ്, യു.പി വിഭാഗങ്ങൾ ഇവിടെയും തുറന്നെങ്കിലും 16 കുടുംബങ്ങൾ താമസിക്കുന്നതിനാൽ എൽ.പി വിഭാഗം തുറന്നിട്ടില്ല. മാത്രമല്ല, ഹൈസ്‌കൂൾ വിഭാഗത്തിലെ കുട്ടികളിൽ പലരെയും സ്‌കൂളിൽ വിടാൻ രക്ഷിതാക്കൾ തയ്യാറായിട്ടില്ല. 2600ഓളം കുട്ടികൾ പഠിക്കുന്ന തിരുവനന്തപുരം ജില്ലയിലെ തന്നെ വലിയ സ്‌കൂളുകളിൽ ഒന്നാണിത്. അടുത്ത വർഷമോ അതിനടുത്ത വർഷമോ ഹയർസെക്കൻഡറി സ്‌കൂൾ ആക്കാനുള്ള കെട്ടിടങ്ങളുടെ നിർമാണവും ഇവിടെ നടക്കുന്നുണ്ട്. ടി.സി.എം എന്നറിയപ്പെടുന്ന കനേഷ്യൻ സഭയിലെ കന്യാസ്ത്രിമാരാണ് സ്‌കൂൾ നടത്തുന്നത്.
ആവശ്യം പുതിയ വീട്
കൊച്ചുതോപ്പ്, വലിയ തോപ്പ് ഇടവകകളിലുണ്ടായിരുന്നവരാണ് ഇവിടെ താമസിച്ചിരുന്നത്. ഇതിൽ വലിയ തോപ്പ് പാരിഷിലെ കുറച്ചുപേർ ഇടവകയും കൗൺസിലറും ഇടപെട്ടതിന്റെ ഫലമായാണ് താമസം മാറിയത്. കൊച്ചുതോപ്പ് ഇടവകയിൽ നിന്നുള്ളവർക്ക് സൗജന്യ താമസസൗകര്യം ഒരുക്കാമെന്ന് പുരോഹിതൻ ഉൾപ്പെടെയുള്ളവർ ഉറപ്പ് നൽകിയിരുന്നു. ഫ്ളാറ്റ് അല്ലെങ്കിൽ വീട് കിട്ടിയാൽ മാത്രമേ താമസം മാറാനാകൂവെന്നാണ് ഇവരുടെ നിലപാട്.
രണ്ടുവർഷം മുമ്പാണ് മത്സ്യത്തൊഴിലാളികൾക്ക് 192 ഫ്ളാറ്റുകൾ നിർമ്മിച്ച് നൽകിയത്. പുതിയ ഫ്ളാറ്റുകൾ നിർമിക്കാൻ സർക്കാർ സ്ഥലം അന്വേഷിക്കുന്നുണ്ടെങ്കിലും തുടർ നടപടി പുരോഗമിക്കുന്നതേയുള്ളൂവെന്നാണ് അറിയുന്നത്. ഫിഷറീസ് ഡിപ്പാർട്ടുമെന്റുമായി ബന്ധപ്പെട്ട് ‘പുനർഗേഹം’ പദ്ധതിയാണ് സർക്കാർ പരിഗണനയിൽ. മൂന്ന് സെൻറ് സ്ഥലം വാങ്ങാൻ ആറ് ലക്ഷം രൂപയും വീട് പണിയാൻ നാല് ലക്ഷം രൂപയുമാണ് ഇതിലൂടെ ലഭിക്കുക. അതേസമയം തുടർച്ചയായി വീട് നഷ്ടപ്പെടുന്നത് കണ്ടവരാണ് തങ്ങളെന്നും അങ്ങനെ തലചായ്ക്കാൻ ഒരിടമില്ലാതായവരാണെന്നും അതിനാൽ പുതിയ വീട് ലഭിക്കാതെ സ്‌കൂളിൽ നിന്ന് താമസം മാറാനാകില്ലെന്നുമാണ് സ്‌കൂളിലെ ക്യാമ്പിൽ താമസിക്കുന്നവർ പറയുന്നത്. എൽ.പി സ്‌കൂൾ വിഭാഗത്തിലെ ക്ലാസ് മുറികളോരോന്നും അടുക്കളയും കിടപ്പുമുറിയുമെല്ലാം ഉൾപ്പെടുന്ന വീടാക്കി മാറ്റിയ ഒരുകൂട്ടം മനുഷ്യരെയാണ് അവിടെ കാണാൻ സാധിച്ചത്. കൂട്ടത്തിൽ സ്‌കൂളിൽ താമസമാക്കിയിട്ടും പഠിക്കാൻ പോകാനാകാത്ത വിഷമത്തിൽ ജീവിക്കുന്ന കുറച്ച് കുട്ടികളെയും.
‘ഞങ്ങൾക്ക് പോകാൻ വേറെയൊരിടമില്ല’
വാടകയ്ക്ക് പോകാൻ കഴിയാത്തതിനാലും സഹോദരങ്ങളുടെയും മറ്റും വീടുകളില്ലാത്തതും മൂലമാണ് ഇവിടെനിന്ന് പോകാൻ കഴിയാത്തതെന്ന് സ്‌കൂൾ ക്യാമ്പിൽ കഴിയുന്ന ഷെർളി ജസ്റ്റിൻ പറയുന്നു. 2020 ആഗസ്റ്റ് 10നാണ് കൊച്ചുതോപ്പിലെ ഇവരുടെ വീട് കടൽക്ഷോഭത്തിൽ നഷ്ടപ്പെട്ടത്.
‘ഞങ്ങൾ കണ്ടോണ്ടിരിക്കുമ്പോൾ തന്നെ കടൽ ഞങ്ങളുടെ വീടിനെ മൊത്തത്തിൽ അങ്ങനെ വലിച്ചുകൊണ്ട് പോകുകയായിരുന്നു. ഞങ്ങളെ ഇവിടെ കൊണ്ടെത്തിച്ചത് ഇടവക വികാരിയും സർക്കാരും എല്ലാവരും കൂടിയാണ്. ഒരു വീട് വാടകക്കെടുത്ത് പോകാൻ പറ്റാത്തതിനാലാണ് ഇന്നും ഞങ്ങൾ ഇവിടെ താമസിക്കുന്നത്. സഹോദരങ്ങളുടെ എല്ലാം വീടിരിക്കുന്നത് കടലിന്റെ അടുത്താണ്. ഓരോ വർഷവും കടൽക്ഷോഭത്തിൽ കുറച്ച് ഭാഗങ്ങൾ പോയിക്കൊണ്ടിരിക്കുകയാണ്. ഒരു മുറിയിലും മറ്റുമായാണ് അവരും താമസിക്കുന്നത്. അതുകൊണ്ട് അവരുടെ കൂട്ടത്തിൽ താമസിക്കാൻ പറ്റില്ല. അതുകൊണ്ടാണ് സർക്കാരും സ്‌കൂളുകാരും നാട്ടുകാരും ഞങ്ങളെ പുച്ഛിച്ച് സംസാരിക്കുമ്പോഴും തല ചായ്ക്കാൻ ഒരു സ്ഥലം വേണം എന്ന ആവശ്യം ഉന്നയിച്ച് ഇവിടെ തന്നെ തുടരുന്നത്. ഒരുപാട് പേർ ഞങ്ങളെ ഇറക്കാൻ വന്നിട്ടും മാറാത്തതും അതുകൊണ്ടാണ്. കാരണം, പോകാൻ വേറെ സ്ഥലമില്ല'; ഷേർളി പറയുന്നു.
‘സർക്കാരിൽ നിന്ന് വേറൊരു സഹായവും ആവശ്യമില്ല, ഞങ്ങൾക്ക് ഒരു ഭവനം മാത്രമാണ് വേണ്ടത്'; ക്യാമ്പിൽ കഴിയുന്ന ബിന്ദു പറയുന്നു. ‘പല ക്യാമ്പുകളിലായി 198 കുടുംബങ്ങളാണുള്ളത്. ഈ കുടുംബങ്ങളുടെ എല്ലാവരുടെയും ആവശ്യം ഒരു ഭവനം എന്നതാണ്. സർക്കാറാണ് ഞങ്ങളെ ഈ ക്യാമ്പിലാക്കിയത്. അപ്പോൾ ഞങ്ങൾക്ക് വീടുണ്ടാക്കി തരേണ്ട ബാധ്യതയും സർക്കാരിനാണ്'- ബിന്ദു വ്യക്തമാക്കി.
മൂന്ന് ബെഡ്റൂമും ബാത്ത്റൂമും ഒരു അടുക്കളയും ആഹാരം കഴിക്കാൻ ഡൈനിംഗ് റൂമും ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും ഉള്ള വീടുകളിൽ നിന്നാണ് തങ്ങളിപ്പോൾ ഒരു ക്ലാസ് മുറിയിൽ താമസിക്കുന്നതെന്ന് ഷേർളി ജസ്റ്റിൻ ചൂണ്ടിക്കാട്ടുന്നു. സൗകര്യങ്ങൾ തീരെക്കുറഞ്ഞ ഇവിടെ താമസിക്കാൻ തങ്ങൾക്കും താൽപര്യമില്ലെന്നാണ് അവർ പറയുന്നത്. എന്നാൽ ഇവിടെ നിന്ന് മാറണമെങ്കിൽ സൗകര്യങ്ങളുള്ള വീട് ആവശ്യമാണ്.
‘സർക്കാർ തന്നത് പായയും തലയിണയും’
‘ഇവിടെ ഒരു സ്ഥലത്ത് അടുപ്പും വേറൊരു സ്ഥലത്ത് പാത്രങ്ങളും ബെഞ്ചുകളും അടുക്കിയിട്ട് അതിൽ ഗവൺമെൻറ് തന്ന പായയും തലയിണയും അടുക്കിയിട്ടാണ് ഇവിടെ കിടക്കുന്നത്. ഒരു ക്ലാസുമുറിയിലാണ് 16 കുടുംബങ്ങൾ ഞെങ്ങിഞെരുങ്ങി കഴിയുന്നത്. വലിയതുറ ഗോഡൗണിലും വലിയതുറ യു.പി സ്‌കൂളിലും വലിയതുറ നഴ്സറിയിലുമായി ഒരുപാട് കടലിന്റെ മക്കൾ താമസിക്കുന്നുണ്ട്. അവരൊക്കെ ഇതിനേക്കാൾ കഷ്ടപ്പെട്ടാണ് ജീവിക്കുന്നത്. സർക്കാർ അവർക്ക് കൊടുത്തിരിക്കുന്നത് ഷീറ്റ് ഇട്ട് പാർട്ട് പാർട്ടായ ഇടങ്ങളാണ്. അതിൽ ഒരു കട്ടിലോ ഗ്യാസ് അടുപ്പോ വയ്ക്കാൻ പറ്റില്ല. ഇത്രയും സൗഭാഗ്യമായി ജീവിച്ച ഞങ്ങൾക്ക് എങ്ങനെയാണ് ഈ ചെറിയ ഒരു സൗകര്യത്തിൽ ജീവിക്കാൻ സാധിക്കുന്നത്'- ക്യാമ്പിലെ മറ്റൊരു താമസക്കാരിയായ മേരി പറയുന്നു.
സ്‌കൂളുകൾ തുറന്നുകഴിഞ്ഞ സാഹചര്യത്തിൽ, സർക്കാർ എത്രയും പെട്ടെന്ന് ഇവർക്ക് വീട് നിർമിച്ച് നൽകേണ്ടതാണെന്ന് സ്‌കൂൾ പരിസരത്ത് താമസിക്കുന്നവരും പറയുന്നു. വീടില്ലാതെ ഇവർ എവിടെ പോയി താമസിക്കും- അവർ ചോദിക്കുന്നു.
‘കൊച്ചുതോപ്പിൽ ഇവർ താമസിച്ചിരുന്ന സ്ഥലത്ത് ഇപ്പോൾ വീടൊന്നുമില്ല. വീടായിട്ട് കിട്ടണമെന്നാണ് അവരുടെ ആവശ്യം. വീടെല്ലാം പോയിരിക്കുകയാണ്. അവിടെ വീടില്ലാത്തതുകൊണ്ടാണ് സ്‌കൂളിൽ താമസം തുടങ്ങിയത്. കോവിഡ് മൂലം സ്‌കൂൾ അടച്ചിരുന്നതുകൊണ്ട് ഇത്രയും കാലം അവിടെ താമസിക്കുന്നതിന് തടസ്സമുണ്ടായിരുന്നില്ല. സ്‌കൂൾ തുറന്നിട്ടും അവർക്ക് സർക്കാർ എന്താണെന്ന് വച്ചാൽ ചെയ്ത് കൊടുക്കുന്നുമില്ല. വീട് കിട്ടാതെ അവർ എങ്ങോട്ട് മാറും- പ്രദേശവാസികളിൽ ഒരാളായ ബീന ചോദിക്കുന്നു.
201 കോടിയുടെ പാക്കേജ് സഹായം എവിടെപ്പോയി?
2019ൽ ഭവന പദ്ധതി എന്ന പേരിൽ സർക്കാർ 201 കോടി രൂപയുടെ പാക്കേജ്അനുവദിച്ചിരുന്നുവെന്നും 2021 ആയിട്ടും എന്തുകൊണ്ടാണ് ഈ പാക്കേജ് അനുസരിച്ച് തങ്ങൾക്ക് വീടുകൾ കെട്ടിത്തരാത്തതെന്നുമാണ് ഇവർ ചോദിക്കുന്നത്. ‘ആ പാക്കേജിലുൾപ്പെട്ട പണം എവിടെ പോയെന്നാണ് ഞങ്ങളുടെ ചോദ്യം'- ക്യാമ്പിൽ കഴിയുന്നവർ ചോദിക്കുന്നു. മത്സ്യത്തൊഴിലാളികളെ ഇത്തരം ഇടങ്ങളിൽ പാർപ്പിച്ചാൽ മതിയെന്ന് അവർ തീരുമാനിച്ചിരിക്കുകയാണ്. തങ്ങൾക്ക് വീട് കിട്ടേണ്ടത് മത്സ്യത്തൊഴിൽ ചെയ്യാൻ സൗകര്യമുള്ള സ്ഥലത്താണ്. സിറ്റിയിലെവിടെയെങ്കിലും ഫ്ളാറ്റ് കിട്ടിയിട്ട് മറ്റെന്തെങ്കിലും തൊഴിലിന് പോകാൻ സാധിക്കുമോ?- അവർ ചോദിക്കുന്നു.
‘ഞങ്ങളുടെ ആണുങ്ങൾ പഠിച്ചിട്ടുള്ളത് മത്സ്യം പിടിക്കാൻ മാത്രമാണ്. അതുകൊണ്ടാണ് കടലിനടുത്തുതന്നെ താമസസൗകര്യം ഉണ്ടാക്കണമെന്ന് ആവശ്യപ്പെടുന്നത്. സർക്കാർ നിശ്ചയിച്ചിരിക്കുന്ന വിധത്തിൽ, കടലിന് നിശ്ചിത ദൂരം അകലെ വീട് കിട്ടിയാൽ മതി. അപ്പോൾ ഞങ്ങളുടെ തൊഴിലിനും ഒന്നും സംഭവിക്കില്ല. ഇപ്പോൾ ഇവർ പറയുന്നത് വേളിയിൽ കൊണ്ടുപോയി ആക്കാമെന്നാണ്. എന്നാൽ അവിടെ ഞങ്ങൾക്ക് സ്വസ്ഥമായി തൊഴിൽ ചെയ്ത് ജീവിക്കാൻ സൗകര്യമില്ല. മത്സ്യത്തൊഴിലാളികളുടെ വേദന ഇപ്പോഴാണ് ഞങ്ങൾ അറിയുന്നത്. അതുകൊണ്ടുതന്നെ ഞങ്ങളുടെ കുട്ടികൾക്ക് വിദ്യാഭ്യാസം നേടാൻ സൗകര്യമുള്ള ഇടം കൂടിയാണ് താമസിക്കാനായി വേണ്ടത്. താമസിക്കുന്നത് സ്‌കൂളിലാണെങ്കിലും മക്കളുടെ ഭാവി നശിക്കുകയാണ്. 16 കുടുംബങ്ങളിൽ നിന്ന് 25 കുട്ടികളുണ്ട്. അത്രയും കുട്ടികളുടെ ഭാവിയാണ് ഇല്ലാതായിക്കൊണ്ടിരിക്കുന്നത്. ഇപ്പോൾ ഈ സ്‌കൂളിൽ പഠിക്കാൻ വരുന്ന കുട്ടികൾക്ക് ഞങ്ങൾ ശല്യമാണെന്ന് ചിലർ പറയുന്നുണ്ട്. അതുകൊണ്ട് ഞങ്ങളുടെ മക്കൾക്കും ഇപ്പോൾ സ്‌കൂളിൽ പോകാനാകുന്നില്ല. മാത്രമല്ല, ഞങ്ങളുടെ കുട്ടികൾ സ്‌കൂളുകളിൽ ചെല്ലുമ്പോൾ സ്‌കൂളിൽ കിടക്കുന്നവരെന്ന അവഹേളനവും നേരിടുന്നുണ്ട്. ടീച്ചർമാർ ഉൾപ്പെടെ ഇത്തരത്തിൽ കളിയാക്കുന്നുവെന്ന് ഞങ്ങളുടെ കുട്ടികൾ ഇവിടെ വന്ന് കരഞ്ഞ് പറയുന്നുണ്ട്. അവരുടെ ആവശ്യവും ഒരു വീട് എന്നതാണെന്നാണ്. സർക്കാർ വീട് നൽകിയില്ലെങ്കിൽ വാടകവീട്ടിലേക്ക് മാറണമെന്നാണ് കുട്ടികൾ പറയുന്നത്. വാടകയ്ക്ക് പോകാനുള്ള സാമ്പത്തിക അവസ്ഥയല്ല ഞങ്ങൾക്കിപ്പോൾ ഉള്ളത്’- ഷേർളി പറയുന്നു.
പരിഹാര നിർദ്ദേശവുമായി കൗൺസിലർ
വർഷങ്ങളായി ഇവിടുത്തെ ക്യാമ്പിൽ താമസിക്കുന്നവരാണ് ഇപ്പോഴും ഇവിടെ തുടരുന്നതെന്ന് കൊച്ചുതോപ്പ് ഉൾപ്പെടുന്ന വലിയതുറ വാർഡ് കൗൺസിലർ ഐറിൻ ടി.ആർ. പറഞ്ഞു. അത് ചിലർ നടത്തുന്ന രാഷ്ട്രീയ കളികളുടെ ഭാഗമാണെന്നാണ് അവരുടെ ആരോപണം. താമസം മാറിയാൽ മത്സ്യത്തൊഴിലാളികൾക്ക് ഒന്നും കിട്ടില്ലെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ചിലർ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നത്. ‘കൗൺസിലർ എന്ന നിലയിൽ ഞാൻ സംസാരിച്ചപ്പോഴെല്ലാം അവർ താമസം മാറാൻ സന്നദ്ധത അറിയിച്ചിരുന്നു. എന്നാൽ മുമ്പ് ഇവിടെ ജയിച്ച് വന്നിരുന്ന രാഷ്ട്രീയ പാർട്ടിയുടെ ചില വ്യക്തികൾ രാഷ്ട്രീയ ലക്ഷ്യത്തോടെ തുടർച്ചയായി സംസാരിക്കുന്നതിന്റെ ഫലമായി പിന്നീട് ഇവർ നിലപാട് മാറ്റുകയാണ്. താമസം മാറാൻ താൽപര്യമുള്ളവരെ പോലും മാറ്റാൻ പറ്റാത്ത വിധത്തിൽ അവർ സംഘടിപ്പിച്ച് വച്ചിരിക്കുകയാണ്.35-40 വർഷമായി വലിയതുറ വാർഡ് ഭരിച്ചിരുന്നത് യു.ഡി.എഫ് ആയിരുന്നു. 2020ലാണ് ഒരു മാറ്റം വന്നത്. പതിനൊന്ന് മാസമായിട്ടും അവർക്ക് ആ പരാജയം ഉൾക്കൊള്ളാനായിട്ടില്ല’- ഐറിൻ പറയുന്നു.
‘കൗൺസിലറെന്ന നിലയിൽ ഞാൻ സംസാരിക്കാൻ ചെന്നപ്പോൾ മണ്ണെണ്ണ ഒഴിച്ച് മരിക്കുമെന്നാണ് അവർ പറഞ്ഞത്. തങ്ങളുടെ മുന്നിൽ വച്ച് വല്ലതും സംഭവിച്ച് കഴിഞ്ഞാൽ അതിന് ഉത്തരം പറയേണ്ട ചുമതല എല്ലാവർക്കും ഉണ്ടാകും. വാടകയ്ക്ക് പോകാനാകില്ലെന്ന അവരുടെ ആവശ്യം ന്യായമാണ്. കാരണം എല്ലാവർക്കും അതിന് ശേഷിയുണ്ടാകണമെന്നില്ല’- ഐറിൻ വ്യക്തമാക്കി.
‘വേളിയിൽ ഒരു ഹോസ്റ്റലിൽ സൗജന്യമായി താമസമൊരുക്കാമെന്ന് ഇടവക പറഞ്ഞിരുന്നു. അതിന് സർക്കാർ സഹായവും വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ വേളി വളരെ ദൂരെയാണെന്നും അവിടെ വരെ യാത്ര ചെയ്ത് തങ്ങൾക്ക് മത്സ്യബന്ധനത്തിനും മത്സ്യക്കച്ചവടത്തിനും പോകാനാകില്ലെന്നുമാണ് ഇവർ പറഞ്ഞത്. കൊച്ചുതോപ്പിനേക്കാൾ നല്ല കടപ്പുറവും മത്സ്യബന്ധനത്തിന് സൗകര്യവും വേളിയിൽ ഇപ്പോഴുണ്ട്. മുതിർന്ന പെൺകുട്ടികളെയും കൊണ്ട് എങ്ങനെ അവിടെ ചെന്ന് കിടക്കുമെന്നൊക്കെയാണ് അവർ ചോദിക്കുന്നത്. തൊട്ടടുത്തുള്ള എവിടെയെങ്കിലും കിട്ടിയാൽ പോകാമെന്ന് അവർ പറഞ്ഞപ്പോൾ വലിയതുറയിൽ പോർട്ടിന്റെ വക നാല് ഗോഡൗണുള്ളത് അവർക്കായി ഒരുക്കാമെന്ന് പറഞ്ഞു. വലിയതുറ ഗോഡൗൺ അവരുടെ വീടിന് തൊട്ടടുത്താണ്. പോർട്ടിന്റെ അനുവാദം എടുത്തുതന്നാൽ തീർച്ചയായും പോകാമെന്നാണ് അവർ എന്നോട് പറഞ്ഞത്. അതിന്റെ അടിസ്ഥാനത്തിൽ ഇടവകയും എം.എൽ.എയും സംസാരിച്ച് അനുവാദം എടുത്തതാണ്. എന്നാൽ, ഇതും നടന്നില്ല. പലപ്പോഴായി നടന്ന ചർച്ചകളുടെ ഫലമായി ഇവിടെ താമസിക്കുന്ന കുടുംബങ്ങളുടെ എണ്ണം പതിനാറായി കുറഞ്ഞു. വലിയതുറ ഗവ. യുപി സ്‌കൂളിൽ 2018 20 വരെയുള്ള കാലത്ത് ആരംഭിച്ച ക്യാമ്പുകളിൽ ബാക്കിയുണ്ടായിരുന്ന കുറച്ച് കുടുംബങ്ങൾ ഏഴോ എട്ടോ മുറികളിലായി താമസിക്കുന്നുണ്ടെങ്കിലും അവിടെ കുറച്ച് കുട്ടികളേ ഉള്ളൂവെന്നതിനാൽ ക്ലാസ് നടക്കുന്നുണ്ട്. അവിടെ താമസിക്കുന്നവരിൽ കൂടുതലും വീടില്ലാത്തവരാണ്. അവരുടെ വാടകയ്ക്ക് താമസിച്ചിരുന്ന വീടുകളാണ് കടലെടുത്ത് പോയത്. ഒരു വീട്ടിൽ നാല് റേഷൻ കാർഡുണ്ടെങ്കിൽ നാല് കുടുംബമായാണ് കണക്കാക്കുന്നത്. അത്തരക്കാരാണ് അവിടെ കൂടുതലുള്ളത്. ഇവർ പറയുന്ന 198 എന്ന കണക്ക് വലിയതുറ ഗോഡൗണിൽ താമസിച്ചിരുന്നവരെ ഉദ്ദേശിച്ചാണ്. എന്നാൽ ഇക്കൂട്ടത്തിൽ നിന്ന് പിന്നീട് ഫ്ളാറ്റും മറ്റ് സൗകര്യങ്ങളും കിട്ടിയവരെ മറ്റുള്ളവർ സമരം ആഹ്വാനം ചെയ്യുമ്പോൾ തിരികെ വന്ന് സംഘടിപ്പിക്കുകയാണ്. ഇതുകൊണ്ടാണ് ഇതിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് പറയുന്നത്’- ഐറിൻ വ്യക്തമാക്കി.
വലിയതുറ ഗോഡൗണിലേക്കോ വേളിയിലെ ഹോസ്റ്റലിലേക്കോ മത്സ്യത്തൊഴിലാളികളെ മാറ്റി സ്‌കൂൾ തുറക്കാമെന്ന ആശയം കൂടാതെ മറ്റൊരു പരിഹാരം കൂടി ഐറിൻ മുന്നോട്ട് വയ്ക്കുന്നുണ്ട്. ‘‘കടലോര പ്രദേശത്തെ വീടുകളാണ് നഷ്ടപ്പെട്ടത് എന്നതിനാൽ ഫിഷറീസ് വകുപ്പുമായി ബന്ധപ്പെട്ട പദ്ധതിയായ ‘പുനർഗേഹ’ത്തിൽ ഇവരുടെ പേരുകൾ ഉൾപ്പെടുത്തിയാൽ സ്ഥലത്തിന് അധികം വിലയില്ലാത്ത പഞ്ചായത്ത് ഏരിയകളിലോ കോർപ്പറേഷൻ പരിധിയിലോ മൂന്ന് സെൻറ് സ്ഥലം വാങ്ങാൻ ആറ് ലക്ഷം രൂപ അനുവദിക്കാൻ സാധിക്കും. കൂടാതെ വീട് പണിയാൻ നാല് ലക്ഷം രൂപയുൾപ്പെടെ പത്ത് ലക്ഷം രൂപ പദ്ധതിയുടെ ഭാഗമായി ലഭിക്കും. ഈ പദ്ധതി പ്രകാരം വീട് വാങ്ങിയവർ നിരവധിയുണ്ട്. എന്നാൽ തങ്ങൾക്ക് പത്ത് ലക്ഷം രൂപ തികയില്ലെന്നാണ് ഇവർ പറയുന്നത്. ഫ്ളാറ്റ് സമുച്ചയം നിർമ്മിക്കാൻ രണ്ടോ മൂന്നോ വർഷം വേണ്ടി വരുമെന്നതിനാലാണ് അതുവരെ സൗജന്യമായ താമസം ഒരുക്കാമെന്ന് പറയുന്നത്’’ - ഐറിൻ ചൂണ്ടിക്കാട്ടുന്നു.
തീരദേശത്ത് വേലിയേറ്റ രേഖയിൽനിന്ന് 50 മീറ്ററിനുള്ളിൽ താമസിക്കുന്ന കുടുംബങ്ങളെ സുരക്ഷിത മേഖലയിലേക്ക് പുനരധിവസിപ്പിക്കുന്നതിന് 2450 കോടി രൂപ ചെലവഴിച്ച് നടപ്പാക്കുന്നതാണ് പുനർഗേഹം പദ്ധതി.
ഓഖിയിൽ പൂർണമായും വീട് നഷ്ടപ്പെട്ട 72 മത്സ്യത്തൊഴിലാളികൾക്ക് സ്ഥലവും വീടും നൽകുന്നതിന് 7.41 കോടി രൂപ അനുവദിച്ചതായും അതിൽ മാറിത്താമസിക്കാൻ സന്നദ്ധരായ 24പേരിൽ 22 പേർ സ്ഥലം രജിസ്റ്റർ ചെയ്യുകയും 15 പേർ വീടുനിർമാണം പൂർത്തീകരിച്ചതായും 2020 മാർച്ച് അഞ്ചിന് നിയമസഭയിൽ ഫിഷറീസ് വകുപ്പുമന്ത്രി നൽകിയ മറുപടിയിൽ പറയുന്നുണ്ട്.
തീരം എന്ന അപകടമേഖല
സ്‌കൂളുകൾ താമസിക്കാനുള്ള ഇടമാക്കേണ്ടി വരുന്ന മനുഷ്യർ ഇപ്പോഴും കേരളത്തിലുണ്ട് എന്ന യാഥാർഥ്യം ഇതുവരെയും അധികാരികളുടെ കണ്ണുതുറപ്പിച്ചിട്ടില്ല. കേരളത്തിലെ തീരദേശ മേഖല മത്സ്യത്തൊഴിലാളികളെ സംബന്ധിച്ച് അപകടമേഖലയായി മാറിക്കൊണ്ടിരിക്കുകയാണ്. സംസ്ഥാനത്തെ ഏറ്റവും വലിയ ഉൽപാദക സമൂഹമായ മത്സ്യത്തൊഴിലാളികളുടെ ജീവിതം വർഷങ്ങളായി കൊടും ദുരിതത്തിലാണ്. മത്സ്യം കിട്ടാനില്ലാത്തതും അപ്രതീക്ഷിതമായി കടൽ കാലാവസ്ഥയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളും മനുഷ്യഇടപെടലുകളുമെല്ലാം തീരജീവിതം ദുസ്സഹമാക്കിയിട്ടുണ്ട്. 2017ലെ ഓഖിക്കുശേഷം മത്സ്യത്തൊഴിലാളികളുടെ ജീവിതം പൂർവസ്ഥിതിയിലായിട്ടില്ല. രണ്ട് പ്രളയങ്ങൾ, കോവിഡുകാല പ്രതിസന്ധി എന്നിവ ചെറുകിട, പരമ്പരാഗത മത്സ്യതൊഴിൽ മേഖലയെ തകർത്തു. മത്സ്യത്തൊഴിലാളിയുടെ വരുമാനം ഈ കാലത്ത് അഞ്ചിൽ ഒന്നായി കുറഞ്ഞതായി സി.എം.എഫ്.ആറിന്റെയും മറ്റും പഠനങ്ങൾ വെളിപ്പെടുത്തുന്നു. 2012ൽ കേരള തീരത്തുനിന്ന് 3.9 ലക്ഷം ടൺ മത്തിയാണ് ലഭിച്ചിരുന്നത് എങ്കിൽ, 2018ൽ ഇത് 77,093 ടണ്ണായതായി സി.എം.എഫ്.ആർ.ഐയുടെ പഠനത്തിൽ കണ്ടെത്തിയിരുന്നു.
ഈ പ്രതിസന്ധിക്കിടെയാണ്, തീരശോഷണം എന്ന ഗുരുതരാവസ്ഥ. സംസ്ഥാനത്ത് പത്തിടങ്ങളിൽ അതിതീവ്രം കടലോരം ശോഷിച്ചുവരുന്നതായി ഈയിടെ മുഖ്യമന്ത്രി നിയമസഭയിൽ വെളിപ്പെടുത്തിയിരുന്നു. സംസ്ഥാനത്തെ തീരപ്രദേശത്ത് 63 ശതമാനവും തീരശോഷണം നേരിടുന്നതായി നാഷനൽ സെൻറർ ഫോർ സസ്റ്റൈനബിൾ കോസ്റ്റൽ മാനേജുമെൻറ് ചൂണ്ടിക്കാട്ടുന്നു. കേരള തീരത്ത് ആശങ്കയോടെ കഴിഞ്ഞുകൂടുന്ന ഒരു കോടിയിലേറെ ജനതയുടെ പ്രതിനിധികളാണ്, കൊച്ചുതോപ്പിലെ സ്‌കൂളിൽ കഴിയുന്ന 16ഓളം കുടുംബങ്ങൾ.
തിരുവനന്തപുരം ജില്ലയിൽ വലിയതുറ, പൂന്തുറ, പനത്തുറ, ശംഖുംമുഖം മേഖലകൾ കടലാക്രമണത്തിന്റെ നിരന്തര ഭീഷണിയിലാണ്. മൂന്നുവർഷം തുടർച്ചയായി ഈ മേഖലകളിൽ രൂക്ഷമായ കടലേറ്റം ആവർത്തിക്കുന്നു. വിഴിഞ്ഞം തുറമുഖ നിർമാണം ജില്ലയുടെ തീരമേഖലക്ക് മറ്റൊരു ഭീഷണിയായി മാറിക്കഴിഞ്ഞു.
പ്രതിഷേധക്കടൽ
തിരുവനന്തപുരം ജില്ലയിൽ സമാനമായ ദുരിതാശ്വാസ ക്യാമ്പുകളിലെല്ലാം മത്സ്യത്തൊഴിലാളികൾ കൊടുംദുരിതത്തിലാണ്. ഇത് അവരെ പ്രതിഷേധവുമായി തെരുവിലേക്ക് നയിക്കുകയുമാണ്. വലിയതുറ, കൊച്ചുതോപ്പ് മേഖലകൾ മത്സ്യത്തൊഴിലാളികളുടെ പ്രക്ഷോഭകേന്ദ്രങ്ങൾ കൂടിയായി മാറിയിട്ടുണ്ട്.
കഴിഞ്ഞ മാർച്ചിൽ, വലിയതോപ്പ് സെൻറ് ആൻസ് ഇടവകയുടെയും ചെറിയതോപ്പ് ഫാത്തിമമാതാ ഇടവകയുടെയും നേതൃത്വത്തിൽ ശംഖുംമുഖത്ത് വൻ പ്രതിഷേധറാലി നടന്നു. നാലുവർഷമായിട്ടും പുനരധിവാസമില്ലാത്തതിൽ പ്രതിഷേധിച്ച് രണ്ടാഴ്ച മുമ്പാണ് കഴക്കൂട്ടം പുതുക്കുരിശിയിൽ തീരദേശവാസികൾ റോഡ് ഉപരോധിച്ചത്. ഒരു സ്‌കൂൾ ക്ലാസ്മുറിയിൽ നാലുകുടുംബങ്ങളാണ് ഇവിടെ കഴിയുന്നത്. വലിയതുറയിലെ നാല് ദുരിതാശ്വാസ ക്യാമ്പുകളിലായി ഇരുനൂറോളം കുടുംബങ്ങളാണുള്ളത്. 2016 മുതൽ തങ്ങൾ ദുരിതാശ്വാസത്തെക്കുറിച്ച് കേട്ടുതുടങ്ങിയതാണെന്ന് ഇവർ പറയുന്നു.
2019ൽ 40ഓളം വീടുകളാണ് കൊച്ചുതോപ്പിൽ കടലെടുത്തത്. നൂറിലേറെ കുടുംബങ്ങളെ മറ്റു സ്ഥലങ്ങളിലേക്ക് അന്ന് മാറ്റി പാർപ്പിച്ചു. 2020 ജൂലൈയിലെ കടൽക്ഷോഭത്തിൽ ഇവിടെ 12ഓളം വീടുകളാണ് തകർന്നത്. നൂറുവീടുകൾ ഭീഷണിയിലുമായി. താൽക്കാലിക പരിഹാരമല്ലാതെ, ഈ നഷ്ടങ്ങൾക്കൊന്നും മത്സ്യത്തൊഴിലാളികൾക്ക് സ്ഥായിയായ ഒരു ആശ്വാസവും ഇതുവരെയുണ്ടായിട്ടില്ല.
മത്സ്യതൊഴിലാളികളെ ബാധിക്കുന്ന ജീവൽപ്രശ്‌നത്തിൽ താൽക്കാലിക പരിഹാരങ്ങളല്ലാതെ സർക്കാറിന്റെ കൈയിൽ ഒന്നുമില്ല. വീടുകൾ നഷ്ടമായാൽ അവരെ താൽക്കാലികമായി മാറ്റിത്താമസിപ്പിക്കുന്നിടത്ത് അധികാരികളുടെ ദുരിതാശ്വാസം പൂർത്തിയാകും. തീരത്ത് കരിങ്കല്ല് പാകി കുറെ പണം ചെലവാക്കും. അതോടെ, ആ വർഷത്തെ കടൽ സംരക്ഷണ നടപടി പൂർത്തിയാകും. എന്നാൽ, ആകെയുള്ള ജീവിതസമ്പാദ്യമായ വീടും മണ്ണും നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ജീവിതത്തിലേക്ക് പിന്നീട് ആരും തിരിഞ്ഞുനോക്കാറില്ല. കടലുമായി അഭേദ്യമായി ബന്ധപ്പെട്ട ഒരു സമൂഹത്തെ, ജീവിതമാർഗം അസാധ്യമായ മറ്റൊരിടത്തേക്ക് ആട്ടിപ്പായിക്കുന്നതാണ് നിലവിലെ പരിഹാരങ്ങളെല്ലാം. അതിന് തങ്ങൾ ഒരുക്കമല്ലെന്ന തീരുമാനത്തിലാണ് കൊച്ചുതോപ്പിലെ ഈ 16ഓളം കുടുംബങ്ങൾ.