വീടിരുന്ന സ്ഥലം ചോദിച്ചാൽ അവർ കടലിലേക്ക് വിരൽ ചൂണ്ടും; ഇത് തീരദേശവാസികളുടെ ജീവിതം

കേരളത്തിലെ ഒമ്പത് തീരദേശ ജില്ലകൾ ഇപ്പോൾ ആശങ്കയിലാണ്. കടലാക്രമണം മൂലം നിരവധി വീടുകളാണ് ഇക്കുറിയും നമ്മുടെ തീരദേശങ്ങളിൽ നഷ്ടമായിരിക്കുന്നത്. തിരുവനന്തപുരത്ത് വിഴിഞ്ഞം മുതൽ ഈ നഷ്ടത്തിന്റെ കണക്കെടുക്കാം. സ്‌കൂളുകൾ തുറന്ന ജൂൺ ഒന്നിന്, സ്‌കൂൾ തുറപ്പ് സ്‌കൂളുകളിൽ തന്നെയാക്കിയ, കടലെടുത്തതുമൂലം ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ സ്വന്തം വീടുകളിൽ ഇടമില്ലാതെ പോയ എത്രയെത്ര കുരുന്നുകളെയാണ് നാം വാർത്തകളിലൂടെ കണ്ടത്. എറണാകുളം ജില്ലയിലെ ചെല്ലാനത്താണ് കടൽക്ഷോഭത്തിന്റെ ഏറ്റവുമധികം നാശനഷ്ടങ്ങൾ സംഭവിച്ചിരിക്കുന്നത്. തീരങ്ങളിൽ നിന്നും നിശ്ചിത ദൂരം പാലിച്ച് ജീവിച്ചിരുന്ന ഈ ജനത അവിടേക്ക് താമസം മാറിയതല്ല വീടുകൾ നഷ്ടമാകാൻ കാരണം. പകരം തിരകൾ തീരത്തെ ആക്രമിച്ച് ഇവരിലേക്ക് എത്തിയിരിക്കുന്നതാണ്. പ്രമാണത്തിലുണ്ടായിരുന്ന ഭൂമി കടലിനടിയിലായതോടെ താമസിക്കാൻ സ്ഥലമില്ലാത്ത ഇവർ ഇപ്പോൾ തിരമാലകളോട് ചേർന്ന് ജീവിക്കുന്നു.

വരുന്ന അഞ്ച് വർഷത്തിനുള്ളിൽ തീരദേശത്തെ പ്രശ്‌നങ്ങൾ പൂർണ്ണമായും പരിഹരിക്കുമെന്നാണ് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതുതന്നെയാണ് അദ്ദേഹം അഞ്ച് വർഷം മുമ്പ് പറഞ്ഞതെന്ന് തീരദേശ വാസികൾ പറയുന്നു. കേരളത്തിലെ പല തീരപ്രദേശങ്ങളിലുമെത്തി അഞ്ച് വർഷം മുമ്പ് വീട് കടലെടുത്ത് പോയവരോട് പണ്ട് വീടിരുന്നത് എവിടെയായിരുന്നുവെന്ന് ചോദിച്ചാൽ അവർ കടലിനുള്ളിലേക്ക് കിലോമീറ്ററുകളോളം വിരൽ ചൂണ്ടേണ്ടി വരുന്ന സാഹചര്യമാണ്. നിലവിലെ സാഹചര്യങ്ങൾ അനുസരിച്ച് ഇനിയൊരു അഞ്ച് വർഷം കൂടി കഴിയുമ്പോൾ ഇപ്പോൾ അവർക്കുള്ള ഇടങ്ങൾകൂടി ഇല്ലാതാകാനാണ് സാധ്യതയെന്ന് വ്യക്തം. അഞ്ച് വർഷത്തിന് ശേഷം ഇല്ലാതാകുന്ന കടൽത്തീരങ്ങളിലെ പ്രശ്‌നങ്ങൾ പരിഹരിക്കുമെന്ന മുഖ്യമന്ത്രിയുടെ വാക്കുകളിൽ തീരദേശ വാസികൾക്ക് വിശ്വാസമില്ലാത്തതും അതിനാലാണ്.

ഓരോ വർഷവും കേരളത്തിലെ തീരങ്ങൾ കൂടുതൽ കൂടുതൽ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. ഈവർഷം തിരുവനന്തപുരം ജില്ലയിൽ നടത്തിയ ഒരു കണക്കെടുപ്പ് അനുസരിച്ച് പത്ത് മുതൽ മുപ്പത് മീറ്റർ വരെ കടൽത്തീരം നഷ്ടമായിട്ടുണ്ടെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. ചെല്ലാനം പോലെയുള്ള ഇടങ്ങളിലൊക്കെ അതിന്റെ രൂക്ഷത വളരെ വലുതുമായിരുന്നു. കേരള തീരങ്ങളിലെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചതിന് ശേഷമാണ് കടൽക്ഷോഭങ്ങളുടെ ശേഷി വർധിച്ചത് എന്നത് കണക്കിലെടുക്കുമ്പോൾ കേരളത്തിലെ തീരങ്ങളിലേത് മനുഷ്യനിർമ്മിതമായ ദുരന്തങ്ങളാണെന്ന് വ്യക്തമാകും. മൺസൂൺ ഇനിയും ആരംഭിച്ചിട്ടില്ലെന്നത് കൂടി ഓർക്കേണ്ടതുണ്ട്. യാസ്, ടൗട്ടെ ചുഴലിക്കാറ്റുകളാണ് കേരള തീരത്തും വ്യാപകമായ നാശനഷ്ടങ്ങൾ വിതച്ചത്. വരാനിരിക്കുന്ന മൺസൂണിൽ നമ്മെ കാത്തിരിക്കുന്നത് ഇതിലും വലിയ നാശനഷ്ടങ്ങളായിരിക്കുമെന്ന് ഉറപ്പ്.

അതേസമയം തീരദേശങ്ങളിലെ ഇപ്പോഴത്തെ ദുരിതങ്ങൾക്ക് കാരണം ചുഴലിക്കാറ്റുകളാണെണ് മത്സ്യത്തൊഴിലാളികൾ വിശ്വസിക്കുന്നില്ലെന്നാണ് തീരദേശ വനിതാ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് മാഗ്ലിൻ ഫിലോമിന ചൂണ്ടിക്കാട്ടുന്നത്. ഇത് മനുഷ്യനിർമ്മിത ദുരന്തങ്ങളാണ്. കാരണം, കേരളത്തിന്റെ കടൽത്തീരം എൺപത് ശതമാനവും മണൽത്തീരങ്ങളാണ്. ഇവിടെ രൂക്ഷമായി കടൽകയറി ഇറങ്ങിപ്പോകുന്ന രീതി വർഷങ്ങളായി ഉണ്ട്. തിരുവനന്തപുരം തമിഴ് സംസ്‌കാരവുമായി കുറച്ചുകൂടി അടുത്തുനിൽക്കുന്നതിനാൽ കർക്കിടകമാസത്തെ ഞങ്ങൾ ആടി മാസം എന്നാണ് വിളിക്കാറ്. കടൽ ആടി വരുന്നുവെന്നാണ് കടൽക്ഷോഭത്തെക്കുറിച്ച് പറയാറുള്ളതും. കടൽ വളരെ ശക്തമായി കരയിലേക്ക് വരികയും അതുപോലെ തിരിച്ചുപോകുകയും ചെയ്യുമായിരുന്നു. ആ സമയത്ത് കടൽ വളരെ വിശാലമായി കിടപ്പുണ്ടായിരുന്നെങ്കിലും ഇപ്പോഴുള്ളത് പോലെ ആൾക്കൂട്ടം തീരത്തുണ്ടായിരുന്നില്ല. ഇപ്പോഴുള്ളതിന് ഒരുപാട് അപ്പുറത്തായിരുന്നു പണ്ട് കടൽത്തീരമുണ്ടായിരുന്നത്. അതെല്ലാം ഇപ്പോൾ നഷ്ടപ്പെട്ട് പോയിരിക്കുകയാണെന്നും അവർ ചൂണ്ടിക്കാട്ടി.

തിരുവനന്തപുരത്തിന്റെ ചരിത്രം പരിശോധിച്ചാൽ 1970കളിലും കടൽക്ഷോഭം ഉണ്ടായിട്ടുണ്ടെന്ന് മനസ്സിലാകും. ആക്രമണം എന്ന വാക്ക് തീരദേശവാസികൾ ഉപയോഗിക്കാറില്ല. കടൽ തങ്ങളെ ആക്രമിക്കില്ലെന്നാണ് അവരുടെ വിശ്വാസമെന്നും മാഗ്ലിൻ ഫിലോമിന പറഞ്ഞു. "1950കളിൽ ഇൻഡോ-നോർവീജിയൻ പദ്ധതിയുടെ ഭാഗമായാണ് കേരളത്തിൽ തുറമുഖങ്ങൾ ആരംഭിച്ചത്. അതിലൊരു തുറമുഖമായിരുന്നു വിഴിഞ്ഞത്തെ ഫിഷിംഗ് ഹാർബർ. ഇപ്പോൾ നിർമ്മാണം നടക്കുന്ന ഹാർബറിന്റെ കാര്യമല്ല പറയുന്നത്. ഫിഷിംഗ് ഹാർബർ വന്നതിന്റെ പ്രതിഫലനം കണ്ടുതുടങ്ങിയത് 1970 കാലഘട്ടങ്ങളിലാണ്. കൊല്ലം തങ്കശ്ശേരി ഹാർബറും ഇതിന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഈ ഹാർബറുകളുടെ ഫലമായി വടക്കുഭാഗത്തെ പൂന്തുറ, കോവളം പ്രദേശങ്ങളിലെ തീരങ്ങൾ കാര്യമായി കടലെടുത്തുപോയി. പൂന്തുറക്കാർ വലിയ ബഹളം ഉണ്ടാക്കിയതുകൊണ്ട് അവിടെയും കോവളത്തുമൊക്കെ കടൽഭിത്തിയും പുലിമുട്ടും ഉണ്ടാക്കി. അവിടെ പുലിമുട്ട് ഉണ്ടാക്കിയപ്പോൾ ചെറിയതുറ, ബീമാപ്പള്ളി ഭാഗങ്ങളിൽ കടലെടുക്കാൻ തുടങ്ങി. എന്നാൽ ഇത് രൂക്ഷമാകുന്നത് വിഴിഞ്ഞത്തെ വ്യാവസായിക ഹാർബറിന്റെ നിർമ്മാണത്തിന്റെ ഭാഗമായി പുലിമുട്ടുകൾ സ്ഥാപിച്ചതോടെയാണ്'.

കൊല്ലം ഹാർബറിന്റെയും ശക്തികുളങ്ങര ഹാർബറിന്റെയും പ്രതിഫലനമുണ്ടായത് അതിന് വടക്കുഭാഗത്തുള്ള തീരദേശ ഗ്രാമങ്ങളിലാണ്. കരിമണൽ ഖനനമാണ് ആലപ്പാട്ട് ഗ്രാമത്തിലൊക്കെ കടൽക്ഷോഭത്തിന് കാരണമായത്. ഒന്നര കിലോമീറ്റർ വിസ്തൃതിയിലാണ് ഇവിടെ കടൽത്തീരം പോയിട്ടുള്ളത്. ഇതും ഒരു സ്വാഭാവിക പ്രതിഭാസമായി കാണാനാകില്ല. സുനാമിയുണ്ടായപ്പോൾ തിരുവനന്തപുരത്തൊന്നും അടിക്കാതെ കൊല്ലത്തും ആലപ്പാട്ടും തീരങ്ങളിലേക്ക് ആഞ്ഞടിച്ചതിന് കാരണം അവിടങ്ങൾ അപ്പോഴേക്കും താഴ്ന്ന പ്രദേശങ്ങളായി മാറിയതാണ്. കേരളത്തിൽ കടൽക്ഷോഭം രൂക്ഷമായ എല്ലാ തീരപ്രദേശങ്ങളും എടുത്ത് പരിശോധിച്ചാൽ അതിന്റെ പരിസര പ്രദേശങ്ങളിലെവിടെയെങ്കിലും വലിയ നിർമ്മാണ പ്രവർത്തനമോ മണൽ ഖനനമോ നടക്കുന്നുണ്ടെന്ന് മനസ്സിലാക്കാൻ സാധിക്കും. അല്ലാത്ത സ്ഥലങ്ങളിലൊക്കെ കടൽ ക്ഷോഭമുണ്ടായിട്ടുണ്ടെങ്കിലും വന്നതുപോലെ തന്നെ തിരിച്ച് പോയിട്ടുമുണ്ട്.

ഈ പ്രശ്‌നം ശാശ്വതമായി പരിഹരിക്കണമെന്ന് മുഖ്യമന്ത്രിക്ക് ആഗ്രഹമുണ്ടെങ്കിൽ കുറച്ചു കല്ല് കൊണ്ടിട്ടതുകൊണ്ടൊന്നും ഈ കടലിനെ പിടിച്ചുനിർത്താൻ സാധിക്കില്ലെന്ന് മനസ്സിലാക്കണമെന്നും മാഗ്ലിൻ പറയുന്നു. പശ്ചിമഘട്ട മലനിരകൾ മുഴുവൻ ഇവിടെക്കൊണ്ടുവന്ന് ഇടുകയെന്നതാണ് തീരം മുഴുവൻ പുലിമുട്ട് ഇടുന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. കേരളം ഒരു റെഡ്‌സോണിലൂടെയാണ് പോകുന്നത്. ഇപ്പോഴും മുഖ്യമന്ത്രി ഒരു പ്രളയ സാധ്യതയെക്കുറിച്ച് പറയുന്നുണ്ട്. അമിതമായി മഴ കിട്ടാനുള്ള സാധ്യതയുണ്ടെന്നും അതുകൊണ്ട് മറ്റൊരു പ്രളയത്തിന് സാധ്യതയുണ്ടെന്നുമാണ് അദ്ദേഹം പറയുന്നത്. കേരളത്തിന്റെ പരിസ്ഥിതി എങ്ങനെ നിലനിർത്തണമെന്ന് പോലും മുഖ്യമന്ത്രിക്ക് അറിയില്ലെന്നും അവർ ആരോപിക്കുന്നു.

"ലക്ഷദ്വീപിലെ വിഷയം മത്സ്യത്തൊഴിലാളികളെ സംബന്ധിക്കുന്നതായതിനാൽ അത് ഞങ്ങളുടെയും വിഷയമാണ്. നിയമസഭയിൽ അതുസംബന്ധിച്ച് ഏകകണഠമായി പ്രമേയം അവതരിപ്പിച്ചതിനെയെല്ലാം ഞങ്ങൾ അങ്ങേയറ്റം അഭിനന്ദിക്കുന്നു. ഇവിടുത്തെ വൻകിട ലോബികൾക്ക് തീരദേശം എഴുത്തിക്കൊടുക്കാനും മുതലാളിത്തം കൊണ്ടുവരാനുമാണ് ലക്ഷദ്വീപിൽ ശ്രമങ്ങൾ നടക്കുന്നതെന്നാണ് മുഖ്യമന്ത്രി ആരോപിക്കുന്നത്. എന്നാൽ കേരളം സംരക്ഷിക്കാതെയാണ് മുഖ്യമന്ത്രി ലക്ഷദ്വീപിന് വേണ്ടി പ്രമേയം പാസാക്കുന്നത്.

കടലാക്രമണ ഭീഷണിയിലായ ചെല്ലാനം
കടലാക്രമണ ഭീഷണിയിലായ ചെല്ലാനം

യാസ് ചുഴലിക്കാറ്റ് ബംഗാൾ ഉൾക്കടലിലേക്ക് പോകുമെന്നാണ് പറയഞ്ഞത്. തീരദേശത്ത് ശക്തമായ ഒരു കാറ്റ് മാത്രമാണ് പറഞ്ഞിരുന്നത്. മത്സ്യത്തൊഴിലാളികൾക്ക് കൃത്യമായ അറിയിപ്പുകളോ മുന്നറിയിപ്പുകളോ ഒന്നും ലഭിച്ചിരുന്നില്ല. കളക്ടറോടും ദുരന്തനിവാരണ അതോറിറ്റിയോടും ചോദിച്ചപ്പോൾ അവർ പറഞ്ഞത് ചുഴലിക്കാറ്റ് ബംഗാൾ ഉൾക്കടലിലേക്ക് പോകുമെന്നും കേരളത്തിന്റെ കടലിൽ അതായത് അറബിക്കടലിൽ ഇതിന്റെ പ്രത്യാഘാതങ്ങൾ ഒന്നുമുണ്ടാകില്ലെന്നും അതുകൊണ്ട് മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നതുകൊണ്ട് കുഴപ്പമില്ലെന്നുമാണ്. എന്നാൽ കടലിൽ പോയ മത്സ്യത്തൊഴിലാളികൾ കടലിൽ മാറ്റം കാണുകയും കാറ്റുണ്ടാകുമെന്ന് തോന്നിയതിനാൽ വിഴിഞ്ഞം ഹാർബറിന് തൊട്ടടുത്തുള്ള ഫിഷിംഗ് ഹാർബറിലേക്ക് കടക്കാനായി നങ്കൂരമിടുകയും ചെയ്തു. എന്നാൽ അവർക്ക് ഇവിടേക്ക് കടക്കാനായില്ല. യാസിന്റെ ശക്തമായ കാറ്റുകൊണ്ട് വിഴിഞ്ഞത്തെ പുതിയ ഹാർബറിന്റെ പുലിമുട്ടിലേക്ക് തിരമാലകൾ ശക്തമായി അടിച്ച് തിരിച്ചുപോകുന്നതിനാലാണ് അവർക്ക് ഇവിടേക്ക് പ്രവേശിക്കാൻ കഴിയാതെ വന്നത്. ആ തിരുച്ചുപോകുന്ന തിരകൾ ഈ ഫിഷിംഗ് ഹാർബറിലേക്കാണ് അടിച്ചുകയറിക്കൊണ്ടിരുന്നത്. അക്കാരണം കൊണ്ടാണ് പത്തിരുപത് മത്സ്യത്തൊഴിലാളികൾ മണിക്കൂറുകളോളം അവിടെ കിടക്കേണ്ടി വന്നത്. തിരയിളക്കത്തെ അവഗണിച്ച് വള്ളം അടുപ്പിക്കാൻ ശ്രമിച്ചപ്പോഴാണ് മൂന്ന് പേരുടെ ജീവൻ നമുക്ക് നഷ്ടമായത്. തിരമാലകൾ ശക്തമായി അടിച്ചതിന്റെ ഫലമായി ഗുരുതരമായ ചതവുകളും മുറിവുകളോടും കൂടിയാണ് ആളുകൾ രക്ഷപ്പെട്ടത്. ഇതാണ് കഴിഞ്ഞകുറെക്കാലമായി കേരളത്തിലെ തീരപ്രദേശങ്ങളിൽ നടക്കുന്നത്'. അവർ വ്യക്തമാക്കി.

കേരളത്തിലെ കാലാവസ്ഥാ വ്യതിയാന മുന്നൊരുക്കങ്ങൾ പരിശോധിച്ചാൽ യാതൊരു ശാസ്ത്രീയ ബോധത്തിന്റെയും അടിസ്ഥാനത്തിലല്ല ഇവിടെ പ്രവർത്തനങ്ങൾ നടക്കുന്നതെന്ന് വ്യക്തമാകും. കാലാവസ്ഥ മാറിക്കൊണ്ടിരിക്കുന്നതിനാൽ തന്നെ ഒരു ശാസ്ത്രത്തെയും അവസാന വാക്കെന്ന നിലയിൽ നമുക്ക് പറയാനും സാധിക്കില്ല. പത്ത് വർഷം മുമ്പ് ഒരു ശാസ്ത്രജ്ഞൻ ഉണ്ടാക്കിയ റിപ്പോർട്ട് അനുസരിച്ച് അതാണ് ശരിയെന്ന് പറയാൻ ഇപ്പോഴത്തെ സാഹചര്യത്തിൽ സാധിക്കില്ല. കാലാവസ്ഥ അത്രയേറെ വേഗത്തിൽ മാറിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് അശാസ്ത്രീയമായ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നിടത്തോളം ഇവിടുത്തെ തീരങ്ങളിൽ രൂക്ഷമായ കടൽക്ഷോഭങ്ങളുമുണ്ടാകുമെന്ന് തീരദേശവാസികൾ പറയുന്നത്.

കടൽക്ഷോഭം ചെറുക്കാൻ മണൽച്ചാക്കുകൾ നിരത്തിയിരിക്കുന്നു
കടൽക്ഷോഭം ചെറുക്കാൻ മണൽച്ചാക്കുകൾ നിരത്തിയിരിക്കുന്നു

തന്റെ നാടായ വലിയ വേളിയിൽ ഒരു പതിനഞ്ച് വർഷം മുമ്പ് പൊഴിയിൽ നിന്നും വ്യാപമായി ആളുകൾ മണ്ണെടുത്ത് പോകുന്ന രീതിയുണ്ടായിരുന്നെന്ന് മാഗ്ലിൻ ചൂണ്ടിക്കാട്ടുന്നു. "നാട്ടുകാരല്ല, പുറത്തുനിന്നുള്ള വ്യാപാരികളാണ് ഇത്തരത്തിൽ മണ്ണെടുത്തുകൊണ്ട് പോയിരുന്നത്. ആ സമയത്ത് ഞങ്ങളുടെ കുറച്ച് വീടുകൾ പോയി. ഇതിനെതിരെ ഞങ്ങൾ ശക്തമായ സമരം നടത്തുകയും സംഘർഷങ്ങൾ ഉണ്ടാകുകയും ചെയ്തു. അതിന് ശേഷം ഞങ്ങളുടെ നാട്ടിൽ തീരം വയ്ക്കുകയല്ലാതെ തീരം നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടായിട്ടില്ല. ഇരുപത്തിനാല് മണിക്കൂറും ചലനമുള്ള ഒരു തീരദേശമാണ് നമുക്കുള്ളത്. ഓരോ തിരയുടെയും ചലനം അനുസരിച്ച് അത് വടക്കോട്ടും തെക്കോട്ടും ഒഴുകിക്കൊണ്ടിരിക്കും. തിരമാലയുടെ ഒഴുക്കിന്റെ ശക്തിയനുസരിച്ച് മണ്ണ് കൂടുതലായി എടുത്തുപോകുകയും തിരികെ വരുന്ന തിരമാലയുടെ ശക്തിയനുസരിച്ച് ആ മണ്ണ് തിരികെയെത്തുകയും ചെയ്യും.

ചെല്ലാനത്തേത് വർഷങ്ങളായുള്ള പ്രശ്‌നമാണ്. സൗദി മാനാശേരി ഭാഗത്തൊക്കെ ഇതിലും മുമ്പ് പ്രശ്‌നങ്ങൾ തുടങ്ങിയതാണ്. കൊച്ചിൻ പോർട്ടിൽ നിന്നും ദിവസംതോറും ടൺ കണക്കിന് മണ്ണാണ് കുഴിച്ചെടുക്കുന്നത്. കപ്പലിന് അടുക്കാൻ വേണ്ടിയാണ് ഇത് ചെയ്യുന്നത്. ഈ മണ്ണ് ആഴക്കടലിൽ കൊണ്ടുപോയി നിക്ഷേപിക്കുമെന്നാണ് പറയുന്നത്. എന്ത് ശാസ്ത്രീയ ബോധത്തിന്റെ അടിസ്ഥാനത്തിലാണ് ഇവർ ആഴക്കടലിൽ കൊണ്ടുപോയി മണ്ണ് കളയുന്നത്. അതേസമയത്ത് തന്നെയാണ് ചെല്ലാനം പോലുള്ള പ്രദേശങ്ങൾ താഴ്ന്നുവരുന്നത്. സുനാമിക്ക് ശേഷം ചെല്ലാനത്തിന്റെ തെക്ക് വശത്ത് ഒരു ഫിഷിംഗ് ഹാർബറുണ്ടാക്കിയതാണ് ചെല്ലാനത്തെ കടൽക്ഷോഭങ്ങൾക്ക് പ്രധാന കാരണം. ഫിഷിംഗ് ഹാർബറുണ്ടാക്കുന്നതും മത്സ്യത്തൊഴിലാളികൾ തന്നെയല്ലേയെന്ന ചോദ്യവും ഇവിടെയുയരും. തീരപ്രദേശത്ത് മുഴുവൻ കൂമ്പാരം പോലെ കല്ലിട്ട് കഴിഞ്ഞാൽ മത്സ്യത്തൊഴിലാളികൾ തങ്ങളുടെ ഉപജീവനത്തിന് എന്തുചെയ്യും?' അവർ ചോദിക്കുന്നു.

തിരുവനന്തപുരത്തെ സുരക്ഷിത തീരങ്ങളിലും ഇതിന്റെയെല്ലാം ആഘാതങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ശംഖുമുഖത്ത് വലിയ തിൻ ഷീറ്റ് ഇറക്കി താഴ്ത്തി അടിച്ചിറക്കി റോഡ് നിർമ്മിക്കാൻ പോകുകയാണ്. ആ തിൻ ഷീറ്റ് അടിച്ചിറക്കാൻ ആവശ്യമായ മണ്ണ് മുഴുവൻ കടലിൽ നിന്നും മാന്തിയെടുക്കുകയാണ് ചെയ്യുന്നത്. ആ മാന്തിയെടുക്കുന്ന മണ്ണ് കടൽ തിരികെ വയ്ക്കുന്നത് കണ്ണാന്തുറയിൽ നിന്നുമായിരിക്കും. വലിയ വേളിയിൽ നിന്നും ഇപ്പോൾ കാര്യമായി മണ്ണ് പോകുന്നില്ല. പക്ഷെ, കണ്ണാന്തുറയിൽ നിന്നും മണ്ണെടുത്ത് പോകുമ്പോൾ വലിയ വേളി ഉൾപ്പെടെ തൊട്ടടുത്ത പ്രദേശങ്ങളിൽ നിന്നും മണ്ണെടുത്ത് പോകും. ഇത്തരത്തിൽ ഒരിടത്തെ പ്രശ്‌നം മൂലം ദുരിതമനുഭവിക്കുന്നത് മറ്റിടങ്ങളിലായിരിക്കും. വിഴിഞ്ഞം പോർട്ടിന്റെ നിർമ്മാണത്തോടെയാണ് ദുരിതങ്ങൾ ആരംഭിച്ചതെന്ന് തീരദേശ വാസികൾ പറയുന്നത് ഈ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ്.

കേരളത്തിന്റെ കടലിനെയും തമിഴ്‌നാടിന്റെ കടലിനെയും താരതമ്യം ചെയ്യാനാകില്ല. കേരളത്തിന്റേത് ശക്തമായ തിരമാലകൾ ഉള്ള കടലാണ്. കാരണം ഈ പ്രദേശങ്ങളിൽ കടലിന് ആഴം കൂടുതലാണ്. തമിഴ്‌നാട്ടിലേതിനെ പരപ്പൻ കടലെന്നും ഇവിടുത്തേതിനെ തൊരപ്പൻ കടലെന്നുമാണ് തീരദേശവാസികൾ വിളിക്കുന്നത്. അവിടെ ശക്തികുറഞ്ഞ തിരമാലകളായിരിക്കും അടിക്കുന്നത്. തൊരപ്പൻ കടലിൽ നിന്നും വരുന്നത് ശക്തിയേറിയ തിരമാലകളും. ജെസിബി ചെയ്യുന്നതുപോലെ തുരന്ന് മണ്ണെടുത്ത് കൊണ്ടുപോകുകയാണ് ഇവിടുത്തെ തിരമാലകൾ ചെയ്യുന്നത്. തമിഴ്‌നാട്ടിൽ ഒരു ഫിഷിംഗ് ഹാർബർ പണിത ശേഷം കടൽക്ഷോഭം ഉണ്ടാകാതിരിക്കാൻ വടക്കുഭാഗത്ത് പുലിമുട്ടും സ്ഥാപിച്ചു. എന്നാൽ അതോടെ പൊഴിയൂരിൽ ശക്തമായ കടൽക്ഷോഭം ഉണ്ടായെന്ന് മാഗ്ലിൻ ചൂണ്ടിക്കാട്ടുന്നു. ഇരുപത്തിനാല് മണിക്കൂറിനിടയിൽ മുപ്പത് വീടൊക്കെയാണ് പൊഴിയൂരിൽ നിന്നും പോയിട്ടുള്ളത്. മൺസൂൺ ഇനിയും തുടങ്ങിയിട്ടില്ലെന്നും ഓർക്കണം. കേരളത്തെ ബാധിക്കില്ലെന്ന് കരുതിയ രണ്ട് ചുഴലിക്കാറ്റുകൾ ഉണ്ടാക്കിയ ഇംപാക്ട് മാത്രമാണ് ഇത്.

വരുന്ന ഒരു പത്തുവർഷക്കാലത്ത് ഇവിടുത്തെ നിർമ്മാണ പ്രവർത്തനങ്ങളെല്ലാം നിർത്തിവച്ചുകൊണ്ട് നമ്മുടെ തീരക്കടലിന് എന്താണ് സംഭവിക്കുന്നതെന്ന് ശാസ്ത്രീയമായ പഠനം നടത്തുകയാണ് വേണ്ടതെന്നാണ് അവർ പറയുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ ഇവർ ആവശ്യപ്പെടുന്നില്ല. പകരം, വിഴിഞ്ഞം ഹാർബറും പുതുവൈപ്പിൻ എൽപിജി പ്ലാന്റും ഉൾപ്പെടെയുള്ള എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും പലയിടങ്ങളിലായി നടക്കുന്ന കരിമണൽ ഖനനങ്ങളും എല്ലാം തന്നെ കുറച്ചുനാളത്തേക്കെങ്കിലും നിർത്തി വച്ച് ശാസ്ത്രീയമായ പഠനം നടത്തണമെന്നാണ് ഇവരുടെ ആവശ്യം. അതിലൂടെ കടൽക്ഷോഭത്തിന് പരിഹാരം കണ്ടെത്താനെങ്കിലും നമുക്ക് സാധിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ.

തീരശോഷണം എന്നാൽ കടൽ കരയിലേക്ക് കയറിവരുന്നത് മാത്രമല്ല. ഒരു വിഭാഗം ജനങ്ങളുടെ ഭൂമിയും ആവാസ വ്യവസ്ഥയും ഉപജീവനവും സംസ്‌കാരവും എല്ലാം ഇതോടൊപ്പം ഒലിച്ചുപോകുകയാണ്. അഞ്ചോ പത്തോ വർഷം മുമ്പ് നഷ്ടപ്പെട്ട വീട് എവിടെയായിരുന്നുവെന്ന് ചോദിച്ചാൽ കിലോമീറ്ററുകളോളം കടലിന് ഉള്ളിലേക്ക് അവർ ചൂണ്ടുന്ന വിരൽത്തുമ്പിലുള്ളത് അവയെല്ലാമാണ്. അമ്പതും അറുപതും വർഷങ്ങളായി താമസിച്ചുകൊണ്ടിരിക്കുന്ന പ്രമാണങ്ങളുള്ള ഭൂമിയാണ് ഇപ്പോൾ ഇവർക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതെന്നും ഓർക്കേണ്ടതുണ്ട്.

Comments