ഇന്ത്യയിലെ കടൽപരപ്പുകളിൽ ഏറ്റവും ഉല്പാദന ക്ഷമതയുള്ള പ്രദേശങ്ങളിലൊന്നാണ് കൊല്ലം പരപ്പ്. കേരളത്തിലെ രണ്ടു ലക്ഷത്തോളം സജീവ മത്സ്യത്തൊഴിലാളികളിൽ നാലിലൊന്നും കൊല്ല പരപ്പിനെ ആശ്രയിച്ച് മത്സ്യബന്ധനം നടത്തുന്നവരാണ്. കേരളത്തിൽ മറ്റൊരു തീരത്തിനും അവകാശപ്പെടാനില്ലാത്തത്ര മത്സ്യസമ്പത്ത് കൊല്ലം പരപ്പിലുണ്ട്. ആഭ്യന്തര ആവശ്യത്തിനും കയറ്റുമതിക്കുമുള്ള വേറിട്ട മത്സ്യ ശേഖരം തന്നെയാണ് കൊല്ലം പരപ്പ്. മത്സ്യബന്ധനത്തിനുപുറമെ അനുബന്ധ ജോലികൾ ചെയ്യുന്നവരുൾപ്പെടെ അനേകായിരം പേരുടെ ഉപജീവനമാർഗമായ കൊല്ലം പരപ്പിനെ പൂർണമായും തകർക്കാനാണ് കടൽ മണൽ ഖനനത്തിലൂടെ കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. ഇത് ഈ മേഖലയിലെ മത്സ്യബന്ധനത്തെയും കടലിലെ ആവാസവ്യവസ്ഥയെയും ഇല്ലാതാക്കുമെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. ഖനനം നടക്കുന്നതോടെ മത്സ്യസമ്പത്ത് കുറയുന്നതടക്കം തീരശോഷണവും കടലാക്രമണവുമെല്ലാം സംഭവിക്കുമെന്നും മത്സ്യത്തൊഴിലാളികൾ ആശങ്കപ്പെടുന്നു.