344 കോടിയുടെ പദ്ധതി കൊണ്ട്​ ചെല്ലാനം തീരസംരക്ഷണം എത്രമാത്രം സാധ്യമാണ്​?

കടലേറ്റവും തീരശോഷണവും മൂലം പ്രതിസന്ധിയിലായ ചെല്ലാനത്തിനുവേണ്ടി 344 കോടി രൂപ യുടെ പദ്ധതി സർക്കാർ പ്രഖ്യാപിച്ചിരിക്കുകയാണ്. അടുത്ത കാലവർഷത്തിൽ ചെല്ലാനം നിവാസികളെ മാറ്റിപ്പാർപ്പിക്കേണ്ട അവസ്ഥയുണ്ടാകില്ലെന്നാണ് വാഗ്ദാനം. സമാനമായ നിരവധി വാഗ്ദാനങ്ങൾ കടലെടുത്തുപോയ തീരമാണ് ചെല്ലാനം. പുതിയ തീരസംരക്ഷണ പദ്ധതി ചെല്ലാനത്തിന്റെ സുരക്ഷക്ക് എത്രമാത്രം ഗുണം ചെയ്യും എന്ന് പരിശോധിക്കപ്പെടുന്നു

കേരളത്തിൽകാലങ്ങളായി സംഭവിച്ചു കൊണ്ടിരിക്കുന്ന തീരശോഷണം ജനവാസ മേഖലകളെ രൂക്ഷമായി ബാധിക്കാനാരംഭിച്ചതോടെയാണ് കടൽത്തീര സംരക്ഷണമെന്ന ആവശ്യം നിത്യജീവിതത്തിലും രാഷ്ട്രീയവ്യവഹാരങ്ങളിലും പ്രബലമായത്തീർന്നത്. 590 കിലോമീറ്ററുകളോളം നീണ്ടു കിടക്കുന്ന കേരളത്തിന്റെ കടൽത്തീരത്തിന് താൽകാലിക പ്രതിരോധ പ്രവർത്തനങ്ങളും, പ്രദേശകേന്ദ്രീകൃതമായ പദ്ധതികളും അപര്യാപ്തമാണെന്ന തിരിച്ചറിവിൽ നിന്നാണ് രണ്ടാം എൽ.ഡി.എഫ്. സർക്കാർ 5300 കോടിയുടെ ബൃഹദ്പദ്ധതി ഇതിനായി ആവിഷ്‌കരിച്ചത്. ചെന്നൈ ആസ്ഥാനമായ നാഷണൽ സെന്റർ ഫോർ കോസ്റ്റൽ റിസർച്ചിന്റെ വിദഗ്ധ പഠനത്തെ അടിസ്ഥാനമാക്കിയാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് ആഗസ്ത് 30ന് നടന്ന പദ്ധതി പ്രഖ്യാപന ചടങ്ങിൽ സംസ്ഥാന ജലവകുപ്പ് മന്ത്രി റോഷി അഗസ്തിൻ പറഞ്ഞിരുന്നു.

അടുത്ത വർഷം ഞങ്ങൾ ബാക്കിയുണ്ടാകുമോ?

കടൽത്തീരശോഷണത്തെ തുടർന്ന് കടലാക്രമണം നിത്യദുരിതമായി മാറിയ കൊച്ചിയിലെ ചെല്ലാനം പഞ്ചായത്തിന് പദ്ധതിയിൽ പ്രഥമ പരിഗണന നൽകി, 344 കോടി രൂപയുടെ പദ്ധതി പ്രദേശത്ത് നടപ്പിലാക്കുമെന്നും പ്രഖ്യാപനത്തിൽ പറയുന്നു. സെപ്തംബർ 15ന് ടെൻഡർ ആരംഭിച്ച്, നവംബറോടെ അതുമായി ബന്ധപ്പെട്ട പ്രക്രിയകൾ പൂർത്തിയാക്കുമെന്നായിരുന്നു റോഷി അഗസ്തിൻ ചെല്ലാനം സന്ദർശിച്ച് പറഞ്ഞത്. എന്നാൽ തീരസംരക്ഷണവുമായി ബന്ധപ്പെട്ട് മുൻപ് പ്രഖ്യാപിച്ച പദ്ധതികൾ ഇഴഞ്ഞു നീങ്ങുന്നത് കാണുന്ന ചെല്ലാനത്തെ ജനങ്ങൾക്ക് പുതിയ പദ്ധതിയെ ആശ്രയിച്ച് ജീവിതം കരുപ്പിടിപ്പിക്കാനുള്ള ആത്മവിശ്വാസമില്ല.

പദ്ധതി പ്രഖ്യാപനത്തിന് ചെല്ലാനത്തെത്തിയ വ്യവസായ മന്ത്രി പി. രാജീവ്, ജലവിഭവ മന്ത്രി റോഷി അഗസ്തിൻ. / Photo: Roshy Augustine, Fb

പ്രഖ്യാപനം നടന്ന് ഒരു മാസം കഴിഞ്ഞിട്ടും ടെൻഡർ നടപടി ആരംഭിച്ചിട്ടില്ലെന്ന് ചെല്ലാനം തീരദേശ വികസന സമിതി ജനറൽ കൺവീനർ ഡാൽഫിൻ ടി.എ. പറയുന്നു. ""എന്തൊക്കെയോ നടക്കുന്നുണ്ടെന്ന് ആളുകളെ ബോധിപ്പിച്ച് സമരങ്ങളിൽ നിന്നും മറ്റും പിന്തിരിപ്പിച്ച് ശാന്തരാക്കണം. അതാണ് ആഗസ്തിൽ നടന്ന പ്രഖ്യാപനം കൊണ്ട് സർക്കാർ ഉദ്ദേശിക്കുന്നത്.''

""344 കോടി രൂപ സർക്കാർ അനുവദിച്ചു എന്നത് ആശാവഹമായ കാര്യം തന്നെ, എന്നാൽ അത് എന്ന് നടക്കും എന്ന കാര്യത്തിലാണ് ആശങ്ക. അടുത്ത വർഷം കടലുകയറാതെ ബാക്കിയാവുമോ എന്ന കാര്യത്തിൽ ഞങ്ങൾക്ക് തീർച്ചയില്ല. പദ്ധതിയുമായി ബന്ധപ്പെട്ട് ജനങ്ങളുമായി സർക്കാർ പ്രതിനിധികൾ കൃത്യമായി സംവദിക്കുന്നില്ല. തങ്ങളുടെ നാട്ടിൽ നടക്കാനിരിക്കുന്ന ഈ പദ്ധതിയെക്കുറിച്ച് സാധാരണക്കാരിൽ പലരും അജ്ഞരാണ്.''

ജി​യോട്യൂബിന്​ നടന്നത്​ മൂന്ന്​ ഉദ്​ഘാടനങ്ങൾ!

2017 ഡിസംബറിലാണ് ചെല്ലാനത്ത് ജിയോട്യൂബ് കടൽഭിത്തി നിർമിക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചത്. 2018 ഏപ്രിൽ മാസമായിരുന്നു പദ്ധതിക്ക് നിശ്ചയിച്ച സമയപരിധി. 2018 ജനുവരിയിൽ പദ്ധതിക്ക് സർക്കാർ 18 കോടി രൂപ അനുവദിച്ച്, 2018 ജൂലെെയോടെ സ്ഥലം കോൺട്രാക്ടർക്ക് കെെമാറി. 2019ൽ മൂന്നു തവണയാണ് പദ്ധതിയുടെ കാലാവധി നീട്ടിയത്. 2020-ൽ കോൺട്രാക്ടറെ മാറ്റി പുതിയ ടെൻഡർ വിളിക്കുകയായിരുന്നു. മൂന്നു വർഷങ്ങൾക്കിപ്പുറവും ചെല്ലാനത്തെ ജിയോട്യൂബ് പദ്ധതിക്ക് കാര്യമായ പുരോഗതിയില്ല. ""ജിയോട്യൂബ് പദ്ധതി ഇന്നു വരെ പ്രവർത്തനക്ഷമമായിട്ടില്ല. ആദ്യം ഡെൻഡർ പിടിച്ച കോൺട്രാക്ടർ എക്യുപ്മന്റില്ല, പണി നടത്താൻ കഴിയില്ലെന്ന് അറിയിച്ചതിനെ തുടർന്ന് ഗ്രീൻവേ സൊല്യൂഷൻസ് എന്ന കമ്പനിക്ക് സർക്കാർ കരാർ നൽകി. 90 ദിവസത്തെ കോൺട്രാക്ട് ആയിരുന്നു അന്ന് നൽകിയിരുന്നത്. കലാവധി പൂർത്തിയായി, പക്ഷെ പണി പൂർത്തിയായില്ല. ഇക്കാലം വരെ കരാർ നീട്ടി നൽകൽ മാത്രമാണ് അതുമായി ബന്ധപ്പെട്ട് നടന്നത്.'' ഡാൽഫിൻ പറയുന്നു.

ഈ പദ്ധതിയുമായി ബന്ധപ്പെട്ട് മൂന്ന് ഉദ്ഘാടന സമാനമായ ചടങ്ങുകളാണ് നടന്നതെന്നും പ്രദേശവാസി കൂടിയായ ഡാൽഫിൻ പറയുന്നു. ""ജിയോ ട്യൂബ് പണിയും എന്ന് പ്രഖ്യാപനം നടത്തിയത് മുൻ ഫിഷറീസ് മിനിസ്റ്റർ മേഴ്‌സിക്കുട്ടിയമ്മയാണ്. ശേഷം നിലമൊരുക്കൽ ഉദ്ഘാടനം എം.എൽ.എ. നിർവഹിച്ചു. അതിനു ശേഷം കുറേ കാലം പണിയൊന്നും നടന്നില്ല. പിന്നീട് ട്യൂബുകൾ വന്നതിന് ശേഷം അത് എം.എൽ.എ വന്ന് അതും ഉദ്ഘാടനം ചെയ്തു.'' ഇത്തരം മുന്നനുഭവങ്ങളുടെ വെളിച്ചത്തിലാണ് പുതിയ പ്രഖ്യാപനങ്ങളേയും മറ്റും ചെല്ലാനത്തെ ജനങ്ങൾ നോക്കിക്കാണുന്നത്.

2018 മുതൽ നിർമാണത്തിൽ തുടരുകയാണ് ചെല്ലാനത്തെ ജിയോട്യൂബ് പദ്ധതി / Photo: Neethu Joseph, TNM

എന്നാൽ ചില സാങ്കേതിക തടസ്സങ്ങളും, കരാർ എടുത്ത കമ്പനിയുടെ പരിചയക്കുറവാണ് ജിയോട്യൂബ് നിർമാണത്തിൽ തിരിച്ചടിയായതെന്നും, പദ്ധതി നടപ്പിലാക്കുമെന്നും ചെല്ലാനം പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. പ്രസാദ് പറയുന്നു.

പുതുതായി പ്രഖ്യാപിച്ച പദ്ധതിയുടെ നടപടിക്രമങ്ങൾ നടന്നു കൊണ്ടിരിക്കുകയാണെന്നും, പദ്ധതിക്ക് ഭരണാനുമതി ലഭിച്ചെന്നും അദ്ദേഹം ‘തിങ്കി’നോട്​ പ്രതികരിച്ചു. ""ഉടനെ ടെൻഡർ നടപടികളിലേക്ക് കടക്കും. ഊരാളുങ്കൽ സഹകരണ സംഘത്തിന് ഇതിന്റെ കരാർ നൽകാനാണ് സർക്കാർ ആലോചിക്കുന്നത്. പ്രസ്തുത പദ്ധതിക്കാവശ്യമായ സാങ്കേതിക- തൊഴിൽ വൈദഗ്ധ്യമുള്ള സ്ഥാപനമാണത്.'' ഊരാളുങ്കൽ ലേബർ സഹകരണ സംഘത്തിലെ എഞ്ചിനിയർമാരുൾപ്പടെ സ്ഥലം സന്ദർശിച്ചെന്നും അദ്ദേഹം പറയുന്നു.

തീരശോഷണത്തിന്റെ കാരണങ്ങൾ

വർഷങ്ങളായുള്ള ചെല്ലാനത്തെ തീരദേശ ശോഷണം ജനജീവതം ദുസ്സഹമാക്കും വിധം പാരമ്യത്തിലെത്തിയെന്ന് പൊതുവിൽ അംഗീകരിക്കപ്പെട്ടത് 2017-ലെ ഓഖി ചുഴലിക്കാറ്റിനും, തുടർച്ചയായ കടലാക്രമണങ്ങൾക്കുമൊടുവിലാണ്. സ്വാഭാവികമായും പ്രദേശത്തിന്റെ സാമൂഹിക രാഷ്ട്രീയ മേഖലയിലെ ശക്തമായ വിഷയമായി തീരസംരക്ഷണം മാറി. ചെല്ലാനം പഞ്ചായത്തിൽ 21 വാർഡുകളാണുള്ളത്. 2015ൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് 13-ഉം യു.എഡി.എഫ് ഏഴും, ബി.ജെ.പിക്ക് ഒരു സീറ്റുമായിരുന്നു ലഭിച്ചതെങ്കിൽ 2020 തെരഞ്ഞെടുപ്പിൽ തീരസംരക്ഷണ വിഷയം മുൻനിർത്തി ചെല്ലാനം 20/20 എന്ന സംഘടന എട്ടു സീറ്റുകൾ നേടി പ്രദേശത്തെ പ്രബല ശക്തിയായി ഉയർന്നു വന്നു.

2020 തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് ഒൻപതും, യു.ഡി.എഫ് നാലും വാർഡുകളിൽ ഒതുങ്ങിയപ്പോൾ ബി.ജെ.പിക്ക് ഒരു സീറ്റുകളൊന്നും ലഭിച്ചില്ല.

നിരവധി വർഷങ്ങൾ കൊണ്ട് കേരളത്തിന്റെ കടലോര മേഖലയിൽ ഉരുത്തിരിഞ്ഞ ഒന്നിലധികം ഘടകങ്ങളാണ് സംസ്ഥാനത്ത് പൊതുവിലും, ചെല്ലാനത്തിന്റെ തീരപ്രദേശങ്ങളിൽ പ്രത്യേകിച്ചും തീവ്രമായ തീരശോഷണത്തിന് കാരണമാകുന്നതെന്ന് നാഷനൽ സെന്റർ ഫോർ ഏർത്ത് സയൻസ് സ്റ്റഡീസിൽ ചീഫ് സയന്റിസ്റ്റ് ആയിരുന്ന ഡോ. കെ. വി. തോമസ് പറയുന്നു: ""തീരത്തിന് സ്വാഭാവിക സുരക്ഷ ഒരുക്കുന്നത് ബീച്ചുകൾ ആണ്. നിർമാണപ്രവർത്തനങ്ങൾ ഉൾപ്പടെയുള്ള ഇടപെടലുകളും, കടൽനിരപ്പ് ഉയരുന്നതു പോലുള്ള ദീർഘകാല പ്രതിഭാസങ്ങളുമാണ് ബീച്ചുകളുടെ ശോഷണത്തിന് ആക്കം കൂട്ടുന്നത്. ചെല്ലാനത്ത് ബീച്ച് മാത്രമല്ല കരയും പോയിട്ടുണ്ട്.

ഭിത്തികെട്ടി സംരക്ഷിപ്പെട്ടവയോ, മുനമ്പുകളിൽ ഉള്ളവയോ ഒഴിച്ച് കേരളത്തിന്റെ ഭൂരിഭാഗം കടൽപ്രദേശങ്ങളും മണൽത്തീരമായിരുന്നു. വാണിജ്യം, സഞ്ചാരം തുടങ്ങിയ ആവശ്യങ്ങൾക്കായി കേരളത്തിൽ പലസ്ഥലങ്ങളിലും പുലിമുട്ടുകൾ സ്ഥാപിച്ചും ഹാർബറുകൾ നിർമിച്ചും പൊഴികൾ (കടലിനും കായലിനും ഇടയിലെ മണൽത്തിട്ട) മുറിച്ച് അഴികളാക്കി (കടൽ കായലിനോട് ചേരുന്നയിടം) മാറ്റിയതു മുതലാണ് തീരപ്രദേശങ്ങൾ അസ്ഥിരമാവാൻ ആരംഭിച്ചത്. മണലിന്റെ സ്വഭാവിക വിതരണത്തെ അത് പ്രതികൂലമായി ബാധിച്ചു. പൊഴികൾ വർഷകാലങ്ങളിൽ മാത്രമാണ് കായലിനേയും കടലിനേയും ബന്ധിപ്പിച്ചിരുന്നതെങ്കിൽ അഴികൾ ഈയൊരു ബന്ധത്തെ സ്ഥിരപ്പെടുത്തുകയായിരുന്നു.''

1926-ൽ നടന്ന കൊച്ചിയിലെ സീ പോർട്ട് നിർമാണം ചെല്ലാനം തീരത്തെ മണലിന്റെ സ്വാഭാവിക വിന്യാസത്തിന് തടസ്സമായെന്ന് കെ.വി. തോമസ് പറയുന്നു: ""നൂറു വർഷങ്ങൾക്കു മുൻപ് കൊച്ചിയിലെ സീ പോർട്ട് നിർമാണത്തിനായി പൊഴിയെ മുറിച്ച് രണ്ടു വശങ്ങളിലും കടൽഭിത്തികൾ കെട്ടി അവിടെ തുടർച്ചയായി ട്രെഡ്ജിങ്ങ് നടത്തി മണലും മറ്റും നീക്കം ചെയ്ത് കപ്പൽ ചാലൊരുക്കി. ട്രെഡ്ജിങ്ങ് ഇപ്പോഴും നടക്കുന്നുണ്ട്. ഈ നിർമാണം വശങ്ങളിലേക്കുള്ള മണലിന്റെ സ്വാഭാവിക വിന്യാസത്തെ തടസ്സപ്പെടുത്തി. ഇത് മൂലം ചെല്ലാനം ഉൾപ്പടെയുള്ള തീരങ്ങളിലെ മണലിന്റെ ലഭ്യത കുറഞ്ഞു.

കടലാക്രമണ സൂചന ലഭിച്ചതോടെ വീടുകൾക്കു മുമ്പിൽ സംരക്ഷണ ഭീത്തിയൊരുക്കുന്ന ചെല്ലാനത്തുകാർ

സമീപപ്രദേശങ്ങളിലെ കടൽത്തീരങ്ങളിൽ നടന്ന നിർമ്മാണങ്ങളും ചെല്ലാനത്തെ സ്വാഭാവിക മണൽലഭ്യതയെ ബാധിച്ചട്ടുണ്ട്. ഇന്ന് കേരളത്തിൽ തന്നെ ഏറ്റവുമധികം റവന്യൂ ഭൂമി നഷ്ടപ്പെട്ട കടൽത്തീരങ്ങളിലൊന്നാണ് ചെല്ലാനം, എൻ.സി.സി.ആർ നടത്തിയ പഠനത്തിലും beach nourishment പ്രാധാന്യത്തെ കുറിച്ച് പറയുന്നുണ്ട്. ചെല്ലാനത്ത് മണലിന്റെ കുറവുണ്ടെന്നും, അത് പരിഹരിക്കപ്പെടണമെന്നും പഠനം അടിവരയിടുന്നുണ്ട്.''

സമീപപ്രദേശത്തെ കടൽത്തീരങ്ങളിൽ നടത്തിയ നിർമാണങ്ങൾ മണൽ അടിഞ്ഞു കൂടുന്നത് തടഞ്ഞതും, കടൽഭിത്തി ഉണ്ടാക്കുന്ന തീരശോഷണവുമാണ് ചെല്ലാനത്തെ പ്രശ്നങ്ങൾക്ക് കാരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു: ""കടൽഭിത്തി നിർമ്മിക്കുമ്പോൾ അതിന്റെ അഗ്രഭാഗത്ത് തീരശോഷണം കൂടും. പടിഞ്ഞാറു വശത്ത് ബീച്ച് നിലനിർത്തിക്കൊണ്ട്, കാലവർഷക്കാലത്ത് കടൽ വരുന്ന പ്രദേശത്താണ് കടൽഭിത്തി നിർമിക്കാറ്. scouring (തിരയുടെ ശക്തി കാരണം സംഭവിക്കുന്ന ദ്രവീകരണം) കാരണവും മറ്റും ആ ബീച്ചും കാലക്രമേണ നഷ്ടപ്പെടും. ചെല്ലാനത്തിന്റെ കാര്യത്തിൽ ദ്രോണാചാര്യ നേവൽ ബേസിന്റെ തീരപ്രദേശത്ത് നടത്തിയ നിർമ്മാണപ്രവർത്തനങ്ങൾ മൂലം തെക്കുനിന്നുള്ള മണലിന്റെ നിക്ഷേപവും, ചെല്ലാനം ഹാർബർ നിർമ്മാണം മൂലം വടക്കു വശത്തു നിന്നുള്ള നിക്ഷേപവും നിയന്ത്രിക്കപ്പെട്ടതും, scouring പ്രക്രിയയും തീരത്തെ ദുർബലമാക്കി. അത് മൂലം കടൽഭിത്തിയെ മറികടന്ന് കടലുകയറാനും, തീരത്തിന്റെ സ്വാഭാവിക ചരിവിനെ ബാധിക്കാനും ആരംഭിച്ചു. തീരത്തേക്ക് അടിച്ചു കയറുന്ന വെള്ളം നേരെ കടലിലേക്ക് തിരിച്ചിറങ്ങുന്നത് ഇതുമൂലം തടസപ്പെട്ടു. ആ വെള്ളം പുറത്തേക്ക് കളയുന്നത് ചെല്ലാനത്തിന്റെ കിഴക്കു വശത്തു കനാലിലൂടെയാണ്. പുതിയ പദ്ധതിയിൽ കനാലിലേക്കുള്ള ട്രെയിനേജ് കാര്യക്ഷമമാക്കുന്നതിനെ കുറിച്ചും കനാലിന്റെ നവീകരണത്തെ കുറിച്ചും പറയുന്നുണ്ട്.''

ഇത്തരത്തിൽ ഒരു പുതിയ സ്വാഭാവികതയിൽ നിന്നുകൊണ്ടുള്ള തീരസംരക്ഷണ പദ്ധതികളേ ഇനി പ്രതീക്ഷിക്കാൻ കഴിയുകയുള്ളുവെന്ന് കെ.വി. തോമസ് പറയുന്നു. കടൽഭിത്തി നിർമ്മിച്ചതു കൊണ്ടു മാത്രം ചെല്ലാനത്തെ പ്രശ്‌നങ്ങൾ അവസാനിക്കില്ലെന്നും, മെയിന്റനൻസ് പ്രോട്ടോകോൾ രൂപീകരിച്ച് നടപ്പിലാക്കുകയും, അതോടൊപ്പം തുടർച്ചയായ തീരദേശ പുനരുദ്ധാരണവും ഇതോടൊപ്പം വേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു: ""മുൻപ് ബീച്ച് ഉണ്ടായിരുന്നിടത്തു നിന്നാണ് തീരസംരക്ഷണ പദ്ധതികൾ ആവിഷ്‌കരിച്ചതെങ്കിൽ ഇന്ന് ബീച്ചിന്റെ അഭാവത്തിലാണ് ചെല്ലാനം ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ തീരസംരക്ഷണം നടത്തുന്നത്. ഇത് രണ്ടും തമ്മിൽ വലിയ വ്യത്യാസങ്ങളുണ്ട്. ഈയൊരു സാഹചര്യത്തിൽ ഉരുത്തിരിഞ്ഞ ന്യൂ നോർമലിൽ നിന്നു കൊണ്ട് കടൽഭിത്തികൾ നിർമിക്കുകയും, ശക്തിപ്പെടുത്തുകയും ചെയ്യുന്നതിനാണ് പുതിയ പദ്ധതി പ്രധാന്യം നൽകുന്നത്. തീരമില്ലാത്ത കടൽഭിത്തി നിർമ്മാണം മൂലം കടലുമായുള്ള ബന്ധം പൂർണമായും വിച്ഛേദിക്കപ്പെടാതിരിക്കാൻ ചില ഭാഗങ്ങളിൽ ടീ ഗ്രോയിൻസ് നിർമിക്കാനാണ് പദ്ധതി.''

കടലിനെ നേരിട്ട് ആശ്രയിക്കുന്ന മത്സ്യത്തൊഴിലാളികൾ, അതേ വിഭാഗത്തിൽ പെട്ട എന്നാൽ ജീവനോപാധിക്കായി കടലിനെ ആശ്രയിക്കാത്ത കൂട്ടർ, ഈ വിഭാഗത്തിൽ പെടാത്ത പുറത്തു നിന്നു താമസമാക്കിയവർ എന്നിവരടങ്ങിയതാണ് ചെല്ലാനത്തെ ഡെമോഗ്രഫി. ഓരോ വിഭാഗക്കാർക്കും വ്യത്യസ്തമായ മുൻഗണനകളുണ്ടെങ്കിലും, സുരക്ഷിതവും ദീർഘകാലാടിസ്ഥാനത്തിലുള്ളതമുമായ സെറ്റിൽമെൻറ്​ എന്നത് ചെല്ലാനത്തെ ജനങ്ങളുടെ പൊതുവായ ആവശ്യമാണ്.

Comments