ആയുസ്സറ്റ വീടുകളിൽനിന്ന്​ഒലിച്ചുപോയിക്കൊണ്ടിരിക്കുന്ന
മനുഷ്യരുടെ മണ്ണ്​

‘ജനിച്ച മണ്ണും നാടും വീടും ഓർമകളുമെല്ലാം വിട്ട് ആയുസ്സിന്റെ മുഴുവൻ സമ്പാദ്യങ്ങളയും ഉപ്പുവെള്ളത്തിലുപേക്ഷിച്ച് കണ്ണീരുംപേറി ഈ കുടുംബങ്ങളെല്ലാം എങ്ങോട്ടാണ് പോകുന്നതെന്ന ചിന്ത ഏറെ അസ്വസ്ഥപ്പെടുത്തിയിരുന്നു’

ഴയ തുറമുഖ നഗരമായ കൊടുങ്ങല്ലൂരാണ് എന്റെ നാട്.
മുസിരിസുമായി ബന്ധപ്പെട്ട കഥകൾ കേട്ടാണ് വളർന്നത്. തുറമുഖത്തെക്കുറിച്ചും കടലിനെക്കുറിച്ചും കടൽജീവിതങ്ങളെക്കുറിച്ചുമെല്ലാം കേട്ടറിവുകൾ മാത്രമായിരുന്നു അക്കാലത്തുണ്ടായിരുന്നതെങ്കിലും പിൽക്കാല യാത്രകളിൽ മിക്കതും കടലിനെയും കടൽജീവിതത്തെയും നേരിട്ടനുഭവിച്ചവയായിരുന്നു.

കൊടുങ്ങല്ലൂരിന് സമീപത്തെ മറ്റൊരു തുറമുഖ നഗരമായ പൊന്നാനിയിലേക്ക് ഞാൻ ക്യാമറയുമായി പുറപ്പെടുമ്പോൾ, അത് ഒരു തുറമുഖത്തിൽ നിന്ന് മറ്റൊരു തുറമുഖത്തിലേക്കുള്ള യാത്രയായിരുന്നു. നൂറ്റാണ്ടുകളുടെ ചരിത്രം പേറുന്ന പൊന്നാനിയെന്ന തീരഭൂമികയിലെ മനുഷ്യജീവിതങ്ങളിൽ, കടലിൽ നിന്ന് കൊണ്ടും കൊടുത്തും രൂപപ്പെട്ടുവന്ന ധാരാളം സവിശേഷതകൾ കാണാമായിരുന്നു. വൻകരകളെ തൊട്ടുകിടക്കുന്ന കടലിന്റെ അനന്തസാധ്യതകൾ ഒരു തദ്ദേശീയ സാമൂഹ്യജീവിതത്തിന്റെ സമഗ്രതലങ്ങളിൽ എങ്ങനെയെല്ലാം ബന്ധപ്പെട്ടുകിടക്കുന്നു, മാറുന്ന കാലം ആ ജീവിതങ്ങളിൽ എങ്ങനെയെല്ലാം പ്രതിഫലിക്കുന്നു എന്നീ ആലോചനകളിൽ നിന്നുകൂടിയാണ് Vanishing Life-worlds എന്ന ചിത്രപരമ്പരയുണ്ടാകുന്നത്.വിവരാണീതതമായ ജീവിതഘട്ടങ്ങളിലേക്ക് മനുഷ്യരെ കൈപിടിച്ചുകൊണ്ടുപോകുന്ന കടൽ സാന്നിധ്യം അത്ഭുതകരമാണ്. കടലിലെ മനുഷ്യരിലേക്കുതന്നെയായിരുന്നു ഞാൻ വീണ്ടും സഞ്ചരിച്ചത്. ജീവിതത്തിന്റെ സങ്കീർണതകളിൽനിന്ന് സാഹസികമായ സമുദ്രസഞ്ചാരങ്ങൾക്ക് തയ്യാറാകേണ്ടി വന്ന കടൽയാത്രികരെതേടി കേരളത്തിന്റെ തീരഗ്രാമങ്ങളിലൂടെ നടന്നു. അങ്ങനെയാണ് മഞ്ചൂക്കാര് (Manchukkar - The Seafarers of Malabar) എന്ന ചിത്ര പരമ്പരയുണ്ടാകുന്നത്.

ഇന്ന്​ ഈ കാണുന്ന സമൃദ്ധിയിലേക്ക് കേരളത്തെയെത്തിച്ചതിൽ പഴയകാല സമുദ്ര വ്യാപാരങ്ങൾക്കുള്ള പങ്ക് നമുക്കറിയാം. പത്തേമാരി, ഉരു, മഞ്ചു എന്നീ പേരുകളിലറിയപ്പെടുന്ന മരം കൊണ്ട്​ പണിതീർത്ത വലിയ യാനപാത്രങ്ങളിൽ ജീവിതത്തിനും മരണത്തിനുമിടയിൽ നിന്ന്​ സംഘർഷഭരിതമായ യാത്രകൾ ചെയ്ത മനുഷ്യരെക്കുറിച്ച് പക്ഷേ ആർക്കും അറിവുണ്ടായിരുന്നില്ല. നടുക്കടലിൽ ആ തൊഴിലാളികൾ നേരിട്ട നിസ്സഹായതകളെയും അപകടമുനമ്പുകളെയും രേഖപ്പെടുത്താനുള്ള ശ്രമമായിരുന്നു മഞ്ചൂക്കാര്. ബോംബെയിൽനിന്ന് ചരക്കുകളുമായി വരുമ്പോൾ കൊടുങ്കാറ്റിൽപ്പെട്ട് ഉരു തകർന്നതും കൂടെയുണ്ടായിരുന്ന ഖലാസികൾ മരണത്തിലേക്ക് മുങ്ങിമറഞ്ഞതും തകർന്ന ഉരുവിന്റെ മരക്കഷണത്തിൽ പിടിച്ച് രണ്ടുനാൾ നടുക്കടലിലൂടെ ഒഴുകിയതും ഒടുവിൽ അതുവഴി വന്ന റഷ്യൻ കപ്പലുകാർ രക്ഷപ്പെടുത്തിയതും വിവരിക്കുമ്പോൾ മുഹമ്മദ് കുഞ്ഞിയെന്ന പഴയ ഖലാസിയുടെ ഓർമകളിൽ കടലിരമ്പുകയായിരുന്നു.

കടലുമായി ബന്ധപ്പെട്ട ഇത്തരം തുടർയാത്രകളിലൊരിടത്തുവെച്ചാണ്, കാലം കടലിൽ തീർക്കുന്ന മാറ്റങ്ങളെത്തുടർന്ന് ഇന്ന് കടലോര മനുഷ്യർ നേരിടുന്ന അതീവ ഗുരുതരമായ മറ്റൊരു പ്രശ്‌നം ശ്രദ്ധയിൽപ്പെടുന്നത്. ഒരിക്കൽ ഒരു സുഹൃത്തിനൊപ്പം പൊന്നാനിയുടെ തീരങ്ങളിലൂടെയുള്ള യാത്ര ചെയ്യവേ കടലിനോട് ചേർന്നുകിടക്കുന്ന ഓലമേഞ്ഞ ഒറ്റവീട് ശ്രദ്ധയിൽപ്പെട്ടു. വീടിനുമുന്നിൽ ചാരിവെച്ചിരിക്കുന്ന സൈക്കിളിന്റെ കണ്ണാടിയിൽ നോക്കി ഒരു പെൺകുട്ടി കണ്ണെഴുതുന്നുണ്ടായിരുന്നു. ഹക്കീന എന്നായിരുന്നു അവളുടെ പേര്. വീടിന് മുൻവശത്തിരുന്ന് മീൻ അരിയുകയായിരുന്ന അവളുടെ ഉമ്മയോട് ഞങ്ങൾ സംസാരിച്ചു, ചിത്രങ്ങൾ പകർത്തി. ചോർന്നൊലിക്കുന്ന കോഴിക്കൂട് പോലുള്ള പൊളിഞ്ഞുവീഴാറായ ആ വീട്ടിലെ ഏക ആഢംബരവസ്തു മുന്നിൽ ചാരിവെച്ചിരുന്ന ആ സൈക്കിളായിരുന്നു. വൈദ്യുതി പോലുമില്ലാത്ത ആ വീടിനകത്ത് ആകെയുണ്ടായിരുന്നത് ഒരു കട്ടിലും നിറയെ മണലും ഇരുട്ടും. ആ ഉമ്മ അവരുടെ കുടുംബത്തെക്കുറിച്ചും പ്രയാസങ്ങളെക്കുറിച്ചും നിസ്സഹായതയോടെ ഞങ്ങളോട് വിവരിച്ചു. എന്തുകൊണ്ടോ അവരോടൊരു അടുപ്പം തോന്നിയതിനാൽ ആഴ്ചകൾക്കുശേഷം ഞങ്ങൾ വീണ്ടും അവിടെ ചെന്നു. ഹക്കീനക്ക് പഠിക്കാൻ എന്റെയൊരു സുഹൃത്ത് ഒരു സോളാർ ലൈറ്റ് വാങ്ങിക്കൊടുത്തു, പഠനത്തിൽ മിടുക്കിയായിരുന്ന, സ്‌കൂളിൽ നിന്ന് നിറയെ സമ്മാനങ്ങളൊക്കെ വാങ്ങിയിട്ടുള്ള അവൾക്ക് കേവലമൊരു സോളാർ ലൈറ്റ് പോലും നൽകുന്ന സന്തോഷം എത്രയെന്ന് ഞങ്ങളറിഞ്ഞു.

2016 ലെ ബിനാലെയിൽ Vanishing Life-worlds സീരീസ് കണ്ട എന്റെ മറ്റൊരു സുഹൃത്ത് ഹക്കീനയ്ക്ക് ഒരു ചെറിയ വീട് നിർമിച്ചുകൊടുക്കാൻ തീരുമാനിച്ചു. വളരെ കുറഞ്ഞ ചെലവിൽ ആ വീടിന്റെ പണി പൂർത്തിയാക്കി. പുതിയ വീട്ടിലേക്ക് ഒരിക്കൽ ചെന്നപ്പോൾ അവർ ഞങ്ങളെ ഭക്ഷണമൊക്കെയൊരുക്കിയാണ് സ്വീകരിച്ചത്. സമീപങ്ങളിലുള്ള വീട്ടുകാരെല്ലാം അന്നവിടെയുണ്ടായിരുന്നു. നോക്കുമ്പോൾ ആ ചുറ്റുവട്ടത്തെ വീടുകളിലുള്ളവരെല്ലാം സമാനമായ തരത്തിൽ പലതരം പ്രയാസങ്ങൾ അനുഭവിക്കുന്നവരായിരുന്നു. അന്ന് സന്തോഷത്തോടുകൂടി പിരിഞ്ഞശേഷം വീണ്ടുമൊരു ആറുമാസം കഴിഞ്ഞ് അതേസ്ഥലത്ത് ചെന്ന ഞാൻ കണ്ട കാഴ്ച ഏറെ വേദനിപ്പിക്കുന്നതായിരുന്നു. ഹക്കീനയുടെ പുതിയ വീടുൾപ്പെടെ ആ പ്രദേശത്തെ ഒരു വീടുപോലും ബാക്കിയില്ലാത്ത വിധത്തിൽ എല്ലാ വീടുകളും കടലുകയറി തകർന്നുതരിപ്പണമായി കിടക്കുന്നു. യുദ്ധഭൂമി പോലെ അവിടിവിടങ്ങളിൽ ചില അവശേഷിപ്പുകൾ മാത്രം. മുമ്പ് വീടുകളുണ്ടായിരുന്ന സ്ഥലം പോലും കാണാനില്ല, എല്ലാം കടലെടുത്തുകഴിഞ്ഞിരിക്കുന്നു. കരയിൽനിന്ന് കടലിലേക്ക് നോക്കുമ്പോൾ ദൂരെ ഒരു കിണറിന്റെ അവശേഷിപ്പുകൾ കണ്ടതിൽനിന്ന് അവിടെയായിരുന്നു ഹക്കീനയുടെ വീടെന്നും, ഇന്ന് കടലായി മാറിയ ഇടത്തുനിന്നാണ് ഞങ്ങളന്ന് ഭക്ഷണം കഴിച്ചിരുന്നതെന്നും ഓർത്തെടുത്തു. നിന്നനിൽപിൽ മനസ്സ് മരവിച്ചുപോകുന്ന അനുഭവമായിരുന്നു. കടലെടുത്ത മണ്ണിൽനിന്ന് ഹക്കീനയും ഉമ്മയും ചുറ്റിലുമുണ്ടായിരുന്ന മറ്റ് കുടുംബങ്ങളും എവിടേക്കോ പലായനം ചെയ്തിരിക്കുന്നു. ഹക്കീനയെയും ഉമ്മയെയും പിന്നീടിതുവരെ ഞാൻ കണ്ടിട്ടില്ല. സമീപത്തുള്ള മറ്റേതോ കോളനിയിൽ അവർ കഴിയുന്നുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്.

വീടിനുമുന്നിൽ ചാരിവെച്ചിരിക്കുന്ന സൈക്കിളിന്റെ കണ്ണാടിയിൽ നോക്കി ഒരു പെൺകുട്ടി കണ്ണെഴുതുന്നുണ്ടായിരുന്നു. ഹക്കീന എന്നായിരുന്നു അവളുടെ പേര്.

കടലോരങ്ങളിലൂടെയുള്ള നിരന്തര യാത്രകൾക്കിടയിൽ ഞാൻ കാണാതെ പോവുകയോ വേണ്ടത്ര ശ്രദ്ധിക്കാതെ പോവുകയോ ചെയ്ത ഒരു നടുക്കുന്ന യാഥാർത്ഥ്യമാണ് അന്ന് ഞാൻ തിരിച്ചറിഞ്ഞത്. കേരളത്തിന്റെ തീരത്തെ കടലെടുത്തുകൊണ്ടിരിക്കുന്നു. കടലോരഗ്രാമങ്ങൾ ഭൂപടത്തിൽ നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. തലമുറകളായി തീരങ്ങളിൽ കഴിയുന്ന കുടുംബങ്ങൾ ജീവഭയത്തിൽ സ്വന്തം മണ്ണുവിട്ട് എങ്ങോട്ടോ പലായനം ചെയ്യുന്നു. കേരളത്തിന്റെ തീരത്തെ അഭയാർത്ഥികളെക്കുറിച്ചും കാലാവസ്ഥാ വ്യതിയാനത്തെത്തുടർന്ന് കടലോരജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചും ഞാൻ കൂടുതൽ അറിഞ്ഞു. ആ ചിന്തകളാണ് തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള തീരഗ്രാമങ്ങളിലൂടെയുള്ള പിൽക്കാല സഞ്ചാരങ്ങൾക്ക് കാരണമായത്. കേരളത്തിലുടനീളം കടൽ കരയിലേക്ക് കയറിവരുന്നുണ്ടെങ്കിലും തെക്കൻ കേരളത്തിലെ സാഹചര്യങ്ങൾ തീവ്രമായിരുന്നു. പ്രത്യേകിച്ചും നിർമാണം നടന്നുകൊണ്ടിരിക്കുന്ന വിഴിഞ്ഞം തുറമുഖത്തോട് ചേർന്നുവരുന്ന തീരങ്ങളിൽ. ഉള്ളതെല്ലാം നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുകയാണ് അവിടെ നിന്നുള്ള കുടുംബങ്ങൾ.

കൊടുങ്ങല്ലൂരിലെ തീരത്ത് കടലെടുത്ത ഒരു വീട്ടിൽ നിന്ന്​ ഉള്ളതെല്ലാം വാരിയെടുത്ത് പെട്ടിഓട്ടോറിക്ഷയിൽ കയറി മറ്റെവിടേക്കോ പോകുന്ന ഒരു കുടുംബത്തെ കണ്ടിരുന്നു. സാധനങ്ങളെല്ലാം വണ്ടിയിൽ കയറ്റുന്നതിന്റെ ധൃതിയിലും വീടുവിട്ടുപോകുന്നതിന്റെ വെപ്രാളത്തിലുമായിരുന്നു കുടുംബാംഗങ്ങൾ. അതിനിടയിൽ അതിലൊരു പെൺകുട്ടി ഏതാനും ആഴ്ചകൾ മാത്രം ആയുസ്സ് ബാക്കിയുള്ള ആ വീടിന്റെ ചിത്രം തന്റെ കയ്യിലുള്ള കുഞ്ഞു മൊബൈൽ ഫോണിൽ പകർത്തുകയായിരുന്നു. അവൾ അവളുടെ ഇന്നലെ വരെയുള്ള ജീവിതത്തിന്റെ ഓർമകളെയായിരുന്നു അവസാനമായി പകർത്തിക്കൊണ്ടിരുന്നത്. അവൾ പിറന്ന വീടും കളിച്ചുവളർന്ന മുറ്റവുമായിരിക്കുമത്.
ചിലയിടങ്ങളിൽ ഇനിയും കടലെടുക്കാത്ത വീട്ടുകാർ അവരുടെ തൊട്ടടുത്ത് നേരത്തെ ആൾത്താമസമുണ്ടായിരുന്ന, ഇപ്പോൾ തകർന്നുകിടക്കുന്ന വീടുകൾ ചൂണ്ടിക്കാണിച്ച് സങ്കടം പറയുമായിരുന്നു. എന്നാൽ മാസങ്ങൾക്കുശേഷം വീണ്ടും ചെല്ലുമ്പോൾ അവരെയും അവിടെ കാണാനുണ്ടാവില്ല. ജനിച്ച മണ്ണും നാടും വീടും ഓർമകളുമെല്ലാം വിട്ട് ആയുസ്സിന്റെ മുഴുവൻ സമ്പാദ്യങ്ങളയും ഉപ്പുവെള്ളത്തിലുപേക്ഷിച്ച് കണ്ണീരുംപേറി ഈ കുടുംബങ്ങളെല്ലാം എങ്ങോട്ടാണ് പോകുന്നതെന്ന ചിന്ത ഏറെ അസ്വസ്ഥപ്പെടുത്തിയിരുന്നു.

കടലിനോടുചേർന്ന്​ തകർന്നുകിടക്കുന്ന വീടുകളിലെ അവശിഷ്ടങ്ങളിൽ കണ്ടത് പുതിയ കോൺക്രീറ്റുകളും പുതിയതരം ഡിസൈനുകളുള്ള ടൈലുകളുമെല്ലാമാണ്. പാതി തകർന്ന ചുമരുകളിൽ വിവാഹങ്ങളുടെയും പിറന്നാളാഘോഷങ്ങളുടെയും അവശേഷിപ്പുകൾ കാണാം. ഒരിക്കലും ഒരു ദുരന്തത്തെ അവരാരും പ്രതീക്ഷിച്ചിരുന്നില്ല എന്ന് നിസ്സംശയം പറയാം. തലുമറകളായി ജീവിച്ച മണ്ണിൽ അച്ഛനപ്പൂപ്പൻമാരായി പറഞ്ഞുകേട്ട "കടല് ചതിക്കില്ല' എന്ന വാക്കിൽ വിശ്വസിച്ചു ജീവിച്ചിരുന്നവരാണ് കിടപ്പാടങ്ങളിലേക്ക് ആർത്തലച്ചുവന്ന തിരമാലകളോടെതിരിടാനാവാതെ പലായനം ചെയ്യേണ്ടിവന്നത്. കേരളത്തിന്റെ തീരം ഇന്നൊരു യുദ്ധഭൂമിയാണ്. കടലിലവശേഷിക്കുന്ന കൽഭിത്തികൾ ഒരു ദുരന്തത്തിന്റെ അവശേഷിപ്പാണ്. ഒരുകാലത്ത് അവിടെ ജീവിച്ചിരുന്നവരുടെ ഓർമകൾ കടലാഴങ്ങളിൽ മാഞ്ഞുകൊണ്ടിരിക്കുന്നു.


കെ.ആർ. സുനിൽ

ഫോട്ടോഗ്രാഫർ. ഇന്ത്യയിലും പുറത്തും നിരവധി പ്രദർശനങ്ങൾ നടത്തി. ‘റെഡ് ഡിവോഷൻ', ‘വാനിഷിങ് ലൈഫ് വേൾഡ്‌സ്' തുടങ്ങിയ ഫോട്ടോ പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്.

Comments