ജീവിതത്തിന്റെ നീന്തിയെത്താനാകാഞ്ഞ കടൽ

മാടാക്കരയിലെ പുതിയപുരയിൽ ഷൈജു 'ജീവന്റെ വിലയുള്ള ജീവൻ' തന്റെ കൈകാലുകളിലും ഹൃദയത്തിലും പകർന്ന് കാതങ്ങൾ നീന്തി കരയിലെത്തി തന്റെ രണ്ടു സുഹൃത്തുക്കൾ കടലിൽ പെട്ടുപോയി എന്നു നമ്മോട് പറഞ്ഞത്. ഈ ചെറുപ്പക്കാരൻ ഈ വിധം നീന്തി വന്നില്ലായിരുന്നെങ്കിൽ നാം എപ്പോഴാണ് നേരത്തേ പറഞ്ഞ "ദാരുണ സംഭവം ' അറിയുക!

ഞ്ചിയം മാടാക്കരയിലെ വലിയ പുരയിൽ അച്യുതനും അഴിയൂർ പൂഴിത്തലയിലെ ചിള്ളിപ്പറമ്പിൽ അസീസും അവർക്ക് ജീവിതമായിരുന്ന അലകടലിൽ എല്ലാം അവസാനിപ്പിച്ച് വിട പറഞ്ഞിരിക്കുന്നു.

"ദാരുണമായ സംഭവം' എന്ന് ആചാര വാക്കിൽ നമ്മളെല്ലാം സ്വയം ആശ്വസിക്കുകയും ഇതിലപ്പുറം എന്താണ് പറയാനുള്ളത് എന്ന് തീർപ്പാക്കുകയും ചെയ്യും. പിന്നീടെല്ലാം അവരുടെ വീട്ടുകാരായി അവരുടെ പാടായി. ഉദ്യോഗസ്ഥർ സൂക്ഷ്മപരിശോധന നടത്തി, അങ്ങോട്ടുമിങ്ങോട്ടും അയക്കുന്ന സഹായധനത്തിനുള്ള ഫയലിനു പിന്നാലെയുള്ള ഓട്ടമായി പിന്നെ. ഒന്നു "സ്പീടാക്കാൻ വിളിച്ചു പറയാമോ?' എന്ന് രാഷ്ട്രീയ നേതാവിന്റെ
ഔദാര്യത്തിനായുള്ള കാത്തിരിപ്പും !

28 വർഷമാണ് ഞാൻ ഈ കടലോരത്തെ ഒരു സ്ക്കൂളിൽ അധ്യാപകനായി ജോലി ചെയ്തത്. എന്റെ മുമ്പിലൂടെ കടന്നുപോയ വിദ്യാർത്ഥികളിലേറെയും കടലിന്റെ മക്കൾ തന്നെയായിരുന്നു. അവരോട് ഇടപഴകുമ്പോഴാണ് "ജീവിതത്തിന്റെ കടൽ' എന്താണെന്ന് എനിക്ക് എപ്പോഴും ബോധ്യപ്പെട്ടുകൊണ്ടേയിരുന്നത്.

ഹെമിംഗ് വേയുടെ "കിഴവനും കടലും' എന്ന നോവൽ ഞാൻ പുനർവായിച്ചത് എപ്പോഴെങ്കിലുമൊരിക്കൽ സ്ക്കൂൾ ഗേറ്റ് കടന്നു വരുന്ന, വഴിയിൽ പലപ്പോഴും കണ്ടുമുട്ടുന്ന ആ കുഞ്ഞുങ്ങളുടെ രക്ഷിതാക്കളുടെ കണ്ണുകളിലൂടെയാണ്.

""തുടുവെള്ളാമ്പൽ പൊയ്കയല്ല, ജീവിതത്തിൻ കടലേ, കവിതയ്ക്ക് ഞങ്ങൾക്ക് മഷിപ്പാത്രം''

എന്ന് മഹാകവി വൈലോപ്പിള്ളി പറഞ്ഞതിന്റെ പൊരുളും മനസ്സിലായത് എന്റെ ഈ കടലോര ജീവിതത്തിൽ നിന്നാണ്.

ഒരു കാര്യം കൂടി ശ്രദ്ധേയമാണ് ; മാടാക്കരയിലെ പുതിയപുരയിൽ ഷൈജു "ജീവന്റെ വിലയുള്ള ജീവൻ' തന്റെ കൈകാലുകളിലും ഹൃദയത്തിലും പകർന്ന് കാതങ്ങൾ നീന്തി കരയിലെത്തി തന്റെ രണ്ടു സുഹൃത്തുക്കൾ കടലിൽ പെട്ടുപോയി എന്നു നമ്മോട് പറഞ്ഞത്. ഈ ചെറുപ്പക്കാരൻ ഈ വിധം നീന്തി വന്നില്ലായിരുന്നെങ്കിൽ നാം എപ്പോഴാണ് നേരത്തേ പറഞ്ഞ "ദാരുണ സംഭവം ' അറിയുക!

ചന്ദ്രനിൽ വീടെടുത്ത് താമസിക്കാനും ചൊവ്വയിൽ മനുഷ്യനെ എത്തിക്കാനുമൊക്കെയുള്ള വലിയ തിടുക്കത്തിലാണ് ശാസ്ത്രം ഇന്ന്. 100 കോടി വിലയുള്ള വലിയ സജ്ജീകരണങ്ങളുള്ള ഹെലികോപ്റ്റർ ബഹുമാന്യനായ എം.എ.യൂസഫലി സ്വന്തമാക്കിയത് കണ്ട് നമ്മൾ അതിശയപ്പെട്ടിട്ട് മണിക്കൂറുകളേ ആയിട്ടുള്ളൂ. കടലിൽ ഒരു തോണിയോ ബോട്ടോ അപകടപ്പെട്ടാൽ, അത്രയധികം വിലയൊന്നുമില്ലാത്ത ഒരു ജീവൻ അപകടത്തിലായാൽ അത് നാമറിയാൻ ആരെങ്കിലും നീന്തിവന്ന് പറയണം.....!

ശാസ്ത്ര സാങ്കേതികമായ കാര്യങ്ങളിൽ എന്റെ തീർത്തും പരിമിതമായ അറിവ് വെച്ച് ഒരു കാര്യം പറയട്ടെ. ഒരു അപകടം കടലിൽ സംഭവിച്ചാൽ അത് ആ നിമിഷം കരയിൽ അറിയാനുള്ള സംവിധാനമൊരുക്കുക എന്നത് ഇപ്പോൾ നമ്മൾ ഏറെ "ആകാംക്ഷയോടേയും ' "പ്രതീക്ഷയോടേയും ' കാത്തിരിക്കുന്ന 5G സംവിധാനമൊരുക്കുന്നതിന്റെ ആയിരത്തിലൊരംശം നിസാരമാണ്. പിന്നെ എന്തുകൊണ്ടാണ് ഇതൊന്നുമില്ലാത്തത്? ആരോടാണ് ഇതൊക്കെ ചോദിക്കേണ്ടത്?

അസീസ്, അച്യുതൻ
അസീസ്, അച്യുതൻ

നാം കാണാതെ പോവരുത്, ആ രണ്ടു വീടുകളിലെ നിസ്സഹായരായി പോയ കുഞ്ഞുങ്ങളുടെ, സ്ത്രീകളുടെ, പ്രിയപ്പെട്ടവരുടെ കണ്ണുകളിലെ സങ്കടക്കടൽ.

അമേരിക്കയിൽ പ്രിൻസ്റ്റൺ യൂനിവേഴ്സിറ്റിയിലെ ഐൻസ്റ്റൈന്റെ മുറിയിൽ മൈക്കിൾ ഫാരഡെയുടേയും ജയിംസ് ക്ലർക്ക് മാസ്ക്വെല്ലിന്റെയും ഫോട്ടോയോടൊപ്പം മൂന്നാമതൊന്നുകൂടി ഉണ്ടായിരുന്നു. അത് മഹാത്മജിയുടേതായിരുന്നു. ശാസ്ത്രത്തിന്റെ കരുണ നിറഞ്ഞ ഐൻസ്റ്റൈന്റെ
കണ്ണുകൾ എന്നും കണ്ടു കൊണ്ടിരുന്നത് ""അവസാനത്തെ മനുഷ്യന്റെ
കണ്ണുകളിൽ പടരുന്ന കണ്ണീരാണ് കാണേണ്ടത് '' (Wipeout the tears from the eyes of the common man) എന്ന് ഇന്ത്യൻ ഭരണാധികാരികളോട് അപേക്ഷിച്ച ഗാന്ധിജിയുടെ ചിത്രം!

‌1949 നവമ്പർ 25 ന് "ഇന്ത്യൻ ഭരണഘടന ' കോൺസ്റ്റിറ്റ്യൂഷൻ അസംബ്ലിയിൽ അവതരിപ്പിച്ചുകൊണ്ട് ബി.ആർ.അംബേദ്കർ ഇങ്ങനെയാണ് സംസാരിച്ചു തുടങ്ങിയത്: ""ഒരു പുതിയ വ്യവസ്ഥ വരികയാണ്. ഒരാൾക്ക് ഒരു വോട്ട് എല്ലാ വോട്ടിനും ഒരേ മൂല്യം. എല്ലാ മനുഷ്യർക്കും ഒരേ മൂല്യമുള്ള ഒരു വ്യവസ്ഥ സൃഷ്ടിക്കുന്നതിൽ നിന്നും നാം എത്രയോ അകലെയാണ്. ഈ അകലം പരിഹരിക്കാത്ത കാലത്തോളം ഈ ഭരണഘടന നിരർത്ഥകമാണ്.''

72 വർഷങ്ങൾക്കിപ്പുറവും നാം തിരിച്ചറിയുന്നു. നമുക്ക് ഒരേ മൂല്യമുള്ള വോട്ടേ വേണ്ടൂ ; ഒരേ മൂല്യമുള്ള മനുഷ്യരെ വേണ്ട !


Summary: മാടാക്കരയിലെ പുതിയപുരയിൽ ഷൈജു 'ജീവന്റെ വിലയുള്ള ജീവൻ' തന്റെ കൈകാലുകളിലും ഹൃദയത്തിലും പകർന്ന് കാതങ്ങൾ നീന്തി കരയിലെത്തി തന്റെ രണ്ടു സുഹൃത്തുക്കൾ കടലിൽ പെട്ടുപോയി എന്നു നമ്മോട് പറഞ്ഞത്. ഈ ചെറുപ്പക്കാരൻ ഈ വിധം നീന്തി വന്നില്ലായിരുന്നെങ്കിൽ നാം എപ്പോഴാണ് നേരത്തേ പറഞ്ഞ "ദാരുണ സംഭവം ' അറിയുക!


Comments