കേരളത്തിലെ തീരദേശ വേലിയേറ്റ രേഖയില്‍ നിന്ന് 50 മീറ്റര്‍ പരിധിക്കുള്ളില്‍ താമസിക്കുന്ന മുഴുവന്‍ കുടുംബങ്ങളെയും സുരക്ഷിത മേഖലയിലേക്ക് പുനരധിവസിപ്പിക്കുന്ന സര്‍ക്കാര്‍ പദ്ധതിയാണ് പുനര്‍ഗേഹം. പുനരധിവാസ പാക്കേജില്‍ സ്ഥലം വാങ്ങാന്‍ ആറ് ലക്ഷവും വീട് വെക്കാന്‍ നാലുലക്ഷം രൂപയുമടക്കം പത്തുലക്ഷം രുപയാണ് സര്‍ക്കാര്‍ അനുവദിക്കുന്നത്. പുതിയ വീടിനുള്ള സ്ഥലം കണ്ടെത്തി, എഗ്രിമെന്റ് തയ്യാറാക്കി ഫിഷറീസ് വകുപ്പിന് സമര്‍പ്പിച്ചതിന് ശേഷമാണ്, മത്സ്യത്തൊഴിലാളികള്‍ക്ക് പുനരധിവാസ പാക്കേജ് ലഭിക്കാനുള്ള അനുമതി ലഭിക്കുന്നത്. എന്നാല്‍ ഇത്തരത്തില്‍ അനുമതി ലഭിച്ച്, വീട് ഉപേക്ഷിക്കാന്‍ തയ്യാറായ നിരവധി മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ പുനരധിവാസത്തിനുള്ള പണം ലഭിക്കാതെ പ്രയാസപ്പെടുകയാണ്. സര്‍ക്കാര്‍ സഹായം പ്രതീക്ഷിച്ച് വീടുവെക്കാന്‍ സ്ഥലം വാങ്ങിയ പലരും കടക്കെണിയില്‍ അകപ്പെട്ടു കഴിയുകയാണ്. ടൂറിസ്റ്റ് ലോബിക്ക് വേണ്ടിയാണ് സര്‍ക്കാര്‍ തീരം ഒഴിപ്പിക്കാന്‍ ധൃതി കൂട്ടുന്നതെന്നും മത്സ്യത്തൊഴിലാളികള്‍ പറയുന്നു.