കക്കൂസോ അടുപ്പോ ഇല്ലാത്തകുടുംബങ്ങൾ, കടലെടുത്ത ഒരു കോളനി

തീരദേശഗ്രാമമായ കോഴിക്കോട് ശാന്തിനഗര്‍ കോളനിയിലെ മനുഷ്യര്‍ക്ക് ഈ കാലവര്‍ഷം സമ്മാനിച്ചത് സമാനതകളില്ലാത്ത ദുരിതമാണ്. കോളനിയോടു ചേര്‍ന്നുള്ള ഗാബിയോണ്‍ കടല്‍ഭിത്തി തകര്‍ന്ന ഭാഗത്തു വീടുകളുടെ മേല്‍ക്കൂരയിലടക്കം തിര അടിച്ചു കയറി. വീട്ടുപകരണങ്ങളെല്ലാം കടലെടുത്തു. കടലിനോട് ചേര്‍ന്നുള്ള വീടുകളിലെ ഓരോ മനുഷ്യരും പേടിയോടെയാണ് രാത്രി ഉറങ്ങുന്നത്. മഴശക്തമായാല്‍ കടല്‍ വെള്ളം വീട്ടിനുള്ളിലേക്ക് ഇരച്ചുകയറും. മാറിപ്പോകാന്‍ ഇടമില്ലാത്തവരാണ്. കടലാക്രണം രൂക്ഷമാകുമ്പോഴെല്ലാം അധികൃതരെത്തി മാറി താമസിക്കാന്‍ പറയും. അപ്പുറത്തെ ലോഡ്ജിലും അംഗന്‍വാടിയിലുമെല്ലാം അഭയം തേടും. കയറി വരുന്ന കടലിനെ നോക്കി ഉള്ളുപിടഞ്ഞു നില്‍ക്കുന്നവര്‍ ചോദിക്കുന്നു എത്രകാലം ഇങ്ങനെ അലയണം.

കരതൊടുന്ന തിരകളെ കണ്ടുമടങ്ങുന്നവര്‍ കാണാത്ത ചില കടല്‍ കാഴ്ചകള്‍ ഉണ്ട്. ഓണത്തിന് അവധിക്ക് വരുന്ന മക്കളെ ഞാന്‍ എവിടെ താമസിപ്പിക്കുമെന്ന് ചോദിക്കുന്ന സിജുവും 52 വര്‍ഷമായി കോളനിയില്‍ താമസിക്കുന്ന കുപ്പിപെറുക്കി ജീവിതം മാര്‍ഗം കണ്ടെത്തുന്ന കല്യാണിയും ഏത് നിമിഷവും ജീവിതം കടലെടുക്കുമെന്ന പേടിയോടെ കഴിയുന്ന പങ്കജവും വെണ്ണിലയുമെല്ലാം ആവശ്യപ്പെടുന്നത് കടലിന് തകര്‍ക്കാന്‍ കഴിയാത്ത പ്രതിരോധ മതില്‍ നിര്‍മ്മിക്കണമെന്നാണ്, അല്ലെങ്കില്‍ സുരക്ഷിതമായൊരു സ്ഥലത്തേക്ക് തങ്ങളെ മാറ്റിപ്പാര്‍പ്പിക്കണമെന്നാണ്.

കടലാക്രമണം നേരിടാനുള്ള ശാശ്വത പരിഹാരമാര്‍ഗം കടല്‍ഭിത്തി നിര്‍മാണമാണെന്നും രൂക്ഷമായ കടലാക്രമണം നേരിടാന്‍ കോളനി തീരത്തു ഉടന്‍ കല്ലിടുമെന്നുമാണ് അധികൃതര്‍ പറയുന്നത്. ഇതിനായി 40.5 ലക്ഷം രൂപ അനുവദിച്ചുവെന്നും കല്ലു കിട്ടാനുള്ള ക്ഷാമമാണു പ്രവൃത്തി നീളാനുള്ള കാരണമെന്നുമാണ് വാദം. കാലതാമസമെടുക്കാതെ അടിയന്തിരമായി പരിഗണിക്കേണ്ട, പരിഹരിക്കേണ്ട വിഷയമാണിത്. ഉള്ളുപിടഞ്ഞൊരു കോളനി കനിവിനായി അവിടെ കാത്തിരിപ്പുണ്ട്.

Comments