കടൽഭിത്തി കെട്ടിയാലും തീരില്ല ചെല്ലാനത്തെ ദുരിത ജീവിതം

പ്പോൾ വേണമെങ്കിലും കടലെടുക്കാം എന്ന ഭയത്തിൽ, കടലിരമ്പത്തിന് കാതോർത്ത് ദിനരാത്രങ്ങൾ തള്ളിനീക്കേണ്ട ദുരവസ്ഥയിലാണ് കടൽതീരത്ത് താമസിക്കുന്ന മനുഷ്യർ. കേരളത്തിലെ കടലേറ്റം ഏറ്റവും രൂക്ഷമായ തീരപ്രദേശങ്ങളിലൊന്നായ എറണാകുളം ജില്ലയിലെ ചെല്ലാനത്തെ ജീവിതം ഈ വിധം ദുസ്സഹമായിട്ട് വർഷങ്ങളേറെയായി. ഈ ദുരിതജീവിതത്തിന് ശാശ്വത പരിഹാരം തേടി ഇവിടത്തെ ജനങ്ങൾ മുട്ടാത്ത വാതിലുകളില്ല. പ്രതിഷേധങ്ങളും സങ്കടങ്ങളുമായി അവർ അധികാരികളെ നിരന്തരം കണ്ടുകൊണ്ടിരുന്നു. ജീവനും ജീവിതവും സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള ചെല്ലാനത്തെ ജനങ്ങളുടെ പോരാട്ടം ഇന്ന് ഭാഗികമായെങ്കിലും വിജയത്തിന്റെ പാതയിലേയ്ക്കെത്തുമെന്ന പ്രതീക്ഷയിലാണെന്ന് പറയാം.

ഫോർട്ട് കൊച്ചി മുതൽ ചെല്ലാനം വരെയുള്ള 21 കിലോമീറ്റർ കടൽത്തീരം മഴക്കാലമല്ലാത്തപ്പോഴും പ്രളയഭീഷണിയിലാണ്. ഓരോ വർഷം കഴിയുന്തോറും കടലേറ്റത്തിന്റെ തോത് ഉയരുകയാണെന്ന് തീരപ്രദേശത്തുള്ളവർ പറയുന്നു. കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവുമാണ് ലോകത്താകമാനം സമുദ്രനിരപ്പ് ഉയരുന്നതിന് കാരണമായി പറയുന്നത്. എന്നാൽ ചെല്ലാനത്തിന്റെ ദുരവസ്ഥയ്ക്ക് കാരണം ഇത് മാത്രമല്ല. കൊച്ചി തുറമുഖത്തെ കപ്പൽചാലുകൾക്ക് ആഴം കൂട്ടുന്നതാണ് ചെല്ലാനത്ത് കടൽ കയറാനുള്ള പ്രധാന കാരണം. ദുബായ് പോർട്സ് വേൾഡിന്റെ വല്ലാർപാടത്തെ ഇന്റർനാഷണൽ കണ്ടെയ്നർ ട്രാൻസ്ഷിപ്പ്മെന്റ് ടെർമിനലിനുവേണ്ടി പോർട്ടിൽ ആഴം കൂട്ടാനായി ഡ്രഡ്ജിങ് നടത്തിയതാണ് ചെല്ലാനം തീരത്തിന് വലിയ ഭീഷണിയായത്.

ഓഖിയും മഹാപ്രളയവും ടൗട്ടേ ചുഴലിക്കാറ്റും തുടർച്ചയായ വർഷങ്ങളിൽ നാശം വിതച്ചപ്പോൾ, കൊച്ചി തീരപ്രദേശത്ത് നൂറുകണക്കിന് വീടുകളാണ് വാസയോഗ്യമല്ലാതായത്. ദുരന്തങ്ങൾക്ക് പിന്നാലെ ഭരണാധികാരികളുടെ വാഗ്ദാനങ്ങളുണ്ടാകുമെങ്കിലും തീരദേശജനതയുടെ ശാശ്വത സുരക്ഷയ്ക്കായുള്ള പദ്ധതികളൊന്നും നടപ്പായില്ല. തുടർന്നാണ് 2019 ഒക്ടോബറിൽ ചെല്ലാനത്തെ സ്ത്രീകൾ സമരരംഗത്തിറങ്ങിയത്. മറിയാമ്മ ജോർജ് എന്ന 74 വയസ്സുകാരിയുടെ മുൻകൈയിലാണ് സമരം തുടങ്ങിയത്. പിന്നീട് അത് ഫോർട്ട് കൊച്ചി മുതൽ ചെല്ലാനം വരെയുള്ള പ്രദേശത്തെ ജനങ്ങളുടെ സമരമായി. ചെല്ലാനം കൊച്ചി ജയകീയവേദി രൂപീകരിച്ച് സമരം വ്യാപിപ്പിച്ചു.

സംസ്ഥാനത്ത് കടലേറ്റം ശക്തമായ 10 ഹോട്ട് സ്‌പോട്ടുകളിൽ തീവ്രമായ തീരശോഷണം നടക്കുന്നതായി കണ്ടെത്തിയിരുന്നു. ചെന്നൈ ആസ്ഥാനമായ നാഷണൽ സെന്റർ ഫോർ കോസ്റ്റൽ റിസർച്ച് നടത്തിയ വിദഗ്ധ പഠനത്തിന്റെ അടിസ്ഥാനത്തിൽ നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള തീര സംരക്ഷണമാണ് ഈ പ്രദേശങ്ങളിൽ നടത്താൻ ലക്ഷ്യമിടുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ തീരസംരക്ഷണ പ്രവർത്തനങ്ങൾ ആദ്യമായി നടത്തുന്നത് ചെല്ലാനം തീരത്താണ്. ടെട്രാപോഡ്, കരിങ്കല്ല് എന്നിവ ഉപയോഗിച്ച് 10 കിലോമീറ്റർ നീളത്തിൽ കടൽഭിത്തിയും കണ്ണമാലി, ബസാർ എന്നിവിടങ്ങളിൽ പുലിമുട്ടുകളും നിർമിക്കാനുള്ളതാണ് ചെല്ലാനം തീരസംരക്ഷണ പദ്ധതി. ആദ്യഘട്ടത്തിൽ 7.5 കിലോമീറ്റർ ദൂരത്തിലാണ് കടൽഭിത്തി നിർമിക്കുന്നത്. ഇതിന്റെ പ്രവൃത്തി പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്. രാവും പകലുമായി അതിവേഗത്തിലാണ് നിർമാണജോലികൾ നടക്കുന്നത്.

2021 ആഗസ്റ്റിലാണ് സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ 344.2 കോടി രൂപയുടെ ചെല്ലാനം തീര സംരക്ഷണ പദ്ധതി പ്രഖ്യാപിച്ചത്. കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. 254 കോടി രൂപയാണ് ഭിത്തി നിർമാണത്തിനായി വിനിയോഗിക്കുന്നത്. പുലിമുട്ട് നിർമാണത്തിനായി 90 കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്. ചെല്ലാനം ഹാർബർ ഭാഗത്താണ് നിലവിൽ ടെട്രാപോഡുകളുടെ നിർമാണം പുരോഗമിക്കുന്നത്. ജനുവരി 25-നാണ് പ്രദേശത്ത് ടെട്രാപോഡുകളുടെ നിർമാണം ആരംഭിച്ചത്. ചെല്ലാനം ഹാർബർ മുതൽ കണ്ണമാലി വരെയുള്ള ഭാഗത്ത് ഒന്നേകാൽ ലക്ഷത്തോളം ടെട്രാപോഡുകൾ ആണ് നിർമിക്കുന്നത്. 2.5 ടൺ, 3.5 ടൺ ഭാരങ്ങളിലുള്ള രണ്ടുതരം ടെട്രാപോഡുകൾ ആണ് ചെല്ലാനം തീരത്ത് സ്ഥാപിക്കുന്നത്. അഞ്ചടി ഉയരത്തിൽ കരിങ്കല്ല് പാകി, അതിന് മുകളിലാണ് ടെട്രാപോഡുകൾ സ്ഥാപിക്കുന്നത്. വലിയ കടൽക്ഷോഭങ്ങളിൽ പോലും കരയിലേയ്ക്ക് വെള്ളം കടന്നുവരുന്നത് തടയാൻ ഇതിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ചെല്ലാനം പഞ്ചായത്തിലെ ഏതാണ്ടെല്ലാ പ്രദേശങ്ങളും കടലേറ്റ ഭീഷണി നേരിടുന്നവയാണ്. 15000-ലേറെ ജനങ്ങളാണ് ഭീതിയോടെ ഇവിടെ കഴിയുന്നത്. കഴിഞ്ഞ വർഷങ്ങളിൽ കടൽ കയറിയ പല വീടുകളും ഇപ്പോഴും വാസയോഗ്യമാക്കിയെടുക്കാനായിട്ടില്ല. ഒട്ടേറെ പേർ ഭയം കാരണം ചെല്ലാനത്തേയ്ക്ക് മടങ്ങിയെത്താതെ ബന്ധുവീടുകളിലും മറ്റും കഴിയുകയാണ്. ഇപ്പോൾ നടപ്പാക്കുന്ന പദ്ധതി ചെല്ലാനത്തെ സുരക്ഷ നൽകുമെന്നാണെങ്കിൽ പോലും അടുത്ത മഴക്കാലത്തിനുമുമ്പ് പണി പൂർത്തിയാകുമോയെന്ന് പറയാനാകില്ല. അങ്ങനെയെങ്കിൽ അടുത്ത ഒരു മഴക്കാലം കൂടി തീരത്തെ ജനങ്ങൾ ദുരിതം അനുഭവിച്ചേ മതിയാകൂ.

തീരലംരക്ഷണ പദ്ധതിയുടെ പ്രവൃത്തികൾ അതിവേഗം പുരോഗമിക്കുന്നുണ്ടെങ്കിലും തീരദേശത്തെ ജനങ്ങൾ ആശങ്കയിൽ തന്നെയാണ്. ഇപ്പോൾ പ്രഖ്യാപിച്ച പദ്ധതി പൂർണമായി നടപ്പായാൽ പോലും ചെല്ലാനം കൊച്ചി തീരദേശം മുഴുവനായി സംരക്ഷിക്കപ്പെടുമെന്ന് ഒരുറപ്പുമില്ല. ഏറ്റവുമധികം കടലേറ്റ ഭീഷണിയുള്ള ഫോർട്ട് കൊച്ചി മുതൽ ചെല്ലാനം വരെ ഉറപ്പുള്ള കടൽഭിത്തി നിർമിക്കുകയും നിശ്ചിത അകലത്തിൽ പുലിമുട്ടുകൾ സ്ഥാപിക്കുകയുമാണ് വേണ്ടതെന്നാണ് തീരദേശവാസികൾ പറയുന്നത്. തീരപ്രദേശത്തിന്റെ പൂർണ സുരക്ഷ ഉറപ്പാകുന്നതുവരെ സമരം തുടരാൻ തന്നെയാണ് ചെല്ലാനം കൊച്ചി ജനകീയവേദിയുടെ തീരുമാനം.

അധ്വാനിച്ചുണ്ടാക്കിയ വീടും ജനിച്ചുവളർന്ന മണ്ണും നഷ്ടമാകുമെന്ന ഭീതിയിൽ കഴിയുന്ന ഞങ്ങൾക്ക് നഷ്ടപ്പെടാൻ മറ്റൊന്നുമില്ലെന്നും വിജയം വരെ സമരം തുടരുമെന്ന് ചെല്ലാനത്തെ മനുഷ്യർ ഉറക്കെപ്പറയുകയാണ്. അടുത്ത തലമുറയ്ക്കെങ്കിലും സമാധാനത്തോടെ ഇവിടെ ജീവിക്കാനാകാണം. അതിന് ഈ തീരം ഇവിടെയുണ്ടാകണം. അതുകൊണ്ട് ഈ പോരാട്ടം നിർത്താൻ ഇവർക്കാകില്ല.

Comments