വിഴിഞ്ഞം പദ്ധതി കേരളത്തിന്റെ ഒരു പൊതുപ്രശ്​നമായി വരാത്തത്​ എന്തുകൊണ്ടാണ്​?

വിഴിഞ്ഞം തുറമുഖ പദ്ധതിക്കുവേണ്ടിയുള്ള മുറവിളികളും ഈ പദ്ധതിയ്ക്കെതിരെ സമരം ചെയ്യുന്ന തദ്ദേശീയ മത്സ്യത്തൊഴിലാളികളോടുള്ള അവഗണനയും വിരൽചൂണ്ടുന്നത് ഒറ്റക്കാര്യത്തിലേക്കാണ്. ഇത് കേരളത്തിന്റെ പൊതുവായൊരു പ്രശ്നമായി ഇതുവരെ നിങ്ങളൊക്കെ ഉൾപ്പെടുന്ന ലാർജർ സൊസൈറ്റി അഥവാ പൊതുസമൂഹം കണക്കാക്കിയിട്ടില്ല. കേരളത്തിന്റെ തെക്കേ അറ്റത്തുള്ള കുറച്ച് മുക്കുവരുടെ മാത്രം പ്രശ്നമാണ് ഇതെന്നും വികസനം വരാൻ കുറച്ച് ബുദ്ധിമുട്ടൊക്കെ സഹിച്ചാൽ എന്താ കുഴപ്പം എന്നുമാണ് പലരും മനസിലാക്കുന്നത്.

ഴുതണോ വേണ്ടയോ എന്നാലോചിച്ച് രണ്ടോ മൂന്നോ തവണ ഡ്രാഫ്​റ്റിൽ ഇട്ടിരുന്ന പോസ്റ്റാണ്. വിഴിഞ്ഞം പദ്ധതിയ്ക്കെതിരെ നിലവിൽ ഉയർന്നുവരുന്ന പ്രതിഷേധ സമരങ്ങളുമായി ബന്ധപ്പെട്ട് നിരവധി എഴുത്തുകൾ വന്നുകഴിഞ്ഞു. പറഞ്ഞ കാര്യങ്ങൾ തന്നെ ആവർത്തിക്കേണ്ടതുണ്ടോ എന്ന് സംശയിച്ചാണ് ഒന്നും എഴുതാതിരുന്നത്. പക്ഷേ ഈയിടെ ആരോടോ പറഞ്ഞത് പോലെ ഇന്ത്യയിലെ വല്ല പ്രിവിലേജ് കാസ്റ്റിലും ജനിച്ചിരുന്നെങ്കിൽ ഇങ്ങനെ കിടപ്പാടവും തൊഴിലും പോവുന്നതിന്റെ പേരിൽ മുദ്രാവാക്യം വിളിക്കേണ്ട ഗതികേടുണ്ടാവില്ലായിരുന്നു. അതിനെപ്പറ്റി പോസ്റ്റുകളും വീഡിയോയും സ്റ്റാറ്റസും ഇടേണ്ടി വരില്ലായിരുന്നു. ഇതിപ്പോൾ, കടപ്പുറത്തും ആദിവാസി ഊരുകളിലും ലക്ഷം വീട് കോളനികളിലും ജനിക്കുന്ന മനുഷ്യർക്ക് ആയുസ്സിൽ ഒരിക്കലെങ്കിലും ഒച്ചവയ്ക്കാതെയും സെക്രട്ടറിയേറ്റിനുമുൻപിൽ വന്ന് സമരം ചെയ്യാതെയും അവകാശങ്ങൾ നേടിയെടുക്കാനാവില്ല എന്നിടത്താണ് നമ്മളും നിങ്ങളുമുണ്ടാവുന്നത്. ഫെയ്സ്ബുക്ക് പോസ്റ്റിന് കണ്ടൻറ്​
ആവുന്നവരും അതിനുതാഴെ വന്ന് മനഃസാക്ഷിയില്ലാതെ കമന്റിടുന്നവരും ഉണ്ടാവുന്നത്.

കടൽ കരയിലേക്ക് ഇരച്ചുകയറി വരുന്നതും വീടുകളെ അപ്പാടെ വലിച്ചെടുത്ത് പോവുന്നതും ഞങ്ങൾക്കൊക്കെ സ്ഥിരം കാഴ്ചയായത് കഴിഞ്ഞ അഞ്ചോ പത്തോ വർഷങ്ങൾക്കിടയിലാണ്. അതിനുമുൻപ് വരെ വല്ലപ്പോഴുമൊരിക്കൽ കടൽ പ്രക്ഷുബ്ധമാവുന്നതും ഒന്നോ രണ്ടോ വീടുകൾ കടലെടുത്ത് പോവുന്നതും ഇടയ്ക്കൊക്കെ സംഭവിക്കാറുണ്ടായിരുന്നു, ഇല്ലെന്നല്ല. പക്ഷേ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ നിർമാണം തുടങ്ങിയതോടെയാണ് ഓരോ വർഷവും കടലെടുക്കുന്ന വീടുകളുടെ എണ്ണം രണ്ടിൽ നിന്നും അൻപതും അറുപതും ഒക്കെയായത്. വീടില്ലാതെ, അഭയാർത്ഥികളായ കുടുംബങ്ങളുടെ എണ്ണം ഏറിയത്.

വിഴിഞ്ഞം പദ്ധതിയാണോ അതോ കാലാവസ്ഥാ വ്യതിയാനമാണോ ഇത്തരമൊരു വമ്പിച്ച തീരശോഷണത്തിന് കാരണമെന്ന ചോദ്യം പലരും ഉന്നയിച്ചു കണ്ടു. കാലാവസ്ഥാ വ്യതിയാനമാണോ ഈ പ്രശ്നങ്ങൾക്ക് കാരണമെന്ന് ആർക്കും ഉറപ്പില്ലെങ്കിലും വിഴിഞ്ഞത്തെ കടലിൽ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ സമീപ പ്രദേശങ്ങളിലെ തീരം നഷ്ടമാവുന്നതിനും വീടുകൾ തകരുന്നതിനും കാരണമാവുന്നുണ്ടെന്നും ഇത് പരിശോധിക്കുമെന്നും 2019ൽ അന്നത്തെ ഫിഷറീസ് മന്ത്രി തന്നെ സമ്മതിച്ചിരുന്നു. അന്ന് 600 മീറ്റർ മാത്രം പണി പൂർത്തിയായ പദ്ധതി പ്രദേശത്തെ കടൽഭിത്തി കാരണം ഭീമാകാരമായ തിരകളുണ്ടാവുന്നെന്നും അത് സമീപവാസികൾക്ക് പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നെന്നുമാണ് അന്ന് മന്ത്രി സമ്മതിച്ചത്. പക്ഷേ തുടർനടപടിയെടുക്കുന്നതിൽ സർക്കാർ തിടുക്കം കാണിച്ചില്ലെന്നതാണ് സത്യം.

മുല്ലൂരിലെ പോർട്ട് കവാടത്തിനുമുൻപിൽ പോർട്ട് നിർമാണം മുടക്കി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമരം ചെയ്യുന്നവർ വികസന വിരുദ്ധരാണെന്നും അവർ നാട് നന്നായിക്കാണാൻ താല്പര്യമില്ലാത്തവരാണെന്നും ഒരു ഉളുപ്പുമില്ലാതെ പറഞ്ഞ് പരിഹസിക്കുന്നവരെയും ഇതിനിടയിൽ കണ്ടു. തിരുവനന്തപുരം ജില്ലയുടെ മുഖം മാറ്റിയ വിമാനത്താവളവും രാജ്യത്തെ അഭിമാന സ്ഥാപനമായ ഐ.എസ്.ആർ.ഒയും സ്ഥിതി ചെയ്യുന്നത് എവിടെയാണെന്ന് മനസിലാക്കണം. മത്സ്യത്തൊഴിലാളികളായ ലത്തീൻ കത്തോലിക്കരുടെ ഒരു പള്ളിയും എത്രയോ തലമുറകൾ അന്തിയുറങ്ങുന്നൊരു സെമിത്തേരിയും ഐ.എസ്.ആർ.ഒ വളപ്പിൽ ചെന്നാൽ ഇന്നും കാണാനാവും. രാജ്യ വികസനത്തിന് സ്വന്തം ഭൂമിയും കിടപ്പാടവും പൂർവ്വികർ ഉറങ്ങുന്ന മണ്ണും വിട്ടു കൊടുത്തവരോടാണ് ഇവിടെ കസേരയിൽ കാലും നീട്ടിവച്ച് ഫെയ്സ്ബുക്കിൽ സ്​ക്രോൾ ചെയ്യുന്ന കുറേപ്പേർ ‘നിങ്ങളീ രാജ്യത്തിന് വേണ്ടി എന്തു ചെയ്തു' എന്ന ചോദ്യവുമായി ഇറങ്ങിയിരിക്കുന്നത്.

പിന്നെ മത്സ്യത്തൊഴിലാളികളുടെ സാമൂഹിക പ്രതിബദ്ധതയൊക്കെ പണ്ടേ കേരളം മനസിലാക്കിയതാണ്. മുൻപ് കോവിഡ് കാലത്ത് പൂന്തുറയിൽ നടന്ന പ്രശ്നങ്ങളെപ്പറ്റി സംസാരിക്കുന്നതിനിടെ, സൈമൺ ചേട്ടൻ പറഞ്ഞതുപോലെ, ഇവിടുത്തെ മത്സ്യത്തൊഴിലാളികൾ നാടിനോടുള്ള പ്രതിബദ്ധതയൊക്കെ പ്രളയകാലത്ത് തന്നെ തെളിയിച്ച് കഴിഞ്ഞവരാണ്. ആരും ആവശ്യപ്പെടാതെ തന്നെ സ്വന്തം ജീവനും ജീവനോപാധിയുമായി വന്ന് വെള്ളത്തിൽ കുടുങ്ങിക്കിടന്നവരെ രക്ഷിക്കാൻ തയ്യാറായ അവരോടാണ് ഇന്ന് രാജ്യത്തിന്റെ
വികസനത്തിന് തുരങ്കം വയ്ക്കുന്നവരെന്നും സർക്കാർ പറഞ്ഞാൽ അനുസരിക്കാത്തവരാണെന്നും മുദ്ര കുത്താൻ പലരും ശ്രമിക്കുന്നത്.

വിഴിഞ്ഞം പദ്ധതി മൂലം ഭാവിയിലുണ്ടാവാനിടയുള്ള പ്രശ്നങ്ങളെ കൂടി കണക്കിലെടുത്താണ് ഈ വൈകിയ വേളയിലെങ്കിലും കടൽപ്പണിക്കാർ സമരത്തിനിറങ്ങിയിരിക്കുന്നത്. എന്നാൽ ഈ പദ്ധതി കാരണം ഇതിനകം തന്നെ മത്സ്യബന്ധന മേഖലയിൽ സംഭവിച്ചുകഴിഞ്ഞ നഷ്ടങ്ങളെപ്പറ്റി ആർക്കും വലിയ ധാരണയില്ലെന്ന് തോന്നുന്നു. വിഴിഞ്ഞം തുറമുഖ നിർമാണം ആരംഭിച്ച ശേഷം പൂർണമായി തകർന്നത് 261 വീടുകളും ഭാഗികമായി തകർന്നത് 86 വീടുകളുമാണ്. വലിയതുറയിലെ പഴയ സിമൻറ്​ ഗോഡൗണിലും സ്കൂളുകളിലുമായി 126 അഭയാർത്ഥി കുടുംബങ്ങൾ കഴിയുന്നുണ്ട്. കരമടി എന്നു ഞങ്ങൾ വിളിക്കുന്ന മത്സ്യബന്ധന രീതി തന്നെ വിഴിഞ്ഞം തുറമുഖ നിർമാണത്തോടെ ഏറെക്കുറെ ഇല്ലാതായിക്കഴിഞ്ഞു. കടലിൽ കല്ലിട്ട് തിരമാലയുടെ സ്വാഭാവിക ചലനം ഇല്ലാതാക്കിയതിന്റെ ഫലമായി ഒരു ഭാഗത്ത് ഇരച്ചു കയറിയ കടൽ തീരങ്ങൾ കൊണ്ടു പോയതൊടെ പൂന്തുറയിലും തോപ്പിലുമൊക്കെ നഷ്ടമായത് വിശാലമായ കടപ്പുറങ്ങളാണ്. സാധാരണക്കാരായ ഒരു പറ്റം മനുഷ്യരുടെ ജീവിതം കരുപ്പിടിപ്പിക്കുന്നതിൽ വലിയ പങ്ക് വഹിച്ച, വല നന്നാക്കാനും മീൻ ഉണക്കാനും കല്യാണത്തിനും മരണത്തിനുമെല്ലാം പന്തലിടാനും ഫുട്ബോൾ കളിക്കാനും വൈകുന്നേരത്തിരുന്ന് കാറ്റ് കൊള്ളാനുമെല്ലാം ഉണ്ടായിരുന്ന കൾച്ചറൽ സ്പെയ്സായ കടപ്പുറങ്ങൾ പലയിടത്തും നാമാവശേഷമായിക്കഴിഞ്ഞു. തിരുവനന്തപുരത്തുകാരുടെ പ്രധാന ഹാങ്ങൗട്ട് സ്പെയ്സായ ശംഖുമുഖം, പോയ കാലത്തെ പ്രൗഢിയും പേറി, ഒരു മനുഷ്യനും വന്നിരിക്കാൻ ഇത്തിരി മണ്ണ് പോലും ബാക്കിയില്ലാതെ മറഞ്ഞുപോയിക്കൊണ്ടിരിക്കുകയാണ്. വിമാനത്താവളത്തിന്റെ ആഭ്യന്തര ടെർമിനൽ എന്ന് വേണമെങ്കിലും കടലെടുക്കാൻ പാകത്തിന് തകർച്ചയ്ക്ക് തൊട്ടരികിൽ എത്തിനിൽക്കുകയാണ്.

ഇത്രയേറെ ദുരിതങ്ങൾക്ക് ഇടയാക്കിയ ഒരു പദ്ധതിയുമായി ഇനിയും മുൻപോട്ട് പോവുമ്പോൾ ലാഭം അദാനിക്ക് മാത്രമാണ്. കേരളത്തിന്റെ ഇങ്ങേയറ്റം മുതൽ അങ്ങേയറ്റം വരെ വലിയ ബഹളങ്ങൾക്ക് ഇടയാക്കിയ കെ- റെയിൽ പദ്ധതിയിന്മേലുണ്ടായ ചർച്ച നിങ്ങളാരും മറന്നിട്ടുണ്ടാവില്ലല്ലോ. അതൊരു വയബിൾ പദ്ധതി ആണോ എന്ന ചോദ്യവും സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ടുള്ള ചർച്ചകളും ഇന്നും തുടരുന്നുണ്ട്. കേരളത്തിന്റെ ഇടനാടിനെയും മലനാടിനെയും ബാധിക്കുന്ന കെ- റെയിലിന്റെ പേരിൽ ഇത്ര ബഹളം ഉണ്ടാവുമ്പോഴാണ് തീരപ്രദേശത്തിന്റെ മാത്രം കൺസേണായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി നമുക്ക് മുൻപിൽ ഇങ്ങനെ വന്നുനിൽക്കുന്നത്. അവനോന്റെ കാൽച്ചോട്ടിലെ മണ്ണ് ഒലിച്ച് പോവാത്തിടത്തോളം കാലം നമ്മൾ ‘രാജ്യവികസനത്തിനുവേണ്ടി' കൈ കോർക്കാൻ ഒരു മടിയും ഇല്ലാത്തവരാണല്ലോ!

വിഴിഞ്ഞം തുറമുഖ പദ്ധതിക്കുവേണ്ടിയുള്ള മുറവിളികളും ഈ പദ്ധതിയ്ക്കെതിരെ സമരം ചെയ്യുന്ന തദ്ദേശീയ മത്സ്യത്തൊഴിലാളികളോടുള്ള അവഗണനയും വിരൽ ചൂണ്ടുന്നത് ഒറ്റക്കാര്യത്തിലേക്കാണ്. ഇത് കേരളത്തിന്റെ പൊതുവായൊരു പ്രശ്നമായി ഇതുവരെ നിങ്ങളൊക്കെ ഉൾപ്പെടുന്ന ലാർജർ സൊസൈറ്റി അഥവാ പൊതുസമൂഹം കണക്കാക്കിയിട്ടില്ല. കേരളത്തിന്റെ തെക്കേ അറ്റത്തുള്ള കുറച്ച് മുക്കുവരുടെ മാത്രം പ്രശ്നമാണ് ഇതെന്നും വികസനം വരാൻ കുറച്ച് ബുദ്ധിമുട്ടൊക്കെ സഹിച്ചാൽ എന്താ കുഴപ്പം എന്നുമാണ് പലരും മനസിലാക്കുന്നത്. അത്തരമൊരു സമീപനം മാറാതെ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാവാൻ പോവുന്നില്ല.

കേരളത്തിൽ ഏറ്റവുമധികം പേർ മരിച്ച പ്രകൃതി ദുരന്തമോ പ്രകൃതി ദുരന്തങ്ങളിലൊന്നോ ആണ് ഓഖി ദുരന്തം എന്നുപോലും അറിയാത്ത അത്ര ഇഗ്​നോറൻറ്​ ആയ സമൂഹമാണ് നമ്മുടേത്. മരിച്ചവരും കാണാതായവരും ഉൾപ്പെടെ ഏതാണ്ട് 350 പേരുണ്ടെന്ന് ലത്തീൻ സഭയും 216 പേരുണ്ടെന്ന് കേരളത്തിന്റെ റവന്യു വകുപ്പും കണക്കാക്കുന്ന ഒരു ദുരന്തമായിരുന്നിട്ട് കൂടി ഓഖി ഇന്നും കേരളത്തിന്റെ പൊതുസമൂഹത്തിന് ഓർമയിൽ പോലും ഇല്ലാത്ത ഒരു സംഗതിയായി മാറിക്കഴിഞ്ഞു. കര തൊടാത്ത, കടപ്പുറത്തുകാരല്ലാത്ത മറ്റൊരാളെയും കാര്യമായി ബാധിക്കാതെ കടന്നുപോയ ആ ദുരന്തം ഓർത്തിരിക്കേണ്ട ആവശ്യം ആർക്കുമുണ്ടാവില്ലല്ലോ!

ഓഖിയെപ്പറ്റിയുള്ള അറിവില്ലായ്മ പോലെ വിഴിഞ്ഞം തുറമുഖ പദ്ധതി കടപ്പുറത്തുകാർക്കുണ്ടാക്കാൻ പോവുന്ന പ്രത്യാഘാതങ്ങളെപ്പറ്റിയും അജ്​ഞരായിരിക്കാനുള്ള ചോയിസാണ് കേരളത്തിന്റെ പൊതുസമൂഹം എടുക്കുന്നതെങ്കിൽ മനുഷ്യർ പുഴുക്കളെപ്പോലെ കഴിയുന്ന ക്യാമ്പുകളുടെ എണ്ണം ഇനിയും കൂടി വരും. ആ കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാൻ നമുക്കുള്ള ഗോഡൗണുകളും ക്ലാസ് മുറികളും തികയാതെ വരും. വിഴിഞ്ഞത്തെ നിർമാണ പരിപാടികൾ നിർത്തി വച്ച് തീരശോഷണം തടയാനുള്ള ഫലപ്രദമായ വഴികൾ കണ്ടെത്താൻ, പരമാവധി തീരം ഉറപ്പാക്കാൻ കേരളം ഭരിക്കുന്ന ഇടതുപക്ഷ സർക്കാർ തയ്യാറായേ മതിയാവൂ.

വിഴിഞ്ഞത്ത് തുറമുഖത്തിനുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന പ്രദേശം / Photo: asgeorge 666, flickr

ലത്തീൻ സഭ വൈദികരുടെ നേതൃത്വത്തിൽ നടക്കുന്ന ഒരു സമരമാണിത് എന്നതും പലരെയും അലട്ടുന്നുണ്ടെന്ന് മനസിലാക്കുന്നു. ഒരു റിലീജ്യസ്​ ഇൻസ്​റ്റിറ്റ്യൂഷൻ നേതൃത്വം നൽകുന്ന സമരമായതുകൊണ്ടു തന്നെ പുനരധിവാസ പാക്കേജിന്റെ ചട്ടക്കൂടിൽ മാത്രമായി ഈ പ്രതിഷേധങ്ങൾ ഒതുങ്ങിപ്പോവരുതെന്ന് ആശങ്കയുണ്ട്. തലമുറകളായി ജീവിക്കുന്ന, തൊഴിലെടുക്കുന്ന ഭൂമിക്കുമേൽ അവിടുത്തെ മനുഷ്യർക്ക് അധികാരം ഉണ്ടാവാൻ, അല്ലെങ്കിൽ അത്തരമൊരു ചർച്ച എങ്കിലും ഉയർന്നു വരാൻ ഈ സമരം നിർണായകമാവേണ്ടതുണ്ട്.

Comments