ഇന്ത്യയിലെ പല സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ അനുകൂലമായ ഭൂമിശാസ്ത്ര ഘടകങ്ങൾ അവകാശപ്പെടാനുണ്ടെങ്കിലും അർഹമായ സാമ്പത്തിക നേട്ടമുണ്ടാക്കാൻ കേരളത്തിലെ മത്സ്യമേഖലക്ക് സാധിക്കുന്നില്ല. മറ്റ് മേഖലകളിൽ തൊഴിലെടുക്കുന്നവരുടെ ആളോഹരി വാർഷിക വരുമാനം 2,05,323 രൂപയാണെങ്കിൽ മത്സ്യത്തൊഴിലാളികളുടേത് അതിന്റെ നേർ പകുതി മാത്രമാണ്. സാമ്പത്തികമായും സാമൂഹികമായും ഏറ്റവും താഴേതട്ടിൽ നിൽക്കുന്ന മത്സ്യത്തൊഴിലാളി സമൂഹം കാലാകാലങ്ങളായി അടിച്ചേൽപ്പിക്കപ്പെട്ട ഒരു ചൂഷണ വ്യവസ്ഥിതിക്കുള്ളിൽ ഇന്നും കുരുങ്ങിക്കിടക്കുകയാണ്.
മത്സ്യത്തൊഴിലാളികൾ പിടിച്ച് കൊണ്ടുവരുന്ന മത്സ്യം ലേലം ചെയ്യുന്നതിനുള്ള അവകാശം ലേലക്കാർക്കാണ്. വ്യക്തമായ മാനദണ്ഡം കൂടാതെയാണ് ഇക്കൂട്ടർ ലേല കമ്മീഷൻ ഈടാക്കുന്നത്. ഇത് വിൽപന വിലയുടെ വലിയൊരു ശതമാനം വരെ വരും. മാത്രമല്ല, ഇത്തരം ലേലങ്ങളിൽ അളവിലും തൂക്കത്തിലുമൊന്നും പലപ്പോഴും കൃത്യതയുമുണ്ടാവാറില്ല. 1940 കൾ തൊട്ട് നടക്കുന്ന ഒരു കാര്യമാണ് ഇടത്തട്ടുകാരുടെ ചൂഷണം. മീനുമായി വള്ളം കരയിലടുത്താൽ വള്ളപ്പങ്ക്, വലപ്പങ്ക്, പള്ളിപ്പങ്ക്, മൂപ്പൻ പങ്ക് ഇങ്ങനെ പല പങ്കുകളുമെടുത്തതിന് ശേഷം മാത്രമാണ് ആ മീൻ പിടിക്കുന്ന തൊഴിലാളിക്ക് അവരുടെ വിഹിതം കൊടുക്കുന്നത്. അങ്ങനെ വരുമ്പോൾ യഥാർത്ഥ ഉൽപ്പാദകർ ആ മേഖലയിൽ അന്യവൽക്കരിക്കപ്പെടുന്നു.
പുതിയ ബില്ലിന്റെ പ്രസക്തി
നിയമസഭ പുതുതായി പാസ്സാക്കിയ 2021 ലെ കേരള മത്സ്യ ലേലവും വിപണനവും ഗുണനിലവാര പരിപാലനവും ബില്ല് ഇത്തരമൊരു സാഹചര്യത്തിലാണ് ഏറെ പ്രസക്തമാകുന്നത്.
ഒന്നര വർഷം മുൻപാണ് സർക്കാർ പ്രസ്തുത ബില്ലുമായി ബന്ധപ്പെട്ട ഓർഡിനൻസ് ഇറക്കുന്നത്. മത്സ്യമേഖലയിലെ ഇടനിലക്കാരുടെ ചൂഷണങ്ങളിൽ നിന്ന് മത്സ്യ തൊഴിലാളികളെ രക്ഷിക്കുക, മീനിന് അർഹമായ വില ഉറപ്പ് വരുത്താൻ നടപടി ഊർജ്ജിതമാക്കുക എന്നിവയായിരുന്നു ഓർഡിനൻസിന്റെ മുഖ്യ ലക്ഷ്യങ്ങൾ. ഫിഷ് ലാഡിങ്ങ് സെന്റർ മാനേജ്മെൻറ് സൊസൈറ്റി, ഹാർബർ മാനേജ്മെൻറ് സൊസൈറ്റി, ഫിഷ് മാർക്കറ്റ് മാനേജ്മെൻറ് സൊസൈറ്റി, ഗുണനിലവാര പരിപാലന കമ്മിറ്റി എന്നിങ്ങനെ വിവിധ കമ്മിറ്റികൾ സർക്കാർ ആ കാലയളവിൽ രൂപീകരിച്ചു. പ്രതിപക്ഷാനുകൂല മത്സ്യത്തൊഴിലാളികളും സാമുദായിക സംഘടനകളും ഓർഡിനൻസിനെതിരെ രംഗത്ത് വന്നിരുന്നെങ്കിലും സർക്കാർ മുന്നോട്ടുപോയി. കാലഹരണപ്പെട്ട ഓർഡിനൻസ് പുതുക്കി നിയമമാക്കി മാറ്റിയ സന്ദർഭത്തിൽ അതിൽ പരാമർശിക്കപ്പെടുന്ന വ്യവസ്ഥകളെക്കുറിച്ച് വിശദമായി പരിശോധിക്കേണ്ടതുണ്ട്.
പുതിയ വ്യവസ്ഥകൾ
ഈ നിയമപ്രകാരം മത്സ്യത്തിന്റെ അടിസ്ഥാന വില നിശ്ചയിക്കാനുള്ള അധികാരം ഹാർബർ മാനേജ്മെൻറ് കമ്മിറ്റികളിൽ നിക്ഷിപ്തമായിരിക്കും . സർക്കാർ നിശ്ചയിക്കുന്ന ലേലക്കമ്മീഷനല്ലാതെ കൂടുതൽ തുക ഈടാക്കാൻ പാടില്ല. ലേലത്തുകയുടെ അഞ്ച് ശതമാനമായിരിക്കും കമീഷൻ, ആ അഞ്ച് ശതമാനത്തിൽ ഒരു ശതമാനം ഹാർബർ നവീകരണത്തിനും ദൈനംദിന നടത്തിപ്പിനുമായി ചെലവഴിക്കാൻ ഹാർബർ ഫിഷ് ലാൻഡിങ്ങ് മാനേജ്‌മെൻറ് കമ്മിറ്റികൾക്ക് വകയിരുത്തും. ഒരു ശതമാനം ലേലക്കാർക്ക് സർവീസ് ചാർജായും നൽകും. കേരളത്തിൽ ഏറ്റവും പിന്നാക്കം നിൽക്കുന്നതും പ്രതിസന്ധിയിലുള്ളതുമായ മത്സ്യ തൊഴിലാളി ക്ഷേമ ബോർഡിലേക്കാണ് പിന്നീടുള്ള ഒരു ശതമാനം പോവുക. ബോർഡിനെ ശാക്തീകരിക്കുന്നതിന്റെയും പിന്തുണക്കുന്നതിന്റെയും ഭാഗം കൂടിയാണിത്. രണ്ട് ശതമാനം സർക്കാർ ബോണസായി തൊഴിലാളികൾക്ക് തന്നെ തിരിച്ച് നൽകും.
ഫിഷ് ലാന്റിങ്ങ് സെന്റർ, മാർക്കറ്റ്, ഹാർബർ എന്നിവിടങ്ങളിൽ നിന്ന് മാത്രമേ ലേലം നടത്താൻ അനുമതി ഉണ്ടായിരിക്കൂ. മത്സ്യ തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘത്തിൽ നിന്ന് ഉപകരണങ്ങൾ വാങ്ങാൻ വായ്പയെടുത്തവർ സംഘം ചുമതലപ്പെടുത്തിയ ലേലക്കാർ വഴിയേ മീൻ വിൽപ്പന നടത്താൻ പാടുള്ളൂ,പിടിച്ച മത്സ്യത്തിന്റെ ഗുണനിലവാരം തെളിയിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്ന് സാക്ഷ്യപത്രം വാങ്ങി ഹാജറാക്കണം, പുറപ്പെട്ട വള്ളങ്ങൾ പുറപ്പെട്ട ഹാർബറുകളിൽ തന്നെ തിരിച്ചെത്തണം തുടങ്ങിയവയാണ് ബില്ലിൽ പറഞ്ഞ് വെക്കുന്ന പ്രധാന വ്യവസ്ഥകൾ. മത്സ്യലേല ഇടനിലക്കാരുടെ അനധികൃത ഇടപെടലുകൾക്ക് കടിഞ്ഞാണിടുക എന്നതാണ് ഈ നിയമത്തിന്റെ കാതലായ വശമെന്ന് സർക്കാർ ആവർത്തിക്കുന്നുണ്ട്.
എന്താണ് മത്സ്യലേല കമ്മീഷൻ?
ലേലം നടത്തുന്നതിന്റെയോ ലേലം നടത്തിപ്പിനായി സൗകര്യങ്ങൾ പ്രദാനം ചെയ്തതിന്റെയോ വകയിൽ മത്സ്യവിൽപ്പനക്കാരിൽ നിന്നും സർവീസ് ചാർജ് ഇനത്തിൽ ഈടാക്കുന്ന തുകയോ മത്സ്യമോ ആണ് ലേല കമീഷൻ.
ഇടനില ചൂഷണം; സി.എം.എഫ്.ആർ.ഐ കണ്ടെത്തൽ
കേന്ദ്ര ഗവേഷണ സ്ഥാപനമായ സി.എം.എഫ്.ആർ.ഐ 2011 - 12 കാലത്ത് പ്രസിദ്ധീകരിച്ച "മറൈൻ ഫിഷ് മാർക്കറ്റിങ്ങ് ഇൻ ഇന്ത്യ' എന്ന പഠന പുസ്തകം, മത്സ്യമേഖലയിലെ ഇടത്തട്ടുകാരുടെ ചൂഷണം പുറത്തുകൊണ്ടുവരുന്നു.
ഇടത്തട്ടുകാരുടെ ചൂഷണത്തിന്റെ തോതും വ്യാപ്തിയും കേരളത്തിൽ എല്ലായിടത്തും ഒരുപോലെയല്ല . കണ്ണൂരിലെ വിലയും ഇടപാടുകളുമല്ല കൊച്ചിയിലും മറ്റ് പ്രദേശങ്ങളിലും.
ചെല്ലാനത്ത് ഒരു കിലോ നത്തോലിക്ക് 17 രൂപയാണെങ്കിൽ അവിടെ നിന്ന് മൂന്ന് കിലോമീറ്റർ മാത്രം ദൂരെയുള്ള മാർക്കറ്റിൽ ഒരു കിലോ നത്തോലി 700 രൂപ കൊടുത്താണ് ആളുകൾ വാങ്ങുന്നത്. അതായത് തുച്ഛമായ തുക മാത്രമേ യഥാർത്ഥ ഉൽപാദകരുടെ കൈകളിൽ എത്തിച്ചേരുന്നുള്ളൂ. യഥാർത്ഥ ഉൽപ്പാദകരെ സംബന്ധിച്ച് ഉൽപ്പാദന വിലയുടെ 30- 50 ശതമാനം വരെ അവർക്ക് ലഭിക്കുന്നില്ല.
കമ്യൂണിസ്റ്റ് പാർട്ടി 1940 കളിൽ തന്നെ മത്സ്യമേഖലയിലെ ഇടനിലക്കാരുടെ ചൂഷണമെന്ന വിഷയം അഡ്രസ് ചെയ്യാൻ തീരുമാനിച്ചിരുന്നു. അക്കാലത്ത് ആലപ്പുഴയിലെ മത്സ്യത്തൊഴിലാളികളെ സംഘടിപ്പിച്ച് ഇടത്തട്ട് ചൂഷകരുടെ കൊള്ളകൾക്കെതിരെ ഒറ്റപ്പെട്ട ചില ചെറുത്തുനിൽപ്പുകൾ പാർട്ടി നടത്തിയിരുന്നെങ്കിലും അതിനു ശേഷം പല ഘട്ടങ്ങളിലായി കമ്യൂണിസ്റ്റ് സർക്കാറുകൾ ഭരിച്ചിട്ടുപോലും ചൂഷണ സംവിധാനത്തിനെതിരെ വ്യക്തമായ ഇടപെടലുകൾ ഉണ്ടായില്ല.
പുതിയ നിയമത്തിന്റെ പോരായ്മകൾ
നിയമത്തിന്റെ പോരായ്മകളെ ചോദ്യം ചെയ്തും ചില വ്യവസ്ഥകളെ എതിർത്തും പ്രതിപക്ഷവും ചില മത്സ്യ തൊഴിലാളി സംഘടനകളും രംഗത്ത് വന്നിട്ടുണ്ട്. നിയമവിരുദ്ധമായ കാര്യങ്ങളെ നിയമ വിധേയമാക്കുന്നതാണ് കേരള മത്സ്യ ലേലവും വിപണനവും ഗുണനിലവാര പരിപാലനവും നിയമമെന്നാണ് പ്രതിപക്ഷ വാദം.
മത്സ്യമേഖലയിൽ ലേല കമ്മീഷൻ ഈടാക്കാൻ ഇതുവരെ നിയമപരമായ അനുമതി ഉണ്ടായിരുന്നില്ല. ഇത്ര നാൾ നടന്നുകൊണ്ടിരുന്ന അവിഹിത പിരിവ് അവസാനിപ്പിക്കാൻ നടപടികളെടുക്കേണ്ട സർക്കാർ തന്നെ നിയമാനുസൃതമായി ഇടനിലക്കാരെ അനുവദിക്കുകയാണ്. ഈ അനാവശ്യ നിയമ സാധുത കൊണ്ടുവരുന്നതിനൊപ്പം മത്സ്യ തൊഴിലാളികളുടെ അധ്വാനഭാരത്തിന്റെ അഞ്ച് ശതമാനം സർക്കാർ കവർന്നെടുക്കുന്നുവെന്നും പ്രതിപക്ഷം വിമർശനമുന്നയിക്കുന്നുണ്ട്. കൂടാതെ മത്‌സ്യബന്ധന ബോട്ടുകൾ കരക്കടുപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങൾ തൊഴിലാളികൾക്ക് പാരമ്പര്യമായുള്ള സ്വാതന്ത്ര്യം നഷ്ടമാക്കിയേക്കുമെന്നും മത്സ്യത്തിന്റെ ഉറവിടം സംബന്ധിച്ച കാര്യങ്ങളിൽ വ്യക്തത വരുത്തുന്ന സാക്ഷ്യപത്രം വാങ്ങാൻ ഉദ്യോഗസ്ഥരുടെ മുന്നിൽ കാത്ത് നിൽക്കേണ്ട അവസ്ഥ ഉണ്ടാക്കിയേക്കുമെന്നുമുള്ള ആശങ്കകളുമുണ്ട്.
അംഗീകൃത ലാൻഡിങ്ങ് സെന്ററുകളിലല്ലാതെ വാഹനമടുപ്പിച്ചാൽ ലേലം ചെയ്യാനുള്ള അവകാശം പോലും നിഷേധിക്കപ്പെടുമെന്നത് മത്സ്യ തൊഴിലാളികളെ വെട്ടിലാക്കിയേക്കാവുന്ന വ്യവസ്ഥയാണ്. മത്സ്യ തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘത്തിൽ നിന്ന് ഉപകരണങ്ങൾ വാങ്ങാൻ വായ്പയെടുത്തവർ സംഘം ചുമതലപ്പെടുത്തിയ ലേലക്കാർ മുഖാന്തരം മാത്രമേ മീൻ വിൽപ്പന നടത്താവൂ എന്ന ചട്ടം ലംഘിച്ചാൽ തടവുശിക്ഷക്കൊപ്പം പിഴയും ഒടുക്കേണ്ട തരത്തിലുള്ള കർശന ശിക്ഷകളാണ് പുതിയ നിയമം അനുശാസിക്കുന്നത്.
മത്സ്യതൊഴിലാളികൾ പരമ്പരാഗതമായി അനുഭവിച്ച് പോരുന്ന സ്വതന്ത്രമായ വിപണന ശൈലിയും ജീവിത സാഹചര്യങ്ങളും കൂടുതൽ ദുസ്സഹമാക്കും വിധമാണ് ഈ ബില്ല് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും കൊടും കുറ്റവാളികളെ കൈകാര്യം ചെയ്യുന്ന തരത്തിലുള്ള ഇതിന്റെ നടപടി ക്രമങ്ങളും ശിക്ഷാവിധികളുമൊക്കെ വായിച്ചു നോക്കിയാൽ തീരദേശമേഖലയുമായി ഏതെങ്കിലും തരത്തിൽ ബന്ധപ്പെട്ടിട്ടുള്ള ഒരാൾ പോലും ഇത്തരം ഒരു ബില്ലിന്റെ പ്രായോഗികതയെ പിന്തുണയ്ക്കുമെന്ന് തോന്നുന്നില്ലെന്നുമാണ് നിയമസഭയിൽ കോൺഗ്രസ് എം.എൽ.എ. സി.ആർ. മഹേഷ് ഇതിനെക്കുറിച്ച് പറഞ്ഞത്.
മത്സ്യബന്ധന മേഖലയിൽ വലിയ ചലനാത്മകത സൃഷ്ടിക്കാൻ സാധിക്കുന്ന ഈ ബില്ല് നിയമമാക്കാൻ ചർച്ചക്കെടുത്തപ്പോൾ മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളിൽ നിരന്തരം ഇടപെടുന്ന കേരള മത്സ്യത്തൊളിലാളി ഐക്യ വേദിക്കോ,ഫിഷറീസ് കോർഡിനേഷൻ കമ്മറ്റിക്കോ ശരിയായ പ്രാതിനിധ്യം കിട്ടിയില്ലെന്ന പരാതിയും ഈ നിയമവുമായി ബന്ധപ്പെട്ട് ഉയർന്നുവന്നിട്ടുണ്ട്.
മത്സ്യ ബന്ധനമേഖലയിലെ ഒരു ഓർഡിനൻസ് കാലഹരണപ്പെടുകയും പുതുക്കുകയും അതിന് ശേഷം അതൊരു നിയമമാക്കി മാറ്റുകയും ചെയ്യുന്നതിന് മുമ്പ് ആദ്യം ചർച്ച നടത്തേണ്ടത് ഞങ്ങളുമായിട്ടാണെന്നും അങ്ങനെ ഒരു ചർച്ച ഉണ്ടായില്ലെന്നും കേരള മത്സ്യത്തൊളിലാളി ഐക്യ വേദിയുടെ സംസ്ഥാന പ്രസിഡൻറ് ചാൾസ് ജോർജ് തിങ്കിനോട് പറഞ്ഞു: ""ബില്ല് അവതരിപ്പിക്കുന്നതിന് തൊട്ട് മുൻപത്തെ ദിവസമാണ് ഞങ്ങളുമായി യോഗം വിളിക്കുന്നത്. അവിടെ ചെല്ലുന്നത് വരെ ഈ വിഷയത്തെക്കുറിച്ച് ചർച്ച നടത്താനാണ് യോഗം വിളിച്ചതെന്ന് ഞങ്ങൾ അറിഞ്ഞിരുന്നില്ല. ചർച്ചയിൽ അഭിപ്രായം പറയാൻ പറഞ്ഞപ്പോൾ ഞങ്ങൾ കാണാത്ത ഒരു ബില്ലിനെക്കുറിച്ച് എങ്ങനെ അഭിപ്രായം പറയുമെന്നാണ് ഞങ്ങൾ ചോദിച്ചത്. ''
ബില്ലിലെ പുകമറ
നിയമങ്ങൾ പാസായെങ്കിലും അതിപ്പോഴും സബ്ജക്ട് കമ്മറ്റിയുടെ പരിഗണനയിൽ തുടരുകയാണ്. മത്സ്യമേഖലയിലെ തൊഴിലാളികളെ പ്രായോഗിക തലത്തിൽ സഹായിക്കാൻ ഇതിലെ വ്യവസ്ഥകൾക്ക് കഴിയാത്ത പക്ഷം നിയമങ്ങൾ കടലാസിൽ മാത്രം ഒതുങ്ങിപ്പോകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
ബില്ലിനെ ചുറ്റിപ്പറ്റി ഇപ്പോഴും ഒരു പുകമറ നിലനിൽക്കുന്നതായി കേരളാ സ്വതന്ത്ര്യ മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ സ്റ്റേറ്റ് പ്രസിഡൻറ് ജാക്സൺ ട്രൂ കോപ്പി തിങ്കിനോട് പറഞ്ഞു: ""ഇടനിലക്കാരുടെ ചൂഷണത്തെ എങ്ങനെ കൈകാര്യം ചെയ്യുമെന്നതാണ് ഇവിടുത്തെ പ്രധാന പ്രശ്‌നം. മത്സ്യ ഫെഡിൽ അംഗമായ മത്സ്യ ബന്ധനതൊഴിലാളികൾക്ക് അടുത്ത ദിവസങ്ങളിൽ വള്ളമിറക്കാൻ ആവശ്യമായ തുക എമർജൻസിയായി കൊടുക്കാനുള്ള സംവിധാനം സർക്കാർ ഒരുക്കണം. ഈ പുതിയ നിയമം കൃത്യമായി നടപ്പാകണമെങ്കിൽ 100 ശതമാനവും മത്സ്യ ബന്ധനമേഖലയിൽ മത്സ്യഫെഡ് വഴി ഈടില്ലാതെ ലോൺ കൊടുക്കാനുള്ള സ്ഥിതിയുണ്ടാവണം. മത്സ്യത്തിന് ന്യായമായ വില നൽകണം.''
ബില്ലിലെ പ്രതീക്ഷകൾ
ഈ നിയമം കൊണ്ട് ഫിഷറീസ് മേഖലയിൽ സമൂലമായ പരിവർത്തനമാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും നെൽകൃഷിയിൽ നിന്ന് ആളുകൾ വലിയ തോതിൽ പിറകിലോട്ട് പോവുകയും നെൽകൃഷി ഉപേക്ഷിക്കുകയും ചെയ്യുന്ന പുതിയ സാഹചര്യത്തിൽ ഉൽപാദന മേഖലയിൽ നമുക്ക് ഏറ്റവും കൂടുതൽ ഇടപെടാൻ കഴിയുന്ന ഒന്നാമത്തെ ഇനമായി മത്സ്യബന്ധന മേഖലയെ മാറ്റാൻ കഴിയുമെന്നുമാണ് നിയമസഭയിലെ ബില്ലിന്മേൽ നടന്ന ചർച്ചയിലെ മറുപടി പ്രസംഗത്തിൽ ഫിഷറീസ് മന്ത്രി സജി ചെറിയാൻ വ്യക്തമാക്കിയത്.
കേരളത്തിന്റെ മത്സ്യമേഖലയിൽ വർഷങ്ങളായി തുടരുന്ന ചൂഷണ സമ്പ്രദായത്തിൽ നിന്ന് ഒരു പരിധി വരെ മോചിതരാവാൻ ഈ നിയമത്തിന്റെ ബലത്തിൽ സാധിക്കുമെന്ന് വിശ്വസിക്കുന്നവർ സർക്കാർ തീരുമാനത്തെ പിന്തുണക്കുന്നുണ്ട്.
മത്സ്യമേഖലയിലെ ബാഹ്യ ഇടപെടലിന് നിയമപരിരക്ഷ
തൊഴിലാളികളെ സംരക്ഷിക്കാനും അവർക്ക് ന്യായവില കിട്ടാനുമാണ് പുതിയ നിയമമെന്ന് മുൻ ഫഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു: ""മത്സ്യമേഖലയിൽ മാത്രം ആർക്കും എന്തും ചെയ്യാം എന്ന സ്ഥിതിയുണ്ട്. നിയമ വ്യവസ്ഥ വഴി അതിനെ ചെറുക്കാനും മത്സ്യമേഖലക്ക് പരിരക്ഷ നൽകാനും ഈ നിയമം കൊണ്ട് സാധിക്കും. നിലവിൽ പതിനഞ്ച് ശതമാനം വരെയാണ് ലേല കമ്മീഷനായി ഈടാക്കുന്നത്. ഇത് പരമാവധി അഞ്ച് വരെ ആവാം അതിൽ കൂടാൻ പാടില്ല, അതായത് നിലവിലുള്ളതിനെ മൂന്നിൽ ഒന്നായി കുറച്ചു എന്നതാണ് വ്യവസ്ഥ. കമ്മീഷൻ ഏജന്റുമാർ ദുഷ്പ്രചരണമടിച്ച് വിട്ട് നിയമത്തെ ദുർവ്യാഖ്യാനിക്കുകയാണ്. തമിഴ് നാട്ടിൽ നിന്ന് രജിസ്ട്രേഷനില്ലാതെ കേരളത്തിലേക്ക് വരുന്ന മത്സ്യബന്ധന വള്ളങ്ങളെ നിയന്ത്രക്കാനും മത്സ്യമേഖലയിൽ ആർക്ക് എവിടെ എന്തും ചെയ്യാം എന്ന സ്ഥിതിവിശേഷം മാറ്റി അതിന് നിയമ പരിരക്ഷ നൽകുവാനുമാണ് പുറപ്പെട്ട വള്ളങ്ങൾ പുറപ്പെട്ടിടത്തു തന്നെ എത്തിച്ചേരണമെന്ന വ്യവസ്ഥ ഉൾപ്പെടുത്തിയത്. പിടിച്ച മത്സ്യത്തിന്റെ ഉറവിടം വെളിപ്പെടുത്തുന്ന സർട്ടിഫിക്കറ്റ് യൂറോപ്യൻ യൂണിയന് കയറ്റുമതി ചെയ്യുന്നവർക്ക് മാത്രമേ ആവശ്യമായിട്ടുള്ളൂ , മത്സ്യം എവിടെ നിന്ന് കിട്ടിയെന്ന സർട്ടിഫിക്കറ്റ് വേണമെന്ന് അവർക്ക് നിർബന്ധമുള്ളതിനാലാണ് സർട്ടിഫിക്കറ്റ് സംബന്ധിച്ച വ്യവസ്ഥ നിയമത്തിൽ ഉൾക്കൊള്ളിച്ചത് അത് കയറ്റുമതിക്കാർക്ക് ഗുണകരമാണ്. തൊഴിലാളികളെ സംരക്ഷിക്കാനും അവർക്ക് ന്യായവില കിട്ടാനുമാണ് നിയമം. ഹാർബറുകൾക്ക് കോടിക്കണക്കിന് രൂപ ചെലവഴിച്ച് പശ്ചാത്തല സൗകര്യം ഉണ്ടാക്കിയിട്ടുണ്ട്. തൊഴിലാളിക്ക് അതുകൊണ്ട് ഒരു ഗുണവുമില്ല. ഇടനിലക്കാർക്ക് അവർക്ക് തോന്നുന്നപോലെ കാര്യങ്ങൾ ചെയ്യാം. തൊഴിലാളിക്ക് നൂറ്റാണ്ടുകളായി അവൻ പിടിക്കുന്ന മീനിന് വിലനിശ്ചയിക്കാനുള്ള അവകാശം അംഗീകരിക്കുന്നതാണ് നിയമം. ഇതൊരു ചരിത്രപ്രസിദ്ധമായ നിയമനിർമാണമാണ്.''
പുതിയ നിയമത്തോടൊപ്പം മത്സ്യബന്ധന മേഖലയിൽ ആവശ്യമായ ഇൻഫ്രാ സ്ട്രെക്ചർ വികസനം കൂടി ത്വരിതപ്പെടുത്തേണ്ടതിൻറെ അനിവാര്യത സംബന്ധിച്ച നിരീക്ഷണങ്ങളും ഇതോടൊപ്പം മുന്നോട്ട് വരുന്നുണ്ട്.
ഹാർബറുകൾ കേന്ദ്രീകരിച്ച് വിൽപനക്കും വിതരണത്തിനും സംസ്ക്കരണത്തിനുമൊക്കെയായി ധാരാളം സൗകര്യങ്ങൾ ഏർപ്പെടുത്തേണ്ടതുണ്ട്. അത്തരം സംവിധാനങ്ങൾ ഇല്ലാത്തപക്ഷം ഒരു നിയമം പാസ്സായി എന്ന് മാത്രമേ ഉണ്ടാകൂ. - ജാക്സൺ പറയുന്നു: ""എല്ലാ ഹാർബറുകളിയും ഉയർന്ന ഗുണനിലവാരവും ക്വാണ്ടിറ്റിയും ഉൾക്കൊള്ളാൻ പറ്റുന്ന ഫ്രീസിങ്ങ് ബ്രാഞ്ചുകൾ സജ്ജീകരിച്ചാൽ മാത്രമേ ഈ ചൂഷക ലോബിയെ നിലക്ക് നിർത്താൻ സാധിക്കുകയുള്ളൂ. മത്സ്യ ഫെഡിന് യാതൊരു സംവിധാനവുമില്ല. കേരളത്തിലെ ഒരു 10 വള്ളങ്ങളിലെ മീൻ വിറ്റഴിക്കാനുള്ള സംവിധാനം പോലും നിലവിൽ മത്സ്യ ഫെഡിനില്ല. നിയമം വരുമ്പോൾ സംവിധാനമുണ്ടാവുമൊണ് മന്ത്രി പറഞ്ഞതെങ്കിലും ഞങ്ങൾക്ക് വിശ്വാസം വരില്ല അത്തരം സംവിധാനങ്ങൾ കൊണ്ടുവരാൻ കോടിക്കണക്കിന് രൂപ ഇൻവെസ്റ്റ് ചെയ്യേണ്ടതുണ്ട്.''
മത്സ്യഫെഡ് എന്ന ഡമ്മി സംവിധാനം
ഇടത്തട്ടുകാരുടെ ചൂഷണവും മത്സ്യബന്ധന തൊഴിലാളികൾക്ക് അർഹിക്കുന്ന വരുമാനം ലഭിക്കാഞ്ഞ സ്ഥിതിവിശേഷവുമെല്ലാം കണക്കിലെടുത്താണ് 1983 ൽ അന്നത്തെ ഫിഷറീസ് ഡയറക്ടറായിരുന്ന എൻ.കെ ചന്ദ്രശേഖരൻ മുൻകൈയെടുത്ത് സഹകരണ പ്രസ്ഥാനം ശാക്തീകരിക്കുക എന്ന നിലക്ക് ഒരു സംവിധാനം കൊണ്ടു വരുന്നത്. അങ്ങനെയാണ് മത്സ്യഫെഡ് ഉണ്ടാക്കുന്നത്. മത്സ്യ സംഭരണം, വിതരണം, വിൽപ്പന തുടങ്ങിയ എല്ലാ കാര്യങ്ങളിലും ഇടപെടുക, തൊഴിലാളികൾക്ക് അനുകൂലവും ഗുണകരവുമായ കാര്യങ്ങൾ ചെയ്യുക, എന്നതൊക്കെയായിരുന്നു ഇതിന്റെ പ്രധാന ലക്ഷ്യം. അന്ന് അതിനൊരു മാതൃകയായി ചന്ദ്രശേഖരന്റെ മനസിലുണ്ടായിരുന്നത് അമൂലായിരുന്നു. നീണ്ട 28 വർഷം കഴിഞ്ഞിട്ടും മത്സ്യസംഭരണം, വിതരണം, വിൽപ്പന തുടങ്ങിയ കാര്യങ്ങളിൽ ഇതുവരെ മത്സ്യഫെഡിന് ഇടപെടാൻ കഴിഞ്ഞിട്ടില്ല. വല നിർമ്മാണം, എഞ്ചിൻ വിതരണം തുടങ്ങിയ പല ക്ഷേമ പ്രവർത്തനങ്ങളും നടത്തിയെങ്കിലും പ്രധാന ലക്ഷ്യങ്ങളെ പാടേ അവഗണിച്ച് കേവലമൊരു ഡമ്മി സംവിധാനം മാത്രമായാണ് മത്സ്യഫെഡ് നിലകൊള്ളുന്നത്.
നിയമത്തിനൊപ്പം സംവിധാനവും
മത്സ്യമേഖലയുടെയും ആ മേഖലയിലെ തൊഴിലാളി വിഭാഗങ്ങളുടെയും സാമൂഹികവും സാമ്പത്തികവുമായ ഉന്നമനത്തിന് വഴി വെട്ടാനാണ് സർക്കാർ പുതിയ നിയമത്തിലൂടെ ഉദ്ദേശിക്കുന്നതെങ്കിൽ നിയമ നിർമ്മാണത്തോടൊപ്പം അടിയന്തര സൗകര്യങ്ങളുടെ,സംവിധാനങ്ങളുടെ നിർമാണത്തിനും തുല്യ പരിഗണന നൽകേണ്ടതുണ്ട്.
""ഇന്ത്യാ ഗവണ്മെൻറ് മുന്നോട്ട് വെക്കുന്ന കോർപ്പറൈറ്റൈസേഷന് ബദലായി കേരളം നടപ്പിലാക്കേണ്ടത് കോർപ്പറൈറ്റൈസേഷൻ വിത്ത് മോഡേർണൈസേഷൻ എന്നതായിരിക്കണണം. ഏതെങ്കിലും സാഹചര്യത്തിൽ മീൻ ബാലൻസ് വന്നാൽ ആ ബാലൻസ് മീൻ എടുക്കാവുന്ന സംഭരണ സംവിധാനങ്ങൾ കൂടി സർക്കാർ, അല്ലെങ്കിൽ മത്സ്യഫെഡ് ഏർപ്പെടുത്തണം. നിയമത്തിനോടൊപ്പം തന്നെ അടിസ്ഥാന സൗകര്യ വികസനവും നടക്കേണ്ടതുണ്ട്. സംഭരണശാലകൾ, സംസ്‌കരണ ശാലകൾ എന്നിവ എല്ലാ ലാൻഡിങ്ങ് സെന്റെറുകളും ഹാർബറുകളും കേന്ദ്രീകരിച്ച് തുടങ്ങിവെക്കുകയും ഒരുമിച്ചു വരുന്ന മീനുകൾ അവിടെ സംഭരിച്ച് വെക്കാനുള്ള സംവിധാനമുണ്ടാകണം.'' - ചാൾസ് ജോർജ് പറയുന്നു.
പിടിക്കുന്ന മത്സ്യത്തിന് അർഹമായ വില ലഭ്യമാക്കാനും വിലയെ സംബന്ധിച്ച തീരുമാനമെടുക്കാനും ഉൽപ്പാദകരെ പ്രാപ്തരാക്കുന്ന ഈ നിയമത്തെ നിർണ്ണായക ചുവടുവെപ്പായാണ് നിയമത്തെ അനുകൂലിക്കുന്ന മത്സ്യത്തൊഴിലാളി സംഘടനകൾ വിലയിരുത്തുന്നത്.
എന്നാൽ കേരള മത്സ്യ ലേലവും വിപണനവും ഗുണനിലവാര പരിപാലനവും നിയമം കൂടുതൽ ക്രിയാത്‌മകവും സുതാര്യവുമായ മാതൃകയിലേക്ക് പാകപ്പെട്ടാൽ മാത്രമേ മത്സ്യബന്ധനമേഖലയെ നവീകരിക്കാനും തൊഴിലാഴികളെ ശാക്തീകരിക്കാനും സാധിക്കൂ എന്ന കാര്യത്തിൽ തർക്കമില്ല.