കാലെടുത്തുവെച്ചാൽ കടൽ; കടലോര ഗ്രാമങ്ങളിലെ ജീവിതസമരങ്ങൾ; നേരിട്ടുള്ള റിപ്പോർട്ട്

കേരളത്തിലെ കടലോരഗ്രാമങ്ങൾ ഇന്ന്​ നിലനിൽപ്പിനായി പൊരുതുകയാണ്​. തുടർച്ചയായുള്ള കടലേറ്റവും തൊഴിൽനഷ്​ടവും പട്ടിണിയും നിരവധി കുടുംബങ്ങളെ കടപുഴക്കിയിരിക്കുന്നു. തിരുവനന്തപുരം ജില്ലയിലെ തീരഗ്രാമങ്ങളിൽനിന്നും എറണാകുളത്തെ ചെല്ലാനുത്തുനിന്നും നേരിട്ടുള്ള റിപ്പോർട്ടുകൾ.

Truecopy Webzine

രിസ്ഥിതിവിരുദ്ധമായ നിർമാണങ്ങളും കാലാവസ്ഥാ വ്യതിയാനും ഭരണസംവിധാനങ്ങളുടെ അവഗണനയും മൂലം കേരളത്തിലെ കടലോരഗ്രാമങ്ങളിൽ ജീവിതം അസാധ്യമായിരിക്കുകയാണെന്ന് റിപ്പോർട്ട്. ഭരണസംവിധാനങ്ങൾ നിസ്സംഗത വെടിയാൻ തയ്യാറായില്ലെങ്കിൽ പൊഴിയൂരിനെയും പൂന്തുറയെയും ചെല്ലാനത്തെയും പോലുള്ള നിരവധി മത്സ്യബന്ധന ഗ്രാമങ്ങൾ ഇല്ലാതാകുമെന്ന് തീരദേശ- മത്സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ട് പഠനം നടത്തുന്ന തിരുവനന്തപുരം പുല്ലുവിള സ്വദേശിനി സിന്ധു മരിയ നെപ്പോളിയൻ എഴുതുന്നു. കടലേറ്റത്തോടൊപ്പം കോവിഡിന്റെ ആക്രമണം കൂടി നേരിടുന്ന ചെല്ലാനത്തെ ജനങ്ങളുടെ കൊടുംദുരിതത്തെക്കുറിച്ചാണ് അഷ്ഫാഖ് ഇ.ജെയുടെ റിപ്പോർട്ട്. ട്രൂ കോപ്പി വെബ്‌സീൻ പാക്കറ്റ് 26ലാണ് രണ്ടുറിപ്പോർട്ടുകളും.

തിരുവനന്തപുരത്തെ മത്സ്യബന്ധനഗ്രാമമായ കൊച്ചുതോപ്പിൽ ഓരോ വർഷവും കുറഞ്ഞത് 50 വീടുകൾ വീതം കടലെടുത്തുപോകുന്നു. ഇവിടുത്തെ പത്തു കുടുംബങ്ങൾ ഒരു വർഷമായി ദുരിതാശ്വാസ ക്യാമ്പിലാണ്. ദുരിതാശ്വാസ ക്യാമ്പുകളിലെ നരകജീവിതത്തിൽനിന്ന് രക്ഷപ്പെടാനാണ് കടലേറ്റം രൂക്ഷമായിത്തുടങ്ങും മുൻപേ, സർക്കാർ ഇടപെടണമെന്ന ആവശ്യവുമായി രണ്ടുമാസം മുമ്പേ ജനം സമരം ആരംഭിച്ചത്. കലക്ടറും സംഘവും എത്തിയതിനെ തുടർന്ന് താൽക്കാലികമായി അവസാനിപ്പിച്ച ആ സമരത്തിൽ പങ്കെടുത്തവരിൽ പലർക്കും കഴിഞ്ഞയാഴ്ച കടലേറ്റത്തിൽ വീടുകൾ പൂർണമായി നഷ്ടപ്പെട്ടു.

തിരുവനന്തപുരം ജില്ലയിൽ മാത്രം നാല് ദുരിതാശ്വാസ ക്യാമ്പുകളിലായി 154 കുടുംബങ്ങളിലെ 561 പേർ ഇപ്പോഴും കഴിയുന്നുണ്ട്. ദുരിതങ്ങൾക്ക് കാരണമായി തീരദേശനിവാസികൾ ചൂണ്ടിക്കാണിക്കുന്നത് കടലിലും തീരത്തും നടത്തുന്ന അശാസ്ത്രീയ നിർമാണ പ്രവർത്തനങ്ങളാണ്.

ആവർത്തിക്കുന്ന കടലേറ്റങ്ങളെയും അനുബന്ധ ദുരിതങ്ങളെയും കൈകാര്യം ചെയ്യാൻ ഒരു തീരസംരക്ഷണ നയം തയ്യാറാക്കാൻ പോലും ഫിഷറീസ് വകുപ്പോ മറ്റ് സർക്കാർ സംവിധാനങ്ങളോ തയ്യാറായിട്ടില്ല. കടലേറ്റം ഉണ്ടാവുന്ന പ്രദേശങ്ങളിൽ കടൽഭിത്തി കെട്ടി താൽക്കാലിക പരിഹാരം കണ്ടെത്തുന്നു. ഒന്നോ രണ്ടോ വർഷങ്ങൾ കൊണ്ട് ഈ കടൽഭിത്തികൾ മണ്ണിലാഴ്ന്നു പോവുകയോ തിരയടിയിൽ തന്നെ തകരുകയോ ചെയ്യുന്നു. തുടർന്ന് വീണ്ടും തൊട്ടുമുൻപ് പാകിയ കല്ലിനുമീതേ വീണ്ടും കടൽഭിത്തി കെട്ടിപ്പൊക്കുന്നു. ഇത് ഒരു പ്രഹസനമായി മാറിയിരിക്കുകയാണ്.

കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം 2010 ൽ പുറത്തിറക്കിയ ഹാർബറുകളുടെയും തുറമുഖങ്ങളുടെയും നിർമാണം സംബന്ധിച്ച രേഖയിൽ പറയുന്നത്, പുലിമുട്ട് നിർമ്മാണവും സമുദ്രത്തിലെ ഡ്രഡ്ജിങ് പോലുള്ള പ്രവർത്തനങ്ങളും കടൽ കയറ്റത്തിന് കാരണമാവുമെന്നാണ്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി പോലൊരു മെഗാ പുലിമുട്ടിടൽ പ്രോജക്ട് സംസ്ഥാന ഭരണസിരാകേന്ദ്രത്തിൽ നിന്ന് വളരെ അകലെയല്ലാതെ പണിതുകൊണ്ടിരിക്കുമ്പോൾ അതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുന്നത് പൂന്തുറയും വലിയതുറയും ശംഖുമുഖലും കൊച്ചുതോപ്പും ഉൾപ്പെടുന്ന വിഴിഞ്ഞത്തിന് വടക്കുള്ള തീരങ്ങളിൽ താമസിക്കുന്ന മനുഷ്യരാണ്. 2016ൽ വിഴിഞ്ഞത്തെ അന്താരാഷ്ട്ര തുറമുഖ നിർമാണത്തിന് അദാനി ഗ്രൂപ്പും കടലിൽ കല്ലിടാൻ ആരംഭിച്ചതോടെ തിരുവനന്തപുരം വിമാനത്താവളത്തിന്റെ ആഭ്യന്തര ടെർമിനലിനുസമീപത്ത് സ്ഥിതി ചെയ്യുന്ന തോപ്പ് മുതൽ കൊച്ചുവേളി വരെയുള്ള ഗ്രാമങ്ങളെ കൂടി കടൽ വിഴുങ്ങാൻ തുടങ്ങി.

പൊഴിയൂർ- നീരോടി തീരത്തിന്റെ ഗൂഗിൾ എർത്ത് വ്യൂ. കരയിലും കടലിലുമായി കാണുന്ന വരയാണ് കേരള തമിഴ്‌നാട് അതിർത്തി. വലതുഭാഗത്ത് അടുത്തിടെ നിർമിച്ച മൂന്ന് ചെറു പുലിമുട്ടുകൾ കാണാം.

തമിഴ്നാട്ടിലെ തേങ്ങാപ്പട്ടണത്ത് നിർമിച്ച ഹാർബറാണ് പൊഴിയൂരിലെ കടലേറ്റത്തിന് കാരണമായതെങ്കിൽ 1970ൽ വിഴിഞ്ഞത്ത് നിർമിച്ച മത്സ്യബന്ധന തുറമുഖത്തിന്റെ വരവോടെയാണ് പനത്തുറയിലും പൂന്തുറയിലും കടൽ കയറ്റവും തീരശോഷണവും വ്യാപകമായത്. ഈ തീരങ്ങൾ ക്രമേണ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണെന്ന് സിന്ധു മരിയ നെപ്പോളിയൻ എഴുതുന്നു.

കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 60% ആയതിനാൽ, വെള്ളപ്പൊക്കത്തോടൊപ്പം കോവിഡുമായും പോരാടുകയാണ് എറണാകുളം ജില്ലയിലെ ചെല്ലാനത്തുകാർ. നിരീക്ഷണത്തിലായിരുന്ന നിരവധി പേരും കോവിഡ് പോസിറ്റീവ് ആയവരും വെള്ളപ്പൊക്കത്തിനിടയിൽ മറ്റൊരു മാർഗവും ഇല്ലാതായപ്പോൾ വീട്ടിൽ നിന്നിറങ്ങി ഓടുകയായിരുന്നു. 'കേരളത്തിന്റെ സൈന്യം' എന്ന് മുഖ്യമന്ത്രിയടക്കം വാഴ്ത്തിപ്പാടിയ ചെല്ലാനത്തെ മത്സ്യത്തൊഴിലാളികൾ മുഴുപ്പട്ടിണിയിലാണ്.

കടൽ ഭിത്തി നിർമിക്കാൻ വ്യാപകമായി കല്ല് ഖനനം ചെയ്യുന്നത് പാരിസ്ഥിതിക പ്രത്യാഘാതങ്ങൾക്ക് കാരണമായേക്കാമെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടപ്പോൾ ബദലായി ജിയോ സിന്തറ്റിക് ട്യൂബുകൾ നിർദ്ദേശിച്ചു.
2018 ജനുവരിയിൽ സർക്കാർ 18 കോടി രൂപ അനുവദിക്കുകയും 120 ജിയോ ട്യൂബുകൾ നിർമിക്കുന്നതിന് ജൂണിൽ സൈറ്റ് കരാറുകാരന് കൈമാറുകയും കടലിൽ നിന്ന് മണൽ ഖനനം ചെയ്യാൻ കമ്പനിക്ക് അനുമതി നൽകുകയും ചെയ്തിരുന്നു. എന്നാൽ കരാറുകാരനായ മലപ്പുറത്തുകാരന് മുൻ പരിചയം ഇല്ലെന്നും ഖനനം ചെയ്യാൻ ഉപകരണങ്ങൾ ഇല്ലെന്നും നാട്ടുകാർ ആരോപിക്കുന്നു. 2020 ഫെബ്രുവരിയിൽ ഗ്രീൻവേ സൊല്യൂഷൻസ് എന്ന കമ്പനിക്ക് ജിയോ- ട്യൂബ് പദ്ധതിയുടെ കരാർ ലഭിച്ചു. ലോക്ക്ഡൗൺ മൂലമുള്ള കാലതാമസം പരിഹരിക്കുന്നതിന് 7.5 കോടി രൂപയുടെ എസ്റ്റിമേറ്റിനോടൊപ്പം 20% അധിക തുക നൽകിയാണ് ടെണ്ടർ അനുവദിച്ചത്. ജിയോ-ട്യൂബ് പദ്ധതി നിലച്ചതോടെയാണ് നാട്ടുകാർ അനിശ്ചിതകാല റിലേ നിരാഹാര സമരം തുടങ്ങിയത്. നിരാഹാര സമരം 570 ദിവസം പിന്നിട്ടു.

പശ്ചിമ കൊച്ചിയിലെ കടൽ ക്ഷോഭത്തിന്റെ പ്രധാന ഉത്തരവാദികൾ കൊച്ചിൻ പോർട്ട് ട്രസ്റ്റ് ആണ് എന്ന് സമരക്കാർ ആരോപിക്കുന്നു. കൊച്ചി കപ്പൽ ചാലിന്റെ ആഴം വർധിപ്പിക്കാൻ നടത്തിയ ഡ്രഡ്ജിംഗ് ആണ് ആണ് ചെല്ലാനത്തെ തീരശോഷണത്തിന്റെയും കടൽ കയറ്റത്തിന്റെയും പ്രധാന കാരണം. വല്ലാർപാടത്തെ അന്താരാഷ്ട്ര ട്രാൻസ്ഷിപ്പ്മെന്റ് ടെർമിനൽ നിർമിക്കാൻ കപ്പൽ ചാലിന്റെ ആഴം 11.7 മീറ്ററിൽ നിന്ന് 17.5 മീറ്ററായി ഉയർത്തി. ഇത് പ്രശ്‌നം രൂക്ഷമാക്കിയതായി അവർ ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തുടനീളം അനുഭവപ്പെടുന്ന കടലേറ്റത്തിന്റെ അപൂർവ ദൃശ്യങ്ങളുമായി പ്രസൂൺ കിരൺ തയാറാക്കിയ ഫോ​ട്ടോ സ്​റ്റോറിയും ഇതോടൊപ്പമുണ്ട്​. വിവിധ തീരപ്രദേശങ്ങളിൽനിന്ന്​ പകർത്തിയ ഈ കടൽക്ഷോഭ ദൃശ്യങ്ങൾ മത്സ്യത്തൊഴിലാളി സമൂഹം അഭിമുഖീകരിക്കുന്ന ദുരന്തത്തിന്റെ ആഴം കാണിച്ചുതരുന്നു

മാഞ്ഞുപോകാനൊരുങ്ങുകയാണ് മത്സ്യബന്ധനഗ്രാമങ്ങൾ
സിന്ധു മരിയ നെപ്പോളിയൻ.
ചെല്ലാനം; കടലിനും കോവിഡിനുമിടയിൽ
അഷ്ഫാഖ് ഇ.ജെ.

ഈ കടലിനോട് നമ്മൾ ജയിക്കുമോ?
പ്രസൂൺ കിരൺ

ട്രൂ കോപ്പി വെബ്‌സിൻ പാക്കറ്റ് 26ൽ വായിക്കാം, കേൾക്കാം

Comments