കേരളത്തിലെ മത്സ്യബന്ധന മേഖലയ്ക്ക് അപരിഹാര്യമായ ദോഷങ്ങളുണ്ടാക്കുന്ന കടൽ മണൽ ഖനനത്തിന് കേന്ദ്ര സർക്കാർ പച്ചക്കൊടി കാട്ടിയിരിക്കുകയാണ്. കഴിഞ്ഞ ജനുവരി 11, 12 തീയതികളിൽ എറണാകുളം റിനൈ ഹോട്ടലിൽ നടന്ന ശില്പശാലയിലും റോഡ് ഷോയിലും വെച്ച് ഇതു സംബന്ധിച്ച് തീരുമാനമെടുത്തു. പ്രധാന മൈനിംഗ് കമ്പനികളും ഡ്രഡ്ജിംഗ് കമ്പനികളുമാണ് ശിൽപശാലയിൽ പങ്കെടുത്തത്. ഇതനുസരിച്ച് കടൽ മണൽ ഖനനത്തിന് താല്പര്യമുള്ള കമ്പനികളിൽനിന്ന് ടെണ്ടർ സ്വീകരിച്ചുകഴിഞ്ഞു. വേദാന്ത അടക്കമുള്ള കുത്തക കമ്പനികളും ചില സിമൻ്റു കമ്പനികളും രംഗത്തുണ്ട്. ഫെബ്രുവരി 27ന് ടെണ്ടർ നടപടി പൂർത്തീകരിക്കും. ടെണ്ടർ ഉറപ്പിക്കുന്ന അന്ന് സംസ്ഥാന വ്യാപകമായി തീരദേശ ഹർത്താൽ നടത്താൻ കോ–ഓർഡിനേഷൻ കമ്മിറ്റി തീരുമാനിച്ചിരിക്കുകയാണ്.
എങ്ങനെ, എവിടെ ഖനനം?
പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി തയ്യാറാക്കിയ ഏഴു പുസ്തകങ്ങളിലൊന്ന് കടൽ ധാതു ഖനനത്തെ സംബന്ധിച്ചുള്ളതാണ്. ഇതിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ‘ബ്ലൂ ഇക്കോണമി’ പുസ്തകത്തിലാണ് ഇവയുടെ സ്വകാര്യവൽക്കരണ നയം പ്രഖ്യാപിച്ചത്. പ്രതിഷേധങ്ങൾക്ക് കൂച്ചുവിലങ്ങുകളുള്ള കോവിഡ് കാലത്താണ് ഇത് പ്രഖ്യാപിക്കപ്പെട്ടത്.
ഡോ. ശൈലേഷ് നായിക് കമ്മിറ്റി തയ്യാറാക്കിയ രേഖ പ്രകാരം ക്രൂഡ് ഓയിലും നാച്ചുറൽ ഗ്യാസും മണലുകളും വിവിധയിനം ഖനലോഹങ്ങളും പോളിമെറ്റാലിക് നൊഡ്യൂളുകളുമടക്കം എണ്ണമറ്റ സമ്പത്ത് ഇവിടെ നിന്ന് ഖനനം ചെയ്തെടുക്കാം.

വിവിധ മൂലകങ്ങളുടെ ഖനനവും വിപണനവും പൊതുമേഖല തന്നെ നടത്തണമെന്ന 2002–ലെ പുറംകടൽ ധാതുഖനന നിയമം (Offshore Minerals - Development and Regulation- Act, 2002) 2023–ൽ കേന്ദ്ര സർക്കാർ പരിഷ്ക്കരിച്ചു. മണിപ്പുർ സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സഭ ബഹിഷ്ക്കരിച്ച സന്ദർഭത്തിലാണ് വിപൽക്കരമായ ഈ തീരുമാനം സർക്കാർ എടുത്തത്. 2011–ലെ തീരപരിപാലന നിയമ ഭേദഗതിയിലൂടെയാണ് മാറ്റം സാധ്യമാക്കിയത്. ഭരണഘടനയുടെ ആർട്ടിക്കിൾ 246 ഷെഡ്യൂൾ 2 ലിസ്റ്റ് 21 പ്രകാരം 22 കി.മീ. വരെയുള്ള കടൽ ഭാഗത്തിന്റെ അധികാരം സംസ്ഥാനങ്ങൾക്കാണ്.
തീരദേശത്തുള്ള കരിമണൽ ഖനനത്തിന് സംസ്ഥാന സർക്കാരിനും പൊതുമേഖലയ്ക്കുമുള്ള അവകാശവും കേന്ദ്രം നിയമ ഭേദഗതി വഴി ഏറ്റെടുത്തിട്ടുണ്ട്. ഇനിയങ്ങോട്ട് ഖനനത്തിനും സംസ്ക്കരണത്തിനും വിപണനത്തിനും സ്വകാര്യ മേഖലയ്ക്കുകൂടി അവകാശം ഉറപ്പിച്ചുകൊണ്ടാണ് നിയമഭേദഗതി. ഇതേത്തുടർന്ന് ഇതുമായി ബന്ധപ്പെട്ട് മൂന്ന് റൂളുകൾ കൂടി കേന്ദ്ര സർക്കാർ കഴിഞ്ഞവർഷം കൊണ്ടുവന്നു. പോർബന്തറിലേയും കൊച്ചിയിലേയും ശില്പശാലയും തീരുമാനങ്ങളും ഇതിെൻ്റ തുടർച്ചയാണ്.
നിയമഭേദഗതിക്ക് തൊട്ടുമുമ്പ് 2022 ഏപ്രിൽ 14 മുതൽ 17 വരെ അദാനി കമ്പനി ആന്ധ്ര കേന്ദ്രീകരിച്ച് അലൂവിയൽ ഹെവി മിനറൽസ് ലിമിറ്റഡ് എന്നും, ഒറീസയിൽ പുരി നാച്ചുറൽ റിസോഴ്സ് ലിമിറ്റഡ് എന്നും പേരിൽ രണ്ട് കമ്പനികൾ മുംബൈ സ്റ്റോക് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്തുവെന്ന കാര്യം കൂടി ശ്രദ്ധിക്കേണ്ടതാണ്.
കടൽമണൽ ഖനനം മത്സ്യസമ്പത്തിനേയോ, മത്സ്യബന്ധനത്തിനേയോ എങ്ങിനെ ബാധിക്കുമെന്നതിനെ സംബന്ധിച്ചും തീരശോഷണത്തെ സംബന്ധിച്ചും കേന്ദ്രസർക്കാർ മൗനത്തിലാണ്.
ഖനനം ചെയ്യാവുന്ന സ്ഥലങ്ങളുടെ മാപ്പിംഗ് ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രാഫിയും നടത്തിയിട്ടുണ്ട്. ഇതുപ്രകാരം 79 ദശലക്ഷം ടൺ ഖനലോഹങ്ങളും 1,53,996 ദശലക്ഷം ടൺ ചുണ്ണാമ്പുകളും നിർമ്മാണാവശ്യങ്ങൾക്കുള്ള 745 ദശലക്ഷം ടൺ മണലും വിവിധ മേഖലകളിൽ ലഭ്യമാണ്. കടലിനെ തീരക്കടൽ, പുറംകടൽ, ആഴക്കടൽ എന്നിങ്ങനെ മൂന്നായി തിരിക്കുന്ന നിർവ്വചനം പഴങ്കഥയായി മാറിക്കഴിഞ്ഞിരിക്കുന്നു.
ഗുജറാത്തിലെ പോർബന്തറിൽ മൂന്നു ബ്ലോക്കുകളിൽ നിന്ന് ചുണ്ണാമ്പു ചെളിയും കേരളത്തിൽ കൊല്ലത്തെ മൂന്നു ബ്ലോക്കുകളിൽ നിന്ന് നിർമ്മാണ ആവശ്യങ്ങൾക്കുള്ള കടൽ മണലും ആൻ്റമാനിലെ ഏഴു ബ്ലോക്കുകളിൽ നിന്ന് പോളി മെറ്റാലിക് നൊഡ്യൂൾസ് എന്നറിയപ്പെടുന്ന ധാതു വിഭവങ്ങളും കൊബാൾട്ടും ഖനനം ചെയ്തെടുക്കാനാണ് കേന്ദ്ര പദ്ധതി.
കേരളത്തിൽ എവിടെ?
കേരളത്തിൽ അഞ്ചു സെക്ടറുകളിലായി 745 ദശലക്ഷം കടൽ മണൽ നിക്ഷേപമുണ്ടെന്ന് ഇതുമായി ബന്ധപ്പെട്ട് പഠനം നടത്തിയ ശൈലേഷ് നായിക് കമ്മിറ്റി കണ്ടെത്തിയിട്ടുണ്ട്. ആഴക്കടലിനെ അഞ്ചു ഭാഗമായി തിരിച്ച് വിവിധ പ്രദേശങ്ങളിൽ ഖനനം ചെയ്യാവുന്ന ലോഹധാതുക്കളെയും വിലയിരുത്തിയിട്ടുണ്ട്.
കരിമണലിനു പുറമേ 400–1000 മീറ്റർ ആഴത്തിൽ ദൃശ്യമാകുന്ന ഫോസ്ഫോറൈറ്റ്സും 2000–4000 മീറ്റർ ആഴത്തിൽ കാണപ്പെടുന്ന പോളിമെറ്റാലിക് സൾഫൈഡുകളും (ഇതിൽ കോപ്പർ, നിക്കൽ, സിങ്ക്, ഗോൾഡ് എന്നിവയുണ്ട്.) 2000–4000 മീറ്റർ ആഴത്തിലുള്ള കൊബാൾട്ടും ക്രസ്റ്റും 6000 മീറ്റർ വരെ ആഴത്തിൽ പരന്നുകിടക്കുന്ന മാംഗനീസ് നൊഡ്യൂൾസും ഉൾപ്പെടും. ഇവയുടെ വ്യവസായമൂല്യം 187 ബില്യൻ ഡോളറാണെന്നും ശൈലേഷ് നായിക് കമ്മിറ്റി വിലയിരുത്തുന്നു.

കേരള തീരത്തും പുറകടലിലുമായി കിടക്കുന്ന നിർമ്മാണാവശ്യങ്ങൾക്കുള്ള വെളുത്ത മണലിന്റെ വില്പനയാണ് ഇപ്പോൾ നടക്കുന്നത്. 745 ദശലക്ഷം ടൺ വരുന്ന ഈ നിക്ഷേപം പൊന്നാനി, ചാവക്കാട്, ആലപ്പുഴ, കൊല്ലം വടക്ക്, കൊല്ലം തെക്ക് എന്നിങ്ങനെ അഞ്ചു സെക്ടറുകളിലായാണുള്ളത്. ഇതിൽ കൊല്ലം സെക്ടറിലെ മൂന്നു ബ്ലോക്കുകളിലെ വില്പനയാണിപ്പോൾ നടക്കുന്നത്. 300 ദശലക്ഷം ടൺ മണൽ നിക്ഷേപം ഇവിടെയുണ്ടെന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്. വർക്കല മുതൽ അമ്പലപ്പുഴ വരെ 85 കിലോമീറ്ററിലായും 3300 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലും പരന്നുകിടക്കുന്ന കൊല്ലം പരപ്പ് എന്നറിയപ്പെടുന്ന ക്വയിലോൺ ബാങ്കിൽ നിന്നാണ് ഇപ്പോൾ ഖനനം നടക്കുക.
വാടി, ശക്തികുളങ്ങര, ചെറിയഴീക്കൽ, വലിയഴീക്കൽ, തോട്ടപ്പള്ളി, പുന്നപ്ര തുടങ്ങിയ മത്സ്യബന്ധന കേന്ദ്രങ്ങളുടെ വരുമാനത്തിന്റെ പ്രധാന ഉറവിടം ഖനനം നടക്കാൻ പോകുന്ന കൊല്ലം ബാങ്ക് തന്നെയാണ്.
തീരത്തുനിന്ന് 33 കിലോമീറ്റർ അകലെയുള്ള 1–ാം ബ്ലോക്കിൽ 23 മിനറൽ ബ്ലോക്കുണ്ട്. ഇവിടെനിന്ന് 100.33 ദശലക്ഷം ടൺമണലാണ് ഊറ്റുക. രണ്ടാം സെക്ടർ 30 കിലോമീറ്റർ അകലെയാണ്. അവിടെനിന്ന് 100.64 ദശലക്ഷം ടൺ മണലും 27 കിലോമീറ്റർ അകലെയുള്ള മൂന്നാം സെക്ടറിൽ നിന്ന് 101.45 ദശലക്ഷം ടൺ മണലും ഖനനം ചെയ്യും. മൊത്തത്തിൽ 242 ചതുരശ്ര കിലോമീറ്ററിലായി 302.5 ദശലക്ഷം ടൺ മണലൂറ്റുന്നതിനാണ് ടെണ്ടർ ക്ഷണിച്ചത്.
ഗൗതം അദാനിയുടെ കമ്പനികളുടെ സക്ഷൻ ഹോപ്പർ, റോട്ടറികട്ടർ, ബക്കറ്റ് ഡ്രഡ്ജർ തുടങ്ങിയ സംവിധാനങ്ങളും കപ്പലുകളും ഉപയോഗിച്ചാണ് ഡ്രഡ്ജിംഗ് നടത്തുക.
കൊല്ലം പരപ്പ്, ഏറ്റവും ഉൽപ്പാദനക്ഷമമായ മേഖല
1961 മുതൽ 1965 വരെ ഇന്തോ–നോർവീജിയൻ പ്രോജക്റ്റിന്റെ ഭാഗമായി ഗവേഷണം നടത്തിയ കെയർ ലാർസൺ എന്ന ശാസ്ത്രജ്ഞനാണ് 1965-ൽ ഇതടക്കം ഏഴു ഫിഷിംഗ് ഗ്രൗണ്ടുകൾ കേരളത്തിൽ കണ്ടെത്തിയത്. ഇന്ത്യയിലെ 22 ഫിഷിംഗ് ഗ്രൗണ്ടുകളെയും അദ്ദേഹം നിർവ്വചിച്ചു. ഇന്ത്യയിലെ 22 മത്സ്യസങ്കേതങ്ങളിൽ ഏറ്റവും ഉല്പാദനക്ഷമതയുള്ള പ്രദേശമാണ് കൊല്ലം പരപ്പ്. ഒന്ന്–ഒന്നരമീറ്റർ കനത്തിൽ ചെളിയും മറ്റവശിഷ്ടങ്ങളുമുണ്ടെന്നതാണ്, ഈ പ്രദേശത്തെ ഇന്ത്യയിലെ ഏറ്റവും വലിയ മത്സ്യബന്ധന കേന്ദ്രമാക്കുന്നത്.

സാന്റ് ലോബ്സ്റ്റർ, കരിക്കാടി, പൂവാലൻ, കലവ, പല്ലിക്കോര, കിളിമീൻ, ചാള, അയില, നെത്തോലി, വേളപ്പാര – തുടങ്ങി കേരളത്തിലെ കയറ്റുമതി പ്രധാനവും ആഭ്യന്തര ഉപഭോഗത്തിൽ പ്രധാനവുമായ മത്സ്യങ്ങൾ ധാരാളമായി ഇവിടെ നിന്ന് ലഭിക്കുന്നു. ആയിരത്തോളം ട്രോൾ ബോട്ടുകളും അഞ്ഞൂറോളം ഫൈബർ വള്ളങ്ങളും നൂറോളം ഇൻ–ബോർഡ് വള്ളങ്ങളും ഇവിടെ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നു. കേരളത്തിലെ രണ്ട് ലക്ഷത്തോളം സജീവ മത്സ്യത്തൊഴിലാളികളിൽ നാലിലൊന്നും ഇവിടെയാണ് കേന്ദ്രീകരിക്കുന്നത്. വാടി, ശക്തികുളങ്ങര, ചെറിയഴീക്കൽ, വലിയഴീക്കൽ, തോട്ടപ്പള്ളി, പുന്നപ്ര തുടങ്ങിയ മത്സ്യബന്ധന കേന്ദ്രങ്ങളുടെ വരുമാനത്തിന്റെ പ്രധാന ഉറവിടവും കൊല്ലം ബാങ്ക് തന്നെയാണ്. നീണ്ടകര, തങ്കശ്ശേരി, കരുനാഗപ്പള്ളി പ്രദേങ്ങളിലാണ് കേരളത്തിലെ പ്രധാന ഫിഷിംഗ് ഹാർബറുകൾ. സംസ്ഥാന താല്പര്യം സംരക്ഷിക്കുമെന്ന് ഭംഗിവാക്കു പറഞ്ഞ മൈനിംഗ് മന്ത്രാലയം സെക്രട്ടറി വി.എൻ. കാന്തറാവുവും ജോയിൻ്റ് സെക്രട്ടറി വിനയ്കുമാർ ബാജ്പേയിയും ഇക്കാര്യങ്ങൾ കണക്കിലെടുത്തിട്ടില്ല.
ഒരു കിലോഗ്രാം മണൽ കടലിൽ നിന്നെടുക്കുമ്പോൾ നാല് കിലോഗ്രാം അവശിഷ്ടങ്ങളുമുണ്ടാകും. അതിനെ അവിടെത്തന്നെ തട്ടും. ഇത് സൃഷ്ടിക്കുന്ന കലക്കൽ, പുറത്തുവരുന്ന വിഷവാതകങ്ങൾ കടലിലെ പ്രകാശസംശ്ലേഷണം തുടങ്ങിയവയെ സംബന്ധിച്ച് അധികാരികൾ മൗനത്തിലാണ്.
വെളുത്ത മണലിനു മുകളിലായി 1–2 മീറ്റർ കനത്തിലുള്ള ചെളിയും അവശിഷ്ടങ്ങളുമടങ്ങുന്ന മേൽമണ്ണു നീക്കിയാണ് വെളുത്ത മണൽ പുറത്തെടുക്കുക. ഇതു സൃഷ്ടിക്കുന്ന കലക്കൽ, പുറത്തുവരുന്ന വിഷവാതകങ്ങൾ, ഖനലോഹങ്ങൾ ഇതെല്ലാം മത്സ്യമേഖലയെയാണ് പ്രതികൂലമായി ബാധിക്കുക.
ഇവിടെ ജീവിക്കുന്ന നങ്ക്, കരിക്കാടി, തിരണ്ടി കരിക്കാടി ചെമ്മീൻ തുടങ്ങിയ മഝ്യങ്ങളുടെ സങ്കേതങ്ങൾ തകർക്കപ്പെടും. കണവ – കൂന്തൽ തുടങ്ങിയ മത്സ്യങ്ങൾ മുട്ടയിട്ട് പാർക്കുന്ന ഇടങ്ങളും നഷ്ടപ്പെടും. പന്ത്രണ്ടു വർഷത്തിനുശേഷം തിരിച്ചുവരുന്ന മത്തി വളർച്ച മുരടിച്ചുപോയതിന്റെ പ്രധാന പ്രശ്നം അവയുടെ ഭക്ഷണത്തിന്റെ അഭാവമാണ്. ഈ ഭക്ഷണം രൂപപ്പെടുന്ന പ്രക്രിയ കലക്കൽ മൂലം പൂർണ്ണമായും തകർക്കപ്പെടും. കരയിൽ കൊണ്ടുപോയി ഇടുന്ന മണ്ണ് കഴുകുമ്പോഴുണ്ടാകുന്ന ലവണങ്ങൾ തീരദേശത്തേയും തകർക്കും. ഇതു കഴുകുന്നതിന് ശുദ്ധജലവും ലഭ്യമാക്കണം. കടലിലെ മത്സ്യങ്ങളുടെ പ്രജനനവും വളർച്ചയും തടസ്സപ്പെടും.
വർക്കലയുടെ 68 കിലോമീറ്റർ പടിഞ്ഞാറ് 17 കി.മീ. വീതിയിൽ വരുന്ന നിർദ്ദിഷ്ട കപ്പൽപ്പാത്തിക്കെതിരേ വരെ മത്സ്യത്തൊഴിലാളികൾ സമരമുഖത്താണ്. ഇവിടത്തെ ഖനനം മത്സ്യസമ്പത്തിനേയോ, മത്സ്യബന്ധനത്തിനേയോ എങ്ങിനെ ബാധിക്കുമെന്നതിനെ സംബന്ധിച്ചും തീരശോഷണത്തെ സംബന്ധിച്ചും കേന്ദ്രസർക്കാർ മൗനത്തിലാണ്.

2003-ൽ ‘ജിം’ പദ്ധതിയിൽത്തന്നെ ക്രൗൺ മാരിടൈം കമ്പനി ഇതു സംബന്ധിച്ച് രൂപരേഖ സമർപ്പിച്ചു. 2017–ൽ ‘എമർജിംഗ് കേരള’യിലും ഇതാവർത്തിച്ചു. മത്സ്യത്തൊഴിലാളികളുടെ പ്രക്ഷോഭത്തെ തുടർന്ന് അവർക്ക് പിന്മാറേണ്ടിവന്നു. ഒരു കിലോഗ്രാം മണൽ കടലിൽ നിന്നെടുക്കുമ്പോൾ നാല് കിലോഗ്രാം അവശിഷ്ടങ്ങളുമുണ്ടാകും. അതിനെ അവിടെത്തന്നെ തട്ടിയിടും. ഇത് സൃഷ്ടിക്കുന്ന കലക്കൽ, പുറത്തുവരുന്ന വിഷവാതകങ്ങൾ, ഇവയുടെ പ്രത്യാഘാതം, കടലിലെ പ്രകാശസംശ്ലേഷണം തുടങ്ങിയവയെ സംബന്ധിച്ച് ശില്പശാലക്കാർ മൗനത്തിലാണ്.
കേരള തീരത്തെ കരിമണലും ഖനനം ചെയ്യാനുള്ള അവകാശം കേന്ദ്രം കവർന്നെടുത്തിരിക്കുകയാണ്. കരിമണലിന്റെ ആസ്തി 120 ബില്യൺ ഡോളറാണെന്നും കേന്ദ്രം വിലയിരുത്തുന്നുണ്ട്.
കരിമണൽ ഖനനവും
കേന്ദ്രത്തിന്
കേരള തീരത്തെ കരിമണലും ഖനനം ചെയ്യാനുള്ള അവകാശം കേന്ദ്രം കവർന്നെടുത്തിരിക്കുകയാണ്. കരിമണലിന്റെ ആസ്തി 120 ബില്യൺ ഡോളറാണെന്നും കേന്ദ്രം വിലയിരുത്തുന്നുണ്ട്. ഇതോടെ കേരളത്തിന്റെ പൊതുസ്വത്തായ കരിമണൽ (ഇതിൽ ഇൽമനൈറ്റ്, മോണോസൈറ്റ്, റൂടൈൽ, ഗാർനൈറ്റ്, സിർകോൺ, സില്ലിമനൈറ്റ്, മാറ്റൈറ്റ് എന്നിവ ഉൾപ്പെടും) ഇനിയങ്ങോട്ട് സ്വകാര്യ കുത്തകകൾക്കായി തരംമാറ്റപ്പെടും. പ്ലേസർ മിനറൽസ് എന്നറിയപ്പെടുന്ന ഇവയുടെ ഭാരം 18 ദശലക്ഷം ടൺ വരും എന്നും ഇവയുടെ വ്യവസായ മൂല്യം 120 ബില്ല്യൺ ഡോളറാണെന്നും ശൈലേഷ് നായിക് കമ്മിറ്റി വിലയിരുത്തിയിട്ടുണ്ട്. പ്രാദേശിക ജനതയുടെ എതിർപ്പ് അവഗണിച്ച് പൊതുമേഖലയാണ് ഇപ്പോൾ ഖനനം നടത്തുന്നത്. സ്വകാര്യ കുത്തകകളെ ഇതേല്പിച്ചാൽ ‘‘പൊന്മുട്ടയിടുന്ന താറാവിനെ കൊല്ലുന്ന’’ അനുഭവമായിരിക്കും.
തീരത്തെ കാത്തിരിക്കുന്ന ദുരന്തം
കേരളം ലോകത്തെ തന്നെ പ്രധാനപ്പെട്ട ഫിഷിംഗ് സോൺ ആണ്. കടലിന്റെ ഉടമസ്ഥാവകാശികളാണ് മത്സ്യതൊഴിലാളികൾ. ഇന്ത്യയുടെ എട്ടു ശതമാനം തീരക്കടലാണ് നമുക്കുള്ളതെങ്കിലും 15–20 ശതമാനം മത്സ്യം നാം പിടിക്കുന്നുണ്ട്. രണ്ട് ലക്ഷത്തോളം സജീവ മത്സ്യത്തൊഴിലാളികളടക്കം 15 ലക്ഷം പേരുടെ ഉപജീവനത്തിന്റെ അടിസ്ഥാനവും ഈ കടൽ തന്നെ. ഓഖിക്കുശേഷം കടലിന്റെ സ്വഭാവത്തിനു മാറ്റം വന്നിരിക്കുകയാണ്. തുടർന്നുള്ള വർഷങ്ങൾ പ്രളയത്തിനും ഗജ, ക്യാർ, ഉംഫൻ, നിസർഗ, വായു, ടൗട്ടേ തുടങ്ങിയ കൊടുങ്കാറ്റുകൾക്കും നാം സാക്ഷ്യം വഹിച്ചു.

2050- ൽ മുംബൈയും, കൽക്കത്തയും മുങ്ങാനുള്ള സാധ്യതാ മുന്നറിയിപ്പുകൾ മാത്രമല്ല, ഈയാഴ്ച കൊച്ചിയുടെ തീരവും നഗരവും ഉപ്പുവെള്ളം നിറഞ്ഞ അനുഭവവും നാം കാണണം. ലോകത്തെ തന്നെ പ്രധാനപ്പെട്ട ഒരു ജനിതക കലവറയെ ഇങ്ങനെ കുത്തിപ്പൊളിക്കാൻ അനുവദിക്കണമോ? ബംഗാൾ കഴിഞ്ഞാൽ (60.5) ഏറ്റവും കൂടുതൽ തീരശോഷണം നേരിടുന്ന സംസ്ഥാനവും കേരളമാണ് (46.4). ‘പ്രധാനമന്ത്രി ഗതിശക്തി പ്ലാൻ’ ഇതൊന്നും പരിഗണിച്ചിട്ടില്ല. ഷേക്സ്പിയറിന്റെ ‘വെനീസിലെ കച്ചവടക്കാര’നിൽ പലിശക്കാരനായ ഷൈലോക്ക്, ആന്റോണിയോയുടെ തുടയിലെ അര റാത്തൽ മാംസം ആവശ്യപ്പെട്ടപ്പോൾ ‘മാംസം എടുത്തോളൂ, പക്ഷേ ഒരു തുള്ളി രക്തം വരരുത്’ എന്നു പറഞ്ഞ പോർഷ്യമാരുടെ ആവശ്യം ഏറുകയാണ്. കോപ്പ് സമ്മേളന പ്രതിനിധി പറഞ്ഞു, ‘മത്സ്യത്തിന് സംസാരിക്കാനാവില്ല. അവർക്കുവേണ്ടി നാം സംസാരിച്ചേ മതിയാവൂ.’
ഓഖിക്കുശേഷം കേരളത്തിൽ ആറു കൊടുങ്കാറ്റുകളും അവ സൃഷ്ടിക്കുന്ന തീരശോഷണവും ഗുരുതരമാണ്. കടൽ ഖനനത്തോടെ ഈ ദുരന്ത പ്രക്രിയകൾ വേഗത്തിലാകും.
മത്സ്യത്തൊഴിലാളികൾ മാത്രമല്ല, കേരളത്തിലെ ഗണ്യമായ വിഭാഗം ഗവേഷകരും, സ്ഥാപനങ്ങളും ഇതുകൊണ്ടുതന്നെയാണ് ഈ നടപടിക്കെതിരേ രംഗത്തുവന്നിട്ടുള്ളത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി കടൽ നിരപ്പുയർന്നുകൊണ്ടിരിക്കുകയാണ്. ഓഖിക്കുശേഷം കേരളത്തിൽ ആറു കൊടുങ്കാറ്റുകളും അവ സൃഷ്ടിക്കുന്ന തീരശോഷണവും ഗുരുതരമാണ്. കടൽ ഖനനത്തോടെ ഈ ദുരന്ത പ്രക്രിയകൾ വേഗത്തിലാകും.
ഇതാ, ഖനനത്തിന്റെ
ദുരന്തസാക്ഷികൾ
സമ്പദ്ഘടനയെ വെറും വിഭവമായി മാത്രം കാണുന്ന ഭരണാധികാരികൾ ഇത്തരം ഗുരുതരമായ ദുരന്തസാധ്യതകൾ അവഗണിക്കുകയാണ്. ലോകത്ത് പല രാജ്യങ്ങളും മണ്ണെടുപ്പിന്റെ ഭാഗമായി തീരം തകർന്ന്, ബീച്ചുകൾ നഷ്ടപ്പെട്ട് ദുരിതമനുഭവിക്കുന്നുണ്ട്. വിവിധ കാലാവസ്ഥാ സമ്മേളനങ്ങളിൽ അവർ ഒറ്റക്കെട്ടായി ഈ വിഷയങ്ങളുന്നയിക്കുന്നുമുണ്ട്.

2022 നവംബർ 6 മുതൽ 20 വരെ ഈജിപ്തിലെ ഷറം ഇൽ–ഷെയ്ക്കിൽ ചേർന്ന കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച കോപ്പ് –27 സമ്മേളനത്തിലും കഴിഞ്ഞ മാസം ബാകുവിൽ ചേർന്ന സമ്മേളനത്തിലും, കടൽ മണൽ ഖനനവും കാലാവസ്ഥാ വ്യതിയാനവും സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളാൽ പ്രക്ഷുബ്ധമായ പസഫിക് രാജ്യമായ നുവാരുവിന്റെ പ്രസിഡൻ്റ് കിൻസ ക്ലോഡ്മാൻ പറഞ്ഞു: ‘‘ഞങ്ങൾ കുടുങ്ങിയിരിക്കുകയാണ്. ഞങ്ങളുടെ ചെറു രാഷ്ട്രം ഒരു മരുഭൂമിയായിരിക്കുന്നു. ജലനിരപ്പുയരുകയാണ്. തുടർച്ചയായ ഖനനം മൂലം ഞങ്ങൾ അപ്രത്യക്ഷമാവും’’.
ടുവാലുവിന്റെ പ്രധാനമന്ത്രി കൗനിയ നറ്റാനോ നടത്തിയ ആശങ്കാജനകമായ പ്രസ്താവന ഇങ്ങനെയായിരുന്നു: ‘‘കാലാവസ്ഥാ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നവരും കുത്തിക്കവർച്ച നടത്തുന്നവരും അതിന്റെ പിഴയൊടുക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. ഞങ്ങൾ വീട് എന്നു വിളിക്കുന്ന ഈ ഇടം ഒരു ദിവസം കടലെടുക്കും. ആ ദിവസം വരുന്നതുവരേയും ഞങ്ങൾ പൊരുതിക്കൊണ്ടേയിരിക്കും.’’
ജർമ്മനി അടക്കമുള്ള രാജ്യങ്ങളും സോളമൻ ഐലൻ്റും പാപ്പുവ ന്യു ഗിനിയയും കിരിബാറ്റിയും ന്യൂസിലാന്റിലെ ഓഖ്‍ലാന്റും കടൽ മണൽ ഖനനത്തിന്റെ പ്രത്യാഘാതം അനുഭവിച്ചു തുടങ്ങിയിരിക്കുന്നു. സിംഗപ്പൂരിനുവേണ്ടി കടൽ മണൽ വിട്ടുകൊടുത്തതോടെ ഇന്തോനേഷ്യയുടെ 24 ചെറു ദ്വീപുകൾ അപ്രത്യക്ഷമായിരിക്കുന്നു. ഒരു വർഷം ആറു ബില്യൺ ടൺ മണൽ ഖനനം ചെയ്യുന്നുവെന്നും ഭൂമധ്യ രേഖയ്ക്കുചുറ്റും 24 മീറ്റർ വീതിയിലും 24 മീറ്റർ ഉയരത്തിലുമുള്ള മതിൽ പണിയാനാവശ്യമായത്രയും മണലെടുക്കുന്നുവെന്നും പറയുന്നവർ ഇക്കാര്യം കൂടി പരിഗണിക്കണം.
ലോകത്തെ പ്രധാനപ്പെട്ട ഫിഷിംഗ് ഗ്രൗണ്ടു (മത്സ്യസങ്കേതം) കളൊക്കെ തകർന്നിരിക്കുകയാണെന്ന് ഐക്യരാഷ്ട്ര സംഘടന വിലയിരുത്തുന്നു. കുറച്ചെന്തെങ്കിലും മത്സ്യങ്ങൾ അവശേഷിക്കുന്ന അറബിക്കടലിനേയും ബംഗാൾ ഉൾക്കടലിനേയും തകർക്കുന്ന നടപടികളാണ് കേന്ദ്ര എടുക്കുന്നത്. ഇപ്പോൾ തന്നെ കടലാമയുടെ പേരിലും സസ്തനികളുടെ പേരിലും കയറ്റുമതിക്ക് നിരോധനം നേരിടുന്ന മേഖലയാണിത്. മത്തിയുടെ തകർച്ചയിൽ നിന്ന് ഇതുവരേയായിട്ടും മോചനം ലഭിച്ചിട്ടുമില്ല. ഇങ്ങനെ പ്രതിസന്ധി നിറഞ്ഞ മേഖലയെ പൂർണ്ണമായും തകർക്കുന്ന നടപടിയാണ് ഡ്രഡ്ജിംഗ്. ഒരു ശരാശരി മലയാളി പ്രതിവർഷം 32 കിലോഗ്രാം മത്സ്യം കഴിക്കുന്നുവെന്നാണ് കണക്ക്. ആരോഗ്യരംഗത്തും സമ്പദ് ഘടനയിലും, തൊഴിൽ മേഖലയിലും സുപ്രധാന പങ്ക് വഹിക്കുന്ന മത്സ്യമേഖലയെ സംരക്ഷിക്കാൻ ഒറ്റക്കെട്ടായ പരിശ്രമം ആവശ്യമാണ്.