അമേരിക്കൻ സാമ്രാജ്യത്വത്തേക്കാൾ ശക്തമായ സാമ്പത്തിക സാമ്രാജ്യത്വമായി ചൈന മാറിയതെങ്ങനെ ?

ലെനിൻ സൂചിപ്പിച്ച പണമൂലധനത്തിന്റെ വളർച്ചയ്ക്ക് ഭരണകൂട സുരക്ഷിതത്വം ഉറപ്പാക്കി എന്നതാണ് ചൈനയുടെ വർത്തമാനകാല നേട്ടത്തിനുപിന്നിലെ മൂലകാരണം. ഇതൊരു ചെറിയ കാര്യമല്ല, കാരണം, വികസിത മുതലാളിത്ത രാജ്യങ്ങൾക്കുപോലും പണമൂലധനത്തിന് ഉറപ്പാക്കാൻ കഴിയാത്ത ഉത്പാദനക്ഷമത ഉറപ്പാക്കി എന്നത് ചൈനയിലെ കമ്യൂണിസ്​റ്റ്​ സർക്കാരിന്റെ വിജയം കൂടിയാണ്.

സി.പി.ഐ. (എം.എൽ.) നേതാവായിരുന്ന കനു സന്യാലിന്റെ ജീവചരിത്രത്തിൽ അദ്ദേഹവും സഖാക്കളും ചൈനയിലേക്ക് ടിബറ്റ് വഴി നടത്തിയ യാത്രയും തുടർന്ന് ചൈനീസ് കമ്യൂണിസ്​റ്റ്​ പാർട്ടിയുടെ പരിശീലനത്തിൽ പങ്കെടുത്തതും ചെയർമാൻ മാവോയെ കണ്ടതും വിശദീകരിക്കുന്നുണ്ട്. ഈ പുസ്തകത്തിന്റെ അവസാന അധ്യായം എഴുതിക്കഴിയുന്നതിനുമുൻപേ അദ്ദേഹം ഒരു മുഴം കയറിൽ ജീവിതം അവസാനിപ്പിച്ചു എന്നതും ചരി​ത്രമാണ്. The First Naxal എന്ന പുസ്തകം ഇന്ത്യയിലെ ഇടതു വിപ്ലവ പ്രസ്ഥാനത്തിന്റെ ചരിത്രം കൂടിയാണ്. ഈ ചരിത്രം പാർലമെന്ററി ഇടതുപക്ഷത്തിന്റേതുകൂടിയാണ്. മാവോ സന്യാലിന് കൊടുക്കുന്ന പ്രധാന ഉപദേശം, ചൈനയിൽ നിന്ന്​ എന്തു പഠിച്ചോ അത് അതേപടി ഇന്ത്യയിൽ നടപ്പിലാക്കാൻ ശ്രമിക്കരുത് എന്നാണ്. ചൈനയിലെ വിപ്ലവം ചൈനയ്ക്കുമാത്രം കഴിയുന്നതും ചൈനയിൽ മാത്രം നടപ്പിലാക്കാൻ കഴിയുന്നതും ആണ് എന്ന മാവോയുടെ ആശയം പൂർണമായും ഉൾക്കൊണ്ടിട്ടാണ് സന്യാലും സഖാക്കളും മടങ്ങിയത്. ഇടതുപക്ഷത്തെക്കുറിച്ചുള്ള കൃത്യമായ ഒരു ആശയം
കൂടിയാണ് മാവോ സന്യാലിനോട് പങ്കുവയ്ക്കുന്നത്. ഒരുപക്ഷെ ഇന്ത്യൻ ഇടതുപക്ഷം, മാവോയിസ്റ്റുകളടക്കം പലപ്പോഴും വിസ്മരിക്കുന്നതും ഈ ആശയം തന്നെയാണ്.

മൗറിസ് മെയ്‌സ്​നെർ (Maurice Meisner) 1971-ൽ എഴുതിയ പ്രബന്ധത്തിൽ ലെനിനെയും മാവോയെയും പഠനവിഷയമാക്കിരുന്നു. ഇത്തരത്തിലുള്ള നിരവധി പഠനങ്ങളിൽ ഒന്നുമാത്രമാണിത്. വ്യവസായ മുതലാളിത്തവും തൊഴിലാളിവർഗവും നിലനിൽക്കുന്നു എന്ന കാരണം കൊണ്ടുമാത്രം തൊഴിലാളിവർഗം വിപ്ലവത്തിനായി പരിവർത്തനപ്പെടില്ല എന്ന ലെനിന്റെ നിരീക്ഷണത്തോട് മാവോ ഐക്യപ്പെടുന്നുണ്ട്. എന്നാൽ ലെനിന്റെ രീതിശാസ്ത്രമായിരുന്നില്ല മാവോയുടേത്. ലെനിന്റെ നിരീക്ഷണത്തിൽ തൊഴിലാളിവർഗം ചരിത്രപരമായി തന്നെ ഇത്തരം അധികാരത്തിന് കീഴ്പെട്ടുപോകാനാണ് സാധ്യത, അതിനാൽ അവരെ ‘തൊഴിലാളിവർഗ ബോധത്തിലേയ്ക്ക്' പരിവർത്തനപ്പെടുത്തേണ്ടതുണ്ട്. ഈ പ്രവർത്തനമാണ് വിപ്ലവത്തിന്റെ ആദ്യ നടപടി. അതിലേയ്ക്കായി ഒരു വ്യവസ്ഥിതി രൂപപ്പെടേണ്ടതുണ്ട്.

അടിസ്ഥാനവിഷയം, ഇത്തരം പരിവർത്തനം എങ്ങനെയുണ്ടാകുന്നു എന്നതാണ്. സംഘടിത തൊഴിലാളിവർഗം ഇതിൽ മുന്നണി പോരാളികളായും പ്രസ്ഥാനങ്ങളായും മുന്നേറ്റങ്ങളായും ഒക്കെ ഇതിന്റെ ഭാഗമാകും എന്ന് ലൈനിൻ നിരീക്ഷിക്കുന്നുണ്ട്. എന്നാൽ മാവോ ഈ കാര്യത്തിൽ കൃത്യമായ രീതിശാസ്ത്രം മുന്നോട്ടുവച്ചിരുന്നു. വിപ്ലവത്തിന്റെ ആത്യന്തിക വിജയം മാത്രമല്ല പ്രധാനം, അതിന് വേണ്ടിവരുന്ന മുന്നേറ്റങ്ങളും മാവോയെ സംബന്ധിച്ച്​ പ്രധാനപ്പെട്ടതായിരുന്നു.

മാവോ നിരീക്ഷച്ചത് പാർട്ടിയല്ല, അടിസ്ഥാന തൊഴിലാളിവർഗത്തിന്റെ വിപ്ലവശേഷി വിലയിരുത്തേണ്ടത് എന്നാണ്. പകരം, വിപ്ലവപ്രസ്ഥാനങ്ങളാണ് തൊഴിലാളിവർഗത്തിന്റെ വിലയിരുത്തലുകൾക്ക് വിധേയമാകേണ്ടത് എന്നാണ്. ‘All revolutionary parties and all revolutionary comrades will stand before them to be tested, and to be accepted or rejected'. അതുകൊണ്ടുതന്നെ വിപ്ലവത്തിന്റെ ലക്ഷ്യം മാത്രമല്ല മാർഗവും പ്രധാനമാണ്. ഒരുപക്ഷെ ഇന്ത്യൻ മുഖ്യധാരാ ഇടതുപക്ഷത്തിന് ഇപ്പോൾ പോലും കഴിയാത്ത ഒരാശയമാണ് മാവോ ചൈനീസ് സാഹചര്യത്തിൽ നടപ്പിലാക്കാൻ ശ്രമിച്ചത്.

മാവോയുടെ സാമ്പത്തികസിദ്ധാന്തം രൂപപ്പെടുന്നത് ഈസാഹചര്യത്തിലാണ്. ഈ സാമ്പത്തികസിദ്ധാന്തം തന്നെയാണ് ചൈനയെ നിലനിർത്തുന്നതും. Maoist Economics and the Revolutionary Road to Communism എന്ന പുസ്തകം ഒരുപക്ഷെ കേരളത്തിൽ വലിയതോതിൽ വായിക്കപ്പെട്ടിട്ടുണ്ടോ എന്ന് സംശയമാണ്. മാവോയുടെ സാമ്പത്തികനയമാണ് ഈ പുസ്തകത്തിന്റെ വിഷയം. സോഷ്യലിസ്റ്റ് പൊതു ഉടസ്ഥതയും സാമൂഹിക ഉത്പാദനവും എന്ന ആശയത്തെയാണ് മാവോ തന്റെ നയങ്ങളിൽ സൂചിപ്പിക്കുന്നത്. സമ്പത്തുത്പാദനം മനുഷ്യവികസനത്തിന് ഒഴിച്ചുകൂടാനാവാത്തതാണ്. സമ്പത്തിന്റെ വളർച്ചയെന്നാൽ ഉത്പാദനമാണ്. മാവോയുടെ കാഴ്ചപ്പാടിൽ ഉത്പാദനം എന്നാൽ സാമ്പത്തിക ഉപയോഗം മാത്രമല്ല, പകരം സാമൂഹിക ഉപയോഗമാണ് എന്നുകൂടി മാവോ സ്ഥാപിക്കുന്നുണ്ട്. എന്നാൽ പിന്നീട് വളർച്ചയുടെ ഒരു ഘട്ടത്തിൽ ചൈന മാവോയുടെ ഈ നയത്തെ പുറംതള്ളുന്നുണ്ട്.

മാവോയുടെ സാമ്പത്തികനയം എന്നാൽ ഉത്പാദനോപാധികളും ഉത്പാദനബന്ധങ്ങളും സർക്കാർ ഉടമസ്ഥതയിൽ കൊണ്ടുവരിക എന്നതാണ്. അതായത് ഭരണകൂടം ഇല്ലാതാകുന്ന ഒരു കമ്യൂണിസ്റ്റ് സമൂഹമല്ല ചൈനയുടെ ഇടതു സാമ്പത്തികനയം. മാവോയുടെ നിരീക്ഷണത്തിൽ സോഷ്യലിസ്റ്റ് ഉത്പാദനത്തിൽ ഉപയോഗമൂല്യത്തിനാണ് (use value) പ്രാധാന്യം. ഈ സിദ്ധാന്തം തന്നെയാണ് ആധുനിക മുതലാളിത്ത വ്യവസ്ഥിതിയിൽ ചൈനയെ പ്രധാനപ്പെട്ട ഒരു ഘടകമാക്കി മാറ്റിയത്. ഉത്പാദന ഉപാധികളുടെ ഭരണകൂട നിയന്ത്രണം ക്രമേണ ഭരണകൂട ഉടമസ്ഥതയിലായി എന്നത് ഒരു സൈദ്ധാന്തികവൈരുധ്യം കൂടിയാണ്. തൊഴിലാളിയെക്കുറിച്ച്​ മാവോ നിരീക്ഷിച്ചത് ഭരണകൂടത്തിന്റെയും വ്യവസായങ്ങളുടെയും ഉടമസ്ഥൻ എന്ന അർഥത്തിലാണ്. ഈ ഉടമസ്ഥാവകാശത്തെ ആധുനിക മുതലാളിത്തത്തോട് സന്നിവേശിപ്പിക്കാൻ കഴിഞ്ഞു എന്നതാണ് ചൈനയുടെ വിജയവും.

ചൈന എന്നാൽ ലോകത്ത് കുറഞ്ഞ കൂലിയും നിയ​ന്ത്രിത തൊഴിലാളികളെയും ഉറപ്പാക്കുന്ന ഒരു ഉത്പാദനകേന്ദ്രം കൂടിയാണ്. ചൈനയുടെ 1950 മുതലുള്ള തൊഴിൽക്ഷമതയുടെ വളർച്ച ഇതിനുദാഹരമാണ് (ചിത്രം 1). കൂടാതെ മണിക്കൂറിലുള്ള ഉത്പാദനക്ഷമതയുടെ വളർച്ചാതോത് കൂടി പരിഗണിക്കുമ്പോൾ ചൈനയുടെ തൊഴിൽശക്തി നിയന്ത്രണം എത്ര ശക്തമാണ് എന്ന് മനസിലാകും (ചിത്രം 2). തൊഴിൽശക്തി നിയന്ത്രിക്കുന്നതിൽ ചൈന മറ്റ് വികസിത മുതലാളിത്ത രാജ്യങ്ങളേക്കാൾ മുന്നിലാണ്.

കോവിഡ്​ പടർന്നുപിടിച്ച 2020-ൽ ഇന്ത്യയിലെ സർക്കാർ അനുകൂല മാധ്യമങ്ങളിൽ, ചൈനയിൽ നിന്ന്​ ഇന്ത്യയിലേയ്ക്ക് കമ്പനികൾ പറിച്ചുനടപ്പെടുന്നു എന്ന വാർത്ത വന്നിരുന്നു എന്നാൽ യാഥാർഥ്യം മറ്റൊന്നായിരുന്നു. ലോകത്തെ മുതലാളിത്ത ഉത്പാദത്തിന് ഏറ്റവും കുറഞ്ഞ ചെലവ്, അതായത് ഏറ്റവും കുറഞ്ഞ കൂലിയും അതോടൊപ്പം വ്യവസായങ്ങൾക്ക് സംരക്ഷണവും ഉറപ്പാക്കുന്ന ചൈനീസ് രീതിയെ നിഷേധിക്കാൻ അന്താരാഷ്​ട്ര കോർപറേറ്റ്​ സ്ഥാപനങ്ങൾ തയാറായില്ല എന്നതാണ് വസ്തുത. ബി.ജെ.പി. സർക്കാരിന്റെ കൊട്ടിഘോഷിക്കപ്പെട്ട ‘മേക്കിങ് ഇന്ത്യ’ പദ്ധതി ഒരുതരത്തിൽ ലക്ഷ്യമിട്ടത് ചൈനയെ തന്നെയായിരുന്നു. എന്നാൽ ഈ പദ്ധതി പരാജയമായി എന്ന് തുറന്നുസമ്മതിക്കാൻ കേന്ദ്രസർക്കാർ ഇതുവരെ തയാറായിട്ടില്ല. ഇന്നും ലോകത്തെ മൊത്തം ഉത്ദപാനത്തിന്റെ 28 ശതമാനത്തോളം ചൈനയിൽ നിന്നാണ്. ജനസംഖ്യ മാത്രമല്ല ഇതിനുകാരണം, തൊഴിലാളി നിയന്ത്രണവും കുറഞ്ഞ കൂലിയും കൂടി കാരണമാണ്.

മാവോയുടെ ചൈനയിൽനിന്ന്​ ലോകവിപണിയെ നിയന്ത്രിക്കുന്ന ഒന്നായി ചൈനയെ മാറ്റിയതിൽ ഡെങ് സിയാവോപിങ് വഹിച്ച പങ്കിനെക്കുറിച്ച് ‘Red Cat, White Cat: China and the Contradictions of Market Socialism' എന്ന പുസ്തകം വിശദീകരിക്കുന്നുണ്ട്. കേരളത്തിൽ വലിയതോതിൽ വിറ്റഴിഞ്ഞ ഒരു പുസ്തകം കൂടിയാണിത്. വിപണി സോഷ്യലിസം എന്ന ആശയത്തിലൂടെ ചൈനീസ് കമ്യൂണിസ്‌റ്റ്​ പാർട്ടി ശരിക്കും തങ്ങളുടെ മാറ്റത്തെ സൈദ്ധാന്തിവത്കരിക്കുകയാണ്. വിപണിയുടെ അടിസ്ഥാനതത്വങ്ങളെ നിലനിർത്തി തൊഴിൽവിപണിയെ ലോകത്തെ മുതലാളിത്ത ഉത്ദപാനശക്തികൾക്ക് തുറന്നുകൊടുക്കുക എന്നതായിരുന്നു ചൈനീസ് രീതി. ചൈനയിൽ മുതലാളിമാർക്ക് പാർട്ടി അംഗത്വവും പ്രവർത്തന സ്വാതന്ത്ര്യവും നൽകിത്തുടങ്ങിയതിന്റെ കാരണം തന്നെ മൂലധനം സർക്കാർ നിയന്ത്രണത്തിലല്ലാതെ വളരാൻ തുടങ്ങി എന്നതുകൊണ്ടുകൂടിയാണ്.

ലെനിൻ സൂചിപ്പിച്ച പണമൂലധനത്തിന്റെ വളർച്ചയ്ക്ക് ഭരണകൂട സുരക്ഷിതത്വം ഉറപ്പാക്കി എന്നതാണ് ചൈനയുടെ വർത്തമാനകാല നേട്ടത്തിനുപിന്നിലെ മൂലകാരണം. ഇതൊരു ചെറിയ കാര്യമല്ല, കാരണം, വികസിത മുതലാളിത്ത രാജ്യങ്ങൾക്കുപോലും പണമൂലധനത്തിന് ഉറപ്പാക്കാൻ കഴിയാത്ത ഉത്പാദനക്ഷമത ഉറപ്പാക്കി എന്നത് ചൈനയിലെ കമ്യൂണിസ്​റ്റ്​ സർക്കാരിന്റെ വിജയം കൂടിയാണ്. നേരിട്ടുള്ള വിദേശനിക്ഷേപം സ്വീകരിക്കുന്നതിൽ മറ്റേതു രാജ്യത്തേക്കാളും ചൈന മുന്നിലാകുന്നത് അവിടത്തെ ഭരണകൂടം ഉത്ദപാനോപാധികളിൽ പ്രത്യേകിച്ചും തൊഴിൽശക്തിയുടെമേൽ നടപ്പിലാക്കുന്ന നിയന്ത്രണം തന്നെയാണ്.

മനുഷ്യാവകാശങ്ങൾക്ക് ചൈന നൽകുന്ന സർക്കാർ നിർവചനം പലപ്പോഴും യാഥാർഥ്യം മറച്ചുവെച്ചുകൊണ്ടുള്ളതാണ്. ഉയ്​ഗുർ മുസ്​ലിംകളുടെ പ്രശ്നത്തെ ചൈനീസ് സർക്കാർ നേരിടുന്നത് സർക്കാർ പ്രത്യയശാസ്ത്രത്തെ മനസിലാക്കാൻ കഴിയാത്ത ഒരുകൂട്ടം മുനുഷ്യർ എന്ന നിലയ്​ക്കാണ്​. സർക്കാർ പ്രത്യയശാസ്ത്രത്തെ ബലം പ്രയോഗിച്ചെങ്കിലും കൊണ്ടുവരിക എന്ന യാന്ത്രികമായ നയം രൂപപ്പെടുന്നത് നേരത്തെ സൂചിപ്പിച്ച സമ്പൂർണ ഭരണകൂടാധികാരം എന്ന നയത്തിന്റെ പിൻബലം കൊണ്ടുകൂടിയാണ്. ഇത് മാവോയുടെ നയമാണെന്ന് പറയാൻ കഴിയില്ല. കാരണം, മാവോ വിപ്ലവത്തിന്റെ ലക്ഷ്യത്തോടൊപ്പം, ഒരു സമൂഹം അതിനുവേണ്ടി പരിവർത്തനപ്പെടുന്ന പ്രക്രിയക്കും പ്രാധാന്യം നൽകുന്നുണ്ട്​. അംബേദ്കർ തൊഴിലാളിയെ വിശേഷിപ്പിച്ചത് ‘ജീവിക്കുന്ന മൂലധനം (living capital) എന്നാണ്. മാവോയും മറിച്ചല്ല തൊഴിലാളിയെ കണ്ടത്. എന്നാൽ ഇന്നത്തെ ചൈനയും മുതലാളിത്ത രാജ്യങ്ങളും തൊഴിലാളിയെ ജീവിക്കുന്ന മൂലധനമായിട്ടല്ല കാണുന്നത്, പകരം നിയന്ത്രിക്കപ്പെടുന്ന മൂലധനമായിട്ടാണ്.

ഈ പശ്ചാത്തലത്തിൽ വേണം സി.പി.എമ്മിന്റെ ചൈന അനുകൂല നിലപാടിനെ മനസിലാക്കേണ്ടത്​. സി.പി.എം. നേതാക്കൾ പറഞ്ഞത് ശരിയാണ്, ചൈന ദാരിദ്ര്യം ഇല്ലാതാക്കി, രാജ്യത്തിന്റെ സമ്പത്ത് വർധിപ്പിച്ചു. എന്നാൽ, ഈ മാറ്റങ്ങൾ ഭരണകൂട മുതലാളിത്തം എന്ന അവസ്ഥയിലേയ്ക്കാണ് ചൈനയെ പരിവർത്തനപ്പെടുത്തിയത്. സമ്പത്തുൽപാനത്തിന്റെ ഭാഗമായി വളരുന്ന സമ്പത്ത്​, പൗരനെ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലാക്കുന്നു എന്നതാണ് വസ്തുത. പുതിയ കാലത്തെ ഇത്തരം നവ- ഉദാരവത്കരണം ചൈന ശക്തമായി തന്നെ നടപ്പിലാക്കുന്നു എന്നത് വസ്തുതയാണ്. ചൈനയുടെ രാഷ്ട്രീയനയങ്ങളിൽ സാമ്രാജ്യത്വവിരുദ്ധതയൊന്നും ഇല്ല, പകരം ലൈനിൻ വിശദീകരിച്ചപോലെ ഒരു സാമ്രാജ്യത്വ സാമ്പത്തിക നയത്തെ നിയന്ത്രിക്കാൻ കഴിയുന്ന ഒരു പുതിയ സാമ്പത്തിക സാമ്രാജ്യത്വമാണ്​ ഇന്ന് ചൈന. അമേരിക്കൻ സാമ്രാജ്യത്വത്തേക്കാൾ ശക്തമാണ് ഈ പുതിയ സാമ്രാജ്യം. ദേശരാഷ്ട്രസങ്കല്പത്തിന് പുറത്തേയ്ക്കാണിത് വളരുന്നത്. ചൈനീസ് സാമ്രാജ്യവും കോർപറേറ്റ് സാമ്രാജ്യങ്ങളും തമ്മിലാണ് ഇന്ന് വാണിജ്യ കരാറുകൾ ഉണ്ടാകുന്നത്.

കേരളം എല്ലാവിധ മുതലാളിത്ത വികസന നയങ്ങളെയും നടപ്പിലാക്കുകയോ പരീഷിക്കുകയോ ചെയ്ത ഒരു സംസ്ഥാനം കൂടിയാണ്, അതുകൊണ്ടുതന്നെ കേരളത്തിലെ ഇടതുപക്ഷവും ചൈനീസ് മാതൃകയെ പ്രത്യക്ഷത്തിലും പരോഷത്തിലും പിന്തുടരുന്നുണ്ട്. നയപരമായി സി.പി.എമ്മിന് ചൈനയെ പിന്തുണയ്ക്കാൻ കഴിയും. എന്നാൽ അതിനുവേണ്ട സൈദ്ധാന്തിക പിൻബലം സൃഷ്​ടിക്കുക എന്നതാണ് ഇനി വേണ്ടത്. കെ- റെയിൽ പോലെയുള്ള പദ്ധതികളെ സി.പി.എം. ബുദ്ധിജീവികളും പ്രവർത്തകരും ഒക്കെ പിന്തുണയ്ക്കുന്ന രീതിയും അതിലെ തന്നെ ജനാധിപത്യവിരുദ്ധതയും ഒക്കെ പരിഗണിക്കുമ്പോൾ ചൈനീസ് മാതൃകയ്ക്ക് ഒരു കേരളീയ സൈദ്ധാന്തിക പിൻബലം സൃഷ്​ടിക്കുന്നതിൽ പാർട്ടി വിജയിക്കും എന്നുതന്നെ കരുതണം.

ഗ്രന്ഥസൂചിക
Mao Tse-tung, 1967: Report of an Investigation into the Peasant Movement in Hunan,' Selected Works of Mao Tse-tung (London: Lawrence and Wishart Ltd.
Leninism and Maoism: Some Populist Perspectives on Marxism-Leninism in China Author(s): Maurice Meisner Source: The China Quarterly , Jan. - Mar., 1971, No. 45 (Jan. - Mar., 1971), pp. 2-36.
Paul, Bappaditya. 2014. The First Naxal: An Authorised Biography of Kanu Sanyal, Sage, India.
Lotta, Raymond, 1994: Maoist Economics and the Revolutionary Road to Communism- The Shanghai Textbook, Banner Press.
Weil, Robert. 1996. Red Cat White Cat. Monthly Review Press.
Lenin, Vladimir Ilyich,1916: Imperialism, the Highest Stage of Capitalism. https://www.marxists.org/archive/lenin/works/1916/imp-hsc

Comments