കോണ്‍ഗ്രസ് രക്ഷപ്പെടണമെന്ന ആഗ്രഹം ഏതെങ്കിലും കാലത്ത് എ.കെ. ആന്റണിക്കുണ്ടായിരുന്നോ എന്നത് വിലയിരുത്താന്‍ ഏറ്റവും യോഗ്യര്‍ ആ പാര്‍ട്ടിയിലെയും ഗ്രൂപ്പിലെയും സഹപ്രവര്‍ത്തകരാണ്. ആദര്‍ശധീരനെന്ന പ്രതിച്ഛായ നിലനിര്‍ത്തുക എന്നതിനപ്പുറത്ത് മറ്റെന്തെങ്കിലും എ.കെ.യുടെ മുഖ്യ പരിഗണനയായിരുന്നോ എന്ന് പറയേണ്ടതും എ ഗ്രുപ്പുകാരാണ്.
28 Mar 2021, 01:29 PM
തുടര്‍ഭരണം അനുവദിക്കാതെ, സി.പി.എമ്മിനേയും ഇടതുപക്ഷത്തെയും രക്ഷിക്കാന്‍ ജനം തയ്യാറാകണമെന്ന ആഹ്വാനവുമായി മുതിർന്ന കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് എ.കെ. ആന്റണി ഇത്തവണത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചിരിക്കുന്നു. ആകാവുന്നത്ര മാധ്യമങ്ങള്‍ക്ക് അഭിമുഖം അനുവദിച്ച്, കഴിയാവുന്നത്ര ആളുകളിലേക്ക് തന്റെ സന്ദേശമെത്തിക്കാന്‍ തിടുക്കപ്പെടുകയും ചെയ്യുന്നു അദ്ദേഹം.
ആന്റണിയുടെ അഭിപ്രായംഏറ്റെടുത്ത് കെ. പി. സി. സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രനും രംഗത്തെത്തി. ഈ രണ്ടുപേരുടെയും രാഷ്ട്രീയം പ്രധാനമായും വര്‍ത്തിക്കുന്നത്, തികഞ്ഞ സി.പി.എം വിരുദ്ധതയിലാണ്. ബി. ജെ. പിയെയും തീവ്ര ഹിന്ദുത്വ അജണ്ടകളെയും എതിര്‍ക്കാന്‍ ഉപയോഗിക്കുന്നതിലും എത്രയോ ഇരട്ടി ഊര്‍ജം ഇവര്‍ സി.പി.എമ്മിനേയും ഇടതുപക്ഷത്തെയും ആക്രമിക്കാന്‍ ചെലവിടുന്നുണ്ട് എന്നതിന് സമീപകാല പ്രസ്താവനകള്‍ മാത്രം പരിശോധിച്ചാല്‍ മതി. കേരളത്തില്‍ മുഖ്യ എതിരാളി ഇടതുപക്ഷമാകയാല്‍ അതില്‍ അത്ഭുതമൊട്ടുമില്ല. പക്ഷേ, ദേശീയതലത്തില്‍ വലിയ എതിരാളിയായി സംഘപരിവാരം നില്‍ക്കുകയും അതിന്റെ രാഷ്ട്രീയരൂപം കോണ്‍ഗ്രസ് മുക്ത ഭാരത്തിന് ശ്രമിക്കുകയും കേരളത്തിലെ കോണ്‍ഗ്രസിന്റെ ആള്‍ക്കൂട്ടത്തില്‍ ചെറുതല്ലാത്ത പങ്കിനെ സ്വന്തം പാളയത്തിലേക്ക് ആകര്‍ഷിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ അതിനെ പ്രതിരോധിക്കാന്‍ പാകത്തിലുള്ള രാഷ്ട്രീയം വ്യവഹരിക്കേണ്ടത് ഇവരടക്കമുള്ള നേതാക്കളുടെ ഉത്തരവാദിത്തമല്ലേ എന്ന ചോദ്യം പ്രസക്തമാണ്.
രാജ്യത്ത് ഇന്ധനവില ദിവസേന ഉയര്‍ത്തിക്കൊണ്ടിരുന്നു, അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് വിജ്ഞാപനം വരുന്നതിന് തൊട്ടുമുമ്പുവരെ. അന്താരാഷ്ട്ര വിപണിയിലെ വിലയ്ക്കനുസരിച്ച് പെട്രോളും ഡീസലുമടക്കമുള്ള ഇന്ധനങ്ങളുടെ വില നിര്‍ണയിക്കാനുള്ള അധികാരം സംസ്‌കരണ - വിതരണ കമ്പനികള്‍ക്ക് കൈമാറാന്‍ തീരുമാനമെടുത്തതിന്റെ ഉത്തരവാദിത്തം ആന്റണിയും മുല്ലപ്പള്ളിയുമടക്കമുള്ള (യു.പി.എ. സര്‍ക്കാറില്‍ മന്ത്രിമാരായിരുന്നുവല്ലോ ഇരുവരും) വര്‍ക്കുള്ളതിനാല്‍ വില കൂടുമ്പോള്‍ എതിര്‍പ്പ് രേഖപ്പെടുത്താനുള്ള ധാര്‍മിക അവകാശം ഇക്കൂട്ടര്‍ക്കില്ല. എങ്കിലും എക്സൈസ് തീരുവ ഉയര്‍ത്തിവെച്ച് ഖജനാവിലേക്ക് മുതല്‍ക്കൂട്ടി ജനത്തെ വലയ്ക്കാതിരിക്കണമെന്ന് നരേന്ദ്ര മോദി - അമിത് ഷാമാരോട് പറഞ്ഞ്, കഷ്ടപ്പെടുന്നവരുടെ പക്ഷത്തുണ്ട് ഞങ്ങളെന്ന പ്രതീതി ജനിപ്പിക്കാന്‍ പോലും ഇവര്‍ തയ്യാറായില്ല. ഇന്ധന വില വര്‍ധനയോ അതുവഴിയുണ്ടാകുന്ന വിലക്കയറ്റമോ ആന്റണിയുടെയോ മുല്ലപ്പള്ളിയുടെയോ പരിഗണനാ വിഷയം പോലുമായിട്ടില്ല.
അതിര്‍ത്തിയില്‍ നിന്ന് സേനയെ പിന്‍വലിക്കാന്‍ ചൈനയുമായി ധാരണയിലെത്തിയപ്പോള്‍ രാജ്യത്തിന്റെ മണ്ണ് എതിരാളിക്ക് കൈമാറുകയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ചെയ്തത് എന്ന്, മുന്‍ പ്രതിരോധ മന്ത്രി എന്ന നിലയ്ക്ക്, തീര്‍ത്തും ദുര്‍ബലമായ ഒരു പ്രസ്താവന മാത്രമാണ് എ. കെ. ആന്റണി അടുത്തിടെ നടത്തിയത്. കോണ്‍ഗ്രസ് നേതാവും പഞ്ചാബ് മുഖ്യമന്ത്രിയുമായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് തുടക്കമിടുകയും കേന്ദ്ര സര്‍ക്കാറിനെ പ്രതിരോധത്തിലാക്കുകയും ചെയ്ത കര്‍ഷകരുടെ സമരം നൂറ് ദിവസം പിന്നിട്ടിട്ടും അവരെ രാജ്യദ്രോഹികളായി മുദ്രകുത്തി സമരത്തെ അടിച്ചമര്‍ത്താന്‍ കേന്ദ്ര സർക്കാര്‍ ശ്രമിച്ചിട്ടും ഡല്‍ഹിയിലെ മലയാളി പത്രക്കാരെ വിളിച്ചുകൂട്ടി പേരിനൊരു പ്രതിഷേധം പ്രകടിപ്പിക്കാന്‍ ആന്റണി തയ്യാറായില്ല.
എണ്‍പത് പിന്നിട്ടതിനാല്‍ കോവിഡ് കാലത്ത് വാര്‍ത്താസമ്മേളനം വിളിച്ച് സ്വന്തം ജീവന് ഭീഷണിയയുര്‍ത്തേണ്ടെന്ന് തീരുമാനിച്ചതാകാം അദ്ദേഹം. തെറ്റുപറയാനാകില്ല. എന്നാല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സൈബര്‍ വിദഗ്ധരിലൊരാളായ മകനോട്, സ്വന്തം പേരിലൊരു കുറിപ്പ് സമൂഹ മാധ്യമങ്ങളിലിടാനെങ്കിലും ഏര്‍പ്പാട് ചെയ്യാമായിരുന്നു. അതുമുണ്ടായില്ല. മോദി സര്‍ക്കാറിന്റെ ജനവിരുദ്ധമെന്ന് കോണ്‍ഗ്രസ് തന്നെ പറയുന്ന നയങ്ങളുടെ കാര്യത്തില്‍ ജനത്തോട് രണ്ട് വാക്ക് പറയാതിരിക്കാന്‍ വലിയ ജാഗ്രത കാണിച്ച ആന്റണിയാണ് കേരളത്തില്‍ വന്ന് ഓടിനടന്ന് അഭിമുഖങ്ങള്‍ നല്‍കി, ഇടതുപക്ഷത്തെ, പ്രത്യേകിച്ച് സി.പി.എമ്മിനെ രക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വാചാലനാകുന്നത്.

തുടര്‍ഭരണം ലഭിച്ചാല്‍ പാര്‍ട്ടികള്‍ നശിക്കുമെന്നാണ് സിദ്ധാന്തമെങ്കില്‍ 2016ല്‍, കോണ്‍ഗ്രസിനും യു. ഡി. എഫിനും വേണ്ടി എ. കെ. ആന്റണി പ്രചാരണം നടത്തിയത് എന്തിനാണാവോ? കേരളത്തില്‍ വികസനമുണ്ടാകണമെങ്കില്‍ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ യു. ഡി. എഫ് വീണ്ടും അധികാരത്തില്‍ വരണമെന്ന് വാതോരാതെ പ്രസംഗിച്ചത് (സംഗതി വിഫലമായെങ്കിലും) എന്തിനാണാവോ? അതല്ലെങ്കിലും കോണ്‍ഗ്രസ് രക്ഷപ്പെടണമെന്ന ആഗ്രഹം ഏതെങ്കിലും കാലത്ത് എ.കെ. ആന്റണിക്കുണ്ടായിരുന്നോ എന്നത് വിലയിരുത്താന്‍ ഏറ്റവും യോഗ്യര്‍ ആ പാര്‍ട്ടിയിലെയും ഗ്രൂപ്പിലെയും സഹപ്രവര്‍ത്തകരാണ്. ആദര്‍ശധീരനെന്ന പ്രതിച്ഛായ നിലനിര്‍ത്തുക എന്നതിനപ്പുറത്ത് മറ്റെന്തെങ്കിലും എ.കെ.യുടെ മുഖ്യ പരിഗണനയായിരുന്നോ എന്ന് പറയേണ്ടതും കോണ്‍ഗ്രസുകാരും എ ഗ്രുപ്പുകാരുമാണ്.
തുടര്‍ ഭരണമുണ്ടായാല്‍ ബംഗാളിലെപ്പോലെ സിപിഎമ്മിനെയും ഇടതുപക്ഷത്തിന്റെയും പ്രവര്‍ത്തകര്‍ അഹങ്കാരികളാകും. പാര്‍ട്ടി ഭരിക്കുന്ന സ്ഥിതിവരും. അതങ്ങനെപോയാല്‍ ജനം വെറുക്കും. അതോടെ പാര്‍ട്ടിയും മുന്നണിയുമില്ലാതാകും. അങ്ങനെയൊരു ദുരന്തമുണ്ടാകാതിരിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തമാണ് ആന്റണിക്ക്. ഏത് വിധേനയും യു. ഡി. എഫിനെ അധികാരത്തിലെത്തിച്ച് സി.പി.എമ്മിനെയും ഇടതുമുന്നണിയും തകരാതെ നോക്കാന്‍ ജനം സന്നദ്ധമാകണം. യു. ഡി. എഫിനെ അധികാരത്തില്‍ തിരിച്ചെത്തിച്ചില്ലെങ്കില്‍ കോണ്‍ഗ്രസിലുള്ളവരൊക്കെ ബി. ജെ. പിയിലേക്ക് പോകുമെന്നും ആ പാര്‍ട്ടി കേരളത്തില്‍ കൂടി ഇല്ലാതാകുമെന്നായിരുന്നു ഇതുവരെയുണ്ടായിരുന്ന വിലാപം. രാഷ്ട്രീയ പ്രതിബദ്ധത കൊണ്ട്, രാജ്യം മതനിരപേക്ഷമായി നിലകൊള്ളണമെന്ന നിര്‍ബന്ധം കൊണ്ട് എന്ത് പരാജയം നേരിട്ടാലും കോണ്‍ഗ്രസില്‍ തുടരുമെന്ന് പറയാനുള്ള ആര്‍ജവം ഇല്ലാതിരിക്കുന്നവരെ എന്തിന് വോട്ടുചെയ്ത് അധികാരത്തിലേറ്റണമെന്ന് വര്‍ഗീയതയെ എതിര്‍ക്കുന്നവരൊക്കെ ചിന്തിക്കാന്‍ ഈ പ്രസ്താവനകള്‍ കാരണമായി.
അധികാരം കിട്ടിയാല്‍പ്പോലും കോണ്‍ഗ്രസില്‍ ഉറച്ചുനില്‍ക്കുമെന്ന് ഉറപ്പിക്കാനാകാത്തവരാണ് ഭൂരിഭാഗമെന്ന് കൃത്യമായി അറിയാവുന്ന എ. കെ. ആന്റണിക്ക് തല്‍ക്കാലം പറയാനാകുക സി.പി.എമ്മിനെയും ഇടത് മുന്നണിയെയും രക്ഷിക്കാന്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യണമെന്ന് പറയുക മാത്രമാണ്. അതില്‍ ആത്മരാര്‍ത്ഥയല്ല, കാപട്യമാണ് മുഴച്ചുനില്‍ക്കുന്നത്.
സി.പി.എമ്മും ഇടതുമുന്നണിയും ഹിന്ദുക്കളെ ഭിന്നിപ്പിച്ചു, ന്യൂനപക്ഷങ്ങളെ പര്സപരം പോരടിപ്പിച്ചു എന്നൊക്കെയുള്ള ആരോപണങ്ങളും ആന്റണി ഉന്നയിക്കുന്നുണ്ട്. ശബരിമലയില്‍ പ്രായഭേദമില്ലാതെ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന സുപ്രീം കോടതി വിധി നടപ്പാക്കാന്‍ ശ്രമിച്ചതാണ് ഹിന്ദുക്കളെ ഭിന്നിപ്പിച്ചതിന് തെളിവായി ആന്റണി ചൂണ്ടിക്കാട്ടുന്നത്. അങ്ങനെയെങ്കില്‍ സുപ്രീം കോടതി വിധി തന്നെ ഹിന്ദുക്കളെ ഭിന്നിപ്പിക്കുന്നതാണ്. അങ്ങനെ പറയാന്‍ ഈ ‘ആദർശ ധീരന്‍’ തയ്യാറാകുമോ ആവോ. നായരില്‍ താഴെയുള്ള സകല ജാതി വിഭാഗങ്ങളെയും അധിക്ഷേപിച്ച് കൂടി അരങ്ങേറിയ വിമോചന സമരത്തിന് നേതൃത്വം നല്‍കിയ പാര്‍ട്ടിയുടെ പിന്‍മുറക്കാരനാണ് ആന്റണി. കെ.ആര്‍. ഗൗരിയമ്മയെന്ന സര്‍വാദരണീയായ നേതാവിനെ "ഗൗരിച്ചോത്തി' എന്ന് വിളിച്ചാക്ഷേപിച്ച സവര്‍ണമേധാവിത്വത്തെ സര്‍വാത്മനാ പിന്തുണച്ച പാരമ്പര്യമുള്ളയാള്‍.
അന്നുണ്ടാക്കിയ വെറുപ്പും വിദ്വേഷവും കേരളീയ സമൂഹത്തിലുണ്ടാക്കിയ ഭിന്നിപ്പിന് സമാനമാണ് സുപ്രീം കോടതി വിധി നടപ്പാക്കാന്‍ ശ്രമിച്ചതിനെ ആചാര സംരക്ഷണമെന്ന പേരുപറഞ്ഞ് തെരുവില്‍ നേരിടാന്‍ സംഘപരിവാരത്തിന്റെ തോളൊപ്പം നിന്ന് ശ്രമിച്ചപ്പോള്‍ ആന്റണിയുടെ പാര്‍ട്ടിയുണ്ടാക്കിയത്. അതേ ഭിന്നിപ്പിലൂടെ രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് ആന്റണിയുടെ അനുയായി വളരുകയും പില്‍ക്കാലം അദ്ദേഹത്തെ നിഷ്‌കാസനം ചെയ്ത് മുഖ്യമന്ത്രിക്കസേര പിടിക്കുകയും ചെയ്ത ഉമ്മന്‍ ചാണ്ടി ഈ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന്റെ ആദ്യദിനം മുതല്‍ ശ്രമിക്കുന്നത്. ഇപ്പോള്‍ ആദര്‍ശധീരന്റെ കീറിയ കുപ്പായമണിയുന്ന ആന്റണിയും.

പിന്നെ ന്യൂനപക്ഷങ്ങളുടെ കാര്യം. അനര്‍ഹമായത് ന്യൂനപക്ഷങ്ങള്‍ സ്വന്തമാക്കിയതാണ് കേരളത്തിലെ പ്രധാന പ്രശ്നമെന്ന് മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് പ്രസ്താവന നടത്തിയയാളാണ് എ.കെ. ആന്റണി. സംഘപരിവാരത്തിന്റെ അജണ്ടയെ സാധൂകരിക്കാന്‍ പാകത്തിലുള്ള പ്രസ്താവന ഇത്രയും പച്ചയ്ക്ക് മറ്റൊരാള്‍ പറഞ്ഞിട്ടുണ്ടാകില്ല. ഒളിഞ്ഞും തെളിഞ്ഞുമൊക്കെയുണ്ട്. അതാത് കാലത്ത് അധികാരത്തിലെത്താന്‍ ഭൂരിപക്ഷ വോട്ടുകളുടെ ഏകീകരണം ഇടത് മുന്നണിയും ഐക്യമുന്നണിയും ഉറപ്പാക്കിയ കാഴ്ച നമ്മള്‍ കണ്ടിട്ടുമുണ്ട്. 2011ല്‍ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ യു. ഡി. എഫ് സര്‍ക്കാറുണ്ടാക്കിയപ്പോള്‍ താക്കോല്‍ സ്ഥാനത്തിന് വേണ്ടി എന്‍. എസ്. എസ് ജനറല്‍ സെക്രട്ടറി മുറവിളി കൂട്ടിയത്, ആന്റണിയുടെ പഴയ പ്രസ്താവനയുടെ ബലത്തില്‍ കൂടിയായിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടാക്കിയ ധാരണ ധൈര്യപൂര്‍വം ജനത്തോട് തുറന്നുപറയാന്‍ തയ്യാറാകാതിരുന്നപ്പോള്‍, കോണ്‍ഗ്രസ് ചില സംഘടനകളുടെ അജണ്ടയ്ക്ക് വഴങ്ങിയെന്ന തോന്നല്‍ ഉണ്ടായെങ്കില്‍ അതിന് ഉത്തരവാദി കോണ്‍ഗ്രസാണ്, അതിന്റെ ദേശീയ നേതൃത്വത്തില്‍ ഇപ്പോഴുമരുളിമരുവന്ന എ. കെ. ആന്റണിയുമാണ്. അതിനെ ഉപയോഗിക്കാന്‍ സംഘപരിവാരം മടിക്കില്ലെന്ന് തിരിച്ചറിയാനുള്ള രാഷ്ട്രീയ വിവേകം കോണ്‍ഗ്രസിനില്ലാതെ പോയതിന് മറ്റാരെയും കുറ്റം പറഞ്ഞിട്ട് കാര്യവുമില്ല.
പിണറായി വീണ്ടും മുഖ്യമന്ത്രിയായാല്‍ കേരളത്തിന് സര്‍വനാശമെന്നൊക്കെ പറയുന്നത്, മിതമായ ഭാഷയില്‍ പറഞ്ഞാല്‍ അല്‍പത്തമാണ്. ആന്റണിയുടെ പാര്‍ട്ടിയുടെ തന്നെ മുതിര്‍ന്ന നേതാവ്, കെ. സുധാകരന്‍ ആവര്‍ത്തിച്ച് ആക്ഷേപിക്കുന്ന "ചെത്തുകാരന്റെ മകന്‍' മുഖ്യമന്ത്രിയായി തുടര്‍ന്നാല്‍ സര്‍വനാശമെന്ന് പറയാതെ പറയുകയാണ് എ.കെ. ആന്റണി.
"ഗൗരിച്ചോത്തി' എന്നു വിളിച്ചവരുടെ പിന്‍മുറക്കാരന്‍ എണ്‍പത് വയസ്സ് പിന്നിട്ടിട്ടും മനസ്സിലെങ്കിലും വിളിക്കുന്നത് "പിണറായിച്ചോന്‍' എന്നാകണം. ജാതിയില്‍ താണവന്‍ അധികാരത്തിലിരുന്നതുകൊണ്ടാണ് പ്രളയങ്ങളും മഹാമാരിയുമൊക്കെയുണ്ടായതെന്ന് ആന്റണി കരുതുന്നുണ്ടോ? അവന്‍ ഇനിയും തുടര്‍ന്നാല്‍ സര്‍വനാശമെന്നാണോ ആന്റണി ഉദ്ദേശിച്ചത്? അങ്ങനെയാണെങ്കില്‍ ആചാര സംരക്ഷകരുടെ ഗുരുസ്വാമി സ്ഥാനം ഈ ആദര്‍ശധീരനു തന്നെ.
Truecopy Webzine
Apr 12, 2021
4 Minutes Read
Truecopy Webzine
Apr 05, 2021
8 minutes read
Election Desk
Apr 03, 2021
2 Minutes Read
Election Desk
Apr 03, 2021
3 Minutes Read
Election Desk
Apr 03, 2021
2 Minutes Read
സിവിക് ചന്ദ്രൻ
Apr 03, 2021
4 Minutes Read
Think
Apr 02, 2021
2 Minutes Read