ഭരണഘടന വിമർശിക്കപ്പെടണം,
എന്നാൽ നിഷേധിക്കപ്പെടരുത്
ഭരണഘടന വിമർശിക്കപ്പെടണം, എന്നാൽ നിഷേധിക്കപ്പെടരുത്
ഭരണഘടന എന്ന സോഷ്യല്‍ ഡോക്യുമെൻറ് ഒരു ലിവിങ് ഡോക്യുമെൻറ് ആകുന്നത് അത് ചര്‍ച്ച ചെയ്യപ്പെടുമ്പോഴും വിമര്‍ശിക്കപ്പെടുമ്പോഴുമാണ്. പക്ഷെ, അതിന്റെ നിഷേധം കുറ്റകരമാണ്. ഭരണഘടന സംരക്ഷിക്കാന്‍ ബാധ്യസ്ഥരായവര്‍ അതിനെ നിഷേധിക്കുന്നതാണ് ഇവിടുത്തെ പ്രശ്‌നം. അധികാരത്തിലിരുന്ന് ഭരണഘടനാനിഷേധം നടത്തുന്നത് സ്ഥാപിതതാല്‍പര്യം വച്ചുകൊണ്ടാണ്.
26 Jan 2023, 11:13 AM
ഒരു മന്ത്രിയുടെ രാജിയുടെയോ ഏതെങ്കിലും സര്‍ക്കാര്‍ നടപടികളുടെയോ സന്ദർഭത്തിൽ ചർച്ച ചെയ്യേണ്ട ഒന്നല്ല, ഭരണഘടനയുമായി ബന്ധപ്പെട്ട വിഷയം. കാരണം, അത് ഏതെങ്കിലുമൊരു പ്രത്യേക രാഷ്ട്രീയപാര്‍ട്ടി ഉണ്ടാക്കിയതല്ല. ദീര്‍ഘനാളത്തെ രാഷ്ട്രീയപ്രക്രിയകൾക്കും ചര്‍ച്ചകൾക്കും ശേഷം ഉരുത്തിരിഞ്ഞുവന്നതാണ്. അതേസമയം, നാം ജീവിക്കുന്ന കാലത്ത്ഭരണഘടനയെ എങ്ങനെ കാണണം, അതിനോടുള്ള സമീപനം എന്തായിരിക്കണം എന്നതിനെക്കുറിച്ച് വിപുലമായ ചർച്ചകൾ ഉരുത്തിരിഞ്ഞുവരേണ്ടതുമുണ്ട്.
ഭരണഘടന നൽകുന്ന സാധ്യതകൾ
ധാരാളം വൈജാത്യങ്ങളും വൈരുധ്യങ്ങളുമുള്ള ഒരു സാമൂഹികക്രമത്തെ മുന്നോട്ടുനയിക്കാനുള്ള കാര്യങ്ങള്‍ ഇന്ത്യൻ ഭരണഘടന വിശദമായി പറയുന്നുണ്ട്. ഭരണഘടന സുപ്രീം ആണ്. അതായത്, ഭരണഘടനയില്‍ പറയുന്ന പരമാധികാരം ജനങ്ങളുടെ പരമാധികാരമാണ്. സർക്കാർ അടക്കം മറ്റൊന്നിനും ഇത്തരമൊരു പരമാധികാരമില്ല. കോടതിവിധികളെ നമുക്ക് ചോദ്യം ചെയ്യാം. സുപ്രീംകോടതി വരെ പോയി എല്ലാ സാധ്യതകളും പരിശോധിച്ചശേഷമാണ് അന്തിമമായ തീരുമാനം വരുന്നത്. ഇവിടെ ജനങ്ങള്‍ക്ക് പലതരം സാധ്യതകളുണ്ട്. ഭരണഘടന വളരെ വിശദമായി പറയുന്നുണ്ട്, വ്യക്തി സര്‍ക്കാറിന് താഴെയല്ല, മീതെയാണ് എന്ന്. വ്യക്തിയുടെ സ്വാതന്ത്ര്യം പരിമിതപ്പെടുത്താനാകില്ല. ഓരോ വ്യക്തിക്കുമുള്ള അമിതമായ സ്വാതന്ത്ര്യമാണ് വ്യക്തിസ്വാതന്ത്ര്യത്തിന്റെ ദുര്‍വ്യയത്തെയും അതുമൂലമുള്ള അപകടത്തെയും നിയന്ത്രിക്കുന്നത്. വ്യക്തി സര്‍ക്കാറിന്റെ താഴെയാണെന്ന ധാരണ സര്‍ക്കാറിന് പാടില്ല.

നമ്മുടേത് ഒരു ലിബറല്‍ ഭരണഘടനയാണ്. അതില്‍ വിഭാവനം ചെയ്യുന്ന ഭരണകൂടമാകട്ടെ, ഒരു ലിബറല്‍ ഭരണകൂടവുമാണ്. ക്ഷേമരാഷ്ട്രം സൃഷ്ടിക്കാനാണ് ഭരണഘടന വിഭാവനം ചെയ്യുന്നത്. ഒരു വ്യക്തിയെ പരിമിതപ്പെടുത്താന്‍ സര്‍ക്കാറിന് കഴിയില്ല. നിയമത്തിനുമുന്നില്‍ എല്ലാവരും തുല്യരാണ് എന്നത് ഭരണഘടന ഉറപ്പുവരുത്തുന്ന ഒരു കാര്യമാണ്. ആര്‍ട്ടിക്കിള്‍ 14ല്‍, എല്ലാവരും നിയമത്തിനുമുന്നില്‍ തുല്യരാണ് എന്ന് വ്യക്തമായി പറയുന്നു. ഈ തുല്യത നിഷേധിക്കാന്‍ പറ്റില്ല. അതായത്, ജാതിയുടെയോ മതത്തിന്റെയോ ലിംഗത്തിന്റെയോ ഏതെങ്കിലും പ്രദേശത്തിന്റെയോ അടിസ്ഥാനത്തില്‍ ഒരു അസമത്വം കൊണ്ടുവരാന്‍ കഴിയില്ല. ഇത് യാഥാര്‍ഥ്യമാകമെണെങ്കില്‍ അടിസ്ഥാനപരമായ ചില തത്വങ്ങള്‍ വേണം.
ഡോ. ബി.ആർ. അംബേദ്കര്‍ ഒരു വൈരുധ്യത്തെക്കുറിച്ച് പറയുന്നുണ്ട്. ഭരണഘടന രാഷ്ട്രീയരംഗത്ത് സമത്വം ഉറപ്പുവരുത്തുമ്പോൾ, സാമ്പത്തിക- സാമൂഹിക രംഗങ്ങളില്‍ ഈ സമത്വമില്ല. ജനാധിപത്യത്തിന്റെ ഒരുതരം പൊരുത്തക്കേടാണിത്. അതായത്, രാഷ്ട്രീയജനാധിപത്യം നിലനില്‍ക്കുന്നത് സാമ്പത്തികവും സാമൂഹികവുമായ ജനാധിപത്യം ഇല്ലാതെയാണ്.
രാഷ്ട്രീയസ്വാതന്ത്ര്യം സ്വാര്‍ത്ഥകമാകണമെങ്കില്‍ സാമൂഹിക സ്വാതന്ത്ര്യവും സാമ്പത്തിക സ്വാതന്ത്ര്യവും ആദ്യം ഉറപ്പുവരുത്തണം. ഇത് വൈരുധ്യങ്ങളുണ്ടാക്കും. ഇത് കഴിയുന്നതും വേഗം പരിഹരിക്കേണ്ടതുണ്ട്. ഇല്ലെങ്കില്‍, നമ്മള്‍ കഷ്ടപ്പെട്ട് കെട്ടിപ്പൊക്കിയ ഈ ഭരണഘടനയെ വ്യവസ്ഥിതിയുടെ ഇരകള്‍ തൂത്തെറിയാന്‍ സാധ്യതയുണ്ട്, അതുകൊണ്ട് ഈ പൊരുത്തക്കേട് ഇല്ലാതാക്കണം എന്ന് അംബേദ്കർ വ്യക്തമാക്കിയിട്ടുണ്ട്.
സോഷ്യൽ ലൊക്കേഷൻ സോഷ്യൽ പൊസിഷനായി മാറുന്നു
ഭരണഘടനയുടെ ആവിര്‍ഭാവം വിപ്ലവകരമായ ഒന്നായിരുന്നു. രാഷ്ട്രീയ ജനാധിപത്യത്തില്‍ പറയുന്നത് എന്താണ്? ഒരു പൗരന്‍- ഒരു വോട്ട്- ഒരു മൂല്യം. ആളുകളുടെ പ്രാധാന്യത്തിനനുസരിച്ച് വോട്ടിന്റെ മൂല്യത്തില്‍ വ്യത്യാസമില്ല. ചരിത്രപരമായി വളരെയധികം അസമത്വങ്ങളും അനീതികളും നിലനിന്നിരുന്ന ഒരു സമൂഹത്തില്‍, ഇന്ത്യക്കാര്‍ സമത്വം ആദ്യം അനുഭവിക്കുന്നത് വോട്ടവകാശത്തിലൂടെയാണ്. ഇതും വിപ്ലവകരമായ തുടക്കമായിരുന്നു. അത്, ചോദ്യം ചെയ്യുന്നതിൽ ഇന്ത്യക്കാരെ വളരെയധികം സഹായിച്ചിട്ടുണ്ട്. സാമ്പത്തിക- സാമൂഹിക രംഗങ്ങളിൽ പൗരന്മാര്‍ ചോദ്യം ചെയ്യാന്‍ തുടങ്ങിയത് ഈയൊരു സ്റ്റാര്‍ട്ടിംഗ് പോയന്റില്‍ നിന്നാണ്.
ലോകത്തിലെ ഏറ്റവും ശക്തമായ ജനാധിപത്യം എന്നു പറയുന്നത് അമേരിക്കയിലാണല്ലോ. അമേരിക്കന്‍ ഭരണഘടന നിലവില്‍ വരുന്നത് 1787ലാണ്, ഫ്രഞ്ചു വിപ്ലവത്തിന് രണ്ടുവര്‍ഷം മുമ്പ്. അമേരിക്കയില്‍ 1865ല്‍ അടിമ സമ്പ്രാദയം നിരോധിച്ചു. പക്ഷെ, കറുത്തവര്‍ഗക്കാര്‍ക്ക് വോട്ടവകാശം ലഭിച്ചത് 1965ല്‍ മാത്രമാണ്. സ്ത്രീകള്‍ക്ക് വോട്ടവകാശം ലഭിച്ചത് അമേരിക്കന്‍ ഭരണഘടന നിലവില്‍വിന്ന് എത്രയോ വര്‍ഷം കഴിഞ്ഞാണ്.

പക്ഷെ, ഇന്ത്യയില്‍ വിവിധ വിഭാഗങ്ങള്‍ക്കും പാവപ്പെട്ടവര്‍ക്കും സ്ത്രീകള്‍ക്കുമെല്ലാം 1952ല്‍ നടന്ന ആദ്യ പൊതു തെരഞ്ഞെടുപ്പില്‍ തന്നെ വോട്ടവകാശം ലഭിച്ചു. ആദ്യ തെരഞ്ഞെടുപ്പില്‍ തന്നെ സാര്‍വ ലൗകിക വോട്ടവകാശം യാഥാര്‍ഥ്യമാക്കപ്പെട്ടത് വലിയൊരു കാല്‍വെപ്പായിരുന്നു. ഭരണഘടന നിലവില്‍വന്നതുകൊണ്ട് അന്ന് മനുഷ്യവകാശം ഇല്ലാതിരുന്ന പല സാമൂഹിക വിഭാഗങ്ങള്‍ക്കും അത് കിട്ടി. അതുവരെ ഇന്ത്യയില്‍ ഓരോരുത്തരും അറിയപ്പെട്ടിരുന്നത് മുസ്‌ലിം, ബ്രാഹ്മണന്‍, അധഃസ്ഥിതന്‍ എന്ന നിലയ്‌ക്കെല്ലാമായിരുന്നു. ഭരണഘടന നിലവില്‍ വന്നതോടെ, മനുഷ്യര്‍ക്ക് വ്യത്യസ്തമായ അസ്തിത്വം കിട്ടി. ഒരാള്‍ അധ്യാപകനും ഡോക്ടറും മാധ്യമപ്രവര്‍ത്തകനുമൊക്കെയായി അറിയപ്പെടാന്‍ തുടങ്ങി. ഇതിനുമുമ്പ് ഇത്തരമൊരു ഐഡന്റിറ്റി ഇല്ലായിരുന്നു. ഇത് വിപ്ലവാത്മകമായ നടപടിയായിരുന്നു, അതിനുമുമ്പ്, വ്യക്തികളുടെ സോഷ്യല്‍ ലൊക്കേഷനായിരുന്നു പ്രാധാന്യം ലഭിച്ചിരുന്നത്. ഒരു അധഃസ്ഥിതർ, ആദിവാസി, സവര്‍ണർ തുടങ്ങിയ ലൊക്കേഷനുകള്‍. ഭരണഘടന നിലവില്‍ വന്നതോടെ സോഷ്യല്‍ പൊസിഷന് അംഗീകാരം കിട്ടി. സോഷ്യല്‍ ലൊക്കേഷന്‍ ഒരു വ്യക്തിക്ക് വ്യവസ്ഥിതി ആരോപിക്കുന്നതാണ്. സോഷ്യല്‍ പൊസിഷന്‍ എന്നത് ഒരു വ്യക്തി ആര്‍ജിക്കുന്നതാണ്. വ്യത്യസ്തമായ ഒരു സോഷ്യല്‍ പൊസിഷന്‍ ആര്‍ജിക്കാന്‍ ഭരണഘടന സഹായിച്ചു. ഇത് എത്രപേര്‍ക്ക് കഴിഞ്ഞുവെന്നത് മറ്റൊരു പ്രശ്‌നമാണ്, എന്നാല്‍, ഓരോ വ്യക്തിക്കും ഇതിനുള്ള സാധ്യത ലഭ്യമായി.

ഒരു മാറ്റം വേണമെങ്കില്‍, അതേക്കുറിച്ച് ലക്ഷ്യം വേണം, ആ ലക്ഷ്യം സാധൂകരിക്കാന്‍ പറ്റും എന്ന തോന്നലും വേണം. ഇതില്ലെങ്കില്‍ സമൂഹത്തില്‍ മാറ്റമുണ്ടാകില്ല. ഇത് ഭരണഘടന സാധ്യമാക്കി. അതുകൊണ്ടുതന്നെ ഭരണഘടന ഒരു മതനിരപേക്ഷ സമൂഹത്തിന്റെ ദര്‍ശനം ഓരോ ഇന്ത്യക്കാർക്കും നൽകി. സെക്യുലറായി എല്ലാവര്‍ക്കും പ്രവര്‍ത്തിക്കാൻ സാധ്യത നല്‍കി. വൈരുധ്യങ്ങളുണ്ടായിട്ടുണ്ട്, അവ പ്രയോഗതലത്തില്‍ വന്നതാണ്. അങ്ങനെ, പൗരന്മാരുടെ മുന്നില്‍ ഭരണഘടന വലിയ സാധ്യതകൾ തുറന്നിട്ടുകൊടുക്കുകയാണ്. ഓരോ മനുഷ്യനും പുനര്‍നിര്‍വചിക്കാനും പുനര്‍നിര്‍ണയിക്കാനമുള്ള അവസരം ഭരണഘടന പ്രദാനം ചെയ്തു.
സിവില്‍ സമൂഹത്തിലായാലും സാമ്പത്തിക രംഗത്തായാലും ഇത്തരം പ്രതീക്ഷകള്‍ ഇന്ത്യക്കാര്‍ക്കുണ്ട്, അത് അവർക്ക് മുന്നോട്ടുപോകാനുള്ള ഒരു വെളിച്ചം കൂടിയാണ്. ഇതുകൊണ്ടാണ്, മറ്റു രാജ്യങ്ങളിലുണ്ടായ ഭരണഘടനാ ദിശാബോധത്തില്‍നിന്ന് വ്യത്യസ്തമായ ഒരു ദിശാബോധം ഇന്ത്യയിലുണ്ടാകുന്നത്. വൈവിധ്യങ്ങള്‍ക്കും വൈരുധ്യങ്ങള്‍ക്കും ഇടയിൽ, ഏതു പ്രശ്‌നം വന്നാലും ഭരണഘടനയില്‍ അതിനൊരു പരിഹാരമുണ്ട്, അല്ലെങ്കില്‍ ഭരണഘടനയിലൂടെ അതിനൊരു പരിഹാരം കണ്ടെത്താനാകും എന്നൊരു പ്രതീക്ഷ ജനങ്ങള്‍ക്കുണ്ട് കിട്ടുന്നുണ്ടോ ഇല്ലയോ എന്നത് രണ്ടാമത് ചോദിക്കേണ്ട കാര്യമാണ്.
ഭരണഘടനയും ആദിവാസി സംരക്ഷണവും
ഭരണഘടന ദുര്‍ബലവിഭാഗങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നുണ്ട്. ആദിവാസികളുടെ കാര്യം നോക്കാം. ഒരു സാമൂഹിക വിഭാഗമെന്ന നിലക്ക് ഭരണഘടന ഏറ്റവും സംരക്ഷണം കൊടുക്കുന്നത് ആദിവാസികള്‍ക്കാണ്. ഭരണഘടനയില്‍ രണ്ട് ഷെഡ്യൂളുകളുണ്ട്, പ്രത്യക്ഷമായും പരോക്ഷമായും ഗുണം ചെയ്യുന്ന ഇരുപതിലേറെ വകുപ്പുകളുണ്ട്. ഇതിന്റെയെല്ലാം അന്തസ്സത്ത, 46ാം വകുപ്പാണ്. ആദിവാസികളെ അടിമവേല, ബാലവേല, മനുഷ്യാവകാശം നിഷേധിക്കല്‍ തുടങ്ങി വിവിധതരം ചൂഷണങ്ങളില്‍നിന്ന് രക്ഷപ്പെടുത്തി സംരക്ഷിക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്. അവരുടെ സാമ്പത്തിക വളര്‍ച്ചക്ക്, സാമൂഹിക പുരോഗതിക്ക് നടപടി സ്വീകരിക്കണം. 46ാം വകുപ്പ് വ്യക്തമായി ഇതെല്ലാം പറയുന്നുണ്ട്. എന്നാൽ, ഈ വകുപ്പ് നിര്‍ദ്ദേശക തത്വങ്ങളില്‍ പെടുന്നതാണ്. മൗലികാവകാശം പോലെയല്ല, ഇത് കോടതിയിലൂടെ എന്‍ഫോഴ്‌സ് ചെയ്യാന്‍ പറ്റില്ല. അത് ഭരണഘടന സ്‌റ്റേറ്റിനുനല്‍കുന്ന നിര്‍ദ്ദേശങ്ങളാണ്. ചെയ്തില്ലെങ്കില്‍ ഒന്നും ചെയ്യാന്‍ പറ്റില്ല.

ഭരണഘടന പ്രസക്തമാകേണ്ടത് പ്രയോഗങ്ങളിലൂടെയാണ്, സര്‍ക്കാറിന്റെ നയരൂപീകരണം തുടങ്ങിയ കാര്യങ്ങളുടെ ദൈനംദിന നടത്തിപ്പിലൂടെയാണ്.
നയരൂപീകരണം നടത്തുന്നത് ഉയര്‍ന്ന തലത്തിലാണ്. അത് നടപ്പാക്കപ്പെടേണ്ടത് ഗ്രാസ് റൂട്ട് ലെവിലാണ്. പലപ്പോഴും ഈ നയങ്ങള്‍ നടപ്പാക്കപ്പെടുന്നില്ല.
ആദിവാസികളെ സംബന്ധിച്ച്, ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 244 വിഭാവനം ചെയ്യുന്നത്, ആദിവാസി സ്വയംഭരണമാണ് (Self Rule). അത് അവര്‍ക്ക് കൊടുത്തിട്ടില്ല. കോണ്‍സ്റ്റിറ്റ്യുവൻറ് അസംബ്ലിയില്‍ ഇതുസംബന്ധിച്ച് വലിയ ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്, ഡോ. ജയ്പാൽ സിങ് ഇതിനായി ഏറെ വാദിച്ചിട്ടുണ്ട്.
വിഭവാധികാരത്തിനുവേണ്ടിയും വിദേശാധിപത്യത്തിനെതിരെയും ആദ്യം സമരം തുടങ്ങുന്നത് ആദിവാസികളാണ്. ആദ്യത്തെ ആദിവാസി സമരം 1773ലായിരുന്നു. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് രൂപീകൃതമാകുന്നത് 1885ലാണ് എന്നോർക്കണം. അതിനും എത്രയോ മുമ്പ് ഇത്തരം ആധിപത്യത്തിനെതിരെ ആദിവാസികള്‍ സമരം ചെയ്തു. ഇന്ത്യയില്‍ ആദിവാസി ചരിത്രം തന്നെ ആദിവാസി സമരങ്ങളുടെ ചരിത്രമാണ്. അവരുടേത് വിഭവരാഷ്ട്രീയമായിരുന്നു, അതാണ് പിന്നീടുള്ള കാലങ്ങളിലും വിജയിച്ചത്. സമീപകാലത്ത്; പഞ്ചാബ്, ഹരിയാന, കിഴക്കന്‍ യു.പി, പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് നടന്ന കര്‍ഷക സമരങ്ങള്‍ നോക്കൂ, അവ പ്രത്യേക രാഷ്ട്രീയപാര്‍ട്ടികൾ നയിച്ചതായിരുന്നില്ല, കര്‍ഷകര്‍ നയിച്ചതായിരുന്നു. അതൊരു പാര്‍ട്ടി ഇതര രാഷ്ട്രീയസമരമായിരുന്നു. ആദിവാസികള്‍ക്കിടയില്‍ തുടക്കം മുതലേ ഇത്തരം സമരങ്ങളാണുണ്ടായിരുന്നത്. സത്യത്തില്‍ അവരായിരുന്നു ആദ്യത്തെ സ്വാതന്ത്ര്യസമരസേനാനികള്‍. ഉദാഹരണത്തിന്, 1812ൽ വയനാട്ടിൽ നടന്ന കുറിച്യ വിപ്ലവം. ചരിത്രകാരന്മാർ കുറിച്യ ലഹള എന്ന് തെറ്റായി രേഖപ്പെടുത്തിയ, ഈ വിപ്ലവത്തിൽനിന്ന് കേരളം ഒരു രാഷ്ട്രീയം വികസിപ്പിച്ചെടുത്തില്ല.
ആര്‍ട്ടിക്കിള്‍ 244 അനുസരിച്ച് ആദിവാസികളുടെ വിഭവാധികാരം അംഗീകരിച്ചിട്ടുണ്ടെങ്കിലും സർക്കാറുകൾ ഇത് പ്രായോഗികമാക്കുന്നില്ല. അഞ്ചാം ഷെഡ്യൂള്‍ പ്രദേശത്ത്, ഏതെങ്കിലും സംസ്ഥാന അസംബ്ലി നിയമനിര്‍മാണം നടത്തുമ്പോള്‍, ആ നിയമം ആദിവാസികള്‍ക്ക് പ്രതികൂലമാകുമെങ്കില്‍, ആദിവാസി പ്രദേശങ്ങളെ ആ നിയമത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കാനുള്ള അധികാരം ഭരണഘടന ഗവര്‍ണര്‍മാര്‍ക്ക് നല്‍കുന്നുണ്ട്. എന്നാല്‍, മിക്ക ഗവര്‍ണര്‍മാരും ഈ അധികാരം ഉപയോഗിക്കാറില്ല. ഈ അധികാരം ശക്തമായി ഉപയോഗിച്ച ഗവര്‍ണറാണ് ദ്രൗപതി മുര്‍മു. 2017ല്‍, അവര്‍ ജാര്‍ക്കണ്ഡ് ഗവര്‍ണറായിരുന്ന സമയത്ത്, 1908ലെ ടെനന്‍സി ആക്റ്റിലും (The Chhota Nagpur Tenancy Act) 1949ലെ സന്താള്‍ ഫര്‍ഗാന ടെനന്‍സി ആക്റ്റിലും (The Santhal Pargana Tenancy Act) സംസ്ഥാനത്തെ ബി.ജെ.പി സർക്കാർ കൊണ്ടുവന്ന ഭേദഗതി ബില്ലുകൾ, ആദിവാസികളുടെ താൽപര്യത്തിന് വിരുദ്ധമാണെന്നുകണ്ട് അവർ തിരിച്ചയച്ചിട്ടുണ്ട്. ഭൂമിയുടെ ഉടമസ്ഥാവകാശത്തില്‍ മാറ്റം വരുത്താതെ, ആദിവാസി ഭൂമി വികസനകാര്യങ്ങള്‍ക്ക് ഉപയോഗിക്കാം എന്ന ബി.ജെ.പി സര്‍ക്കാറിന്റെ ഭേദഗതിയെയാണ് അവര്‍ എതിര്‍ത്തത്. ഇത്, സംസ്ഥാനത്തെ 23 ശതമാനം വരുന്ന ആദിവാസി ജനതയുടെ താല്‍പര്യത്തിന് വിരുദ്ധമാണെന്നു കണ്ടാണ് ദ്രൗപതി മുര്‍മു ഭേദഗതിയില്‍ ഒപ്പിടാന്‍ വിസമ്മതിച്ചത്. ആദിവാസികളല്ലാത്തവര്‍, ആദിവാസി ഭൂമി വാങ്ങുന്നത് തടയുന്ന നിയമങ്ങളാണിവ.

ആദിവാസി സംരക്ഷണത്തിന് ഭരണഘടന ഗവര്‍ണര്‍മാര്‍ക്ക് നല്‍കുന്ന അധികാരം പല ഗവര്‍ണര്‍മാരും പ്രയോഗിക്കാറില്ല. കാരണം, ആ സംസ്ഥാനങ്ങളിലെ സാമ്പത്തികശക്തികള്‍ ഇവര്‍ക്കെതിരായി നീങ്ങും. അതുകൊണ്ട്, ‘സുരക്ഷിതമായി’ ചെയ്യാനാണ് അവർ ശ്രമിക്കുക. അതായത്, നിയമവും പരിരക്ഷകളും ഭരണഘടനയിലുണ്ടെങ്കിലും അവ നടപ്പാക്കപ്പെടുന്നില്ല. മറ്റൊന്ന്, ആദിവാസികള്‍ അവരുടെ പ്രശ്‌നങ്ങളെ ഭരണഘടനയുടെ ചട്ടക്കൂട്ടില്‍നിന്നാണ് സമീപിക്കുന്നത്. ഭരണഘടന നല്‍കുന്ന സംരക്ഷണമാണ് അവര്‍ ആവശ്യപ്പെടുന്നത്. അല്ലാതെ, ഭരണഘടന അനുശാസിക്കാത്ത രീതിയില്‍, ഒരാവശ്യവും അവർ ഉന്നയിക്കുന്നില്ല.
മുത്തങ്ങ സമരക്കാലത്ത്, നിയമസഭയില്‍ സ്പീക്കര്‍ ചോദിച്ചത്, റിപ്പബ്ലിക്കിനകത്ത് ഒരു റിപ്പബ്ലിക്കോ എന്നാണ്. ഇതുമായി ബന്ധപ്പെട്ട് ഒരു ചാനല്‍ ചർച്ചയിൽ ഞാന്‍ ചില കാര്യങ്ങൾ വിശദീകരിച്ചു: റിപ്പബ്ലിക്ക് ആദിവാസികളുടെ കാര്യത്തില്‍ അനുവദനീയമാണ്. ആദിമ ജനവിഭാഗങ്ങളുള്ള രാജ്യങ്ങളിലെല്ലാം ആദിവാസികള്‍ക്ക് പ്രത്യേക സംരക്ഷണമുണ്ട്. ഇന്ത്യന്‍ ഭരണഘടനയും നല്‍കുന്നുണ്ട്. തിരുവിതാംകൂര്‍ സംസ്ഥാനം 1903ല്‍ ഹില്‍മെൻറ് സെറ്റില്‍മെൻറ് പ്രകാരം ആദിവാസികള്‍ക്ക് പ്രത്യേക അധികാരം നല്‍കിയിരുന്നു. ആദിവാസി മേഖലകളെ സംരക്ഷിക്കാന്‍ തിരുവിതാംകൂര്‍ സര്‍ക്കാര്‍ പ്രത്യേക നടപടികളെടുത്തിരുന്നു. ആദിവാസി ഭൂമിയും വനാവകാശവും സംരക്ഷിക്കപ്പെടുന്നത് ഉറപ്പുവരുത്താന്‍ സായുധ പൊലീസിനെ തിരുവിതാംകൂര്‍ സര്‍ക്കാര്‍ നിയമിച്ചിരുന്നു. അന്ന്, ആദിവാസികളുമായി കച്ചവടബന്ധത്തിലേര്‍പ്പെടുന്നതിനുപോലും ഡി.എഫ്.ഒയുടെ രേഖാമൂലമുള്ള അനുവാദം ആവശ്യമായിരുന്നു. അതുകൊണ്ട്, ആദിവാസികള്‍ക്ക് സംരക്ഷണം പുതിയ കാര്യമല്ല. അകാരണമായ ഒരാവശ്യമല്ല അവരുയര്‍ത്തുന്നത്.

മൗലികമായ പ്രശ്‌നം, എപ്പോഴൊക്കെ, സാമൂഹിക പ്രസക്തിയുളള ചോദ്യങ്ങളുയര്‍ത്തുന്നു, അതിനെയൊക്കെ രാഷ്ട്രീയമായി കാണാതെ, ക്രമസമാധാനപ്രശ്നയിട്ടാണ് സർക്കാർ സമീപിക്കുന്നത്. ഒരു ജനത വിഭവാവകാശത്തിന് സമരം ചെയ്യുമ്പോള്‍ അതിനെ സര്‍ക്കാര്‍ വിരുദ്ധ സമരമായി വ്യാഖ്യാനിക്കും, മനപൂര്‍വം അവരെ നിശ്ശബ്ദരാക്കും.
പലപ്പോഴും ഭരണകൂടം ആദിവാസികള്‍ക്ക് എതിരാണ്. അത് വിഭവങ്ങളുടെ ഉടമസ്ഥാവകാശവും നിയന്ത്രണവുമായും ബന്ധപ്പെട്ടതാണ്. എല്ലാ സംസ്ഥാനങ്ങളിലും സര്‍ക്കാറും രാഷ്ട്രീയപാര്‍ട്ടികളും ചര്‍ച്ചും കുടിയേറ്റക്കാരുടെ പിന്തുണക്കാരാണ്. ആദിവാസികള്‍ നിസ്സഹായരായി മാറുകയാണ് ചെയ്യുന്നത്. ആദിവാസി ചരിത്രം എന്നു പറയുന്നത് ഒരു ജനത അവകാശികള്‍ എന്ന നിലയില്‍നിന്ന് അപേക്ഷകര്‍ എന്ന് നിലയിലേക്ക് പരിണമിച്ചതിന്റെ ചരിത്രമാണ്. ഇപ്പോഴും അവര്‍ അവകാശികളാണ്. വനങ്ങളില്‍നിന്ന് ഉപജീവനമാര്‍ഗമുണ്ടാക്കുകയും അതോടൊപ്പം വനസംരക്ഷണം നടത്തുകയും ചെയ്യുന്നവരായിരുന്നു അവര്‍. വനം സംരക്ഷിക്കേണ്ടത് അവരുടെ ആവശ്യമായിരുന്നു. ഇതുരണ്ടും അവര്‍ വേര്‍പെടുത്തി കണ്ടിട്ടില്ല. വനവിഭവങ്ങളുടെ ഉപയോഗം മറ്റുള്ളവര്‍ കാണുന്നത് വനവിഭവങ്ങളുടെ ചൂഷണമായിട്ടാണ്. ആദിവാസികള്‍ കണ്ടത്, ജീവിക്കാനുള്ള ഉപയോഗമായാണ്. ചൂഷണവും ഉപയോഗവും തമ്മിലുള്ള വൈരുധ്യം നിലനില്‍ക്കുന്നു. ഇത്തരം സാഹചര്യങ്ങളിൽ, ഭരണഘടന പ്രദാനം ചെയ്യുന്ന മനുഷ്യാവകാശങ്ങളുടെ ലംഘനമാണ് നടക്കുന്നത്.

പ്രയോഗരംഗത്ത് സംഭവിക്കുന്ന മറ്റു ചില കാര്യങ്ങൾ പരിശോധിക്കാം. എല്ലാ രംഗങ്ങളിലും വാണിജ്യവല്‍ക്കരണം നടക്കുന്നു. വിദ്യാഭ്യാസരംഗത്ത് നോക്കൂ, വിജ്ഞാനം ഇന്ന് ചരക്കാണ്. വിജ്ഞാനം ചരക്കുവല്‍ക്കരിക്കപ്പെടുന്നതുകൊണ്ടാണ് വിദ്യാഭ്യാസം വാണിജ്യവല്‍ക്കരിക്കപ്പെടുന്നത്. ഇന്ന് ഇഷ്ടമുള്ള വിജ്ഞാനം വാങ്ങാന്‍ കഴിയും, ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി റൈറ്റിലൂടെയും മറ്റും. അതുപോലെ, നിയമവും ഒരു കമ്മോഡിറ്റിയായി തീര്‍ന്നിരിക്കുന്നു. ഏറ്റവും നല്ല അഭിഭാഷകരെ വക്കുന്നയാള്‍ക്ക് കേസ് ജയിക്കാന്‍ കഴിയുന്നു. നല്ല അഭിഭാഷകര്‍ക്ക് നല്ല ഫീസ് കൊടുക്കണം. അതുകൊണ്ടുതന്നെ സമ്പന്നമാര്‍ക്കാണ് ഇത്തരം അഭിഭാഷകരെ എൻഗേജ് ചെയ്യാന്‍ കഴിയുന്നത്. അത് സാമ്പത്തിക രംഗമാണ് തീരുമാനിക്കുന്നത്.
പൗരരും സ്റ്റേറ്റും ഉത്തരവാദിങ്ങളും
ഇവിടെ എന്താണ് സംഭവിക്കുന്നത്? സ്‌റ്റേറ്റ് പലപ്പോഴും അതിന്റെ ഉത്തരവാദിത്തം നിറവേറ്റുന്നില്ല. പൗരന് വളരെയധികം അവകാശങ്ങള്‍ ഭരണഘടന നല്‍കുന്നുണ്ട്. അമിതമായ അവകാശങ്ങള്‍ എന്നു പറയാം. ശരിക്കും ഒരു പൗരന്റെ ഉത്തരവാദിത്തം എന്നു പറയുന്നതുതന്നെ ഈ അവകാശങ്ങള്‍ കാര്യക്ഷമമായി ഉപയോഗപ്പെടുത്തലാണ്. എന്നാല്‍, സ്‌റ്റേറ്റിന് അങ്ങനെയല്ല, സ്‌റ്റേറ്റ് സംരക്ഷണം നല്‍കണം. സ്‌റ്റേറ്റിന് അവകാശങ്ങള്‍ക്കപ്പുറമുള്ളത് ഈ ഉത്തരവാദിത്തമാണ്. പൗരന്മാര്‍ക്ക് ഉത്തരവാദിത്തങ്ങള്‍ക്കപ്പുറമുള്ളത് അവകാശങ്ങളാണ്. അവകാശങ്ങള്‍ അര്‍ഥപൂര്‍ണമായി സംരക്ഷിക്കുന്നതാണ് സ്റ്റേറ്റിന്റെ ഉത്തരവാദിത്തം. ഈ ഉത്തരവാദിത്തം നിറവേറ്റുന്നില്ലെങ്കില്‍ ജനാധിപത്യപരമായി തെരഞ്ഞെടുപ്പിലൂടെ ഭരണകൂടത്തെ മാറ്റാം. എന്നാല്‍, തെരഞ്ഞെടുപ്പുകൾ എന്നാൽ ജാതി- മത- പ്രാദേശിക പരിഗണനകള്‍ വരുന്നതാണ്. തന്ത്രങ്ങളാണ്, രാഷ്ട്രീയമല്ല അവിടെ ഉപയോഗപ്പെടുത്തുന്നത്. ഉദാഹരണത്തിന്, തുടര്‍ഭരണം ലഭിച്ച സര്‍ക്കാറിനെ നോക്കൂ. അത്തരം സര്‍ക്കാറുകള്‍ പലപ്പോഴും ഒരുതരം വാശിയോടെയാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. കാരണം, അവര്‍ക്ക് മാന്‍ഡേറ്റ് കിട്ടിയിട്ടുണ്ട് എന്ന ന്യായത്തില്‍. ഇത് നമ്മുടെ പരിമിതിയായി വേണം കാണാന്‍.

അധികാരത്തിന്റെ അപ്രമാദിത്തമാണ് ഇവിടെ സംഭവിക്കുന്നത്. സ്‌റ്റേറ്റ് എന്നാല്‍ പവറാണ്. അധികാരം എപ്പോഴും, അധികാരമുള്ളവര്‍ അധികാരം ഇല്ലാത്തവര്‍ക്കെതിരെ ഉപയോഗിക്കുന്ന ആയുധമാണ്. ശക്തന്‍ അശക്തന് എതിരെയും സമ്പന്നര്‍ ദരിദ്രര്‍ക്ക് എതിരെയും ഉപയോഗിക്കുന്ന ആയുധമാണ്. അത് അങ്ങനെയല്ലാതിരിക്കാന്‍ സാധ്യമല്ല. സമൂഹത്തില്‍, വ്യക്തികള്‍ക്ക് ആവശ്യം പവര്‍ അല്ല, സ്വാതന്ത്ര്യമാണ്. ഒരു വ്യക്തിയുടെ സ്വാതന്ത്ര്യം എന്നു പറയുന്നത് ഒരു വ്യക്തിക്ക് തന്റെ ക്രിയാത്മക കഴിവുകള്‍ പരമാവധി ഉപയോഗപ്പെടുത്താനുള്ള അവസരമാണ്. ആരുടെയും തടസമില്ലാതെ പ്രതിബന്ധങ്ങളില്ലാതെ, തന്റെ കഴിവ് ക്രിയാത്മകമായി വിനിയോഗിക്കാനുളള അവസരമാണ് സ്വാതന്ത്ര്യം. അതുകൊണ്ടുതന്നെ വ്യക്തി നിരന്തരം സമരത്തിലാണ്, സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ വേണ്ടി. ഇത്തരത്തില്‍, ക്രിയാത്കമായി സ്വാതന്ത്ര്യം ഉപയോഗിക്കേണ്ടിവരുമ്പോള്‍ നാനാതുറകളില്‍നിന്ന് പ്രതിബന്ധങ്ങളുണ്ടാകും. വിശ്വാസപരമായി, മതപരമായി, രാഷ്ട്രീയപരമായി, വിജ്ഞാനപരമായിട്ടൊക്കെ. ഇതിനെയെല്ലാം ചെറുത്തുനില്‍ക്കേണ്ടത് ആവശ്യമാണ്, അതായത് വ്യക്തി നിരന്തരമായി മാനസികമായ ഒരു സമരത്തില്‍ ഏര്‍പ്പെടേണ്ടതുണ്ട്.
ഭരണാധികാരികളല്ല നമുക്ക് സ്വാതന്ത്ര്യം തരുന്നത്. ഭരണാധികാരികള്‍ക്കുതന്നെ ഭരിക്കാനുള്ള അധികാരം ജനങ്ങള്‍ നല്‍കുന്നതാണ്. അതാണ് പരമാധികാരം. We the people of India, എന്നു പറയുന്നത് അനിര്‍വചനീയമായ ഒരു പ്രതിഭാസമാണ്. അവരാണ് പരമാധികാരികള്‍. എന്നാൽ, ഇവിടെ, ഭരണാധികാരികള്‍ സ്വാതന്ത്ര്യം പരിമിതപ്പെടുത്തുന്ന ശക്തികളായി മാറുന്നു. അതുകൊണ്ട് വ്യക്തികളും സമൂഹങ്ങളും ഭരണകൂടത്തിന്റെയടുത്ത് നിസ്സഹായരായി മാറുന്നു.
പൊതുവേ നീതിയുടെ കാര്യം പറഞ്ഞാല്‍, സമൂഹത്തിലെ സാധാരണക്കാരാണ് നീതിനിഷേധത്തെക്കുറിച്ച് പരാതിപ്പെടുന്നത്. സമ്പന്നര്‍ പരാതിപ്പെടുന്നില്ല. സമ്പത്തിന്റെ കൂടെ വരുന്നതാണ് നീതി, അതുകൊണ്ടാണത്. അതുകൊണ്ടുതന്നെ സമ്പത്ത് നിഷേധിക്കപ്പെടുന്ന സാമൂഹിക വിഭാഗങ്ങള്‍ക്കും വ്യക്തികള്‍ക്കും നീതിയും നിഷേധിക്കപ്പെടുന്നു. നീതിയെ അധികാരവുമായി ബന്ധപ്പെടുത്തിവേണം കാണാന്‍. കാരണം, ഇവിടെ അധികാരം വലിയൊരു ഘടകമാണ്. അധികാരത്തിന് ഒരു പ്രത്യേകതയുണ്ട്, അധികാരം നീതിക്കൊപ്പമല്ല, ശക്തിക്കൊപ്പമാണ്. നീതി ശക്തിക്കൊപ്പമാണ്. അധികാരത്തില്‍നിന്ന് വേര്‍പെടുത്തി നീതിയെ കാണാന്‍ പറ്റില്ല, പ്രത്യേകിച്ച് സാമ്പത്തിക ശക്തി. ശരിയായ ശക്തിയാണ് അത്. ചെറിയൊരു പദവി ലഭിക്കുന്നതല്ല അധികാരം. ഒരു പഞ്ചായത്ത് മെമ്പറുടെയോ വില്ലേജ് ഓഫീസറുടെയോ പരിമിതമായ അധികാരമാണ്. അംബാനിക്കോ അദാനിക്കോ ടാറ്റക്കോ ഒരു പഞ്ചായത്ത് മെമ്പറുടെ അധികാരമില്ല, എന്നാല്‍, അവര്‍ക്ക് ശക്തിയുണ്ട്. അതുകൊണ്ടുതന്നെ അവര്‍ക്ക് നീതി ലഭിക്കുന്നു. അധികാരത്തിനുമീതെ പറക്കുന്ന പരുന്താണ് ശക്തി, സമ്പത്താണ് ശക്തി. ഈ പരുന്താണ് കാര്യങ്ങള്‍ നിശ്ചയിക്കുന്നത്.
അധികാരികളെ ഭയപ്പെടാതെ സ്വതന്ത്രമായി വിമര്‍ശക്കുകയും വിശകലനം ചെയ്യുകയും ചെയ്യുന്ന രണ്ട് മേഖലകളാണ് നീതിന്യായവ്യവസ്ഥയും മാധ്യമരംഗവും. സത്യത്തില്‍, ഇവിടുത്തെ ദുര്‍ബല വിഭാഗങ്ങളുടെ ആശാകേന്ദ്രം മീഡിയയും നീതിന്യായ വ്യവസ്ഥയുമാണ്. നീതിന്യായ വ്യവസ്ഥ മുഖം നോക്കാതെ, അധികാരികളെ ഭയപ്പെടാതെ കാര്യങ്ങളെ നിഷ്പക്ഷമായി സമീപിക്കുന്നു. അത് ഫൈനല്‍ ആണ്. അതില്‍ അപ്പീലിനുള്ള സൗകര്യവും അവകാശവുമുണ്ടെങ്കിലും നിയമവ്യവസ്ഥയെ എല്ലാവരും അംഗീകരിക്കുന്നു.
എക്‌സിക്യൂട്ടീവിന്റെ പൊസിഷനില്‍ വന്ന മാറ്റങ്ങളുണ്ട്. ദുര്‍ബലമായ ഒരു എക്‌സിക്യൂട്ടീവ് പാക്കിസ്ഥാനിലുണ്ടായി, ഇന്ത്യയിലുമുണ്ടായി. പാക്കിസ്ഥാനില്‍ ദുര്‍ബലമായ എക്‌സിക്യൂട്ടീവിന്റെ രംഗത്തേക്കുവരുന്നത് സൈന്യമാണ്. ഇന്ത്യയില്‍ നീതിന്യായ വ്യവസ്ഥയാണ്. അതുകൊണ്ട് ഇന്ത്യയില്‍ ഒരു സൈന്യാധിപന് അധികാരത്തില്‍ വരാന്‍ പറ്റില്ല. അത് നീതിന്യായവ്യവസ്ഥയുടെ പ്രത്യേകതയാണ്. അതുകൊണ്ട് ഇന്ത്യയില്‍ സര്‍ക്കാറല്ല ജനങ്ങളുടെ പ്രതീക്ഷ, മീഡിയയും നീതിന്യായവ്യവസ്ഥയുമാണ്. അതുകൊണ്ടുതന്നെയാണ് നമ്മള്‍ ജുഡീഷ്യറിയുടെ തീരുമാനങ്ങളെ ആദരിക്കുന്നതും അംഗീകരിക്കുന്നതും.

ഇന്ത്യയില്‍ എല്ലാവരും ഇത്തരമൊരു നിയമവ്യവസ്ഥക്ക് വിധേയരാകുന്നുണ്ട്. ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയുടെ മൗലികമായ സവിശേഷതകളുണ്ട്, അതിന് എന്തെല്ലാം ദൗര്‍ബല്യങ്ങളുണ്ടെങ്കിലും. ഇന്ത്യയില്‍, പ്രത്യേകിച്ച്, സമൂഹത്തിലെ ദുർബലർക്ക് അനുഭവിക്കാൻ കഴിയുന്ന സ്വാതന്ത്ര്യബോധം, അവകാശങ്ങള്‍, ആശക്ക് വക നല്‍കുന്നതാണ്. ഭരണഘടന ഏതെല്ലാം തരത്തിലുള്ള പ്രതീക്ഷളാണ് പൗരന്മാര്‍ക്ക് കൊടുക്കുന്നത്? പാവപ്പെട്ടവര്‍ക്ക് സുപ്രീംകോടയില്‍ പോകാന്‍ കഴിയുന്നുണ്ടോ ഇല്ലയോ എന്നതിന്റെ പ്രസക്തി രണ്ടാമതേ വരുന്നുള്ളൂ. അവര്‍ക്ക് പോകാനുള്ള സാധ്യതയുണ്ട്, അതിനാണ് പ്രാധാന്യം. അവര്‍ പോയാല്‍ നീതി കിട്ടുമെന്ന പ്രതീക്ഷ അവര്‍ക്കുണ്ട്.
ഭരണഘടനക്ക് പവിത്രതയില്ല
ഓർക്കേണ്ട കാര്യം, ഭരണഘടന പവിത്രമായ ഡോക്യുമെന്റല്ല എന്നതാണ്. അതൊരു സോഷ്യല്‍ ഡോക്യുമെന്റാണ്. സാമൂഹിക പ്രക്രിയകളിലെ മാറ്റങ്ങള്‍ക്കനുസരിച്ച് മാറാൻ ഭരണഘടന നമ്മളെ സഹായിക്കുന്നു. സത്യത്തില്‍ ഭരണഘടന നിലനിന്നത് ഭേദഗതികളിലൂടെയാണ്. ഭരണഘടന ഭേദഗതി ചെയ്യാനുള്ള അവസരം ഭരണഘടന തന്നെയാണ് നല്‍കുന്നത്. അതിന് ഇവിടെ ഒരു സമരമോ വിപ്ലവമോ ആവശ്യമില്ല. അതാണ് ഭരണഘടനയുടെ പ്രധാന സവിശേഷത. സാമൂഹിക പ്രക്രിയകള്‍ക്ക് അത് വിഘാതം സൃഷ്ടിക്കരുത്. അതുകൊണ്ടുതന്നെ മതഗ്രന്ഥം പോലെ പവിത്രമായ ഒന്നല്ല അത്. മനുഷ്യന്റെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങളെ നിര്‍വചിക്കുന്നതിനും സാധൂകരിക്കുന്നതിനുമായി ഉപകരിക്കുന്ന ഒരു ഡോക്യുമെൻറ്. അത് വിമര്‍ശിക്കപ്പെടാം. ചില രാഷ്ട്രീയപാര്‍ട്ടികള്‍ ഭരണഘടനയെ വിമര്‍ശിച്ചിരുന്നു. അവര്‍ക്കതിന് അവകാശമുണ്ടായിരുന്നു. അക്കാദമീഷ്യന്‍സ് ഭരണഘടനയെ വിമര്‍ശിക്കുന്നുണ്ട്. വിശകലനം ചെയ്യുന്നുണ്ട്. അവര്‍ക്ക് അതില്‍ യാതൊരു നിയമതടസവുമില്ല. രാഷ്ട്രീയക്കാര്‍ക്ക് വിമര്‍ശിക്കാം. കോണ്‍സ്റ്റിറ്റ്യൂഷൻ മൗലികവാദം ഉയര്‍ത്താന്‍ പറ്റില്ല.
ഇവിടെ പ്രസക്തമായ ചോദ്യം; ഭരണഘടന നിലനിര്‍ത്താം, അതിന്റെ മൂല്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാം എന്ന് സത്യപ്രതിജ്ഞ ചെയ്ത ഒരു മന്ത്രിക്ക് ഭരണഘടനയെ ഇങ്ങനെ ആക്രമിക്കാന്‍ കഴിയുമോ എന്നതാണ്. അതൊരു വിമര്‍ശനമായിരുന്നില്ല എന്നുകൂടി ഓർക്കണം. വിമര്‍ശനം സാധ്യമാണ്, അനുവദനീയമാണ്, നിയമപരവുമാണ്. എന്നാൽ, ഇവിടെ അതല്ല പ്രശ്‌നം. മന്ത്രി ഭരണഘടനയെ സംരക്ഷിക്കാന്‍ ബാധ്യസ്ഥനാണ്. അദ്ദേഹത്തിന്റെ പാര്‍ട്ടിയില്‍ വിമര്‍ശനം നടക്കുകയാണെങ്കില്‍ അത് ചോദ്യം ചെയ്യപ്പെടേണ്ടതില്ല. കാരണം, പാര്‍ട്ടി ഭരണഘടനയെ സംരക്ഷിക്കാന്‍ ബാധ്യതയുള്ള പ്രസ്ഥാനമല്ല. പക്ഷെ, ഒരു മന്ത്രിക്ക് അതിന് ബാധ്യതയുണ്ട്. അധികാരത്തില്‍ വന്നതും അധികാരത്തില്‍ തുടരുന്നതുമെല്ലാ ഈ ഭരണഘടനയുടെ പേരിലാണല്ലോ. അത്തരമൊരു പദവിയിലിരിക്കുന്ന വ്യക്തിക്ക് ഭരണഘടനയെ വിമര്‍ശിക്കാന്‍ തോന്നിയാല്‍, ആ പദവിയിൽനിന്ന് രാജിവച്ച് പുറത്തുപോകാം.
ഭരണഘടന നിരന്തരം വിമർശിക്കപ്പെട്ടിട്ടുണ്ട്. അതിന്റെ ചില ഭാഗങ്ങള്‍ പരിമിതമാണെന്ന് കോടതികള്‍ തന്നെ പറഞ്ഞിട്ടുണ്ട്. 1980കളില്‍ ചില വിധികളിൽ പുരോഗമനപരമായ ആശയങ്ങള്‍ വച്ചുപുലര്‍ത്തുന്ന ചില സുപ്രീംകോടതി ജഡ്ജിമാര്‍ അന്നുപറഞ്ഞു; ആര്‍ട്ടിക്കിള്‍ 21 ജീവിക്കാനുള്ള അവകാശം നൽകുന്നു. അത് ഏറ്റവും മൗലികമായ അവകാശമാണ്. അത് സാര്‍ഥകമാകണമെങ്കില്‍ പൗരന് ഉപജീവനമാര്‍ഗം ലഭ്യമായിരിക്കണം. ഉപജീവനമാര്‍ഗമില്ലാതെ ജീവിക്കാന്‍ അവകാശം നല്‍കുന്നതില്‍ അര്‍ഥമില്ല എന്ന് സുപ്രീംകോടതിയാണ് പറഞ്ഞത്.
ഭരണഘടന ചര്‍ച്ച ചെയ്യുകയും വിശകലനം ചെയ്യുകയും വിമര്‍ശിക്കപ്പെടുകയും വേണം. ഭരണഘടന എന്ന സോഷ്യല്‍ ഡോക്യുമെൻറ് ഒരു ലിവിങ് ഡോക്യുമെൻറ് ആകുന്നത് അത് ചര്‍ച്ച ചെയ്യപ്പെടുമ്പോഴും വിമര്‍ശിക്കപ്പെടുമ്പോഴുമാണ്. പക്ഷെ, അതിന്റെ നിഷേധം കുറ്റകരമാണ്. ഭരണഘടന സംരക്ഷിക്കാന്‍ ബാധ്യസ്ഥരായവര്‍ അതിനെ നിഷേധിക്കുന്നതാണ് ഇവിടുത്തെ പ്രശ്‌നം. അധികാരത്തിലിരുന്ന് ഭരണഘടനാനിഷേധം നടത്തുന്നത് സ്ഥാപിതതാല്‍പര്യം വച്ചുകൊണ്ടാണ്. വിമര്‍ശനവും നിഷേധവും രണ്ടായി തന്നെ കാണണം. ഭരണഘടനയെ നിഷേധിക്കുന്ന, അംഗീകരിക്കാത്ത വിഭാഗങ്ങളും വ്യക്തികളും ഇന്ത്യയിലുണ്ടല്ലോ. അവര്‍ പോലും ശിക്ഷിക്കപ്പെടുന്നത് ഭരണഘടന അനുശാസിക്കുന്ന നിയമങ്ങള്‍ക്കനുസരിച്ചാണ്. കാരണം ഇവിടെ ജീവിക്കുമ്പോള്‍ ഇവിടുത്തെ നിയമത്തിനനുസരിച്ചേ പറ്റൂ, നമ്മള്‍ അതില്‍ വിശ്വസിക്കുന്നുണ്ടോ എന്നത് പ്രശ്‌നമല്ല. എന്നാൽ, നിഷേധം, ഭരണഘടന സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധരായ അധികാരികള്‍ നടത്തുന്നതാണ് പ്രശ്‌നം.
ട്രൂകോപ്പി വെബ്സീൻ പാക്കറ്റ്-85 ൽ പ്രസിദ്ധീകരിച്ച ലേഖനം
സോഷ്യല്‍ സയിന്റിസ്റ്റ്
റിദാ നാസര്‍
Mar 28, 2023
10 Minutes Read
ഡോ. ടി.എസ്. ശ്യാംകുമാര്‍
Mar 24, 2023
3 Minutes Read
എസ്. മുഹമ്മദ് ഇര്‍ഷാദ്
Mar 14, 2023
3 Minutes Read
Truecopy Webzine
Mar 13, 2023
2 minutes Read
ഷിബു മുഹമ്മദ്
Mar 10, 2023
2 Minutes Read
അഡ്വ. പി.എം. ആതിര
Mar 09, 2023
33 Minutes Watch
Truecopy Webzine
Mar 08, 2023
3 Minutes Read
ഷഫീഖ് താമരശ്ശേരി
Mar 02, 2023
4 Minutes Watch