തോറ്റെങ്കിലും
മമതയ്ക്ക് മുഖ്യമന്ത്രിയാകാം;
പക്ഷെ...
തോറ്റെങ്കിലും മമതയ്ക്ക് മുഖ്യമന്ത്രിയാകാം; പക്ഷെ...
തെരഞ്ഞെടുപ്പില്‍ തോറ്റിട്ടോ അല്ലെങ്കില്‍ നിയമസഭാംഗമാകാതെയോ മുഖ്യമന്ത്രി പദത്തിലെത്തിയതിന് ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിൽ നിരവധി ഉദാഹരണങ്ങളുണ്ട്. തെരഞ്ഞെടുപ്പിൽ തോറ്റെങ്കിലും, ഭൂരിപക്ഷം ലഭിച്ച പാർട്ടിയുടെ നേതാവ് എന്ന നിലയ്ക്ക് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതില്‍ മമതാ ബാനര്‍ജിക്ക് ഭരണഘടനാപരമായ തടസമില്ല.
3 May 2021, 04:41 PM
പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിൽ, മുഖ്യമന്ത്രി മമതാ ബാനര്‍ജി നന്ദിഗ്രാമിൽ പരാജയപ്പെട്ടത്, മുഖ്യമന്ത്രിയാകാനുള്ള അവരുടെ സാധ്യതക്ക് മങ്ങലേൽപ്പിക്കില്ല. തെരഞ്ഞെടുപ്പിൽ തോറ്റാലും, ഭൂരിപക്ഷം ലഭിച്ച പാർട്ടിയുടെ നേതാവ് എന്ന നിലയ്ക്ക് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതില്‍ മമതാ ബാനര്‍ജിക്ക് ഭരണഘടനാപരമായ തടസമില്ല. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 164 (4) പ്രകാരമാണ് ഇത് സാധൂകരിക്കപ്പെടുന്നത്.
‘ആറുമാസം തുടര്‍ച്ചയായി നിയമസഭാംഗമല്ലാത്ത മന്ത്രി ആറുമാസം കഴിയുന്നപക്ഷം മന്ത്രിയായി തുടരാന്‍ പാടില്ല' എന്നാണ് ആര്‍ട്ടിക്കിള്‍ 164(4) പറയുന്നത്. അതായത് സഭയില്‍ അംഗമല്ലാതെ ആറുമാസം മുഖ്യമന്ത്രിയായി തുടരുന്നതില്‍ മമതാ ബാനര്‍ജിക്കു തടസമില്ല. എന്നാല്‍ ആറുമാസത്തിനുള്ളില്‍ ഏതെങ്കിലും മണ്ഡലത്തില്‍ നിന്ന് ജയിച്ച് സഭയിലെത്തണം.
ആദ്യമായല്ല ചരിത്രത്തില്‍ ഇത്തരമൊരു സംഭവമുണ്ടാകുന്നത്. 1970ല്‍ ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രിയായി അധികാരമേറ്റ ത്രുഭുവന്‍ നരൈന്‍ സിങ്ങ് നിയമസഭയില്‍ അംഗമല്ലായിരുന്നു. ടി.എന്‍. സിങ്ങിന്റെ നിയമനം വലിയ നിയമപോരാട്ടത്തിനു വഴിവെക്കുകയും ചെയ്തിരുന്നു. യു.പി നിയമസഭയില്‍ അംഗമല്ലാതിരിക്കെ ടി.എന്‍ സിങ്ങിനെ മുഖ്യമന്ത്രിയായി നിയമിച്ചത് ചോദ്യം ചെയ്തായിരുന്നു ഹര്‍ഷരണ്‍ വര്‍മ എന്നയാള്‍ കോടതിയെ സമീപിക്കുകയായിരുന്നു. ആര്‍ട്ടിക്കിള്‍ 164 (4)ല്‍ പരാമര്‍ശിക്കുന്നത് മന്ത്രിയെന്നാണെന്നും മുഖ്യമന്ത്രിയ്ക്ക് ഇത് ബാധകമാവില്ലെന്നുമായിരുന്നു ഹരജിയിലെ വാദം. 1971ലാണ് ഹര്‍ഷരണ്‍ വര്‍മ Vs ത്രിഭുവന്‍ നരൈന്‍ സിങ് കേസില്‍ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് വിധി പ്രസ്താവിച്ചത്. നിയമസഭയില്‍ അംഗമല്ലാതിരിക്കെ ഒരു വ്യക്തിയെ മുഖ്യമന്ത്രിയായി നിയമിക്കാന്‍ ആര്‍ട്ടിക്കിള്‍ 164(4) അനുവദിക്കുന്നുണ്ടെന്ന് ആസ്ത്രേലിയയിലെയും ദക്ഷിണാഫ്രിക്കയിലെയും ഭരണഘടനയിലെ സമാനമായ ചട്ടങ്ങളും ഭരണഘടനാ നിര്‍മ്മാണ സഭയില്‍ ഇതുസംബന്ധിച്ച ചര്‍ച്ചകളും പരിശോധിച്ച് കോടതി വിധിക്കുകയാണുണ്ടായത്. അങ്ങനെ സംസ്ഥാനത്തിലെ ഒരു സഭയിലും അംഗമല്ലാതെ തന്നെ ത്രിഭുവന്‍ നരൈന്‍ സിങ് മുഖ്യമന്ത്രിയായി.
തെരഞ്ഞെടുപ്പില്‍ തോറ്റിട്ടോ അല്ലെങ്കില്‍ നിയമസഭാംഗമാകാതെയോ മുഖ്യമന്ത്രി പദത്തിലെത്തിയതിന് ഇനിയും ഉദാഹരണങ്ങളുണ്ട്. മമതാ ബാനര്‍ജിയുടെ കാര്യം തന്നെ പറയുകയാണെങ്കില്‍ ബംഗാളില്‍ ആദ്യം മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്ന സമയത്ത് മമതാ ബാനര്‍ജി നിയമസഭാ അംഗമായിരുന്നില്ല. ലോക്‌സഭാ മെമ്പറായിരുന്ന മമത മുഖ്യമന്ത്രിയാവുകയും 2011 സെപ്റ്റംബറില്‍ നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഭവാനിപൂര്‍ മണ്ഡലത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുകയുമായിരുന്നു. ഏറ്റവുമൊടുവിലത്തെ ഉദാഹരണം, 2021 മാര്‍ച്ച് പത്തിന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി അധികാരത്തിലേറിയ തീരഥ് സിങ് റാവത്ത് നിയമസഭയില്‍ അംഗമല്ലാതിരിക്കെയാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരിക്കുന്നത്.
2017ല്‍ യു.പി മുഖ്യമന്ത്രിയായി അധികാരത്തിലെത്തുന്ന സമയത്ത് യോഗി ആദിത്യനാഥും യു.പി നിയമസഭയില്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നില്ല. മുഖ്യമന്ത്രിയായി അധികാരമേറ്റശേഷം യു.പി ലജിസ്ലേറ്റീവ് കൗണ്‍സിലില്‍ അംഗമായി കൊണ്ടാണ് യോഗി അധികാരത്തില്‍ തുടര്‍ന്ന്. ആ വര്‍ഷം അദ്ദേഹം നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നില്ല. യു.പിയ്ക്കു പുറമേ മഹാരാഷ്ട്ര, ബീഹാര്‍, യു.പി, തെലങ്കാന, കര്‍ണാടക, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ സംസ്ഥാന ലെജിസ്ലേറ്റീവ് കൗണ്‍സിലുകള്‍ ഉള്ളത്. രാജ്യസഭയിലേതിനു സമാനമായ തെരഞ്ഞെടുപ്പ് സംവിധാനങ്ങളാണ് ലെജിസ്ലേറ്റീവ് കൗണ്‍സിലിന്റേത്.
1969 നവംബറില്‍ കേരള മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത സി. അച്യുതമേനോനും അന്ന് നിയമസഭയില്‍ അംഗമായിരുന്നില്ല. 1970 ഏപ്രിലില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കൊട്ടാരക്കരയില്‍ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയാണുണ്ടായത്.
1952ല്‍ അന്ന് സ്റ്റേറ്റ് ഓഫ് ബോംബെ എന്ന് അറിയപ്പെട്ടിരുന്ന മഹാരാഷ്ട്രയും ഗുജറാത്തും ചേര്‍ന്ന സംസ്ഥാനത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുകയുണ്ടായി. 1977ല്‍ പ്രധാനമന്ത്രിയായ കോണ്‍ഗ്രസ് നേതാവ് മൊറാര്‍ജി ദേശായി അന്നത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. എന്നാല്‍ ഏറെ സ്വാധീനശക്തിയുള്ള നേതാവിനെ സര്‍ക്കാറിനു പുറത്തുനിര്‍ത്താന്‍ താല്‍പര്യമില്ലാതിരുന്ന കോണ്‍ഗ്രസ് അദ്ദേഹത്തെ ബോംബെ കോണ്‍ഗ്രസ് ലജിസ്ലേച്ചര്‍ പാര്‍ട്ടിയുടെ നേതാവായി തെരഞ്ഞെടുക്കുകയും മുഖ്യമന്ത്രിയായി നിയമിക്കുകയും ചെയ്തിരുന്നു.
ഉപതെരഞ്ഞെടുപ്പിൽ തോറ്റാലോ?
1970ല്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്ന ത്രിഭുവന്‍ നാരായണ്‍ സിങ് ഉപതെരഞ്ഞെടുപ്പില്‍ പരാജയപ്പെടുകയും തുടര്‍ന്ന് സ്ഥാനം രാജിവെക്കുകയും ചെയ്തു. 2009ല്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഷിബു സോറന്റെ കാര്യത്തിലും ഇങ്ങനെ സംഭവിച്ചു. താമര്‍ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ അദ്ദേഹം പരാജയപ്പെട്ടു. തുടര്‍ന്ന് രണ്ടാമതൊരു ആറുമാസം കൂടി മുഖ്യമന്ത്രിയായി തുടരാനും അതിനിടയില്‍ തെരഞ്ഞെടുക്കപ്പെടാനുമുള്ള അദ്ദേഹത്തിന്റെ ശ്രമം സഖ്യകക്ഷിയായ കോണ്‍ഗ്രസ് ശക്തമായി എതിര്‍ക്കുകയും തുടര്‍ന്ന് അദ്ദേഹം രാജിവെക്കുകയും സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുകയുമാണുണ്ടായത്.
Delhi Lens
Jul 31, 2022
8.6 minutes Read
ആർ. രാജഗോപാല്‍
Jul 08, 2022
4.7 minutes Read
വിശാഖ് ശങ്കര്‍
Feb 13, 2022
9 Minutes Read
Truecopy Webzine
Nov 23, 2021
1 Minutes Read
കെ.വി. ദിവ്യശ്രീ
Nov 03, 2021
10 Minutes Read
കെ. സഹദേവന്‍
Oct 05, 2021
7 Minutes Read
സ്‌നിഗ്‌ദേന്ദു ഭട്ടചാര്യ / എന്‍. കെ. ഭൂപേഷ്
May 13, 2021
12 Minutes Read
ലീന മണിമേകലൈ
May 04, 2021
4 minutes read