മലയാളികള്‍ക്കുമുന്നില്‍
രക്ഷയുടെ വാതിലുകള്‍
തുറന്ന ഗള്‍ഫുകാര്‍
മലയാളികള്‍ക്കുമുന്നില്‍ രക്ഷയുടെ വാതിലുകള്‍ തുറന്ന ഗള്‍ഫുകാര്‍
ചരിത്രത്തില്‍ ആദ്യമായി ഇന്ന് നാം കാണുകയും കേള്‍ക്കുകയും ചെയ്യുന്ന ക്വാറന്റയ്ന്‍, ഐസലോഷന്‍ തുടങ്ങിയ അനുഭവങ്ങളിലൂടെ വേറൊരു ജീവിതാര്‍ഥത്തില്‍ കടന്നു പോയവരാണ് പ്രവാസികള്‍ എന്ന തൊഴിലാളിവര്‍ഗം
8 Apr 2020, 12:20 AM
'ഏകാകിയായ മനുഷ്യന്‍' എന്നത് ആഗോള പൗരയാഥാര്‍ഥ്യമായി മാറി എന്നതാണ് കോവിഡ്- 19 ഉയര്‍ത്തിയ യാഥാര്‍ഥ്യം. വാസ്തവത്തില്‍ ഇത്രയും അവാസ്തവതകളോ എന്ന് ഓരോ ആളും ഏകാന്തമായ തീവ്രതയോടെ അനുഭവിച്ചു തുടങ്ങി. മലയാളികള്‍ക്ക് പോലും ഈ കടുത്ത വാസ്തവം അംഗീകരിക്കേണ്ടിവന്നു.
'അനുഭവരാഹിത്യമുള്ള ജനത' എന്ന് പ്രണയ പുസ്തകങ്ങള്‍ക്ക് ആമുഖമെഴുതാറുള്ള നിരൂപകരുടെ വിശേഷങ്ങള്‍ പ്രളയത്താലും കൊറോണയിലും അറംപറ്റി ഒഴുക്കിക്കളയുകയാണ് മലയാളികള്‍. ഈ ശാരീരിക അകലം / മാനസിക അടുപ്പം എന്ന കോറോണ കാല പ്രതിരോധ കല ഏറ്റവും തീവ്രമായ മാനസികാഘാതമായി അനുഭവിക്കുന്നവര്‍ അടിത്തട്ടിലെ മനുഷ്യരും ഗള്‍ഫ് തൊഴിലാളികളുമാണ്.
'തൊഴിലാളി വര്‍ഗം' എന്ന് നാം ഒരിക്കലും സംബോധന ചെയ്തിതിട്ടില്ലാത്ത ഗള്‍ഫ് / യൂറോപ്യന്‍ മലയാളി കുടിയേറ്റ കുടുംബങ്ങളാണ് ഇപ്പോള്‍ ഏറെ വിരസവും വേദനാജനകവുമായ അനുഭവത്തിലൂടെ കടന്നുപോകുന്നത്.

'വിദേശത്തുനിന്ന് വരുന്നവരാണ് രോഗവാഹകര്‍' എന്നത് ഈ രോഗകാലസന്ദര്‍ഭത്തില്‍ ഒരു യാഥാര്‍ഥ്യമായി നിലനില്‍ക്കുമ്പോള്‍ തന്നെ, അത് അവരില്‍ സൃഷ്ടിക്കുന്ന അന്യതാ ബോധം ഏറെ ആഴത്തിലുള്ളതാണ്. കോറോണ ആ നിലയില്‍ വലിയൊരു അപരത്വ നിര്‍മിതി നടത്തിയിട്ടുണ്ട്.
70 കള്‍ കേരളത്തിലെ സാമൂഹിക ജീവിതത്തില്‍ രണ്ടുതരം ഉള്ളടക്കങ്ങളാണ് കൊണ്ടുവന്നത്. രാഷ്ട്രീയമായ ചില പുനരെഴുത്തുകള്‍ ആ കാലത്ത് സംഭവിച്ചു. ഇടതുപക്ഷം / വലതുപക്ഷം എന്ന വിഭജന രേഖകള്‍ക്കിടയില്‍ അവ്യവസ്ഥമായ ചില വരകള്‍ കൂടി അപ്പോഴുണ്ടായി.
'വിദേശത്തുനിന്ന് വരുന്നവരാണ് രോഗവാഹകര്‍' എന്നത് രോഗകാലസന്ദര്‍ഭത്തില്‍ യാഥാര്‍ഥ്യമായി നിലനില്‍ക്കുമ്പോള്‍ തന്നെ, അത് അവരില്‍ സൃഷ്ടിക്കുന്ന അന്യതാ ബോധം ഏറെ ആഴത്തിലുള്ളതാണ്.
'സന്ദേഹിയായ ഒരു രാഷ്ട്രീയ ഇടതന്‍' കേരളത്തില്‍ രൂപപ്പെടുന്നത് ആ കാലത്താണ്. ചരിത്രത്തിന് പുതിയ ഭാഷയും ചിഹ്നങ്ങളും അവര്‍ സമ്മാനിച്ചു. പിന്നീടുണ്ടായ മാധ്യമ ചരിത്രത്തില്‍ ഏറെ കവര്‍സ്റ്റോറികള്‍ ആ ഹ്രസ്വകാലത്തെക്കുറിച്ചുണ്ടായി. അതേകാലത്തു തന്നെയാണ് മലയാളികളുടെ അന്നം തേടിയുള്ള ഹിമാലയന്‍ യാത്രകള്‍ ആരംഭിക്കുന്നത്.
മലയാളി ആദ്യം കീഴടക്കിയ 'ഹിമാലയം' മരുഭൂമിയാണ്. ജീവിതത്തിലേക്കുള്ള ഉയരം താണ്ടലുകളായിരുന്നു അവ. ഏറെ സഞ്ചാര / ജീവിത സാഹിത്യങ്ങള്‍ ആ കാലത്തെക്കുറിച്ച് എഴുതപ്പെട്ടിട്ടുമില്ല.
ബെന്യാമിനും (ആടുജീവിതം), വി. മുസഫര്‍ അഹമ്മദുമാണ് ശ്രദ്ധേയമായ ചില എഴുത്തുകള്‍ നടത്തിയത്. 'ആടുജീവിത'ത്തിലെ നജീബ് അപ്പോഴേക്കും ഏറെ മാറിപ്പോയ ഗള്‍ഫില്‍ ഒരു ആര്‍ക്കൈവ് ചിത്രമായിട്ടാണ് വായിക്കപ്പെട്ടത്.
ബഷീറിന്റെ 'പാത്തുമ്മയുടെ ആടും' ബെന്യാമിന്റെ 'ആടുജീവിത'വും ഒരേ സമുദായത്തെക്കുറിച്ചുള്ള രണ്ടു തരം താരതമ്യങ്ങളാണ്. വലിയ സഞ്ചാരങ്ങള്‍ക്കുശേഷം വീട്ടില്‍ തിരിച്ചെത്തിയ ബഷീറിന്റെ വിശ്രാന്തിയിലേക്കാണ് പാത്തുമ്മയും ആടും കടന്നുവരുന്നത്. അതില്‍ സ്ത്രീയും ആടും സ്വാതന്ത്ര്യത്തിന്റെ സഞ്ചാരപഥങ്ങള്‍ തീര്‍ക്കുന്നു.
ബഷീര്‍ ഏറെ അലച്ചിലുകള്‍ക്കു ശേഷം വന്നതുകൊണ്ടാവാം, അത്രയും സ്വാതന്ത്ര്യം ആഗ്രഹിക്കുന്നില്ലെന്നു മാത്രമല്ല അതില്‍ അസ്വസ്ഥപ്പെടുന്നുമുണ്ട്.
'ആടുജീവിത'ത്തിലെ കഥാപാത്രത്തിന് ഇത്തരം സഞ്ചാരപഥങ്ങള്‍ ഇല്ല. വരണ്ടതും ഭയാനകവുമായ അവസ്ഥയിലൂടെ അയാള്‍ കടന്നുപോകുന്നു. ഗള്‍ഫ് കുടിയേറ്റക്കാര്‍ ആത്മാവില്‍നിന്ന് അത്തരം ഭാരങ്ങള്‍ ഇറക്കിവെക്കുന്ന കാലത്താണ് ബെന്യാമിന്റെ നോവല്‍പ്രകാശനം. ഈ നോവല്‍കാലമാവുമ്പോഴേക്കും വിഷാദം, വിരഹം, ഏകാന്തത തുടങ്ങിയ വൈയക്തിക കടമ്പകള്‍ അവര്‍ ബ്രേക്ക് ചെയ്തു തുടങ്ങിയിരുന്നു.
വിഷാദ മധുരമായ കാല്‍പനിക ഭാഷയില്‍ വി. മുസഫര്‍ അഹമ്മദ് 'മരുമരങ്ങള്‍' കാവ്യാത്മമായി രേഖപ്പെടുത്തി. ഭാഷ അതില്‍ തസ്ബീഹ് മാലയിലെ മുത്തുപോലെ തിളങ്ങി.
അപ്പോഴും, പ്രവാസികള്‍ ഒരു 'തൊഴിലാളി വര്‍ഗമായി' രേഖപ്പെടുത്തപ്പെട്ടില്ല. അവര്‍ക്കു വേണ്ടിയുള്ള മുദ്രാവാക്യങ്ങളുമുണ്ടായില്ല. ലോകത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട 'ടെക്‌നോ സാക്ഷര'നാണ്, ഗള്‍ഫ് പ്രവാസി എന്ന കുടിയേറ്റ തൊഴിലാളി.
ശബ്ദകലയിലെ ആദ്യ ഡിവൈസുകളില്‍ ഒന്നായ ടേപ്പ് റെക്കോര്‍ഡര്‍ / കാസെറ്റ് നമുക്ക് പരിചിതമാക്കിയത് അവരാണ്. കത്തുപാട്ടുകളിലൂടെ അവര്‍, ശാരീരികമായ അകലത്തെ കാതു കൊണ്ടടുപ്പിച്ചു, വൈകാരികമായ വാക്കുകളുടെ ഇന്ദ്രജാലം കൊണ്ടലിയിച്ചു കളയാന്‍ ശ്രമിച്ചു.
പിന്നീട് നാം കണ്ട, സ്റ്റാറ്റസ് സിംബലുകള്‍, ഇന്ന് സാര്‍വത്രികമായ എ.സി., ഫോണ്‍, സിഗരറ്റ്, ലിക്വര്‍, സ്വിസ് കോട്ടണ്‍, ചൈനീസ് സില്‍ക്, വ്യത്യസ്ത ഡിസൈനുകളിലുള്ള കര്‍ട്ടനുകള്‍ തുടങ്ങി നിത്യ മധുരമായ ചോക്ലേറ്റുകളും അവരുടെ ഉപലബ്ദികളായി നാം അനുഭവിച്ചു.
എടുപ്പിലും നടപ്പിലും ഒരു പുതുക്കം കൊണ്ടുവന്നു. പയറും പരിപ്പും കഴിച്ച് ഗ്യാസ് ടാങ്കുകള്‍ പോലെയുള്ള മലയാളി വയറുകള്‍ പുതിയ ഇനം ഭക്ഷണങ്ങള്‍ കൊണ്ടുനിറഞ്ഞു. നന്നായി സമ്പാദിക്കുന്ന മനുഷ്യര്‍ നല്ല ആരോഗ്യത്തെക്കുറിച്ചും ദീര്‍ഘായുസിനെക്കുറിച്ചും ആലോചിക്കും. അലഞ്ഞവര്‍ ഇരുന്ന് പഠിക്കുന്ന സ്വന്തം മക്കളെക്കുറിച്ച് ഭാവി പദ്ധതികള്‍ ആസൂത്രണം ചെയ്യും. അത്തരം പദ്ധതികള്‍ ആശുപത്രികളായും സ്‌കൂളുകളായും രൂപപ്പെട്ടു. ലുബ്നായ മലയാളിയില്‍ നിന്ന് ചെലവാക്കുന്ന മലയാളിയായി അവര്‍ മാറി.
തെങ്ങുകയറ്റക്കാരനായ കുഞ്ഞിരാമേട്ടന്റെ ഐ.ഡി ഏണിയാണ്. പെയ്ന്റ് അടിക്കുന്ന ഹസ്സന്റെ ഐ.ഡി ബ്രഷും, ഇതുപക്ഷെ, ഒരു പാസ് ആയി കൊണ്ടു നടക്കാനാവില്ല. എല്ലാ പൗരന്മാര്‍ക്കും ഒരു സന്ദിഗ്ദ്ധഘട്ടത്തില്‍ ഒരേ ഐ.ഡി ആയിരിക്കണം.
സവര്‍ണമായ എട്ടുകെട്ട് / നാലുകെട്ടിനുപകരം പുതിയ ഗൃഹനിര്‍മ്മിതികള്‍ കൊണ്ടുവന്ന് ധനാത്മകമായ പുതിയ വംശമായി അവര്‍ മാറി എന്നത് സത്യം. വമ്പിച്ച തൊഴില്‍ സാധ്യത ഉണ്ടാക്കിയപ്പോഴും പ്രകൃതിയുടെ സീമാതീതമായ ചൂഷണങ്ങള്‍ അത് ഉണ്ടാക്കിയിട്ടുണ്ട്.
ജീവിതത്തിലുള്ള എളിമ നിര്‍മിതിയില്‍ അവര്‍ പ്രകടിപ്പിച്ചില്ല. അത് പ്രകൃതിയുടെ ശത്രു എന്ന ചീത്തപ്പേരുണ്ടാക്കും വിധം വിസ്തൃതമായ ഒരു ദുരുപയോഗം തന്നെയായിരുന്നു.
അപ്പോഴും, അവരുടെ കൈയില്‍ നമ്മുടെ, സര്‍ക്കാര്‍ ഉദ്യോഗം നയിക്കുന്ന മനുഷ്യരുടെ കൈയിലുള്ള അത്രയും അധികാരമോ ഗര്‍വിഷ്ഠമായ ഭാഷാചിഹ്നങ്ങളോ ഇല്ല.
ഇപ്പോള്‍ ലോക്ഡൗണ്‍ കാലത്ത് പുറത്തുപോകാന്‍ ഐ.ഡി കാണിച്ചാല്‍ മതി എന്ന് പറയുന്നുണ്ട്. ഈ പ്രിവിലേജിന് പുറത്താണ് കീഴാള / സാധാരണ തൊഴിലാളികളും പ്രവാസികളും ആത്മാഭിമാനികളായ കൃഷിക്കാരും അസംഘടിത തൊഴിലാളികളും.
ചിലപ്പോഴെങ്കിലും തെരുവില്‍ ഇപ്പോള്‍ പൊലീസില്‍നിന്ന് അടി വാങ്ങിക്കൂട്ടിയ / ഏത്തമിടീക്കല്‍ എന്ന മനുഷ്യവിരുദ്ധ ശിക്ഷാമുറയ്ക്കിരയായ മനുഷ്യര്‍. ഐ.ഡി കീശയിലിട്ടിരിക്കുന്നവരാണ് ആത്മാഭിമാനത്തിന് ക്ഷതമേറ്റ ഈ മനുഷ്യരെ വാക്കുകള്‍ കൊണ്ട് മുറിവേല്‍പ്പിക്കുന്നത്. ലോകം അവസാനിക്കുന്നതിന്റെ തലേന്നും തന്റെ അക്കൗണ്ടില്‍ സാലറി വന്നു വീഴും എന്ന് ഉറപ്പുള്ളവര്‍.
തെങ്ങുകയറ്റക്കാരനായ കുഞ്ഞിരാമേട്ടന്റെ ഐ.ഡി ഏണിയാണ്. പെയ്ന്റ് അടിക്കുന്ന ഹസ്സന്റെ ഐ.ഡി ബ്രഷും, ഇതുപക്ഷെ, ഒരു പാസ് ആയി കൊണ്ടു നടക്കാനാവില്ല. എല്ലാ പൗരന്മാര്‍ക്കും ഒരു സന്ദിഗ്ദ്ധഘട്ടത്തില്‍ ഒരേ ഐ.ഡി ആയിരിക്കണം. കൊറോണ മനുഷ്യരെ തുല്യതയെക്കുറിച്ച് പഠിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍, നാം ഓദ്യോഗിമായ വിഭാഗീയത പഠിപ്പിക്കുന്നു.
ചരിത്രത്തില്‍ ആദ്യം ഇന്ന് നാം കാണുകയും കേള്‍ക്കുകയും ചെയ്യുന്ന ക്വാറന്റയ്ന്‍, ഐസൊലേഷന്‍- ഇത്തരം അനുഭവങ്ങളിലൂടെ വേറൊരു ജീവിതാര്‍ഥത്തില്‍ കടന്നു പോയവരാണ് പ്രവാസികള്‍ എന്ന തൊഴിലാളിവര്‍ഗം.
കുടുംബത്തെ വിട്ട് ഒറ്റപ്പെട്ട അവസ്ഥയില്‍ അവര്‍ ജീവിച്ചു. ഏകാന്തമായ ആ തൊഴില്‍ / 'ഐസലേറ്റഡ്' ജീവിതങ്ങളിലൂടെ അവര്‍ മലയാളികളുടെ കൂട്ടാന്ത ജീവിതങ്ങളെ അന്നം കൊണ്ടും അര്‍ഥം കൊണ്ടും പ്രചോദിപ്പിച്ചു.
ഇന്ന് ദല്‍ഹിയില്‍ കാണുന്ന വിഭജനാനന്തര കാലത്തെ ഓര്‍മിപ്പിക്കുന്ന മഹാ മനുഷ്യപലായനങ്ങളില്‍ നിന്ന് മലയാളികളെ രക്ഷിച്ചു.
മലയാളികള്‍ക്കുമുന്നില്‍ രക്ഷയുടെ വാതിലുകള്‍ തുറന്ന ആ മനുഷ്യര്‍, തീവ്രമായ ദു:ഖാനുഭത്തിലൂടെ കടന്നുപോവുകയാണ്. എഡ്ഗാര്‍ അലന്‍ പോ എഴുതിയ എക്കാലത്തെയും ക്ലാസിക് കഥയായ 'The fall of the house of usher' ആണ് ഈ ഇരുണ്ടതും ഭയാനകവുമായ കാലത്ത് വായിക്കേണ്ടത്.
ക്രൂരമായ ഒരു വിഭ്രാന്തിയിലൂടെയാണ് മനുഷ്യര്‍ കടന്നുപോവുന്നത്. ഭയചകിതമായ കാലം. അതിലെ കഥാപാത്രം പറയുന്നു: ഭാവി സംഭവങ്ങളെ ഞാന്‍ ഭയപ്പെടുന്നത്, അവയുടെ സ്വരൂപത്താല്‍ അല്ല; അവയുടെ പരിസമാപ്തിയിലാണ്.
അഷര്‍ ബംഗ്ലാവ് ഈ ലോകമാണ്. വിഭ്രാന്തിയുടെ ഒരു പുസ്തകമാണ് നാമിപ്പോള്‍ വായിച്ചുകൊണ്ടിരിക്കുന്നത്. ഡയസ്‌പോറ ആ അനുഭവത്തെയും കടന്നുപോകും. ഇപ്പോള്‍ പലായനം ചെയ്യുന്ന, നീണ്ടവരിയില്‍ നില്‍ക്കുന്ന മനുഷ്യര്‍, അവരുടെ ഉറുമ്പു ജീവിതം തുടരുകയും ചെയ്യും, നിശ്ശബ്ദവും വേദനാജനകവുമായ സഹനം.
Provint
17 Jul 2020, 09:03 PM
നല്ല വിലയിരുത്തൽ ഗൾഫു കാരുടെ ഈ ജീവിതം മലയാളിയുടെ അവസ്ഥയാണ്. യുറോപ്പിൽ അമേരിക്കയിൽ പോയവർ വേറിട്ടു നില്കുന്നില്ല. കൃഷി നഷ്ടപ്പെട്ടു ജാതി ബല പെട്ടു, കൂലി കൂടി എന്നാൽ തൊഴിൽ എടുക്കാതെ ജീവിക്കാൻ പറ്റാതായി. മാർക്ക് കൂടി സ്ത്രീകളുടെ അന്തസ്സ് ഇടിഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളകടത്തു മാഫിയ താവളമായി. പ്രകൃതി അപകടത്തിലായി. നമുക്ക് ഇരുന്നു ചർച്ച ചെയ്യാം.
vinitha
18 Apr 2020, 09:36 AM
ഈ ശാരീരിക അകലം / മാനസിക അടുപ്പം എന്ന കോറോണ കാല പ്രതിരോധ കല ലോക്ഡൗണ്‍ കാലത്ത് പുറത്തുപോകാന്‍ ഐ.ഡി കാണിച്ചാല്‍ മതി എന്ന് പറയുന്നുണ്ട്. ഈ പ്രിവിലേജിന് പുറത്താണ് കീഴാള / സാധാരണ തൊഴിലാളികളും പ്രവാസികളും ആത്മാഭിമാനികളായ കൃഷിക്കാരും അസംഘടിത തൊഴിലാളികളും. തെങ്ങുകയറ്റക്കാരനായ കുഞ്ഞിരാമേട്ടന്റെ ഐ.ഡി ഏണിയാണ്. പെയ്ന്റ് അടിക്കുന്ന ഹസ്സന്റെ ഐ.ഡി ബ്രഷും, ഇതുപക്ഷെ, ഒരു പാസ് ആയി കൊണ്ടു നടക്കാനാവില്ല. എല്ലാ പൗരന്മാര്‍ക്കും ഒരു സന്ദിഗ്ദ്ധഘട്ടത്തില്‍ ഒരേ ഐ.ഡി ആയിരിക്കണം your wring is good as usual
റഹീം വാവൂർ
10 Apr 2020, 08:41 PM
ജീവിതം കരഞ്ഞുകരഞ്ഞ് കലങ്ങിതീരാനുള്ളതാണ് പലര്‍ക്കും. ദുരിതം ജീവിതത്തിന്റെ കണ്ണുപൊത്തുന്നതിന് പറയുന്ന പേരാണ് പ്രവാസം.
Sheriff
10 Apr 2020, 12:52 AM
"പ്രവാസകള്‍ എന്ന തൊഴിലാളിവര്‍ഗം" പദപ്രയോഗത്തില്‍ ഒളിച്ചിരിക്കുന്ന നിലപാടിനെ നമിക്കുന്നു.
ഷരീഫ് എ . പി
9 Apr 2020, 05:01 PM
പ്രവാസിയെ തൊട്ടറിഞ്ഞ വരികൾ . നന്നായി എത്ര അനുഭവിച്ചാലും പഠിക്കാത്ത പ്രവാസി വെറും ഒരു പ്രവാസി
Musthafa E Purayil
9 Apr 2020, 02:33 PM
എന്നും ഏതെങ്കിലും തരത്തിലുള്ള നോവനുഭവിച്ചിരുന്ന കൊറോണക്കാലത്തു വലിയ നോവായി മാറിയ പ്രവാസിയെക്കുറിച്ചുള്ള താഹ മാടായിയുടെ കുറിപ്പ് ഹൃദ്യമായി ! K
ഗോപു പട്ടിത്തറ
9 Apr 2020, 12:33 PM
പ്രവാസിയുടെ അനുഭവതീവ്രത ചോർന്നെങ്കിലും നന്നായി എഴുതി.ദേവ പ്രകാശ് ചിത്രം എഴുത്തിനെ തീവ്രമാക്കുന്നു.
ഫൈസൽ ചെറുവണ്ണൂർ
9 Apr 2020, 10:12 AM
പ്രവാസം പലതും പഠിപ്പിച്ചിട്ടുണ്ട്. ഇനിയും പഠിക്കാനുമുണ്ട്. സമകാലിക സാഹചര്യങ്ങൾക്കിടയിൽ ഏറെ ഹൃദയ സ്പൃക്കായ നിരീക്ഷണം
പ്രിയ വർഗീസ്
9 Apr 2020, 06:31 AM
തൊഴിലാളി വർഗമായി ഒരിക്കലും മനസിലാക്കപ്പെടാത്ത അത്തറ് പൂശിയ പ്രവാസി, പത്രാസുള്ള അമേരിക്കൻ നേഴ്സ് അമ്മമാർ അവരുടെ ഒക്കെ പണത്തിന് വലിയ വില ഉണ്ടായിരുന്നു. പക്ഷെ നാട്ടിലെത്തിയാൽ ഇവരെപ്പോ തിരിച്ചു പോകും എന്ന് സ്വന്തക്കാർ പോലും തിടുക്കപ്പെടുന്ന, തങ്ങളുടെ സ്വാതന്ത്ര്യങ്ങൾക്കു കത്തിവെക്കുന്ന കോറന്റൈൻ ചെയ്യേണ്ട വിഭാഗമായി മുൻപും കരുതപ്പെട്ടിരുന്ന പ്രവാസികളുടെ അനുഭവങ്ങൾ കൊറോണകാലത്തും കൂടുതൽ തീവ്രമാകുന്നതിനെക്കുറിച്ച് കൃത്യമായ നിരീക്ഷണങ്ങൾ
ഇശാം
18 Jul 2020, 09:31 AM
തെങ്ങ് കയറ്റക്കാരനും പെയിന്റ് പണിക്കാരനും ഐഡി ഉണ്ടെന്നും ഒരു പകർച്ചവ്യാധി ഉണ്ടാകുന്ന സമയത്ത് മുൻകാലത്തെ പോലെ അതും ഒരു പ്രധാനപ്പെട്ട "ഐഡി " ആയി സ്വീകരിച്ചു അവരെ എല്ലാ യാത്രകൾക്കും മറ്റുള്ള സർക്കാർ ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്നവരുടെ ഐഡിയുമായി തുല്യത കൊണ്ടുവരണമെന്ന് വാദിക്കുന്നതൊക്കെ കേവലം ബാലിശമായ അവസരവാദമാണ്. താങ്കളുടെ വീടിന്റെ പരിസരത്ത് പകർച്ച വ്യാധി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ താങ്കളുടെ പറമ്പിലെ തേങ്ങ പറിക്കാനും വീട് പെയിന്റ് ചെയ്യാനും താങ്കൾ മേല്പറഞ്ഞ ഐഡി യുള്ള തൊഴിലാളികളെ അനുവദിക്കുമെന്ന് പ്രദീക്ഷിച്ചു കൊള്ളട്ടെ..