സി.പി.ഐ പാർട്ടി കോൺഗ്രസ്,​ ​​​​​​​ഇന്ത്യൻ ഇടതുപക്ഷത്തോട്​ പറയുന്നത് | മുസാഫിർ

മതേതര ഇടതുപക്ഷ വിശാലവേദിയെന്ന് സി.പി.ഐ കാലാകാലങ്ങളിലായി പറഞ്ഞുപോരുന്ന ആശയം ഇന്നും ആകാശകുസുമം മാത്രമാണ്. ഈ വേദിയെ ഒരു ഫാഷിസ്റ്റ് വിരുദ്ധ ബദൽ മൂവ്മെന്റായി വളർത്തിയെടുക്കാൻ, സി.പി.ഐക്ക് കഴിഞ്ഞിട്ടില്ല എന്ന യാഥാർഥ്യം അതിന്റെ നേതാക്കൾക്ക് പോലുമറിയാം. പാർട്ടി കോൺഗ്രസിനു മുന്നോടിയായുള്ള സംസ്ഥാനസമ്മേളന രാഷ്ട്രീയ പ്രമേയത്തിൽ ഇക്കാര്യം കുറ്റസമ്മതത്തോടെ വ്യക്തമാക്കിയിട്ടുമുണ്ട്.

ർവരാജ്യത്തൊഴിലാളികളേ സംഘടിക്കുവിൻ,
സംഘടിച്ച് സംഘടിച്ച് ശക്തരാകുവിൻ...
വോൾഗാ നദിയുടെ തരംഗമാലകളിതേറ്റു പാടുന്നു...
എഴുപതുകളിലെ കേരളീയ യുവത്വത്തിന്റെ സിരകളെയത്രയും സമരോൽസുകമാക്കിയ ഈ വരികളെഴുതിയ വയലാർ രാമവർമ, സി.പി.ഐയുടെ ഒമ്പതാം പാർട്ടി കോൺഗ്രസ് കൊച്ചിയിൽ നടക്കുമ്പോൾ ശോണശോഭ തുടിച്ച വേദിയിൽനിന്ന് പ്രസംഗം തുടങ്ങി. അന്ന് പ്രീഡിഗ്രി ഒന്നാം വർഷ വിദ്യാർഥിയായിരുന്ന ഈ ലേഖകൻ വൻജനക്കൂട്ടത്തിലൊരു ബിന്ദുവായി ഉണ്ടായിരുന്നു.

സ്വാഗതസംഘത്തിനുവേണ്ടി എം.എൻ ഗോവിന്ദൻ നായർ, വേദിയിലുള്ളവരെ പരിചയപ്പെടുത്തിയ കൂട്ടത്തിൽ സോവിയറ്റ്​ കമ്യൂണിസ്റ്റ് പാർട്ടി യുവജന നേതാവ് ദീൻ മുഹമ്മദ് അഹമ്മദോവിച്ച് കുനയേവുമുണ്ടായിരുന്നു. ആ പേര് ദീർഘമായി ഉച്ചരിക്കാതെ, എം.എൻ. സ്വതസ്സിദ്ധ ശൈലിയിൽ പറഞ്ഞു: നമുക്ക് ഈ റഷ്യൻ സഖാവിനെ ദീൻ മുഹമ്മദ് അഹമ്മദ് കുഞ്ഞി എന്നു വിളിക്കാം. സദസ്സ് ആർത്തുചിരിച്ചു.

ദീപാങ്കർ ഭട്ടാചര്യ, സീതാറാം യെച്ചൂരി, ഡി. രാജ

വയലാർ രാമവർമയുടെ കവിത തുടിച്ച പ്രസംഗം ഇങ്ങനെയാണ് തുടങ്ങിയത്: ആരവമുഖരിതമായ ഈ ജനമഹാസാഗരത്തിനുമുമ്പിൽ നിൽക്കുമ്പോൾ അലതല്ലുമാവേശത്തിന്റെ ഉന്നത ഗിരിശൃംഗമേറിയിരിക്കുന്നു, ഞാൻ.

അറബിക്കടലിനെ ഇളക്കിമറിച്ച ചുവന്ന റാലി, ഉയർന്നുപാറിയ ചുവപ്പൻ കൊടികൾ, അത്യുജ്വല പ്രസംഗങ്ങൾ... എല്ലാം അമ്പതുവർഷത്തിനിപ്പുറം ഓർമയിലേക്കോടിയെത്തിയത് ചരിത്രനഗരമായ വിജയവാഡയിലെ സി.പി.ഐ 24ാം പാർട്ടി കോൺഗ്രസിന്റെ വാർത്തകളും ദൃശ്യങ്ങളും കണ്ടപ്പോഴാണ്.

കമ്യൂണിസ്റ്റ് പാർട്ടി രൂപീകരണത്തിനുശേഷം, രാജ്യവും ഇടതുപക്ഷ പ്രസ്ഥാനങ്ങളും, വിശേഷിച്ച്​ മതേതര ജനാധിപത്യശക്തികൾ പൊതുവിലും കനത്ത വെല്ലുവിളി നേരിടുന്ന, ഏറ്റവും അപകടകരമായ സാമൂഹിക സാഹചര്യത്തിലാണ് വിജയവാഡയിൽ സി.പി.ഐ പാർട്ടി കോൺഗ്രസ് നടക്കുന്നത്. ഇടതുപക്ഷ കക്ഷികളുടെ അസ്തിത്വം പോലും അപകടത്തിലായേക്കാവുന്ന അവസ്ഥ. അറുപതോളം സീറ്റുകളുടെ പാർലമെന്ററി കരുത്തിന്റെ പിൻബലമുണ്ടായിരുന്ന ഇടതുപക്ഷ സുവർണകാലത്തിന്റെ നഷ്ടസ്വപ്നങ്ങൾ മാത്രമാണ് ഇന്ന് സി.പി.ഐക്കും സി.പി.എമ്മിനും അനുതാപപൂർവം അയവിറക്കാനുള്ളത്.

1996- 98 കാലഘട്ടത്തിലെ ഇന്ത്യൻ പ്രതീക്ഷയായിരുന്നു ഇരു കമ്യൂണിസ്റ്റ് പാർട്ടികളും. ജ്യോതിബസു, സോമനാഥ് ചാറ്റർജി, ഇന്ദ്രജിത് ഗുപ്ത, ചതുരാനൻ മിശ്ര കാലം, ഇന്നുമൊരു പൊയ്‍പ്പോയ വസന്തസ്മൃതി മാത്രം. കേന്ദ്രഭരണത്തിന്റെ കിംഗ്​മേക്കർ പദവിയിൽ നിന്നാണ് ഇടതുപക്ഷം പൊടുന്നനവെ നിലംപതിച്ചത്. ജനപ്രിയതയുടെ 23 ശതമാനത്തിൽ നിന്ന് ഏഴു ശതമാനത്തിലേക്കുള്ള പരിതാപകരമായ പതനം. ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയേറ്റ സമകാലിക ഇന്ത്യൻ പരിതോവസ്ഥയിൽ, ഒരുവേള അടുത്ത തെരഞ്ഞെടുപ്പ് വർഷത്തോടെ ദേശീയപാർട്ടിയെന്ന വിലാസം പോലും ഇരു പാർട്ടികൾക്കും നഷ്ടപ്പെട്ടേക്കാം.

ഇന്ദ്രജിത് ഗുപ്ത, ഹിരൺ മുഖർജി, എസ്.എം ബാനർജി, ഭൂപേഷ് ഗുപ്ത, എൻ.കെ. കൃഷ്ണൻ, യോഗീന്ദ്രശർമ തുടങ്ങി ലോക്​സഭയിലെയും രാജ്യസഭയിലേയും ഗർജിക്കുന്ന സിംഹങ്ങളുടെ കരുത്തുറ്റ നിരയായിരുന്നു സി.പി.ഐ ബെഞ്ചുകൾ. ഇന്നിപ്പോൾ ലോക്​സഭയിലെ രണ്ടും രാജ്യസഭയിലെ രണ്ടും സീറ്റുകളിലൊതുങ്ങിപ്പോയ, അതിദയനീയാവസ്ഥയിൽ നിന്ന് പാർലമെന്ററി രംഗത്തെ സി.പി.ഐയുടെ തിരിച്ചുവരവിന് എന്തുചെയ്യാനാവുമെന്ന പാർട്ടി പരിപാടി വിജയവാഡ കോൺഗ്രസിൽ ചർച്ച ചെയ്തേക്കുമെന്ന് കരുതുക.

ഇന്ത്യൻ നാഷനൽ കോൺഗ്രസിനോടുള്ള, അന്നോളം പുലർത്തിപ്പോന്ന നയസമീപനത്തിൽ മാറ്റം വരുത്തുകയും അവരോടുള്ള ഐക്യവും സമരവുമെന്ന സിദ്ധാന്തത്തിൽ തിരുത്തുവരുത്തുകയും ചെയ്തതാണോ പാർട്ടി തകർച്ചയ്ക്ക് കാരണമായി വന്നുഭവിച്ചതെന്ന വിമർശന സ്വയംവിമർശനം, ഭട്ടിൻഡാ പാർട്ടി കോൺഗ്രസിനുശേഷം തുടർന്നുള്ള കോൺഗ്രസുകളിൽ നടത്തിയിട്ടുണ്ടാവാം. ഭട്ടിൻഡാ പാർട്ടി കോൺഗ്രസെടുത്ത രാഷ്ട്രീയതീരുമാനം ശരിയോ തെറ്റോ എന്ന കാര്യത്തിൽ ഇപ്പോഴും പാർട്ടി അണികൾക്കിടയിൽ ആശയപരമായ അവ്യക്തത നിലനിൽക്കുന്നുണ്ട് എന്നതാണ് സത്യം.

കമ്യൂണിസ്റ്റ് ഐക്യം, കമ്യൂണിസ്റ്റ് ലയനം എന്നൊക്കെ സന്ദർഭോചിതമായി സി.പി.ഐ പറയുമ്പോഴും, അതേക്കുറിച്ച് ക്രിയാത്മകമായി പ്രതികരിക്കേണ്ട സി.പി.എം അതിനോട് മുഖം തിരിക്കുകയും ഇപ്പോഴും രാഷ്ട്രീയഅപ്രമാദിത്തം പുലർത്തിത്തന്നെ, പരിഹാസത്തോടെ ആ മുദ്രാവാക്യത്തെ സമീപിക്കുകയും ചെയ്യുന്നു. കമ്യൂണിസ്റ്റ് ഐക്യത്തെ സി.പി.എം മരീചികയായോ, സി.പി.ഐയുടെ ദിവാസ്വപ്നമായോ ആണ് കാണുന്നത്. വിജയവാഡ പാർട്ടി കോൺഗ്രസ് പക്ഷേ ഇക്കാര്യത്തിൽ നയംമാറ്റത്തിന്റെ പുതിയ തീരുമാനങ്ങളൊന്നും അംഗീകരിക്കാനുള്ള സാധ്യതയും കാണുന്നില്ല.

ഇന്ദ്രജിത് ഗുപ്ത, ചതുരാനൻ മിശ്ര, സോമനാഥ് ചാറ്റർജി, ജ്യോതിബസു

മതേതര ഇടതുപക്ഷ വിശാലവേദിയെന്ന് സി.പി.ഐ കാലാകാലങ്ങളിലായി പറഞ്ഞുപോരുന്ന ആശയം ഇന്നും ആകാശകുസുമം മാത്രമാണ്. ഈ വേദിയെ ഒരു ഫാഷിസ്റ്റ് വിരുദ്ധ ബദൽ മൂവ്മെന്റായി വളർത്തിയെടുക്കാൻ, സി.പി.ഐക്ക് കഴിഞ്ഞിട്ടില്ല എന്ന യാഥാർഥ്യം അതിന്റെ നേതാക്കൾക്ക് പോലുമറിയാം. പാർട്ടി കോൺഗ്രസിനു മുന്നോടിയായുള്ള സംസ്ഥാനസമ്മേളന രാഷ്ട്രീയ പ്രമേയത്തിൽ ഇക്കാര്യം കുറ്റസമ്മതത്തോടെ വ്യക്തമാക്കിയിട്ടുമുണ്ട്. മതം ഒരു മാനദണ്ഡമാക്കുകയും പൗരത്വപ്രശ്നം കത്തിനിൽക്കുകയും ചെയ്ത കരാളഘട്ടത്തിൽ രാജ്യത്തെ ഇടതുപക്ഷ കക്ഷികളോടൊപ്പം നിന്ന് സി.പി.ഐ നടത്തിയ പോരാട്ടം പക്ഷേ സ്തുത്യർഹമായിരുന്നു. പാർലമെന്റ് പാസാക്കിയ കോർപറേറ്റനുകൂല, കർഷക വിരുദ്ധബില്ലുകൾ പിൻവലിക്കേണ്ടി വന്നതും സി.പി.ഐ ഉൾപ്പെടെയുള്ള പ്രസ്ഥാനങ്ങളുടെ സമരതീക്ഷ്ണമായ ഇടപെടൽ കൊണ്ടു കൂടിയാണ്. ഇന്ത്യൻ ഭരണഘടനയെപ്പോലും തങ്ങളുടെ അഭീഷ്ടത്തിനു വഴങ്ങി ഉടച്ചുവാർക്കാനുള്ള പുറപ്പാടിനിടെയാണ് ഇന്ത്യയിലെ ഇടതുപക്ഷത്തിന്റെ പ്രതിനിധികളുടെ കൂട്ടായ്മ ഒരുമിച്ചു ചേരുന്നത് എന്നതും മതത്തിന്റെ പേരിൽ ഭിന്നിപ്പ് സൃഷ്ടിക്കുന്ന സംഘ്പരിവാർ ശക്തികൾ പിടിമുറുക്കുന്ന ജീർണകാലത്ത് പ്രതീക്ഷയുടെ പുതിയ തുരുത്തുകൾ സൃഷ്ടിക്കാൻ, മതനിരപേക്ഷതയിലും ജനാധിപത്യത്തിലും പൂർണമായി വിശ്വാസമർപ്പിക്കുന്നവരുടെ വിശാലവേദിയെന്ന ആശയമാണ് സി.പി.ഐ പാർട്ടി കോൺഗ്രസിന്റെ രാഷ്ട്രീയ പ്രമേയങ്ങൾ മുന്നോട്ടു വെക്കുകയെന്നും വിശ്വസിക്കാം.

ലോക കമ്യൂണിസ്റ്റ് പാർട്ടികളിലെ പുതിയ ചലനങ്ങളെക്കുറിച്ച് വിജയവാഡയിൽ വിദേശ പ്രതിനിധികൾ സംസാരിച്ചതും അതിനോടുള്ള പ്രതികരണങ്ങളും ഇന്ത്യൻ പാർട്ടിയുടെ വളർച്ചയിലും പ്രതിഫലനങ്ങളുണ്ടാക്കിയേക്കും.
ക്യൂബൻ കമ്യൂണിസ്റ്റ് പാർട്ടി സെൻട്രൽ കമ്മിറ്റി മെംബർ അലെജാൻഡ്രോ സിമൻകാസ് മറി, (ഫിഡൽ കാസ്ട്രോയുടെയും ചെഗുവേരയുടേയും പാർട്ടി), ഷിൻഗെ മൈക്കേൽ മഡാല, പ്രിം റോസ് നൊമാറഷിയ (ദക്ഷിണാഫ്രിക്കൻ കമ്യൂണിസ്റ്റ് പാർട്ടി- നെൽസൺ മണ്ടേല കമ്യൂണിസ്റ്റ് പാർട്ടി അംഗമായിരുന്നു. ബിഷപ്പ് ഡെസ്​മണ്ട്​ ടുട്ടു എന്നും പ്രസ്ഥാനത്തിന്റെ സഹയാത്രികൻ, വിപ്ലവ പ്രസ്ഥാനത്തിന്റെ സുഹൃത്ത് ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്) മുഹമ്മദ് ഷാ (ബംഗ്ലാദേശ് കമ്യൂണിസ്​റ്റ്​ പാർട്ടി), ആൻറ്​ ടൊറെ പാസ്‌കൽ, ഗോറിയേറിക് മെലിൻ (ഫ്രഞ്ച് കമ്യൂണിസ്​റ്റ്​ പാർട്ടി), നികോസ് സെറെടാക്കിസ് (ഗ്രീസ്, കമ്യൂണിസ്​റ്റ്​ പാർട്ടി), കെ. മഹാ വോ ങ് (ലാവോസ് ) ഗുറേറിയ പെട്രോ (പോർച്ചുഗൽ), ചെൻ ജിയാൻ ജുൻ (ചൈന) ബസ്‌കോട്ട (നേപ്പാൾ ) അഹമ്മദ് തുഗോസ് (പലസ്തീൻ ) എന്നിവരടക്കം 17 രാജ്യങ്ങളിലെ പ്രതിനിധികളാണ് വിജയവാഡ കോൺഗ്രസിനെ അഭിസംബോധന ചെയ്തത്.

സി.പി.ഐ. 24 ാം പാർട്ടി കോൺഗ്രസിൽ നിന്നും

കോൺഗ്രസ് വിരോധം മാറ്റി നിർത്തി, കോൺഗ്രസിനെക്കൂടി ഉൾപ്പെടുത്തിയുള്ള ഐക്യനിരയാണ് ഇന്നത്തെ ഇന്ത്യൻ അവസ്ഥ ആവശ്യപ്പെടുന്നത്. ദേശീയ ഭൂപടത്തിൽ ഇടതുപക്ഷത്തിന്റെ പ്രസക്തി ഇല്ലാതാകരുത് എന്ന് ചിന്തിക്കുന്ന മുഴുവൻ ജനങ്ങളേയും മോദി ഭരണത്തിന്റെ കെടുതികൾക്കെതിരെ അണി
നിരത്താനുള്ള പോരാട്ടത്തിന് വിജയവാഡ വഴിയൊരുക്കുമെന്ന് കരുതാം. സി.പി.ഐയുടെ ഹൈദരാബാദ് സംസ്ഥാനകമ്മിറ്റി ഓഫീസ്, വിപ്ലവകവിയും ആദ്യകാല കമ്യൂണിസ്റ്റ് നേതാവുമായ മഖ്ദൂം മൊഹിയുദ്ദീന്റെ പേരിലുള്ളതാണ്. അദ്ദേഹത്തിൽ നിന്ന് കമ്യൂണിസം പഠിച്ച ഷമീം ഫൈസി, മരിക്കുന്നതുവരെ സി.പി.ഐയുടെ ഔദ്യോഗിക വക്താവായിരുന്നു. ഷമീം ഫൈസി, സി. രാജേശ്വരറാവു തുടങ്ങിയ പ്രാതഃസ്മരണീയരായ നിരവധിയാളുകളുടെ പേരിലുയർന്ന പാർട്ടി കോൺഗ്രസ് നഗറുകളിൽ നിന്ന് മൂന്നുനാൾ കൂടി കഴിഞ്ഞ്
തിരികെപ്പോകുന്ന പാർട്ടി കോൺഗ്രസ് പ്രതിനിധികൾ, പുതിയ കാലത്തിന്റെ വെല്ലുവിളികൾ നേരിടാൻ സജ്ജമാകുമെന്ന് കൂടി ആശിക്കുക.
വിപ്ലവ സ്വപ്നങ്ങൾ തളിരിട്ട വിജയവാഡയിലെ കൃഷ്ണാനദിയുടെ തംരഗമാലകളും ഇന്ത്യൻ ഇടതുപക്ഷത്തോട് മന്ത്രിക്കുന്നുണ്ടാകണം: സംഘടിച്ച് സംഘടിച്ച് ശക്തരാകുവിൻ.

Comments