പല വേഷത്തില്‍, പല ഭാഷയില്‍, പല ശൈലിയില്‍, പല രൂപത്തില്‍ കണ്ണൂരിലെ ജവഹര്‍ സ്റ്റേഡിയത്തില്‍ രാജ്യത്തെ അടിസ്ഥാന ജനതയുടെ ജീവത്സമര മുദ്രാവാക്യങ്ങള്‍ ഉച്ചത്തില്‍ വിളിച്ചവര്‍, തങ്ങള്‍ നിലകൊള്ളുന്ന സമരഭൂമികയുടെ രാഷ്ട്രീയ ഭാഗദേയം അടയാളപ്പെടുത്തുകയായിരുന്നു. പല സംസ്ഥാനങ്ങളില്‍ നിന്നും കണ്ണൂരിലെത്തിയ സി.പി.എം പ്രവര്‍ത്തകരുമായുള്ള സംസാരത്തിലൂടെ ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ വൈവിധ്യമാര്‍ന്ന സമരവിശാലതയെ അടയാളപ്പെടുത്തുകയാണിവിടെ
12 Apr 2022, 05:42 PM
'എല്ലാത്തിനും മേല്‍ എന്‍ പേര് സ്റ്റാലിന്‍...' എന്ന തമിഴ്‌നാട് മുഖ്യമന്ത്രിയുടെ പഞ്ച് ഡയലോഗും കെ. സുധാകരന്റെ വിലക്കിനെ മറികടന്നുകൊണ്ടുള്ള കെ.വി. തോമസിന്റെ മാസ് എന്‍ട്രിയും മാത്രമായിരുന്നില്ല കണ്ണൂരില്‍ നടന്ന സി.പി.എമ്മിന്റെ ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസ്. ഇന്ത്യയുടെ നാനാഭാഗങ്ങളില്‍ നിന്നുള്ള കമ്യൂണിസ്റ്റ് പോരാളികളുടെ സംഗമവേദിയായിരുന്നു അത്. ഭൂതകാലത്തില്‍ ഇന്ത്യയിലെ പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ പ്രബല സ്ഥാനമുണ്ടായിരുന്ന പ്രസ്ഥാനം, മാറി വന്ന രാഷ്ട്രീയ സാഹചര്യങ്ങളില്‍ പലവിധ തിരിച്ചടികളെ അതിജീവിക്കാനാവാതെ തകര്‍ച്ചകള്‍ നേരിടുമ്പോഴും ഇച്ഛാശക്തി കൈവിടാത്ത സമരമനുഷ്യരുടെ കൂടിച്ചേരല്‍.
ഫാസിസ്റ്റ് ഇന്ത്യയില്‍ രാഷ്ട്രീയമായി ഉയര്‍ന്നുവന്ന കര്‍ഷക - തൊഴിലാളി - വിദ്യാര്‍ത്ഥി ചെറുത്തുനില്‍പുകളിലെ കമ്യൂണിസ്റ്റ് സാന്നിധ്യം, കോര്‍പ്പറേറ്റ് ഹിന്ദുത്വത്തിന്റെ ഇന്ത്യന്‍ രാഷ്ട്രീയ പദ്ധതികള്‍ക്കെതിരായ പ്രതിരോധങ്ങളില്‍ സി.പി.എം എന്ന ഇന്ത്യയിലെ ഏറ്റവും വലിയ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ഇനിയും നിര്‍വഹിക്കാനുള്ള പങ്ക് വിളിച്ചോതുന്നവയായിരുന്നു. ഈ രാഷ്ട്രീയ പശ്ചാത്തലത്തില്‍ നിന്ന് കൂടി സി.പി.എമ്മിന്റെ ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിനെ വിലയിരുത്തേണ്ടതുണ്ട്.
തെലങ്കാനയുടെയും തേഭാഗയുടെയും മണ്ണില്‍ നിന്ന് കയ്യൂരിന്റെ ഓര്‍മകളുറങ്ങുന്ന കണ്ണൂരിലേക്ക് പുറപ്പെട്ടവര്‍. ഐതിഹാസികമായ കര്‍ഷക - തൊഴിലാളി സമര ഭൂമിയില്‍ നിന്ന്, രക്തസാക്ഷി ഗ്രാമങ്ങളില്‍ നിന്ന്, മുദ്രാവാക്യങ്ങളവസാനിക്കാത്ത സമരകേന്ദ്രങ്ങളില്‍ നിന്ന് കമ്യൂണിസ്റ്റ് വിപ്ലവകാരികള്‍ പുറപ്പെട്ടത് അവരുടെ പ്രസ്ഥാനം രാജ്യത്തെ അതിന്റെ ഏറ്റവും വലിയ ശക്തികേന്ദ്രത്തില്‍ സംഘടിപ്പിക്കുന്ന സമ്മേളനത്തിന്റെ ഭാഗമാകാനാണ്. പല വേഷത്തില്‍, പല ഭാഷയില്‍, പല ശൈലിയില്‍, പല രൂപത്തില്‍ കണ്ണൂരിലെ ജവഹര്‍ സ്റ്റേഡിയത്തില്‍ രാജ്യത്തെ അടിസ്ഥാന ജനതയുടെ ജീവത്സമര മുദ്രാവാക്യങ്ങള്‍ ഉച്ചത്തില്‍ വിളിച്ചവര്‍, തങ്ങള്‍ നിലകൊള്ളുന്ന സമരഭൂമികയുടെ രാഷ്ട്രീയ ഭാഗദേയം അടയാളപ്പെടുത്തുകയായിരുന്നു. പല സംസ്ഥാനങ്ങളില്‍ നിന്നും കണ്ണൂരിലെത്തിയ സി.പി.എം പ്രവര്‍ത്തകരുമായുള്ള സംസാരത്തിലൂടെ ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ വൈവിധ്യമാര്‍ന്ന സമരവിശാലതയെ അടയാളപ്പെടുത്തുകയാണിവിടെ.

‘വീര തെലങ്കാന’
കണ്ണൂരിൽ, 23ാം സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിന്റെ അവസാന ദിവസം. രാവിലെ, പൊതു സമ്മേളനം നടക്കാനിരിക്കുന്ന സ്റ്റേഡിയത്തിന്റെ പടവുകളില്‍ നിന്ന് "വീര തെലങ്കാന....' എന്ന് തുടങ്ങുന്ന മുദ്രാവാക്യം മുഴങ്ങുന്നു. തലേന്ന് രാത്രി ആ പടവുകളില്‍ കഴിച്ചുകൂട്ടിയവര്‍ സമ്മേളനത്തിന്റെ സമാപന ദിവസത്തെ വരവേല്‍ക്കുകയാണ്. അടുത്തുചെന്ന് സംസാരിച്ചു, ആന്ധ്രയിലെ കുര്‍നൂലില്‍ നിന്ന് വന്ന സി.ഐ.ടി.യു പ്രവര്‍ത്തകരാണ്.
കോട്ടന്‍ മില്ലുകളുടെ നഗരമായിരുന്നു ആന്ധ്ര പ്രദേശിലെ കുര്‍നൂല്‍. നാഷണല്‍ കോട്ടന്‍ മില്‍സ് അടക്കമുള്ള അനേകം പൊതുമേഖലാ സ്ഥാപനങ്ങളില്‍ അക്കാലങ്ങളില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് പേര്‍ തൊഴിലെടുത്തിരുന്നു. അതിവേഗം വളര്‍ന്നുകൊണ്ടിരുന്ന കുര്‍നൂല്‍ നഗരം സെക്കൻറ് മുംബൈ എന്നാണ് അന്ന് അറിയപ്പെട്ടിരുന്നത്. തൊണ്ണൂറുകളില്‍ രാജ്യത്ത് നടപ്പിലാക്കപ്പെട്ട ആഗോളവത്കരണ - ഉദാരവത്കരണ നയങ്ങള്‍ കുര്‍നൂല്‍ നഗരത്തിന്റെ പില്‍ക്കാല ഭാവിയെ തിരുത്തിയെഴുതി. വിദേശരാജ്യങ്ങളില്‍ നിന്നുള്ള പരുത്തി ഇറക്കുമതി ആരംഭിച്ചതോടെ നഗരത്തിലെ കോട്ടണ്‍മില്ലുകള്‍ ഓരോന്നായി അടച്ചുപൂട്ടി. തൊഴിലാളികള്‍ പെരുവഴിയിലായി.
കമ്പനികള്‍ പൂട്ടുന്നതിനെതിരെ തൊഴിലാളികള്‍ വലിയ സമരങ്ങള്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല. പതിനായിരക്കണക്കിന് തൊഴിലാളി കുടുംബങ്ങളുടെ വരുമാനം നിലച്ചു. ജീവിക്കാന്‍ നിവൃത്തിയില്ലാതായ തൊഴിലാളികള്‍ മറ്റിടങ്ങളിലേക്ക് കൂട്ടമായി പലായാനം ചെയ്തു. കമ്പനികള്‍ തുറന്നു പ്രവര്‍ത്തിക്കണമെന്നാവശ്യപ്പെട്ട് തൊണ്ണൂറുകളുടെ അവസാനത്തില്‍ തൊഴിലാളികളുടെ മുന്‍കൈയില്‍ വലിയ പ്രക്ഷോഭങ്ങള്‍ നടന്നു. ഈ സമരങ്ങളാണ് കുര്‍നൂലിലെ തൊഴിലാളികള്‍ക്കിടയില്‍ സി.ഐ.ടി.യുവിനും അതുവഴി സി.പി.എമ്മിനും വലിയ അടിത്തറയുണ്ടാക്കിയത്.

കുര്‍നൂലില്‍ നിന്ന് മാത്രം അഞ്ഞൂറിലധികം പേര്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാൻ കണ്ണൂരിലെത്തിയിട്ടുണ്ടെന്നാണ് സംഘത്തിന്റെ തലവനും അദോനി ടൗണ്‍ സി.ഐ.ടി.യു സെക്രട്ടറിയുമായ പി.എസ്. ഗോപാല്‍ പറഞ്ഞത്. ആന്ധ്രയിലെ പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വലിയ സ്വാധീനം ഇപ്പോഴില്ലെങ്കിലും ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും തൊഴിലാളികള്‍ക്കിടയില്‍ അവകാശ സമരങ്ങളുമായി ബന്ധപ്പെട്ട് കമ്യൂണിസ്റ്റ് പാര്‍ട്ടി സമരങ്ങളില്‍ തന്നെയാണെന്നാണ് പി.എസ്. ഗോപാല്‍ പറയുന്നത്.

കണ്ണൂരില്‍ വന്ന് മുറിയെടുത്ത് താമസിക്കാനുള്ള വകയൊന്നും ഗോപാലിനും സംഘത്തിനുമുണ്ടായിരുന്നില്ല. സമ്മേളന നഗരിയായ സ്‌റ്റേഡിയത്തിന്റെ പടവുകളില്‍ തുണി വിരിച്ച് കിടന്നുറങ്ങി. രാത്രിയില്‍ ഹാലൊജന്‍ ബള്‍ബുകള്‍ക്കുകീഴില്‍ കൂട്ടമായിരുന്ന് വീര തെലങ്കാന യുടെ സമരഗീതങ്ങള്‍ പാടി. മല്ലുസ്വരാജ്യത്തെയും പി. സുന്ദരയ്യെയെയും കുറിച്ചുള്ള മുദ്രാവാക്യങ്ങള്‍ വിളിച്ചു. അര്‍ത്ഥം മനസ്സിലാക്കാനാകാതെ കേട്ടുനിന്ന മലയാളി പ്രവര്‍ത്തകര്‍ അവരെ മുഷ്ടി ചുരുട്ടി അഭിവാദ്യം ചെയ്തു.
ഖനി തൊഴിലാളികളുടെ സഖാവ്
പാർട്ടി കോണ്‍ഗ്രസിന്റെ ഭാഗമായ കൂറ്റന്‍ റെഡ് വളണ്ടിയര്‍ മാര്‍ച്ചിന്റെ ദൃശ്യങ്ങള്‍ വീഡിയോ കോളിലൂടെ തന്റെ ഗ്രാമത്തിലെ കുട്ടികള്‍ക്ക് കാണിച്ചുകൊടുക്കുന്ന ഒരു സമ്മേളന പ്രതിനിധിയെ കണ്ടു. സ്‌കൂള്‍ കുട്ടികളായിരുന്നു വീഡിയോ കോളിന്റെ മറുഭാഗത്തുണ്ടായിരുന്നത്. ‘നമ്മുടെ നാട്ടിലേത് പോലയല്ല, കണ്ടില്ലേ... കേരളത്തില്‍ നമ്മുടെ പാര്‍ട്ടിക്ക് ഇത്രയധികം ആളുകളുണ്ട്' എന്നാണദ്ദേഹം കുട്ടികളോട് പറയുന്നത്. ഝാര്‍ഖണ്ഡിലെ കോഡര്‍മയിലെ മൈക്ക ഖനികളില്‍ ജോലി ചെയ്യുന്ന തൊഴിലാളി കുടുംബങ്ങളിലെ കുട്ടികളോടായിരുന്നു സഞ്ജയ് പാസ്‌വാന്‍ എന്ന ആ യുവാവ് സംസാരിച്ചിരുന്നത്.
ആഗോള സൗന്ദര്യവര്‍ധകവസ്തുവിപണയിലെ ഏറ്റവും വലിയ അസംസ്‌കൃത വസ്തുവാണ് മൈക്ക. ഝാര്‍ഖണ്ഡ് ബീഹാര്‍ അതിര്‍ത്തിയിലെ ഖനികളില്‍ നിന്നാണ് ലോകത്ത് ലഭ്യമാകുന്ന മൈക്കയുടെ അറുപത് ശതമാനവുമെത്തുന്നത്. ലോകത്തിന് സൗന്ദര്യത്തിന്റെ മേലാപ്പ് ചാര്‍ത്താനായി ജീവിതം കുരുതി കൊടുക്കുന്ന ജനങ്ങളാണ് ഝാര്‍ഖണ്ഡ് ബീഹാര്‍ അതിര്‍ത്തികളിലെ ഖനനഗ്രാമങ്ങളിലുള്ളത്. ഇവിടുത്തെ കുഞ്ഞുങ്ങളുടെ ചേരക്കുരുതിയില്‍ നിന്ന് കൂടിയാണ് ലോകം മുഖം മിനുക്കുന്നത്. ഇരുപതിനായിരത്തിലധികം കുട്ടികളാണ് മൈക്ക ഖനികളില്‍ അങ്ങേയറ്റം അപകട സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്നത്. ഇന്ത്യയിലിന്നും നിലനില്‍ക്കുന്ന ഗുരുതരമായ ബാലവേലയുടെ ചിത്രം. ഓരോ വര്‍ഷവും നിരവധി കുട്ടികള്‍ അപകടത്തില്‍ പെട്ട് മരിക്കുന്നുണ്ട്. അനേകം കുട്ടികള്‍ കൈകാലുകളൊടിഞ്ഞും മുറിവേറ്റും കിടപ്പിലാകുന്നുണ്ട്.

തന്റെ ഗ്രാമത്തിലെ മറ്റനേകം കുട്ടികളെ പോലെ തന്നെ ചെറുപ്രായത്തില്‍ ഖനികളുടെ ഉള്‍ച്ചൂടില്‍ ജീവിതത്തിന്റെ ഭാരവും വേദനയും വിശപ്പുമറിഞ്ഞ് വളര്‍ന്നവനാണ് സഞ്ജയ് പാസ്‌വാന്‍. കടുത്ത ദാരിദ്ര്യം മൂലം കൂട്ടുകാരില്‍ പലരും പഠനം നിര്‍ത്തിയപ്പോഴും, പഠനത്തില്‍ മിടുക്കനായിരുന്ന സഞ്ജയ് പിന്‍മാറിയില്ല. ഖനിമേഖലകളില്‍ സഹായങ്ങളുമായെത്തിയ ചില സന്നദ്ധ സംഘടനളുടെ പിന്തുണയോടെ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഉന്നത പഠനത്തിന് വിനോഭ ബാവ സര്‍വകലാശാലയക്ക് കീഴിലുള്ള ജെ.ജെ. കോളേജില്‍ എത്തിയപ്പോഴാണ് ഇടതുപക്ഷ പ്രസ്ഥാനങ്ങളെ പരിചയപ്പെടുന്നത്. കോളേജില്‍ ഫീസ് വര്‍ധനവിനെതിരെ നടന്ന സമരങ്ങളിലൂടെ ആദ്യം എസ്.എഫ്.ഐയുടെയും പിന്നീട് ഡി.വൈ.എഫ്.ഐയുടെയും ഭാഗമായി. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളാരും തിരിഞ്ഞുനോക്കാത്ത തന്റെ ഗ്രാമത്തിലെ യുവാക്കളെയെല്ലാം ചേര്‍ന്ന് ഡി.വൈ.എഫ്.ഐ യുടെ പ്രാദേശിക യൂണിറ്റിന് രൂപം നല്‍കി. ജനകീയമായി പുസ്തകങ്ങള്‍ സംഘടിപ്പിച്ച് വായനശാലക്ക് രൂപം നല്‍കി. നിരക്ഷരതയാണ് തന്റെ ഗ്രാമത്തിന്റെ പിന്നോക്കാവസ്ഥയ്ക്കും ദാരിദ്ര്യത്തിനും പ്രധാന കാരണമെന്ന് സഞ്ജയ് പാസ്വാന്‍ പറയുന്നു. കോഡര്‍മയിലെ ഖനി തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സഞ്ജയ് പാസ്വാനും സംഘവും ഏറ്റവും പ്രാധാന്യം നല്‍കുന്നത് ഖനിതൊഴിലാളി കുടുംബങ്ങളിലെ കുട്ടികളുടെ പഠനം മുടങ്ങാതിരിക്കാനാണ്.
എ.കെ.ജിയുടെ പ്രസംഗം വായിച്ച് കമ്യൂണിസ്റ്റായവര്‍
അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെടുമ്പോള്‍ അസമിലെ ബര്‍പേട ജില്ലയിലെ സരുഖേത്രി സ്‌കൂളില്‍ വിദ്യാര്‍ത്ഥിയായിരുന്നു ജഗത് ബര്‍മന്‍. ഗുവാഹത്തി നഗരത്തില്‍ ജോലി ചെയ്തിരുന്ന ഏതാനും കമ്യൂണിസ്റ്റുകാര്‍ അക്കാലത്ത് ബര്‍പേടയിലുണ്ടായിരുന്നു. അവരാണ് അടിയന്തരാവസ്ഥക്കെതിരായ എ.കെ.ജിയുടെ പ്രസംഗം അസമിസ് ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തതിന്റെ കോപ്പികള്‍ വിതരണം ചെയ്യുന്നതിനായി അതിനകം തന്നെ വിദ്യാര്‍ത്ഥി പോരാളിയായിരുന്ന ജഗത് ബര്‍മനെ ഏല്‍പ്പിക്കുന്നത്. നിയോഗിക്കപ്പെട്ട കൃത്യം ഭംഗിയായി നിര്‍വഹിച്ച ജഗത് ബര്‍മനെ പൊലീസ് പിടികൂടി. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കേസില്‍ നിന്ന് പുറത്തുകടന്നെങ്കിലും ഉള്ളില്‍ തറച്ച എ.കെ.ജിയുടെ വാക്കുകളുടെ പ്രഹരങ്ങളില്‍ നിന്ന് ജഗത് ബര്‍മന് പുറത്തുകടക്കാനായില്ല. വിദ്യാര്‍ത്ഥിയായിരിക്കെ തന്നെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭാഗമായി.

അചിന്ത ഭട്ടാചാര്യയുടെയും നന്ദേശ്വര്‍ താലുക്ദാറിന്റെയും മുന്‍കൈയില്‍ ഗുവാഹത്തി കേന്ദ്രീകരിച്ച് നടന്ന സമരങ്ങളില്‍ ഉശിരോടെ പങ്കെടുത്തു. ബര്‍പേട ജില്ലയില്‍ പാര്‍ട്ടി പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിനുള്ള ചുമതലയും ഏറ്റെടുത്തു. വര്‍ഷങ്ങള്‍ക്കിപ്പുറം സമരങ്ങളില്‍ ജീവിക്കുന്ന ജഗത് ബര്‍മന്‍ ബര്‍പേടയുടെ കമ്യൂണിസ്റ്റ് മുഖങ്ങളിലൊന്നാണ്.
പോളാവരം സമരത്തില്‍ നിന്ന് ശ്രീദേവി
തെലങ്കാനയിലെ വെസ്റ്റ് ഗോദാവരിയില്‍ ടി.പി. ഗുഡന്‍ എന്ന ഗ്രാമത്തിലെ ഒരു കര്‍ഷക കുടുംബത്തിലാണ് ശ്രീദേവി ജനിച്ചുവളര്‍ന്നത്. പഠനശേഷം അംഗന്‍വാടി അധ്യാപികയായി. വനമേഖലയോട് ചേര്‍ന്ന, അകലെയുള്ള ഗ്രാമത്തിലായിരുന്നു അംഗന്‍വാടി. കാല്‍നടയായും അല്ലാതെയും ദിവസവും കിലോമീറ്ററുകളോളം യാത്ര ചെയ്തു. ആയിരം രൂപയില്‍ താഴെ മാത്രമാണ് ശമ്പളമായി ലഭിച്ചിരുന്നത്. വണ്ടിക്കൂലിക്കുപോലും അത് തികയുമായിരുന്നില്ല. അതിനിടെയാണ് അംഗന്‍വാടി ജീവനക്കാരുടെ വരുമാനം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് വെസ്റ്റ് ഗോദാവരി ജില്ലാ ആസ്ഥാനത്തേക്ക് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുന്‍കൈയിൽ വനിതാ സംഘടന സമരം സംഘടിപ്പിക്കുന്നത്. ചെറുപ്പത്തിന്റെ ആവേശത്തില്‍ ഊര്‍ജസ്വലതയോടെ സമരത്തില്‍ പങ്കെടുത്ത ശ്രീദേവിയെ മുതിര്‍ന്ന നേതാക്കള്‍ ശ്രദ്ധിച്ചു. വൈകാതെ അവര്‍ പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകയായി.

സമരങ്ങളിലൂടെ പരിചയപ്പെട്ട സി.എച്ച്. ബാബു റാവു എന്ന കമ്യൂണിസ്റ്റുകാരനെ വിവാഹം കഴിച്ചു. സി.പി.എമ്മിന്റെ വെസ്റ്റ് ഗോദാവരി ജില്ലാ സെക്രട്ടറിയാണ് ഇപ്പോള്‍ അദ്ദേഹം. പോളാവരം പദ്ധതിക്കെതിരായ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിന് പൊലീസ് വേട്ടയാടലുകള്‍ ഇരുവരും അനുഭവിക്കേണ്ടി വന്നിട്ടുണ്ട്.
പോളാവരം പദ്ധതിയുടെ ഭാമായി ഗോദാവരിയുടെ നദീതടങ്ങളിലെ 222 ഗ്രാമങ്ങളില്‍ നിന്ന് 56504 കുടുംബങ്ങള്‍ കുടിയൊഴിപ്പിക്കപ്പെട്ടിട്ടുണ്ട്. കോയ ദോറ, കോണ്ട കമരി, കോണ്ട റെഡ്ഡി തുടങ്ങിയ ഗോത്ര വിഭാഗങ്ങളുടെ കൃഷിഭൂമിയും ഗ്രാമങ്ങളും വെള്ളത്തിനടിയിലായി. കുടിയൊഴിപ്പിക്കപ്പെട്ടവരെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാറുകള്‍ തയ്യാറായിട്ടില്ല. വികസനത്തിന്റെ ഇരകള്‍ക്ക് വേണ്ടിയുള്ള സമരങ്ങളില്‍ നിന്ന് പിന്‍മാറില്ലെന്ന് തന്നെയാണ് ഇരുവരും പറയുന്നത്.

കൊല്ലപ്പെടാത്തത് അത്ഭുതമായി മാത്രം കാണുന്ന സുര്‍ജിത് സിന്‍ഹ
ഇന്നും ജീവിച്ചിരിക്കുന്നു എന്നതിനെ അത്ഭുതത്തോടെയാണ് സുര്‍ജിത് സിന്‍ഹ കാണുന്നത്. സമീന്ദാര്‍മാര്‍ കൊള്ളയടിച്ച, ആദിവാസികളും ദലിതരും മറ്റ് പിന്നാക്ക വിഭാഗങ്ങളുമായ കര്‍ഷകരുടെ ഭൂമി തിരിച്ചുപടിക്കുന്നതിന് സമരങ്ങള്‍ ആരംഭിച്ച കാലത്ത് സുര്‍ജിത് സിന്‍ഹക്കൊപ്പമുണ്ടായിരുന്ന സഖാക്കളില്‍ പലരും ഇന്നില്ല. എട്ടോളം സഹപ്രവര്‍ത്തകരെയാണ് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ സുര്‍ജിത് സിന്‍ഹയ്ക്ക് നഷ്ടമായത്.
അംല ചതര്‍ ഗ്രാമത്തിലെ ഭൂപ്രശ്‌നവുമായി ബന്ധപ്പെട്ട യാത്രക്കിടെ ഒരിക്കല്‍ സുര്‍ജിത് സിന്‍ഹക്കുനേരെ സമീന്ദാര്‍മാര്‍ സംഘം ബോംബെറിഞ്ഞു. തലനാരിഴക്കാണ് അന്ന് രക്ഷപ്പെട്ടത്. പിന്നീടും പല തവണ ആക്രമിക്കപ്പെടുകയും കൈവിരലുകള്‍ക്ക് വെട്ടേല്‍ക്കുകയും ചെയ്തു. പക്ഷേ, നീതിയില്‍ നിന്നും ഭൂമിയില്‍ നിന്നും നിരന്തരം കുടിയൊഴിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ജനങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടങ്ങളില്‍ നിന്ന് സുര്‍ജിത് സിന്‍ഹ പിന്‍മാറിയില്ല. അടിസ്ഥാന ജനതയുടെ അതിജീവനം അനുദിനം സംഘര്‍ഷഭരിതമായിക്കൊണ്ടിരിക്കുന്ന ജാര്‍ഖണ്ഡിലെ ആദിവാസി ഗ്രാമങ്ങളിലൂടെ അദ്ദേഹം നിരന്തരം സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. 2002 നും 2018 നും ഇടയില്‍ 190 ല്‍ അധികം ഏക്കര്‍ ഭൂമിയാണ് സുര്‍ജിത് സിന്‍ഹയും സഖാക്കളും ജന്മിമാരില്‍ നിന്ന് പിടിച്ചെടുത്ത് കര്‍ഷകര്‍ക്ക് തിരിച്ചുനല്‍കിയത്.
സ്വതന്ത്ര്യാനന്തരം വിവിധതരം വികസന പദ്ധതികളെ തുടര്‍ന്ന് 80 ലക്ഷത്തിലധികം ആളുകളാണ് ഝാര്‍ഖണ്ഡില്‍ കുടിയൊഴിപ്പിക്കപ്പെട്ടത്. 12 ലക്ഷത്തിലധികം കുടുംബങ്ങള്‍ ഇന്നും ഭൂരഹിതരാണ്. ഭരണ ഘടനയുടെ അഞ്ചാം ഷെഡ്യൂളിലെ വ്യവസ്ഥകള്‍, 1996 ലെ പെസ നിയമം, 2006ലെ വനാവകാശ നിയമം, 1908 ലെ ചോട്ടാനാഗ്പൂര്‍ ടിനന്‍സി ആക്ട് എന്നിവയെല്ലാം പ്രകാരം ആദിവാസികളുടെ ഭൂമി ഇതര ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കുന്നതിന് കടുത്ത നിയന്ത്രണങ്ങളുണ്ടായിരിക്കെ അവയെല്ലാം അട്ടിമറിച്ച് മുണ്ട, സാന്താള്‍, ഒറാഓണ്‍, ഖരിയ, കോണ്ട്, കോള്‍, കന്‍വര്‍ വിഭാഗങ്ങളിൽ പെട്ട ഗോത്ര ജനതയെ അവരുടെ പരമ്പരാഗത ആവാസ വ്യവസ്ഥയില്‍ നിന്ന് ആട്ടിപ്പായിക്കുന്നതിനെതിരെയാണ് ആദിവാസി സംഘടനകളുടെയും രാഷ്ട്രീയ സംഘടകളുടെയും മുന്‍കൈയില്‍ ഝാര്‍ഖണ്ഡില്‍ വലിയ സമരങ്ങള്‍ നടക്കുന്നത്.

നേരത്തെ ബീഹാറിന്റെ ഭാഗമായിരുന്ന കാലം മുതല്‍ ഝാര്‍ഖണ്ഡിന്റെ വിവിധ ഭാഗങ്ങളില്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ശക്തമാണെന്നാണ് സുര്‍ജിത് സിന്‍ഹ പറയുന്നു. എന്നാല്‍ സി.പി.എം, സി.പി.ഐ, സി.പി.ഐ (എം.എല്‍) ലിബറേഷന്‍, സി.പി.ഐ (എം.എല്‍ റെഡ്സ്റ്റാര്‍), നക്‌സല്‍ബാരി പ്രസ്ഥാനങ്ങള്‍ എന്നിങ്ങനെ ഇടതുപക്ഷം ഭിന്നിച്ചുപോയതുകൊണ്ടാണ് മറ്റ് രാഷ്ട്രീയ ശക്തികള്‍ക്ക് ബീഹാറിലും ഝാര്‍ഖണ്ഡിലും മേല്‍ക്കൈ ലഭിച്ചതെന്ന് അദ്ദേഹം പറയുന്നു.
സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് അകാരണമായി തന്റെ സഹപാഠിയുടെ മുഖത്തടിച്ച അധ്യാപകനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിലൂടെ ആരംഭിച്ചതാണ് സുര്‍ജിത് സിന്‍ഹയുടെ രാഷ്ട്രീയ ജീവിതം. തുടക്ക കാലത്ത് കര്‍ഷക തൊഴിലാളിയായിരുന്നു. പിന്നീട് പാര്‍ട്ടിയുടെ മുഴുവന്‍ സമയ പ്രവര്‍ത്തകനായി. ഇപ്പോള്‍ ഝാര്‍ഖണ്ഡ് കിസാന്‍ സഭ ജനറല്‍ സെക്രട്ടറിയാണ്.
പുറത്തിറങ്ങാൻ പേടിക്കുന്ന, ത്രിപുരയിലെ മുൻ എം.എൽ.എ
ത്രിപുരയിലെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ ഭയത്തോടെയാണിപ്പോള്‍ പുറത്തിറങ്ങുന്നതെന്ന മറുപടി പറഞ്ഞത്, തുടര്‍ച്ചയായി 20 വര്‍ഷം എം.എല്‍.എ ആയിരുന്ന ബാസുദേവ് മജുംദാര്‍ ആണ്. ബിലോണിയ കോളേജില്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലത്താണ് ബാസുദേവ് മജുംദാര്‍ പാര്‍ട്ടിയുടെ ഭാഗമാകുന്നത്. അറുപതുകളുടെ അവസാനത്തില്‍ ത്രിപുര ഭരിച്ചിരുന്ന കോണ്‍ഗ്രസ് സര്‍ക്കാറിനെതിരെ ശക്തമായ വിദ്യാര്‍ത്ഥി പ്രക്ഷോം അലയടിച്ചിരുന്നു. അന്ന് അഗര്‍ത്തലയിലെ മഹാരാജ ബീര്‍ ബിക്രം കോളേജില്‍ തീപ്പൊരി വിദ്യാര്‍ത്ഥിയായിരുന്ന, പിന്നീട് ത്രിപുരയുടെ മുഖ്യമന്ത്രി വരെ ആയ മണിക് സര്‍ക്കാര്‍ ആയിരുന്നു പ്രക്ഷോഭങ്ങളുടെ നേതൃത്വം. പില്‍ക്കാലത്ത് ത്രിപുരയുടെ രാഷ്ട്രീയ സമവാക്യങ്ങളെ അട്ടിമറിക്കാന്‍ ശേഷിയുള്ള തരത്തില്‍ മണിക് സര്‍ക്കാറിന്റെ നേതൃത്വത്തില്‍ ഉയര്‍ന്നുവന്ന യുവ നിര കമ്യൂണിസ്റ്റുകളില്‍ ഒരാളായിരുന്നു ബിലോണിയ സ്വദേശിയായ ബാസുദേവ് മജുംദാര്‍.

സൗത്ത് ത്രിപുര എന്നറിയപ്പെടുന്ന ബിലോണിയ മണ്ഡലത്തില്‍ നിന്ന് നാല് തവണ തുടര്‍ച്ചയായി എം.എല്‍.എ ആയി തെരഞ്ഞെടുക്കപ്പെട്ടു. 2018 ല്‍ പക്ഷേ ബി.ജെ.പി നടത്തിയ രാഷ്ട്രീയ നീക്കങ്ങളില്‍ സി.പി.എമ്മിന് അടി പതറിയപ്പോള്‍ 700 വോട്ടിന് അദ്ദേഹവും തോറ്റു.
തങ്ങള്‍ ചിത്രത്തിലില്ലാതിരുന്ന ഒരു സംസ്ഥാനത്ത് അധികാരം നേടിയെടുക്കാന്‍ വലിയ കുതന്ത്രങ്ങളാണ് ബി.ജെ.പി നടത്തിയതെന്നും അതിനേക്കാള്‍ വലിയ അടിച്ചമര്‍ത്തലാണ് ഇപ്പോള്‍ പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുനേരെ ബി.ജെ.പി നടത്തുന്നതെന്നും ബാസുദേവ് മജുംദാര്‍ പറയുന്നു. സി.പി.എം പാര്‍ട്ടി ഓഫീസുകളും സ്മാരകങ്ങളുമെല്ലാം ആക്രമിക്കപ്പെടുന്നു. പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നു. വീടുകള്‍ തകര്‍ക്കപ്പെടുന്നു. ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകര്‍ തെരുവില്‍ ആക്രമിക്കപ്പെടുന്നു. സമരങ്ങള്‍ സംഘടിപ്പിക്കാനോ പ്രതിഷേധ കൂട്ടായ്മകള്‍ നടത്താനോ സാധിക്കാത്ത സാഹചര്യം, ജനപ്രതിനിധികള്‍ അടക്കം അറസ്റ്റ് ചെയ്യപ്പെടുന്ന സ്ഥിതി. സംസ്ഥാനത്ത് നിലനില്‍ക്കുന്നത് രാഷ്ട്രീയ അടിയന്തരാവസ്ഥയാണെന്നും അതിന് പരിഹാരം കാണാന്‍ സി.പി.ഐ.എമ്മിന് സാധിക്കുമെന്നാണ് പ്രവര്‍ത്തകര്‍ ഉറച്ചുവിശ്വസിക്കുന്നതെന്നും ബാസുദേവ് മജുംദാറും സംഘവും പറയുന്നു.

ഹരിയാനയിൽ നിന്ന് രണ്ട് കർഷക പോരാളികൾ
കാഴ്ചയില്‍ ഒരുപോലെ തോന്നിക്കുന്ന വലിയ തലപ്പാവും താടിയുമെല്ലാമുള്ള രണ്ട് വയോധികർ പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ എല്ലാവര്‍ക്കും കൗതുകമായിരുന്നു. പല ഭാഗങ്ങളില്‍ നിന്ന് വന്ന മലയാളി യുവാക്കള്‍ അവര്‍ക്കൊപ്പം നിന്ന് സെല്‍ഫിയെടുത്തു.

ഹരിയാനയുടെ കാര്‍ഷിക ഗ്രാമങ്ങളില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ നേതൃപരമായ പങ്കുവഹിച്ച 82 ഉം 76 ഉം വയസ്സുള്ള ഹര്‍പാല്‍ സിങ്, ചതൃപാല്‍ സിങ് എന്നിവരായിരുന്നു അവർ. 1977ല്‍ ഹരിയാനയില്‍ പാര്‍ട്ടി രൂപം കൊള്ളുന്ന കാലത്തെ അതേ ആവേശത്തിലാണ് നാല്‍പ്പതുവര്‍ഷങ്ങള്‍ക്കിപ്പുറവും ഇരുവരും. ഡല്‍ഹിയിലെ സിംഗു അതിര്‍ത്തിയില്‍ രാജ്യത്തെ വിറപ്പിച്ച് കര്‍ഷക സമരം അരങ്ങേറിയ നാളുകളില്‍ ഹരിയാനയിലെ കര്‍ഷക പോരാളികളെ നയിക്കാന്‍ മുന്നില്‍ തന്നെയുണ്ടായിരുന്നു ഇരുവരും. രാജ്യത്തെ വര്‍ഗീയ ശക്തികള്‍ വിഴുങ്ങിക്കൊണ്ടിരിക്കുന്ന കാലത്ത് മതേതരവും ജനപക്ഷവുമായ നിലപാടുകള്‍ സ്വീകരിക്കാന്‍ സി.പി.എമ്മിന് മാത്രമേ സാധിക്കുന്നുള്ളൂ എന്നും മറ്റ് പാര്‍ട്ടികളെല്ലാം അധികാരത്തിനുപിന്നാലെയാണെന്നുമാണ് ഇരുവരുടെയും പക്ഷം.
അരുണ്‍ മെഹ്ത; ഗുജറാത്തിൽനിന്ന് ഒരു കേന്ദ്ര കമ്മിറ്റി അംഗം
അടിയന്തരാവസ്ഥാ കാലത്ത് ഗുജറാത്തിലെ ഭാവ് നഗറില്‍ എം.ജെ. കോളേജ് ഓഫ് കൊമേഴ്‌സിലെ വിദ്യാര്‍ത്ഥിയായിരുന്നു അരുണ്‍ മെഹ്ത. ഭാവ് നഗറിലെ അക്കാലത്തെ പ്രധാന കമ്യൂണിസ്റ്റ് പ്രവര്‍ത്തകരായിരുന്ന സുബോദ് മെഹ്തയുടെയും നീരു മെഹ്തയുടെയും മകന്‍. പൊലീസ് വേട്ടയാടലുകളെ തുടര്‍ന്ന് സുബോദ് മെഹ്ത ഒളിവില്‍ കഴിയുന്ന കാലമായിരുന്നു അത്. പ്രീ ഡിഗ്രിക്ക് പഠിക്കുകയായിരുന്ന അരുണ്‍ അന്ന് കോളേജിലെ സംവാദ മത്സരത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കെ അടിയന്തരാവസ്ഥക്കെതിരെ രൂക്ഷമായ ഭാഷയില്‍ സംസാരിച്ചു. വൈകീട്ട് ആറ് മണിയോടെ ഒരു സംഘം പൊലീസ് വീട്ടിലെത്തി അരുണിനെ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോയെങ്കിലും പ്രായപൂര്‍ത്തിയായില്ലെന്നറിഞ്ഞ് മജിസ്‌ട്രേറ്റ് വിട്ടയക്കുകയായിരുന്നു. സ്‌കൂള്‍ കാലത്ത് സംവാദമത്സരത്തില്‍ കാണിച്ച ആ വിപ്ലവവീര്യം അരുണ്‍ മെഹ്തയില്‍ നിന്ന് ഒരിക്കലും കൈവിട്ടുപോയില്ല. പ്രായത്തിനൊപ്പം രാഷ്ട്രീയവും വളര്‍ന്നു.

ഗുജറാത്തിന്റെ തീരമേഖലയായ ഭാവ്‌നഗര്‍ ഉപ്പ് നിര്‍മാണത്തിനും വൈരക്കല്‍ വ്യവസായത്തിനും പേരുകേട്ട പ്രദേശമായിരുന്നു. ആറായിരത്തിലധികം വൈരക്കല്‍ വ്യവസായ ശാലകളിലായി മൂന്ന് ലക്ഷത്തിലധികം തൊഴിലാളികള്‍ ഭാവ്‌നഗറില്‍ ജോലി ചെയ്തിരുന്നു. കെമിക്കല്‍, പെയിൻറ്, പ്ലാസ്റ്റിക് തുടങ്ങി വേറെയും ധാരാളം വ്യവസായ ശാലകള്‍.
അങ്ങേയറ്റം ദുരിതപൂര്‍ണമായ സാഹചര്യങ്ങളില്‍ ജീവിച്ചിരുന്ന തൊഴിലാളികളുടെ ജീവിത സാഹചര്യങ്ങള്‍ കൂടുതല്‍ സംഘര്‍ഷഭരിതമാവുകയാണ് ബി.ജെ.പിയുടെ കടന്നുവരവോടെ സംഭവിച്ചതെന്ന് അരുണ്‍ മെഹ്ത പറയുന്നു. ഈ തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച് സെക്യുലര്‍ ഗുജറാത്തിനെ നിര്‍മിക്കാനാണ് കമ്യൂണിസ്റ്റുകാര്‍ ശ്രമിച്ചതെങ്കിലും സംഘപരിവാറിന്റെ വര്‍ഗീയ പരീക്ഷണങ്ങളുടെ ലബോറട്ടറിയായി ഗുജറാത്ത് മാറിയതോടെ സര്‍വ പ്രതീക്ഷകളും കൈവിട്ടുപോയെന്ന് അദ്ദേഹം പറയുന്നു. ഗുജറാത്ത് കലാപ കാലത്ത് മാസങ്ങളോളം ഉറക്കം പോലുമില്ലാതെ കലാപബാധിത ഗ്രാമങ്ങളിലൂടെ മറ്റ് സഖാക്കളോടൊപ്പം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി അലഞ്ഞതും അദ്ദേഹം ഓര്‍ത്തെടുക്കുന്നു.

പല നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഗുജറാത്തില്‍ നിന്നുള്ള ഏക ഇടത് സ്ഥാനാര്‍ത്ഥിയായിരുന്നു അരുണ്‍ മെഹ്ത. ഇന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗമാണ്. സംസ്ഥാന രാഷ്ട്രീയത്തില്‍ സി.പി.എമ്മിന് കാര്യമായ സ്വാധീനമൊന്നുമില്ലെങ്കിലും ബി.ജെ.പി കോര്‍പറേറ്റുകളുമായി ചേര്‍ന്ന് ചങ്ങാത്ത വികസനം നടപ്പാക്കുമ്പോള്‍ വീണ്ടും വീണ്ടും ദുരിതങ്ങളിലേക്ക് തള്ളപ്പെടുന്ന പാര്‍ശ്വവതൃകൃത വിഭാഗങ്ങളുടെ ശബ്ദമാകാന്‍ കമ്യൂണിസ്റ്റ് സമരങ്ങള്‍ക്ക് സാധിക്കുമെന്നാണ് അരുണ്‍ മെഹ്ത പറയുന്നത്. എന്‍.ആര്‍.സി - സി.എ.എ സമരകാലത്ത് ഗുജറാത്തില്‍ ഏറ്റവും വലിയ പ്രക്ഷോഭങ്ങള്‍ നടത്തിയത് കമ്യൂണിസ്റ്റ് പാര്‍ട്ടിയായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
മത്തായി എന്ന റെബൽ
സമാപന സമ്മേളനത്തിനെത്തിയ ആള്‍ക്കൂട്ടത്തിന്റെ ഏറ്റവും പിറകില്‍ പിന്നിലേക്ക് കയ്യും കെട്ടി വേദിയിലേക്ക് നോക്കിനില്‍ക്കുന്ന മെലിഞ്ഞുണങ്ങിയ വയോധികനെ കണ്ടപ്പോള്‍ അടുത്ത് ചെന്ന് സംസാരിക്കാന്‍ തോന്നി. ഒരു മനുഷ്യായുസ്സിനിടെ അയാള്‍ കൊണ്ട വെയിലും ഒഴുക്കിയ വിയര്‍പ്പുമെല്ലാം ആ മുഖത്തുണ്ടായിരുന്നു. പേര് മത്തായി. കണ്ണൂരിലെ ഇരിട്ടിയില്‍ നിന്ന് വന്ന കര്‍ഷക തൊഴിലാളിയാണ്. 1966 ല്‍ എരുമേലിയില്‍ നിന്ന് കുടിയേറിയതാണ് മത്തായിയുടെ കുടുബം. പേമാരിയോടും പെരുമ്പാമ്പിനോടും പൊരുതി മലമുകളില്‍ ജീവിതം നെയ്‌തെടുത്തു.

വിമോചന സമരകാലത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്നു. എല്ലാവരും പഠിപ്പ് മുടക്കി സമരം ചെയ്യണമെന്ന് പള്ളിയിലെ അച്ഛന്‍ പറഞ്ഞപ്പോള്‍ ‘ഒക്കത്തില്ലച്ചോ...' എന്ന് പറഞ്ഞ് തിരിഞ്ഞു നടന്നതാണ് മത്തായിയുടെ റെബല്‍ ജീവിതത്തിന്റെ തുടക്കം. അടിയന്തരാവസ്ഥ കാലത്ത് പൊലീസിന്റെ കണ്ണുവെട്ടിച്ച് മലകയറിയ സഖാക്കള്‍ക്ക് അഭയവും ഭക്ഷണവും നല്‍കിയതിന്റെ പേരില്‍ പൊലീസില്‍ നിന്നും പീഡനം ഏറ്റുവാങ്ങിയിട്ടുണ്ട്. പ്രായത്തെ വെല്ലുന്ന സമരവീര്യത്തില്‍ തന്നെയാണ് ഇന്നും മത്തായിച്ചന്‍.
പിളർപ്പില്ലായിരുന്നുവെങ്കിൽ... അത് സീതാരാമലുവിന്റെ സ്വപ്നം
നൈസാം ചക്രവര്‍ത്തിയുടെ റസാക്കര്‍ സേനയ്ക്കും സമീന്ദര്‍മാരുടെ ഗുണ്ടാപ്പടയ്ക്കുമെതിരെ ആന്ധ്ര പ്രദേശിലെ ദരിദ്രരായ കര്‍ഷകര്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുന്‍കൈയില്‍ നടത്തിയ ധീരമായ സായുധരായ സമരമാണ് ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും വലിയ കാര്‍ഷിക കലാപം. നാലായിരത്തിലധികം കര്‍ഷകരാണ് അന്ന് കൊല്ലപ്പെട്ടത്. ക്രൂര മര്‍ദനത്തിനിരയായവരും തടവിലടക്കപ്പെട്ടവരും പതിനായിരക്കണക്കിന് വേറെ. നല്‍ഗുണ്ട, വാരംഗല്‍ ജില്ലകളായിരുന്നു സമരത്തിന്റെ പ്രഭവകേന്ദ്രമെങ്കിലും ആന്ധ്ര മുഴുവന്‍ കര്‍ഷക പ്രക്ഷോഭം ആഞ്ഞടിച്ചു. ആയിരക്കണക്കിന് ഏക്കര്‍ കൃഷിഭൂമി പ്രക്ഷോഭകാരികള്‍ പടിച്ചെടുക്കുകയും ജനകീയ കമ്മിറ്റിയുടെ മുന്‍കൈയില്‍ കര്‍ഷകര്‍ക്ക് വിതരണം ചെയ്യുകയും ചെയ്തു.

ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആരംഭ കാലത്തും പില്‍ക്കാലത്ത് നക്‌സല്‍ബാരി പ്രസ്ഥാനം പിറവി കൊണ്ടപ്പോഴുമെല്ലാം കമ്യൂണിസ്റ്റ് മുന്നേറ്റങ്ങളെ ആഴത്തില്‍ നെഞ്ചിലേറ്റിയ പ്രദേശങ്ങളാണ് അവിഭക്ത ആന്ധ്രയിലെ വാരംഗല്‍, നല്‍ഗുണ്ട, കരിംനഗര്‍ ജില്ലകളിലെ കാര്‍ഷിക ഗ്രാമങ്ങള്‍. ഇവിടെ ഓരോ വീടുകളിലും ഓരോ രക്തസാക്ഷികളുണ്ടാകുമെന്നാണ് കേള്‍വി. മക്കള്‍ നഷ്ടപ്പെട്ട അമ്മമാരുടെ ഗ്രാമങ്ങള്‍.
നല്‍ഗുണ്ടയിലെ നെരട എന്ന ഗ്രാമത്തിലെ നെയ്ത്തുതൊഴിലാളി കുടുംബത്തിലാണ് സി.എച്ച്. സീതാരാമലു ജനിച്ചത്. പിറന്ന ഭൂമികയുടെ രാഷ്ട്രീയ ചരിത്രം ചെറുപ്പത്തിലേ തന്നെ സീതാരാമലുവിനെ സമരവഴികളിലെത്തിച്ചു. നല്‍ഗുണ്ടയിലെ ഉള്‍ഗ്രാമങ്ങളിലെ ദലിത്- ആദിവാസി മേഖലകളില്‍ സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ക്കായി പതിവായി പോകുമായിരുന്ന പിതാവിനൊപ്പം, കുട്ടിയായിരിക്കെ സീതാരാമലുവും ചേരുമായിരുന്നു. ഭൂഉടമകളായ ജന്മിമാര്‍ ദരിദ്രരായ ദലിത് കര്‍ഷകരെ ഏതെല്ലാം വിധത്തിലാണ് ദ്രോഹിക്കുന്നതെന്ന് കണ്ടും അറിഞ്ഞുമാണ് സീതാരാമലു വളര്‍ന്നത്. പതിമൂന്നാമത്തെ വയസ്സില്‍ സി.പി.എമ്മിന്റെ ഭാഗമായി കര്‍ഷകര്‍ക്കിടയില്‍ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച സീതാരാമലു ചെട്ട്യാല്‍ മണ്ഡലത്തില്‍ നിന്ന് രണ്ട് തവണ എം.എല്‍.എയായിരുന്നു.

രാഷ്ട്രീയ ജീവിതത്തില്‍ ഏറ്റവും വേദന നിറഞ്ഞത്, കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭാഗമായി നിന്നതിന്റെ പേരില്‍ ജന്മിമാരുടെ ഗുണ്ടകളുടെയും പൊലീസിന്റെയും ആക്രമണങ്ങളില്‍ ജീവന്‍ വെടിയേണ്ടി വന്ന സഹപ്രവര്‍ത്തരുടെ ഓര്‍മകളാണ്. നിരവധി ആക്രമണങ്ങളില്‍ നിന്ന് തലനാരിഴക്കാണ് സീതാരാമലു രക്ഷപ്പെട്ടത്.
ബ്രിട്ടീഷുകാരുടെയും നാടുവാഴികളുടെയും സംയുക്ത ഭരണത്തില്‍ പൊറുതിമുട്ടിയ കര്‍ഷക ജനത, ജീവന്‍ വെടിഞ്ഞുള്ള സമരങ്ങളിലൂടെ രൂപം നല്‍കിയ സംസ്ഥാനത്തിന്റെ ഇന്നത്തെ പൊതുചിത്രം സംഘപരിവാറിന്റെയും മറ്റ് പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികളുടെയും ജാതിരാഷ്ട്രീയമായി മാറിയതിനെ അങ്ങേയറ്റത്തെ നിരാശയോടെയാണ് സീതാരാമലു നോക്കിക്കാണുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ 64 ലെയും 67 ലെയും പിളര്‍പ്പുകള്‍ സംഭവിച്ചില്ലായിരുന്നെങ്കില്‍ ഇന്ത്യയുടെ രാഷ്ട്രീയഭാവി മറ്റൊന്നാകുമായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
ഭഗത് സിങ്ങ് ആവേശമായ ബല്ജിത്
പഞ്ചാബിലെ പാക്കിസ്ഥാന്‍ എന്ന് സംഘപരിവാര്‍ വിശേഷിപ്പിക്കുന്ന പ്രദേശമാണ് മലേര്‍കോട്‌ല. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ഇവിടുത്തെ സാമുദായിക സൗഹൃദാന്തരീക്ഷം തകര്‍ക്കുന്നതിനായി പലവിധ ശ്രമങ്ങള്‍ ഹിന്ദുത്വ ശക്തികള്‍ നടത്തിയിട്ടുണ്ട്. മലേര്‍കോട്‌ലയിലെ ഒരു സമ്പന്ന കര്‍ഷക കുടുംബത്തില്‍ ജനിച്ച ബല്‍ജിത് സിങ് സിഖ് - മുസ്ലിം സൗഹൃദാന്തരീക്ഷത്തിലാണ് വളര്‍ന്നത്. പൗരത്വഭേഗഗതി നിയമത്തിനെതിരെ ഷഹീന്‍ബാഗിലെ ഉമ്മമാര്‍ തെരുവിലിറങ്ങി രാപ്പകല്‍ സമരം ചെയ്തപ്പോള്‍ പഞ്ചാബില്‍ നിന്ന് അരിയും ഗോതമ്പും ഭക്ഷ്യസാധനങ്ങളുമായി ബല്‍ജിത് സിങും സംഘവും പുറപ്പെട്ടതിന്റെ കാരണം രാജ്യത്തെ മുസ്ലിംകൾ നേരിടുന്ന ഭീഷണി എത്രമാത്രമാണെന്നത് ബല്‍ജിത് സിങിന് തന്റെ ജീവിതം കൊണ്ട് അറിയാമായിരുന്നു എന്നതാണ്.

ബല്ജിത് സിങിന്റെ പിതാവ് ശിരോമണി അകാലിദള്‍ പ്രവര്‍ത്തകനായിരുന്നു. ശിരോമണി അകാലിദളും സി.പി.എമ്മും അക്കാലത്ത് ഒരു മുന്നണിയായായിരുന്നു പ്രവര്‍ത്തിച്ചത് എന്നതിനാല്‍ കമ്യൂണിസ്റ്റ് നേതാക്കളുമായി അടുത്തിടപഴകിയാണ് ബല്‍ജിത് സിങ് വളര്‍ന്നത്. ഭഗത് സിങിന്റെ ജീവിതത്തിലും കമ്യൂണിസ്റ്റ് ചരിത്രത്തിലുമെല്ലാം ആവേശം കൊണ്ട ബല്ജിത് കോളേജ് പഠനകാലത്ത് എസ്.എഫ്.ഐ പ്രവര്‍ത്തകനായി.

ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയില്‍ ജോലിയില്‍ പ്രവേശിച്ച ശേഷം തൊഴിലാളികളെ സംഘടിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ മുഴുകി. ലുദിയാനയിലെ സി.പി.എം ജില്ലാ സെക്രട്ടറിയാണ് ഇപ്പോള്‍ അദ്ദേഹം. പഞ്ചാബിലെ പുതുതലമുറ കാര്‍ഷിക വൃത്തികളെല്ലാം ഉപേക്ഷിച്ച് വിദേശ രാജ്യങ്ങളിലേക്ക് ജോലി തേടി പോയതോടെ സമൂഹം വലിയ രീതിയില്‍ മധ്യവര്‍ഗ ബോധത്തിലേക്ക് മാറിയതാണ് ആം ആദ്മി പാര്‍ട്ടിക്ക് എളുപ്പത്തില്‍ സ്വീകാര്യത ലഭിച്ചതെന്ന് അദ്ദേഹം വിലയിരുത്തുന്നു.
കുടുംബസമേതം ചന്ദ്ര റെഡ്ഡി
തെലങ്കാനയിലെ സിദ്ദിപേട് ജില്ലയിലെ ധുബാക് കോളേജില്‍ പഠിക്കുന്ന കാലത്ത് വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പ് വര്‍ധനവിന് നടന്ന സമരത്തിലൂടെയാണ് ചന്ദ്ര റെഡ്ഡി കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭാഗമാകുന്നത്. കര്‍ഷകനായിരുന്ന അച്ഛന്‍ സുബ്ബരാജ് റെഡ്ഡിയുടെ മരണ ശേഷം കുറച്ചുകാലം കൂലിപ്പണിയെടുത്തെങ്കിലും വൈകാതെ ഇലക്ട്രിസിറ്റി ബോര്‍ഡില്‍ കരാര്‍ തൊഴിലാളിയായി ജോലി ലഭിച്ചു.
കോളേജ് പഠന കാലത്തെ വിപ്ലവവീര്യം ചേര്‍ന്നുപോയില്ല. ദരിദ്ര ജീവിത സാഹചര്യങ്ങളില്‍ നിന്ന് വരുന്ന കരാര്‍ തൊഴിലാളികളെ സംഘടിപ്പിച്ചു. യൂണിയന് നേതൃത്വം നല്‍കി. കാമറെഡ്ഡി സ്വദേശിയായ കരാര്‍ ജീവനക്കാരന്‍ ജോലിക്കിടെ ഷോക്കേറ്റ് മരിച്ചപ്പോള്‍ സഹായങ്ങള്‍ നല്‍കാന്‍ തയ്യാറാകാത്ത അധികൃതര്‍ക്കെതിരെ യൂണിയന്‍ നിലപാടെടുത്തു. ഇതോടെ കരാര്‍ തൊഴിലാളികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി സി.ഐ.ടി.യുവിന്റെ നേതൃത്വത്തില്‍ വലിയ സമരങ്ങള്‍ നടന്നു.

തന്റെ പാര്‍ട്ടിയുടെ ശക്തി കുടുംബാംഗങ്ങളെ കാണിച്ചുകൊടുക്കുന്നതിനാണ് ഭാര്യയെയും സഹോദരിയെയും മക്കളെയുമെല്ലാം കൂട്ടി ചന്ദ്ര റെഡ്ഡി പാര്‍ട്ടി കോണ്‍ഗ്രസിന് വന്നത്.
പേരു കൊണ്ടും ജീവിതം കൊണ്ടും കമ്യൂണിസ്റ്റ് മണി
തലയില്‍ ചുവന്ന ഷാള്‍ കെട്ടി പ്രൗഡിയോടെ ആള്‍ക്കൂട്ടത്തിന് നടുവിലിരിക്കുന്നയാളോട് പേര് ചോദിച്ചപ്പോള്‍ പറഞ്ഞ മറുപടി: കമ്യൂണിസ്റ്റ് മണി.

തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ ടെക്‌സ്റ്റൈല്‍സ് തൊഴിലാളിയായ മണി ജനിച്ചുവളര്‍ന്നത് കമ്യൂണിസ്റ്റ് കുടുംബത്തിലാണ്. തന്തൈ പെരിയോറിനെയും എ.കെ.ജിയെയും ഒരേപോലെ നെഞ്ചിലേറ്റിയ കുടുംബം. പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ മുഴുകിയ മണിയെ നാട്ടുകാര്‍ കമ്യൂണിസ്റ്റ് മണി എന്ന് വിളിച്ച് വിളിച്ച് അത് പേരായി മാറി. ഒടുവില്‍ ഔദ്യോഗികമായി തന്നെ മണി തന്റെ പേര് കമ്യൂണിസ്റ്റ് മണി എന്നാക്കി.
പ്രിന്‍സിപ്പല്‍ കറസ്‌പോണ്ടന്റ്, ട്രൂകോപ്പി തിങ്ക്
അശോകന്‍ ചരുവില്‍
Jan 18, 2023
51 Minutes Watch
ഷഫീഖ് താമരശ്ശേരി
Jan 14, 2023
11 Minutes Watch
കെ. കണ്ണന്‍
Jan 08, 2023
15 Minutes Watch
ലക്ഷ്മി പദ്മ
Dec 30, 2022
8 Minutes Read
നിതീഷ് നാരായണന്‍
Dec 30, 2022
10 Minutes Read
സി.പി. ജോൺ
Dec 14, 2022
3 Minute Read