കൊളോണിയൽ കാലത്തെ കൊളോസസ്

വെസ്റ്റിൻഡീസ് ഇല്ലാത്ത ആദ്യത്തെ ലോകകപ്പ് ക്രിക്കറ്റ്. ഇത്തവണത്തെ കളിക്കളങ്ങൾ സൗന്ദര്യശൂന്യമായി നല്ലൊരു വിഭാഗം കാണികൾക്കും അനുഭവപ്പെടാൻ അതു മതിയായ കാരണവുമാണ്. ക്രിക്കറ്റിലെ എക്കാലത്തെയും വലിയ ഒറ്റയാൾ ശക്തിയായ ബ്രയൻ ലാറയെക്കുറിച്ച് 2006ൽ മാതൃഭൂമി സ്പോർട്സ് മാസികയിൽ എഴുതിയ ലേഖനം പുനഃപ്രസിദ്ധീകരിക്കുന്നു. കൂടെ വെസ്റ്റിൻഡീസ് ക്രിക്കറ്റിൻ്റെ രാഷ്ട്രീയത്തെക്കുറിച്ച് ട്രിനിഡാഡിലെ ക്രിക്കറ്റ് ഗവേഷക വെനീസ ബക്ഷുമായി നടത്തിയ അഭിമുഖവും

ബ്രയൻ ലാറയുടെ വല്യപ്പൻ ഹെർബർട്ട് സെന്റ് ലൂയിസ് മരിച്ചത് ഒരു റേഡിയോ ചെവിയിൽ ചേർത്തുവച്ചാണ്. ഓസ്ട്രേലിയയും വെസ്റ്റിൻഡീസും തമ്മിൽ നടന്ന ആവേശോജ്ജ്വലമായ ഒരു ടെസ്റ്റിന്റെ ദൃക്സാക്ഷി വിവരണം കേട്ടുകൊണ്ടിരിക്കേ വല്യപ്പന് ഹൃദയസ്തംഭനം ഉണ്ടാവുകയായിരുന്നു.

തുനാപുനാ മൈതാനിയിൽ, ചുവന്ന കണ്ണുകളും തടിച്ചുതുടങ്ങിയ ചുണ്ടുകളുമുള്ള മാത്യു ബോണ്ട്മാൻ മുഷിഞ്ഞുനാറുന്ന കുപ്പായവും അര പാന്റ്സുമിട്ട് മൈതാനത്തേക്ക് നടക്കുമ്പോൾ ‘അവൻ ചെകുത്താന്റെ മോനാ, അവന്റെ അമ്മ ശരിയല്ല’ എന്ന പ്രാകിയിരുന്ന, നേരത്തേ വിധവയായ ഒരു മൂത്തമ്മായി ഉണ്ടായിരുന്നു സി.എൽ.ആർ. ജെയിംസിന്. എന്നാൽ ഇതേ ബോണ്ട്മാൻ എതിരേ വരുന്ന പന്തിനെ ഒറ്റമുട്ടിലൂന്നി കവേഴ്സിലൂടെ ബൗണ്ടറി കടത്തുമ്പോൾ, അല്ലെങ്കിൽ ലെഗ്ഗിലേക്ക് സ്വീപ്പ് ചെയ്യുമ്പോൾ മൂത്തമ്മായി ജൂഡിത്ത്, ജനലരികിൽനിന്ന് പിറകിലേക്കുമാറി ഒരു സീൽക്കാരശബ്ദം പുറപ്പെടുവിക്കുമായിരുന്നു. തുനാപുനാ മൈതാനിയിൽ എല്ലാ കൊല്ലവും നടക്കുന്ന ഒരു ക്രിക്കറ്റ് ടൂർണമെന്റിന് ഭക്ഷണം ജൂഡിത്തിന്റെ വീട്ടിലായിരുന്നു. ഇങ്ങനെ ഒരുച്ചയ്ക്ക് കളിക്കാർ ശബ്ദകോലാഹലങ്ങളുമായി ഭക്ഷണത്തിനെത്തിയപ്പോൾ, വിളമ്പുന്നതിനിടയ്ക്ക് ജൂഡിത്ത് പറഞ്ഞു: “എനിക്കു വയ്യ”- തീൻമേശ യിലേക്ക് തല ചായ്ച്ചിരുന്ന് ജൂഡിത്ത് മരിച്ചു. ചില വിശ്വാസങ്ങൾ പലരെയും രക്ഷിക്കുന്നതുപോലെ, പിന്നീട് ജെയിംസ് എഴുതി: “എന്റെ മൂത്തമ്മായിക്ക് അവർ ഏറ്റവും ഇഷ്ടപ്പെടുമായിരുന്ന മരണം തന്നെ ലഭിച്ചു; ക്രിക്കറ്റിന്റെ ബഹളത്തിനും സന്തോഷത്തിനുമിടയ്ക്കുള്ള മരണം.” മാത്യു ബോണ്ട്മാനെ ഇഷ്ടമല്ലെങ്കിലും, ‘പെണ്ണുങ്ങൾ വീട്ടിന കത്ത്’ എന്ന നടപ്പുശീലം തെറ്റിക്കാറില്ലെങ്കിലും വൈകുന്നേരം കടയിൽ പോയിവരുമ്പോൾ ജൂഡിത്തമ്മായി പറയുമായിരുന്നു: “എടാ, മാത്യു 55 റൺസെടുത്തു.” അല്ലെങ്കിൽ “ആർതർ ജോൺസ് ഇനിയും പുറ ത്തായിട്ടില്ലെടാ!”

സി.എൽ.ആർ. ജെയിംസ്

അകലെ, അരികെ

ഹൈപ്പർ ഇമേജുകളുടെ പുതിയ യുഗത്തിൽ താരങ്ങളെല്ലാം കാഴ്ചയ്ക്ക് നമ്മുടെ സ്വന്തമെന്നു തോന്നും. അവർ കുടിക്കുന്ന അതേ പെപ്സിതന്നെയല്ലേ അവർ നമ്മോടും കുടിക്കാൻ പറയുന്നത്! എന്നാൽ യാഥാർഥ്യമതല്ല, ദൃശ്യങ്ങൾകൊണ്ട് അടുപ്പമുള്ളവരെങ്കിലും നമ്മുടെ താരങ്ങളെല്ലാം തൊടാൻ പറ്റാത്തത്ര അകലെയാണ്;Personage remote, അല്ലെങ്കിൽ അകലങ്ങളിലെ മനുഷ്യർ! വെസ്റ്റിൻഡീസിൽ ടെസ്റ്റ് ക്രിക്കറ്റർമാർ ഒരുകാലത്തും അങ്ങനെയായിരുന്നില്ല. ജനിക്കുന്നതുമുതൽ ഇവർക്ക് ഈ താരങ്ങളെ അറിയാം. ഓരോ കളിക്കാരന്റെയും ഒന്നാം സെഞ്ച്വറിയെപ്പറ്റി ഓരോരുത്തർക്കും തീർത്തും ഭിന്നമായ, തികച്ചും മൗലികമായ ഒരു വിവരണം ഉണ്ട്, സ്വന്തമായി. ഓരോ ടെസ്റ്റ് ക്രിക്കറ്ററുടെയും കല്യാണം എപ്പോൾ നടന്നു? എത്ര കുട്ടികളുണ്ട്? സാധാരണ യായി റം മാത്രം കഴിച്ചുകൊണ്ടിരുന്ന ഗാഗി എന്നു മുതലാണ് വിസ്കിയിലേക്കു മാറിയത്? (അത് അയാളുടെ പോയത്തമല്ലേ? റമ്മല്ലേ ശരിക്കും വിസ്കിയെക്കാൾ നല്ല കരീബിയൻ മദ്യം?) എന്നിങ്ങനെ ടാബ്ലോയ്ഡുകളുടെ പിന്നാമ്പുറങ്ങളിലൂടെയല്ലാതെ എല്ലാമറിയുന്ന സാക്ഷിയാണ് ഇവിടെ കാണി. ഈ കാണിക്കൊത്ത കളിക്കാരനാണ് കരീബിയൻ കളിച്ചിത്രത്തിൽ ഇന്നോളമുള്ളത്. കളിക്കളത്തിനു പുറത്ത് കളിക്കാരനോട് എത്രവേണമെങ്കിലും തർക്കിക്കാം; കണിശമായി വിമർശിക്കാം. സാന്താക്രൂസിലെ ലാറയുടെ വീട്ടിനു പുറത്തുപോലും ‘പട്ടിയുണ്ട് സൂക്ഷിക്കുക’ എന്ന ബോർഡ് തൂങ്ങില്ല. കരിമ്പൂച്ചകളും ഉണ്ടാവില്ല. കളിക്കാർക്കും കളിക്കാത്തവർക്കും അതിസൂക്ഷ്മമായ കളിപരിചയം.

മാർക്സിസ്റ്റ് ബുദ്ധിജീവിയായ സി.എൽ.ആർ. ജെയിംസ് കളിച്ചിട്ടുണ്ട്. എന്നാൽ കളിച്ചുനേടിയ അറിവിനെക്കാൾ പതിന്മടങ്ങ് കളിയറിവ് അദ്ദേഹം പഠിച്ചുനേടിയിരുന്നു. ലിയറി കോൺസ്റ്റന്റൈൻ പുറത്തുപോയി കളിച്ചു കേമനായപ്പോഴും നാട്ടിൽ ചകിരിച്ചോറു പതിച്ച വിക്കറ്റിൽ ജെയിംസ് ഉൾപ്പെടെയുള്ള നാട്ടുകാർക്കൊപ്പം കളിക്കാനിറങ്ങിയിരുന്നു. ‘ഇംഗ്ലണ്ടിലെ വിക്കറ്റ് അങ്ങനെ,’ ‘ഇന്ത്യയിലെ പിച്ചിൽ പന്ത് ഇങ്ങനെ തിരിയും’ എന്നൊക്കെ കളി പറഞ്ഞുകൊടുക്കാറുള്ള ജെയിംസിനോട് ‘നീയവിടെയൊന്നും കളിച്ചില്ലല്ലോ, ഞാൻ കളിച്ചിട്ടുണ്ട്’ എന്ന് അഹന്തയോടെ ഒരിക്കലും കോൺസ്റ്റന്റൈൻ മറുപടി നൽകിയില്ല. മറിച്ച്, കളിസിദ്ധാന്തത്തിൽ തന്നെ തറപറ്റിക്കാനുള്ള ജെയിംസിനെയും സെസിൽ ബെയിൻ എന്ന കൂട്ടുകാരനെയും നേരിട്ട ആദ്യ പന്തുകളിൽത്തന്നെ പിന്നീടൊരു സൗഹൃദമത്സരത്തിൽ കോൺസ്റ്റന്റൈൻ പറഞ്ഞയച്ചിട്ടുണ്ട്. ജെയിംസ് അതേപ്പറ്റി ഇങ്ങനെയാണ് പറഞ്ഞത്: “He bowled us out first ball with as fast and as vicious inswingers as I have ever seen. ഇങ്ങനെ പിച്ചിൽ പന്തുകൊണ്ടും പുറത്ത് സൈദ്ധാന്തികവും രാഷ്ട്രീയവുമായ കൊടുക്കൽ വാങ്ങലുകൾ കൊണ്ടും നിറയുന്ന സൗഹൃദവും സമൂഹവും നമുക്കന്യമാണ്. തീർച്ചയായും വർത്തമാന സമൂഹത്തിൽപ്പോലും വെസ്റ്റിൻഡീസിൽ അങ്ങനെയല്ല.

ലിയറി കോൺസ്റ്റന്റൈൻ

മിച്ചൽ തെരുവിലെ പകലുകൾ

അമ്മയുടെ വീടിനടുത്തുള്ള മിച്ചൽ തെരുവിൽ തീർത്തും സഹജമായ അവബോധംകൊണ്ട് അതിസാധാരണക്കാരായ മറ്റു പലരെയുംപോലെ കളിച്ചുതുടങ്ങിയതാണ് ലാറ. ആ കളിയിൽ നിയമംതന്നെ വേറെയാ യിരുന്നു. പന്ത് മിസ്സായാൽ നേരിടുന്ന ബാറ്റ്സ്മാൻ ഔട്ട്. ‘പാസ് ഔട്ട്’ എന്നാണ് വിൻഡീസിൽ ഈ കളിക്ക് പറയുക. ജീവവായുവിൽ ക്രിക്കറ്റ് ഓക്സിജനെ പിന്നോട്ടുതള്ളുന്ന മിച്ചൽ തെരുവിലെ ഡോർസി അപ്പൂ പ്പൻ ലാറയിൽ ആദ്യം കണ്ടത്, പയ്യന് ‘പന്തൊന്നും മിസ്സാവുന്നില്ല’ എന്ന ഗുണമാണ്. ചുരുങ്ങിയത് 26 ഫീൽഡർമാരായിരുന്നു ഓരോ ‘പാസ് ഔട്ട്’ മത്സരത്തിലും. ഇവർക്കിടയിലൂടെ ലാറ പന്ത് ബൗണ്ടറി കടത്തുകയും ചെയ്യുന്നു. പിന്നെ ലാറ കളിച്ചുപഠിച്ചത് ‘ഔട്ട്മാൻ’ എന്ന ക്രിക്കറ്റ് വകഭേദമാണ്. 75 യാഡ് ബൗണ്ടറിക്കകത്ത് ഏതാണ്ട് 200 ഫീൽഡർമാർ. ഈ കളിയുടെ മറ്റൊരു വകഭേദംകൂടി ഇന്നും വിൻഡിസിൽ നടപ്പിലുണ്ട്. ‘വൺടിപ് ഔട്ട്എമാൻ’. 50 കുട്ടികൾ, ബാറ്റ്സ്മാൻ അടിച്ചുകയറ്റിയ പന്തിനു പിറകേ പായുകയും അതിലൊരാൾ അതെടുത്ത് വിക്കറ്റിലേക്ക് തിരിച്ചെറിയുകയും ചെയ്യുന്ന രീതി! തന്നിലേക്കു വരുന്ന പന്തിനെക്കുറിച്ച് അതിസൂക്ഷ്മമായ അനുമാനം ഗാരി സോബേഴ്സിനെയും റോഹൻ കാനായിയെയും ക്ലൈവ് ലോയ്ഡിനെയും വിവിയൻ റിച്ചാർഡ്സിനെയുംപോലെ ലാറയും സഹജാവബോധമാക്കി മാറ്റിയെടുത്തത് ഈ മൈതാനകേളിയിൽനിന്നാണ്.

റൺ മെഷീനുകളെ സൃഷ്ടിക്കുന്ന അക്കാദമികളിൽ നിന്നും തീർത്തും വ്യത്യസ്തമാണ് ഈ രീതികൾ. Playing the ball in V, അഥവാ വായുവിലൂടെ പന്ത് പായിക്കുന്ന വിധം, അതുമല്ലെങ്കിൽ മിഡ് ഓഫിനും മിഡ് ഓണിനും ഇടയിലൂടെ പന്തടിച്ചുകയറ്റാനുള്ള പരിശീലനമാണ് ഇവിടങ്ങളിൽ ആദ്യപാഠം. ഇവ പ്രൊഫഷനൽ ക്രിക്കറ്റിന്റെ ഓസ്ട്രേലിയാകാലത്തെ വിജയമന്ത്രങ്ങൾ കൂടിയാവുമ്പോൾ കളിയെക്കാളേറെ വിജയത്തിനു പ്രാധാന്യം നൽകുന്ന നമ്മളും (കാണികളും) വേറിട്ട പാഠങ്ങൾ മറന്നു പോകുന്നു.

വിവിയൻ റിച്ചാർഡ്സ്, ക്ലൈവ് ലോയ്ഡ്, ഗാരി സോബേഴ്സ്,റോഹൻ കാനായി

കളി, ആയുധം, സ്വത്വബോധം

വിൻഡീസ് ക്രിക്കറ്റിന്റെ വിലാപയാത്രയിൽ തിങ്ങിക്കൂടുന്ന കാണികൾ ഗൃഹാതുരത്വത്തിന്റെ വേദനയോടെ മാത്രം ഫോസിലീകൃതമാവുന്ന ആ ശൈലിയെ ഓർക്കുന്നത് എന്തുകൊണ്ടാണ്? കളിയിലെ ആധിപത്യമായിരുന്നു ഈ ആരാധനയ്ക്കു പിറകിലെ വികാരമെങ്കിൽ ഇന്നത്തെ ഓസ്ട്രേലിയയുടെ സമാനതകളില്ലാത്ത ഏകപക്ഷീയതയ്ക്ക് ആളെക്കിട്ടാത്തത് എന്തുകൊണ്ടാണ്? ലോകചരിത്രത്തിലെതന്നെ ഏറ്റവും ശക്തമായ അധീശശക്തിക്കെതിരേ, ഒരു കായികരീതിയെ സ്വത്വരാഷ്ട്രീയത്തിന്റെ ആയുധമാക്കി വളർത്തിയതിന്റെ ചരിത്രമാണ് വിൻഡീസ് ക്രിക്കറ്റിന്റേത്. ആഭ്യന്തരയുദ്ധത്തിനുശേഷമുള്ള അമേരിക്കയുടെ പുനർനിർമാണംപോലെ, ആദ്യത്തെ കമ്മ്യൂണിസ്റ്റ് ഇന്റർനാഷനൽപോലെ. അതുകൊണ്ട് വിൻഡീസ് ക്രിക്കറ്റിന്റെ ഭൂതകാലം ചരിത്രത്തിലുണ്ട്. ബോബ് മാർലി പാടിയതുപോലെ, ആഫ്രിക്കയിൽനിന്ന് അടിമക്കപ്പലുകളിൽ പരസ്പരം പേരുവിളിക്കാനറിയില്ലെങ്കിലും ഒരേ നിറമുള്ള ഈ നമ്മളെല്ലാം അടിമകളാണെന്ന ഐകമത്യം മാത്രമായിരുന്നു സംഘബോധം.

വെസ്റ്റിൻഡീസിലേക്ക് കപ്പൽകടത്തപ്പെട്ട ആഫ്രിക്കക്കാരനെ, മനു ഷ്യനെ വെറുമൊരു ഉപകരണമാക്കുന്ന കോഡിഫിക്കേഷനിലൂടെ സ്വത്വനാശത്തിനു വിധേയരാക്കുകയായിരുന്നു ബ്രിട്ടൻ. അടിമത്തം ജന്തുവിന്റെ ഇടമേ കറുത്തവന് അനുവദിക്കപ്പെട്ടിരുന്നുള്ളൂ. എന്നിട്ടും മറ്റൊരു മഹാത്മാഗാന്ധിയോ നെൽസൺ മണ്ടേലയോ കറുത്ത നിറമുള്ള ഒരു ചെഗുവേരയോ അവിടെ സംഘടിപ്പിക്കപ്പെട്ടില്ല. അത്രയ്ക്ക് സാധ്യതയുണ്ടായിരുന്നു. വളരെ ജനാധിപത്യപരമായി സ്കൂൾ വിദ്യാഭ്യാസവും ക്രിക്കറ്റും സ്വന്തം നാട്ടിൽ പ്രചരിപ്പിച്ചത് വ്യാവസായികവൽക്കരണത്തിന് ആക്കംകൂട്ടുന്നതിന്റെ ഭാഗമായിട്ടായിരുന്നുവെങ്കിൽ, മനുഷ്യരല്ലാത്ത വെസ്റ്റിൻഡീസിൽ ബ്രിട്ടന്റെ ലക്ഷ്യം മറ്റൊന്നായിരുന്നു; വർഗവും വർണവും തിരിച്ചുള്ള പിന്തുടർച്ച രൂപപ്പെടുത്തുക. എന്നാൽ ക്രിക്കറ്റ് അവിടെ മറ്റൊരു ദിശയിലേക്കാണ് തിരിഞ്ഞത്.

കറുത്തവന്റെ കളരികൾ

ഇന്ന് നാം ബ്രയൻ ലാറയെ പറയുക, ക്വീൻസ് പാർക്ക് ഓവലിന്റെ രാജ കുമാരൻ എന്നാണ്. എന്നാൽ അൻപതുകളുടെ തുടക്കത്തിൽപ്പോലും മടിച്ചുമടിച്ച് കറുത്തവർ കയറിച്ചെന്ന ക്രിക്കറ്റ് മൈതാനമാണത്. ‘വൈറ്റ് ആൻഡ് വെൽത്തി’ ആയവർക്കു മാത്രം പ്രവേശനമുണ്ടായിരുന്ന ട്രിനിഡാഡിലെ പ്രധാന ക്രിക്കറ്റ് ക്ലബ്ബായിരുന്നു ക്വീൻസ് പാർക്ക്. ഓക്സ്ഫഡിലെയും കാംബ്രിജിലെയും ടീമുകളെത്തുമ്പോൾ അവരോട് കളിക്കാനുള്ള വരേണ്യതയുള്ള ഏക ടീം. അവിടെ പട്ടാളബാരക്കുകളിൽ ദൈനംദിന മെയ്യഭ്യാസങ്ങൾ പോലെ വെളുത്ത യൂണിഫോമിട്ട സായിപ്പന്മാർ ക്രിക്കറ്റ് കളിച്ചുപോന്നു. മഹാഭൂരിപക്ഷം വരുന്ന കറുത്തവന് ഇതിൽ കാര്യമുണ്ടായിരുന്നില്ല. കളി കണ്ടുപഠിച്ചവർ, പലവർഗങ്ങളിൽപ്പെട്ട കറുത്തവർ പുറത്ത് പല ക്ലബ്ബുകൾക്ക് രൂപം നൽകി.

സ്റ്റിംഗോ: കൊല്ലനും അറവുകാരനും ഒരു തൊഴിലില്ലാത്തവനുമായ, വർഗപരമായി ഏറ്റവും താഴേത്തട്ടിൽ നിൽക്കുന്ന കറുത്തവർഗക്കാരന്റെ ക്ലബ്ബ്.

ഷാംറക്ക്: വെള്ളക്കാരന്റെ എസ്റ്റേറ്റ് മാനേജരായും തോട്ടം കാവൽ ക്കാരനായും കറുത്തവർക്കിടയിൽത്തന്നെ വെളുത്തവരെപ്പോലെ പെരുമാറാൻ തുടങ്ങിയവരുടെ ക്ലബ്ബ്

മേപ്പിൾ: തവിട്ടുതൊലിക്കാരന്റെ ക്ലബ്ബ്. വക്കീൽ ഗുമസ്തനായ ലിയറി കോൺസ്റ്റന്റൈൻ കളിച്ചുതുടങ്ങിയത്).

ഷാനോൺ: കറുത്ത മധ്യവർഗത്തിന്റെ ക്ലബ്ബ് (ഈ ക്ലബ്ബിലായിരുന്നു ടെക്സ്റ്റ് ബുക്കുകളിലോ ക്രിക്കറ്റ് ‘കണ്ടുപിടിച്ച്’ വികസിപ്പിച്ച മാനേ ജർമാരുടെ നോട്ട്ബുക്കുകളിലോ കാണാത്ത കളിയടവുകൾ വിരിഞ്ഞത്. ഇതിൽ, കറുത്തവൻ എന്ന സ്വത്വാഭിമാനത്തോടെ കളിയെ കണ്ടതും കളിക്കളങ്ങളിൽ അങ്ങനെ നിറഞ്ഞു നിന്നതും ഷാനോൺ ആയിരുന്നു. വെളുത്തവന്റെ ക്രിക്കറ്റിനെ തീർത്തും മൃൺമയമായ ശൈലിയിലുള്ള ക്രിക്കറ്റുകൊണ്ട് പകരം വയ്ക്കുക മാത്രമല്ല ഈ ക്ലബ്ബ് ചെയ്തത്; ക്വീൻസ് പാർക്ക് ഓവലിലെ ക്രിക്കറ്റി നേക്കാൾ വിധ്വംസക (Subversive) സ്വഭാവമുള്ള ഒരു രാഷ്ട്രീയ ആയുധമാക്കി ക്രിക്കറ്റിനെ വളർത്തിയെടുക്കുകയായിരുന്നു.

ക്വീൻസ് പാർക്ക് ഓവൽ

കൊളോണിയലിസവും ക്രിക്കറ്റും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഗവേഷണം നടത്തുന്ന മാൻദിയ ദിയവാര പറയുന്നതിങ്ങനെ: “ഇംഗ്ലിഷ് നെസിന്റെ നിർമിതിയാണ് ബ്ലാക്ക്നെസ്. തരംതാഴ്ന്നത് ബ്ലാക്ക്നെസ്. ഈ തരംതാണ നിർമിതിയെ മാനവീകരിക്കുകയായിരുന്നു ക്വീൻസ് പാർക് ഓവലിനു പുറത്തെ കളിക്കാരൻ. ക്രിക്കറ്റ് മൈതാനിയിൽ അവൻ സ്വതന്ത്രനായി. സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. കാഴ്ചക്കാരാകെ ഈ സ്വാതന്ത്ര്യം ആസ്വദിച്ചു. കറുപ്പിന്റെ നെഗറ്റീവ് സൈഡിനെ പോസിറ്റീവ് സൈഡായി രൂപാന്തരപ്പെടുത്തുകയായിരുന്നു ഈ കളിക്കാർ.

ക്രിക്കറ്റ് ദേശീയത

1920 കളോടെയാണ് ഈ അർഥത്തിലുള്ള വിൻഡീസ് ക്രിക്കറ്റ് രൂപ പ്പെടുന്നത്. ഇംഗ്ലിഷ് ക്രിക്കറ്റിന്റെ ഉദ്വേഗവും സൗന്ദര്യവുമാണ് ക്രിക്കറ്റിന്റെ സമ്പന്നത എന്നു ധരിച്ചുവശായിരുന്ന കാഴ്ചക്കാർക്കിടയിലേക്ക് മൗലികമായ മറ്റൊരു സമീപനം കടന്നുവരുകയായിരുന്നു. വ്യത്യസ്തനായിരിക്കുക എന്നാൽ മനുഷ്യനെപ്പോലെ തങ്ങളും ഇംഗ്ലിഷുകാർക്ക് സമമാണ് എന്ന വർണ/വർഗ അവബോധം കരീബിയൻ ജനതയ്ക്ക് ആദ്യയുണ്ടാക്കിയത് ഇങ്ങനെ രൂപപ്പെട്ട ക്രിക്കറ്റാണ്. ദേശീയതയുടെ ആദ്യത്തെ വിത്തും ഇതുതന്നെ. ഇന്നലത്തെ വിൻഡീസ് വെസ്റ്റിൻഡീസ് ക്രിക്കറ്റിനെ ‘ഷാനോണിസം’ എന്നാണ് സ്പോർട്സിന്റെ സാമൂഹിക ശാസ്ത്രത്തിൽ ഗവേഷണം ചെയ്യുന്നവർ ഇന്ന് പൊതുവേ റഫർ ചെയ്യുന്നത്.

മാൻദിയ ദിയവാര

ഇരുപതാംനൂറ്റാണ്ടിനെ ഉണ്ടാക്കിയ ആധുനികതയെ കരീബിയൻ ജനത സ്വാംശീകരിച്ചത് വ്യവസായവൽക്കരണത്തിലൂടെയോ ക്രൈസ്തവവൽക്കരണത്തിലൂടെയോ സാക്ഷരതയിലൂടെയോ ആയിരുന്നില്ല. ക്രിക്കറ്റിലൂടെയായിരുന്നു. ഷാനോണിസത്തിന്റെ വളർച്ച, നാൽപതുകളിൽ വിശാല വെസ്റ്റിൻഡ്യൻ ഫെഡറേഷന്റെ രൂപവൽക്കരണശ്രമങ്ങൾക്കുപോലും പരോക്ഷകാരണങ്ങളിലൊന്നായിരുന്നു. അൻപതുകളുടെ തുടക്കമായപ്പോഴേക്കും പുതിയ വിൻഡീസ് ക്രിക്കറ്റ് ലോകനേതൃത്വം പിടിച്ചെടുത്തുകഴിഞ്ഞിരുന്നു. ഫ്രാങ്ക് വോറൽ എന്ന പ്രതിഭാശാലിയായ ഓൾറൗണ്ടറുടെ കാലമായിരുന്നു അത്. 1960-ൽ മാത്രമാണ്, വെസ്റ്റിൻഡീസിന്റെ കറുത്തവർഗക്കാരനായ ആദ്യത്തെ ക്യാപ്റ്റനായി ഫ്രാങ്ക് വോറൻ നിയമിതനാവുന്നത്. അറുപതുകളുടെ അവസാനം ഗാരി ഫീൽഡ് സോബേഴ്സ് ക്യാപ്റ്റനാവുന്നു പിന്നീട് ലോയ്ഡും റിച്ചാഡ്സും റിച്ചാഡ്സണും 1994 വരെ ടെസ്റ്റ് ക്രിക്കറ്റിൽ വിൻഡീസിന്റെ ആധിപത്യം നഷ്ടമാവാതെ നോക്കുന്നു. ഈ കാലഘട്ടം, മൂന്നാം ലോകരാഷ്ട്രങ്ങളുടെ രാഷ്ട്രീയമായ ഉണർവിന്റെ കാലം കൂടിയായിരുന്നു എന്നോർക്കണം.

രാഷ്ട്രം ശിഥിലമാവുമ്പോൾ

ഓ, വിൻഡീസിന്റെ ആ പ്രതാപകാലം! എന്നെഴുതിത്തുടങ്ങുന്ന പണ്ഡിതന്മാരൊക്കെ ഇപ്പോൾ, അവിടെയെല്ലാവരും ബാസ്കറ്റ് ബോളി ലേക്ക് തിരിയുകയാണെന്ന തീർത്തും ഉപരിപ്ലവമായ സിദ്ധാന്തമാണ് അവതരിപ്പിച്ചുകാണാറുള്ളത്. രാഷ്ട്രീയമായ ഇച്ഛാശക്തികൊണ്ടു നേടിയെടുത്ത ആ കായിക മേൽക്കോയ്മ രാഷ്ട്രീയമായിത്തന്നെ ഇല്ലാ താവുകയാണെന്ന് പലരും കാണുന്നില്ല.

ഫ്രാങ്ക് വോറൽ

ബാർബഡോസിലെ യൂണി വേഴ്സിറ്റി ഓഫ് വെസ്റ്റിൻഡീസിൽ സോഷ്യൽ ആന്റ് ഇക്കണോമിക് ഹിസ്റ്ററി പ്രൊഫസറായ ഹില്ലാരി ബക്ക്ൾസ് വിൻഡീസ് ക്രിക്കറ്റിന്റെ വീഴ്ചയെ ഇങ്ങനെയാണ് വീക്ഷിക്കുന്നത്: “വിവിധ ദ്വീപുകൾ തമ്മിൽ ആഭ്യന്തരമായ കിടമത്സരം ഉടലെടുത്തുകഴിഞ്ഞു. നമ്മൾ പറയുന്ന വെസ്റ്റിൻഡ്യൻനെസ് പലയിടത്തും ചോദ്യം ചെയ്യപ്പെടുകയാണ്. നേരത്തേ കളിക്കാരനും സംഘാടകനും ഇതേക്കുറിച്ച് നല്ല ബോധമുണ്ടായിരുന്നു. ഇന്ന് ബ്യൂറോക്രസിയെ സംബന്ധിച്ചിടത്തോളം ഈ സങ്കല്പത്തെക്കുറിച്ചുള്ള സംസാരമെല്ലാം വെറും അധരവ്യായാമമാണ്. സമഗ്രമായ കരീബിയൻ രാഷ്ട്രനിർമാണത്തിലൂടെ മാത്രമേ വെസ്റ്റിൻഡ്യൻ ദേശീയതയെ ഗ്ലോബലൈസേഷന്റെ ഈ കാലത്ത് പുനഃസൃഷ്ടിക്കാൻ കഴിയൂ. അപ്പോൾ മാത്രമേ വിൻഡീസ് ക്രിക്കറ്റും ശക്തി പ്രാപിക്കുകയുള്ളൂ. അതേ ഗ്ലോബലൈസേഷൻകാലത്ത് അതുമല്ല, ഇതുമല്ല എന്നൊരു പ്രതിസന്ധി വിൻഡീസ് ക്രിക്കറ്റിനെ ചൂഴ്ന്നുനിൽക്കുന്നതായി കാണാം. അമരിന്ത്യനും ആഫ്രിക്കനും അല്ല, എന്നാൽ ഓസ്ട്രേലിയനാവാനും കഴിയുന്നില്ല എന്ന alienated hybridity യുടെ പ്രശ്നം ഇപ്പോഴത്തെ ടീമിന്റെ സ്വഭാവസവിശേഷതകൾ പരിശോധിച്ചാൽ എളുപ്പത്തിൽ കാണാൻ കഴിയും. ഇന്ന് കമ്പോളത്തിൽ ലഭ്യമായ ഡി.വി.ഡികൾ കാണുമ്പോഴറിയാം, പഴയ വെസ്റ്റിൻഡീസ് ടീം രണ്ടു കാരണങ്ങൾ കൊണ്ടു മാത്രമേ ഡിഫെൻസിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നുള്ളൂ. ഒന്ന്: വെളിച്ചക്കുറവ്, രണ്ട്: വേഗം കുറഞ്ഞ ഔട്ട് ഫീൽഡ്. ക്രിക്കറ്റ് എന്നാൽ ‘ഫൂട്ട് ബോൾ’ കൂടിയാണ് എന്നു ധ്വനിപ്പിക്കുന്ന ഫൂട്ട് വർക്കിന്റെ അത്യപൂർവ സിദ്ധികൾകൊണ്ട് സമ്മോഹനമായി നിന്ന ആ കളിക്കാരെ പ്പോലെ കളിയും പഴങ്കഥയാവുകയാണ്. സഹജാവബോധംകൊണ്ട് ക്രിക്കറ്റ് ഉണ്ടാവുന്നു. അത് സഹജാവബോധംകൊണ്ട് നിലനിൽക്കു കയും ചെയ്യുന്നു എന്നത് ബാലിശമായ ഒരു തിയറി കൂടിയാണ്.

ഹില്ലാരി ബക്ക്ൾസ്

നിരവധി റിച്ചാഡ്സുമാർ ഇനിയും പിറക്കാനിരിക്കുന്നു, ‘സാന്താക്രൂസിലോ മിച്ചൽ തെരുവിലോ ഇനിയും ലാറമാരെ കണ്ടേക്കാം’ എന്നൊക്കെ യുള്ള വിരസ ആവർത്തനങ്ങൾ ഒട്ടും യുക്തിഭദ്രമല്ലതന്നെ.

നല്ല പിച്ചുകളില്ല. ആയിരങ്ങളിൽനിന്ന് പ്രതിഭാശാലികളെ അരിച്ചെടുക്കാനുള്ള സംവിധാനമില്ല. കോച്ചിങ് പദ്ധതികളില്ല. ഓസ്ട്രേലിയയിലോ ദക്ഷിണാഫ്രിക്കയിലോ ഇന്ത്യയിലോ അവതരിപ്പിക്കപ്പെട്ടിരിക്കുന്ന ടെക്നോളജിയില്ല. എന്നാൽ ഇന്നാട്ടുകാരുടെയെല്ലാം ടെക്നിക്കിനെ വെല്ലുന്ന സഹജാവബോധവും അനുമാനവും കൈമുതലായുള്ള കളിക്കാർ ധാരാളമുണ്ട്. എന്നാൽ അവരെ എങ്ങനെ ഏകോപിപ്പിക്കണം എന്നറിയാതെ നട്ടംകറങ്ങുന്ന ക്രിക്കറ്റ് ബോർഡ്. നേരത്തേ വിശദീകരിച്ച സ്വത്വനിർമാണവും രാഷ്ട്രീയപോരാട്ടവും അതിന്റെ സാമൂഹികഫലങ്ങൾ ഉണ്ടാക്കിത്തുടങ്ങിയപ്പോൾ ചാരുകസേരയിൽ വിശ്രമിച്ചുതുടങ്ങിയ ബ്യൂറോക്രസി ഇവിടെയാണ് വില്ലന്റെ സ്ഥാനം വഹിക്കുന്നത്.

വൈകി വിരിയുന്ന പൂക്കൾ

ഫ്രാങ്ക് വോറലിന്റെ കാലം മുതൽ റിച്ചി റിച്ചാഡ്സന്റെ കാലംവരെ വിൻഡീസ് ‘ദേശീയ ടീമി’ലേക്ക് പുതിയൊരു കളിക്കാരന് പ്രവേശിക്ക ണമെങ്കിൽ പഴയൊരാൾ റിട്ടയർ ചെയ്യുകതന്നെ വേണ്ടിയിരുന്നു. ആഭ്യന്തര ക്രിക്കറ്റിൽ അസാമാന്യമായ ശരാശരികൾ നേടിയിട്ടും സീനിയർ ടീമിൽ ഇടംകിട്ടാതെപോയ എത്രയോ പ്രതിഭകളെ ഈ കാലയളവിൽ നമുക്ക് കാണാം.

കാൾ ഹൂപ്പര്‍

നോർതേൺ ടെലികോം കപ്പിൽ ഒരു വർഷം 480 റൺസ് അടിച്ച കാൾ ഹൂപ്പറും തൊട്ടടുത്ത വർഷം (1987) 498 റൺസ് നേടി ഹൂപ്പറിന്റെ റെക്കാഡ് തിരുത്തിയ ബ്രയൻ ലാറയും, മറ്റൊരു ക്രിക്കറ്റ് ടീമിലേക്കും അക്കാലത്ത് അനാവശ്യമായിരുന്ന കാലം കാത്തിരുന്നശേഷമാണ് ഇന്റർ നാഷനലുകൾ കളിക്കുന്നത്. 1985-ൽ - ഏഴു സെഞ്ച്വറികൾ ഉൾപ്പെടെ 1418 റൺസ് ആഭ്യന്തര ക്രിക്കറ്റിൽ നേടിയിട്ടും നോർതേൺ ടെലികോം ചാമ്പ്യൻഷിപ്പിനുള്ള ട്രിനിഡാഡ് ആൻഡ് ടുബാഗോ ടീമിൽ ലാറയ്ക്ക് സ്ഥാനം ലഭിച്ചിരുന്നില്ല. വലുപ്പക്കുറവായിരുന്നു കാരണം!

1989-ൽ ഇന്ത്യക്കെതിരേ ക്യൂൻസ് പാർക്ക് ഓവലിൽ നടന്ന ടെസ്റ്റിലാണ് ബ്രയൻ ലാറയ്ക്ക് ടെസ്റ്റ് ജീവിതത്തിലെ ആദ്യ ക്ഷണം ലഭിക്കുന്നത്. 20 വയസ്സിന് രണ്ടാഴ്ച പിന്നിലായിരുന്നു അന്ന് ലാറ. ഗോൾഡൻ ഗ്രീനിഡ്ജും ഡെസ്മണ്ട് ഹെയ്ൻസും റിച്ചി റിച്ചാഡ്സണും ഗാഗിയും വിവിയൻ റിച്ചാഡ്സും കീത്ത് ആതേർട്ടണും മുൻനിരയിൽ നിൽക്കുന്ന അന്നത്തെ ടീമിൽ ലാറ പന്ത്രണ്ടാമനായത് സ്വാഭാവിക നീതി.

1991-ൽ പാകിസ്ഥാൻ പര്യടനത്തിനുള്ള ടീമിൽ മൂന്നാം ടെസ്റ്റിലാണ്, അതും വിവിയൻ റിച്ചാഡ്സ് കളിക്കാതിരുന്ന ടെസ്റ്റിൽ, ലാറയുടെ അരങ്ങേറ്റം. മധ്യനിരയിൽ നിറംമങ്ങിത്തുടങ്ങിയെങ്കിലും എങ്ങനെയെങ്കിലും പിടിച്ചുനിൽക്കാൻ പാടുപെടുന്ന ഗാഗിമാരുടെ പടയൊരുക്കം പിന്നീടുള്ള 17 മാസം ലാറയെ ബെഞ്ചിലിരുത്തി. ഓസ്ട്രേലിയയുടെ വിൻഡീസ പര്യടനത്തിലും വിൻഡീസിന്റെ ഇംഗ്ലിഷ്പര്യടനത്തിലും ബെഞ്ചിലിരുന്ന് ലാറ കളികണ്ടു.

ബ്രയൻ ലാറ

ഇംഗ്ലണ്ടിലെ ഹെഡിങ്ലിയിൽ നടന്ന ഒന്നാം ടെസ്റ്റിൽ 172നും 162നും വിൻഡീസ് പുറത്താവുകയും 1969നുശേഷം ആദ്യമായി ഇംഗ്ലണ്ട് വിൻഡീസിനെ തോൽപ്പിക്കുകയും ചെയ്തപ്പോൾ കളിക്കാർക്കി ടയിൽ അസ്വാസ്ഥ്യം ഉരുണ്ടുകൂടി. റിസർവ് വിക്കറ്റ് കീപ്പർ ഡേവിഡ് വില്യംസിനോട്, ടീം കളിച്ച രീതിയെ വിമർശിച്ചുകൊണ്ട് ബ്രയൻ ലാറ നടത്തിയ പരാമർശങ്ങൾ ചൂടേറിയ വാഗ്വാദത്തിനിടയാക്കി.

“ലീഡ്സിൽ നിന്നെപ്പോലൊരു കളിക്കാരൻ ഇതിലും പരാജയമാകുമായിരുന്നു” എന്ന് മാനേജർ ലാൻസ് ഗിബ്സ് തുറന്നടിക്കുകയും ചെയ്തു. “ഗാരി സോബേഴ്സനെപ്പോലെ ബാറ്റ് ചെയ്യാൻ കഴിയും എന്നാണോ നിന്റെ വിചാരം?” ഗിബ്സിന്റെ ചോദ്യത്തിന് “അതാണെന്റെ ആഗ്രഹം” എന്നാ യിരുന്നു ലാറയുടെ പരസ്യമായ മറുപടി. (ഇക്കാര്യം ആത്മകഥയുടെ ആദ്യഭാഗമായ "ബീറ്റിങ് ദ ഫീൽഡിൽ ലാറ എഴുതിയിട്ടുണ്ട്.)

ലാറ ക്രാഫ്റ്റ്

പ്രതിഭകൾ മുളയ്ക്കുന്നു, അവർ വിൻഡീസ് ക്രിക്കറ്റിൽ പൂത്തുലയുന്നു എന്ന ബോർഡിന്റെ നിസ്സംഗമായ സമീപനത്തിന്, പ്രായമാവുന്ന പടക്കുതിരകളുടെ തുടരൻ റിട്ടയർമെന്റ് തിരിച്ചടിയായിത്തുടങ്ങി. വിൻഡീസ് ക്രിക്കറ്റ് ബോർഡ് ന്യായങ്ങൾ നിരവധി നിരത്തിയെങ്കിലും വിൻഡീസ് ക്രിക്കറ്റിലെ ‘ഇംഗ്ലിഷ്നെസി’നെ സ്വത്വാഭിമാനംകൊണ്ട് പകരം വെച്ച ‘ബ്ലാക്ക്നെസിന്’ന് ക്ഷതമേറ്റുകഴിഞ്ഞിരുന്നു.

പിന്നീടുള്ള കാലം വിൻഡീസ് ക്രിക്കറ്റിലേക്കു നോക്കിയ നമുക്ക് കാണാനായതും ബ്രയൻ ലാറയുടെ അസാമാന്യമായ പ്രതിഭാവിലാസവും അതിനുചുറ്റും ഉരുത്തിരിഞ്ഞ വിജയപരാജയങ്ങളുമായിരുന്നു. മഹത്തായ ഒരു വികാരാവിഷ്കരണത്തിന്റെ ഒബ്ജക്റ്റീവ് കോറിലേറ്റീവായി ബ്രയൻ ലാറയും അയാളുടെ ക്രിക്കറ്റും പരിണമിക്കുന്ന കാഴ്ചയാണ് പിന്നത്തേത്. ലോകത്തിലെ ഏറ്റവും മികച്ച നാടകങ്ങളോ ഡ്രാമാ വിഭാഗത്തിൽപ്പെട്ട സിനിമകളോ പിച്ചിൽ പുനരാവിഷ്കരിക്ക പ്പെടുന്നതുപോലെയായി ലാറയുടെ വിൻഡീസ് ക്രിക്കറ്റ് പിന്നീട്. ലാറ നായകനും പ്രതിനായകനുമായി. റ്റു ബി ഓർ നോട്ട് റ്റു ബി എന്ന് സദാ ശിരസ്സിൽ പേറുന്ന സങ്കീർണ വ്യക്തിത്വമായിരുന്നു ലാറയുടേത്. ക്രീസിൽ ദൈവത്തിന്റെ കരവിരുതിനെ അയാൾ വെല്ലുവിളിച്ചു. രൂപ കാതിശയോക്തിയിൽ പറഞ്ഞാൽ ലാറ ക്രാഫ്റ്റ്.

ഈ വഴിയിൽ മില്യണുകളുടെ എൻഡോഴ്സ്മെന്റുകൾ വന്നു പതിച്ചിട്ടും ഒരു കരിയറിസ്റ്റായി (ഒത്തുതീർപ്പു വിദഗ്ധനായി) സുരക്ഷിതമായ ഒളിത്താവളങ്ങളിൽ ലാറ രാപ്പാർത്തില്ല. ക്രീസിലെ ദൈവം കളത്തിൽനിന്ന് കരകയറിയാൽ പിന്നെ വർഗബോധവും വർണബോധവും നഷ്ടപ്പെടാത്ത സാധാരണ മനുഷ്യപുത്രനായി. കൂലിത്തർക്കത്തിന്റെ പേരിൽ കളിയുടെ തലേന്നാൾ ക്യാപ്റ്റൻസി വേണ്ടെന്നുവച്ചും ക്രിക്കറ്റ് എന്റെ ജീവിതം തകർത്തു, ഇനി ഞാനില്ലെന്ന് പിണങ്ങി മാറിനിന്നും വലിയൊരു ജനതയുടെ ആഗ്രഹങ്ങളെ അയാൾ വഴിയിൽ നഷ്ടപ്പെടുത്തിക്കളയുന്നതായി തോന്നിച്ചു. പതിനേഴാം വയസ്സിൽ ‘റോയ് ഫ്രഡ റിക്സ്’ എന്ന വിളിപ്പേരു കിട്ടിയ ബ്രയൻ ലാറ, ദീഗോ മറഡോണയെയും ബോറിസ് ബെക്കറിനെയും നിരന്തരം ഓർമിപ്പിച്ചു. ഇവരുമായി സമാന മേതുമില്ലാത്ത ഒരു വേറാക്കൂറ് എവിടെയോ നിഴലിച്ചു.

ബ്രയൻ ലാറ, ജോയ് കാറിയൂ

അറുപതുകളുടെ ഒടുവിൽ അഡലൈഡിലെ നാലാം ടെസ്റ്റിൽ ജോൺ ഗ്ലീസണിന്റെ മാസ്മരികമായ (നിഗൂഢമായ) സ്പിൻ ബൗളി ങ്ങിനെ അതിശയകരമായി നേരിട്ടു എന്ന ഒറ്റ ഖ്യാതിയിൽ വിൻഡീസ് ക്രിക്കറ്റിന്റെ അനൗദ്യോഗിക ഹാൾ ഓഫ് ഫെയിമിൽ സ്ഥാനംപിടിച്ച ജോയ് കാറിയൂ ആണ് ലാറയെ വിൻഡീസ് സെലക്ടർമാർക്കു മുന്നി ലെത്തിച്ചതെന്നത് പഴയകഥ. ഇന്ത്യയോട് ഇക്കഴിഞ്ഞ ടെസ്റ്റ് പരമ്പര തോറ്റപ്പോൾ ലാറ കാറിയൂവിനോട് കയർത്തു: “കളിക്കാരെ തരാതെ താങ്കളെന്നെ തോൽപ്പിച്ചുകളഞ്ഞു.” കാര്യം പറയുന്നതിന് ഒന്നരദശകം നീണ്ട കടപ്പാടിനെന്തു പ്രസക്തി മുഖ്യ സെലക്ടറായ കാറിയ പണി രാജിവച്ചു.

നൃത്തം, യുദ്ധം

ലാറയ്ക്കെതിരേ ഇതുവരെ ഉന്നയിക്കപ്പെടാത്ത ഒരു ആരോപണ മുണ്ട്- ലാറ വിൻഡീസിനെ തോൽപ്പിച്ചുകളഞ്ഞു എന്ന്. തോറ്റ കളികൾ 3, അതിൽ ലാറയുടെ റൺസ് 5316, വലിയ സ്കോർ 226, ശരാശരി 42.19, സെഞ്ച്വറികൾ 14, അർധസെഞ്ച്വറികൾ 22. കാറിയൂവിനോട് തർക്കിക്കാൻ അർഹതപ്പെട്ട സ്റ്റാൻഡ് തന്നെ! ഇക്കാലമത്രയും വിൻ ഡീസ് ക്രിക്കറ്റിനെക്കുറിച്ചു പറയുമ്പോൾ ലാറ എന്ന പര്യായപദത്തി ലേക്കു ചുരുങ്ങിയതിന് മറ്റു ന്യായങ്ങൾ ആവശ്യമില്ല.

തോറ്റ കളികളിലും ക്ലാസിക് ടെക്സ്റ്റ്ബുക് ഷോട്ടുകളെ തന്റേതായ രീതികളിൽ പുനരാവിഷ്കരിച്ചുകൊണ്ട് ലാറ സൃഷ്ടിക്കുന്ന ധാരാളിത്തത്തിന് സമാനതകളില്ല. വേഗം കുറഞ്ഞ ബൗളർമാർക്കെതിരേ ഇത്ര മനോഹരമായി ആരാണ് ഓൺഡ്രൈവ് ചെയ്തിട്ടുള്ളത്? ബാക്ക്ഫൂട്ടിലൂന്നി കളിച്ചിരുന്ന ചരിത്രത്തിലെ ഏതു കളിക്കാരനാണ് ഇത്ര മനോഹരമായി പന്ത് കട്ട് ചെയ്തിട്ടുള്ളത്? വലത്തേ കാൽ അല്പമൊന്നുയർത്തി ലാറ സൃഷ്ടിക്കുന്ന പുൾ ഷോട്ടുകൾക്ക് ഏത് നൃത്തത്തിലാണ് പകരം വെപ്പുള്ളത്? എക്സ്ട്രാ കവറിലേക്ക് കാൽ ക്രമീകരിച്ച് പന്തിന്റെ പിച്ച് അളന്ന് മൈക്രോ സെക്കൻഡിന്റെ സൂക്ഷ്മതയോടെ കവർഡ്രൈവ് ചെയ്യുന്ന മറ്റേതൊരു കളിക്കാരനാണ് ഇപ്പോൾ ക്രിക്കറ്റിലുള്ളത്? തോറ്റ കളികളെക്കുറിച്ചു പറയുമ്പോൾ, അവിടെയും ഉയർന്ന ശരാശരിയും നല്ല റൺ നേട്ടവും കാണുമ്പോൾ ഒന്നാന്തരമായി പ്രതിരോധിച്ചുകളിക്കുന്ന ദ്രാവിഡിനെയല്ലേ നമുക്ക് ഓർമവരുക?

വിൻഡീസ് ക്രിക്കറ്റിന്റെ ഭാരം താങ്ങുകയും വണ്ടിവലിക്കുകയും ചെയ്യുകയെന്ന അസാധാരണ ദ്വന്ദ്വാത്മകതകൊണ്ടാവാം, ലാറയിൽ നമുക്ക് മൂന്നു കളിക്കാരനെ ദർശിക്കാം. ഫ്രന്റ് ഫൂട്ടിൽ കളിക്കുന്ന ലാറ ബാക്ക് ഫൂട്ടിൽ കളിക്കുന്ന ലാറ, പ്രതിരോധത്തിൽ മറ്റാരെയും വെല്ലുന്ന ലാറ. ഏകദിന ക്രിക്കറ്റിന്റെ ആധിക്യത്തിൽ സ്പിന്നിനെ നേരിടാനുള്ള എളുപ്പവഴി സ്വീപ് ഷോട്ടുകളാണെന്ന് രാം നരേശ് സർവൻ വരെ ധരിച്ചു വച്ചിരിക്കുന്ന കാലത്ത് ലാറ സ്വീപ് ഷോട്ടുകൾ കളിക്കില്ലെന്നു മാത്രമല്ല, It is a kind of lazy short cut എന്ന് തള്ളിപ്പറയുകയും ചെയ്യുന്നു. ഷെയ്ൻ വോണിന്റെയും മുരളീധരന്റെയും സാക്ഷ്യപത്രങ്ങൾ മാറ്റി വയ്ക്കുക, കഴിഞ്ഞ ടെസ്റ്റിൽ ഡാനിഷ് കനേറിയയെ ലാറ നേരിട്ടതിന്റെ ചരിത്രം പരിശോധിക്കുക. കനേറിയയുടെ ഒന്നാം പന്ത്. സ്റ്റമ്പിലേക്ക് ഫ്ളാറ്റായി വരുന്ന പന്ത്. ലാറ മുന്നോട്ടിറങ്ങുന്നു. ലോഫ്റ്റ് ചെയ്യുന്നു. ഒരു ബൗൺസോടെ പന്ത് ബൗണ്ടറിക്കു പുറത്ത്. രണ്ടാം പന്ത്, ഡോട്ട് ബോൾ. മൂന്നാം പന്ത്; ലെഗ് സ്റ്റമ്പിനു വെളിയിൽ ഒരു ഷോർട്ട് ബോൾ മിഡ് വിക്കറ്റിനു പുറത്തുകൂടി പന്ത് വെളിയിൽ. 6 റൺസ്. നാലാം പന്ത്: ലാറ പുറത്തിറങ്ങി ചാർജ് ചെയ്യുന്നു. ലോങ് ഓണിനു മുകളിലൂടെ ലോഫ്റ്റ് ചെയ്ത പന്ത് മറ്റൊരു സിക്സറായി പരിണമിക്കുന്നു. അഞ്ചാം പന്തിൽ സിക്സറുകളുടെ ഹാട്രിക്. അവസാന പന്തിൽ കനേറിയയുടെ ഫുൾടോസ് പന്തിനെ മിഡിക്കറ്റ് ഫീൽഡറുടെ തലയ്ക്കു മുകളിലൂടെ ബൗണ്ടറി കടത്തുന്നു. ആകെ 26 റൺസ്.

ഓരോ പുതിയ പന്തിലും...

ദക്ഷിണാഫ്രിക്കയിൽ പീറ്റേഴ്സണെതിരേ 4, 6, 6, 4, 4, 4 എന്ന പ്രകടന ത്തിലൂടെ ഒരോവറിൽ 28 റൺസ് നേടി റെക്കോഡിട്ട ലാറയെ എത്ര വർഷം മുമ്പാണ് നാം കണ്ടതെന്നോർക്കണം. ബൗളിങ്ങിനെപ്പറ്റി ഒരു

അവസാന പന്തിൽ കനേറിയയുടെ ഫുൾടോസ് പന്തിനെ മിഡ് വിക്കറ്റ് ഫീൽഡറുടെ തലയ്ക്കു മുകളിലൂടെ ബൗണ്ടറി കടത്തുന്നു. ആകെ 26 റൺസ്.

ബാറ്റ്സ്മാൻ ഓർത്തിരിക്കേണ്ട ലളിതമായ കാര്യം എന്താണെന്ന് റെലിൻഡാൾ പണ്ടേ പറഞ്ഞുവച്ചിട്ടുണ്ട്. ബൗളിങ്ങിൽ ഒരാൾക്ക് വ്യത്യസ്തതയൊന്നും ഇല്ലെന്നു കരുതുക. എന്നാലും അയാൾ എറി യുന്ന ഓരോ പന്തും വ്യത്യസ്തമാകാം എന്ന ധാരണ ബാറ്റ്സ്മാന് ഉണ്ടായിരിക്കണം. ഒരു ബോൾ അയാൾ ക്രീസിന്റെ അറ്റത്തുനിന്ന് എറിഞ്ഞു എന്നിരിക്കട്ടെ, അതേ ബോൾ അതേ രീതിയിൽ ക്രീസിന്റെ വിക്കറ്റിനോട് അടുത്തോ അകലെയോ ആയി എറിഞ്ഞാൽ പന്തിന്റെ പിച്ച് മാറിക്കഴിഞ്ഞു. ഇന്നൊഴുകിയ പുഴയല്ല നാളെ എന്നു പറഞ്ഞ തുപോലെ, ലാറ പറയാറുണ്ട്, നേരിടുന്ന ഓരോ പന്തും എനിക്ക് പുതി യതാണ്. അതുകൊണ്ടുതന്നെയാണ് 20-ാം നൂറ്റാണ്ടിന്റെ ആദ്യദശക ങ്ങളിൽ ഷാനോണിസം രൂപപ്പെടുത്തിയ കളിയറിവ് അതിലും വശ്യമായി ദീർഘനേരം ലാറയ്ക്ക് പ്രയോഗിക്കാൻ കഴിയുന്നത്.

നോക്കൂ: 400 (നോട്ടൗട്ട്), 375, 277, 226, 221, 216, 213, 209, 202. ഇനിയും കടന്നു പോകാം- 196, 191, 182, 179, 178, 176, 167, 153, 153, 152. ഈ നീണ്ട ഇന്നിങ്സുകളോരോന്നും ശ്രദ്ധേയമായത് ഇതര ബാറ്റ്സ്മാൻമാർക്ക് അപരിചിതമായ ഷോട്ട് വൈചിത്ര്യത്താലാണ്. ‘ഫസ്റ്റ് ബ്ലഡി’ൽ തുടങ്ങി സിൽവർസ്റ്റർ സ്റ്റാലൻ അഭിനയിച്ച മൂന്നു റംബോ' ചിത്രങ്ങൾ പോലെ തനിയാവർത്തനമായി ഓസ്ട്രേലിയയിൽനിന്നും മറ്റും ഇതുപോലെ സെഞ്ച്വറികൾ നിർമിക്കപ്പെട്ടിട്ടുണ്ട് എന്നുകൂടി പരിശോധിക്കുമ്പോഴാണ് ലാറയുടെ ഓരോ ഇന്നിങ്സിന്റെയും വലുപ്പം മനസ്സിലാക്കാൻ സാധിക്കുക. റോബോട്ടുകൾക്കു മാത്രം സാധ്യമായ ഒരുതരം സൈബോർഗ് ഇമേജറിയിൽ ഹെയ്ഡനെയും ഗിൽക്രിസ്റ്റിനെയും സൈമൺസിനെയും ഒരളവുവരെ റിക്കി പോണ്ടിങ്ങിനെയും കാണാൻ കഴിയുന്നത് പുതിയ ക്രിക്കറ്റിന്റെ ഭാവനാത്മകമായ പരിണാമമാണോ എന്നതു തർക്കവിഷയംതന്നെയാണ്. ഒരുദിവസം നൂറു ലിറ്റർ പാല് കുടിക്കു ന്നതുകൊണ്ടോ ഇടയ്ക്ക് ബേസ്ബോളിലേക്ക് മാറാൻ ആലോചിക്കു ന്നതുകൊണ്ടോ നമുക്ക് അൽപ്പകാലത്തേക്കുള്ള മാച്ചോ പ്രതിച്ഛായ നിലനിർത്താൻ കഴിയുമെന്നല്ലാതെ, ശരീരാകാരം പോരാത്തതുകൊണ്ട് ടീമിലിടം കിട്ടാതെപോയ ലാറയുടെ നടപ്പാതകളിൽ നടക്കാൻ കഴിയ ണമെന്നില്ല. തുലനസാധ്യമല്ല ലാറയുടെ ഓരോ ഇന്നിങ്സും-സ്വത്വ നിർമിതിയുടെ ഉച്ചസ്ഥായിയിൽ വിൻഡീസിനുവേണ്ടിത്തന്നെ കളിച്ച മഹാരഥന്മാരുടെ വീഡിയോദൃശ്യങ്ങളാണേ സത്യം!

ലാറയുടെ ഈ കാലത്ത്...

കരീബിയൻ ദേശീയതയും ‘ബ്ലാക്ക്നെസും’ പുതിയ മൂല്യവിചാരങ്ങളിലാണിപ്പോൾ. കറുത്തവന് കളിക്കാൻ മാത്രമേ അറിയൂ / അതേ പാടുള്ളൂ എന്നൊരു എസൻഷ്യലിസം വംശീയമായ അപകടങ്ങൾ വിളിച്ചുവരു ത്തുമെന്ന് കറുപ്പിന്റെ രാഷ്ട്രീയ പ്രയോക്താക്കൾക്ക് ഇന്ന് അറിയാം.

അതുകൊണ്ടുതന്നെ പഴയ കരീബിയൻ കരുത്തിനെ ക്രിക്കറ്റ് ക്രീസിൽ തിരിച്ചുപിടിക്കാമെന്ന വ്യാമോഹത്തിന് അതിരുകളുണ്ട്. എന്നാലും മനുഷ്യൻ നൊസ്റ്റാൾജിയകളിലാണല്ലോ ജീവിക്കുന്നത്. നെൽസൺ മണ്ടേല അപ്പാർതീഡ് തടവറയിൽനിന്ന് പുറത്തുവരുന്ന ടെലിവിഷൻ ദൃശ്യം നമുക്ക് നേരിട്ട് ഇടപാടുള്ള കാര്യമല്ലെങ്കിലും നമ്മെ കോരിത്തരിപ്പിക്കും.

മാത്യു ബോണ്ട്മാൻ നമ്മുടെ അനന്തരവനല്ലെങ്കിലും സി. എൽ.ആർ. ജെയിംസ് അയാളുടെ സിക്സറുകളെപ്പറ്റി പറയുമ്പോൾ, അതു വായിക്കുമ്പോൾ പരിചയത്തേക്കാൾ വലിയ ബന്ധം അയാൾക്കും നമുക്കുമിടയിൽ ഉടലെടുക്കും. മൈക്കൽ ജോർദാൻ വായുവിൽ പറന്നുനിൽക്കുമ്പോഴും മാജിക് ജോൺസൺ 360 ഡിഗ്രിയിൽ തിരിയുമ്പോഴും ബാസ്കറ്റ്ബോൾ അത്രയൊന്നും ആവേശകരമായ സ്പോർട്സ് അല്ലാതിരുന്നിട്ടും നമ്മളതിഷ്ടപ്പെടുന്നു.

അതുപോലെ ബ്രയൻ ലാറയുടെ സമകാലികരായി ജീവിക്കാൻ കഴിഞ്ഞു എന്നതും, ഇടയ്ക്കെങ്കിലും വിൻഡീസ് ഓസ്ട്രേലിയയെ ഏകദിന മത്സരത്തിൽ തോൽപ്പിക്കുന്നു എന്നു കാണുന്നതും വരാനിരിക്കുന്ന ലോകകപ്പിലെ ലാറയും കൂട്ടരും സാധ്യതാ ടീമുകളിൽ മുന്നിൽ ത്തന്നെയുണ്ടെന്നതും നമ്മെ ആവേശപ്പെടുത്തുകതന്നെ ചെയ്യുന്നു. അല്ലെങ്കിലും നമ്മൾ ക്രിക്കറ്റിനെ മാത്രമല്ലല്ലോ സ്നേഹിക്കുന്നത്!

കരീബിയൻ മനസ്സിനെ
ക്രിക്കറ്റ് വിമോചിപ്പിക്കുന്നു

കരീബിയൻ സാംസ്കാരിക വിമർശകരിൽ ശ്രദ്ധേയമായ യുവസാ ന്നിധ്യമാണ് വെനീസ ബക്ഷിന്റേത്. വെസ്റ്റിൻഡ്യൻ ഐഡന്റിറ്റിയെ ക്രിക്കറ്റിലൂടെ നോക്കിക്കാണുന്ന നിരവധി ഗവേഷണപ്രബന്ധങ്ങൾ വെനീസയുടേതായുണ്ട്. ട്രിനിഡാഡുകാരിയായ വെനീസയുമായി നടത്തിയ സംഭാഷണത്തിലെ പ്രസക്ത ഭാഗങ്ങൾ...

വെനീസ ബക്ഷ്

കമൽറാം സജീവ്: ക്രിക്കറ്റിന്റെ ചരിത്രപരമായ പങ്ക് ഓർമിക്കുമ്പോൾ കരിബീയൻ ജനത യുടെ സാമൂഹിക സ്വത്വം നിർണയിക്കുന്നതിൽ ബ്രയൻ ലാറയും ഇപ്പോഴത്തെ ക്രിക്കറ്റും എന്തു പങ്കാണ് വഹിക്കുന്നത്? കരീബിയൻ മനസ്സിനെ ക്രിക്കറ്റ് വിമോചിപ്പിക്കുന്നു' എന്നത് വെറും പഴങ്കഥയാണോ?

വെനീസ ബക്ഷ്: കരീബിയൻ ജനതയും ക്രിക്കറ്റും തമ്മിലുള്ള ബന്ധം കഴിഞ്ഞ ഒരു ദശകമായിട്ടാണെന്നു പറയാം, അയഞ്ഞിട്ടുണ്ട്. ഇതിനു പല കാരണങ്ങ ളുണ്ട്. ഈ കാലയളവിൽ വെസ്റ്റിൻഡീസ് ടീമിന്റെ പ്രകടനത്തിലുണ്ടായ തകർച്ചയാണ് ഒരു കാരണം. പല ടെസ്റ്റ് രാഷ്ട്രങ്ങളുടെയും നിലവാരം ഉയർന്നത് മറ്റൊരു കാരണമാണ്. ക്രിക്കറ്റിന് ആഗോളതലത്തിൽ വീഴ്ച സംഭവിക്കുകയായിരുന്നില്ലെന്നും ഒരു കാലത്തെ ശക്തരായ ടീമിലേക്കു മറ്റു ഈ പതനം ഒതുങ്ങുകയായിരുന്നെന്നും കാണാം. ഈ ജനതയുടെ സ്വത്വം നിർണയിച്ച കരീബിയൻ ദേശീയതയെ താങ്ങിനിർത്തുന്നതിൽ പ്രധാന പങ്കുവഹിച്ചത് ക്രിക്കറ്റ് ഫീൽഡിലെ സുപ്പീരിയോറിറ്റി ആയിരുന്നു. ഇന്ന് ഈ ആധിപത്യം തകർന്നിരിക്കുകയാണ്; അതുപോലെ കരീബിയൻ ദേശീയതയെക്കുറിച്ച് ഇവിടത്തെ രാഷ്ട്രീയനേതൃത്വവും ജനങ്ങളെ നിരാശപ്പെടുത്തിക്കളഞ്ഞു. എന്നാൽ, അതേസമയം കരീബിയൻ ജനതയുടെ സ്വത്വത്തിന്റെയും സ്വത്വാഭിമാനത്തിന്റെയും ശക്തമായ ഇടമായി ക്രിക്കറ്റ് ഇന്നും തുടരുന്നുണ്ട്. പ്രത്യക്ഷത്തിൽ വെസ്റ്റിൻഡ്യൻനെസ് പ്രകടമാവുന്ന ഒരേയൊരിടം ഇതാണ്. എത്തിച്ചേരാവുന്ന ഔന്നത്യങ്ങളെ ഓർമപ്പെടുത്താനെങ്കിലും ബ്രയൻ ലാറയെപ്പോലുള്ളവരുടെ സാന്നിധ്യം സഹായിക്കുകയും ചെയ്യുന്നു. കരീബിയൻ മനസ്സിനെ ക്രിക്കറ്റ് വിമോചിപ്പിക്കുന്നു എന്നത് പഴയ കഥയായി മിക്കാം. പക്ഷേ, കരീബിയൻ ഐഡന്റിറ്റിയുടെ മർമപ്രധാനമായ എന്തോ ഒന്നിലേക്ക് അത് ഇടപെടുന്നുണ്ട്, ഈ ഐഡന്റിറ്റിയെ പ്രതിനിധീകരിക്കുന്നുമുണ്ട്.

ഇത് പുതിയ കൊളോണിയലിസത്തിന്റെ കാലമാണ്. പുതിയ സാമ്പ ത്തികനയങ്ങൾ വിവിധ ജനസമൂഹങ്ങൾക്കുമേൽ സാമൂഹികമായ വലിയ ബാധ്യതകളാണ് ഉണ്ടാക്കുന്നത്. ക്രിക്കറ്റ് ഉൾപ്പെടെയുള്ള സ്പോർട്സിന് ഈ ബാധ്യതകളിൽനിന്നു നിങ്ങളുടെ ജനതയെ മോചി ഷിക്കാൻ കഴിയും എന്നു കരുതുന്നുണ്ടോ?

പഞ്ചസാരയിൽ അധിഷ്ഠിതമായ സമ്പദ്ഘടനയിൽ നിലനിന്ന കരീബിയൻ, സ്വാതന്ത്ര്യത്തിനുശേഷവും പരിമിത വിഭവങ്ങളുള്ള പ്രാദേശി കതയാണ്. സാമ്പത്തിക അടിത്തറ വികസിപ്പിക്കുന്നതിനായി പ്രദേശങ്ങൾ പാടുപെടുകയാണ്. ഓയിലും പ്രകൃതിവാതകങ്ങളുംകൊണ്ട് സമ്പന്നമായ ട്രിനിഡാഡ് ആൻഡ് ടുബാഗോയെ ഒഴിച്ചുനിർത്തിയാൽ സാമ്പത്തിക വൈവിധ്യവൽക്കരണത്തിന് മറ്റു ദ്വീപുകൾ കാണുന്ന മാർഗം വിദ്യാഭ്യാസത്തിന്റെയും സ്പോർട്സിന്റെയും സാധ്യതകളിലൂടെ മാത്രമാണ്.

ലോക വ്യാപാരസംഘടനയുടെ നയങ്ങൾ മൂലം കരീബിയൻ സമൂഹത്തിന്റെ കാർഷിക അടിത്തറ (പ്രത്യേകിച്ചും ഈസ്റ്റേൺ കരീബിയനിൽ) വേരെടുത്തുപോയിരിക്കുകയാണ്. മനുഷ്യവിഭവശേ ഷിയുടെ വികസനം മാത്രമാണ് ഇപ്പോൾ പോംവഴി. ഇത്തരം പരിശീ ലനങ്ങൾക്കുള്ള അടിത്തറ സ്പോർട്സ് ഒരുക്കുന്നുണ്ട്. എന്നാൽ, - ഭാവിയിലേക്ക് വാഗ്ദാനമായിരുന്ന നിരവധി അത്ലറ്റുകൾ അമേരിക്ക യിലേക്ക് കുടിയേറാൻ നിർബന്ധിതരായിരിക്കുകയാണ്. ആകർഷകമായ സ്കോളർഷിപ്പുകളും പരിശീലനസൗകര്യങ്ങളുമാണ് ഇതിനു കാരണം. ക്രിക്കറ്റ്, കഴിഞ്ഞ ഒരു ദശകമായി അഭിവൃദ്ധിപ്പെടുന്ന ഒരു ‘വ്യവസായമായി’ കരീബിയനിൽ മൊട്ടിട്ടുതുടങ്ങിയിട്ടുണ്ട്. ഈ വളർച്ചയിൽനിന്നു മൂലധനവൽക്കരണം നടത്താനുള്ള ശ്രമങ്ങളും സജീവമാണ്.

2007 ലെ ലോകകപ്പ് മത്സരങ്ങളോടൊപ്പം ക്രിക്കറ്റിനെ അടിസ്ഥാനമാക്കിയുള്ള നിക്ഷേപങ്ങൾക്കും പദ്ധതികൾക്കും വലിയ വളർച്ചയുണ്ടുകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആകർഷകമായ പ്രതിഫലം ഇന്ന് ക്രിക്കറ്റർമാർക്ക് ലഭിക്കുന്നുണ്ട് എന്നതുകൊണ്ടുതന്നെ യുവാക്കളുടെ ഇടയിൽ ക്രിക്കറ്റിനോടുള്ള ആഭിമുഖ്യം നഷ്ടപ്പെട്ടിട്ടില്ല. പക്ഷേ, പ്രൊഫഷനൽ ആയി കളിക്കാനുള്ള അവസരങ്ങൾ കുറവാണെന്ന പ്രശ്നം നിലനിൽക്കുന്നു. വളരെ ചെറിയ ഒരു ന്യൂനപക്ഷത്തിനുമാത്രം രക്ഷപ്പെടാനുള്ള കിളിവാതിലായി ഇപ്പോൾ ക്രിക്കറ്റിനെ കാണാം.

ബിയോണ്ട് എ ബൗണ്ടറി എന്ന വിശ്വപ്രസിദ്ധ ഗ്രന്ഥത്തിൽ സി.എൽ. ആർ. ജെയിംസ് വിശദീകരിക്കുന്ന ക്രിക്കറ്റിനെ ഇന്നത്തെ വിൻഡീസ്ക്രിക്കറ്റുമായി എങ്ങനെ താരതമ്യം ചെയ്യാം?

ഇത്തരമൊരു താരതമ്യം പല ദൂരക്കാഴ്ചകളും നൽകും. ക്രിക്കറ്റിന്റെ പ്രയോക്താക്കൾക്ക് വൻ വരുമാനം ഉണ്ടാകുമായിരുന്നതിനെ സി. എൽ.ആർ. ജെയിംസ് എതിർക്കില്ലായിരുന്നു എന്നു തോന്നുന്നു. ക്രിക്ക റ്റിലെ അവരുടെ സംഭാവനകൾക്കനുസൃതമായി ക്രിക്കറ്റർമാർക്ക് പ്രതിഫലം നൽകിയിരിക്കണം എന്നുതന്നെയായിരുന്നു അദ്ദേഹത്തി ന്റെയും വീക്ഷണം. കോൺട്രാക്ടിലെ പ്രശ്നങ്ങളും സ്പോൺസർഷിപ്പ് കരാറുകളും എൻഡോഴ്സ്മെന്റുകളും ഒരു ക്രിക്കറ്റർക്ക് എത്രതന്നെ ലഭിച്ചാലും അയാൾ ക്രിക്കറ്റിനു നൽകുന്ന സംഭാവനകളെ ആശ്രയി ച്ചായിരിക്കും അയാളോടുള്ള സമൂഹത്തിന്റെ സമീപനം.

വിൻഡീസ് കണ്ട ഏറ്റവും ഉജ്ജ്വലനായ നായകൻ സർ ഫ്രാങ്ക് വോറൽ ആണ്.

കളിയുടെ നന്മയ്ക്കായി എല്ലാം സമർപ്പിച്ച ഒരു ക്രിക്കറ്ററുടെ വിയോഗമുണ്ടായാൽ പൊട്ടിക്കരയാൻ അയാൾ അനുഭവിച്ച സ്പോൺസർഷിപ്പ് സൗഭാഗ്യ ങ്ങൾ തടസ്സമായി നിൽക്കില്ല. ക്രിക്കറ്റിന്റെ ചരിത്രം സൂക്ഷ്മമായി പരിശോധിച്ചാൽ, പഴയ കളിക്കാർക്ക് ഇന്നത്തെ സൗകര്യങ്ങളും പണവും ലഭിച്ചിരുന്നെങ്കിലും അവർക്ക് ക്രിക്കറ്റിനോടുള്ള സമീപനം മാറുമായിരുന്നില്ല എന്നാണ്. കളിയുടെ ഉന്നമനത്തിനായി ജീവിതം സമർപ്പിച്ചു പഴയ കളിക്കാരുടെ അതേ അളവിൽ, കളിക്ക് അർപ്പണം ചെയ്താൽ കളിക്കാരും സമൂഹവും തമ്മിലുള്ള ബന്ധത്തിന് മറ്റുതരത്തിൽ കോട്ട ങ്ങളൊന്നും സംഭവിക്കുകയില്ലെന്നാണ് എന്റെ വ്യക്തിപരമായ വിശ്വാസം.

ചില സൈദ്ധാന്തികർ പറയുന്നു. പല നാടുകളിൽനിന്നുള്ള പലരെയും ചേർത്തുള്ള ഒരു ടീമിന് വിജയിക്കാൻ കഴിയില്ല, ഇതാണ് വിൻഡീസ് ക്രിക്കറ്റിന്റെ പരാജയം എന്ന്. ലോയ്ഡിന്റെയോ റിച്ചാഡ്സിന്റെയോ കാലത്ത് ഇത്തരം തിയറികൾ നിലവിലുണ്ടായിരുന്നില്ല. എന്താണ് യാഥാർഥ്യം?

വിവിധ ജനങ്ങളുടെ കൂട്ടായ്മയെ ഏകീകൃത സ്വഭാവമുള്ള സ്റ്റേറ്റായി സംഘടിപ്പിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. ഇത് ഒരു വെസ്റ്റിൻ എൻ പ്രതിഭാസം അല്ല; വിവിധ ദേശീയതകളിൽനിന്നുള്ള ക്രിക്കറ്റർമാർ അവരുടെ ടീമിനെ പ്രതിനിധീകരിക്കുന്നതുകൊണ്ട് അങ്ങനെ ചിത്രീക രിക്കപ്പെടുന്നുണ്ടെങ്കിൽകൂടി. ടീം നിർമാണ പ്രക്രിയയെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട ഘടകങ്ങൾ മികച്ചൊരു ലീഡർഷിപ്പും തന്ത്രങ്ങളും പദ്ധതികളും ആവിഷ്കരിക്കാനാവശ്യമായ വിഭവങ്ങളുടെ ലഭ്യതയുമാണ്. വിൻഡീസ് കണ്ട ഏറ്റവും ഉജ്ജ്വലനായ നായകൻ സർ ഫ്രാങ്ക് വോറൽ ആണ്. ടീമിന്റെ ഉള്ളിലുള്ള പല മുൻധാരണളെയും മറികടക്കാനും ഏതു സാഹചര്യത്തിലും തന്റെ സഹകളിക്കാരിൽനിന്ന് അവരുടെ പരമാവധി മികവ് പുറത്തെടുക്കാനും അദ്ദേഹത്തിനു കഴി ഞ്ഞിരുന്നു. ഫ്രാങ്ക് വോറലിനോട് സഹകളിക്കാർക്കുണ്ടായിരുന്ന മതിപ്പ് മറ്റെല്ലാ അഭിപ്രായവ്യത്യാസങ്ങളെയും നിഷ്പ്രഭമാക്കുന്നതായി വന്നു. ലോയ്ഡിന്റെയും റിച്ചാഡ്സിന്റെയും കാലത്താണ് വിജയശരാശരി കൾ ഉയർന്നുനിന്നത് എന്ന കാര്യം ശരിയാണെങ്കിലും ശക്തമായ ലീഡർഷിപ്പിന്റെ അടിത്തറ പാകിയത് ഫ്രാങ്ക് വോറൽ തന്നെയായിരുന്നു.

(മാതൃഭൂമി സ്പോർട്സ് മാസിക, ഡിസംബർ 2006)

Comments