ഈയൊരു തിരിച്ചുവരവിന്റെ പേരാണ് ഓസ്‌ട്രേലിയ

ഓസീസ് എന്നാൽ അപ്രതീക്ഷിത തിരിച്ചുവരവിന്റെ, ഏത് രീതിയിലേക്കും കളി മാറ്റാൻ കഴിയുന്നതിന്റെ, എതിരാളികളുടെ കയ്യിൽ നിന്ന് സമർത്ഥമായി കളി തട്ടിയെടുക്കാനറിയാവുന്ന ടീമാണെന്ന് ഈ ലോകകപ്പും തെളിയിക്കുന്നു. ചരിത്രത്തിലും അതിന് ധാരാളം ഉദാഹരണങ്ങളുണ്ട്.

ക്രിക്കറ്റ് ലോകകപ്പിന്റെ 13-ാം പതിപ്പിലെ തങ്ങളുടെ ആദ്യ രണ്ട് മത്സരങ്ങൾ കഴിഞ്ഞപ്പോൾ രണ്ടിലും തോറ്റ് പോയിന്റ് ടേബിളിൽ ഏറ്റവും അവസാനമായിരുന്നു ഓസ്‌ട്രേലിയ. അഞ്ചു തവണ ലോക കിരീടവും രണ്ടു തവണ റണ്ണേഴ്സും രണ്ട് ലോകകപ്പിലൊഴികെ എല്ലാ ലോകകപ്പിലും ഗ്രൂപ്പ് ഘട്ടവും കടന്ന ലോക ക്രിക്കറ്റിലെ മോസ്റ്റ്‌ സക്സസ്ഫുൾ ടീമില്ലാത്ത സെമിഫൈനൽ ലൈനപ്പ് അപ്പോഴേക്കും ഈ ലോകകപ്പിന് പലരും വരച്ചു കഴിഞ്ഞിരുന്നു. ഒരർത്ഥത്തിൽ അതിനെ ന്യായീകരിക്കുന്ന രീതിയിലുള്ള ദയനീയ പ്രകടനമായിരുന്നു അവരുടേത്.

വാർണറിലും മാർഷലിലും തുടങ്ങി സ്മിത്തിലും ലാബു ഷെയ്‌നിലും ഇൻഗിൾസിലും മാക്സ് വെല്ലിലും സ്റ്റോയിൻസിലുമൊക്കെ കടന്നുപോയി ഗ്രീനിലും കമ്മിൻസണിലും സ്റ്റാർക്കിലുമൊക്കെ അവസാനിക്കുന്ന വാലറ്റം വരെ കൂറ്റനടിക്കാരുള്ള ടീമിന് ദക്ഷിണാഫ്രിക്കക്കെതിരെയും ഇന്ത്യക്കെതിരെയുമുള്ള ആദ്യ രണ്ടു കളിയിലും 200 റൺസ് കടക്കാനായില്ല. ഹാസിൽവുഡിനും കമ്മിൻസണിനും സ്റ്റാർക്കിനും പേസറിയാൻ ലെങ്ത് കിട്ടിയില്ല. ആഡം സാമ്പക്ക് ഇന്ത്യൻ പിച്ചിലെ സ്പിൻ ആനുകൂല്യം മുതലാക്കാനായില്ല. ഓസീസിനുമാത്രം പന്ത്രണ്ട് ഫീൽഡർമാരുണ്ടോ എന്ന് ആശ്ചര്യപൂർവ്വം അവരുടെ ഇന്നർ- ഔട്ട്‌ ഫീൽഡ് ലോക്ക് കണ്ട് നമ്മൾ എണ്ണി നോക്കിയിരുന്ന കാലത്തുനിന്ന് ക്യാച്ചുകൾ മിസ്സ്‌ ചെയ്തും അനാവശ്യ ഫോറുകൾ വഴങ്ങിയും, പഴയ ഓസീസ് എവിടെ എന്ന ചോദ്യം ക്രിക്കറ്റ് കാണികളുടെയും വിശകലനക്കാരുടെയും മനസ്സിൽ ഒരു പോലെ ഉയർത്തി.

ടീം ഓസ്‌ട്രേലിയ

എന്നാൽ, ക്രിക്കറ്റിൽ ഓസീസ് എന്നാൽ അപ്രതീക്ഷിത തിരിച്ചുവരവിന്റെ, ഏത് രീതിയിലേക്കും കളി മാറ്റാൻ കഴിയുന്നതിന്റെ, എതിരാളികളുടെ കയ്യിൽ നിന്ന് സമർത്ഥമായി കളി തട്ടിയെടുക്കാനറിയാവുന്ന ടീമാണെന്ന് പിന്നീടുള്ള മൂന്ന് മത്സരങ്ങളിൽ അവർ തെളിയിച്ചു. ചരിത്രത്തിലും അതിന് ധാരാളം ഉദാഹരണങ്ങളുണ്ടായിരുന്നു.

അരുൺ ജെയ്റ്റലി സ്റ്റേഡിയത്തിൽ, നെതർലാൻഡിനെതിരെയുള്ള അഞ്ചാം മത്സരത്തിൽ ടോസ് നേടിയ കമ്മിൻസൺ ബാറ്റിങ്ങ് തിരഞ്ഞെടുക്കുന്നു. നെതർലാൻഡ് താരങ്ങളുടെ മനസ്സിൽ മുഴുവനും ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ച ആവേശവീര്യമായിരുന്നു. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരു പോലെ തിളങ്ങുന്ന ബാസ് ഡി ലീഡിയും, സൗത്ത് ആഫ്രിക്കയെ പൂട്ടി കെട്ടിയ എക്സ് ദക്ഷിണാഫ്രിക്കൻ വാൻ ഡെർ മെർവും കഴിഞ്ഞ മത്സരങ്ങളിൽ മികച്ച ലെങ്ത് കണ്ടെത്തിയ വാൻ ബീക്കും മീകെരെനുമൊക്കെയായിരുന്നു അവരുടെ കോൺഫിഡൻസ്. സ്പിൻ കൊണ്ട് തുടങ്ങിയ നെതർലാൻഡിന്റെ ആര്യൻ ദത്തിന്റെ ആദ്യ പന്ത് ബൗണ്ടറി കടത്തിയാണ് മാർഷ് ഓസീസ് ഇന്നിങ്സ് സ്റ്റാർട്ട് ചെയ്തത്. എന്നാൽ അധികം വൈകാതെ വാൻ ബീക്കിന്റെ ഗുഡ് ലെങ്ത് ഡെലിവറിയിൽ അക്രർമാന് ക്യാച്ച് കൊടുത്ത് മാർഷ് കീഴടങ്ങി.

രണ്ടാമനായിറങ്ങിയ സ്മിത്ത് വാർണറിനൊപ്പം റൺസുയർത്തുന്നതിൽ മത്സരിച്ചു. ആര്യൻ ദത്തിനെ തന്റെ രണ്ടാം ഓവറിൽ വാർണർ നാല് ബൗണ്ടറികൾക്ക് വിട്ടപ്പോൾ സ്മിത്ത് പത്താം ഓവറിൽ മൂന്ന് തുടർച്ചയായ ബൗണ്ടറികൾ നേടി. വിക്രംജിത്ത് സിങ്ങിനെ സിക്സും തൊട്ടടുത്ത പന്തിൽ ഫോറും പറത്തി വാർണർ അർധ ശതകം നേടി. അതിനുപിന്നാലെ കഴിഞ്ഞ മത്സരങ്ങളിൽ പുറത്തിരുന്ന സ്മിത്തും ഫിഫ്റ്റി നേടി. വാൻ ഡെർ മെർവിന്റെ ക്യാച്ച്, റിവ്യൂവിലൂടെ രക്ഷപ്പെട്ട സ്മിത്ത് തൊട്ടടുത്ത ഓവറിൽ സമാന ഷോട്ടിൽ അതിലും സൂപ്പർ ക്യാച്ചിന് ദത്തിന്റെ ബോളിൽ മെർവിന് തന്നെ കീഴടങ്ങി. ഒരു സിക്സും ഒമ്പത് ഫോറുമടക്കം 71 റൺസായിരുന്നു സ്മിത്ത് സംഭാവന. സ്കോർ 23.2 ഓവറിൽ 160 എന്ന മികച്ച നിലയിൽ.

വാൻ ഡെർ മെർവിന്റെ ക്യാച്ച്, റിവ്യൂവിലൂടെ രക്ഷപെട്ട സ്മിത്ത് തൊട്ടടുത്ത ഓവറിൽ സമാന ഷോട്ടിൽ അതിലും സൂപ്പർ ക്യാച്ചിന് ദത്തിന്റെ ബോളിൽ മെർവിന് തന്നെ കീഴടങ്ങി.

സ്മിത്തിനുശേഷമിറങ്ങിയ ലാബു ഷെയ്ൻ പതിവ് കവർ, സ്ലീപ്‌ കട്ടുകളിലൂടെ വാർണർക്ക് മികച്ച പിന്തുണ കൊടുത്തു. വ്യക്തിഗത സ്കോർ 62 ൽ നിൽക്കുമ്പോൾ ഇൻസൈഡ് ഹാഫിൽ ഡീ ലിഡീക്ക് ക്യാച്ച് നൽകി ലാബു മടങ്ങി.

പാകിസ്ഥാനെതിരെയുള്ള കഴിഞ്ഞ മത്സരത്തിലെ സെഞ്ച്വറിക്കുശേഷം പതിവുശൈലിയിൽ ബൗണ്ടറി കടത്തി വായുവിൽ ചാടി ബാറ്റ് വീശി പുഷ്പ ശൈലിയിൽ വാർണർ തുടർച്ചയായ രണ്ടാം സെഞ്ച്വറി ആഘോഷിച്ചു.

ശേഷം ശ്രീലങ്കക്കെതിരെ ഓസീസിന് ഈ ലോകകപ്പിലെ നിർണ്ണായക ആദ്യ വിജയം അർധ ശതകത്തിൽ നേടി കൊടുത്ത ഇൻഗിൾസ് ലെഗിലേക്കുള്ള തന്റെ സ്ഥിരം ഡ്രൈവിൽ പന്ത് ഉയർന്ന് പോയി ഡീ ലീഡിക്ക് ക്യാച്ച് നൽകി.

ശേഷം മാക്സ് വെൽ എത്തി. 39 ഓവർ അഥവാ 300 പന്തുകളിൽ 66 പന്തൊഴിച്ച് 234 പന്തുകൾ അപ്പോൾ ഡച്ച് സംഘം എറിഞ്ഞു കഴിഞ്ഞിരുന്നു.

വായുവിൽ ചാടി ബാറ്റ് വീശി പുഷ്പ ശൈലിയിൽ വാർണർ തുടർച്ചയായ രണ്ടാം സെഞ്ച്വറി ആഘോഷിച്ചു.

സ്കോർ 266-4. തൊട്ടടുത്ത ഓവറിൽ വാർണർ ഫൈനൽ ലെഗിലക്കടിച്ച പന്ത് ബൗണ്ടറിക്ക് തൊട്ടരികിൽ വാൻ ബീക് കയ്യിലൊതുക്കി. 93 പന്തിൽ 11 ഫോറും 3 സിക്സുമടക്കം 104 റൺസാണ് വാർണർ നേടിയത്. എന്നാൽ തുടർന്ന് മാക്സ് വെൽ ആഞ്ഞടിച്ചു. റിവേഴ്‌സ് സ്ലീപ്പിലൂടെയും ഓഫിലൂടെയും ലോങ്ങ് ഓണിലൂടെയും തുടർച്ചയായി സിക്സറുകൾ പറന്നു. കഴിഞ്ഞ മത്സരങ്ങളിലൊന്നും തന്റെ പതിവ് വമ്പനടികൾ പുറത്തെടുക്കാൻ കഴിയാത്തതിന്റെ മുഴുവൻ അമർഷവും ഡച്ച് ബൗളർമാർക്കിട്ട് അടക്കി. 27 പന്തിൽ ഫിഫ്റ്റി തികച്ച് പിന്നീടുള്ള 13 പന്തുകളിൽ 50 റൺസ് കൂടി ചേർത്ത് 40 പന്തിൽ നിന്ന് ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ സെഞ്ചുറി തന്റെ പേരിലാക്കി. കമ്മന്ററി ബോക്സിൽ നിന്ന് mad maxwell എന്ന വിശേഷണമുയർന്നു. 49-ാം ഓവറിൽ 2 ഫോറും 3 സിക്സും പറത്തി ഉന്മാദചിത്തനായി കമ്മിൻസണെ കെട്ടിപ്പിടിച്ചപ്പോൾ ആ കാഴ്ച്ച കണ്ട ആരാധകരും കരുതി അയാൾക്ക്‌ സികസും ഫോറുമടിക്കാനുള്ള പ്രാന്താണെന്ന്. അവസാനം മറ്റൊരു സിക്സറിന് തൊട്ടടുത്ത് ക്യാച്ചിൽ വീണ് ഒമ്പത് ഫോറും എട്ട് സിക്സറുമായി ഇന്നിങ്സ് അവസാനിപ്പിച്ചു. എന്നിട്ടും കൊതി തീരാതെയയാൾ പ്ലയേഴ്സ് സ്റ്റാൻഡിൽ ഇരിപ്പുറക്കാതെ നിന്നു. ഓസീസ് സ്കോർ 399 അവസാനിപ്പിച്ചു.

400 എന്ന വൻ വിജയലക്ഷ്യം തേടിയിറങ്ങിയ നെതർലാൻഡിന് വിക്രംജിത്ത് സിങ്ങും മാക്സും ആദ്യ ഓവറുകളിൽ മികച്ച തുടക്കം നൽകി. എന്നാൽ പിന്നീട് ഓപ്പണിങ്, മധ്യ നിരകൾ തുടർച്ചയായ ഓവറുകളിൽ നിലം പൊത്തി. വിക്രംജിത്ത് നേടിയ 25 റൺസാണ് ടീമിലെ ടോപ് സ്കോർ. സെഞ്ച്വറി നേടിയ മാക്സ് വെല്ലും വാർണറും മികച്ച രണ്ട് ഫീൽഡിങ്ങ് പ്രകടനം കൂടി ഈ മത്സരത്തിൽ കാഴ്ച്ച വെച്ചു. വിക്രംജിത്തിന്റെ റൺ ഔട്ടാക്കിയ മാക്സ് വെല്ലിന്റെ ഗംഭീര ത്രോയും സൈബ്രാണ്ടിന്റെ ലെഗ് ഷോട്ട് ബൗണ്ടറിക്കരികിൽ ഉയർന്ന് പൊങ്ങി അനായാസം വാർണറെടുത്ത ക്യാച്ചും ടൂർണമെന്റിലെ ഇത് വരെയുള്ള ഓസീസിന്റെ ഫീൽഡിങ്ങ് പോരായ്മകൾ ഒഴുക്കി കളഞ്ഞു.

40 പന്തിൽ നിന്ന് ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ സെഞ്ചുറി തന്റെ പേരിലാക്കി മാക്സ് വെൽ

പേസർമാരുടെ സ്പെല്ലുകൾക്ക് ശേഷം പന്ത് കറക്കി തിരിക്കാൻ സാമ്പ കൂടിയെത്തിയതോടെ ഡച്ച് ഡത്തായി. ലെഗ് സ്റ്റമ്പിലേക്ക് കുത്തി കയറുന്ന പന്തുകൾ തടുക്കാനാവാതെ സ്റ്റമ്പ് തെറിച്ചും എൽബിഡബ്ലിയുവിൽ കുടുങ്ങിയും വാലറ്റം പവലിയനിലേക്ക് മാർച്ച് ചെയ്തു. മൂന്ന് ഓവർ മാത്രമെറിഞ്ഞ ആഡം സാമ്പ 8 റൺസ് വിട്ട് കൊടുത്ത് 4 വിക്കറ്റുകൾ നേടി. ഇനിയും ആരെങ്കിലുമുണ്ടോ എന്നതയായിരുന്നു അയാളുടെ ശരീരഭാഷ.

ആദ്യ രണ്ട് കളിയിൽ ഒരു വിക്കറ്റ് പോലും നേടാത്ത ആഡം സാമ്പ ശേഷമുള്ള തുടർച്ചയായ മൂന്ന് കളിയിലും നാല് വിക്കറ്റ് വീതം നേടിയെന്നത് ഓസീസിന് ബിഗ് പോസിറ്റീവാണ് . നിലവിൽ വിക്കറ്റ് വേട്ടയിലും 12 വിക്കറ്റുമായി സാമ്പ ന്യൂസിലാൻഡ് താരം സാന്റ്നറെ പിന്തള്ളി ഒന്നാമത്തെത്തി.

മാർഷും ഹാസിൽ വുഡും കമ്മിൻസണും സ്റ്റാർക്കും 3 മുതൽ 5 വരെയുള്ള ശരാശരി റൺസ് വിട്ടുകൊടുക്കലിൽ മികച്ച പ്രകടനം നടത്തി. അഥവാ ഓസീസ് ഇന്ത്യൻ പിച്ച് പഠിച്ച് പരീക്ഷിച്ച് വിജയം കണ്ടെന്നർത്ഥം. ഇനി പഴയ ഓസീസ് എവിടെയെന്ന കാണികളുടെയും വിശകലനക്കാരുടെയും മനസ്സിലെ ചോദ്യത്തിന് പ്രസക്തി ഇല്ലെന്നർത്ഥം.

ടീം ഓസ്‌ട്രേലിയ

നെതർലാന്റ് സ്കോർ 21 ഓവറിൽ 90 ൽ അവസാനിക്കുമ്പോൾ ഓസ്‌ട്രേലിയക്ക് 309 റൺസിന്റെ ക്രിക്കറ്റ് ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച റൺസ് വിജയം. 2015 ൽ അഫ്ഗാനേതിരെ തങ്ങൾ തന്നെ നേടിയ 275 റൺസ് വിജയത്തിന് മുകളിൽ തങ്ങളുടെ തന്നെ മറ്റൊരു റെക്കോർഡ് ദൂരം.

Hats off australia,
hats off mad maxwell in maximum…

Comments