ഇന്ത്യയിൽ നടക്കുന്ന ക്രിക്കറ്റ് ലോകകപ്പിന്റെ പതിമൂന്നാം പതിപ്പിലെ എല്ലാ ടീമുകളുടെയും ആദ്യ മൽസരങ്ങൾ കഴിഞ്ഞു. ഓസീസും ദക്ഷിണാഫ്രിക്കയും ന്യൂസിലാൻഡും ഇന്ത്യയും പാകിസ്ഥാനും ശ്രീലങ്കയും ഇംഗ്ലണ്ടുമടങ്ങുന്ന മുൻ നിര ടീമുകളും ശരാശരി ടീമായ ബംഗ്ലാദേശും അസോസിയേറ്റ് ടീമുകളായ അഫ്ഗാനിസ്ഥാനും നെതർലാൻഡും ആദ്യ പോരാട്ടത്തിനിറങ്ങി തങ്ങളുടെ ബാറ്റിങ് ബൗളിങ്ങ് പരീക്ഷണങ്ങളും തന്ത്രങ്ങളുമിറക്കി വെച്ചപ്പോൾ ചെപോക്കും ചിദംബര സ്റ്റേഡിയവും അഹമ്മദാബാദ് മോഡി മൈതാനവും അതിലെ സ്കോർ ബോർഡുകളും നൽകുന്ന പ്രാഥമിക സൂചനകൾ എന്തെല്ലാമാണ്?
ഏറെ കുറെ അമ്പത് ഓവർ ക്രിക്കറ്റിന്റെ പ്രാധാന്യ കുറവും ജനപിന്തുണയും കളിയെയും കളിക്കാരെക്കാളും ചർച്ച ചെയ്യുന്ന ക്രിക്കറ്റ് ലോകകപ്പിന്റെ ലേറ്റസ്റ്റ് പതിപ്പിൽ അഞ്ച് ടൈറ്റിലുള്ള ആസ്ത്രേലിയക്കും രണ്ട് വീതമുള്ള ഇന്ത്യക്കും വെസ്റ്റ് ഇൻഡീസിനും ഓരോന്ന് വീതമുളള ശ്രീലങ്കക്കും പാകിസ്ഥാനും ഇംഗ്ലണ്ടിനും പകരം മറ്റൊരു അവകാശികളുണ്ടാവുമോ? ലോകോത്തര ടീമായിട്ടും സെമിയിലും ഫൈനലിലും ഒരുപാട് ഇടറി വീണ ന്യൂസിലാൻഡിനും ദക്ഷിണാഫ്രിക്കക്കും തങ്ങളുടെ നിർഭാഗ്യം മറി കടക്കാനാവുമോ? അങ്ങനെയൊരു പുതിയ അവകാശിയുണ്ടായാൽ തീർത്തും അൽഭുതപ്പെടാനില്ല എന്നതാണ് 2023 ക്രിക്കറ്റ് ലോകകപ്പിന്റെ ആദ്യ പൊതു ചിത്രം.
കഴിഞ്ഞ ലോകകപ്പിൽ വിവാദ അമ്പയറിങ്ങിലും നിർഭാഗ്യത്തിലും കിരീടം നഷ്ട്ടപ്പെട്ട കിവി പട നരേന്ദ്ര മോഡി സ്റ്റേഡിയത്തിലെ ഉദ്ഘാടന മൽസരത്തിൽ അതെ ഇംഗ്ലണ്ട് ടീമിനെ തോൽപ്പിച്ച് പകരം വീട്ടുന്നു. പരിക്ക് മൂലം ക്യാപ്റ്റൻ വില്യംസ്,പേസർമാരായ ടീം സൗത്തി,ഫെർഗൂസൻ തുടങ്ങിയവർ പുറത്തിരുന്ന മൽസരത്തിൽ ബോൾട്ടിന്റെയും മാറ്റ് ഹെൻറിയുടെയും സാന്റനറിന്റെയും ബൗളിങ്ങിലും ഭേദപ്പെട്ട ഇന്ത്യൻ പിച്ച് സ്കോർ നേടിയ ജോസ് ബട്ട്ലർക്കും സംഘത്തിനും രണ്ടാം ഓവറിൽ വിൽ യങ്ങിനെ പുറത്താക്കിയതിനപ്പുറം കിവി നിരക്കെതിരെ മികച്ച പന്തുകളെറിയാനായില്ല. ഇംഗ്ലീഷ് നിരയിൽ ബോളെടുത്തവരെല്ലാം രച്ചിൻ രവീന്ദ്രയുടെയും കോൻവെയുടെയും ബാറ്റിങ് ചൂടറിഞ്ഞു. കൂറ്റനടികളെന്ന് തോന്നിപ്പിച്ചില്ലെങ്കിലും ന്യൂസിലാൻഡിന്റെ സ്വത്വ സിദ്ധ ശൈലിയിൽ ഫോറുകകളും സിക്സറുകളും പറന്നു. മാർക്ക് വുഡ് നൂറ്റി അമ്പതിന് മുകളിൽ പന്തിൽ വേഗത കണ്ടെത്തിയെങ്കിലും ബാറ്റിങ് ബ്രേക്ക് കണ്ടെത്താനായില്ല. തന്റെ ആദ്യ ലോകകപ്പ് മൽസരത്തിൽ തന്നെ സെഞ്ചുറി നേടി ഇന്ത്യൻ വംശജൻ രചിൻ ചരിത്രം കുറിച്ചു. ആദ്യം ബാറ്റ് ചെയ്ത് ശരാശരി ഭേദപ്പെട്ട എക്കോണമി നിലനിർത്തുമ്പോയും തുടർച്ചയായ ഇടവേളകളിൽ വിക്കറ്റ് വീണു കൊണ്ടിരുന്ന ഇംഗ്ലണ്ടിനെ റൂട്ടും ബട്ട്ലറും (77,33) ചേർന്ന് പൊരുതി നിൽക്കാവുന്ന സ്കോറിലേക്ക് രക്ഷിച്ചെടുത്തു. ലിവിങ്സ്റ്റോണും മുഹീനും ബ്രൂക്കും സാം കുര്യനുമടങ്ങിയ ലോകോത്തര ഓൾ റൗണ്ട് നിരക്ക് വേണ്ട രീതിയിൽ നിലയുറപ്പിക്കാനായില്ല. ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിന് വേണ്ടി ബോളെറിഞ്ഞ് ഇന്ത്യൻ പിച്ചിന്റെ കൈ രേഖയറിയാവുന്ന സാന്റനർ ഒരുക്കിയ ക്ലോ സ്പിൻ ബോളാണ് കോൻവോയുടെയും രച്ചിന്റെയും വെടികെട്ട് സെഞ്ചുറി ആന്ഡ് പാർട്ണർഷിപ്പ് പോലെ ന്യൂ സിലാൻഡ് വിജയത്തിലെ മറ്റൊരു ഹൈ ലൈറ്റ്. ഓഫ് സ്റ്റമ്പിലോ അതിന് തൊട്ട് പുറത്തോ പിച്ച് ചെയ്ത് അകത്തേക്ക് തിരിയേണ്ടതോ അങ്ങനെ തിരിയുമെന്ന് തോന്നിപ്പിക്കുകയോ ചെയ്യുന്ന ബോൾ നടുവിരലിന്റെ വളവിലും പെരു വിരലിന്റെ പ്രെസ്സിങ്ങിലും സമം കൂടി ചേർന്ന് പുറത്തേക്ക് തിരിയും. സാധാരണയെറിയുന്ന സ്പിൻ ബോളിനെക്കാൾ ബാറ്റിങ് ഫേസിലെത്തുന്നതിന് തൊട്ട് മുമ്പ് വേഗത കുറയുന്ന പന്ത് ബാറ്റിസ്മാന്റെ കണക്ക് കൂട്ടൽ തെറ്റിച്ച് എഡ്ജിൽ തട്ടി ക്യാച്ചാവും.
ഈ ലോകകപ്പിലെ ഏറ്റവും വലിയ ബാറ്റിംഗ് ഹോട്ട് സ്പോട്ടായ ബാബർ അസം, ഫഖർ സമാൻ, ഇമാമുൽ ഹഖ് തുടങ്ങിയവരുടെ ഓപ്പണിങ് തകർച്ചയിലാണ് നെതർലാൻഡിനെതിരെയുള്ള ലോകകപ്പിലെ രണ്ടാം മൽസരം പാകിസ്ഥാൻ തുടങ്ങുന്നത്. 38-3 എന്ന ചെറിയ സ്കോറിൽ നിന്നും അറുപത്തി എട്ട് റൺസ് വീതം നേടി റിസ്വാനും ഷക്കീലും മധ്യ നിരയിൽ ഇന്നിങ്സിന് ജീവൻ വെപ്പിക്കുന്നു. നവാസും ശദാബ് ഖാനും അതിലേക്ക് നിർണ്ണായക സംഖ്യകൾ കൂട്ടി ചേർക്കുന്നു. പ്രധാന ഐ സി സി ടൂർണമെന്റ് എക്സ്പീരിയൻസില്ലാത്ത നെതർലാൻഡ് ഏറെ കുറെ ബൗളിങ്ങിലും റഹൂഫ്, ഹസൻ, ഷഹീൻ പേസ് ത്രയങ്ങൾക്കെതിരെ ബാറ്റിങ്ങിലും മികവ് പുലർത്താൻ പരമാവധി ശ്രമിച്ചെങ്കിലും പാക് ടോട്ടലിലേക്ക് എത്താനായില്ല. പാക്ക് പേസർമാർ ഓഫ് സ്റ്റമ്പിലേക്ക് പന്ത് സ്വിങ് ചെയ്യിപ്പിച്ചു വിക്കറ്റുകൾ വീഴ്ത്തി. മൂന്ന് പേരും കൂടി ചേർന്ന് ആറ് വിക്കറ്റുകൾ വീഴ്ത്തി. എന്നാൽ ഫീൽഡിങ്ങിൽ പതിവ് പോലെ പിഴവ് വരുത്തി. നെതർലാന്ഡ് ഇന്നർ സർക്കിളിലും വിക്കറ്റിന് പിന്നിലും മികച്ച ഫീൽഡിങ് ഒത്തിണക്കം പ്രകടിപ്പിച്ചു. പാകിസ്ഥാന്റെ ഓൾ ഔട്ട് വീഴ്ത്തിയ എഡ്വാർഡ് ന്റെ മിന്നൽ സ്റ്റമ്പിങ്ങും നവാസിനെ പറഞ്ഞയച്ച അക്കർമെന്നിന്റെ ഡയറക്ക്റ്റ് ത്രോയും മനോഹരമായിരുന്നു. ബൗളിങ്ങിൽ നാല് വിക്കറ്റും ബാറ്റിങ്ങിൽ 68 പന്തിൽ നിന്ന് 67 റണ്സും എടുത്ത ബാസ് ലീ ഡീ ടച്ച് ജെയ്സിയിൽ മികച്ച ഓൾ റൗണ്ട് പ്രകടനം നടത്തി.
ധർമശാലയിലെ വരണ്ട പിച്ചിലെ അഫ്ഗാൻ ബംഗ്ലാദേശ് 2023 ക്രിക്കറ്റ് ലോകകപ്പിലെ മൂന്നാം മൽസരം. പൂർണ്ണമായും സ്പിന്നിനെ തുണക്കുന്ന പിച്ചിൽ ബംഗ്ലാദേശ് സ്പിന്നർമാരായ മിറാസും, ഷാക്കിബും ഒരുക്കിയ ചതുപ്പിൽ മൂന്ന് വിക്കറ്റ് വീതം അഫ്ഗാൻ നിരയിൽ ആറ് പേർ വീണു. ഓപ്പണർ ഗർബാസ് (47 റൺസ്) അല്ലാത്തവരെല്ലാം പ്രതിരോധിക്കാനോ തിരിച്ചടിക്കാനോ നിൽക്കാതെ അഫ്ഗാൻ നിരയിൽ വളരെ അച്ചടക്കത്തോടെ കൂടാരം കയറി. 158 എന്ന താരതമ്യേന ചെറിയ സ്കോർ പിന്തുടർന്ന ബങ്ഗ്ലകളുടെ തൻസിദ് ഹസ്സൻ ലിറ്റൻ ദാസ് ഓപ്പണിങ് ജോഡി പരാജയപ്പെട്ടെങ്കിലും മിറാസ് ഹസനും ഷാന്റോയും ഫിഫ്റ്റിയടിച്ച് വിജയത്തിലേക്ക് നയിച്ചു. നേരത്തെ ഷാക്കിബും മിറാസും പരീക്ഷിച്ചു വിജയിച്ച ധർമശാലയിലെ നന്നായി സ്വിങ് ചെയ്യുന്ന വരണ്ട പിച്ച് റാഷിദ് ഖാനും നബിക്കും ഉപയോഗപ്പെടുത്താനായില്ല. അഫ്ഗാൻ ബാറ്റിങ് ഇന്നിംഗ്സിന് ശേഷം പിച്ച് അധികം തിരിഞ്ഞതുല്ല. മെഹ്ദി മിറാസിന്റെ കവർ ഡ്രൈവ് ഷോട്ട് അഫ്ഗാൻ താരം റഹ്മത്ത് വായുവിൽ ഉയർന്ന് പൊങ്ങി ഒറ്റ കയ്യിലൊതുക്കി നിലത്ത് കുത്താതെയെടുത്ത ക്യാച്ച് ടൂരണമെന്റിലെ ഇത് വരെയുളളതിലെ മനോഹര ക്യാച്ചായി. ഞൊടിയിട നേരം കൊണ്ട് വായുവിലും നിലത്തും പന്തുമായി നൃത്തം ചെയ്ത് നേടിയ ക്യാച്ചിന്റെ കൃത്യത ഉറപ്പ് വരുത്താൻ അമ്പയർ കുമാർ ധർമ സേന തേർഡ് അമ്പയർക്ക് വിട്ടു. സ്ക്രീനിൽ വിക്കറ്റിന്റെ ഉറപ്പ് തെളിഞ്ഞു.
ലോകകപ്പിലെ ചരിത്രത്തിലെ ഏറ്റവും വലിയ ടോട്ടലും ഡസൻ കണക്കിന് റെകോർഡുകളും പിറന്ന നാലാം മൽസരത്തിൽ ദക്ഷിണാഫ്രിക്ക വൻ സ്കോറിന് ശ്രീലങ്കക്കെതിരെ വിജയിച്ചു. ക്വിന്റൺ ഡീ കോക്ക്, വാൻടെർ ഡുസൻ, എയ്ഡൻ മാർക്രം തുടങ്ങിയവർ ശതകങ്ങൾ നേടി. ആദ്യമായാണ് ഒരു ലോകകപ്പ് ഇന്നിങ്സിൽ മൂന്ന് സെഞ്ചുറികൾ ഒരുമിച്ച് പിറക്കുന്നത്. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ ശതകമായിരുന്നു (49 പന്തിൽ നിന്ന് ) അതിൽ മാർക്രത്തിന്റേത്. 2011 ൽ ഇംഗ്ലണ്ടിനെതിരെ ഐറിഷ് താരം ഒബ്റിയാൻ അമ്പത് പന്തുകളിൽ നിന്ന് നേടിയതായിരുന്നു നിലവിലെ റെകോർഡ് കണക്ക്. രണ്ടാം ഓവറിന്റെ നാലാം പന്തിൽ ശ്രീലങ്കൻ പേസർ ദിൽഷൻ മധുശങ്ക സൗത്ത് ആഫ്രിക്കൻ ക്യാപ്റ്റൻ കൂടിയായബാവുമയെ എൽബി ഡബ്ലിയുവിൽ കുടുക്കി മികച്ച ബൗളിങ്ങ് തുടക്കം സമ്മാനിച്ചെങ്കിലും തുടരാനായില്ല. പിന്നീടുള്ള മുഴുവൻ സമയവും അരുൺ ജയ്റ്റലി സ്റ്റേഡിയത്തിന്റെ പിച്ചിൽ ബാറ്റർമാർക്കനുകൂലമായി പന്ത് കറങ്ങി. 428 എന്ന വലിയ സ്കോർ പിന്തുടർന്ന ശ്രീലങ്കയ്ക്ക് തങ്ങളുടെ ഫസ്റ്റ് ഓർഡർ ബാറ്റിസ്മാൻ പതും നിസാൻകെയെ പൂജ്യം റൺസിന് നഷ്ട്ടമായി. പ്രതിരോധിച്ച് കളിച്ച് മെല്ലെ തിരിച്ച് വരാനുള്ള സമയം റണ്ണിലും ബോൾ കണക്കിലുമില്ലാത്തത് കൊണ്ട് തന്നെ വന്നവരെല്ലാം ഉറക്കെ വീശി. കൂറ്റനടികളോടെ കുശാൽ മെൻഡിസും (76 റൺസ്) അസലാൻകെയും (79) ശങ്കയും (68) പൊരുതി നോക്കിയെങ്കിലും സൗത്ത് ടാർഗെറ്റ് പിടിച്ചു കെട്ടാൻ മാത്രം അതിന് ശേഷിയില്ലയിരുന്നു. സൗത്ത് ആഫ്രിക്കൻ ബോളർമാരായ കോയെറ്റ്സെയും മാർകോയും റബാഡയും റൺസ് വിട്ടുകൊടുത്തെങ്കിലും കൃത്യമായ ഇടവേളകളിൽ വേഗതയേറിയ യോർക്കറുകൾ സ്വിങ് ചെയ്യിപ്പിച്ച് ശ്രീലങ്കൻ സ്കോർ ശ്രമം 326 ൽ അവസാനിപ്പിച്ചു.
ലോകകപ്പിന് നാല് ദിവസം മുന്നേ അരങ്ങുണർന്നെങ്കിലും ഗാലറിയിലും ടെലികാസ്റ്റിലും ഒഴിഞ്ഞ കാണികളും ആവേശ കുറവുമെന്ന പരിഭവത്തിനുള്ള വിരാമമായിരുന്നു ഇന്ത്യ ആസ്ത്രേലിയ മൽസരം. അത് വരെ ഗാലറിയിലെ വളരെ വിരളമായ കാണി എണ്ണത്തിൽ നിന്നും അമ്പത് ലക്ഷത്തിന് താഴെയുളള ലൈവ് സംഖ്യയിൽ നിന്നും ഗാലറിയും സ്ക്രീനും നിറഞ്ഞു. ഹോട്ട് സ്റ്റാറിലെയും സ്റ്റാർ സ്പോർട്സിലെയും കാണികൾ രണ്ട് കോടി കവിഞ്ഞു. ചെന്നൈയിലെ തിങ്ങി നിറഞ്ഞ ചിദംബര സ്റ്റേഡിയത്തിൽ ഭേദപ്പെട്ട 250-300 സ്കോർ ലക്ഷ്യമിട്ട് ടോസ്സ് നേടിയ ആസ്ത്രേലിയ ബാറ്റിങ് തിരഞ്ഞെടുത്തു. എന്നാൽ മൂന്നാം ഓവറിൽ മിച്ചൽ മാർഷിനെ ബുമ്ര കോഹ്ലിയുടെ കയ്യിലെത്തിച്ചു. സ്ലീപ്പ് ഫീൽഡിൽ നിന്നും ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ക്യാച്ചുകൾ സ്വന്തമാക്കിയ താരത്തിലേക്കുള്ള ഒരു മനോഹര ഡൈവായിരുന്നുവത്. തുടർന്ന് വാർണർ സ്റ്റീവൻ സ്മിത്തിനെയും കൂട്ടുപിടിച്ച് സ്കോർ മെല്ലെ ചലിപ്പിച്ചു. നിലയുറപ്പിച്ച ശേഷം ആക്രമിച്ച് കളിച്ച് ടോട്ടലുയർത്തുകയാണ് പദ്ധതി. എന്നാൽ പിച്ചിലെ സ്പിൻ കുഴി കണ്ടെത്തിയ ക്യാപ്റ്റൻ രോഹിത് പേസർമാർക്ക് ബ്രേക്ക് നൽകി ആദ്യത്തിൽ തന്നെ സ്പിൻ സാധ്യത പരീക്ഷിച്ചു. ജഡേജയും കുൽദീപും അശ്വിനും മാറി മാറി പന്ത് കറക്കിയെറിഞ്ഞ് ഡോട്ട് ബോളുകൾ സൃഷ്ട്ടിച്ചു. റൺ നേടിയെടുക്കാൻ കഴിയാതെ ഏകാഗ്രത നഷ്ട്ടപ്പെട്ട ഓസീസിന്റെ ബാറ്റിങ് കവറിങ് മറികടന്ന് കുൽദീപിന്റ ഒന്നാന്തരം തിരിയൽ ബോളിൽ വാർണർ കൂടി കീഴടങ്ങിയതോടെ ഓസീസ് നിര ഒന്നൊന്നായി നിലം പൊത്തി. ഹർദ്ധിക്ക് പാണ്ഡ്യയെന്ന മീഡിയം ഫാസ്റ്റ് ഓൾ റൗണ്ടർ സാധ്യത ഉപയോഗപ്പെടുത്തി ഷമിയെ പുറത്തിരുത്തി മൂന്ന് സ്പിന്നർമാർക്ക് അവസരം നൽകിയ കോച്ച് ദ്രാവിഡ് പരീക്ഷണം വിജയിച്ചു. മികച്ച ഫീൽഡിങ് നിയന്ത്രണങ്ങളൊരുക്കി ഇന്നർ സർക്കിളിലൂടെയുള്ള ഗ്രൌണ്ട് ബൗണ്ടറികൾ പരമാവധി ഒഴിവാക്കിയതും ആസ്ത്രേലിയൻ ടോട്ടൽ ഇന്നിംഗ്സ് 199 എന്ന ചെറിയ സ്കോറിലൊതുക്കി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ അതെ ബൗളിങ്ങ് പിച്ചിൽ ഇടറി വീണു,ഡെങ്കി മൂലം വിശ്രമത്തിലായ ഗില്ലിന് പകരം ഇഷൻ കിഷനാണ് കഴിഞ്ഞ ലോകകപ്പിൽ അഞ്ച് സെഞ്ചുറി നേടി റെകോർഡിട്ട രോഹിതിനൊപ്പം ഇന്നിങ്ങിസ് ഓപ്പൺ ചെയ്തത്. അക്കൗണ്ട് തുറക്കും മുന്നേ രണ്ട് പേരും പവലിയനിലേക്ക് മടങ്ങി. തുടർന്ന് മൂന്നാമതെത്തിയ ശ്രേയസ് അയ്യരും ക്ലീൻ ബൌൾഡ് ആയതോടെ ഇന്ത്യൻ സ്കോർ രണ്ട് റൺസിന് മൂന്ന് വിക്കറ്റ് എന്ന ഗുരുതര നിലയിലെത്തി. എന്നാൽ കോഹ്‍ലിക്കൊപ്പം അഞ്ചാമനായി കെ എൽ രാഹുൽ എത്തിയതോടെ ഇന്ത്യ സമ ചിത്തത വീണ്ടെടുത്തു. താരതമ്യേന കുറഞ്ഞ ഓസീസ് ടാർഗറ്റിലേക്ക് വിക്കറ്റ് പോവാതെ ഹോൾഡ് ചെയ്ത് കളിക്കുകയായിരുന്നു അപ്പോൾ ലക്ഷ്യം. ഹാസിൽവുഡിനെയും സ്റ്റാർക്കിനെയും വലിയ അടികൾക്ക് മുതിരാതെ തന്ത്രപരമായി നേരിട്ടും നന്നായി തിരിയുന്ന സ്പിൻ പിച്ചിൽ മാക്സ്വെൽ പന്തുകളെ അടിക്കാതെ വിട്ടും ഇന്ത്യ സ്കോർ പതിയെ പിന്തുടർന്നു. നിലയുറപ്പിച്ചതോടെ ഗിയർ മാറ്റി. അവസാനം കമ്മിൻസണെ സികസറിന് പറത്തി നിലത്തിരുന്ന് കെ എൽ രാഹുൽ ഇന്ത്യയുടെ ആദ്യ വിജയം ആഘോഷിച്ചു. ഇരുപത്തി എട്ടാം ഓവറിന്റെ ആദ്യ ബോളിൽ സ്റ്റീവൻ സ്മിത്തിന്റെ ഓഫ് സ്റ്റമ്പ് തെറിപ്പിച്ച ജഡേജൻ ബോളും മാക്സ്വെല്ലിന്റെ ലെഗ് സ്റ്റമ്പ് തെറിപ്പിച്ച കുൽദീപ് ഡെലിവറിയും അശ്വിനൊപ്പം ഇന്ത്യക്ക് സ്പിൻ പ്രതീക്ഷയേകി.
ആദ്യ അഞ്ച് മൽസരങ്ങളിൽ നിന്ന് വീണ എഴുപത്തി മൂന്ന് വിക്കറ്റുകളിൽ നാല്പതോളം വിക്കറ്റുകൾ പേസ് സംഭാവനയാണെങ്കിലും ഓഫ് ബ്രേക്കുകളിൽ സ്പിന്നിനെ തുണക്കുന്ന ഇന്ത്യൻ പിച്ചിനെ ഉപയോഗപ്പെടുത്തിയാണ് ഇന്ത്യയും ബങ്ഗ്ലദേശും ന്യൂസിലാൻഡും കുറഞ്ഞ സ്കോറിൽ എതിരാളികളെ ഒതുക്കിയത്. പേസിനൊപ്പം സ്പിന്നിനെയും നന്നായി ഇന്ത്യൻ കാലാവസ്ഥ പിന്തുണക്കുന്നുവെന്നർത്ഥം. ദക്ഷിണാഫ്രിക്കയും ന്യൂസിലാൻഡും ഒഴിച്ചുള്ള ടീമുകൾക്ക് ഓപ്പണങ്ങിൽ മികച്ച തുടക്കം നേടാൻ കഴിഞ്ഞിട്ടില്ലെന്നതും ശ്രദ്ധേയമാണ്. അവസാരത്തിനൊത്തുയർന്ന മധ്യ നിരയാണ് മറ്റു ടീമുകളെ വിജയത്തിലക്കടുപ്പിച്ചത്. ദക്ഷിണാഫ്രിക്ക ശ്രീലങ്ക മൽസരത്തിൽ മാത്രമാണ് സ്കോർ മുന്നൂറിന് മുകളിലേക്ക് കയറിയത്. എന്നാൽ ഇംഗ്ലണ്ടിനെതിരെ 283 എന്ന ലക്ഷ്യം എട്ടിനെടുത്തുള്ള റൺ റേറ്റിലാണ് ന്യൂ സിലാൻഡ് മറി കടന്നത്. ആദ്യ മൽസരത്തിൽ വിജയിച്ച ഇന്ത്യയും ദക്ഷിണാഫ്രിക്കയും ന്യൂസിലാൻഡും പാകിസ്ഥാനും ബംഗ്ലാദേശും രണ്ട് പോയിന്റ് വീതം നേടിയപ്പോൾ ഓസീസ്, ശ്രീലങ്ക, ഇംഗ്ലണ്ട് തുടങ്ങി ആദ്യ മൽസരത്തിൽ തോറ്റ പ്രധാന ടീമുകൾ കുറച്ചെങ്കിലും അടുത്ത മലസരത്തിൽ സമ്മർദത്തിലാവും. എന്നാൽ എല്ലാ ടീമുകളോടും എല്ലാ ടീമുകളും മൽസരിച്ച് കൂടുതൽ പോയിന്റ് നേടുന്ന നാല് ടീമുകൾ പ്രീ ക്വാർട്ടർ, ക്വാർട്ടർ ഫൈനൽ കടമ്പകളില്ലാതെ സെമിയിലേക്ക് മാർച്ച് ചെയ്യിപ്പിക്കുകയെന്ന റൗണ്ട് റോബിൻ രീതി ഒരു കളിയിലെ തോൽവി അത്ര പ്രശ്നമല്ല.
പ്രാഥമിക ഘട്ടത്തിൽ മികച്ച് നിൽക്കുകയെന്നതിനപ്പുറം സെമിയും സെമി കടന്ന് ഫൈനലും വിജയിക്കുകയെന്നതാണ് കളി നിയമം. നോക്ക്ഔട്ട് ആന്ഡ് ബിഗ് മാച്ചുകൾ വിജയിക്കുകയെന്നത് പ്രധാനമാണ് . വിക്കറ്റ് കീപ്പ് ചെയ്ത് റൺസ് ടോട്ടൽ ഉയർത്തുകയെന്നത് എല്ലാ ടീമുകൾക്കും ആദ്യ കളിയിൽ വെല്ലുവിളിയായിട്ടുണ്ട്. ദക്ഷിണാഫ്രിക്ക, ന്യൂ സിലാൻഡ് ടീമുകൾക്ക് മാത്രമേ അങ്ങനെയൊരു മികവ് ആദ്യ കളിയിൽ കാഴ്ച്ച വെക്കാനായിട്ടുള്ളൂ..
ട്വന്റി ട്വന്റി കൾചർ അമ്പത് ഓവർ ക്രിക്കറ്റിന്റെ ഘടനയിലും വേഗതയിലും അതുണ്ടാക്കുന്ന പ്രഷറിലും മാറ്റം വരുത്തിയിട്ടുണ്ട്. ബാറ്റിസ്മാന്മാർ തുടർച്ചയായ ഡോട്ട് ബോളുകളിൽ സമ്മർദ്ദത്തിലായി തൊട്ടടുത്ത ബോളുകളുടെ ലെങ്ത് കവർ ചെയ്യാതെ ബൗണ്ടറി കടത്താനെന്ന വണ്ണം വില്ലോ വീശി വെറുതെ വിക്കറ്റ് കളയുന്നുണ്ട്. പവർ പ്ലേ ഓവറുകളിലാണ് ആദ്യ കളിയിൽ ഭൂരിഭാഗ ടീമുകളുടെയും കൂടുതൽ വിക്കറ്റുകൾ നഷ്ടപ്പെട്ടത്. സമചിത്തതയോടെ ബാറ്റ് വീശുക എന്നതാണ് ബാറ്റ്സ്മാന്മാർ പുലർത്തേണ്ട ഏറ്റവും വലിയ സാങ്കേതികത. വമ്പൻ തകർച്ചയിൽ നിന്ന് ടീമിനെ വല്ലാതെ സമ്മർദ്ധത്തിലാക്കാതെ സാവധാനം വിജയത്തിലെത്തിച്ച കോഹ്ലി കെ എൽ രാഹുൽ പാർട്ണർഷിപ്പ് അതിന് ഉദാഹരണമാണ്. പേസിനൊപ്പം ഇടവേളകളിൽ ഇന്ത്യൻ പിച്ചുകൾക്കനുസരിച്ച് സ്പിൻ ചുഴി സൃഷ്ട്ടിക്കുന്നതിൽ വിജയിക്കുക കൂടി ഇത്തവണ ക്രിക്കറ്റ് വേൾഡ് കപ്പ് കിരീടത്തിന്റെ യോഗ്യത മാർക്കാവും.