സീൻ 1
2007 സെപ്റ്റംബർ 19.
രാത്രി ടെലിവിഷന്റെ മുന്നിലിരിക്കുന്ന ഒരു ആറാം ക്ലാസുകാരൻ ഓർമ്മയുടെ ഫ്രയിമിലേക്ക് കടന്നുവരികയാണ്.
ദക്ഷിണാഫ്രിക്കയിലെ കിംഗ്‌സ്മീഡിൽ പ്രഥമ ട്വന്റി ട്വന്റി ലോകകപ്പിന്റെ 21-ാം മത്സരം ഇംഗ്ലണ്ടും ഇന്ത്യയും തമ്മിൽ നടക്കുന്നു. ആദ്യം ബാറ്റു ചെയ്യുന്ന ഇന്ത്യക്കായി ഓപ്പണർമാരായ ഗംഭീറും സെവാഗും ഉജ്ജ്വല തുടക്കം നൽകി. പതിനഞ്ചാം ഓവറിന്റെ നാലാം പന്തിൽ ആദ്യ വിക്കറ്റ് നഷ്ടമാകുമ്പോൾ 136 റൺസ് ഇരുവരും ചേർന്ന് സ്‌കോർ ബോർഡിൽ ചേർത്തു. പിന്നീടുള്ള രണ്ട് ഓവറുകളിൽ രണ്ടു വിക്കറ്റുകൾ കൂടി ഇന്ത്യക്ക് നഷ്ടമാവുന്നു. നായകൻ എം. എസ്. ധോണി ഒരറ്റത്ത് നിൽപ്പുണ്ട്. മറുപുറത്തേക്ക് അഞ്ചാമനായി യുവരാജ് സിംഗ് എത്തുകയാണ്. സ്കോർ ഇപ്പോൾ 16. 4 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 155 റൺസ്. 8 പന്തുകൾക്കിപ്പുറം 18 -ാം ഓവർ അവസാനിക്കുമ്പോൾ, സെമിയിലേക്ക് മുന്നേറാൻ വിജയം അനിവാര്യമായ കളിയിൽ ഇന്ത്യ വ്യക്തമായ മുൻതൂക്കം നേടിയിരുന്നു. എന്നാൽ, യുവരാജിന്റെ പ്ലാൻ അതൊന്നുമായിരുന്നില്ല.
പകരം ചോദിക്കാൻ ഒരുപാട് ബാക്കിയുണ്ടായിരുന്നു യുവിക്ക്. തൊട്ടു മുന്നേ തന്നോടു കയർത്ത, വാംഖഡേയിൽ തങ്ങളെ അപമാനിച്ച ഫ്ലിൻടോഫിനുള്ള മറുപടി, ഒരു മാസം മുന്നേ ഓവലിൽ നടന്ന കളിയിൽ തനിക്കെതിരെ ഒരോവറിൽ അഞ്ച് സിക്‌സറുകൾ പായിച്ച മസ്കറൈൻസിനുള്ള തിരിച്ചടി...
അങ്ങനെ നീളുന്നു യുവരാജിന്റെ പട്ടിക.
2010- ലെ ട്വന്റി ട്വന്റി ലോകകിരീടം ഇംഗ്ലണ്ട് നേടുമ്പോൾ, ശ്രീലങ്കക്കെതിരായ സെമിഫൈനലിലെ മാൻ ഓഫ് ദി മാച്ച് പ്രകടനമുൾപ്പെടെ 17.5 ശരാശരിയിൽ 8 വിക്കറ്റുകൾ ബ്രോഡ് വീഴ്ത്തി തന്റെ പരാജയത്തിന് മറുപടി കൊടുത്തു.
അങ്ങനെയിരിക്കെ ഇന്നിംഗ്‌സിലെ പത്തൊൻപതാം ഓവർ എറിയാനായി 21 വയസ് പ്രായമുള്ള, ആറടി അഞ്ച് ഇഞ്ച് ഉയരമുള്ള, മെലിഞ്ഞ ഒരു ചെറുപ്പക്കാരൻ കടന്നുവരുന്നു. ഫുൾ ലെങ്ത് ആയി വന്ന ആദ്യ പന്ത് യുവരാജ് ബാക്ക് ഫൂട്ടിൽ ലോങ്ങ് ഓണിന് മുകളിലൂടെ സിക്സർ നേടുന്നു; പന്ത് 103 മീറ്റർ പിന്നിട്ട് കാണികൾക്കിടയിൽ വിശ്രമിക്കുന്നു. ടൂർണമെന്റിലെ ഏറ്റവും ദൂരം കൂടിയ സിക്സറുകളൊന്ന്! രണ്ടാം പന്തിനെ മനോഹരമായ ഒരു ഫ്ലിക്കിലൂടെ ലെഗ് സൈഡിൽ ബൗണ്ടറി ലൈൻ കടത്തുന്നു യുവരാജ്. ടെലിവിഷനിൽ ഫ്ലിൻടോഫിന്റെ ക്ലോസ് അപ്പ്. മൂന്നാം പന്തിൽ വീണ്ടുമൊരു സിക്സർ. വിളറിയ മുഖവുമായി നിൽക്കുന്ന ബൗളറുടെ ക്ലോസ് അപ്പ്. നാലാം പന്തിൽ വീണ്ടുമൊരു സിക്സർ. ബൗളർ ഇംഗ്ലീഷ് ക്യാപ്റ്റൻ കോളിങ്‌വുഡുമായി സംസാരിക്കുന്നു. ബോൾ റിലീസ് ഓവർ ദി വിക്കറ്റ് വേണോ എറൗണ്ട് ദി വിക്കറ്റ് വേണോ എന്ന ബൗളറുടെ ആശയക്കുഴപ്പം. സമനില തെറ്റിയ ബൗളർ അഞ്ചാം പന്തിൽ ഓഫ് സൈഡിൽ ഒരു ഫുൾ ടോസ് എറിയുന്നു; വീണ്ടും സിക്സർ.
ലോകം മുഴുവൻ ഓവറിന്റെ അവസാന പന്തിലേക്ക് ചുരുങ്ങുന്നു. പെനാൽറ്റി കിക്ക് കാത്തുനിൽക്കുന്ന ഗോളിയുടെ ഏകാന്തതക്കു സമാനമായി, ഫീൽഡിൽ ബൗളർ ഏകനാവുന്നു. ഒരു പന്തിനപ്പുറം തന്നെ സർവശക്തിയിലും ആക്രമിക്കാൻ നിൽക്കുന്ന ആരാധകക്കൂട്ടം, മത്സരം പരാജയപ്പെട്ടാൽ ഇംഗ്ലണ്ട് ടൂർണമെന്റിൽനിന്ന് പുറത്തേക്ക് എന്ന അവസ്ഥ, പരാജയത്തിനും ജീവിതത്തിനുമിടയിൽ തനിക്ക് ആകെ കഴിയുക അടുത്ത പന്ത് സിക്സർ നൽകാതിരിക്കുകയാണെന്ന് അയാൾക്ക് നന്നായി അറിയാം. കൈകളിൽ കൊടുങ്കാറ്റിനെയാവാഹിച്ച് അയാൾ റണ്ണപ്പ് ചെയ്യുകയാണ്. ലോകം തന്നെ തുറിച്ചു നോക്കുന്നുണ്ടെന്ന് അയാളേക്കാൾ നന്നായി മറ്റാർക്കുമറിയില്ല. അയാൾ ക്രീസിലേക്ക് കുതിക്കുന്നു, അവസാന പന്ത് തന്റെ ആവനാഴിയിലെ അവസാന അസ്ത്രമെന്ന നിലയ്ക്ക് അയാൾ യുവരാജിന്റെ നേർക്ക് പ്രയോഗിച്ചു. മറ്റൊരു ഫുൾ ലെങ്ത് ബോൾ. ആദ്യ പന്തിന് സമാനമായി ഇത്തവണയും പന്ത് മിഡ് ഓണിന് മുകളിലൂടെ ആൾക്കൂട്ടത്തിലേക്ക് പറന്നു. ഇരു കൈയുകളും ആകാശത്തേക്കുയർത്തി അമ്പയർ സൈമൺ ടോഫൽ ആ ബോളിന്റെ വിധി പ്രഖ്യാപിക്കുന്നു; സിക്സർ.
വീട്ടിലെ നടുമുറിയിൽ വെച്ചിരിക്കുന്ന സാംസങ് ടി വി യിൽ കളി കണ്ടിരുന്ന ആറാം ക്ലാസുകാരൻ ആഹ്ലാദത്തിന്റെ പരകോടിയിലെത്തി. കമന്ററി ബോക്സിലെ മൈക്രോഫോണിൽ രവി ശാസ്ത്രിയുടെ ശബ്ദം മറ്റെല്ലാത്തിനും മുകളിലായി ഉയർന്നു; ‘കിംഗ്സ്മീഡ് അറ്റ് ഹിസ് ഫീറ്റ്’.
യുദ്ധം ജയിച്ചവനെപ്പോലെ, ധോണിയുമൊത്ത് ആഘോഷിക്കുന്ന യുവരാജ്, അപമാനിതനായി നിൽക്കുന്ന ഫ്ലിൻടോഫ്, പ്രതീക്ഷ നഷ്ടപ്പെട്ട ഇംഗ്ലീഷ് ക്യാപ്റ്റൻ കോളിംഗ്‌വുഡ്, സ്റ്റേഡിയത്തിലെ ക്യാമറ ഒപ്പിയെടുത്ത് ടെലിവിഷനിൽ പ്രദർശിപ്പിച്ച പതിനായിരക്കണക്കിന് ഇംഗ്ലീഷ് ആരാധകർ...
കിംഗ്‌സ്മീഡിനെ കാൽക്കീഴിലാക്കിയ യുവരാജിന്റെ സംഹാരത്തെ രവി ശാസ്ത്രി ഇങ്ങനെ കൂടി അടയാളപ്പെടുത്തി; "ഇടിമുഴക്കമായുള്ള വരവ്, മിന്നൽപ്പിണറായുള്ള മടക്കം" (Came in like thunder, Goes back like lightning”. യുവരാജ് മിന്നൽപ്പിണറായപ്പോൾ കരിഞ്ഞുണങ്ങിപ്പോയ ഇരുപത്തിയൊന്നുകാരൻ ബൗളറെക്കുറിച്ച് ആരും മിണ്ടിയില്ല. കണ്ണീർ പോലും വറ്റിപ്പോയ കണ്ണുകൾ, വിളറി വെളുത്ത മുഖം, പരാജിതന്റെ ശരീരഭാഷ, അപമാനഭാരത്താൽ കുനിഞ്ഞ ശിരസ്.
അയാളുടെ പേര് സ്റ്റുവർട്ട് ക്രിസ്റ്റഫർ ജോൺ ബ്രോഡ് എന്നായിരുന്നു.
സീൻ 2
2023 ജൂലൈ 19.
ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും തമ്മിലുള്ള ആവേശകരമായ ആഷസ് പരമ്പരയുടെ നാലാം ടെസ്റ്റ് ആരംഭിക്കുന്നു. രണ്ടു വിജയം നേടി ഓസീസും മൂന്നാം കളി വിജയിച്ചുകൊണ്ട് ഇംഗ്ലണ്ടും നിൽക്കുന്ന പരമ്പരയുടെ ചൂട് തെല്ലും കുറവല്ല. ആദ്യ രണ്ടു ടെസ്റ്റുകളും ജയിച്ച ഓസ്‌ട്രേലിയക്ക് ഈ ടെസ്റ്റ് ജയിച്ചാലോ തോൽക്കാതിരുന്നാലോ പരമ്പര നിലനിർത്താം. ജയിച്ചാൽ 2001- നു ശേഷം ഇംഗ്ലീഷ് മണ്ണിൽ ഒരു പരമ്പര വിജയവും നേടാം.
ലോകക്രിക്കറ്റിൽ സ്റ്റുവർട്ട് ബ്രോഡിന്റെ തകർച്ച സമാനതകളില്ലാത്തതാണ്; അതുകൊണ്ടു തന്നെ ഉയിർപ്പും. മുൻ ഇംഗ്ലീഷ് ഓപ്പണറും ഐസിസി ഒഫിഷ്യലുമായ ക്രിസ് ബ്രോഡ് എന്ന അച്ഛന്റെ മേൽവിലാസം അയാൾക്ക് ഒരേസമയം ആശ്വാസവും ഭാരവുമായിരുന്നു.
ആസ്‌ട്രേലിയക്കുവേണ്ടി 48 റൺസ് നേടി ട്രാവിസ് ഹെഡും രണ്ട് റൺസുമായി മിച്ചൽ മാർഷും ക്രീസിൽ. അൻപതാം ഓവറിലെ നാലാം പന്ത് കഴിയുമ്പോൾ ഓസ്‌ട്രേലിയ നാല് വിക്കറ്റ് നഷ്ടത്തിൽ 189. സ്റ്റുവർട്ട് ബ്രോഡ് ബൗളിംഗ് എൻഡിലേക്ക് പാഞ്ഞടുക്കുന്ന കാഴ്ച. അധികം ഭയപ്പെടുത്താത്ത ഒരു ഷോർട്ട് ലെങ്ത് ഡെലിവറി. ഹെഡ്, ഫൈൻ ലെഗിലേക്ക് ഉയർത്തിയടിച്ച് ബൗണ്ടറിക്കായി ശ്രമിക്കുന്നു. പന്തിനെ ലക്ഷ്യമാക്കി ഇംഗ്ലീഷ് താരം ജോ റൂട്ടിന്റെ ഓട്ടം. ഓട്ടത്തിനൊടുവിൽ ഒരു മനോഹര ക്യാച്ച്. ആദ്യമായി കിട്ടിയ വിക്കറ്റെന്ന പോലെ, ആ നിമിഷത്തിന്റെ എല്ലാ കൗതുകവും അപ്പോൾ ബ്രോഡിന്റെ മുഖത്തുണ്ട്. ടെസ്റ്റ് കരിയറിലെ അറുന്നൂറാം വിക്കറ്റ്. ചരിത്രത്തിലെ അഞ്ചാമത്തെ മാത്രം ബൗളർ. രണ്ടാമത്തെ മാത്രം പേസർ. ഷെയിൻ വോണും മുരളീധരനും അനിൽ കുംബ്ലെയും സുഹൃത്തും സഹതാരവുമായ ജെയിംസ് ആൻഡേഴ്‌സനും ഉൾപ്പെട്ട എലൈറ്റ് ലിസ്റ്റിലേക്കൊരു ലോങ്ങ് മാർച്ച്! ഇതിഹാസങ്ങൾക്കൊപ്പമിരിക്കാൻ ഒരായുസുകൊണ്ടു പണിതെടുത്ത സിംഹാസനത്തിലേക്ക്...
ലോകക്രിക്കറ്റിൽ സ്റ്റുവർട്ട് ബ്രോഡിന്റെ തകർച്ച സമാനതകളില്ലാത്തതാണ്; അതുകൊണ്ടു തന്നെ ഉയിർപ്പും. മുൻ ഇംഗ്ലീഷ് ഓപ്പണറും ഐസിസി ഒഫിഷ്യലുമായ ക്രിസ് ബ്രോഡ് എന്ന അച്ഛന്റെ മേൽവിലാസം അയാൾക്ക് ഒരേസമയം ആശ്വാസവും ഭാരവുമായിരുന്നു. അതുകൊണ്ടു തന്നെയാണ് അയാളുടെ തകർച്ച സമാനതകളില്ലാത്ത ഒന്നാവുന്നത്. യുവരാജിന്റെ സിക്സറുകൾ ചെന്നുവീണത് ക്രിസിന്റെ കൂടി കണക്കുപുസ്തകത്തിലാണ്. തന്റെ മാനസികാരോഗ്യത്തെയാകെ ബാധിക്കുന്ന നിലയിലേക്ക് ആ രാത്രി ഭയാനകമാംവിധം വളർന്നിരുന്നെന്ന് സ്റ്റുവർട്ട് ബ്രോഡ് പിൽക്കാലത്ത് വെളിപ്പെടുത്തി. പക്ഷേ, അവിടെ നിന്നുള്ള തിരച്ചുവരവ് അയാൾക്കു മാത്രം സാധിക്കുന്ന ഒന്നാക്കി മാറ്റിയതിലാണ് ബ്രോഡിന്റെ വിജയം.
2010ലെ ട്വന്റി ട്വന്റി ലോകകിരീടം ഇംഗ്ലണ്ട് നേടുമ്പോൾ, ശ്രീലങ്കക്കെതിരായ സെമിഫൈനലിലെ മാൻ ഓഫ് ദി മാച്ച് പ്രകടനമുൾപ്പെടെ 17.5 ശരാശരിയിൽ 8 വിക്കറ്റുകൾ ബ്രോഡ് വീഴ്ത്തി തന്റെ പരാജയത്തിന് മറുപടി കൊടുത്തു. ഇതേ ബ്രോഡ് പിന്നീട് ഇംഗ്ലീഷ് ഏകദിന - ട്വന്റി ട്വന്റി ടീമുകളുടെ നായകനുമായി. 2006 ഓഗസ്റ്റ് 28 ന് ട്വന്റി ട്വന്റി യിലും ഓഗസ്റ്റ് 30 ന് ഏകദിനത്തിലും പാകിസ്താനെതിരെയാണ് ബ്രോഡിന്റെ ലിമിറ്റഡ് ഓവർ അരങ്ങേറ്റങ്ങൾ. 2014 ൽ ട്വന്റി ട്വന്റി യിൽ നിന്നും 2016 ൽ ഏകദിനത്തിൽ നിന്നും വിരമിച്ചു.
എന്നാൽ, വൈറ്റ് ബോൾ ക്രിക്കറ്റിലേതിനേക്കാൾ ബ്രോഡ് ശോഭിച്ചത് റെഡ് ബോൾ ക്രിക്കറ്റിലാണ്. 2007 ൽ ശ്രീലങ്കക്കെതിരെ അരങ്ങേറിയതു മുതൽ 2023 ജൂലൈ 31 ന് കളിയവസാനിപ്പിക്കുന്നതു വരെയുള്ള 15 കൊല്ലം അയാൾ ഇംഗ്ലണ്ട് ടീമിന്റെ ബൗളിങ് ആക്രമണത്തിന്റെ ചുക്കാൻ പിടിച്ചു. വിശേഷിച്ചും ടെസ്റ്റിൽ. 15 കൊല്ലമെന്നത് ഒരു ഫാസ്റ്റ് ബൗളറെ സംബന്ധിച്ച് ചെറിയ കാലയളവല്ല. പ്രത്യേകിച്ചും കരിയറിന്റെ തുടക്കത്തിൽ തന്നെ തകർന്നുപോയ ഒരാൾക്ക്. അതിനയാളെ ഏറ്റവും സഹായിച്ചത് അയാളുടെ ആറടി അഞ്ചിഞ്ച് ഉയരവും കൈ വിസ്താരവുമാണ്. മറ്റു ബോളർമാർക്ക് ജംപിങ്ങിലൂടെ മാത്രം സാധ്യമാകുന്ന ബോൾ റിലീസിംഗ് ഹൈറ്റിലേക്കെത്താൻ ബ്രോഡിന് അത്ര ആയാസമുണ്ടായിരുന്നില്ല. ബോൾ പവർ അദ്ദേഹത്തിന് വിസ്താരമേറിയ കൈയുടെ കറക്കത്തിലൂടെ ലഭിച്ചിരുന്നു. ഇതിലെല്ലാമുപരി പോരാട്ടവീര്യമുള്ള മനസ് ബ്രോഡിന്റെ എല്ലാമെല്ലാമായിരുന്നു.
2015 ആഷസിൽ ബ്രോഡിന്റെ വിശ്വരൂപം ലോകം കണ്ടു. നോട്ടിങ്ഹാമിൽ നടന്ന പരമ്പരയിലെ നാലാം ടെസ്റ്റിന് മൂന്ന് ദിവസമായിരുന്നു ആയുസ്; ഒരേയൊരു കാരണം - സ്റ്റുവർട്ട് ബ്രോഡ് എന്ന കൊടുങ്കാറ്റ് ഇംഗ്ലീഷ് പിച്ചിൽ വീശിയടിച്ചു. ഒന്നാം ഇന്നിംഗ്‌സിൽ ഓസ്‌ട്രേലിയ 60 റൺസിന് കൂടാരം കയറി. 9. 3 ഓവറിൽ 15 റൺസ് വഴങ്ങി 8 വിക്കറ്റാണ് ബ്രോഡ് വീഴ്ത്തിയത്. ആ പ്രകടനം കഴിഞ്ഞ ദശകത്തിലെ ഏറ്റവും മികച്ച സ്പെല്ലിനുള്ള വിസ്ഡൻ പുരസ്‌കാരത്തിന് ബ്രോഡിനെ അർഹനാക്കി.
2019 ആഷസ് ബ്രോഡിന്റെ കരിയറിലെ മറക്കാനാവാത്ത സീരീസുകളിലൊന്നാണ്; ഒരുപക്ഷേ, ഡേവിഡ് വാർണറിന്റെയും. 2018ലെ ബോൾ ചുരണ്ടൽ വിവാദത്തിൽ പെട്ട് ടീമിൽ നിന്ന് പുറത്തായ ശേഷം സ്മിത്തിനൊപ്പം ഓസ്ട്രേലിയൻ ടീമിലേക്ക് തിരിച്ചുവന്ന സീരീസ് വാർണറിനെ സംബന്ധിച്ച് പ്രാധാന്യമേറെയുള്ള ഒന്നായിരുന്നു. ആദ്യ ടെസ്റ്റിന്റെ രണ്ട് ഇന്നിംഗ്‌സിലും സെഞ്ച്വറി നേടി സ്മിത്ത് തന്റെ തിരിച്ചുവരവ് ഗംഭീരമാക്കി. പക്ഷേ ആ സീരീസ് വാർണറിന് കയ്പ്പേറിയ ഒന്നായിരുന്നു. ഒരു ടെസ്റ്റ് സീരീസിലെ 10 ഇന്നിംഗ്സുകൾ ഓപ്പൺ ചെയ്ത പ്ലേയർ നേടുന്ന ഏറ്റവും കുറവ് റൺസ് വാർണർ ആ സീരീസിൽ നേടി; 95 റൺസ്. 10ൽ 7 തവണയും വാർണർ അടിയറവ് പറഞ്ഞത് ബ്രോഡിന് മുന്നിലായിരുന്നു. ഇത് വാർണറുടെ സമനില തെറ്റിച്ച, അയാളുടെ മാനസികാരോഗ്യം തകർത്ത ഒന്നായിരുന്നെന്ന് അന്നത്തെ ഓസ്‌ട്രേലിയൻ കോച്ചും മുൻ ഓസ്ട്രേലിയൻ ടെസ്റ്റ് ടീം ഓപ്പണറുമായിരുന്ന ജസ്റ്റിൻ ലാംഗർ വെളിപ്പെടുത്തിയിട്ടുണ്ട്. പിന്നീട്, 2023- ലെ ആഷസിൽ ഉൾപ്പെടെ പല തവണ വാർണർ ബ്രോഡിന് മുന്നിൽ മുട്ടുമടക്കി. ടെസ്റ്റ് കരിയറിൽ ആകെ 17 തവണയാണ് വാർണർ ബ്രോഡിന് ഇരയായത്. ഒരു ബൗളർ ഒരേ ബാറ്ററെ തന്നെ പുറത്താക്കിയ സന്ദർഭങ്ങളുടെ ലിസ്റ്റിൽ ഈ ജോടി അഞ്ചാമതാണ്.
ബ്രോഡ് എന്ന പേര് ഇംഗ്ലണ്ട് ടെസ്റ്റ് ടീമിൽ ജെയിംസ് ആൻഡേഴ്‌സനൊപ്പമല്ലാതെ വായിക്കുക പ്രയാസമാണ്. ബ്രോഡ് - ആൻഡേഴ്സൺ ദ്വയം എന്നതിനപ്പുറം ബ്രോഡിനോ ആൻഡേഴ്‌സനോ മാത്രമായി ഒന്നുമവകാശപ്പെടാനില്ല.
ബാറ്റർ എന്ന നിലയിൽ ബ്രോഡിനെ ശരിക്കും ലോകം തിരിച്ചറിഞ്ഞത് 2010- ലെ പാകിസ്താന്റെ ഇംഗ്ലണ്ട് പര്യടനത്തിലാണ്. പരമ്പരയിലെ നാലാം ടെസ്റ്റിൽ ലോഡ്‌സിൽ പാകിസ്താനെതിരെ ടീം 102 റൺസിന് ഏഴ് വിക്കറ്റ് എന്ന നിലയിൽ തകർന്നിരിക്കുമ്പോൾ ക്രീസിലെത്തി ജോനാഥൻ ട്രോട്ടുമൊത്ത് എട്ടാം വിക്കറ്റിൽ ലോകറെക്കോർഡായ 332 റൺസ് കൂട്ടുകെട്ട് ഉണ്ടാക്കുന്നുണ്ട് ബ്രോഡ്. 169 റൺസ് ആണ് അന്ന് അയാൾ അടിച്ചെടുത്തത്; ടെസ്റ്റിൽ ഒരു ഒൻപതാം നമ്പറുകാരന്റെ ഏറ്റവും ഉയർന്ന സ്‌കോർ. ഇംഗ്ലണ്ടിനായി ടെസ്റ്റ് സെഞ്ച്വറി നേടുന്ന അച്ഛനും മകനുമെന്ന റെക്കോർഡ് ക്രിസ് - സ്റ്റുവർട്ട് ബ്രോഡ് ദ്വയത്തിന് സമ്മാനിച്ച ഇന്നിംഗ്‌സ് കൂടിയായിരുന്നു അത്. പിന്നെയും ബാറ്റുകൊണ്ട് പല തവണ ബ്രോഡ് ഇംഗ്ലണ്ടിന്റെ രക്ഷക്കെത്തി, പണ്ടത്തെ ലെയ്സെസ്റ്റർഷെയർ ഓപ്പണറിൽ നിന്ന് അത് പ്രതീക്ഷിക്കുന്നതിൽ അത്ഭുതമില്ല.
ബ്രോഡ് എന്ന പേര് ഇംഗ്ലണ്ട് ടെസ്റ്റ് ടീമിൽ ജെയിംസ് ആൻഡേഴ്‌സനൊപ്പമല്ലാതെ വായിക്കുക പ്രയാസമാണ്. ബ്രോഡ് - ആൻഡേഴ്സൺ ദ്വയം എന്നതിനപ്പുറം ബ്രോഡിനോ ആൻഡേഴ്‌സനോ മാത്രമായി ഒന്നുമവകാശപ്പെടാനില്ല. കഴിഞ്ഞ 15 വർഷമായി അത് അങ്ങനെ തന്നെയാണ്. അവർ ഒന്നിച്ചു കളിച്ചപ്പോൾ നേടിയ 1038 വിക്കറ്റുകൾ അതിനു തെളിവാണ്. ഈ യാത്രയിൽ ഇരുവരും മലർത്തിയടിച്ചത് വിഖ്യാതമായ വോൺ - മഗ്രാത്ത് സഖ്യത്തെയാണ് (1001 വിക്കറ്റ്), 2023 ഫെബ്രുവരിയിൽ. ആൻഡേഴ്സൺ തന്നെ ഇക്കാര്യത്തിൽ പലകുറി തന്റെ അഭിപ്രായം പറഞ്ഞിട്ടുണ്ട്; "ഞങ്ങൾ പരസ്പരം മത്സരിക്കുന്നു. പരസ്പരം സഹായിക്കുന്നു. ഞങ്ങൾ ഒന്നിച്ചു വളരുന്നു. ഞങ്ങളിലൊരാൾ ഞങ്ങൾക്കൊപ്പമില്ലായിരുന്നെങ്കിൽ ഇത്രമാത്രം വിക്കറ്റുകൾ ഞങ്ങളിലാർക്കെങ്കിലും നേടാൻ കഴിയുമായിരുന്നെന്ന് എനിക്ക് തോന്നുന്നില്ല". ബ്രോഡ് എന്താണെന്ന് ആൻഡേഴ്‌സനും ആൻഡേഴ്‌സൺ എന്താണെന്ന് ബ്രോഡിനുമല്ലാതെ മറ്റാർക്കറിയാനാണ്! അവസാന ടെസ്റ്റിൽ ഒരിക്കൽക്കൂടി ബ്രോഡ് ഇംഗ്ലണ്ടിനായി ബൗളിംഗ് ഓപ്പൺ ചെയ്തു; ആൻഡേഴ്‌സനൊപ്പം. അവസാന ടെസ്റ്റിൽ ഒരിക്കൽക്കൂടി ബ്രോഡ് ഇംഗ്ലണ്ടിനായി ബാറ്റ് ചെയ്തു; ആൻഡേഴ്‌സനൊപ്പം.
ഹംസഗാനം…
37 -ാം വയസിൽ ബ്രോഡ് കളിയവസാനിപ്പിക്കുമ്പോൾ അയാൾ ക്രിസ് ബ്രോഡിന്റെ മകനോ, ക്രിസ് - കരോൾ ദമ്പതികൾക്ക് മാസം തികയാതെ പിറന്ന, ഡോക്ടർ ജോൺ രക്ഷിച്ചെടുത്ത കുഞ്ഞോ, 21 -ാം വയസിൽ യുവരാജിന്റെ തല്ലുകൊണ്ട കേവലമൊരു ഇൻ എക്‌സ്പീരിയൻസ്ഡ് ബൗളറോ, കോസ്മോപൊളിറ്റൻ മാഗസിനുവേണ്ടി ആൻഡേഴ്‌സനും കുക്കിനുമൊപ്പം നഗ്നനായി പോസ് ചെയ്ത് (കാൻസർ ബോധവത്കരണത്തിനാണെങ്കിൽക്കൂടി) വിവാദമുണ്ടാക്കിയ ക്ഷുഭിതയൗവ്വനമോ മാത്രമല്ല, ലോകക്രിക്കറ്റ് കണ്ട എക്കാലത്തെയും വലിയ റെഡ് ബോൾ ക്രിക്കറ്റർമാരിലൊരാളാണ്. ലോക ടെസ്റ്റ് ബൗളർ റാങ്കിങ്ങിൽ 8 -ാം സ്ഥാനക്കാരനാണ്. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വിക്കറ്റ് നേടിയ അഞ്ചാമത്തെ താരമാണ് (603); രണ്ടാമത്തെ മാത്രം പേസറാണ്. ഇംഗ്ലണ്ടിനായി ഏറ്റവുമധികം ടെസ്റ്റ് മത്സരങ്ങൾ കളിച്ച രണ്ടാമത്തെ താരമാണ് (167).
കഴിഞ്ഞ ദശകത്തിൽ ഏറ്റവുമധികം അന്താരാഷ്ട്ര വിക്കറ്റുകൾ നേടിയ ബൗളർമാരുടെ പട്ടികയിൽ 564 വിക്കറ്റുകൾ നേടിയ രവിചന്ദ്രൻ അശ്വിനും 535 വിക്കറ്റുകൾ നേടിയ ജെയിംസ് ആൻഡേഴ്‌സനും പിന്നിലായി 525 വിക്കറ്റുകളോടെ മൂന്നാം സ്ഥാനത്തുള്ള കളിക്കാരനാണ്. സച്ചിൻ ടെണ്ടുൽക്കർക്ക് പോലും അപ്രാപ്യമായ ലോർഡ്സിലെ സെഞ്ചുറി എന്ന നേട്ടം സ്വന്തമാക്കിയ താരമാണ്. ലോർഡ്സിൽ സെഞ്ചുറി നേടിയവരുടെ പേരടയാളപ്പെടുത്തിയ ബാറ്റിങ് ഓണേഴ്‌സ് ബോർഡിലും 5 വിക്കറ്റ് പ്രകടനം നടത്തിയവരുടെ ബൗളിംഗ് ഓണേഴ്‌സ് ബോർഡിലും പേരുള്ള ലോകത്തെ എട്ടാമത്തെ മാത്രം താരമാണ്. ആഷസിൽ ഏറ്റവും വിക്കറ്റ് നേടിയ മൂന്നാമത്തെ താരമാണ്. ഏറ്റവുമൊടുവിൽ കളിച്ച 2023 ആഷസ് സീരീസിൽ ഏറ്റവുമധികം വിക്കറ്റ് നേടിയ ബോളർമാരുടെ പട്ടികയിൽ രണ്ടാമതുള്ള താരമാണ്. എന്തിനധികം പറയണം, കരിയറിലെ അവസാന മത്സരത്തിൽ കരുത്തരായ ഓസ്ട്രേലിയയ്ക്കെതിരെ വിജയം നേടി കളിയവസാനിപ്പിച്ച താരമാണ്.
ഒരിക്കൽ, എറിഞ്ഞ ആറു പന്തിലും സിക്സർ വാങ്ങി നാണം കെട്ട ഒരുവൻ, കരിയറിൽ നേരിട്ട അവസാന പന്തിൽ സിക്സറും എറിഞ്ഞ അവസാന പന്തിൽ വിക്കറ്റും നേടി കളിയവസാനിപ്പിക്കുന്നത് കാലത്തിന്റെ കാവ്യനീതിയെന്നല്ലാതെ മറ്റെന്തു പറയാൻ,
ഇതിഹാസം,
Adieu Champ,
Cricket Will Miss Your Symphony...