1983ൽ ലോകകപ്പ് ഏറ്റുവാങ്ങുന്ന ഇന്ത്യൻ ക്രിക്കറ്റ്​ ടീം ക്യാപ്റ്റൻ കപിൽദേവ്. ഇംഗ്ലണ്ടിൽ നടന്ന മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം നേടിയത്.

ഇന്ത്യൻ ക്രിക്കറ്റിന്റെ ജാതി

കരീബിയൻ ദ്വീപുകളിലേതിനു സമാനമായ ഒരു വിമോചനസ്വഭാവം ഇന്ത്യൻ ക്രിക്കറ്റിന് ഇല്ലാതെ പോയതിന് കാരണം ഇവിടുത്തെ സവിശേഷമായ യാഥാസ്ഥിതിക ജാതിഘടനയാണ്.

What do they know of cricket who only cricket know?
​വിഖ്യാത മാർക്​സിസ്​റ്റ്​ ചരിത്രകാരൻ സി. എൽ. ആർ. ജെയിംസ്, വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സാമൂഹിക- രാഷ്ട്രീയ പശ്ചാത്തലം അനാവരണം ചെയ്യുന്ന തന്റെ ചരിത്രപുസ്തകം തുടങ്ങുന്നത് ഇങ്ങനെയൊരു ചോദ്യത്തിൽ നിന്നാണ്. കൊളോണിയൽ ഭരണത്തിന് കീഴ്പ്പെട്ടു കിടന്നിരുന്ന ദ്വീപുരാഷ്ട്രങ്ങളുടെ കൂട്ടായ്മയ്ക്കപ്പുറം ഒരു ഭൗതികയാഥാർത്ഥ്യമല്ലാതിരുന്ന വെസ്റ്റ് ഇൻഡീസിനെ പ്രതിനിധീകരിച്ച് ക്രിക്കറ്റ് മൈതാനങ്ങൾ കീഴടക്കിത്തുടങ്ങിയ സംഘം 1940 കൾക്കുശേഷം ഉയർന്നു വന്ന അധിനിവേശ വിരുദ്ധ സമരങ്ങൾക്ക് ഊർജ്ജമേകിയ ചാലകശക്തിയായി പ്രവർത്തിച്ചുവെന്ന് ജെയിംസ് സമർത്ഥിക്കുന്നുണ്ട്. ആത്യന്തികമായൊരു കൊളോണിയൽ ഉല്പന്നമായ ക്രിക്കറ്റിനെ, വിമോചന സ്വപ്നങ്ങളുടെ പ്രചാരണോപാധിയാക്കിയ ചരിത്രമാണ് വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ടീമിന്റെ ചരിത്രമെന്ന് അദ്ദേഹം അടിവരയിടുന്നു.

കരീബിയൻ ദ്വീപുകളിലും ഇന്ത്യയിലും ഒരേ രീതിയിൽ, ഏതാണ്ട് ഒരേ കാലത്താണ് ക്രിക്കറ്റ് "ഇറക്കുമതി' ചെയ്യപ്പെടുന്നത്. തങ്ങളെത്തിപ്പെട്ട പ്രദേശത്തെ മടുപ്പുണർത്തുന്ന മനുഷ്യരിൽ നിന്ന് വിട്ടുമാറി, മാതൃരാജ്യത്തിന്​ സമാനമായൊരു പ്രാദേശിക പരിസ്ഥിതി രൂപപ്പെടുത്തിയെടുക്കാൻ ശ്രമിക്കുന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥരിലൂടെയാണ് രണ്ടിടങ്ങളിലും ക്രിക്കറ്റ് എത്തുന്നത്. കോളനിദേശങ്ങൾ അപരവത്കരിക്കപ്പെട്ട ഇടങ്ങളെങ്കിൽ പോലും തങ്ങളുടെ അതിജീവനത്തിനാവശ്യമായ ചില ഘടകങ്ങളെ കോളനിദേശങ്ങളിലേക്ക് ഇറക്കുമതി ചെയ്യേണ്ടത് കോളനി ശക്തികളുടെ ആവശ്യമായിരുന്നു എന്ന് ചരിത്രം ബോധ്യപ്പെടുത്തുന്നു. ഇംഗ്ലീഷ് ഭാഷയേയും റെയിൽവേയും പോലെ ക്രിക്കറ്റും ഇവിടങ്ങളിലേക്ക് എത്തുന്നത് അങ്ങനെയാണ്. ഒറ്റപ്പെട്ട ചില സന്ദർഭങ്ങൾ ഒഴിച്ചു നിർത്തിയാൽ, പൂർണമായും കോളനിവാസികളാണ് രണ്ടിടത്തും (ഇന്ത്യ, വെസ്റ്റ് ഇൻഡീസ്) ക്രിക്കറ്റിനെ പ്രാദേശികവത്കരിച്ചത്. ഉത്ഭവകേന്ദ്രമായ ഇംഗ്ലണ്ടിൽ നിന്ന് വ്യത്യസ്തമായി, നഗരങ്ങളിൽ നിന്ന് ഗ്രാമങ്ങളിലേക്കാണ് രണ്ടു പ്രദേശങ്ങളിലും അതിന്റെ സഞ്ചാരവീഥി. മൈതാനമെന്ന മാധ്യമത്തിന് പുറത്തുവച്ച് അരങ്ങേറിയാൽ കത്തിക്കുത്തിലോ കൊലപാതകത്തിലോ അവസാനിക്കുന്ന വൈകാരികത രണ്ടു ദേശങ്ങളിലെയും ക്രിക്കറ്റിന്റെ പൊതുസ്വഭാവമായിരുന്നു. എന്നിട്ടും കരീബിയൻ ദ്വീപുകളിലേതിനു സമാനമായ ഒരു വിമോചനസ്വഭാവം ഇന്ത്യൻ ക്രിക്കറ്റിന് ഇല്ലാതെ പോയതിന് കാരണം ഇവിടുത്തെ സവിശേഷമായ യാഥാസ്ഥിതിക ജാതിഘടനയാണ്.

കൊളോണിയൽ ഭരണത്തിനും ജാതീയതയ്ക്കും ഒരുപോലെ വിധേയപ്പെട്ടു നിന്ന ക്രിക്കറ്റിന്റെ പൂർവകാല ചരിത്രത്തിന്റെ സ്മാരകങ്ങളാണ് ഹാരിസ് ഷീൽഡ് മുതൽ രഞ്ജി ട്രോഫി വരെ നീളുന്ന ടൂർണമെന്റുകൾ.

പൽവാങ്കാർ ബാലു എന്ന ദളിത് ക്രിക്കറ്റർ

1830 കളോടെ ബോംബെ നഗരം ചുറ്റിപ്പറ്റി ഉയർന്നുവന്ന പാഴ്സി മധ്യവർഗ്ഗത്തിന്റെ വിനോദോപാധിയായിട്ടാണ് ഇന്ത്യയിലെ ക്രിക്കറ്റിന്റെ തുടക്കം. ഇന്ത്യയിലെ പുതിയ മധ്യവർഗ്ഗത്തിന് അപ്പോഴേക്ക് പരിചിതമായിരുന്ന, അനുകരണങ്ങളിലൂടെ തന്റെ യജമാനനോട് കൂടുതൽ അടുക്കാനുള്ള അടിമസമാനമായൊരു ത്വരയാണ് ഇതിനു പ്രേരകമായി വർത്തിച്ചത്. പാഴ്സികളിൽ നിന്ന് മറ്റ് ജാതി- മത വിഭാഗങ്ങളിലേക്ക് പകർന്നു പോയതോടെ മതപരവും ജാതീയവുമായ കിടമത്സരങ്ങളിലൂടെയാണ് പിന്നീടത് വികസിക്കുന്നത്. കൊളോണിയൽ ഭരണത്തിനും ജാതീയതയ്ക്കും ഒരുപോലെ വിധേയപ്പെട്ടു നിന്ന ക്രിക്കറ്റിന്റെ പൂർവകാല ചരിത്രത്തിന്റെ സ്മാരകങ്ങളാണ് ഹാരിസ് ഷീൽഡ് മുതൽ രഞ്ജി ട്രോഫി വരെ നീളുന്ന, ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെയോ പഴയ രാജാക്കന്മാരുടെയോ പേരിലരങ്ങേറുന്ന ടൂർണമെന്റുകൾ.

1911 ലെ ഇന്ത്യൻ ക്രിക്കറ്റ് ടീം ഇംഗ്ലണ്ടിൽ. നിലത്തിരിക്കുന്നത് പൽവാങ്കാർ ബാലു

പരസ്പ്പരം ഇഴുകിച്ചേർന്നവരുടെ സംഘമെന്ന നിലയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമൊരു സമീപകാല യാഥാർത്ഥ്യമാണ്. അടുത്ത കാലം വരെ അത് ലോകോത്തരരായ ഒന്നോ രണ്ടോ കളിക്കാരാൽ നയിക്കപ്പെടുന്ന സംഘമായിരുന്നു. മൻസൂർ അലിഖാനും കപിലും സച്ചിനുമൊക്കെയടങ്ങുന്ന ഈ ഒറ്റപ്പെട്ട ലോകോത്തരരുടെ നിര തുടങ്ങുന്നത് പൽവാങ്കാർ ബാലു എന്ന ദളിത് കളിക്കാരനിൽ നിന്നാണ്. കളിക്കാരുടെ തിരഞ്ഞെടുപ്പിന് പൂർണമായും ജാതീയ മാനദണ്ഡങ്ങൾ ഉപയോഗിച്ചിരുന്ന കാലത്ത് അസാമാന്യ പ്രതിഭ കൊണ്ട് മാത്രം ഉയർന്നു വന്ന ബാലുവാണ് ഇന്ത്യൻ ക്രിക്കറ്റിലെ ആദ്യ ദളിത് പ്രതിനിധി. പൽവാങ്കാർ ബാലുവിനെ ആദരിക്കാൻ സംഘടിപ്പിക്കപ്പെട്ട ഒരു പ്രാദേശിക വേദിയിൽ ആശംസാപ്രസംഗം നടത്തികൊണ്ടാണ് അന്ന് കോളേജ് വിദ്യാർത്ഥിയായിരുന്ന ബി. ആർ. അംബേദ്കർ തന്റെ സുദീർഘമായ പൊതുപ്രസംഗചരിത്രം തുടങ്ങിയതെന്നും, ബാലുവിനെ അദ്ദേഹം തന്റെ കുട്ടിക്കാലത്ത് അതിയായി ആരാധിച്ചിരുന്നുവെന്നും പിൽക്കാലത്ത് അംബേദ്‌കറിനെ കുറിച്ചുള്ള പഠനത്തിൽ ഏലിയാനോർ സെലിയോട്ട് രേഖപ്പെടുത്തുന്നുണ്ട് (1937 ലെ ബോംബെ കോർപറേഷൻ തിരഞ്ഞെടുപ്പിൽ അംബേദ്കറിനെതിരെ, അംബേദ്കർ വിരോധികളായിരുന്ന മേൽജാതിക്കാരുടെ പ്രേരണയിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച ബാലു തോറ്റുപോയെന്നു കൂടി അദ്ദേഹം എഴുതുന്നുണ്ട്).

പൽവാങ്കാർ ബാലു

ഇന്ത്യയിൽ കളിച്ചിരുന്ന കാലത്ത് ഡ്രെസ്സിങ് റൂമിന് വെളിയിൽ നിൽക്കുകയും മൺപാത്രത്തിൽ മാത്രം വെള്ളം കുടിക്കുകയും ചെയ്ത ബാലുവിന്റെ ചരിത്രം, ബോംബെ ക്രോണിക്കിളിന്റെ പഴയ താളുകളിൽ നിന്ന് രാമചന്ദ്ര ഗുഹ പൊടിതട്ടിയെടുക്കുന്നതുവരെ മിക്ക ക്രിക്കറ്റ് ചരിത്രകാരന്മാരും അവഗണിക്കുകയാണുണ്ടായത്.

ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിന്റെ ആശയങ്ങൾക്ക് നേരെ വിപരീത ദിശയിലായിരുന്നു എല്ലാ കാലത്തും ക്രിക്കറ്റ് മൈതാനങ്ങൾ സ്വയം സ്ഥാനപ്പെടുത്തിയിരുന്നത്

ക്രിക്കറ്റിന്റെ അരാഷ്ട്രീയ ഉള്ളടക്കം

ഫുട്‌ബോളിന് സ്വീകാര്യത കൂടുതലുള്ള ബംഗാളിൽ നിന്ന് ക്രിക്കറ്റിന്റെ തട്ടകമായ ഉത്തരേന്ത്യയിലേക്ക് 1920 കളിൽ ഗാന്ധിജി ദേശീയപ്രസ്ഥാനത്തിന്റെ പ്രവർത്തന കേന്ദ്രം മാറ്റിയില്ലായിരുന്നെങ്കിൽ ഇന്ന് ഇന്ത്യയിൽ ക്രിക്കറ്റിന് ലഭിക്കുന്ന പ്രചുരപ്രചാരം ഫുട്‌ബോളിന് ലഭിക്കുമായിരുന്നുവെന്ന് സുമിത് സർക്കാർ അഭിപ്രായപ്പെടുന്നുണ്ട്‌. ദേശീയപ്രസ്ഥാനം തദ്ദേശീയസ്വഭാവത്തെ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്നത് തർക്കമില്ലാത്ത കാര്യമാണ്. ഉത്തരേന്ത്യ പ്രധാന പ്രവർത്തനകേന്ദ്രമാക്കുക വഴി ഇന്ത്യൻ പൊതുസ്വഭാവത്തിന് നേരിയൊരു ഉത്തരേന്ത്യൻ ചായ കൈവരുന്നതിനും ഇത് ഇടയാക്കിയിട്ടുണ്ട്. അതിന്റെ ആനുകൂല്യം ഉത്തരേന്ത്യയിൽ വേരോട്ടമുള്ള മറ്റെന്തിനുമെന്ന പോലെ ക്രിക്കറ്റിനും ലഭിച്ചിട്ടുണ്ട്. പക്ഷെ, ക്രിക്കറ്റ് മൈതാനങ്ങൾ തിരിച്ചങ്ങനെയൊരു ആനുകൂല്യവും കാണിച്ചിട്ടില്ല. ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിന്റെ ആശയങ്ങൾക്ക് നേരെ വിപരീത ദിശയിലായിരുന്നു എല്ലാ കാലത്തും ക്രിക്കറ്റ് മൈതാനങ്ങൾ സ്വയം സ്ഥാനപ്പെടുത്തിയിരുന്നത്. 1930കളിൽ തന്നെ ഇന്ത്യയിലുടനീളം വേരോട്ടമുണ്ടായിരുന്ന ക്രിക്കറ്റിന് സമാന്തരമായി ഹോക്കിയും ഫുട്‌ബോളും മാത്രമേ ഉണ്ടായിരുന്നുള്ളു. 1928 മുതൽ 32 വർഷം ഒളിമ്പിക്സിൽ അജയ്യരായി നിന്ന ഇന്ത്യൻ ഹോക്കി ടീം ലോക കായികചരിത്രത്തിൽ ഇന്ത്യയുടെ പേര് അടയാളപ്പെടുത്തി തുടങ്ങിയ കാലമായിരുന്നു അത്. അതിനെ മറികടക്കാനുള്ള ശേഷി ഇന്ത്യൻ ക്രിക്കറ്റിനുണ്ടാവുന്നത് പിന്നെയും പതിറ്റാണ്ടുകൾ കഴിഞ്ഞാണ്. നിസ്സഹകരണ പ്രസ്ഥാനം കൊടുമ്പിരിക്കൊണ്ട 1921ൽ ബോംബെ ജിൻഗാനയുടെ ആഭിമുഖ്യത്തിൽ നടത്താനുദ്ദേശിച്ചിരുന്ന ക്രിക്കറ്റ് ടൂർണമെന്റിൽ നിന്ന് സംഘാടകരും കളിക്കാരും പിന്മാറണമെന്നും മത്സരങ്ങൾ കാണാനെത്തുന്ന വെയിൽസ് രാജകുമാരനെ ബഹിഷ്ക്കരിക്കണമെന്നും ദേശീയ പ്രസ്ഥാനത്തിന്റെ വക്താക്കളും സ്വാതന്ത്രകാംഷികളും ആവശ്യപ്പെട്ടു. എന്നാൽ, കൊളോണിയൽ അധികാരികളുടെ പ്രീതി പിടിച്ചുപറ്റുന്നത് മറ്റെന്തിനേക്കാളും പ്രധാനമാണെന്ന് കരുതിയിരുന്ന സംഘാടകർ മത്സരങ്ങളുമായി മുന്നോട്ട് പോകുകയാണുണ്ടായത്.

1936 ലെ ബെർലിൻ ഒളിമ്പിക്സിൽ ഇന്ത്യൻ ഹോക്കി ഹോക്കി ടീം

കൊളോണിയൽ അനുഭാവികളായിരുന്ന പാഴ്സികൾക്ക് മേൽക്കൈയുണ്ടായിരുന്ന കായിക വിനോദമായി അടുത്ത കാലം വരെ തുടർന്ന ക്രിക്കറ്റിന്റെ അരാഷ്ട്രീയ ഉള്ളടക്കത്തിന്റെ രൂപീകരണം ഈയൊരു ചരിത്രഘട്ടത്തിലാണുണ്ടാവുന്നത്. അക്കാലത്തെ ക്രിക്കറ്റ് ടൂർണമെന്റുകളിൽ ജാതിയുടെയും മതത്തിന്റെയുമടിസ്ഥാനത്തിൽ അണിയിച്ചൊരുക്കിയിരുന്ന ടീമുകൾ ജാതി-മത സ്പർദ്ധ വളർത്തുകയാണുണ്ടായത്. 1940ലെ "ബോംബെ പെന്റാങ്കുലർ സീരീസ്' ഹിന്ദു- മുസ്​ലിം വിഭാഗക്കാർക്കിടയിലെ വിടവ് വികസിപ്പിക്കുന്നതിൽ വലിയ പങ്കുവഹിച്ച ഒന്നാണ്. രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി ദക്ഷിണാഫ്രിക്കയിൽ "പാസീവ് റെസിസ്റ്റേഴ്സ്' എന്ന പേരിൽ ഫുട്‌ബോൾ ക്ലബ് രൂപീകരിച്ച, ഫുട്‌ബോൾ ഇതര കായിക മത്സരങ്ങളോട് വലിയ അനുഭാവമില്ലാതിരുന്ന ഗാന്ധിജിക്ക് പോലും മതാടിസ്ഥാനത്തിൽ രൂപീകരിച്ച ടീമുകൾ പരസ്പരം ഏറ്റുമുട്ടിയിരുന്ന ഈ ടൂർണമെന്റിനെതിരെ പ്രതികരിക്കേണ്ടി വന്നത് ഈയൊരു പശ്ചാത്തലത്തിലാണ്.

ദേശീയ രാഷ്ട്രീയം കലുഷിതമായിത്തുടങ്ങിയ എൺപതുകളിലാണ് ഇന്ത്യൻ ദേശീയതയുടെ പ്രതിനിധാനമെന്ന ബാധ്യത ഇന്ത്യൻ ക്രിക്കറ്റിലേക്ക് കടന്നുവരുന്നത്.

സ്വാതന്ത്ര്യലബ്ധിക്കു ശേഷവും കായികേതരമായ മറ്റു മാനങ്ങളൊന്നും ക്രിക്കറ്റിന് ലഭിച്ചിരുന്നില്ല. അന്നത്തെ നെഹ്​റുവിയൻ രാഷ്ട്രീയപശ്ചാത്തലം ഇന്ത്യൻ ദേശീയതയുടെ പ്രാതിനിധ്യം രാഷ്ട്രീയമണ്ഡലത്തിന് പുറത്തുള്ള അരാഷ്ട്രീയ മേഖലകളിലേക്ക് പോകാതെ നിയന്ത്രിച്ചു നിർത്താൻ പര്യാപ്തമായിരുന്നു. ഇന്ത്യയുടെ ദേശീയ വാർത്താവിതരണ ശൃംഖല കൂടുതൽ വിശാലമായിത്തുടങ്ങിയ അറുപതുകളിൽ ക്രിക്കറ്റിന്റെ പ്രചാരം കുതിച്ചുയർന്നു. മിക്ക ഇന്ത്യൻ സംസ്ഥാനങ്ങളിലും എഴുപതുകളിലാണ് സാക്ഷരതാ നിരക്ക് ഗണ്യമായി ഉയർന്നതും തനതായൊരു "പൊതുമണ്ഡലം' (Public Sphere) രൂപപ്പെട്ടു വരുന്നതും.

ദേശീയതയും ക്രിക്കറ്റും തമ്മിലുള്ള ആദ്യ ഇടപാടുകൾ

അതേ കാലത്തു തന്നെയാണ് ഇന്ത്യയിൽ പത്രവിപ്ലവമുണ്ടാകുന്നതും പ്രാദേശിക വാർത്താപത്രങ്ങൾ വായനക്കാരുടെ നിത്യജീവിത സംഭാഷണങ്ങളേയും അഭിരുചികളേയും സ്വാധീനിച്ചു തുടങ്ങുന്നതും. ഭാരതകേന്ദ്രിതമായ വാർത്തകൾ അക്കാലത്തെ ഇന്ത്യൻ പത്രങ്ങളുടെ സവിശേഷതയായിരുന്നുവെന്ന് റോബിൻ ജെഫ്രി നിരീക്ഷിക്കുന്നുണ്ട്. പ്രാദേശികഭാഷകളിൽ അവതരിപ്പിക്കുന്ന ദേശീയവാർത്തകൾ പ്രാദേശികതയെ വിപുലീകരിക്കുമ്പോൾ തന്നെ ഭാരതമെന്ന വിശാലഭൂമികയുമായി വായനക്കാരനെ ചേർത്തുനിർത്തി എന്നു പറയാം. പത്രമാധ്യമങ്ങളുടെ ഈ പൊതുസ്വഭാവം ഇന്ത്യൻ ക്രിക്കറ്റിന്റെ വളർച്ചയ്ക്ക് ഗണ്യമായ സംഭാവനയാണ് നൽകിയത്. ദേശീയതയും ക്രിക്കറ്റും തമ്മിലുള്ള ആദ്യ ഇടപാടുകൾ ഈ കാലഘട്ടത്തിലാണ് നടക്കുന്നത്. ദേശീയ രാഷ്ട്രീയം കലുഷിതമായിത്തുടങ്ങിയ എൺപതുകളിലാണ് ഇന്ത്യൻ ദേശീയതയുടെ പ്രതിനിധാനമെന്ന ബാധ്യത ഇന്ത്യൻ ക്രിക്കറ്റിലേക്ക് കടന്നുവരുന്നത്. ഒരു കാലത്ത് ഇന്ത്യൻ ദേശീയതയുടെ വക്താക്കളായിരുന്ന ഹോക്കി ടീം തുടരെ തുടരെ പരാജയപ്പെടുകയും ഇന്ത്യൻ ക്രിക്കറ്റ് ടീം ലോകകപ്പിൽ മുത്തമിടുകയും ചെയ്തതോടെയാണ് ക്രിക്കറ്റിലേക്കുള്ള ദേശീയതയുടെ സമ്പൂർണ നിക്ഷേപം സാധ്യമായത്. അതേ കാലത്തുതന്നെ ഇന്ത്യയിലരങ്ങേറിയ ടെലിവിഷൻ വിപ്ലവവും ദൂരദർശന്റെ തത്സമയ സംപ്രേക്ഷണവും കുടുംബസദസ്സുകളിലേക്കുള്ള ക്രിക്കറ്റിന്റെ കടന്നുവരവിന് കാരണമായി. അന്നുതൊട്ട് ഇന്ത്യയിൽ ജനിച്ചു വീണ നല്ലൊരു ശതമാനം മധ്യവയസ്കരുടേയും ബാല്യകാലസ്മരണകളിൽ ക്ലേശിച്ചു കണ്ടുതീർത്തൊരു ക്രിക്കറ്റ് മത്സരത്തിന്റെയെങ്കിലും നേർത്ത സാന്നിധ്യമുണ്ട്. പിന്നാലെ വന്ന തലമുറകളിലേക്ക് മുഴുവൻ ഈ വൈകാരികത കൂടെ കൈമാറ്റം ചെയ്യപ്പെട്ടു.

മേൽജാതി ഹിന്ദുക്കളുടെ കളി

രണ്ടു രീതിയിലാണ് ഒരു പിന്നാക്ക ജാതിയിലുൾപ്പെട്ട കളിക്കാരന്റെ ദേശീയ ടീമെന്ന വിശാല സ്വപ്നത്തിൽ അയാളുടെ ജാതിസ്വത്വം ഇടപെട്ടിരുന്നത്. പ്രാദേശിക തലത്തിൽ കളിച്ചുവളർന്ന്, ദേശീയ ടീമുവരെ എത്താനുള്ള പ്രയാണത്തിന് വലിയ സാമ്പത്തികം ആവശ്യമാണ്. സാമ്പത്തികശേഷി തന്നെ വലിയൊരളവിൽ ജാതിയുമായും പാരമ്പര്യ മൂലധനവുമായും ബന്ധപ്പെട്ട് കിടക്കുന്ന ഇന്ത്യൻ പശ്ചാത്തലത്തിൽ, ഉപജീവനമെന്ന വലിയ പ്രതിസന്ധി മറികടന്ന് മൈതാനത്തു തുടരുകയെന്നത് തന്നെ ജാതിശ്രേണിയുടെ താഴെ തട്ടിലുള്ളവർക്ക് ആത്മഹത്യാപരമായിരുന്നു. അമ്പതുകൾ മുതൽ ചില സ്ഥാപനങ്ങളും കമ്പനികളും, തങ്ങളുടെ സ്വകാര്യ ടീമിലേക്ക് കളിക്കാരെ റിക്രൂട്ട് ചെയ്യാനും കളിയിൽ തന്നെ തുടരാൻ സ്പോൺസർഷിപ്പ് അനുവദിച്ചു തുടങ്ങുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി ദളിത് വിഭാഗത്തിൽ നിന്നടക്കം ചില കളിക്കാർ ഉയർന്നു വന്നുവെങ്കിലും അവരെ പരിഗണിക്കാതിരിക്കാൻ മാത്രം വിവേചനസ്വഭാവമുള്ളതായിരുന്നു അക്കാലത്തെ സെലക്ഷൻ കമ്മിറ്റികൾ. ഇന്ത്യൻ ക്രിക്കറ്റിന് തുടക്കം മുതലേ ഉണ്ടായിരുന്ന ജാതീയമായ വിവേചനസ്വഭാവത്തിന് അടുത്ത കാലത്തും വലിയ മാറ്റമുണ്ടായിട്ടില്ല.

"ഫാബുലസ് ഫൈവി'ലെ അംഗങ്ങളെല്ലാം ബ്രാഹ്മണ വിഭാഗത്തിൽ നിന്നാകുന്നത് യാദൃശ്ചികതയുടെയോ പ്രതിഭയുടെയോ മാത്രം വിഷയമല്ല. നേരിയൊരു കായിക സംസ്കാരം പോലും അവകാശപ്പെടാനില്ലാത്ത ഇന്ത്യൻ പശ്ചാത്തലത്തിൽ മറ്റു വിഭാഗക്കാർക്ക് കളിച്ചു വളർന്നു വരാനുള്ള സാഹചര്യമില്ലായ്മയുടെ സാന്നിധ്യം കൂടി അതിൽ അന്തർലീനമായിട്ടുണ്ട്.

ഇന്ത്യൻ ക്രിക്കറ്റിനെ അടിസ്ഥാനപ്പെടുത്തി നടത്തിയ പഠനത്തിൽ റിച്ചാർഡ് ക്യാഷ്​മാൻ അതിന്റെ വർഗ്ഗപരമായി വിഭജിക്കപ്പെട്ട അതിർത്തികളെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. എൺപതുകളുടെ അവസാനം വരെ ഇന്ത്യൻ ടീമിൽ കളിച്ചവരിൽ മൃഗീയഭൂരിപക്ഷവും നഗര പശ്ചാത്തലമുള്ളവരാണെന്നും അതിൽ തന്നെ മേൽജാതി ഹിന്ദുക്കളാണ് എണ്ണത്തിൽ കൂടുതലെന്നും അദ്ദേഹം കണക്കുനിരത്തി സമർത്ഥിക്കുന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യൻ ടെസ്റ്റ് ടീമിലെ ദളിത് പ്രതിനിധികളുടെ എണ്ണം (2021 ഫെബ്രുവരി വരെ) വെറും ആറ് മാത്രമാണെന്ന് മനസ്സിലാക്കുമ്പോഴാണ് ഇതിന്റെ വ്യാപ്തി നമ്മളറിയുക. "ഫാബുലസ് ഫൈവി'ലെ (സച്ചിൻ, ദ്രാവിഡ്, ഗാംഗുലി, വി. വി. എസ്. ലക്ഷ്മൺ, കുംബ്ലെ) അംഗങ്ങളെല്ലാം ബ്രാഹ്മണ വിഭാഗത്തിൽ നിന്നാകുന്നത് യാദൃശ്ചികതയുടെയോ പ്രതിഭയുടെയോ മാത്രം വിഷയമല്ല. നേരിയൊരു കായിക സംസ്കാരം പോലും അവകാശപ്പെടാനില്ലാത്ത ഇന്ത്യൻ പശ്ചാത്തലത്തിൽ മറ്റു വിഭാഗക്കാർക്ക് കളിച്ചു വളർന്നു വരാനുള്ള സാഹചര്യമില്ലായ്മയുടെ സാന്നിധ്യം കൂടി അതിൽ അന്തർലീനമായിട്ടുണ്ട്. സൂക്ഷ്മതലത്തിൽ ഇങ്ങനെയൊരു ജാതീയമായ ആന്തരികഘടന സൂക്ഷിച്ചിരുന്നിട്ടും എല്ലാ തരത്തിലുള്ള മനുഷ്യരും അക്കാലത്ത് ക്രിക്കറ്റിന്റെ മാസ്മരികതയിലകപ്പെട്ടു.

സച്ചിൻ തെൻഡുൽക്കർ, വി.വി.എസ്. ലക്ഷ്മൺ, രാഹുൽ ദ്രാവിഡ്, അനിൽ കുംബ്ലെ, സൗരവ് ഗാംഗുലി

അങ്ങനെയിരിക്കെയാണ് 1983ൽ ഇംഗ്ലണ്ടിൽ നടന്ന ലോകകപ്പിൽ കപിൽ ദേവിന്റെ നേതൃത്വത്തിൽ ഇന്ത്യൻ ടീം ഏറ്റവും കരുത്തരായ വെസ്റ്റ് ഇൻഡീസിനെ തോൽപ്പിച്ച് കപ്പുയർത്തിയത്. വിജയികൾക്ക് സമ്മാനം നൽകാനുള്ള സാമ്പത്തികശേഷി പോലുമില്ലാത്ത സമിതിയായിരുന്നു അന്ന് ബി.സി.സി.ഐ. ലോകവിജയികൾക്കുള്ള സമ്മാനത്തുക കണ്ടെത്താൻ ലതാ മങ്കേഷ്കറുടെ ഗാനമേള സംഘടിപ്പിക്കേണ്ട അവസ്ഥ പോലും ഉണ്ടായി. ഇവിടെ നിന്നാണ് ആഗോള മൂലധന താൽപര്യങ്ങൾക്ക് വളക്കൂറുള്ള മണ്ണായി ഇന്ത്യയും ഇന്ത്യൻ ക്രിക്കറ്റും പരിണമിക്കുന്നത്. ഇതിന്റെ തുടർച്ചയിലാണ് 1987ലെ ലോകകപ്പ് അടയാളപ്പെടുന്നത്. ഒരു വമ്പൻ സാമ്പത്തിക ശക്തി അല്ലാതിരുന്നിട്ട് പോലും ആ ലോകകപ്പ് നടന്നത് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലാണ്. 1960കളിൽ ആരംഭിച്ച റിലയൻസ് ഒരു ലോകബ്രാൻഡ് ആയി മാറുന്നതും ആ ലോകകപ്പോടെയാണ്.

ഇന്ത്യൻ ദേശീയതയും മൂലധനതാൽപര്യങ്ങളും കൈകോർത്തു പിടിച്ചു തുടങ്ങിയ കാലത്താണ് ക്രിക്കറ്റിലേക്ക് പതിനാറുകാരനായ സച്ചിൻ ടെണ്ടുൽക്കറുടെ വരവ്.

എൺപതുകളുടെ അവസാനത്തോടെ വ്യക്തമായ അടിത്തറയുണ്ടാക്കിയെടുത്ത ഇന്ത്യൻ ക്രിക്കറ്റിന്, അതിന്റെ മാറിയ സമവാക്യങ്ങളോട് ചേർന്നു പോകുന്ന ശക്തമായൊരു "ഇന്ത്യൻ മുഖം' മാത്രമായിരുന്നു ആവശ്യം. തുടർച്ചയായ വിജയങ്ങൾ നേടാൻ കെൽപ്പുള്ളൊരു ടീമിന്റെ അഭാവത്തിൽ ഏതെങ്കിലുമൊരു താരത്തിന്റെ വ്യക്തിഗത നേട്ടങ്ങളിൽ നിക്ഷേപം നടത്തുകയെന്നതായിരുന്നു അന്നുവരെ മൂലധന ശക്തികളുടെ ആഗോളരീതി. സച്ചിന്റെ കരിയറിന്റെ തുടക്കത്തിലും മറ്റൊന്നുമല്ല സംഭവിച്ചത്. പഴയ പടക്കുതിരയായ കപിൽ ദേവ് കരിയറിന്റെ അവസാന നാളുകളിലെത്തിയിരുന്നു. ഇന്ത്യൻ ദേശീയതയും മൂലധനതാൽപര്യങ്ങളും കൈകോർത്തു പിടിച്ചു തുടങ്ങിയ കാലത്താണ് ക്രിക്കറ്റിലേക്ക് പതിനാറുകാരനായ സച്ചിൻ ടെണ്ടുൽക്കറുടെ വരവ്. തനിക്കു മുന്നേ കളിച്ചു പോയ മിക്കവർക്കും ലഭിക്കാതിരുന്ന ഒരു അധിക ആനുകൂല്യവും സച്ചിനുണ്ടായിരുന്നു - ഒറ്റയാൾ പ്രകടനങ്ങളുടെ തത്സമയ സംപ്രേക്ഷണം!▮

(തുടരും)


അനശ്വർ കൃഷ്ണദേവ് ബി.

കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിൽ ഗവേഷകൻ.

അക്ഷയ് പി.പി.

പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയിൽ മൂന്നാം വർഷ സോഷ്യോളജി ബിരുദ വിദ്യാർത്ഥി.

Comments