പത്ത് രാജ്യങ്ങൾ മാത്രമുളള ലോകകപ്പ്; ഐസി സി വാദവും മനസ്സിലിരിപ്പും

12 സ്ഥിരാംഗങ്ങളും 94 അസ്സോസിയേറ്റ് രാജ്യങ്ങളുമുള്ള ഐ സി സിക്ക് തങ്ങളുടെ ലോകകപ്പിന് കൂടുതൽ ടീമിനെ ഉൾപ്പെടുത്തുകയെന്നത് ഭഗീരഥ പ്രയത്നമൊന്നുമല്ല. എന്നിട്ടും 10 രാജ്യങ്ങളെ മാത്രം ഉൾപ്പെടുത്തി ലോകകപ്പ് ടൂർണമെന്റ് നടത്തുന്നത്, കളിയിലെ നിലവാരനിലപാടെന്ന ഐ സി സി പക്ഷം എത്രമാത്രം ന്യായവും നിഷ്കളങ്കവുമാണ്?

ലോകത്ത് ഏറ്റവും കൂടുതൽ ചരിത്രവും വേരോട്ടവുമുള്ള കളിയാണ് ഫുട്ബോൾ. യൂറോപ്പിൽ ജനിച്ചതെങ്കിലും ലാറ്റിനമേരിക്കയുടെ പട്ടിണിത്തെരുവുകളിലെ കാലുകളിൽ പതം വന്നു ജീവിച്ചുവളർന്ന ഫുട്ബോളിന്റെ 1930- ലെ ഉറുഗ്വയിലെ ആദ്യ ലോകകപ്പ് പതിപ്പിന് 13 ടീമുകൾ മാത്രമാണുണ്ടായിരുന്നത്. അതിനും നൂറ്റാണ്ടുകൾക്കുമുന്നേ ലോക ഭൂപടത്തിനുകുറുകെ ഉരുണ്ടുതുടങ്ങിയിരുന്ന ആ ഗോളം പല സുപ്രധാന ചരിത്രസംഭവങ്ങൾക്ക് സാക്ഷിയായി ഇപ്പോഴും വിജയകരമായി ഭ്രമണം ചെയ്യുന്നു.

ഫുട്ബോളിന്റെ ലോക കമ്മിറ്റിക്കാരായ ഫിഫ തങ്ങളുടെ ഏറ്റവും പ്രസ്റ്റീജ്യസ് ടൂർണമെന്റായ ഫിഫ വേൾഡ് കപ്പിൽ പന്തുകളിയിലെ വികസ്വര രാജ്യങ്ങൾക്ക് കൂടുതൽ അവസരങ്ങളും പ്രോൽസാഹനവും നൽകാൻ 32 ടീം എന്നത് 48 ടീമെന്ന പരിഷ്കാരം കൊണ്ടുവന്നു. അപ്പോഴും 2023- ൽ  ക്രിക്കറ്റിന്റെ ലോക കമ്മറ്റി 10 ടീമുകളുമായി ചുരുക്കി ലോകകപ്പെന്ന പേരിൽ അവരുടെ ഏറ്റവും വലിയ ടൂർണമെന്റ് നടത്തുന്നു. പത്തിൽ അഞ്ചും ദക്ഷിണേഷ്യൻ രാജ്യങ്ങളെന്നത് മറ്റൊരു വസ്തുത. കളിയിലെ നിലവാര നിലപാടെന്ന ഈ ഐ സി സി പക്ഷം എത്രമാത്രം ന്യായമാണ്, നിഷ്കളങ്കമാണ്?.

ഫുട്ബോൾ പോലെ വളരാൻ അനുകൂല സാഹചര്യങ്ങളില്ലെങ്കിൽ പോലും, സമയ ദൈർഘ്യവും കാലാവസ്ഥയുടെ അമിത ഇടപെടലുകളും സാങ്കേതികതകളും തുടങ്ങി പല അധിക പരിമിതികളുണ്ടെങ്കിലും സാർവദേശീയ ഗെയിമാക്കി ക്രിക്കറ്റിനെയും മാറ്റാൻ വീണുകിട്ടുന്ന ചെറിയ സാധ്യതകളാണ് ആഗോള മുതലാളിത്ത താൽപര്യങ്ങളാൽ റദ്ദാക്കപ്പെടുന്നത്.

2011 ലെ ഇംഗ്ലണ്ടിനെതിരെയുള്ള അട്ടിമറി വിജയത്തിന് ശേഷം കെവിൻ ഒബ്റിൻ

2011 ലോകകപ്പിൽ, ഗ്രൂപ്പ് ബിയിലെ ഇംഗ്ലണ്ട്- അയർലാന്റ് മൽസര ഓർമ. ഏറെക്കുറെ പ്രവാചനാത്മകമായ മൽസരത്തിൽ പേരുകേട്ട ഇംഗ്ലീഷ് ബൗളർമാരായ സ്റ്റുവർട്ട് ബോർഡിനെയും ജെയിംസ് ആൻഡേഴ്സണെയും നിഷ്കരുണം അടിച്ചൊതുക്കി കെവിൻ ഒബ്റിൻ 328 എന്ന  വലിയ ലക്ഷ്യം മറികടന്ന് കുഞ്ഞൻമാരുടെ അയർലാൻഡിന് വിജയം സമ്മാനിക്കുന്നു. ഗാലറിയുടെ റൈറ്റ് മിഡിലേക്ക് പറന്നിറങ്ങിയ അര ഡസനോളം സിക്സറുകളും ഫസ്റ്റ് ബാറ്റിങ് ഓർഡർ കൂടാരം കയറിയപ്പോൾ ആറാം വിക്കറ്റിൽ അലക്സുമായിയുണ്ടാക്കിയ നിർണായക കൂട്ടുകെട്ടും ക്രിക്കറ്റ് ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും ത്രസിപ്പിക്കുന്ന നിമിഷങ്ങളായി. 1975 മുതൽ ഒരുപാട് മഹാരഥൻമാർ വില്ലോ വീശിയ ലോക മാമാങ്ക ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ സെഞ്ചുറിയെന്ന നേട്ടം, പക്ഷെ അന്ന് ഒബ്റിൻ 50 പന്തിൽ നേടിയ ആ മാസ്മരിക ഇന്നിങ്സിനാണ്.

2007- ൽ ബർമുഡക്കെതിരെയുള്ള ലോകകപ്പ് ക്രിക്കറ്റ്  മൽസരം. 413 റൺസ് ടോട്ടലും 253 റൺസിന്റെ വിജയവും നേടി ഇന്ത്യ ഏറ്റവും വലിയ ലോകകപ്പ് മൽസര ടോട്ടലും വിജയവും നേടിയ മൽസരത്തിലെ ഹൈലൈറ്റ് പക്ഷെ മറ്റൊന്നായിരുന്നു. രണ്ടാം ഓവറിന്റെ ആദ്യ പന്തിൽ റോബിൻ ഉത്തപ്പയുടെ ബാറ്റിംഗ് എഡ്ജിൽ തട്ടി തെറിച്ച പന്ത് സ്ലിപ്പ് ഫീൽഡിൽ നിൽക്കുകയായിരുന്ന 120 കിലോ ഭാരമുള്ള ലെവോക്കർ വായുവിൽ ഉയർന്നുപൊങ്ങി തന്റെ വലതുകൈയിലൊതുക്കി. ലെവോക്കറും ടീമും ശേഷം മൈതാനത്ത് അത്യാഹ്ലാദത്തിൽ കമിഴ്ന്ന് വീണു. കമന്ററി ബോക്സിലുണ്ടായിരുന്ന ഡേവിഡ് ബംബിൾ “The big man, the fridge has opened! He’s flown like a gazelle!” എന്ന് അതിന് ബയോളജിക്കലി ഇംപോസിബിൾ സമ്മറി നൽകി. സിംബാവേയുടെ ഹീത്ത് സ്ട്രീക്ക് ഇന്ത്യൻ ആസ്ത്രേലിയൻ ബിഗ് ബാറ്റർമാർക്കെതിരെയെറിഞ്ഞ ഡെപ്ത്ത് യോർക്കറുകൾ,

  ഇന്ത്യക്കെതിരെ 2007 വേൾഡ് കപ്പിൽ ബർമുഡയുടെ ലെവറോക്കിന്റെ സൂപ്പർ ക്യാച്ച്

ക്രിക്കറ്റിലെ അതികായരായ ഇന്ത്യയും പാകിസ്ഥാനും ആസ്ത്രേലിയയും ഇംഗ്ലണ്ടും ശ്രീലങ്കയും ന്യൂസിലാൻഡും വെസ്റ്റ് ഇൻഡീസും തുടങ്ങി രാജ്യങ്ങൾക്കപ്പുറത്തേക്കുള്ള ഇത്തരം ക്രിക്കറ്റ് ശ്രമങ്ങൾ കൂടിയാണ് ക്രിക്കറ്റിന്റെ ആഗോള സ്പോർട്സ് കാഴ്ച. ഗ്ലോബൽ ഗെയിമാക്കാനുള്ള സാധ്യതയെ റദ്ദ് ചെയ്യുന്നതിനോടപ്പം അത്തരം കാഴ്ചകളെ സൗകര്യപൂർവ്വം മറയ്ക്കുക കൂടിയാണ് ഐ സി സി.

നോക്കൌട്ട് റൗണ്ടെന്ന പൊതുരീതിക്കുപകരം ആദ്യ റൗണ്ടിൽ എല്ലാ ടീമുകളും പരസ്പരം ഏറ്റു മുട്ടുകയെന്ന, ഐ സി സി കൊണ്ടുവന്ന റൗണ്ട് റോബിൻ രീതി, കളിയുടെ നിലവാരം ഉയർത്താനാണെന്ന ഐ സി സിയുടെ ന്യായം പൊളിക്കുന്നു. പ്രീ ക്വാർട്ടർ, ക്വാർട്ടർ ഫൈനലുകളൊഴിവാക്കി പരസ്പരം ഏറ്റുമുട്ടി കൂടുതൽ പോയിന്റ് നേടുന്ന ആദ്യ നാല് ടീമുകളെ സെമിയിലേക്ക് മാർച്ച് ചെയ്യിപ്പിക്കുക വഴി ഉദ്ദേശിക്കുന്നത്, പരമാവധി തങ്ങളുടെ നോക്കൌട്ട് റിസ്ക് കുറയ്ക്കുകയെന്നതാണ്. സെമിയിലെത്താത്ത ടീമുകൾക്കുപോലും മിനിമം ഒമ്പത് കളികളുണ്ടാവും

ഒന്നര മാസത്തിന്റെ ടൂർണമെന്റ് കാലത്തിന്റെ അവസാന ആഴ്ച്ചകൾ വരെ ഫേവറൈറ്റ് ടീമുകളും അത് നൽകുന്ന വിപണിസാധ്യതയും നിലനിൽക്കും. ഗ്രൂപ്പ് സ്റ്റേജിൽ തന്നെ ഇന്ത്യ- പാക് മൽസരങ്ങളുണ്ടാകും, ആരാധക കുത്തൊഴുക്കും വൻരീതിയിലുള്ള ബിസിനസ് സാധ്യതയും തുറന്നു കിട്ടും. ഐ സി സി നടത്തിയ ഈ മാറ്റം പക്ഷെ ഉയർന്നുവരുന്നത് 2007- ലെ പാളിപ്പോയ കരീബിയൻ ലോകകപ്പ് റഫറൻസിൽ നിന്നാണ്. പ്രീ ക്വാർട്ടർ പോലും കാണാതെ ഇന്ത്യ- പാകിസ്ഥാൻ ടീമുകൾ ആ ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായപ്പോൾ ഐ സി സിക്ക് സംഭവിച്ചത് ആയിരക്കണക്കിന് കോടിയുടെ നഷ്ടമായിരുന്നു. വിദൂരമായ ഏതോ ദ്വീപിൽ ആളില്ലാതെ നടത്തുന്ന ലോകകപ്പെന്ന് ലോക മാധ്യമങ്ങളും അതിനെ വിമർശിച്ചു.

2023 ഇന്ത്യയിൽ നടക്കുന്ന 13-ാം ലോകകപ്പിനുള്ള ടീം ക്യാപ്റ്റന്മാർ

എന്നാൽ, നിലവിലെ രീതിയിൽ ഇന്ത്യയോ പാകിസ്ഥാനോ ആദ്യ ഘട്ടത്തിൽ തന്നെ പുറത്താകുമെന്ന റിസ്ക് എലമെന്റ് ഒട്ടുമില്ല. പറ്റുമെങ്കിൽ ഇന്ത്യയെയും പാകിസ്ഥാനെയും രണ്ട് തവണ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ കൂട്ടിമുട്ടിക്കണമെന്നായിരിക്കും ഐ സി സി നിലപാട്. അതിന് വേണ്ടി ഫിക്സ്ച്ചർ മാറ്റങ്ങൾക്കും മടിയുണ്ടാവില്ല.

12 സ്ഥിരാംഗവും 94 അസ്സോസിയേറ്റ് രാജ്യങ്ങളുമുള്ള ഐ സി സിക്ക് തങ്ങളുടെ ലോകകപ്പിന് കൂടുതൽ ടീമിനെ ഉൾപ്പെടുത്തുകയെന്നത് ഭഗീരഥ പ്രയത്നമൊന്നുമല്ല. ചരിത്രത്തിലെ ക്രിക്കറ്റ് പ്രതാപമായ വെസ്റ്റ് ഇൻഡീസും സുവർണകാലത്തേക്ക് മടങ്ങാൻ തയ്യാറെടുക്കുന്ന സിംബാവേയും ഇത്തവണ പുറത്താണ്. യൂറോപ്പ് പ്രാതിനിധ്യമായിരുന്ന സ്കോട്ട്ലാൻഡും അയർലാൻഡും, വടക്കു പടിഞ്ഞാറൻ അറ്റ്ലാന്റിക് തീരത്തുള്ള ബർമുഡയും, ഇടക്കാലത്ത് തങ്ങളുടെ രാജ്യത്ത് സ്വന്തം നിലയിൽ ക്രിക്കറ്റ് വളർത്താൻ സർക്കാർ തലത്തിൽ ശ്രമങ്ങൾ തുടങ്ങിയ നേപ്പാളും നമീബിയയും ഓപ്ഷനുകളായിരുന്നു. എന്നാൽ ഈ ഒപ്ഷനുകൾക്കുപുറത്താണ് ഐ സി സിയുടെ പ്രൊപ്പഗണ്ട.

20 വർഷ കാലയളവ് കൂടുമ്പോൾ സ്ഥിരാംഗങ്ങളായ രാജ്യങ്ങളിലേക്ക് ലോകകപ്പ് ആതിഥേയത്വം കൊണ്ടുവരണമെന്നാണ് ലോക ക്രിക്കറ്റ് അസോസിയേഷന്റെ നിയമസംഹിത. എന്നാൽ വാണിജ്യതാല്പര്യങ്ങൾ പരിഗണിച്ച് അതിനെ അട്ടിമറിക്കാറാണ് പതിവ്. 2011- നുശേഷം ഇന്ത്യയിൽ വീണ്ടും ക്രിക്കറ്റ് ലോകകപ്പെത്തുന്നതിന്റെ ഒരു കാരണവും അതാണ്. ഉദാഹരണം പറഞ്ഞാൽ, 13-ാം തിയതി അഹമ്മദാബാദിലെ പേരുമാറ്റിയ സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ റൗണ്ടിലെ ഇന്ത്യ പാക്ക് മത്സരത്തിന്റെ ടിക്കറ്റുകൾ മാസങ്ങൾക്കുമുന്നേ ഇരട്ടി വിലക്കാണ് വിറ്റുപോയത്. നരേന്ദ്ര മോദി സ്റ്റേഡിയത്തിനുചുറ്റുമുള്ള ഹോട്ടലുകളിൽ ശരാശരി താമസത്തുകയായിരുന്ന 5000-ൽനിന്ന് ഒരു ലക്ഷത്തിന് പുറത്തേക്ക് സംഖ്യ കടക്കുന്നു. ദൽഹിയിൽ നിന്ന് അഹമ്മദാബാദിലേക്കുള്ള വിമാന ടിക്കറ്റ് ഫെയർ 2000-ൽ നിന്ന് 10,000-നു മുകളിലേക്ക് പറക്കുന്നു. അയൽരാജ്യങ്ങൾ തമ്മിലുള്ള കായികമൽസരത്തെ യുദ്ധപ്രതീതി ജനിപ്പിച്ച് കച്ചവടം ചെയ്യുന്ന തന്ത്രം.

ഐ സി സി ,ബി സി സി ഐ

ഹോട്ട്സ്റ്റാർ, സ്റ്റാർ സ്പോർട്സ് തുടങ്ങിയ ലൈവ് ടെലികാസ്റ്റുകളിൽ നിന്നുമാത്രം 4400 കോടി രൂപയാണ് ഐ സി സിക്ക് കിട്ടുകയെന്നതാണ് ഇ എസ് പിൻ പഠനം. സ്പോൺസർഷിപ്പുകളിൽ നിന്നും ടിക്കറ്റ് വില്പനയിൽ നിന്നും മറ്റ് മാർഗങ്ങളിൽ നിന്നും ലഭിക്കുന്ന ലാഭം വേറെയും. അതിൽ വലിയ ഒരു പങ്ക് ബി സി സി എയുടെ കയ്യിലെത്തും. 2016 മുതൽ 2023 വരെ 3300 കോടി രൂപയാണ് ഐ സി സി, ബി സി സി എക്ക് നല്കിയത്. 2027 വരെയുള്ള ഐ സി സിയുടെ മൊത്തം വരുമാനത്തിന്റെ 33 ശതമാനമാക്കി ബി സി സി എക്ക് നൽകേണ്ട വിഹിതശതമാനം ഉയർത്തുകയും ചെയ്തു. മറ്റ് രാഷ്ട്രങ്ങൾ ഇതിനെതിരെ പ്രതിഷേധമുയർത്തിയെങ്കിലും അതിനെല്ലാം മുകളിൽ പറക്കുന്ന പരുന്താണ് ബി സി സി ഐ. ഒരു പക്ഷെ ലോക ക്രിക്കറ്റ് അസോസിയേഷനായ ഐ സി സിക്കുമുകളിലും അത് പറക്കും , പറന്നിട്ടുമുണ്ട്. 140 കോടി ജനങ്ങളുടെ രാജ്യത്തിന്റെ ക്രിക്കറ്റ് ബോർഡ് എന്നതിൽ നിന്ന് അവിടുത്തെ സർക്കാറിനുപോലും പരിധിക്കപ്പുറം നിയന്ത്രിക്കാനും ഓഡിറ്റ് ചെയ്യാനും പറ്റാത്ത ഒരു മെക്കാനിസം ഇന്ത്യൻ ക്രിക്കറ്റിൽ  രൂപപ്പെടുന്നതും അങ്ങനെയാണ്.

ഇത്തവണ ലോകകപ്പിലില്ലാത്ത വെസ്റ്റിൻഡീസും സിംബാവേയും

രാജ്യങ്ങൾ, താരങ്ങൾ, വിപണി, പണം തുടങ്ങി ആഗോള കായിക ടെർമിനോളജികൾ എല്ലാ സ്പോർട്സിലെയും എന്നതുപോലെ ക്രിക്കറ്റിലും പ്രാവർത്തികമാക്കാവുന്നതാണ്. എന്നാൽ അതിൽ നിന്ന് കിട്ടുന്ന ലാഭ ശിഷ്ട വിഹിതം അസോസിയേറ്റ് രാജ്യങ്ങളിലടക്കം ആ കായികഇനത്തെ ആഗോളീകരിക്കാനും ജനകീയമാക്കാനും ശ്രമം വേണം. ലോക റാങ്കിങ്ങിൽ നൂറിന് പുറത്തുള്ള സംഖ്യയിൽ നിൽക്കുന്ന ഇന്ത്യയിൽ ഗ്രാസ് റൂട്ടിലടക്കം ഫുട്ബോളിൽ ഫിഫ നടത്തുന്ന നിക്ഷേപങ്ങൾ അതിനുദാഹരണമാണ്. ഇന്ത്യയും ചൈനയും പോലെ, ഏറ്റവും കൂടുതൽ ഫുട്ബോൾ കാണികളുള്ള രാജ്യത്തിന്റെ സാധ്യത ഉപയോഗപ്പെടുത്തുകയെന്ന ലക്ഷ്യം ഫിഫക്കുണ്ടെങ്കിൽ പോലും, അതിനെ അങ്ങനെയാണ് വായിക്കേണ്ടത്.

നമീബിയ നാഷണൽ ക്രിക്കറ്റ് ടീം

രാത്രിയും പകലും നീളുന്ന കളിയായിട്ടുകൂടി 90 മിനുറ്റിലെ മൈതാനചലനം മാത്രമുള്ള ഫുട്ബോളിനെ പോലെ കളിക്കപ്പുറത്ത് കാര്യമായ പ്രഖ്യാപനങ്ങളോ ചലനങ്ങളോ ആവാൻ ഒരു പരിധിക്കപ്പുറം ക്രിക്കറ്റിനാവാത്തത് അതു കൊണ്ടാണ്. ലോകത്ത് നടക്കുന്ന വംശീയ- സാമ്രാജത്വ അതിക്രമങ്ങൾക്കെതിരെയുള്ള പോരാട്ടങ്ങളും പ്രതിഷേധങ്ങളുമായി ഫുട്ബോൾ മൈതാനങ്ങൾ മാറുമ്പോൾ ഗാലറിയിലും മൈതാനത്തും കൂടുതൽ നേരമുണ്ടായിട്ടും ക്രിക്കറ്റിന് അതിന് വലിയ രീതിയിൽ കഴിയാതെ പോകുന്നത്, അത് ലോകത്തെ മൊത്തം മനുഷ്യരുടെ ലോക ഭൂപടമായി ഇനിയും മാറിയിട്ടില്ല എന്നതുകൊണ്ടുകൂടിയാണ്.

വൈറ്റ് ബോളിന്റെ വൈറ്റ് റോൾ നിർവഹിക്കുന്നതാവരുത് ക്രിക്കറ്റും ഐ സി സിഎയും. ക്രിക്കറ്റിനുവേണ്ടി വ്യത്യസ്ത ഭാഷയും കൊടിയും കറൻസിയും സംസ്കാരവും തുന്നിച്ചേർത്ത ചോര പുരണ്ട വെസ്റ്റ് ഇൻഡീസാണ് ക്രിക്കറ്റിന്റെ ആദ്യ ഡി എൻ എ. പരിമിതികൾ നിലനിൽക്കെ തന്നെ ക്രിക്കറ്റിന്റെ ആഗോളീകരണം നടക്കട്ടെ, സാമ്രാജ്യത്വം കോളനിയിലേക്ക് അടിച്ചു തെറിപ്പിച്ച പന്ത് തിരിച്ചെറിഞ്ഞുതുടങ്ങി വളർന്ന ക്രിക്കറ്റ് രാജ്യാന്തര ബൗണ്ടറികൾ കടന്ന് ലോകത്തിന്റ സാമൂഹികഭാഗമാകട്ടെ, ശ്രമങ്ങൾ ഐ സി സി യുടെയും ബി സി സി ഐ പോലുള്ള അതിലെ പ്രാധാന ബോർഡുകളുടെയും ഭാഗത്തുനിന്നുണ്ടാവട്ടെ.

അല്ലെങ്കിൽ ആറ് പ്രധാന ടീമുകൾക്കുവേണ്ടി പത്ത് ടീമുകൾ ലോക പേരിട്ട് കളിക്കുന്ന ടൂർണമെന്റ് മാത്രമാവുമിത്.

Comments