അഫ്ഗാന്റെ മാത്രമല്ല,
ക്രിക്കറ്റിന്റെ കൂടി വിജയം

തങ്ങളുടെ രാജ്യത്തെ യുദ്ധത്തിന്റെയോ ദുരിതത്തിന്റെയോ പേരിനപ്പുറമൊരു ചിത്രത്തിൽ ലോകത്തിനുമുന്നിൽ സ്വയം അടയാളപ്പെടുത്താനുള്ള ശ്രമത്തിൽ, ലോകകപ്പ് ക്രിക്കറ്റിൽ ഇംഗ്ലണ്ടിനെതിരായ ജയം അഫ്ഗാനിസ്താന്റെ മാത്രമല്ല, ക്രിക്കറ്റിന്റെ കൂടി വിജയമാണ്.

ൽഹിയിലെ അരുൺ ജയ്റ്റ്ലി സ്റ്റേഡിയം ബാറ്റിങ്ങിനെ നന്നായി പിന്തുണക്കുന്ന പിച്ചാണ്. ഈ ലോകകപ്പിലെ ആദ്യ മത്സരങ്ങളിലെ മികച്ച ടോട്ടലുകൾ മിക്കതും പിറന്നതും ഈ മൈതാനത്താണ്. അഫ്ഗാനിസ്ഥാനെ ശരാശരി റൺസിൽ എറിഞ്ഞിടുക, ശേഷം മികച്ച ഓപ്പണിങ്ങ് ബാറ്റ്സ്മാന്മാരും വെടിക്കെട്ട് ഓൾ റൗണ്ടർമാരുമുള്ള തങ്ങളുടെ ടീമിനെ വെച്ച് പെട്ടെന്നുതന്നെ അതിനെ മറികടക്കുക, ആദ്യ ഘട്ടത്തിലെ ഷുവർ മാച്ച് വിൻ പോയിന്റ് സ്വന്തമാക്കി പട്ടികയിൽ മുന്നേറുക- ഇതൊക്കെയായിരുന്നു ടോസ് ലഭിക്കുമ്പോൾ ഫീൽഡിങ്ങ് തിരഞ്ഞെടുത്ത ഇംഗ്ലീഷ് ക്യാപ്റ്റൻ ജോസ് ബട്ട്ലറുടെ മനസ്സിലിരിപ്പ്.

എന്നാൽ അഫ്ഗാന്റെ സ്പിൻ ത്രയങ്ങളുടെ കരുത്തിൽ ഇതൊക്കെയും ഒലിച്ചുപോയി. പന്ത് പിച്ചിൽ വീണ് താഴ്ന്ന് തിരിഞ്ഞ് ഉള്ളിലേക്ക് കയറിയപ്പോൾ ബാറ്റിൽ തട്ടിക്കാനാവാതെ ബാറ്റർമാർ കുഴങ്ങി. റാഷിദ് ഖാനും മുജീബും മുഹമ്മദ് നബിയും പന്ത് കറക്കിയിട്ടപ്പോൾ അഫ്ഗാനിസ്ഥാന് ക്രിക്കറ്റിന്റെ ‘തറവാട്ട് ചാമ്പ്യൻമാരായ’ ഇംഗ്ലണ്ടിനോട് അട്ടിമറി വിജയം. ഇംഗ്ലണ്ടിനെതിരെ അഫ്ഗാൻ ടീമിന്റെ ആദ്യ മാച്ച് വിജയമാണിത്. ലോകകപ്പിലെ തങ്ങളുടെ രണ്ടാമത്തെ മത്സരവിജയവും, 2015 നുശേഷം ആദ്യവും.

ഇംഗ്ലണ്ടിനെതിരെയുള്ള മൽസരത്തിൽ ഗുർബാസിന്റെ ബാറ്റിങ്ങ്

ഇന്ത്യക്കെതിരെ 272 റൺസ് നേടിയ അഫ്ഗാൻ മികച്ച സ്കോർ ടാർഗറ്റ് ലക്ഷ്യം വെച്ച് മികച്ച രീതിയിലാണ് തുടങ്ങിയത്. കഴിഞ്ഞ കളികളിലും ആത്മവിശ്വാസത്തോടെ ബാറ്റ് ചെയ്ത 21 വയസ്സുകാരൻ ഗർബാസ് തുടക്കത്തിൽ തന്നെ ഇംഗ്ലീഷ് പേസർമാരായ വോക്ക്സിനെയും ടോപ്പ്ളെയെയും സാം കുരിയനെയും ആക്രമിച്ച് കളിച്ചു. ഓഫിലൂടെ നിരന്തരം ഗ്യാപ് കണ്ടെത്തി ഫോറുകൾ ചേർത്തു. ഇബ്രാഹിം സദ്രാൻ സ്ട്രൈക്ക് കൈമാറി ഗർബാസിന് പൂർണ പിന്തുണ കൊടുത്തുകൊണ്ടിരുന്നു. അഫ്ഗാന്റെ ആദ്യ വിക്കറ്റ് പാർട്ണർഷിപ്പ് 100 കടന്നു.

ഇംഗ്ലണ്ട് ക്യാപ്റ്റൻ ബട്ട്ലർ പേസിനെ മാറ്റി സ്പിൻ പരീക്ഷിച്ചു. ഇബ്രാഹിം സദ്രാൻ 17-ാം ഓവറിൽ ആദിൽ റഷീദിന്റെ പന്തിൽ റൂട്ടിന് പിടികൊടുത്ത് മടങ്ങുമ്പോൾ സ്കോർ 114-1 എന്ന നിലയിലായിരുന്നു അഫ്ഗാനിസ്ഥാൻ. അതിൽ 75 റൺസും ഗർബാസ് കോൺട്രിബ്യൂഷനായിരുന്നു. തുടർന്നുള്ള ഓവറുകളിൽ റഹ്മത്ത് വീണ്ടും ആദിൽ റഷീദിന് പിടികൊടുത്തു. തൊട്ടടുത്ത ബോളിൽ റൺ ഓടിയെടുക്കുന്നതിനിടയിലുണ്ടായ ആശയക്കുഴപ്പത്തിൽ ഗർബാസ് വിക്കറ്റ് ( 80 റൺസ്) നഷ്ടമായി. അസ്മത്തുള്ളയും നബിയും ക്യാപ്റ്റൻ ഷാഹിദിയും ചെറിയ സ്കോറുകളിൽ വീണു. അഫ്ഗാന്റെ തുടക്കത്തിലെ ബാറ്റിങ്ങ് വേഗത കുറഞ്ഞു. സ്കോർ 36.1 ഓവറിൽ 190 ന് 6 . മികച്ച ഓപ്പണിങ് തുടക്കം കിട്ടിയിട്ടും പിന്നീട് മത്സരം കൈവിട്ട അവസ്ഥയിലെത്തി. അവിടെ നിന്ന് അർധ സെഞ്ച്വറി നേടി അലിഖിൽ ടീമിനെ രക്ഷിച്ചെടുത്തു. വാലറ്റത്ത് റാഷിദ് ഖാനും ( 23 റൺസ്) മുജീബും (28) പൊരുതിനിന്ന് മാന്യമായ ടോട്ടലിത്തിച്ചു. ഗർബാസ് ഈ ലോകകപ്പിലെ മികച്ച കണ്ടെത്തലാവും.

ഇങ്ഗ്ലണ്ട് ബാറ്റിങ്ങ് നിരയെ തകർത്തെറിഞ്ഞ സ്പിൻ ത്രയങ്ങളായ നബിയും റാഷിദ് ഖാനും മുജീബും

ഇംഗ്ലണ്ടിന് വിജയലക്ഷ്യം 285. ബംഗ്ലാദേശിനെതിരെ 137 റൺസിന്റെ വമ്പൻ വിജയം നേടിയ മത്സരത്തിൽ 140 അടിച്ചെടുത്ത മലാനും തുടർച്ചയായ രണ്ട് കളിയിലും അർധ സെഞ്ച്വറി നേടിയിരുന്ന റൂട്ടും കഴിഞ്ഞ കളിയിൽ അർധ സെഞ്ച്വറി നേടിയ ബെയർസ്റ്റോയും മധ്യനിര മുതൽ നമ്പർ എട്ട് വരെ ബട്ട്ലറും ബ്രൂക്കുമടങ്ങിയ വെടി കെട്ട് താരങ്ങളുള്ള ഇംഗ്ലണ്ടിന് ഈ ലക്ഷ്യം അത്ര വലുതായിരുന്നില്ല. എന്നാൽ ബംഗ്ലാദേശിനെതിരെയും ഇന്ത്യക്കെതിരെയും കറങ്ങിത്തിരിയാത്ത അഫ്ഗാന്റെ സ്പിൻ ഡെലിവറികൾ മൂന്നാം മൽസരത്തിൽ ലക്ഷ്യം കണ്ടതോടെ ഇംഗ്ലണ്ട് ബാറ്റിങ്ങ് ഓർഡർ ചിന്നി ചിതറി.

രണ്ടാം ഓവറിൽ തന്നെ ബെയർസ്റ്റോയെ എൽ ബി ഡബ്ല്യുവിൽ ഫസൽഹഖ് തിരികെ അയച്ചു. തുടർന്ന് ഏഴാം ഓവറിൽ മുജീബ് റൂട്ടിന്റെ സ്റ്റമ്പ് പിഴുതു. 12.4 ൽ 68 റൺസിൽ നിൽക്കെ മലാനും സ്പിന്നിന് കീഴടങ്ങി. തുടർന്നെത്തിയ ക്യാപ്റ്റൻ ബട്ട്ലർ നിലയുറപ്പിക്കും മുന്നേ നവീനുൽ ഹഖിന്റെ പന്തിൽ ബൗൾഡായി. തുടർന്ന് ലിവിങ്സ്റ്റോണും. സാം കുരിയനും വോക്ക്സും ആദിൽ റാഷിദും വുഡും ടോപ്ളെയും കൂടാരം കയറി. 66 റൺസെടുത്ത ഹാരി ബ്രൂക്കിന് മാത്രമാണ് ഇംഗ്ളീഷ് നിരയിൽ നിലയുറപ്പിക്കാനായത്.

ബംഗ്ലാദേശ് താരങ്ങൾ വിജയം ആഘോഷിക്കുന്നു

ഇംഗ്ലീഷ് താരങ്ങൾ സ്പിന്നിനെ പ്രതിരോധിക്കാൻ ബുദ്ധിമുട്ടുന്നതുകണ്ട അഫ്ഗാനിസ്ഥാൻ ക്യാപ്റ്റൻ ഷാഹിദി ബൗളിംഗ് ആക്രമണം സ്പിന്നിനെ ഏൽപ്പിക്കുകയായിരുന്നു. വിക്കറ്റ് കീപ്പർ ഇക്രം അലിഖിലലിനോട് ചേർന്ന് ഒരു എക്സ്ട്രാ സ്ലിപ്പറെ കൂടി അധികം വിന്യസിച്ചു. സാം കുരിയനെ നബി വീഴ്ത്തിയതും ആദിൽ റാഷിദിനെ റാഷിദ് ഖാൻ വീഴ്ത്തിയതും അങ്ങനെയായിരുന്നു. വിക്കറ്റിലേക്ക് താഴ്ന്നുവന്ന പന്ത് പ്രതിരോധിക്കുന്നതിനിടെ സ്ലിപ്പിലേക്ക് എഡ്ജ് തട്ടി വീണു ഇരുവരും. 32.2 ൽ മുജീബിന്റെ പന്തിൽ എൽ ബി ഡബ്ല്യുവിൽ കുടുങ്ങിയ വോക്ക്സ് റിവ്യൂ കാളിലൂടെ തിരികെയെത്തി. എന്നാൽ തൊട്ടടുത്ത പന്തിൽ സ്റ്റമ്പ് തന്നെ വീഴ്ത്തി ആ ആശ്വാസത്തിന് പകരം വീട്ടി.

കഴിഞ്ഞ രണ്ട് മൽസരങ്ങളിലും തോറ്റെങ്കിലും ഇംഗ്ലണ്ടിനെതിരെയുള്ള ഈ ഒറ്റ മൽസരത്തിലെ വിജയത്തോടെ അഫ്ഗാനിസ്ഥാന്റെ ഈ ലോകകപ്പിലെ ആത്മവിശ്വാസം ഇരട്ടിച്ചു. മുൻ ചാംപ്യൻമാരായ ഇംഗ്ലണ്ടിന്റെ നില ആശങ്കയിലായി. ഇംഗ്ലണ്ടിന് ഇനി ടൂർണമെന്റിൽ തോൽവിയറിയാത്ത മികച്ച ഫോമിലുളള ദക്ഷിണാഫ്രിക്കക്കെതിരെയാണ് അടുത്ത മൽസരം.റൂട്ട് നാല് ക്യാച്ചെടുത്തു. ബട്ട്ലർ മികച്ച രണ്ട് സ്റ്റമ്പിങ്ങുകൾ നടത്തി. റാഷിദ് ഖാൻ- മുജീബ്- നബി സംഖ്യം (3-3-2) എട്ട് വിക്കറ്റുകൾ വീഴ്ത്തി.

ബംഗ്ലാദേശ് താരങ്ങൾ വിജയം ആഘോഷിക്കുന്നു

കളിയിലെ വിജയം അഫ്ഗാനിസ്ഥാനിൽ ഈയിടെ നടന്ന ഭൂകമ്പത്തിൽ ദുരിതമനുഭവിച്ചവർക്ക് സമർപ്പിച്ചാണ് താരങ്ങൾ കളം വിട്ടത്. ടൂർണമെന്റിൽ കിട്ടുന്ന മുഴുവൻ മാച്ച് ഫീയും ദുരിത ബാധിതർക്ക് നൽകുമെന്ന് റാഷിദ് ഖാൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ദുരന്തങ്ങളും യുദ്ധങ്ങളുമാണ് എന്നും ലോകത്തിന് മുന്നിൽ അഫ്ഗാൻ ചിത്രം. അതിർത്തിയിലെ അഭയാർത്ഥി ക്യാമ്പിൽ വിശപ്പ് മറന്ന് ടെന്നീസ് ബോളിൽ കളിച്ചാണ് അവർ വളർന്നത്. തങ്ങളുടെ രാജ്യത്തെ യുദ്ധത്തിന്റെയോ ദുരിതത്തിന്റെയോ പേരിനപ്പുറമൊരു ചിത്രത്തിൽ ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കാനുള്ള ശ്രമത്തിൽ അത് അഫ്ഗാനിസ്താന്റെ മാത്രമല്ല. ക്രിക്കറ്റിന്റെ കൂടി വിജയമാണ്.

Comments