വില്യംസൺ തിരിച്ചു വരവിൽ ന്യൂസിലാൻഡ്, ബംഗ്ലാദേശിന് ഇനി ഇന്ത്യൻ കടമ്പ

പരിക്ക് മൂലം ആദ്യ രണ്ട് കളിയിൽ പുറത്തിരുന്ന കഴിഞ്ഞ ലോകകപ്പിന്റെ ടൂർണമെന്റ് താരമായിരുന്ന ക്യാപ്പ്റ്റൻ കെയിൻ വില്യംസൺ അർധ സെഞ്ചുറിയുമായി വരവറിയിച്ച മൽസരത്തിൽ എട്ട് വിക്കറ്റ് വിജയത്തോടെ ന്യൂസിലാൻഡ് പോയിന്റ് ടേബിളിൽ ഒന്നാമതെത്തി. മൂന്ന് കളിയിൽ നിന്ന് രണ്ട് തോൽവിയും ഒരു വിജയവുമായി ബംഗ്ലാദേശ് ആറാമതിലേക്ക് പിന്തള്ളപ്പെട്ടു. ബംഗ്ലാദേശിന് ഇന്ത്യയുമായുള്ള അടുത്ത മൽസരം നിർണ്ണായകമായിരിക്കും.

പരിക്ക് മൂലം ആദ്യ രണ്ട് കളിയിൽ പുറത്തിരുന്ന കഴിഞ്ഞ 2019 ലോകകപ്പിന്റെ ടൂർണമെന്റ് താരമായിരുന്ന ന്യൂസിലാൻഡ് ക്യാപ്പ്റ്റൻ കെയിൻ വില്യംസൺ തിരിച്ചു വന്നതായിരുന്നു ന്യൂസിലാൻഡ്-ബംഗ്ലാദേശ് കളിയിലെ പ്രധാന ഹൈലൈറ്റ്. തിരിച്ചു വരവിൽ നിർണ്ണായക അർധ സെഞ്ച്വറി നേടിയ വില്യംസണിന്റെയും ഡാരിൽ മിച്ചൽ നേടിയ 89 റൺസിന്റെയും കോൺവെ നേടിയ 45 റൺസിന്റെയും ബലത്തിൽ ബംഗ്ലാദേശിന്റെ 245 എന്ന വിജയ ലക്ഷ്യം എട്ട് വിക്കറ്റും നാൽപ്പത്തി മൂന്ന് ബോളും ബാക്കി നിൽക്കെ മറികടന്ന് ന്യൂസിലാൻഡ്, ഈ ലോകകപ്പിലെ തങ്ങളുടെ തുടർച്ചയായ മൂന്നാം വിജയം സ്വന്തമാക്കി പോയിന്റ് പട്ടികയിൽ ടോപ്പറായി.

കെയിൻ വില്യംസൺ ബംഗ്ലാദേശിനെതിരെയുള്ള മൽസരത്തിനിടെ

ഈ ലോകകപ്പിലെ തങ്ങളുടെ മൂന്നാം മത്സരമായിരുന്നു ഇരു ടീമുകൾക്കും. ചെന്നൈയിലെ പിച്ചിൽ ടോസ് നേടിയ ന്യൂസിലാൻഡ് ഫീൽഡിംഗ് തിരഞ്ഞെടുത്തു. ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ച ലിറ്റൺ ദാസിനെ ആദ്യ പന്തിൽ തന്നെ ന്യൂസിലാൻഡ് തിരിച്ചയച്ചു. ബോൾട്ടിന്റെ പന്തിൽ ഹെൻറി നേടിയ ഒന്നാന്തരം ക്യാച്ച്. ആദ്യ കളിയിലെ വിശ്രമത്തിന് ശേഷം നെതർലാൻഡിനെതിരെയുള്ള രണ്ടാം മത്സരത്തിൽ നാല് വിക്കറ്റുകൾ സ്വന്തമാക്കിയ ഫെർഗൂസൻ ബംഗ്ലാദേശിനെതിരെയും ബൗളിംഗ് വിസ്ഫോടനം തുടർന്നപ്പോൾ ടോപ് ഓർഡർ ബാറ്റ്സ്മാൻമാർ വരി വരിയായി കൂടാരം കയറി. തൻസിദ് ഹസനും മിറാസും ഷാന്റോയും മടങ്ങുമ്പോൾ ബംഗ്ലാദേശ് 12.1 ഓവറിൽ 56 ന് 4 എന്ന തകർന്ന നിലയിൽ.

അഞ്ചാം വിക്കറ്റിൽ ഷാക്കിബും മുഷ്ഫിക്കർ റഹിമും ചേർന്ന് പിന്നീട് സ്കോർ ചലിപ്പിച്ചു. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച അഞ്ചാം വിക്കറ്റ് കൂട്ട് കെട്ടിൽ ( 96 റൺസ്) സ്കോർ 150 കടന്നു. അവസാനം 40 റൺസെടുത്ത ഷാക്കിബിനെ ഫെർഗൂസൻ മറ്റൊരു മനോഹരമായ മറ്റൊരു ഹെൻറി ക്യാച്ചിൽ പുറത്തേക്കിട്ടു. പിന്നാലെ തുടർച്ചയായ രണ്ടാം മത്സരത്തിലും അർധ സെഞ്ച്വറി നേടിയ മുഷ്ഫിക്കർ റഹിമും പുറത്തായി. തുടർന്ന് വാലറ്റത്തെ കൂട്ട് പിടിച്ച് മഹ്മൂദുള്ള നടത്തിയ ചെറുത്ത് നിൽപ്പിൽ ന്യൂസിലാൻഡ് ലക്ഷ്യം 246 ലെത്തിച്ചു. പേസിനെ പിന്തുണച്ച പിച്ചിൽ ഫെർഗൂസൺ-ഹെൻറി-ബോൾട്ട് സഖ്യം 7 വിക്കറ്റുകൾ വീഴ്ത്തി (3-2-2).

ബംഗ്ലാദേശ് ബാറ്റിങ്ങ് നിരയെ എറിഞൊതുക്കിയ ഫെർഗൂസൺ-ഹെൻറി-ബോൾട്ട് പേസ് സഖ്യം

മറുപടി ബാറ്റിംഗിനിറങ്ങിയ കിവിപടക്ക് ആദ്യ കളിയിൽ സെഞ്ച്വറിയും രണ്ടാം കളിയിൽ അർധ സെഞ്ച്വറിയും നേടിയ രചിൻ രവീന്ദ്രയെ തുടക്കത്തിൽ തന്നെ നഷ്ട്ടമായി. വിൽ യങ്ങിന് പകരം തിരിച്ചെത്തിയ ക്യാപ്പ്റ്റൻ വില്യംസൺ ഡെവോൺ കോൺവെയും കൂട്ടി സ്കോർ ചലിപ്പിച്ചു. കോൺവെക്ക് ശേഷം ഡാരിൽ മിച്ചലിനെയും കൂട്ടി പിടിച്ച് 108 റൺസിന്റെ മൂന്നാം വിക്കറ്റ് പാർട്ടർഷിപ്പിലെത്തിച്ചു. 38.2 ഓവറിൽ സ്കോർ 200 ൽ നിൽക്കെ കെയിൻ വില്യംസൺ, റണ്ണിങ്ങിനിടെ ബംഗ്ലാദേശ് താരമെറിഞ്ഞ പന്തിൽ പരിക്ക് പറ്റി റിട്ടയർ ഹർട്ട് ചെയ്തു. 107 ബോളിൽ ഒരു സിക്സും എട്ട് ഫോറുമടക്കം 78 റൺസായിരുന്നു സാമ്പാദ്യം. ശേഷം ഗ്ലെൻ ഫിലിപ്സിനെ കൂട്ടു പിടിച്ച് ഷൊരിഫുൾ ഇസ് ലാമിനെ ഓവർ ഡീപ്പ് മിഡിലൂടെ സിക്സർ പറത്തി മിച്ചൽ ബ്ളാക്ക് ഹാറ്റിന്റെ വിജയമാഘോഷിച്ചു. 67 പന്തിൽ നിന്ന് നാല് സിക്സറുകളും ആറ് ഫോറും അടങ്ങിയ വെടികെട്ട് ഇന്നിങ്സായിരുന്നു മിച്ചലിന്റേത്. ബംഗ്ലാദേശ് ബാറ്റിങ്ങിനെ ചുരുട്ടി കൂട്ടി 49 റൺസ് വിട്ട് കൊടുത്ത് മൂന്ന് വിക്കറ്റ് നേടിയ ലൂക്കി ഫെർഗൂസനാണ് കളിയിലെ താരം.

2023 വേൾഡ് കപ്പ്  പോയിന്റ് ടേബിൾ

മൂന്ന് കളിയിൽ നിന്ന് രണ്ട് തോൽവിയും ഒരു വിജയവുമായി ബംഗ്ലാദേശ് ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അടുത്ത മത്സരം ബംഗ്ലാദേശിന് ഇന്ത്യയുമായും ന്യൂസിലാൻഡിന് അഫ്ഗാനിസ്ഥാനോടുമാണ്.

Comments