ടീം ഇന്ത്യ പരിഗണിക്കേണ്ട ഷമിയെന്ന എക്സ്ട്രാ ഫാക്ടർ

അപ്രതീക്ഷിത ഘട്ടങ്ങളിലും നിർണ്ണായ മൽസരങ്ങളിലും ടെൻഷനുകളില്ലാതെ സ്റ്റമ്പുകളിലേക്ക് കുത്തി കയറുന്ന യോർക്കറുകൾ ഷമിയുടെ മാത്രം സ്പെഷലാണ്. ഡെത്ത് ഓവറുകൾ കൈകാര്യം ചെയ്യുന്നതിൽ കൂടുതൽ മിടുക്കുള്ള താരം. കഴിഞ്ഞ ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ നേടിയ അഞ്ച് വിക്കറ്റടക്കം പന്ത്രണ്ട് മൽസരങ്ങളിൽ നിന്ന് 36 വിക്കറ്റെടുത്ത ഷമിയുടെ ലോകകപ്പ് പെർഫോമൻസ് ട്രാക്ക് അൽഭുതപ്പെടുത്തുന്നതാണ്.

ടൂർണമെന്റിൽ ഇത് വരെ തോൽവിയറിയാത്ത രണ്ട് മികച്ച ടീമുകളുടെ മത്സരമായാണ് ഇന്ത്യ-ന്യൂസിലാൻഡ് കളിയെ ക്രിക്കറ്റ് ലോകം കണ്ടത്. വിജയിക്കുന്ന ടീമിന് ടോപ്പ് വണ്ണിൽ സ്ഥാനമുറപ്പിക്കാം. ബാറ്റിങ്ങ്, ബൗളിങ്ങ്, ഫീൽഡിങ്ങ് തുടങ്ങി മൂന്നിടങ്ങളിലും കഴിഞ്ഞ മൽസരങ്ങളിൽ മികച്ച ഒത്തിണക്കവും സമഗ്രാധിപത്വവും കാണിച്ച രണ്ട് ടീമുകൾ പരസ്പരം ഏറ്റുമുട്ടുന്നു. ഏറെ പ്രധാന്യവൽക്കരിച്ച ഇന്ത്യ-പാക് മൽസരത്തേക്കാൾ ഈ കളി കാണാൻ ലൈവ് ടെലികാസ്റ്റുകളിലേക്ക് നാല് കോടിക്ക് മുകളിലുള്ള കാണി എണ്ണമെത്തുന്നത് അങ്ങനെയാണ്.

ധരംശാലയിലെ ടോസ് ആനൂകുല്യത്തിൽ ക്യാപ്റ്റൻ രോഹിത് ഫീൽഡിങ്ങ് തിരഞ്ഞെടുത്തു. രോഹിതിന്റെ മനസ്സിലേക്ക് ആ സമയത്ത് പാഞ്ഞുകയറിയുട്ടുണ്ടാവുക 2019 ലെ ആ നിമിഷമായിരിക്കും. നിർണ്ണായക സെമി ഫൈനലിൽ ഗുപ്റ്റിലിന്റെ ഡയറക്ട് ത്രോയിൽ ചേസിംഗിൽ കളിയിലെ അവസാന പ്രതീക്ഷയായിരുന്ന ധോണി പുറത്തേക്ക് നടക്കുമ്പോൾ പ്ലെയേഴ്സ് ഗാലറിയിൽ നിന്ന് രോഹിത് പൊട്ടിക്കരഞ്ഞിരുന്നു. അതിന് ശേഷം ടെസ്റ്റ് ലോകകപ്പിന്റെ ഫൈനലിലും ന്യൂസിലാൻഡ് ഇന്ത്യയെ തോൽപ്പിച്ച് കിരീടം നേടി. 2003 ന് ശേഷം ലോകകപ്പ് വേദികളിൽ ന്യൂസിലാൻഡിനെ ഇന്ത്യക്ക് തോൽപ്പിക്കാൻ കഴിഞ്ഞിട്ടില്ല.

ഗുപ്റ്റിലിന്റെ ഡയറക്റ്റ് ത്രോയിൽ ധോണി പുറത്താവുന്നു

നിലവിൽ ലോകകപ്പിൽ ദക്ഷിണാഫ്രിക്കക്കൊപ്പം ഏറ്റവും ഓപ്പണിങ്ങ് ബാറ്റിങ്ങ് ഓർഡർ സ്ഥിരതയുള്ള ടീം, ഇന്ത്യയുടെ സ്പിൻ പിച്ചിനെ ഏറ്റവും കൂടതൽ ഫലപ്രദമായി ഉപയോഗിച്ച് നാല് കളിയിൽ നിന്നും പതിനൊന്ന് വിക്കറ്റെടുത്ത സാന്റനറും, പേസിൽ പവർ പ്ലേ ഓവറുകളിൽ ബ്രേക്ക്ത്രൂകൾക്ക് കഴിവുള്ള ബോൾട്ടും ഹെൻറിയും, രച്ചിനും ഗ്ലെൻ ഫിലിപ്സും പോലുള്ള ഒന്നാന്തരം ഓൾറൗണ്ടർമാരും. ക്യാപ്റ്റൻ വില്യംസൺ പരിക്ക് പറ്റി പുറത്തിരിക്കുന്ന വലിയ കുറവ് മാത്രം അവർക്കുണ്ടായിരുന്നു. ബംഗ്ലാദേശിനെതിരെയുള്ള കഴിഞ്ഞ മത്സരത്തിൽ ബൗളിങ്ങിനിടെ പരിക്കേറ്റ് പുറത്തായ ഹർദികിന് പകരം ആരെത്തുമെന്നതായിരുന്നു ഇന്ത്യൻ സ്റ്റാർട്ടിങ് ലൈനപ്പിലെ ആരാധക ക്യൂരിയോസിറ്റി.

പാകിസ്ഥാനെതിരെയുള്ള മത്സരത്തിന് ശേഷം ബംഗ്ലാദേശിനെതിരെയുള്ള മൽസരത്തിന് മുന്നോടിയായി ഇന്ത്യൻ ബൗളിങ്ങ് കോച്ച് മാമ്പ്റേ പറഞ്ഞത് ഷമിയും അശ്വിനും ലോകോത്തര താരങ്ങളാണെങ്കിലും നിലവിലെ ബൗളിങ്ങ് ലൈനപ്പ് ഏറ്റവും മികച്ച് തന്നെ കളിക്കുന്നത് കൊണ്ട് അതിൽ ഒരു മാറ്റം ഉണ്ടാവില്ല എന്നായിരുന്നു. ശർദുൽ താക്കൂറിനൊപ്പം നാലാം പേസറായും ബാറ്റിങ്ങിൽ അഞ്ചാമനായോ ആറാമനായോ ഹർദികിനെ ഉപയോഗിച്ച് ഓൾറൗണ്ടർ സന്തുലിതാവസ്ഥ നില നിർത്താൻ കഴിയുമെന്നുള്ളത് കൊണ്ടും, ജഡേജയും കുൽദീപും ഓഫ് ബ്രേക്കുകളിൽ മികച്ച് പന്തെറിയുന്നതും, റൺസ് വിട്ട് കൊടുക്കുന്നെങ്കിൽ കൂടി സിറാജ് ബിഗ് വിക്കറ്റ് നേടുന്നതും, ഷമി-അശ്വിൻ സാധ്യതകൾ കുറച്ചു.

ഏഷ്യ കപ്പ് നേടിയ സമയത്തെ ട്രോഫിയുമായി ബുമ്ര-സിറാജ്-ഷമി പേസ് ത്രയം

എന്നാൽ ഹർദികിന് പരിക്ക് പറ്റിയപ്പോൾ ടീം മാനേജ്മെന്റിന് മുന്നിൽ ഈ രണ്ട് പേരിൽ ഒരാളെ പരിഗണിക്കണമെന്നായി. എന്നാൽ താക്കൂറിനെ വെച്ച് പേസ് നിര കോംപ്രമൈസ് ചെയ്യാനുള്ള ഒപ്ഷനും ടീമിന് മുമ്പിലുണ്ടായിരുന്നു. എന്നാൽ കൂടുതൽ ഓവറുകൾ താക്കൂറിനെ എറിയിപ്പിക്കുന്നതിലെ റിസ്ക് ഫാക്ടറും , ഇത് വരെ യുള്ള നാല് മൽസരങ്ങളിൽ പ്രതേകമായൊരു പ്രാതിനിധ്യം ബാറ്റിങ്ങിലോ ബൗളിങ്ങിലോ തെളിയിക്കാൻ പറ്റാത്തതും താക്കൂറിനെ പുറത്തിരുത്തി. ഇത് വരെ അവസരം ലഭിക്കാതിരുന്ന സൂര്യ കുമാർ യാദവിന് അവസരം കൊടുത്ത് ബാറ്റിങ്ങ് ഓർഡറിൽ ഹർദികിന്റെ വിടവ് നികത്തി. അശ്വിനെ പരിഗണിച്ചാൽ ബാറ്റിങ്ങ് ഓർഡറിൽ ഒരു ഓൾറൗണ്ടറിന്റെ അധിക സഹായം ലഭിക്കുമെന്ന സാഹചര്യം ഉണ്ടെന്നിരിക്കെ തന്നെ ന്യൂസിലാൻഡിനെതിരെ ഒരു എക്സ്ട്രാ മെയിൻ ബൗളറായി ഷമിയെ പരീക്ഷിക്കാമെന്നായി. ആ പരീക്ഷണമാണ് ധരംശാലയിൽ വിജയം കണ്ടത്.

ഒമ്പതാം ഓവറിൽ സിറാജ്- ജസ്പ്രിത് ബുമ്ര സ്പെല്ലിന് ശേഷമാണ് രോഹിത് ശർമ ഷമിയെ പന്തേൽപ്പിക്കുന്നത്. തന്റെ ഈ ലോകകപ്പിലെ ആദ്യ ബോളിൽ ഷമി നെതർലാൻഡിനെതിരെയും ബംഗ്ലാദേശിനെതിരെയും അർധ ശതകം നേടിയ വിൽ യങ്ങിനെ പുറത്താക്കുന്നു. ഷോർട്ട് ഓഫ് ലെങ്ത്തായ ആ ഡെലിവറി ഇൻസൈഡ് എഡ്ജിൽ തട്ടി വിക്കറ്റ് വീണു. നാല് കളിയിൽ തന്നെ പുറത്ത് നിർത്തിയതിനുള്ള ചോദ്യമെന്നോണം അഞ്ചാം മൽസരത്തിൽ ആദ്യ പന്തിൽ തന്നെ വിക്കറ്റെടുത്ത് ഷമി ഈ ലോകകപ്പിലെ തന്റെ ഇന്നിങ്സിന് രാജകീയ തുടക്കമിട്ടു. എന്നാൽ ശേഷമിറങ്ങിയ രച്ചിൻ രവീന്ദ്രയും ഡാരിയൽ മിച്ചലും ചേർന്ന് ന്യൂസിലാൻഡ് സ്കോർ ചലിപ്പിച്ചു. ടൂർണമെന്റ് ബാറ്റിങ്ങ് ടോപ്പ് സ്കോറർ നിരയിലുണ്ടായിരുന്ന രച്ചിനൊപ്പം ഡാരിയാൽ മിച്ചൽ നടത്തിയ 159 റൺസ് പാർട്ട്ണർഷിപ്പ് പൊളിച്ച് വീണ്ടും ഷമി ഇന്ത്യക്ക് ബ്രേക്ക്ത്രൂ നല്കി. ഓഫ് സ്പിന്നുകൾക്കിടയിൽ ഷമിയെ മധ്യ ഓവറുകളിൽ തിരിച്ചു കൊണ്ട് വന്ന ക്യാപ്റ്റൻ രോഹിതിന്റെ തീരുമാനം ഫലം കണ്ടതായിരുന്നു അത്. മികച്ച പ്രെഡിക്ക്റ്റബിൾ സ്കോറിലേക്ക് പോവുകയായിരുന്ന ന്യൂസിലാൻഡിനെ മുന്നൂറിന് താഴെയുള്ള സ്കോറിൽ ഒതുക്കാൻ ആ ബ്രേക്ക്ത്രൂക്ക് കഴിഞ്ഞു.

ഹെൻറിയുടെ ലെഗ് സ്റ്റമ്പ് പിഴുത ഷമി

സ്കോർ 19 ന് രണ്ട് എന്ന നിലയിൽ നിന്ന് 33.3 ഓവറിൽ 178 എന്ന സാമാന്യ സ്കോറിലെത്തിയിരുന്നു അപ്പോൾ ന്യൂസിലാൻഡ്. എന്നാൽ പിന്നീട് വന്ന മധ്യനിരക്ക് നിലയുറപ്പിക്കാൻ കഴിയാത്ത വിധം ഇന്ത്യൻ ബൗളർമാർ പിന്നീട് അത് ഏറ്റെടുത്തു. രണ്ട് തവണ വീതം ഡ്രോപ്പ് ക്യാച്ചിലും റിവ്യുവിലും രക്ഷപ്പെട്ട രച്ചിനെ ഷമി ഡീപ് മിഡ് വിക്കറ്റിൽ ഗില്ലിന്റെ കയ്യിലെത്തിച്ചു. 91 ശതമാനം അക്യുറസിയിൽ ടൂർണമെന്റിലെ ഇത് വരെയുള്ള മൽസരങ്ങളിൽ ഏറ്റവും മികച്ച ഫീൽഡിങ്ങ് കാഴ്ച്ച വെച്ച ഇന്ത്യ നാല് നിർണ്ണായക ക്യാച്ചുകൾ വിട്ട് കളഞ്ഞ ദിവസമായിരുന്നു ഇന്നലെ. ന്യൂസിലാൻഡ് ടീം സ്കോർ നാൽപ്പതിൽ നിൽക്കെ ഷമിയുടെ പന്തിൽ രച്ചിന്റെ ക്യാച്ച് ടോപ്പ് ഫീൽഡ്റായ ജഡേജ പോലും സ്ലിപ്പിൽ നിന്ന് കൈവിട്ടു. രച്ചിൻ പിന്നീട് ന്യൂസിലാൻഡ് സ്കോറിലേക്ക് തന്റെ വക 75 റൺസ് കൂട്ടി ചേർത്തു.

48 ആം ഓവറിന്റെ തൊട്ടടുത്ത രണ്ട് ബോളുകളിൽ സാന്റനറുടെ ഓഫ് സ്റ്റമ്പും മാറ്റ് ഹെൻറിയുടെ ലെഗ് സ്റ്റമ്പും ഷമി യോർക്കറിലൂടെ പിഴുതു. ഹാട്രിക്ക് ശ്രമത്തിൽ നല്ല ഒന്നാന്തരം യോർക്കർ എറിഞ്ഞെങ്കിലും ഫെർഗൂസൻ പണിപെട്ട് തടഞ്ഞു. അമ്പതാം ഓവറിൽ സിക്സും ഫോറുകളുമായി ടോട്ടൽ ഉയർത്താൻ ശ്രമിച്ച ന്യൂസിലാൻഡ് ഇന്നിങ്സ് ടോപ്പ് സ്കോറർ ഡാരിയൽ മിച്ചലിനെയും ഷമി കോഹ്‍ലിയുടെ കൈകളിലെത്തിച്ചു.

ആസ്ത്രേലിയയുമായുള്ള പ്രീ ലോകകപ്പ് ടൂർണമെന്റിൽ അഞ്ച് വിക്കറ്റ് നേടിയ ഷമി

ഇതോടെ അഞ്ച് വിക്കറ്റ് സ്വന്തമാക്കിയ താരം ലോകകപ്പ് ചരിത്രത്തിൽ വിക്കറ്റ് വേട്ടയിൽ അനിൽ കുംബ്ലയുടെ 31 വിക്കറ്റ് എന്ന നേട്ടം മറികടന്ന് ഇന്ത്യൻ നിരയിൽ രണ്ടാം സ്ഥാനത്തെത്തി . 44 വിക്കറ്റുകളുമായി സഹീർ ഖാനും ജവഗൽ ശ്രീനാഥുമാണ് ഒന്നാം സ്ഥാനെത്തുള്ളത്. ലോകകപ്പ് ചരിത്രത്തിൽ രണ്ട് തവണ അഞ്ച് വിക്കറ്റ് നേടിയ ആദ്യ ഇന്ത്യൻ താരവുമായി ഷമി മാറി. ആസ്ത്രേലിയക്കെതിരെയുള്ള പ്രീ ലോകകപ്പ് ടൂർണമെന്റിൽ അഞ്ച് വിക്കറ്റ് നേട്ടമടക്കം മികച്ച പ്രകടനം കാഴ്ച്ച വെച്ച താരം കൂടിയാണ് ഷമി . എന്നാൽ ന്യൂ ബോളിൽ ക്യാപ്റ്റനും കോച്ചും കൂടുതൽ ആത്മവിശ്വാസം കണ്ടത് ബുമ്ര-സിറാജ് കൂട്ടുകെട്ടിലായിരുന്നു. ബുമ്രയാണ് നിലവിൽ ടൂർണമെന്റ് വിക്കറ്റ് വേട്ടയിൽ രണ്ടാമത്. അഞ്ച് കളിയിൽ നിന്ന് 11 വിക്കറ്റുകൾ. മികച്ച എക്കോണമിയിൽ പന്തെറിയുന്ന ഒന്നാമത്തെ താരവും ബുമ്ര തന്നെ. സിറാജും റൺസ് വിട്ട് കൊടുക്കുന്നെങ്കിലും പവർ പ്ലേ ഓവറുകളിൽ നിർണ്ണായ വിക്കറ്റുകളെടുത്ത് ബുമ്രക്ക് മികച്ച പിന്തുണ കൊടുക്കുന്നു.

ക്രിക്കറ്റ് ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ ഇന്ത്യൻ ബൗളർമാരിൽ ഷമി രണ്ടാമതെത്തി

എന്നാൽ അപ്രതീക്ഷിത ഘട്ടങ്ങളിലും നിർണ്ണായ മൽസരങ്ങളിലും ടെൻഷനുകളില്ലാതെ സ്റ്റമ്പുകളിലേക്ക് കുത്തി കയറുന്ന യോർക്കറുകൾ ഷമിയുടെ മാത്രം സ്പെഷലാണ്. ഡെത്ത് ഓവറുകൾ കൈകാര്യം ചെയ്യുന്നതിൽ കൂടുതൽ മിടുക്കുള്ള താരം. കഴിഞ്ഞ ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ നേടിയ അഞ്ച് വിക്കറ്റടക്കം പന്ത്രണ്ട് മൽസരങ്ങളിൽ നിന്ന് 36 വിക്കറ്റെടുത്ത ഷമിയുടെ ലോകകപ്പ് പെർഫോമൻസ് ട്രാക്ക് അൽഭുതപ്പെടുത്തുന്നതാണ്.

എന്നാൽ ഹർദിക് തിരിച്ചു വരുമ്പോൾ എന്ത് ചെയ്യുമെന്ന സ്വാഭാവിക ആശയ കുഴപ്പം ടീം മാനേജ്മെന്റിനും ആരാധകർക്കും ഒരു പോലെയുണ്ട്. നിലവിൽ താക്കൂറിന് പകരം ഷമിയെ എക്സ്ട്രാ ബൗളറായി വെക്കുന്നതാവും നിലവിലെ ട്രെൻഡ് വെച്ച് ഉചിതം. എന്നാൽ ബാറ്റിങ്ങ് ഓർഡർ ആറാം നമ്പറിൽ അവസാനിക്കുമോ എന്ന ആശങ്ക അവിടെയുണ്ട്. നിലവിലെ രോഹിത്-ഗിൽ ഓപ്പണിങ്ങ് ബിഗ് സ്റ്റാർട്ട് വെച്ചും വിരാട് നൽകുന്ന സുരക്ഷിതത്വം നല്കുന്ന റൺസ് ടോട്ടലിങ്ങും ചേസിങ്ങും കൊണ്ടും അയ്യരും കെ.എൽ രാഹുലും മധ്യനിരയിൽ പുലർത്തുന്ന ഉത്തരവാദിത്ത ബോധം കൊണ്ടും സൂര്യയുടെയോ ഹർദികിന്റെയോ പവർ ടോട്ടൽ ടൂളുകൾ ഉപയോഗിച്ചും ആവശ്യസമയത്തെ ജഡേജയുടെ ഇടപെടൽ കൊണ്ടും അതെല്ലാം മറി കടക്കാവുന്നതെയുളളൂ..

Comments