രോഹിതും വിരാടും കൂടി ജയിപ്പിക്കുന്ന ആദ്യത്തെ മാച്ചൊന്നുമല്ല ഇന്ത്യ- അഫ്ഗാൻ മത്സരം. ഇതിന് മുമ്പും നിർണായക മൽസരങ്ങളിലടക്കം ഒരുപാട് കളികളിൽ ഇരുവരും ഇന്ത്യയെ മുന്നോട്ടുനയിച്ച് വിജയിപ്പിച്ചിട്ടുമുണ്ട്. എന്നിട്ടും ഈ കളിയും രോഹിതിന്റെ ഇന്നിങ്സും അത്ര പ്രധാനമായി തോന്നുന്നുവെന്ന ചോദ്യം ആരെങ്കിലും ചോദിച്ചാൽ കാണിച്ചുകൊടുക്കാനെന്ന പോലെ ഒരു ചിത്രം പക്കലിലുണ്ട്.
ആസ്‌ത്രേലിയയുമായുള്ള ഇന്ത്യയുടെ ഈ ലോകകപ്പിലെ ആദ്യ മത്സരം. രണ്ട് റൺസിന് മൂന്ന് വിക്കറ്റിൽ ഇന്ത്യ കളി കൈവിട്ട നിലയിലായിരുന്നു. ഗില്ലിനു പകരം ഓപ്പണിങ് ചെയ്ത ഇഷൻ പൂജ്യം റൺസിന് പുറത്താവുന്നു. ശേഷം ക്യാപ്റ്റനും അയ്യരും ഹാസിൽവുഡിന്റെ തീപ്പന്തിൽ കുരുങ്ങുന്നു. ക്യാപ്റ്റൻ രോഹിത് ശർമ ഡ്രസിങ് റൂമിൽ നിരാശയോടെ കണ്ണു നിറഞ്ഞു നിൽക്കുന്നു. ബ്രോഡ് കാസ്റ്റിംഗ് ടീം പറ്റാവുന്ന ആങ്കിളിൽ നിന്നെല്ലാം ക്യാമറ രോഹിതിന്റെ മുഖത്തേക്ക് വെക്കുന്നുണ്ട്. അവർക്കതൊരു വില്പനയാണ്.
ഇതേ ഒരു കാഴ്ച ഇതിനുമുമ്പ് കാണുന്നത് 2019 ലോകകപ്പിലാണ്. ന്യൂസിലാൻഡിനെതിരെയുള്ള സെമി ഫൈനലിൽ ഇന്ത്യൻ ജനതയുടെ അവസാന പ്രതീക്ഷയായിരുന്ന ധോണി ഗുപ്റ്റിലിന്റെ ഡയറക്ട് ത്രോയിൽ മില്ലി മീറ്റർ വ്യതാസത്തിൽ ക്രീസിൽ നിന്ന് പുറത്താവുമ്പോൾ പഴയ രോഹിത് ഡ്രസിഗ് റൂമിലിരുന്ന് കരഞ്ഞു, കൂടെ ഇന്ത്യയും.
എന്നാൽ അന്ന് കൂടെ കരഞ്ഞ പലരും ആദ്യ മത്സരത്തിലെ രോഹിതിന്റെ ഡ്രസ്സ് റൂമിലെ മുഖവും സങ്കടവും ട്രോളുകളാക്കി ആഘോഷിച്ചു. ഫീൽഡിൽ ബൗളർമാരോടും താരങ്ങളോടും സംസാരം കനപ്പിച്ച നിമിഷങ്ങൾ സ്ക്രീൻ ഷോട്ടാക്കി സമ്മർദ്ദങ്ങളെ അതിജീവിക്കാനറിയാത്ത ക്യാപ്റ്റനെന്ന് കളിയാക്കി. വിക്കറ്റ് കീപ്പർ രാഹുലിനുപിറകിൽ സ്ലിപ്പിൽ അയാൾക്ക് നഷ്ടപ്പെട്ട ബോളുകൾക്ക് കണക്കു വെച്ചു. എല്ലാ കാലത്തും രോഹിത് ഇത്തരം വൃത്തികേടുകൾക്കിരയായതാണ്. അലസനായ മനുഷ്യനെന്ന വാക്ക് അയാൾ കേട്ട് മടുത്തതാണ്. ക്രിക്കറ്റ് ലോകകപ്പിന്റെ പതിമൂന്നാം പതിപ്പിൽ ഇന്ത്യയുടെ നായകപദവി രോഹിത്തിലെത്തിയപ്പോൾ നഖം കടിച്ചവരുണ്ട്. പലരും വിയോജിപ്പ് പരസ്യമായി തന്നെ പറഞ്ഞു. മാധ്യമങ്ങൾ ചോദ്യ ശരണങ്ങൾ കൊണ്ട് വീർപ്പ് മുട്ടിച്ചു. അയാൾ വികാര വിക്ഷോഭത്താൽ ഉള്ളിൽ പൊട്ടി പൊളിഞ്ഞപ്പോഴും പുറമെ ശാന്തനായി നിന്നു.
2011-ൽ സ്വന്തം നാട്ടിലെ ലോകകപ്പിൽ ടീമിൽ ഇടം പിടിക്കാൻ പറ്റാത്തത്തിൽ ഇതെനിക്ക് വലിയ തിരിച്ചടിയാണെന്നും ഇവിടുന്ന് ഞാൻ പരിശ്രമിച്ച് തുടങ്ങുമെന്നും ട്വീറ്റ് ചെയ്ത രോഹിതിനെ ഓർമയുണ്ട്. പന്ത്രണ്ട് വർഷങ്ങൾക്കിപ്പുറം സ്വന്തം രാജ്യത്തിലേക്ക് തിരിച്ചുവന്ന ലോകകപ്പിൽ അതേ താരം നായകനാവുന്ന കാലത്തിന്റെ കൗതുകത്തിന് വെറുതെ വന്ന് പോകാനല്ല, രോഹിത് ഈ കണ്ട കാലങ്ങളിൽ കളിച്ച് പതം വരുത്തി ഹിറ്റ്മാനായത്.
അഫ്ഗാനിസ്ഥാനെ സംബന്ധിച്ച് ഇന്ത്യക്കെതിരെ നേടാവുന്ന ഏറ്റവും മികച്ച സ്കോർ തന്നെയാണ് 272. റാഷിദ് ഖാൻ ഉൾപ്പെടുന്ന സ്പിൻ നിരയായിരുന്നു അവരുടെ ആത്മവിശ്വാസം. ഡെങ്കി മൂലം ഗില്ലിനുപകരം വന്ന് ആദ്യ കളിയിൽ ഡക്കായ ഇഷനും ഓപ്പണിംഗ് നിരയിൽ കഴിവ് തെളിയിക്കുക അനിവാര്യമായിരുന്നു. ഫോമിലുള്ള രോഹിത് എല്ലാ കാലത്തും അപകടകാരിയായിരുന്നു. അത്ര വലിയ പവർ ഹിറ്റുകൾ ഇല്ലാതെ ഗ്യാപ് കണ്ടെത്തി ക്ലീൻ ഹിറ്റുകൾ അടിക്കുകയാണ് അഫ്ഗാനെതിരെയും രോഹിത് കണ്ടെത്തിയ പദ്ധതി. ടിവി സ്ക്രീനിൽ ബൗളർ ബൗൾ ചെയ്യാൻ അമ്പയറുടെ അടുത്തേക്ക് ഓടി വരുന്ന വൈഡ് ഫുട്ടേജിൽ ഇന്നർസർക്കിളിലും ഔട്ടിലും നിലയുറപ്പിച്ച ഫീൽഡർമാരെ നിരീക്ഷിച്ചു കൊണ്ടിരുന്നപ്പോൾ ഇതിനിടയിൽ ഏത് ഗ്യാപിലൂടെയാണ് രോഹിത് ആ ബൗണ്ടറികളൊക്കെയും നേടുന്നതെന്ന് അത്ഭുതപ്പെട്ടിട്ടുണ്ട്. അയാൾക്ക് മാത്രം തുറക്കുന്ന സ്പേസുകൾ മൈതാനത്തുണ്ട്.
അഫ്ഗാനിസ്ഥാനെതിരെ പതിനാറ് ഫോറുകളും അഞ്ചു സിക്സറുകളുമാണ് രോഹിത് നേടിയത്. ഇഷൻ വില്ലോ കൊണ്ട് ആഞ്ഞു വീശി തന്റെ സ്കോർ നേരിട്ട ബോളിന്റെ കണക്കിനൊപ്പമെത്തിക്കുമ്പോൾ രോഹിത് തന്റെ സ്വത്വ ശൈലിയിൽ വില്ലോയിൽ നിന്ന് പന്തിന്റെ തല്ലി വിടാതെ ഡ്രൈവ് മാത്രം ചെയ്ത് വിട്ട് തന്റെ സ്കോർ നേരിട്ട ബോളിൽ നിന്നും മുകളിലേക്ക് ദീർഘ അകലമെടുക്കുന്നു.
രോഹിത്തിന്റെ കഴിവിലും വിശ്വാസത്തിലും ഈ മത്സരത്തിൽ പിറന്ന റെക്കോർഡുകൾ നോക്കാം. ലോകകപ്പിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി (7) നേടിയ താരം, ലോകകപ്പിൽ വേഗതയേറിയ ആയിരം റൺസ് നേടിയ താരം, കപിലിന്റെ റെക്കോർഡ് തകർത്ത് ഏറ്റവും കുറഞ്ഞ പന്തിൽ (63 പന്തിൽ) ലോകകപ്പിൽ സെഞ്ച്വറി നേടുന്ന ഇന്ത്യൻ താരം, ലോക ക്രിക്കറ്റിൽ 554 സിക്സറുമായി ഏറ്റവും സിക്സർ നേടിയ താരം. അവസാന റെക്കോർഡിൽ പട്ടികയിൽ താഴേക്കുള്ളവരെ വെറുതെ സ്ക്രോൾ ചെയ്തു. ക്രിസ് ഗെയിൽ, ഷാഹിദ് ആഫ്രിദി, ബ്രണ്ടന്‍ മക്കല്ലം, മാര്‍ട്ടിന്‍ ഗുപ്റ്റില്‍ തുടങ്ങി എല്ലാവരും ഒന്നാന്തരം പവർ ഹിറ്റർമാർ, അതിൽ ആക്റ്റീവ് ക്രിക്കറ്റേഴ്സിൽ നോക്കുമ്പോൾ രണ്ടാമതുള്ള താരത്തേക്കാൾ 250 സിക്സാണ് ശർമ ലീഡ്, ഒരുപക്ഷെ ഇനിയൊരിക്കലും മറ്റൊരാളാൽ തകർക്കപ്പെടാത്ത റെക്കോർഡായിരിക്കുമത്. പവർ ഹിറ്ററിന്റെ ആശാന്മാരുടെ സിക്സർ ദൂരത്തെ ക്ലീൻ ഹിറ്റിൽ മറി കടന്ന ഹിറ്റ് മാൻ,
റാഷിദ് ഖാനും നവീനും മുജീബിനുമേതിരെ കളിച്ച സുന്ദരമായ ഫ്ലിക്കുകൾ, ലോഫ്റ്റഡ് ഷോട്ടിലൂടെ നേടിയ തുടരേയുള്ള ബൗണ്ടറികൾ, പുൾ കട്ടുകൾ, വിരാടിന്റെ തുടർച്ചയായ രണ്ടാം അർധ ശതകം. അഫ്ഗാനെന്ന രാജ്യത്തിന്റെ സ്കോർ ചലിപ്പിച്ച അവരുടെ ക്യാപ്പ്റ്റൻ ഷാഹിദിയുടെയും അസ്മത്തുള്ളയുടെയും മികച്ച രണ്ട് ഇന്നിങ്സുകൾ, ഇന്ത്യയുടെ മികച്ച ഒരു ലോകകപ്പ് മത്സരത്തെ ഇങ്ങനെയെല്ലാം വിശേഷിപ്പിക്കാമെങ്കിലും അതിൽ ആദ്യവും അവസാനവും രോഹിതായിരിക്കും. 84 പന്തിൽ 131 റൺസിന്റെ സെൻസേഷണൽ ഇന്നിങ്സ്.
രോഹിത് ധോണിയെ പോലെ മികച്ച ക്യാപ്റ്റനാണെന്ന അഭിപ്രായമില്ല. അയാളുടെ മുഖം എപ്പോഴും പ്രസന്നമാവാണെന്നുമില്ല. സമ്മർദ്ദങ്ങളുടെയും സാഹചര്യങ്ങളുടെയും ഭാരം അയാളുടെ മുഖത്ത് എപ്പോഴുമുണ്ടാവും. എന്നാൽ കളി ജയിക്കാൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന ഒരാള്‍ അയാളായിരിക്കും. അതിൽ അയാൾ കളി നേടും. അതിലൂടെ ഇന്ത്യയെയും നേടും. കൂട്ടിന് വിരാടുമുണ്ടാവും. വിരാടിന്റെ അവസാന ലോകകപ്പാണിത്. എത്ര മനോഹരമായാണ് അയാൾ ഫ്രണ്ട് ഫുട്ടിലും ബാക്ക് ഫുട്ടിലും ഷോട്ടുകൾ പായിക്കുന്നത്. ഈ ലോകകപ്പിന് ശേഷം ക്രിക്കറ്റ് ലോകകപ്പ് തന്നെ തീർച്ചയായും അയാളെ മിസ്സ് ചെയ്യും. ശരിക്കും വിരാട് രോഹിതിന് ഒരു ഇൻഹേലർ കൂടിയാണ്.
നിലവിൽ അമ്പത് ഓവർ കളിക്കുന്ന ബാറ്റിസ്മാന്മാരിൽ ഈ ലോകകപ്പിൽ സാങ്കേതികതയോടെ കളിക്കുന്ന ഏറ്റവും മികച്ച താരമാണ് രോഹിത്. ഈ ഇന്നിങ്സ് രോഹിതിന്റെ ഒരു പറ്റം ഇന്നിങ്സിനൊപ്പം അതിനുള്ള ഒരു എക്സ്ട്രാ പ്രൂഫ് മാത്രമാണ്.